Tuesday, June 28, 2011

മൂലമറ്റം; കെ എസ് ഇ ബിയുടെ കറവപ്പശു

സംസ്‌ഥാനത്തെ വൈദ്യുതോല്‍പാദനത്തിന്റെ നട്ടെല്ലാണ്‌ ഇന്ത്യയുടെ അഭിമാനമായ, ‘ഊര്‍ജ്ജക്ഷേത്രമായ’ മൂലമറ്റം പവര്‍ഹൗസ്‌. 780 മെഗാവാട്ടാണ്‌ ഉല്‍പാദനശേഷി. 130 മെഗാവാട്ടിന്റെ ആറു ജനറേറ്ററുകളാണു പ്രവര്‍ത്തിക്കുന്നത്‌. 1975 ഒക്‌ടോബര്‍ നാലിനാണ്‌ മൂലമറ്റത്ത്‌ ആദ്യ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചത്‌. 1976 ഫെബ്രുവരി 12-നു പദ്ധതികമ്മിഷന്‍ ചെയ്‌തു. രണ്ടാംഘട്ടമായി 1986-ല്‍ സ്‌ഥാപിച്ച മൂന്നു ജനറേറ്ററില്‍ ഒന്നിന്റെ കണ്ട്രോള്‍ പാനലിലുണ്ടായ പൊട്ടിത്തെറിയാണു ഒരു എന്ജിനീയരുടെ ജീവന്‍ നഷ്ടപ്പെടുന്ന അപകടത്തിലേക്ക് നയിച്ചത്.

പൂമാല സെന്റ്‌ പോള്‍സ്‌ സി.എസ്‌.ഐ. പള്ളിയിലെ സഭാ ശുശ്രൂഷകന്‍ മേലുകാവ്‌ വാളകം തെക്കോലിക്കല്‍ ഐസക്കിന്റെ മകളും എസ്‌.ബി.ഐ. ജീവനക്കാരന്‍ തിരുവനന്തപുരം കുറ്റിയാട്ടില്‍ റോയിയുടെ ഭാര്യയുമായ മെറിന്‍ ഐസക്കാ(26)ണു മരിച്ചത്‌. ഒന്നരവര്‍ഷം മുമ്പ്‌ ജോലിയില്‍ പ്രവേശിച്ച മെറിന്റെ വിവാഹം കഴിഞ്ഞ ഏപ്രില്‍ 28 നായിരുന്നു. പൊള്ളലേറ്റ സബ് എന്‍ജിനീയര്‍ കെ.എസ്. പ്രഭ(48) ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നു. 


മൂലമറ്റം പവര്‍ഹൗസില്‍ ഉല്‍പാദനമേഖലയില്‍ ജോലിചെയ്യുന്നവര്‍ അപകടത്തില്‍ മരിക്കുന്നത്‌ ആദ്യമാണ്‌. പവര്‍ഹൗസിന്റെ നിര്‍മാണ സമയത്ത്‌ ജോലിചെയ്‌തിരുന്ന 92 പേര്‍ ഇവിടെ അപകടത്തില്‍ മരിച്ചിട്ടുണ്ട്‌. ഒന്നാം ഘട്ടനിര്‍മാണ സമയത്ത്‌ 88 പേരും രണ്ടാം ഘട്ടത്തില്‍ നാലുപേരുമാണു മരിച്ചത്‌. ഇതിനു മുന്‍പ്‌ 1983 മാര്‍ച്ച്‌ 13നു പെന്‍സ്‌റ്റോക്‌ പൈപ്പ്‌ പരിശോധിക്കാനുള്ള, കുളമാവ്‌ ഡാമിനും പവര്‍ഹൗസിനും ഇടയിലുള്ള ഭാഗമായ ആഡിറ്റില്‍ ജോലിചെയ്യുകയായിരുന്ന യൂനസ്‌ പെന്‍സ്‌റ്റോക്‌ പൈപ്പ്‌ വഴി 500 മീറ്ററോളം താഴെ പവര്‍ഹൗസില്‍ വീണു മരണമടഞ്ഞിരുന്നു. പിന്നീട്‌ ഉല്‍പാദനം നടക്കുമ്പോള്‍ ചെറിയ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആളപായമുണ്ടായിട്ടില്ല.

15 വര്‍ഷം മുന്‍പും പവര്‍ ഹൌസില്‍ ചപ്പുചവറുകള്‍ക്കു തീപിടിച്ചിരുന്നു. ഇതേ തുടര്‍ന്ന് പവര്‍ ഹൌസില്‍ പുക നിറയുകയും ജീവനക്കാരെ അടിയന്തരമായി പുറത്തിറക്കുകയും ചെയ്തിരുന്നു.

പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം, ശബരിഗിരി, മൂഴിയാര്‍ പവര്‍ഹൗസുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്നാല്‍ 35 വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞ ഇടുക്കിയിലെ ജനറേറ്റുകളുടെ സുരക്ഷ സംബന്ധിച്ച്‌ യാതൊരു പഠനവും നടന്നിട്ടില്ല. സുരക്ഷാ ഓഡിറ്റിംഗ്‌ നടത്തണമെന്നു ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സംഘടനകള്‍ നിരന്തരമായി ആവശ്യപ്പെടുന്നതാണ്‌

കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍പോലും വിദഗ്‌ധ പഠനം നടത്താന്‍ ബോര്‍ഡ്‌ ഇനിയും തയാറായിട്ടില്ല. റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ബോര്‍ഡില്‍ നിന്നു വിരമിച്ചവരെയാണ്‌ നിയോഗിച്ചിരിക്കുന്നത്‌. നിഷ്‌പക്ഷ പഠനം നടത്തി നിജസ്‌ഥിതി പരിശോധിക്കാന്‍ കേന്ദ്ര പവര്‍ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌, കേന്ദ്ര ഇലക്‌ട്രിസിറ്റി അഥോറിട്ടി തുടങ്ങിയ അംഗീകൃത സ്‌ഥാപനങ്ങളെ ഏല്‍പ്പിക്കേണ്ടതായിരുന്നു

ഉയര്‍ന്ന കാര്യശേഷിയുള്ള പെല്‍ട്ടണ്‍ വീല്‍ മെക്കാനിസം ആയതിനാല്‍ കാലാവധി കഴിഞ്ഞാലും ജനറേറ്ററുകള്‍ക്കു കുഴപ്പമുണ്ടാവില്ലെന്നു വാദിക്കുന്നവരും ബോര്‍ഡിലുണ്ട്‌.

ജനറേറ്ററിനു പുറമേയുള്ള യന്ത്രസാമഗ്രികളും കാലപ്പഴക്കം കൊണ്ടു സുരക്ഷാഭീഷണി ഉയര്‍ത്തുന്നതാണെന്നാണ്‌ കഴിഞ്ഞദിവസമുണ്ടായ പെട്ടിത്തെറി സൂചിപ്പിക്കുന്നത്‌.
 
പവര്‍ഹൗസിനുള്ളിലെ സ്‌ഥിതി

കാലഹരണപ്പെട്ട യന്ത്രസംവിധാനങ്ങള്‍മൂലം പവര്‍ഹൗസിനുള്ളില്‍ സ്‌ഥിതി അപായകരമാണ്. നൂറുമീറ്റര്‍ നീളവും 200 മീറ്റര്‍ വീതിയും 60 മീറ്റര്‍ ഉയരവുമുള്ള പവര്‍ഹൗസില്‍ താപനില ക്രമാതീതമായി ഉയരുകയാണ്‌. കേന്ദ്രീകൃത ശീതീകരണ സംവിധാനം വര്‍ഷങ്ങളായി തകരാറിലായതാണു കാരണം. മഴക്കാലമായിട്ടും 28 മുതല്‍ 30 ഡിഗ്രിവരെ ചൂടാണ്‌ അനുഭവപ്പെടുന്നത്‌. പല നിലയിലും ഇതില്‍ ഏറ്റക്കുറച്ചിലുണ്ട്‌.

താഴത്തെനിലയില്‍ 30 ഡിഗ്രിക്കു മുകളിലാണ്‌ ചൂട്‌. വേനല്‍ക്കാലത്ത്‌ ഇത്‌ 33 ഡിഗ്രി കവിയുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. ഇത്‌ ജനറേറ്ററുകളോട്‌ അനുബന്ധിച്ചുള്ള യന്ത്രസാമഗ്രികള്‍ക്കും ഉദ്യോഗസ്‌ഥര്‍ക്കും കനത്ത ഭീഷണി ഉയര്‍ത്തുന്നു. 35 വര്‍ഷം മുമ്പു സ്‌ഥാപിച്ച ശീതീകരണ സംവിധാനം മാറ്റിവയ്‌ക്കാന്‍ മൂന്നുകോടിയുടെ പദ്ധതി തയാറാക്കാന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും ഒരുവര്‍ഷമായി ഒന്നും നടക്കുന്നില്ല

പവര്‍ഹൗസില്‍ ശുദ്ധവായുവിന്റെ അളവ്‌ കുറവാണ്‌. ഇതുമൂലം എട്ടുമണിക്കൂര്‍ നീളുന്ന ഷിഫ്‌റ്റില്‍ ജോലി ചെയ്യുന്നവര്‍ അവശരാകാറുണ്ട്‌. കൊയ്‌ന പോലെയുള്ള സമാന ഭൂഗര്‍ഭ നിലയങ്ങളിലെല്ലാം ആറുമണിക്കൂറാണ്‌ ഡ്യൂട്ടി. നിലയം സ്‌ഥാപിച്ച കനേഡിയന്‍ കമ്പനി ഇത്രയും മണിക്കൂര്‍ ഡ്യൂട്ടിയാണ്‌ നിര്‍ദേശിച്ചിരുന്നത്‌.

മുമ്പ്‌ വായു സഞ്ചാരം ഉണ്ടായിരുന്നു. ഇപ്പോള്‍ സ്‌ഥിതി മാറി. പൊട്ടിത്തെറി ഉണ്ടായപ്പോള്‍ പുകപടലം മാറാന്‍ മണിക്കൂറുകള്‍ എടുത്തു. പുക വലിച്ചെടുത്തിരുന്ന സംവിധാനവും തകരാറിലാണ്‌


ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ്‌ സംവിധാനത്തിന്റെ അപര്യാപ്തത
അപകടമുണ്ടായാല്‍ അടിയന്തര സഹായമെത്തിക്കാനുള്ള സൗകര്യം പവര്‍ഹൗസിലില്ല. വാഹനമെത്തിക്കാന്‍ പ്രയാസമുള്ള ഇടുങ്ങിയ സ്‌ഥലം. ഫയര്‍ഫോഴ്‌സ് വാഹനം തിരിക്കാന്‍ പോലും സ്‌ഥലമില്ല. ദുരന്തമുണ്ടായാല്‍ എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന്‌ ഒരു രൂപവുമില്ലാത്ത അവസ്‌ഥ. 300 മീറ്റര്‍ റോഡ്‌ കുത്തനെയാണ്‌. ഇതിലൂടെ എളുപ്പം വാഹനമെത്തിക്കുക അസാധ്യം. സഞ്ചാരസൗകര്യം കുറെക്കൂടി മെച്ചപ്പെടുത്തുന്നത്‌ അത്യാവശ്യമാണ്.

അപകടമുണ്ടായപ്പോള്‍ തുരങ്കത്തിലൂടെ ഒരു കിലോമീറ്റര്‍ ഓടിയാണ്‌ പവര്‍ഹൗസില്‍ ഉണ്ടായിരുന്നവര്‍ പുറത്തുകടന്നത്‌. പുക കാരണം നിലവും ഭിത്തിയും കാണാന്‍ കഴിയാത്തതിനാല്‍ വീണും പരുക്കേറ്റു. അകത്തെ വായു പുറത്തുപോകാന്‍ എക്‌സ്ഹോസ്‌റ്റ് ഫാനും ഇവിടെയില്ല.

ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ്‌ സംവിധാനമില്ലാത്തതിനാല്‍ ദുരന്തമുണ്ടായാല്‍ അതിനെ ഫലപ്രദമായി നേരിടാനാകില്ല. മൂലമറ്റത്തുനിന്ന്‌ ഇരുപതു കിലോമീറ്റര്‍ അകലെയുള്ള തൊടുപുഴയില്‍ നിന്നു ഫയര്‍ഫോഴ്‌സ് യൂണിറ്റ്‌ എത്തി വേണം സംസ്‌ഥാനത്തെ ഏറ്റവും വലിയ വൈദ്യുതിനിലയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍.

പ്രാഥമിക ചികിത്സയ്‌ക്കുള്ള സൗകര്യ നിലയത്തിലില്ല. ഗുരുതരമായി പൊള്ളലേറ്റ എന്‍ജിനീയര്‍മാരെ ആശുപത്രിയില്‍ എത്തിക്കുംമുമ്പായി പ്രാഥമിക ശുശ്രൂഷ പോലും നല്‍കാന്‍ കഴിയാത്തതു വീഴ്‌ചയാണ്‌. അപകടമുണ്ടായാല്‍ ജീവനക്കാര്‍ക്ക്‌ അടിയന്തരമായി ഇവിടെനിന്നു പുറത്തുപോകാന്‍ എമര്‍ജന്‍സി വാതില്‍ ഇല്ലെന്നതാണ്‌ മറ്റൊരു വീഴ്‌ച

മുകളില്‍ ഡാമില്‍ നിന്നു വെള്ളം വന്നു പതിക്കുന്ന ഇര്‍ടേക്‌ വാല്‍വിനു സമീപമുള്ള ഗേറ്റാകട്ടെ തുരുമ്പെടുത്തു തുറക്കാന്‍ കഴിയാത്ത അവസ്‌ഥയിലാണ്‌. മാത്രവുമല്ല ഇതിന്റെ പരിസരം കാടുപിടിച്ചു കിടക്കുകയാണ്‌. അതീവ പ്രാധാന്യമുള്ള ഇവിടെ ഗാര്‍ഡിനെ നിയോഗിക്കണമെന്നു മൂന്നുതവണ ഐ.ബി. റിപ്പോര്‍ട്ട്‌ നല്‍കിയതാണ്‌. കൊടും കാടായതിനാല്‍ അതിന്റെ ആവശ്യമില്ലെന്നാണ്‌ കെ.എസ്‌..ബി. അധികൃതര്‍ അന്നൊക്കെ അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടമുണ്ടായാല്‍ അറിയിക്കാനുള്ള സംവിധാനവും പവര്‍ഹൗസിലില്ല. ഇവിടെ ജോലിക്ക്‌ എത്തുംമുമ്പേ ജീവനക്കാര്‍ക്ക്‌ ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റിന്‌ പ്രത്യേക പരിശീലനം നല്‍കേണ്ടതാണ്. 

നവീകരണത്തിന്റെ ആവശ്യകത

ആദ്യഘട്ടത്തില്‍ സ്‌ഥാപിച്ച മൂന്ന്‌ ജനറേറ്ററുകള്‍ കാലഹരണപ്പെട്ടതാണ്‌. അറ്റകുറ്റപ്പണി നടത്തി ഇവ വിശ്രമമില്ലാതെ ഓടിക്കുകയാണ്‌. ഇവയുടെ അനുബന്ധ സാമഗ്രികളെല്ലാം തകരാറിലാണ്‌. നവീകരിച്ചാല്‍ മാത്രമേ ഈ പ്രശ്‌നം തീര്‍ക്കാന്‍ പറ്റൂ. ഡാമില്‍നിന്നു പവര്‍ഹൗസിലേക്ക്‌ എത്തിക്കുന്ന പെന്‍സ്‌റ്റോക്കിലെ വെള്ളം നിയന്ത്രിക്കാന്‍ നാടുകാണിയില്‍ സ്‌ഥാപിച്ച ബട്ടര്‍ഫ്‌ളൈ വാല്‍വിനു തകരാറുണ്ട്‌. മുമ്പ്‌ അറ്റകുറ്റപ്പണി നടത്തിയെങ്കിലും തകരാര്‍ പൂര്‍ണമായും പരിഹരിച്ചില്ല. മുമ്പ്‌ പവര്‍ഹൗസില്‍നിന്ന്‌ ബട്ടര്‍ഫ്‌ളൈ വാല്‍വ്‌ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. വാല്‍വിനും പവര്‍ഹൗസിനും ഇടയില്‍ പെന്‍സ്‌റ്റോക്കില്‍ തകരാര്‍ ഉണ്ടായാല്‍ നിലവില്‍ 16 കിലോമീറ്ററോളം റോഡുമാര്‍ഗം സഞ്ചരിച്ച്‌ നാടുകാണിയില്‍ എത്തേണ്ടിയിരിക്കുന്നു. ഇത്‌ ആപല്‍കരമായ സ്‌ഥിതിവിശേഷമാണ്. പന്നിയാര്‍ ദുരന്തം ഉണ്ടായത്‌ ബട്ടര്‍ഫ്‌ളൈ വാല്‍വ്‌ അടയ്‌ക്കാന്‍ ശ്രമിക്കുന്നതിടെയായിരുന്നു. അടിയന്തര സാഹചര്യം നേരിടാനുള്ള പരിശീലനം ഇവിടെ ഉദ്യോഗസ്‌ഥര്‍ക്ക്‌ നല്‍കിയിട്ടില്ല.

മൂലമറ്റം പവര്‍ഹൗസ്‌ നവീകരണത്തിനു വൈദ്യുതി ബോര്‍ഡില്‍ നീക്കം സജീവമായി തുടങ്ങിയിട്ടുണ്ട്. ഇതു സംബന്ധിച്ചു വര്‍ഷങ്ങളായി മരവിച്ചു കിടക്കുന്ന ഫയലുകള്‍ക്കാണ്‌ ഒരു എന്‍ജിനീയറുടെ ജീവനെടുത്ത പൊട്ടിത്തെറിയേത്തുടര്‍ന്ന്‌ അനക്കംവയ്‌ക്കുന്നത്‌. ആദ്യഘട്ടത്തില്‍ മൂന്നു ജനറേറ്ററുകള്‍ നവീകരിക്കാന്‍ നടപ്പു പഞ്ചവത്സരപദ്ധതിയില്‍ നിര്‍ദേശമുണ്ട്‌. ബംഗളുരു ആസ്‌ഥാനമായ കേന്ദ്ര ഊര്‍ജ ഗവേഷണസ്‌ഥാപനത്തെ പവര്‍ഹൗസിന്റെ സ്‌ഥിതി പഠിക്കാന്‍ ബോര്‍ഡ്‌ സമീപിച്ചിരുന്നു. ആധുനിക സാങ്കേതികവിദ്യയുപയോഗിച്ചു കൃത്യമായി ജനറേറ്ററുകളുടെയും അനുബന്ധ യന്ത്രസാമഗ്രിയുടെയും പ്രവര്‍ത്തനക്ഷമത വിലയിരുത്താന്‍ കഴിയുന്ന ആധികാരിക സ്‌ഥാപനമാണിത്‌. 'റെസിഡ്യൂവല്‍ ലൈഫ്‌ അസ്സസ്സ്മെന്റ്' എന്ന പരിശോധന പവര്‍ഹൗസില്‍ നടത്തും.

അഗ്നിബാധയില്‍ ഒരു ജനറേറ്റര്‍ പൂര്‍ണമായി നശിച്ച മൂഴിയാറിലെ ശബരിഗിരി പദ്ധതിയുടെ നവീകരണത്തിനു മുന്നോടിയായി ഇത്തരം പഠനം നടത്തിയിട്ടുണ്ട്. പഠനറിപ്പോര്‍ട്ട്‌ ലഭിച്ചാലേ പവര്‍ഹൗസിന്റെ ആയുസിനെക്കുറിച്ചും നവീകരണ ച്ചെലവിനെക്കുറിച്ചും വിവരം ലഭിക്കൂ. നവീകരണത്തിനു കുറഞ്ഞത്‌ 200 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണു നിഗമനം. ഒരു മെഗാവാട്ടിന്റെ ജലവൈദ്യുതി പദ്ധതിക്ക്‌ എട്ടുകോടി രൂപയാകും. ഇവിടെ അണക്കെട്ടും പെന്‍സ്‌റ്റോക്കും മറ്റു സൗകര്യവുമുള്ളതിനാല്‍ അതിന്റെ പകുതിത്തുകപോലും വേണ്ടിവരില്ല. ജനറേറ്റര്‍ മാറേണ്ട സ്‌ഥിതിയുമില്ല.

(ഈ ലേഖനത്തിലെ ആശയങ്ങള്‍ അടുത്തിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് വിവിധ പത്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്.)