ഇന്ധനശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍
പാരീസ്: പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ക്കെതിരെ ഫ്രാന്‍സില്‍ നടക്കുന്ന പ്രക്ഷോഭം പത്താം ദിവസം പിന്നിട്ടു. അധോസഭ പാസ്സാക്കിയ ബില്‍ സെനറ്റിന്റെ പരിഗണനയിലാണ്. ഇതിനിടെ രാജ്യത്തിന്റെ പ്രധാന ഇന്ധനശാലകള്‍ ബലമായി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ഫ്രഞ്ച് പൊലീസ് ശ്രമം തുടങ്ങി. കിഴക്കന്‍ പാരീസിലെ ഗ്രാന്‍ഡ്പ്യൂട്ട്‌സിലെ പ്രധാന ഇന്ധനശാല ബലമായി തുറന്നുപ്രവര്‍ത്തിപ്പിക്കാനുളള പൊലീസിന്റെ ശ്രമത്തിനെ പ്രക്ഷോഭകര്‍ തടയാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. നിരവധി തൊഴിലാളികള്‍ക്ക് പൊലീസ് നടപടിയില്‍ പരിക്കേറ്റു.
ഫ്രാന്‍സില്‍ ആയിരത്തോളം ഇന്ധനശാലകള്‍ സമരത്തെത്തുടര്‍ന്ന് അടച്ചിട്ടതിനാല്‍ ജനജീവിതം പൂര്‍ണമായി സ്തംഭിച്ചു. ഇതേതുടര്‍ന്ന് എത്രയും പെട്ടെന്നുതന്നെ ഇവ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുളള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി് പൊലീസിന് നിര്‍ദേശം നല്‍കി. പെന്‍ഷന്‍ പരിഷ്‌കരണബില്ല് സെനറ്റിനുമുന്നിലെത്തിയപ്പോള്‍ ആയിരത്തോളം ഭേദഗതികളാണ് പ്രതിപക്ഷം കൊണ്ടുവന്നതെങ്കിലും ഇതെല്ലാം തളളിക്കളഞ്ഞു. ഈയാഴ്ചയോടെ പെന്‍ഷന്‍ പരിഷ്‌കരണബില്‍ നിയമമാക്കാനാണ് സര്‍ക്കോസി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
തെക്കന്‍നഗരമായ ടൊളോസില്‍ രണ്ട് ഇന്ധനശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുളള പൊലീസ് ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇരുന്നൂറോളം പ്രകടനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊലീസ് കണ്ണീര്‍വാതക പ്രയോഗം നടത്തി.
വടക്കു പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഗ്രാന്‍ഡ് ഖ്യുവില്ലേയില്‍ ഈയാഴ്ച രണ്ടാംവട്ടം പ്രകടനക്കാരും പൊലീസും തമ്മില്‍ ഏറ്റുട്ടി. ലിയോണ്‍ നഗരത്തില്‍ കഴിഞ്ഞദിവസമുണ്ടായ ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് നഗരത്തിലെങ്ങും പൊലീസ് കാവല്‍ ശക്തിപ്പെടുത്തി.
എന്തുവിലകൊടുത്തും പെന്‍ഷന്‍ പരിഷ്‌കരണ നടപടി നടപ്പിലാക്കുമെന്ന് സര്‍ക്കോസി സര്‍ക്കാരും ജനദ്രോഹപരമായ പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രക്ഷോഭകരും ഉറച്ച നിലപാടിലാണ്.
കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങള്‍
ഫ്രാന്‍സില്‍ പ്രക്ഷോഭം ശക്തിപ്പെടുന്നു; സംഘര്‍ഷം രൂക്ഷം
പാരീസ്: സര്‍ക്കോസി സര്‍ക്കാര്‍ പെന്‍ഷന്‍ പരിഷ്‌കരണനടപടികളില്‍ നിന്ന് പിന്‍വാങ്ങണമെന്നാവശ്യപ്പെട്ട് നടക്കുന്ന ബഹുജന സമരം എട്ടാം ദിനത്തിലേയ്ക്ക് കടന്നതോടെ ഫ്രാന്‍സിലെങ്ങും സംഘര്‍ഷം രൂക്ഷമായി. അധോസഭ അംഗീകരിച്ച ബില്‍ ഇന്നലെ സെനറ്റിനുമുന്നില്‍ അവതരിപ്പിക്കാനിരുന്നതാണെങ്കിലും അവസാന നിമിഷം ബില്ലിന്റെ അവതരണം മാറ്റി വയ്ക്കുകയായിരുന്നു. ഇന്നോ നാളെയോ ബില്‍ സെനറ്റിനു മുന്നിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
പെന്‍ഷന്‍ പ്രായം 60 ല്‍ നിന്ന് 62 ആയി വര്‍ധിപ്പിച്ചതും മുഴുവന്‍ പെന്‍ഷന്‍ ലഭിക്കാനുളള കാലാവധി 65 വയസ്സായി ഉയര്‍ത്തിയതും മറ്റ് സേവന വേതന വ്യവസ്ഥകളില്‍ വരുത്തിയ വെട്ടിക്കുറവുകളും യാതൊരു കാരണവശാലും പിന്‍വലിക്കില്ലെന്ന പ്രസിഡന്റ് സര്‍ക്കോസിയുടെ നിഷേധാത്മക നിലപാടുകളാണ് പ്രക്ഷോഭകരെ കൂടുതല്‍ ചൊടിപ്പിച്ചതും സമരം അക്രമാസക്തമായതും.മാഴ്‌സെലെ വിമാനത്താവളം പ്രക്ഷോഭകര്‍ ഉപരോധിച്ചു. ഫ്രാന്‍സില്‍ നിന്നും മറ്റു രാജ്യങ്ങളിലേയ്ക്കുളള വിമാനസര്‍വീസുകള്‍ നിലച്ചു. ട്രക്ക് തൊഴിലാളികള്‍ ദേശീയപാതയിലുടനീളം വാഹനങ്ങള്‍ നിരത്തിയിട്ടതിനാല്‍ റോഡ് മാര്‍ഗ്ഗമുളള ഗതാഗതവും സ്തംഭിച്ചു. പെട്രോള്‍ പമ്പുകള്‍ തുടര്‍ച്ചയായ മൂന്നാം ദിനവും അടഞ്ഞുകിടന്നു. കഴിഞ്ഞദിവസം പൊലീസ് സഹായത്തോടെ തുറന്നു പ്രവര്‍ത്തിച്ച പെട്രോള്‍ പമ്പുകളും പിന്നീട് തുറന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ല. പാചകവാതക ഇന്ധനവിതരണം നിലച്ചതോടെ സര്‍ക്കോസി സര്‍ക്കാരിനെതിരെ ജനരോക്ഷം അലയടിച്ചു. പാരീസില്‍ ഹൈസ്‌കൂളിനുമുന്നില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ലിയോണ്‍ നഗരത്തില്‍ അര്‍ധരാത്രിയില്‍ പ്രതിഷേധക്കാരും പൊലീസും പരസ്പരം കല്ലേറ് നടത്തി. ഫ്രാന്‍സിന്റെ വടക്കുഭാഗത്തുളള കലായിസ് മുതല്‍ തെക്ക് ഭാഗത്തുളള പൈറീനസ് വരെയുളള പ്രദേശങ്ങളില്‍ ദേശീയപാതയില്‍ കാറുകളും ട്രക്കുകളും നിരത്തിയിട്ട് ജനങ്ങള്‍ സര്‍ക്കാരിനെതിരെ പ്രതിരോധം സൃഷ്ടിച്ചു. പലയിടങ്ങളിലും പ്രക്ഷോഭകര്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.
ഫ്രാന്‍സില്‍ കുട്ടികളുടെ സ്‌കൂള്‍ അവധിക്കാലം ഇന്നാരംഭിക്കുന്നതിനാല്‍ പ്രശ്‌നപരിഹാരമുണ്ടാക്കാത്ത സര്‍ക്കാരിന്റെ നടപടി ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. 3,000 പാചകവാതക വിതരണ സ്ഥാപനങ്ങള്‍ ഇന്ധനക്ഷാമം മൂലം അടച്ചുപൂട്ടിയത് കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നും അനുകൂലമായ പ്രതികരണങ്ങളുണ്ടായില്ലെങ്കില്‍ വരും ദിനങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും രാജ്യത്തിന്റെ എല്ലാ മേഖലകളും സമ്പൂര്‍ണമായി നിശ്ചലമാകുമെന്നും തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി അറിയിച്ചു.
(221010)
ഫ്രാന്‍സില്‍ പ്രക്ഷോഭം ഏഴാം ദിവസം പിന്നിട്ടു
പാരീസ്: ഫ്രാന്‍സില്‍ സര്‍ക്കോസി സര്‍ക്കോസി സര്‍ക്കാരിന്റെ പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ക്കെതിരെയുളള ബഹുജനപ്രക്ഷോഭം ഏഴാം ദിവസം പിന്നിട്ടു. ഇന്ധന വിതരണ സംവിധാനങ്ങള്‍ പുനസ്ഥാപിക്കാനുളള പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മൂന്ന് പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിച്ചതായി ഫ്രഞ്ച് പൊലീസ് സേനാംഗങ്ങള്‍ അറിയിച്ചു. എന്നാല്‍ ജനങ്ങളുടെ ശക്തമായ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിനായില്ല. രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിന്നുളള സര്‍വീസുകള്‍ പ്രക്ഷോഭത്തെത്തുടര്‍ന്ന് പൂര്‍ണമായി നിലച്ചു.
അതിനിടെ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളും സമരത്തില്‍ അണിചേരുന്നതായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ തെക്കന്‍ ഭാഗമായ ട്രാപില്‍ വിമാനസര്‍വീസുകള്‍ക്കാവശ്യമായ ഇന്ധനം നിറയ്ക്കുന്നത് തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തി വയ്‌ക്കേണ്ടി വന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്തു വില കൊടുത്തും പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ നടപ്പാക്കുമെന്ന സര്‍ക്കോസിയുടെ ആവര്‍ത്തിച്ചുളള പ്രഖ്യാപനങ്ങളാണ് പ്രക്ഷോഭകരെ ചൊടിപ്പിച്ചത്. ഡോങ്ങ്‌സ് , ലാ റോഷെല്ലെ, ലെ മാന്‍സ് എന്നീ ഇന്ധന വിതരണശാലകളിലെ വിതരണമാണ് പുനസ്ഥാപിച്ചതെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പാരീസ് നഗരപ്രാന്തത്തിലെ നാന്റെറെയില്‍ യുവജനങ്ങള്‍ നടത്തിയ റാലിക്കിടെ നഗരത്തില്‍ പലയിടത്തും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. പാരീസ് നഗരകേന്ദ്രത്തില്‍ ഫ്രഞ്ച് സെനറ്റിനു മുന്നില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ സര്‍ക്കാരിനെതിരെ പ്രതിരോധം സൃഷ്ടിച്ചു. കിഴക്കന്‍ ഫ്രാന്‍സിലെ നഗരങ്ങളില്‍ കാറുകള്‍ നിരത്തിയിട്ട് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചുകൊണ്ട് ജനങ്ങള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു. പാര്‍ലമെന്റിന്റെ അധോസഭയായ നാഷണല്‍ അസംബ്‌ളി പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ക്ക് അംഗീകാരം നല്‍കിയെങ്കിലും സെനറ്റില്‍ പരിഗണനയ്ക്ക് വരുമ്പോള്‍ തളളിക്കളയുക എന്ന ഉദ്ദേശത്തോടെയാണ് പ്രക്ഷോഭകാരികള്‍ സെനറ്റിനു മുന്നിലേയ്ക്ക് പ്രതിഷേധവുമായെത്തിയത്.
പ്രതിഷേധം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കും വ്യാപിച്ചതോടെ വിദ്യാഭ്യാസമേഖലയുടെ പ്രവര്‍ത്തനം സമ്പൂര്‍ണമായി നിലച്ചു. വിദ്യാര്‍ഥികളും പൊലീസും തമ്മിലുളള ഏറ്റുമുട്ടലും കണ്ണീര്‍വാതകപ്രയോഗവും കഴിഞ്ഞ ഏഴു ദിവസമായി ഫ്രാന്‍സില്‍ സര്‍വസാധാരണമായിരിക്കുകയാണ്. ഇതിനിടെ ഫ്രാന്‍സില്‍ പെന്‍ഷന്‍ പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ടുനടന്ന അഭിപ്രായ വോട്ടെടുപ്പുകളില്‍ 71 ശതമാനം പേരും സര്‍ക്കോസി സര്‍ക്കാരിന്റെ പരിഷ്‌കരണ നടപടികളില്‍ വിയോജിപ്പ് രേഖപ്പെടുത്തി. പ്രസിഡന്റ് സര്‍ക്കോസിയുടെ ജനസമ്മതിയിലും കാര്യമായ ഇടിവ് സംഭവിച്ചതായി അഭിപ്രായവോട്ടെടുപ്പുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ സര്‍ക്കോസി സര്‍ക്കാരിന് 30 ശതമാനത്തിലേറെ വോട്ട് കുറഞ്ഞതായി സര്‍വെ ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ സെപ്തംബറിലേതില്‍ നിന്നും വ്യത്യസ്ഥമായി പ്രസിഡന്റ് സര്‍ക്കോസിക്കെതിരായ ജനവികാരം അഞ്ച് ശതമാനത്തിലേറെ വര്‍ധിച്ച് 69 ശതമാനത്തിലെത്തിയതായി സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. പെന്‍ഷന്‍ പരിഷ്‌കരണ നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന സര്‍ക്കോസി സര്‍ക്കാരിന്റെ നിലപാടും ജനദ്രോഹപരമായ പരിഷ്‌കരണനടപടികള്‍ അനുവദിക്കില്ലെന്ന ജനങ്ങളുടെ നിലപാടും ഫ്രാന്‍സിലെ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്.
ജനയുഗം വാര്‍ത്തകള്‍ (211010)