Friday, February 11, 2011

യു.ഡി.എഫ് പ്രതിരോധത്തിലേക്ക്

ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ തിളക്കമാര്‍ന്ന വിജയം നിയമസഭയിലും ആവര്‍ത്തിക്കുമെന്ന യു.ഡി. എഫ് ആത്മവിശ്വാസത്തിന് ഐസ്‌ക്രീം, ഇടമലയാര്‍ കേസുകള്‍ തിരിച്ചടിയാകുന്നു. ഇതിന്  പുറമെയാണ് മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് സെക്രട്ടറിയുമായ ഡോ.എം. കെ.മുനീറിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ സംഭവങ്ങളൊന്നും നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്ന്  പറയുന്നുണ്ടെങ്കിലും ഫലത്തില്‍ യു.ഡി.എഫ് പ്രതിരോധത്തിലാണ്.

ലോക്‌സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ  വിജയത്തോടെ യു.ഡി.എഫ് ആത്മവിശ്വാസത്തിലായിരുന്നു.  ഇതിന് പുറമെ സി.പി.എമ്മിലെ പ്രശ്‌നങ്ങളും മത- സാമുദായിക ധ്രുവീകരണവും അനുകൂലമാകുമെന്നും കണക്ക്കൂട്ടി. തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ്  മേല്‍ക്കൈ നിലനിര്‍ത്തിയതോടെ  ഇടതുമുന്നണിയും പതറി. എന്നാല്‍, തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ കാര്യങ്ങള്‍ തിരിഞ്ഞുമറിയുകയാണോയെന്ന സംശയമാണ് ഉയരുന്നത്. 100 സീറ്റിലേറെ നേടുമെന്നായിരുന്നു യു.ഡി.എഫ് കണക്ക്കൂട്ടല്‍.
 
വര്‍ധിച്ച ആത്മവിശ്വാസമായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കേരള മോചനയാത്ര നടത്തുന്നതിനിടെയാണ് ആദ്യ വെടിപൊട്ടിയത്. തനിക്ക് വധ ഭീഷണിയുള്ളതായി മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി നടത്തിയ വെളിപ്പെടുത്തലാണ് യു.ഡി.എഫ് കോട്ടയില്‍ ആദ്യവിള്ളല്‍ വീഴ്ത്തിയത്. ഇതിന്റെ തുടര്‍ച്ചയായി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റഊഫ് നടത്തിയ  പുതിയ വെളിപ്പെടുത്തല്‍ വിവാദത്തിന് തുടക്കമിട്ടു. ഈ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ലീഗിനകത്തേക്കും വ്യാപിച്ചു. മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും ഐസ് ക്രീം കേസിലെ പുതിയ വെളിപ്പെടുത്തല്‍ ഉയര്‍ത്തിയ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഐസ്‌ക്രീം കേസിലെ വെളിപ്പെടുത്തല്‍ രാഷ്ട്രീയപ്രേരിതമാണെന്നും ഈ പ്രശ്‌നം യു.ഡി.എഫിന്റെ വിജയസാധ്യതയെ ഒരുതരത്തിലും ബാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് മുനീറിനെതിരെ അഴിമതി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടന്ന ചില കരാറുകളുടെ പേരിലാണ് തൃശൂര്‍ വിജിലന്‍സ്  കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഏറ്റവും ഒടുവിലാണ്  മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാനുമായ ആര്‍.ബാലകൃഷ്ണപിള്ളയെ ഇടമലയാര്‍  കേസില്‍ സുപ്രീം കോടതി ശിക്ഷിച്ചത്. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വ്യക്തിപരമായി നല്‍കിയ ഹരജിയിലാണ് വിധിയെന്നതാണ് യു.ഡി.എഫിനെ ഏറെ തളര്‍ത്തുന്നത്. അഴിമതിക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കുമെതിരെയുള്ള യുദ്ധത്തിന്റെ മുന്‍നിരക്കാരനായി വി.എസ് വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്നതും യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്നു.

കേരളം ഉയര്‍ന്ന വളര്‍ച്ചനിരക്കില്‍

ദേശീയ ശരാശരിയെ അപേക്ഷിച്ച് കേരളം വളരെ ഉയര്‍ന്ന വളര്‍ച്ചനിരക്ക് കൈവരിച്ചുവെന്ന് 2009-10ലെ സാമ്പത്തിക അവലോകനം വ്യക്തമാക്കുന്നു. 14.57 ശതമാനമാണ് 2009-10ല്‍ കേരളത്തിന്റെ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ വളര്‍ച്ചനിരക്ക്. തൊട്ടുമുമ്പത്തെ വര്‍ഷവും കേരളം ഏറെക്കുറെ ഇതേവളര്‍ച്ചനിരക്ക് നേടി. 14.78 ശതമാനം. നികുതിവരുമാനത്തിലും വന്‍വര്‍ധനയുണ്ടായി. പൊതുകടത്തിന്റെ വളര്‍ച്ചനിരക്കും കുറഞ്ഞു. അടിസ്ഥാനസൌകര്യവികസനത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടായതോടൊപ്പം കാര്‍ഷിക, വ്യാവസായിക മേഖലയിലും ഉല്‍പ്പാദനവര്‍ധന കൈവരിക്കാന്‍ കഴിഞ്ഞെന്ന് ആസൂത്രണബോര്‍ഡിന്റെ അവലോകനം ചൂണ്ടിക്കാണിക്കുന്നു.

റോഡ്, റെയില്‍, ജല, വ്യോമ ഗതാഗത മേഖലകളിലും വാര്‍ത്താവിനിമയരംഗത്തും സംസ്ഥാനത്തുണ്ടായ കുതിച്ചുചാട്ടം വ്യവസായമേഖലയ്ക്ക് ഗുണമായിട്ടുണ്ട്. പുതിയ റോഡും പാലവും റെയില്‍പ്പാളവും മേല്‍പ്പാലവും വിമാനത്താവളവും നിര്‍മിച്ച് സംസ്ഥാനത്തിന്റെ ഗതാഗതമേഖല പത്തുവര്‍ഷത്തിനുള്ളില്‍ മികച്ച പുരോഗതി നേടി. വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനലും വിഴിഞ്ഞം തുറമുഖപദ്ധതിയും യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിന്റെ സാമ്പത്തികസ്ഥിതി പതിന്മടങ്ങായി വര്‍ധിക്കും. കൃഷി ഉള്‍പ്പെടുന്ന പ്രാഥമികമേഖലയിലും ഉല്‍പ്പാദനവും നിര്‍മാണവും ഉള്‍പ്പെടുന്ന സെക്കന്‍ഡറി മേഖലയിലും വളര്‍ച്ചയില്‍ സ്ഥിരത തുടരുന്നത് ആശാവഹമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൃഷിയിടങ്ങളുടെ വിസ്തൃതിയില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. വ്യാപാര വാണിജ്യ മേഖലയിലും സേവനമേഖലയിലും ഉണര്‍വ് പ്രകടമാണ്.

സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 കോടിയുടെ മാന്ദ്യവിരുദ്ധപാക്കേജ് സാമ്പത്തികമേഖലയുടെ വികസനത്തിന് സഹായമായതായി റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു. സംസ്ഥാനത്തിന് ലഭിക്കുന്ന കേന്ദ്രവിഹിതത്തില്‍ ഗണ്യമായ കുറവാണ് ഓരോവര്‍ഷവും ഉണ്ടാകുന്നത്. 2008-09ല്‍ നികുതി- തീരുവയിനങ്ങളിലും പദ്ധതി- പദ്ധതിയിതര ഗ്രാന്റായും സംസ്ഥാനത്തിന് 6962.71 കോടി രൂപ ലഭിച്ചപ്പോള്‍, 2009-10ല്‍ ഇത് 6632.16 കോടിയായി. കേന്ദ്രവിഹിതം ഏറ്റവും കുറവ് ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ കേന്ദ്രവിഹിതം 2.39 ശതമാനമെങ്കില്‍, ആന്ധ്രയുടേത് 7.15ഉം തമിഴ്നാട്- 4.60, കര്‍ണാടകം- 3.82 ശതമാനം എന്നിങ്ങനെയാണ് നിരക്ക്.

സംസ്ഥാനത്തിന്റെ കടബാധ്യത മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞു. 2008-09ല്‍ പൊതുകടം ആഭ്യന്തരവരുമാനത്തിന്റെ 14.19 ശതമാനമായിരുന്നത് പോയവര്‍ഷം ഇത് 12.17 ശതമാനമായി. സംസ്ഥാനത്തിന്റെ നികുതി- നികുതിയിതര വരുമാനം കഴിഞ്ഞ നാലുവര്‍ഷത്തിനിടയ്ക്ക് ഗണ്യമായി കൂടിയിട്ടുണ്ട്. 2007-08ല്‍ 13,668 കോടി രൂപയായിരുന്നു നികുതിവരുമാനമെങ്കില്‍ 2009-10ല്‍ അത് 17,625 കോടി രൂപയായി ഉയര്‍ന്നു. ബജറ്റ് എസ്റിമേറ്റുപ്രകാരം നടപ്പുസാമ്പത്തികവര്‍ഷം വരുമാനം 20,884 കോടി രൂപയായി ഉയരേണ്ടതാണ്. അതനുസരിച്ച് 18.49 ശതമാനം വളര്‍ച്ചയാണ് കണക്കാക്കുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് കണക്കുകള്‍ അടുത്ത സാമ്പത്തികവര്‍ഷമേ ലഭിക്കൂ.

2008-09 വര്‍ഷം 15,990 കോടി രൂപയായിരുന്നു നികുതിവരുമാനം. 2008-09 വര്‍ഷം 1559 കോടി രൂപയായിരുന്നു നികുതിയിതര വരുമാനമെങ്കില്‍ 2009-10ല്‍ 1852 കോടി രൂപ. നികുതിയിതര വരുമാനത്തില്‍ വര്‍ധനയുണ്ടെങ്കിലും വളര്‍ച്ചനിരക്കില്‍ കുറവാണുണ്ടായത്. എന്നാല്‍, നടപ്പുസാമ്പത്തികവര്‍ഷം വരുമാനത്തില്‍ 24.95 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ എസ്റിമേറ്റ്. ധനമന്ത്രി തോമസ് ഐസക്കിനുവേണ്ടി മന്ത്രി എം വിജയകുമാറാണ് സാമ്പത്തിക അവലോകനം നിയമസഭയില്‍ വച്ചത്.

സമസ്ത മേഖലയിലും ഉണര്‍വ്

വ്യവസായവളര്‍ച്ചയില്‍ സംസ്ഥാനം കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ കൈവരിച്ച നേട്ടം ഏറെ പ്രശംസനീയമാണെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2004-05 മുതല്‍ 2010 വരെയുള്ള കാലയളവില്‍ 10.56 ശതമാനമാണ് ഈ മേഖലയുടെ വളര്‍ച്ചനിരക്ക്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാനത്തെ 37 പൊതുമേഖലാസ്ഥാപനം 69.64 കോടി രൂപ നഷ്ടത്തിലാണുണ്ടായിരുന്നത്. സര്‍ക്കാരിന്റെ നിരന്തര ഇടപെടലിനെതുടര്‍ന്ന് ഈ സ്ഥാപനങ്ങള്‍ 2009-10ല്‍ 239.75 കോടി ലാഭം നേടി. പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലെത്തിക്കുന്നതില്‍ സര്‍ക്കാരിന്റെ ഇച്ഛാശക്തിയോടൊപ്പം തൊഴിലാളിസംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണവും പ്രധാനമാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ ഒരു പൊതുമേഖലാ സ്ഥാപനത്തില്‍പ്പോലും കാര്യമായ തൊഴില്‍സമരം ഉണ്ടായിട്ടില്ല. 2008-09ല്‍ 32 പൊതുമേഖലാ സ്ഥാപനത്തിന്റെ ലാഭം ഉള്‍പ്പെടെയുള്ള വിറ്റുവരവ് 1867.96 കോടി രൂപയാണ്. ഇതില്‍ 222 കോടിയാണ് ലാഭം. 2009-10ലും പ്രകടമായ വര്‍ധനയാണുണ്ടായത്. ഈ കാലയളവില്‍ ലാഭം ഉള്‍പ്പെടെയുള്ള വിറ്റുവരവ് 2130.08 കോടിയും ലാഭം 246.19 കോടിയുമായി.

ചെറുകിട മൈക്രോ വ്യവസായങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനയും സംസ്ഥാന സര്‍ക്കാരിന്റെ നിക്ഷേപസൌഹൃദത്തിന് ഉദാഹരണമാണ്. 2010 മാര്‍ച്ചുവരെ സംസ്ഥാനത്തെ ആകെ ചെറുകിട മൈക്രോസംരംഭങ്ങളുടെ എണ്ണം 2,13,740 ആണ്. ഇതുവഴി 8,31,847 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ട്. പൊതു വ്യവസായമേഖലയുടെ വളര്‍ച്ചയ്ക്കൊപ്പം ചെറുകിട വ്യവസായസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വൈദ്യുതി, ജലസേചന സൌകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുന്നു.

കാര്‍ഷികമേഖലയില്‍ നെല്ല്, പാല്‍, മുട്ട എന്നിവയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാപദ്ധതിക്ക് രൂപംനല്‍കിയിരുന്നു. പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് അധിക ആനുകൂല്യങ്ങളും പലിശരഹിതവായ്പയും നല്‍കി. നെല്ലിന്റെ സംഭരണവില കിലോയ്ക്ക് 13 രൂപയിലേക്കുയര്‍ത്തി. ഇതിന്റെ ഫലമായി സംസ്ഥാനത്തിന്റെ കാര്‍ഷികവിസ്തൃതി വര്‍ധിച്ചു. 2008-09ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നെല്ലുല്‍പ്പാദനത്തില്‍ 11.74 ശതമാനം വര്‍ധനയാണുണ്ടായത്. 2009-10ല്‍ നെല്‍ക്കൃഷിയിടത്തില്‍ ചെറിയ കുറവുണ്ടായെങ്കിലും ഉല്‍പ്പാദനത്തില്‍ 8098 മെട്രിക് ടണ്‍ വര്‍ധനയുണ്ടായി. 2005-06 വരെ നെല്ലുല്‍പ്പാദനം ഹെക്ടറിന് 2.2 മെട്രിക് ടണ്‍ എന്നനിലയില്‍ സ്ഥിരമായി തുടരുകയായിരുന്നു. 2006-07ല്‍ ഇത് ഹെക്ടറിന് 2.4 മെട്രിക് ടണ്ണാണ്. 2009-10ല്‍ ഇത് 2.56 മെട്രിക് ടണ്ണായും വര്‍ധിച്ചു.

അടിസ്ഥാന സൌകര്യ വികസനത്തില്‍ വന്‍മുന്നേറ്റം

അടിസ്ഥാന സൌകര്യത്തിന്റെ കാര്യത്തില്‍ കേരളം ഇന്ത്യയിലെ മുന്‍നിര സംസ്ഥാനങ്ങള്‍ക്കൊപ്പമാണെന്ന് സാമ്പത്തിക അവലോകനം. നിക്ഷേപ സൌഹൃദ സാഹചര്യമൊരുക്കുന്നതിലും വ്യവസായ രംഗത്തും കേരളം മുന്‍നിരയിലേക്ക് കുതിക്കുകയാണ്. സാമുഹ്യ - സാമ്പത്തിക - വ്യാവസായിക വികസനത്തിന്റെ ആണിക്കല്ലായ ഗതാഗതം, ഊര്‍ജം, വിമാനത്താവളം, തുറമുഖം, അപൂര്‍വ അസംസ്കൃത വസ്തുക്കളുടെ ലഭ്യത, വാര്‍ത്താ വിനിമയ സൌകര്യം തുടങ്ങിയവയിലെല്ലാം കേരളം മികച്ച പ്രകടനം കാഴ്ചവച്ചു. റെയില്‍ സൌകര്യം, ദേശീയപാത, പോസ്റ് ഓഫീസ്, ടെലിഫോണ്‍ സൌകര്യങ്ങളും വര്‍ധിച്ചു.

ഒമ്പത് ദേശീയപാതയുടെ ദൈര്‍ഘ്യം 1535 കിലോമീറ്ററാണ്. പൊതുമരാമത്ത് റോഡിന്റെ ദൈര്‍ഘ്യം കഴിഞ്ഞവര്‍ഷം 1663.73 കിലോമീറ്റര്‍ വര്‍ധിച്ചു. സംസ്ഥാനപാതകളുടെ ദൈര്‍ഘ്യം 151 കിലോമീറ്ററും ഇതര പ്രധാന ജില്ലാ റോഡുകളുടെ ദൈര്‍ഘ്യം 1883 കിലോമീറ്ററും വര്‍ധിച്ചു. ഒരുവര്‍ഷത്തില്‍ പുതിയ റോഡ് നിര്‍മാണത്തില്‍ സര്‍വകാല നേട്ടമാണിത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ 29 പാലവും 303 കലുങ്കും കഴിഞ്ഞവര്‍ഷം പൂര്‍ത്തിയാക്കി. കോഴിക്കോട് നന്തി, പാലക്കാട് കടുക്കാംകുന്ന്, എറണാകുളം പുല്ലേപ്പടി, തൃശൂര്‍ അത്താണി റെയില്‍വേ മേല്‍പ്പാലങ്ങള്‍ സംസ്ഥാന കസ്ട്രക്ഷന്‍ കോര്‍പറേഷന്‍ പൂര്‍ത്തിയാക്കി. കോര്‍പറേഷന്‍ ഏറ്റെടുത്ത 48 മേല്‍പ്പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനത്തില്‍ വളരെ മുന്നേറി. കെഎസ്ടിപിയില്‍ ആയിരം കിലോമീറ്ററോളം റോഡിന്റെയും 75 കിലോമീറ്റര്‍ ജലപാതയുടെയും നവീകരണം പൂര്‍ത്തിയാകുന്നു.

ഗതാഗത സംവിധാനങ്ങളുടെ നവീകരണത്തിലും മുന്നേറ്റമുണ്ടായി. 5.17 ലക്ഷം മോട്ടോര്‍ വാഹനം വര്‍ധിച്ചു. പൊതുയാത്ര സൌകര്യമൊരുക്കുന്ന കെഎസ്ആര്‍ടിസി ബസുകളുടെ എണ്ണം 5115ല്‍നിന്ന് 5402 ആയി. 73,208 ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങി. ജലഗതാഗത മേഖലയില്‍ 6730 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പൊതുമേഖലയില്‍ 81 ബോട്ടും ജംഗാറുകളും സര്‍വീസ് നടത്തുന്നു. 5070 പോസ്റ് ഓഫീസിന്റെയും 1245 ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെയും വിപുല ശൃംഖലയുമുണ്ട്. പൊതുമേഖലയിലെ പബ്ളിക് ടെലിഫോണ്‍ ഓഫീസുകളുടെ എണ്ണം ഒരുലക്ഷത്തോളമായി. സ്വകാര്യ മേഖലയിലും വാര്‍ത്താ വിനിമയ സംവിധാനവും യാത്രാ സൌകര്യവും ഒരുക്കുന്നതില്‍ വലിയ മുന്നേറ്റമുണ്ടാക്കി.
സ്വകാര്യ പങ്കാളിത്തത്തോടെ തുറമുഖ രംഗത്തും മുന്നേറ്റമുണ്ടാക്കാനായി. കൊച്ചി തുറമുഖവും കപ്പല്‍ നിര്‍മാണശാലയും വ്യവസായ വികസനത്തിന് ആക്കം കൂട്ടി. വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനല്‍ യാഥാര്‍ഥ്യമായതോടെ കൊച്ചി പ്രധാന ഹബ് തുറമുഖമാകുകയാണ്. സൂയസ് കനാലിലൂടെ വര്‍ഷം കടന്നുപോകുന്ന 20,000 കപ്പലില്‍ പകുതിയെങ്കിലും അടുക്കുമെന്ന് പ്രതീക്ഷയ്ക്ക് ബലമേകി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കും തുടക്കമിടാനായി. ചരക്ക് ഗതാഗതത്തെ സഹായിക്കുന്ന രീതിയില്‍ പ്രാദേശിക തുറമുഖങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കാനായി. ഉള്‍നാടന്‍ ജലഗതാഗത മേഖലയുടെ വ്യാപ്തി 1687 കിലോമീറ്ററായി വര്‍ധിച്ചു. ആറ് പുതിയ അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസ് കേരളത്തില്‍നിന്ന് കഴിഞ്ഞവര്‍ഷം തുടങ്ങി. കണ്ണൂര്‍ എയര്‍പോര്‍ട്ട് യാഥാര്‍ഥ്യമാകുന്നത് മലബാറിന്റെ വികസനക്കുതിപ്പിന് വേഗം പകരും. ഊര്‍ജരംഗത്തും കഴിഞ്ഞവര്‍ഷം കുതിപ്പുണ്ടായി. വൈദ്യുതി സ്ഥാപിതശേഷി 51.44 മെഗാവാട്ടും, ഉല്‍പ്പാദനം 745.88 മെഗാ യൂണിറ്റും വര്‍ധിച്ചു. പ്രസരണശ്യംഖല 12,771 കിലോമീറ്റര്‍ ദീര്‍ഘിപ്പിച്ചു. വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ 5769 എണ്ണം വര്‍ധിച്ചു. 3.8 ലക്ഷം ഉപയോക്താക്കളും വര്‍ധിച്ചു.

ദേശാഭിമാനി 10.02.11

ബാലകൃഷ്ണപിള്ളയ്ക്ക് ജയില്‍

ഇടമലയാര്‍ അഴിമതിക്കേസില്‍ മുന്‍ വൈദ്യുതിമന്ത്രിയും മുതിര്‍ന്ന യുഡിഎഫ് നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ളയെ ഒരു വര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടയ്ക്കാനും സുപ്രീംകോടതി ശിക്ഷിച്ചു. മുന്‍ കെഎസ്ഇബി ചെയര്‍മാന്‍ രാമഭദ്രന്‍നായര്‍, കേരള കോണ്‍ഗ്രസ് നേതാവും ബാലകൃഷ്ണപിള്ളയുടെ അനുയായിയുമായിരുന്ന പി കെ സജീവ് എന്നിവര്‍ക്കും ഒരു വര്‍ഷം തടവും പിഴയും വിധിച്ചു. ജസ്റിസുമാരായ പി സദാശിവം, ബി എസ് ചൌഹാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. എട്ടുമാസത്തിനകം പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം വെറുംതടവുകൂടി അനുഭവിക്കണം. പ്രത്യേക കോടതി ശിക്ഷിച്ച പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക കോടതി ശിക്ഷിച്ച പ്രതികളെ വെറുതെവിട്ട ഹൈക്കോടതി നടപടിയെ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചു. ഹൈക്കോടതിയുടേത് ഗുരുതരമായ പിശകാണെന്ന് ജസ്റിസ് സദാശിവം ചൂണ്ടിക്കാട്ടി. പിള്ളയ്ക്കും കൂട്ടാളികള്‍ക്കും 1999ല്‍ വിചാരണക്കോടതി അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയുമായിരുന്നു വിധിച്ചത്. പ്രതികളുടെ അപ്പീല്‍ പരിഗണിച്ച് 2003ല്‍ ഹൈക്കോടതി ശിക്ഷ റദ്ദാക്കി എല്ലാവരെയും വെറുതെ വിട്ടു. 2003ലെ ഹൈക്കോടതി വിധിക്കെതിരെ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ അപ്പീല്‍ പോയില്ല. അന്ന് പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇരുപതു വര്‍ഷം നീണ്ട കേസെന്ന നിലയില്‍ പ്രതികള്‍ അനുഭവിച്ച മാനസികബുദ്ധിമുട്ട് പരിഗണിച്ചാണ് വിചാരണക്കോടതി വിധിച്ച അഞ്ചുവര്‍ഷം തടവ് ഒരു വര്‍ഷമായി ഇളവുചെയ്തത്.

കേസില്‍ അപ്പീല്‍ നല്‍കാന്‍ വി എസിന് അധികാരമില്ലെന്ന് പ്രതികള്‍ കോടതിയില്‍ വാദിച്ചിരുന്നെങ്കിലും സുപ്രീംകോടതി ഇത് തള്ളി. ഇടമലയാര്‍ കേസ് പിന്‍വലിച്ച യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വി എസ് സുപ്രീംകോടതിയില്‍ വന്നിരുന്നു. അന്ന് പ്രതികള്‍ ഈ വാദം ഉന്നയിച്ചിരുന്നില്ല. ക്രിമിനല്‍ കേസില്‍ സര്‍ക്കാരിനുമാത്രമാണ് അപ്പീല്‍ പോകാന്‍ അധികാരമെന്ന ഈ കേസില്‍ നിലനില്‍ക്കില്ല. ഹര്‍ജി നല്‍കാന്‍ വി എസിന് പൂര്‍ണ അധികാരമുണ്ട്- കോടതി പറഞ്ഞു.

പിള്ളയ്ക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ പ്രധാനമായും മൂന്ന് കുറ്റമാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. ഒന്ന്, കെഎസ്ഇബിയുടെ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിയെന്ന നിലയില്‍ അനാവശ്യമായി ഇടപെട്ടു. രണ്ട്, സ്വന്തക്കാരന് കരാര്‍ ലഭിക്കുന്നതിന് മന്ത്രിയെന്ന നിലയില്‍ ഔദ്യോഗികപദവി ദുരുപയോഗംചെയ്തു. മൂന്ന്, സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കുന്ന വിധം ഉയര്‍ന്ന തുകയ്ക്ക് കരാര്‍ നല്‍കുകയും ഇതിനായി ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്തു. പ്രോസിക്യൂഷന്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ കുറ്റങ്ങള്‍ തെളിയിച്ചിട്ടും ഹൈക്കോടതി അവഗണിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. യുക്തമായ വിധിയാണ് പ്രത്യേക കോടതിയില്‍നിന്നുണ്ടായതെന്ന് സുപ്രീംകോടതി എടുത്തുപറഞ്ഞു. സുപ്രീംകോടതിയുടെ അന്തിമവിധി ആയതിനാല്‍ പിള്ള അടുത്തുതന്നെ കോടതിയില്‍ കീഴടങ്ങി ജയിലിലേക്ക് പോകേണ്ടിവരും. അപ്പീലിനുള്ള സാധ്യതയില്ല. വിധി പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ച് അപേക്ഷ നല്‍കാമെങ്കിലും തക്കതായ കാരണമുണ്ടെങ്കില്‍ മാത്രമേ വിധിയില്‍ മാറ്റമുണ്ടാകൂ. വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍തന്നെയായിരിക്കും പുനഃപരിശോധനാ ഹര്‍ജിയും പരിഗണിക്കുക. തുറന്ന കോടതിയില്‍ വാദമുണ്ടാകില്ല. ചേംബറില്‍ ഹര്‍ജി പരിശോധിക്കുക മാത്രമാകുമുണ്ടാകുക.

കേസില്‍ പിള്ളയെ സഹായിക്കുന്ന സമീപനമാണ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ പിള്ളയ്ക്ക് ശിക്ഷ നല്‍കണമെന്ന വാദമാണ് കോടതിയില്‍ ഉന്നയിച്ചത്. കേസില്‍ വി എസിനൊപ്പം വാദിച്ച സര്‍ക്കാര്‍ പ്രത്യേകകോടതി വിധി ശരിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. 1982ലാണ് കേസിനാസ്പദമായ അഴിമതി. ടണല്‍ നിര്‍മാണത്തിനും ഷാഫ്റ്റ് നിര്‍മാണത്തിനും ഉയര്‍ന്ന തുകയ്ക്ക് കരാര്‍ നല്‍കി ഖജനാവിന് കോടികളുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. ജസ്റിസ് സുകുമാരന്‍ അധ്യക്ഷനായ സമിതി പിള്ള കുറ്റക്കാരനാണെന്നു കണ്ടെത്തിയെങ്കിലും കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനെതിരെ വി എസ് കോടതിയെ സമീപിക്കുകയും വിചാരണയ്ക്ക് അനുമതി വാങ്ങുകയുമായിരുന്നു.
(എം പ്രശാന്ത്)

അഴിമതിക്കേസില്‍ പിള്ളയ്ക്ക് ശിക്ഷ രണ്ടാംവട്ടം

ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ അഴിമതിക്ക് രണ്ടുവട്ടം ശിക്ഷ ഏറ്റുവാങ്ങിയ മുന്‍മന്ത്രിയെന്ന റെക്കോഡായി ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക്. ഗ്രാഫൈറ്റ് കമ്പനിക്ക് വൈദ്യുതി മറിച്ചുവിറ്റ കേസിലാണ് ഇതിനുമുമ്പ് പിള്ള ശിക്ഷിക്കപ്പെട്ടത്. ഈ കേസില്‍ വിജിലന്‍സ് പ്രത്യേക കോടതിയുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചെങ്കിലും സുപ്രീംകോടതി വിട്ടയച്ചു. പക്ഷേ, ഹൈക്കോടതി പുറപ്പെടുവിച്ച വാറന്റിനെതുടര്‍ന്ന് ഏതാനും ദിവസം പിള്ളയ്ക്ക് ജയിലില്‍ കിടക്കേണ്ടിവന്നു.

1982-87 കാലയളവിലാണ് ഇടമലയാര്‍, ഗ്രാഫൈറ്റ് അഴിമതി. അന്ന് കെ കരുണാകരന്‍ മുഖ്യമന്ത്രിയും ബാലകൃഷ്ണപിള്ള വൈദ്യുതിമന്ത്രിയുമായിരുന്നു. രണ്ട് കേസിലും വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം. '96 മെയ് 20നാണ് ഗ്രാഫൈറ്റ് കേസില്‍ ബാലകൃഷ്ണപിള്ളയുള്‍പ്പെടെ രണ്ടു പ്രതികളെ വിജിലന്‍സ് കോടതി തടവിന് വിധിച്ചത്. മൂന്നുവര്‍ഷത്തിനുശേഷം '99 നവംബര്‍ 10ന് ഇടമലയാര്‍ കേസില്‍ കൊച്ചിയിലെ പ്രത്യേക കോടതി അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചു. ഗ്രാഫൈറ്റ് കേസിലെ വിധി ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ശരിവച്ചെങ്കിലും ഇടമലയാര്‍ കേസില്‍ അനുഭവം മറിച്ചായിരുന്നു. ഇതിനെതിരെയാണ് വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ എത്തിയത്.

കേരളരാഷ്ട്രീയത്തില്‍ കൊടുങ്കാറ്റ് അഴിച്ചുവിട്ടതാണ് ഇടമലയാര്‍ കേസിന്റെ ചരിത്രം. മന്ത്രിയും ഉദ്യോഗസ്ഥരും സര്‍ക്കാര്‍ചെലവില്‍ ഗൂഢാലോചന നടത്തിയെന്ന പ്രത്യേക കോടതിയുടെ കണ്ടെത്തലും ഈ കേസിലുണ്ട്. '85 ജൂലൈ 15ന് ട്രയല്‍റണ്‍ നടത്തിയപ്പോള്‍ ടണലിന്റെയും സാര്‍ജ് ഷാഫ്ടിന്റെയും ചില ഭാഗങ്ങളില്‍ കണ്ട ചോര്‍ച്ചയില്‍നിന്നാണ് ഇടമലയാര്‍ കേസ് ഉത്ഭവിച്ചത്. നിയമസഭയുടെ പബ്ളിക് അണ്ടര്‍ടേക്കിങ് കമ്മിറ്റിയുടെ ശുപാര്‍ശയെതുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്തി. അന്ന് പ്രതിപക്ഷനേതാവായിരുന്ന ഇ കെ നായനാരും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. പഞ്ചാബ് മോഡല്‍ പ്രസംഗം സൃഷ്ടിച്ച വിവാദത്തെതുടര്‍ന്ന് ബാലകൃഷ്ണപിള്ള മന്ത്രിസ്ഥാനം രാജിവച്ചിരിക്കുകയായിരുന്നു അന്ന്.

വൈദ്യുതിവകുപ്പിന്റെ ചുമതലവഹിച്ചിരുന്ന കെ എം മാണി ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് ജസ്റിസ് കെ സുകുമാരനെ കമീഷനായി നിയോഗിച്ചു. 1988 ജൂണ്‍ 19ന് നായനാര്‍സര്‍ക്കാരിന്റെ കാലത്ത് കമീഷന്‍ റിപ്പോര്‍ട്ട് നല്‍കി. പിള്ള അധികാര ദുര്‍വിനിയോഗം നടത്തിയെന്നായിരുന്നു കമീഷന്റെ കണ്ടെത്തല്‍. '88 സെപ്തംബര്‍ പത്തിന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിട്ടു. എസ്പി ജി കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡ് '90 ഡിസംബര്‍ 14ന് പ്രത്യേക കോടതിയില്‍ കുറ്റപത്രം നല്‍കി. നിയമത്തിന്റെ നൂലാമാലകളില്‍ തട്ടി വിചാരണ നീണ്ടു.

ഇതിനിടെ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി പിന്‍വലിച്ചു. ജസ്റിസ് സുകുമാരന്‍ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ പിള്ളയും സുപ്രീംകോടതിയിലെത്തി. പ്രോസിക്യൂഷന്‍ അനുമതി പിന്‍വലിക്കാനുള്ള സര്‍ക്കാര്‍തീരുമാനം പ്രത്യേക കോടതി അംഗീകരിച്ചില്ല. എന്നാല്‍, ഹൈക്കോടതി സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. തുടര്‍ന്ന്, കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ചു. ഇതിനെതിരെ '93ല്‍ പ്രതിപക്ഷനേതാവ് വി എസ് സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി കേസ് തുടരാന്‍ നിര്‍ദേശം നല്‍കി. അങ്ങനെയാണ് ഇടമലയാര്‍ കേസ് പുനര്‍ജനിച്ചത്. വീണ്ടും പലവട്ടം തര്‍ക്കം ഹൈക്കോടതിയില്‍ എത്തി. ഒടുവില്‍ വിചാരണചെയ്യാനുള്ള പ്രത്യേക കോടതിവിധി ഹൈക്കോടതി അംഗീകരിച്ചു. '96 ഫെബ്രുവരി 14ന് കോടതി സാക്ഷിവിസ്താരം തുടങ്ങി. '99 നവംബറില്‍ പിള്ളയുള്‍പ്പെടെ മൂന്നുപേരെ ശിക്ഷിച്ചു. ഏഴുപേരെ വെറുതെവിട്ടു. ഉദ്യോഗസ്ഥരുടെ ദുഷ്ചെയ്തി തടയേണ്ട മന്ത്രിതന്നെ ഗൂഢാലോചനയ്ക്ക് നേതൃത്വം നടത്തിയെന്നും പ്രത്യേക കോടതി നിരീക്ഷിച്ചിരുന്നു.
(കെ ശ്രീകണ്ഠന്‍)

ഇടമലയാര്‍ ഹൈക്കോടതി വീഴ്ചവരുത്തി: സുപ്രീംകോടതി

ഇടമലയാര്‍ കേസില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക കോടതി ശിക്ഷിച്ച പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി നടപടിയെ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചു. ഹൈക്കോടതിയുടേത് ഗുരുതരമായ പിശകാണെന്ന് വിധിന്യായത്തില്‍ ജസ്റിസ് സദാശിവം ചൂണ്ടിക്കാട്ടി. 1999ലാണ് ബാലകൃഷ്ണപിള്ളയടക്കം മൂന്നു പ്രതികളെ പ്രത്യേക കോടതി അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചത്. പ്രതികളുടെ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് 2003ല്‍ പ്രത്യേക കോടതിവിധി റദ്ദാക്കുകയും എല്ലാ പ്രതികളെയും വെറുതെ വിടുകയും ചെയ്തു. എന്നാല്‍, ഈ വിധിയില്‍ ഗുരുതരമായ പിശക് സംഭവിച്ചിട്ടുണ്ടെന്ന നിരീക്ഷണമാണ് സുപ്രീംകോടതി നടത്തുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉചിതമായ വിധിപ്രസ്താവം നടത്തിയ പ്രത്യേക കോടതിയെ വിധിയില്‍ പലയിടത്തും സുപ്രീംകോടതി ശ്ളാഘിക്കുന്നുമുണ്ട്.

തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ മൂന്നു കുറ്റം ആര്‍ക്കും ബോധ്യപ്പെടുമെന്ന് കോടതി പറഞ്ഞു. ഒന്ന്, ഉയര്‍ന്ന തുകയ്ക്ക് കരാര്‍ നല്‍കുകയും അതോടൊപ്പം വൈദ്യുതിബോര്‍ഡിന് നഷ്ടംവരുന്നവിധത്തില്‍ പ്രത്യേക ഉപാധികള്‍ അംഗീകരിക്കുകയും ചെയ്തു. രണ്ട്, കരാറിന്റെ ഭാഗമായുള്ള സെക്യൂരിറ്റി- റീറ്റെന്‍ഷന്‍ തുകകള്‍ കുറച്ചുകൊടുത്തു. മൂന്ന്, ഉപയോഗിച്ച സിമന്റ് ചാക്കുകളില്‍ 50 ശതമാനം തിരികെ നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥയിലൂടെയും ഉപകരണങ്ങളും മറ്റും വാടകയ്ക്ക് നല്‍കുന്നതിനുപകരം കുറഞ്ഞ തുകയ്ക്ക് വില്‍ക്കുകയും ചെയ്തതിലൂടെ കരാറുകാരന് അനാവശ്യനേട്ടമുണ്ടാക്കി. ഈ പാളിച്ചകള്‍ സാക്ഷിമൊഴികളില്‍നിന്നും സാഹചര്യത്തെളിവുകളില്‍നിന്നും വ്യക്തമാണെങ്കിലും ഹൈക്കോടതി അവഗണിച്ചു.

പ്രതികള്‍ ഔദ്യോഗികപദവി ദുരുപയോഗം ചെയ്യുകയും ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്തെന്ന പ്രത്യേക കോടതി കണ്ടെത്തല്‍ ശരിയായിരുന്നെങ്കിലും ഹൈക്കോടതി തമസ്കരിച്ചു. മന്ത്രിയെന്നനിലയില്‍ കെഎസ്ഇബിയുടെ പ്രവര്‍ത്തനങ്ങളില്‍ ബാലകൃഷ്ണപിള്ള ഇടപെട്ടെന്ന് വ്യക്തമാണ്. നയപരമായ കാര്യങ്ങളിലല്ലാതെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിക്ക് ഇടപെടാനാകില്ല. ഇക്കാര്യവും ഹൈക്കോടതി അവഗണിച്ചു. ഗുരുതര തെറ്റാണ് ഹൈക്കോടതി ചെയ്തത്. വിശ്വസനീയവും അംഗീകരിക്കാവുന്നതുമായ തെളിവുകള്‍ പരിഗണിച്ചില്ല. മറ്റു കരാറുകാരെ ബോധപൂര്‍വം ഒഴിവാക്കിയാണ് അവസാനനിമിഷം ലേലപ്രക്രിയയില്‍ പങ്കാളിയായ പൌലോസിന് കരാര്‍ നല്‍കിയത്. ബോര്‍ഡിന് നഷ്ടംവരുത്തുന്ന പല ഉപാധിയും അംഗീകരിച്ചായിരുന്നു കരാര്‍. പൌലോസ് ബിനാമിമാത്രമാണെന്ന് വ്യക്തമാണ്. മന്ത്രിയുടെ സുഹൃത്തായ സജീവനും മറ്റൊരു കരാറുകാരനായ പോള്‍ മുണ്ടയ്ക്കലുമാണ് പണികള്‍ നടത്തിയത്. കരാര്‍പ്രക്രിയ അനാവശ്യമായി നീണ്ടുപോയതും മറ്റും ഹൈക്കോടതി പരിഗണിച്ചില്ല.

മന്ത്രിക്ക് താല്‍പ്പര്യമുള്ള ഒരാളെ കണ്ടെത്തുന്നതിനുവേണ്ടി നടപടികള്‍ വൈകിപ്പിക്കുകയായിരുന്നെന്ന് മൊഴികളില്‍നിന്ന് വ്യക്തമാണ്. ബോര്‍ഡ് തീരുമാനം ഏകകണ്ഠമായിരുന്നെന്ന ഹൈക്കോടതി നിലപാട് ശരിയല്ല. ബോര്‍ഡ് അംഗങ്ങള്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണെന്നും അവര്‍ക്ക് തെറ്റുപറ്റില്ലെന്നുമാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. വന്‍ കരാര്‍പണികള്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് ചില്ലറ വിട്ടുവീഴ്ചകള്‍ വേണ്ടിവരുമെന്ന നിരീക്ഷണവും ഹൈക്കോടതി നടത്തി. കരാറിന്റെ കാര്യത്തില്‍ മന്ത്രി താല്‍പ്പര്യം കാണിച്ചെന്ന് ഏഴാംസാക്ഷിയുടെ മൊഴിയില്‍നിന്ന് വ്യക്തമാണ്. അന്ന് ചീഫ് എന്‍ജിനിയറായ ഈ സാക്ഷി കരാറിന്റെ ദോഷവശങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രി ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഏറ്റെടുത്ത പണി വൈകുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇദ്ദേഹത്തെ സ്ഥലംമാറ്റുകയും ചെയ്തു. ഇക്കാര്യങ്ങളൊന്നും ഹൈക്കോടതി പരിഗണിച്ചില്ല- സുപ്രീംകോടതി വിധിയില്‍ പറഞ്ഞു.

ജയില്‍വാസം ഒഴിവാക്കാനാകില്ല

സുപ്രീംകോടതി വിധിക്കെതിരെ ബാലകൃഷ്ണപിള്ളയ്ക്ക് പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ അവസരമുണ്ടെങ്കിലും ജയില്‍വാസം ഒഴിവാക്കാന്‍ കഴിയില്ല. കോടതിയില്‍ കീഴടങ്ങി ജയിലില്‍ പോയശേഷംമാത്രമേ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാനാകൂ. സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിക്കും പ്രത്യേക കോടതിക്കും ലഭിച്ചാല്‍ വാറന്റ് പുറപ്പെടുവിക്കും. തുടര്‍ന്ന് പൊലീസിന് വേണമെങ്കില്‍ പിള്ളയെയും മറ്റുപ്രതികളെയും അറസ്റുചെയ്യാം. അല്ലെങ്കില്‍ പ്രതികള്‍ക്ക് കോടതിയില്‍ സ്വമേധയാ കീഴടങ്ങാം. പുനഃപരിശോധനാ ഹര്‍ജി സാധാരണനിലയില്‍ കോടതി പ്രോത്സാഹിപ്പിക്കാറില്ല. അല്ലെങ്കില്‍ കോടതിക്ക് സംഭവിച്ച ഗുരുതര പിശക് ചൂണ്ടിക്കാട്ടുകയോ പുതിയ തെളിവുകള്‍ ഉയര്‍ത്തിക്കൊണ്ടുവരികയോ ചെയ്യണം. ഇതിനിടെ, സമന്‍സ് കിട്ടുന്ന മുറയ്ക്ക് കീഴടങ്ങുമെന്നും പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നുമായിരുന്നു ആര്‍ ബാലകൃഷ്ണപിള്ളയുടെ ആദ്യ പ്രതികരണം. എന്നാല്‍ വൈകിട്ട് നടന്ന ചാനല്‍ ചര്‍ച്ചയില്‍ പിള്ള നിലപാട് മാറ്റി. പുനഃപരിശോധനാ ഹര്‍ജി കാര്യം പരിഗണിക്കുമെന്നായി പിള്ള.

പിള്ളയ്ക്ക് 7 വര്‍ഷത്തേക്ക് മത്സരിക്കാനാകില്ല

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഏഴുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാകില്ല. ജനപ്രാതിനിധ്യനിയമത്തിലെ എട്ട് (എം) വകുപ്പുപ്രകാരം അഴിമതിനിരോധനനിയമത്തിലെ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ കോടതി ശിക്ഷിക്കുന്നവര്‍ക്ക് ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ട്. പിഴമാത്രമാണ് ശിക്ഷയെങ്കില്‍ ആറുവര്‍ഷവും പിഴയും തടവുമുണ്ടെങ്കില്‍ തടവുസമയവും അതിനുശേഷമുള്ള ആറുവര്‍ഷവുമാണ് വിലക്ക്.

ചില പ്രത്യേക കുറ്റങ്ങള്‍ക്ക് ശിക്ഷിക്കുന്നവര്‍ക്കാണ് ഇത്തരം വിലക്കുള്ളത്. ബലാത്സംഗം, സ്ത്രീകളോടുള്ള ക്രൂരത, തൊട്ടുകൂടായ്മ- സതി തുടങ്ങിയ ആചാരങ്ങള്‍, കള്ളക്കടത്ത്, നിരോധിത സംഘടനയിലെ അംഗത്വം, വിദേശനാണ്യ വിനിമയ നിയമപ്രകാരമുള്ള കുറ്റങ്ങള്‍, മയക്കുമരുന്നുകേസ്, മതസ്ഥാപനങ്ങളുടെ ദുരുപയോഗം, മതം- വംശം- ജാതി- ഭാഷ തുടങ്ങിയവയുടെ പേരില്‍ ജനമനസ്സുകളില്‍ വൈര്യം വളര്‍ത്തുക, വിവിധ തെരഞ്ഞെടുപ്പുകുറ്റം, ദേശീയഗാനത്തെയും ദേശീയപതാകയെയും അവഹേളിക്കല്‍, ഭീകരവിരുദ്ധനിയമപ്രകാരമുള്ള കുറ്റങ്ങള്‍, അഴിമതിനിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്കാണ് വിലക്ക്.

സാധാരണ കേസുകളില്‍ കുറ്റക്കാരായി കണ്ടെത്തിയാല്‍ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ തടവുണ്ടെങ്കില്‍മാത്രമേ വിലക്കുണ്ടാകൂ. എന്നാല്‍, ബാലകൃഷ്ണപിള്ളയെ അഴിമതിനിരോധനനിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്കും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്കുമാണ് സുപ്രീംകോടതി ശിക്ഷിച്ചിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമപ്രകാരം ഒരുവര്‍ഷം തടവുകാലയളവിലും തുടര്‍ന്നുള്ള ആറുവര്‍ഷവും പിള്ളയ്ക്ക് തെരഞ്ഞെടുപ്പുരംഗത്തുനിന്ന് മാറിനില്‍ക്കേണ്ടിവരും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും 2016ലെ തെരഞ്ഞെടുപ്പിലും പിള്ളയ്ക്ക് മത്സരിക്കാനാകില്ല.

കാല്‍ നൂറ്റാണ്ടു നീണ്ട നിയമയുദ്ധം; ഒടുവില്‍ പിള്ളയ്ക്ക് തടവറ

പതിറ്റാണ്ടുകള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ രാജ്യത്തിന്റെ പരമോന്നത കോടതി മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള കുറ്റക്കാരനാണെന്ന് അന്തിമവിധി പ്രഖ്യാപിച്ച ഇടമലയാര്‍ അഴിമതിക്കേസില്‍ നാഴികക്കല്ലായത് ജസ്റ്റിസ് കെ സുകുമാരന്‍ കമ്മിഷന്റെ കണ്ടെത്തലുകള്‍. കമ്മിഷനുകളുടെ ചരിത്രത്തില്‍ കുറഞ്ഞസമയംകൊണ്ട് സിറ്റിംഗ് ജഡ്ജി അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇടമലയാര്‍ വൈദ്യുതി പദ്ധതികളുടെ ക്രമക്കേടുകളിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു. കമ്മീഷന്റെ കണ്ടെത്തലുകള്‍ക്കുള്ള അംഗീകാരംകൂടിയായി മാറി ആര്‍ ബാലകൃഷ്ണപിള്ളയ്ക്കും കൂട്ടര്‍ക്കുമുള്ള സുപ്രിംകോടതിയുടെ ശിക്ഷ.

1982-ല്‍ ഇടമലയാര്‍ വൈദ്യുതിപദ്ധതിയുടെ ടണലും ഷാഫ്റ്റും നിര്‍മിച്ചതില്‍ ക്രമക്കേട് നടന്നതായിരുന്നു കേസിനാസ്പദമായ സംഭവം. 1985 ജൂലൈ 15ന് ഇടമലയാര്‍ ഡാമില്‍ ചോര്‍ച്ച കണ്ടെത്തിയത് വിവാദമായി. തുടര്‍ന്ന് വിഷയം നിയമസഭയില്‍ ഉന്നയിക്കപ്പെട്ടു. ഇതേ തുടര്‍ന്ന് ഇടമലയാര്‍പദ്ധതി സംബന്ധിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ 1985 സെപ്തംബര്‍ 11ന് സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുമെന്ന് പ്രഖ്യാപിച്ചു. 1985 ഡിസംബര്‍ 21ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ സുകുമാരന്‍ ഇടമലയാര്‍ എന്‍ക്വയറി കമ്മിഷനായി നിയമിക്കപ്പെട്ടു. രണ്ടരവര്‍ഷംനീണ്ട അന്വേഷണത്തിനൊടുവില്‍ ഇടമലയാര്‍ വൈദ്യുതിപദ്ധതിയുടെ നിര്‍മാണത്തില്‍ ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിക്കൊണ്ട് ജസ്റ്റിസ് കെ സുകുമാരന്‍ കമ്മിഷന്‍ സംസ്ഥാനസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 1988 ജൂണ്‍ പത്തിന് സംസ്ഥാനസര്‍ക്കാര്‍മുമ്പാകെ സമര്‍പ്പിച്ച 570 പേജ്‌വരുന്ന ഇടമലയാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ പങ്ക് കമ്മിഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഇടമലയാര്‍ വൈദ്യുതിപദ്ധതിയുടെ ടണലും ഷാഫ്റ്റും നിര്‍മിച്ചതില്‍ വന്‍ക്രമക്കേട് നടന്നിട്ടുണ്ടെന്നും കരാറുകാരനായ കേരള കോണ്‍ഗ്രസ് നേതാവ് പി കെ സജീവന് വഴിവിട്ട സഹായങ്ങള്‍ നല്‍കിയതിനുപിന്നില്‍ മന്ത്രിയുടെ താല്‍പര്യമായിരുന്നുവെന്നുമാണ് കമ്മിഷന്റെ കണ്ടെത്തലുകള്‍. ഇക്കാര്യത്തില്‍ മുന്‍ കെ എസ് ഇ ബി ചെയര്‍മാന്‍ രാമഭദ്രന്‍ നായര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പങ്കും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആവശ്യത്തിന് സിമന്റും സാമഗ്രികളും ഉപയോഗിച്ചിട്ടില്ല. കോണ്‍ക്രീറ്റ് സംവിധാനം ശരിയായരീതിയിലായിരുന്നില്ല, നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തി, കരാറുകാരന് വളരെയധികം ആനുകൂല്യങ്ങള്‍ നല്‍കി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയ കമ്മിഷന്‍ പദ്ധതിവഴി ഖജനാവിന് വന്‍നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും പദ്ധതി പൊതുതാല്‍പര്യത്തിന് വിരുദ്ധമായാണ് നടപ്പിലാക്കിയതെന്നും കണ്ടെത്തിയിരുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നീതിപൂര്‍വമായിരുന്നില്ലെന്നും മന്ത്രിയായിരുന്ന കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഇതിലുള്ള പങ്ക് വ്യക്തമാണെന്നുമുള്ള കമ്മിഷന്റെ കണ്ടെത്തലുകളാണ് പിന്നീട് വന്‍വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും വഴിതെളിച്ചത്. ഇടമലയാര്‍ കേസിനുവേണ്ടി പ്രത്യേക കോടതി രൂപീകരിക്കണമെന്നുള്ള കമ്മിഷന്‍ ശുപാര്‍ശ പിന്നീട് അംഗീകരിക്കുകയും ചെയ്തു.

അഞ്ഞൂറോളം രേഖകള്‍ പരിശോധിച്ച് 53 സാക്ഷികളെ വിസ്തരിച്ച കമ്മീഷന്‍ 195 സിറ്റിംഗുകള്‍ക്കുശേഷമാണ് 570 പേജ്‌വരുന്ന  റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുന്‍മന്ത്രി ബാലകൃഷ്ണപിള്ളയെ രണ്ടുദിവസം കമ്മിഷന്‍ വിസ്തരിക്കുകയും ചെയ്തു. ക്രമക്കേട് നടന്ന ഇടമലയാര്‍ സന്ദര്‍ശിച്ച കമ്മിഷന്‍ തെക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട അണക്കെട്ടുകള്‍ സന്ദര്‍ശിക്കുകയും അവയുടെ നിര്‍മാണരീതികള്‍ വിലയിരുത്തുകയും ചെയ്തു. ഒരുലക്ഷത്തി എണ്‍പതിനായിരം പേജുകള്‍ വരുന്ന രേഖകള്‍ പരിശോധിച്ചശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഹൈക്കോടതിയില്‍ ജഡ്ജിയായി പ്രവര്‍ത്തിച്ചുകൊണ്ടാണ് കമ്മിഷന്റെ പ്രവര്‍ത്തനം ജസ്റ്റിസ് കെ സുകുമാരന്‍ നടത്തിയത്.

ജലീല്‍ അരൂക്കുറ്റി ജനയുഗം 11.02.11