Thursday, February 3, 2011

2 ജി സ്‌പെക്‌ട്രം: രാജയുടെ പതനവഴി

അദ്‌ഭുതകരമാണ്‌ എ. രാജയുടെ വളര്‍ച്ചയും തളര്‍ച്ചയും. ഡി.എം.കെയുടെ വിദ്യാര്‍ഥി പ്രസ്‌ഥാനത്തില്‍ നേതാവായി തുടങ്ങി മൂന്നു ദശകങ്ങള്‍ക്കുള്ളില്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കേസില്‍ കുടുങ്ങി!

ഇപ്പോള്‍ 2 ജി സ്‌പെക്‌ട്രം ലൈസന്‍സ്‌ വില്‍പ്പനയിലെ ക്രമക്കേടിന്റെ പേരില്‍ രാജ ഇരുമ്പഴിക്കുള്ളിലായിരിക്കുന്നു. ദളിതനെന്ന പ്രതിച്‌ഛായയും എഴുത്തുകാരനെന്ന പേരുമാണു ഡി.എം.കെയിലെ പ്രമാണിമാരിലൊരാളായി രാജയെ മാറ്റിയത്‌. 1996 ല്‍ നീലഗിരിയില്‍നിന്ന്‌ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. 2000 ത്തില്‍ കേന്ദ്ര ഗ്രാമവികസന വകുപ്പില്‍ സഹമന്ത്രി, 2003ല്‍ ആരോഗ്യ മന്ത്രാലയത്തില്‍ സഹമന്ത്രി. രാജയുടെ വളര്‍ച്ച തുടങ്ങുന്നത്‌ ഒന്നാം യു.പി.എ. സര്‍ക്കാരില്‍ 2004 മേയില്‍ കേന്ദ്ര വനം, പരിസ്‌ഥിതി മന്ത്രിയായി നിയമിതനായതോടെയാണ്‌. ഈ സമയത്ത്‌ എല്ലാ പരിസ്‌ഥിതി നിയമങ്ങളും ലംഘിച്ചു മൈനിംഗ്‌ ലോബികള്‍ക്കും റിയല്‍ എസ്‌റ്റേറ്റുകാര്‍ക്കും രാജ ലൈസന്‍സ്‌ നല്‍കിയതായ ആരോപണങ്ങള്‍ ഈയിടെ മാത്രമാണു പുറത്തുവന്നത്‌. ഡി.എം.കെയിലെ കുടുംബവഴക്കില്‍പെട്ട്‌ 2007 ല്‍ ദയാനിധി മാരന്‍ ടെലികോം വകുപ്പ്‌ ഒഴിഞ്ഞതോടെ രാജയ്‌ക്കു പുതിയ ചുതലകള്‍ ലഭിച്ചു. തമിഴ്‌നാട്‌ മുഖ്യമന്ത്രി എം. കരുണാനിധിയുടെയും മകള്‍ കനിമൊഴിയുടേയും വിശ്വസ്‌തന്‍ 2007 മേയ്‌ 16ന്‌ ടെലികോം വകുപ്പ്‌ മന്ത്രിയായി. തന്റെ റിയല്‍ എസ്‌റ്റേറ്റ്‌ കമ്പനികള്‍ തന്നെയായിരുന്നു ടെലികോം വകുപ്പിലും രാജയ്‌ക്കു കൂട്ട്‌. തുടര്‍ന്നാണു രാജ്യത്തിന്‌ 1.76 ലക്ഷം കോടി രൂപ നഷ്‌ടമുണ്ടായെന്നു സി.എ.ജി. ചൂണ്ടിക്കാട്ടിയ 2ജി സ്‌പെക്‌ട്രം ലൈസന്‍സ്‌ അഴിമതിക്കു കളമൊരുങ്ങിയത്‌. ആ വഴികളിലൂടെ:
  • 2ജി സ്‌പെക്‌ട്രം ലൈസന്‍സ്‌ 2001ലെ വിലയ്‌ക്ക്, ആദ്യം വരുന്നവര്‍ക്ക്‌ ആദ്യമെന്ന രീതിയില്‍, നല്‍കണമെന്നു മന്ത്രിയായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ വകുപ്പു സെക്രട്ടറി ഡി.എസ്‌. മാത്തൂറിനു നിര്‍ദേശം നല്‍കി. എന്നാല്‍ മാത്തുറും ടെലികോം വകുപ്പിലെ ധനകാര്യ വകുപ്പ്‌ അംഗം മഞ്ചു മാധവനും ഇതിലെ പൊരുത്തക്കേട്‌ ചുണ്ടിക്കാട്ടി. മൊബൈല്‍ ഉപയോക്‌താക്കള്‍ 2001 ലെ നാലു ദശലക്ഷത്തില്‍നിന്ന്‌ 350 ദശലക്ഷമായി 2007 ല്‍ ഉയര്‍ന്നുവെന്നായിരുന്നു ഇവരുടെ വാദം.
  • എതിര്‍പ്പുകള്‍ തള്ളി രാജ മുന്നോട്ട്‌. സ്‌പെക്‌ട്രം ലൈസന്‍സ്‌ ആവശ്യമുള്ളവരില്‍നിന്ന്‌ അപേക്ഷ ക്ഷണിച്ചു സെപ്‌റ്റംബര്‍ 24ന്‌ പത്രക്കുറിപ്പ്‌ ഇറക്കി. ഒക്‌ടോബര്‍ ഒന്നായിരുന്നു അപേക്ഷിക്കേണ്ട അവസാന തീയതി.
  • കേന്ദ്ര മന്ത്രിസഭയുടെ അനുമതിയില്ലാതെ ഒക്‌ടോബറില്‍ റിലയന്‍സ്‌, ടാറ്റ, ശ്യാം ടെലികോം എന്നിവര്‍ക്കു സി.ഡി.എം.എയില്‍നിന്ന്‌ ജി.എസ്‌.എം. സാങ്കേതിക വിദ്യയിലേക്ക്‌ മാറുന്നതിനുള്ള ഡ്യൂവല്‍ പോളിസി രാജ അനുവദിച്ചു. റിലയന്‍സിനും ടാറ്റയ്‌ക്കും ലാഭം നേടിക്കൊടുത്ത ഈ നടപടിയിലൂടെ 36,000 കോടി രൂപയാണു നഷ്‌ടമുണ്ടായതെന്ന്‌ സി.എ.ജി. ചൂണ്ടിക്കാട്ടുന്നു.
  • 2001ലെ വിലയ്‌ക്ക്, ആദ്യം വരുന്നവര്‍ക്ക്‌ ആദ്യം ലൈസന്‍സ്‌ എന്ന രാജയുടെ നിര്‍ദേശം നിയമമന്ത്രി എച്ച്‌.ആര്‍. ഭരദ്വാജ്‌ നവംബര്‍ ഒന്നിനു തള്ളി. വിഷയം കേന്ദ്ര മന്ത്രിസഭയുടെ ഉന്നതാധികാര സമിതിക്കു വിടാനും ശിപാര്‍ശ.
  • നിയമമന്ത്രിയുടേത്‌ അനാവശ്യ ഇടപെടലെന്നു ചൂണ്ടിക്കാട്ടി നവംബര്‍ രണ്ടിനു രാജ പ്രധാനമന്ത്രിക്ക്‌ കത്തയച്ചു.
  • സ്‌പെക്‌ട്രം വില്‍പ്പന സുതാര്യമായിരിക്കണമെന്നും തന്നെ അറിയിക്കാതെ യാതൊരു നടപടികളും പാടില്ലെന്നും അന്നു തന്നെ പ്രധാനമന്ത്രി രാജയ്‌ക്കു കത്തെഴുതി.
  • ശരിയായ വിലയ്‌ക്കു തന്നെയാണു സ്‌പെക്‌ട്രം വില്‍പ്പനയെന്നും ക്രമക്കേടുണ്ടാകില്ലെന്നും അന്നു രാത്രിതന്നെ പ്രധാനമന്ത്രിക്കു രാജയുടെ മറുപടി.
  • സ്‌പെക്‌ട്രം വില്‍പ്പനയെ എതിര്‍ത്തു കൊണ്ട്‌ ധനകാര്യ സെക്രട്ടറി ഡി. സുബ്ബറാവു ടെലികോം സെക്രട്ടറി ഡി.എസ്‌. മാത്തൂറിന്‌ നവംബര്‍ 22ന്‌ കത്തയച്ചു. റിലയന്‍സ്‌, ടാറ്റ എന്നിവര്‍ക്ക്‌ ഡ്യൂവല്‍ ടെക്‌നോളജി വിറ്റതിനു കത്തില്‍ വിമര്‍ശനം.
  • എതിര്‍പ്പു മറികടന്ന്‌ തന്റെ നടപടിയുമായി മുന്നോട്ടു പേകാന്‍ രാജയുടെ തീരുമാനം. ഡിസംബര്‍ 26 ന്‌ രാജ വീണ്ടും പ്രധാനമന്ത്രിക്കു കത്തയച്ചു. സ്‌പെക്‌ട്രം വില്‍പ്പന സംബന്ധിച്ച്‌ താന്‍ പ്രണാബ്‌ മുഖര്‍ജി (അന്നത്തെ വിദേശകാര്യമന്ത്രി), ജി.ഇ. വാഹന്‍വതി (മുന്‍ സോളിസിറ്റര്‍ ജനറല്‍) എന്നിവരുമായി സംസാരിച്ചെന്നും സ്‌പെക്‌ട്രം വില്‍പ്പനയുമായി മുന്നോട്ടു പോകാനാണ്‌ ഉപദേശമെന്നും കത്തില്‍ വ്യക്‌തമാക്കി.
  • 2007 ഡിസംബര്‍ 31ന്‌ മാത്തൂര്‍ ടെലികോം വകുപ്പ്‌ സെക്രട്ടറി സ്‌ഥാനത്തുനിന്ന്‌ വിരമിച്ചു. തനിക്കൊപ്പം പരിസ്‌ഥിതി വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്ന സിദ്ധാര്‍ഥ ബെഹുറയെ പുതിയ ടെലികോം സെക്രട്ടറിയായി രാജ നിയമിച്ചു.
  • നടപടികളുമായി മുന്നോട്ടു പേകാന്‍ രാജയ്‌ക്ക് 2008 ജനുവരി മൂന്നിന്‌ പ്രധാനമന്ത്രിയുടെ അനുമതി.
  • ജനുവരി 10 ന്‌ ടെലികോം വകുപ്പിന്റെ പത്രക്കുറിപ്പ്‌. സ്‌പെക്‌ട്രം ലൈസന്‍സിനായി അപേക്ഷ നല്‍കേണ്ടിയിരുന്ന അവസാന തീയതി ഒക്‌ടോബര്‍ ഒന്നിനു പകരം സെപ്‌റ്റംബര്‍ 25 ആയി നിശ്‌ചയിച്ചിരിക്കുന്നുവെന്നും ഈ സമയത്ത്‌ അപേക്ഷിച്ചവര്‍ ജനുവരി 10ന്‌ തന്നെ വൈകിട്ട്‌ മൂന്നരയ്‌ക്കും നാലരയ്‌ക്കും ഇടയില്‍ പണമടയ്‌ക്കണമെന്നും പത്രക്കുറിപ്പില്‍ നിര്‍ദേശം.
  • മുക്കാല്‍ മണിക്കുറിനുള്ളില്‍ പുതിയ ഒമ്പതു കമ്പനികള്‍ 1500 കോടി രൂപയോളം അടച്ചു.
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി രാജ സെപ്‌റ്റംബര്‍ 25 ആക്കിയത്‌ തന്റെ ബിനാമി കമ്പനികളെ സഹായിക്കാനാണെന്ന്‌ ആരോപണം. ക്രമക്കേടുണ്ടെന്ന്‌ സി.എ.ജി കണ്ടെത്തിയ യൂണിടെക്‌, ശ്യാം ടെലിലിങ്ക്‌ എന്നിവര്‍ അപേക്ഷ നല്‍കിയത്‌ സെപ്‌റ്റംബര്‍ 24ന്‌.
  • ഒന്നാമതായി സ്വാന്‍ ടെലികോമിനും രണ്ടാമതായി യൂണിടെകിനേയും ഉള്‍പ്പെടുത്തുന്നു. യൂണിടെക്‌ അപേക്ഷ നല്‍കിയത്‌ എട്ടു കമ്പനികളുടെ പേരില്‍.
  • ട്രായ്‌ ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര സ്‌പെക്‌ട്രം വില്‍പ്പനയെ എതിര്‍ത്തുകൊണ്ട്‌ ജനുവരി 14ന്‌ ടെലികോം സെക്രട്ടറി ബെഹുറയ്‌ക്ക് കത്തയച്ചു. ഇക്കാര്യം ടെലികോം വകുപ്പ്‌ പരിഗണിച്ചില്ല. യൂണിടെക്കിന്റെ എട്ടു കമ്പനികള്‍ക്കും യോജിച്ച്‌ ഒറ്റ കമ്പനിയാക്കാന്‍ അനുമതി.
  • സെപ്‌റ്റംബറില്‍ സ്വാന്‍ തങ്ങളുടെ 45 ശതമാനം ഓഹരി യു.എ.ഇ. ആസ്‌ഥാനമായുള്ള എറ്റിസലാറ്റിനു മറിച്ചു വിറ്റു. 1530 കോടിക്കു വാങ്ങിയ ഓഹരി വിറ്റത്‌ 4500 കോടി രൂപയ്‌ക്ക്. യൂണിടെക്‌ 60 ശതമാനം ഓഹരി നോര്‍വെ ആസ്‌ഥാനമായുള്ള ടെലനോറിന്‌ 6200 കോടി രൂപയ്‌ക്കും മറിച്ചു വിറ്റു.
  • ചെന്നെ കേന്ദ്രമായി പുതിയതായി രൂപീകരിച്ച ജെനക്‌സ് എക്‌സിമിന്‌ തങ്ങളുടെ 380 കോടി രൂപ വരുന്ന 9.9 ശതമാനം ഓഹരി വില്‍ക്കുന്നതായി സ്വാന്‍ ടെലികോം നവംബര്‍ നാലിന്‌ ടെലികോം വകുപ്പിനെ അറിയിച്ചു.
  • സ്വാനില്‍നിന്ന്‌ രാജയ്‌ക്കുള്ള പ്രതിഫലമാണ്‌ ഈ തുകയെന്ന്‌ ആരോപണം. പുതിയ കമ്പനിയെ പ്രതിനിധീകരിച്ചത്‌ നാലു ദശകമായി കരുണാനിധിയുടെ വലംകൈയായി പ്രവര്‍ത്തിക്കുന്ന വിദേശ വ്യവസായി സയ്യദ്‌ മൊഹമ്മദ്‌ സലാഹുദീന്റെ ഇളയ മകന്‍ അഹമ്മദ്‌ സയ്യദ്‌ സലാഹുദീന്‍.
  • 2009 മേയില്‍ രണ്ടാം യു.പി.എ. സര്‍ക്കാരില്‍ എ. രാജ വീണ്ടും ടെലികോം മന്ത്രിയായി. രണ്ടു ദിവസത്തിനുള്ളില്‍ സ്‌പെക്‌ട്രം കേസിലുള്ള പൊതു താല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി സ്വീകരിച്ചു. സിനിമാ ടിക്കറ്റ്‌ വില്‍ക്കുന്നതു പോലെയാണ്‌ സ്‌പെക്‌ട്രം ലൈസന്‍സ്‌ വിറ്റതെന്ന്‌ കോടതിയുടെ നിരീക്ഷണം.
  • സ്‌പെക്‌ട്രം ലൈസന്‍സിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി പിന്നോട്ടാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി.
  • ഹൈക്കോടതി ഉത്തരവിനെതിരേ ടെലികോം വകുപ്പ്‌ സുപ്രീം കോടതിയില്‍.
  • ജനതാ പാര്‍ട്ടി നേതാവ്‌ സുബ്രഹ്‌മണ്യം സ്വാമിയും ഹര്‍ജിയുമായി സുപ്രീം കോടതിയില്‍. ഹൈക്കോടതി ഉത്തരവ്‌ റദ്ദാക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
  • സ്‌പെക്‌ട്രം വില്‍പ്പനയിലുള്ള ക്രിമിനല്‍ ഗൂഢാലോചനയും അഴിമതിയും അന്വേഷിക്കാന്‍ കേന്ദ്ര വിജിലന്‍സ്‌ കമ്മിഷന്‍ ഒക്‌ടോബര്‍ 14 ന്‌ ഉത്തരവിട്ടു.
  • ഒക്‌ടോബര്‍ 21 ന്‌ സി.ബി.ഐ. കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.
  • സ്‌പെക്‌ട്രം വില്‍പ്പനയിലെ ഇടനിലക്കാരിയും മുകേഷ്‌ അംബാനി, രത്തന്‍ ടാറ്റ എന്നിവരുടെ ബിസിനസ്‌ പ്രൊമോട്ടറുമായ നീരാ റാഡിയ നിരവധി ആളുകളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവരുന്നു.
  • മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്‌ ഭൂഷണും ഹര്‍ജിയുമായി കോടതിയില്‍. കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവ്‌.
  • രാജയ്‌ക്കും പ്രധാനമന്ത്രിയുടെ നിഷ്‌ക്രിയത്വത്തിനും സുപ്രീം കോടതിയുടെ ശാസന.
  • നവംബര്‍ 14ന്‌ രാജ ടെലികോം വകുപ്പു മന്ത്രിപദം രാജിവച്ചു.
  • 1.76 ലക്ഷം കോടി രൂപ നഷ്‌ടമുണ്ടായതായ റിപ്പോര്‍ട്ട്‌ സി.എ.ജി. പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. രാജയുടേയും അനുയായികളുടേയും വീടുകളിലും ഓഫീസുകളിലും റെയ്‌ഡ്. രാജയെ മൂന്നു തവണ ചോദ്യംചെയ്യുന്നു.
  • ഫെബ്രുവരി രണ്ട്‌. ചോദ്യംചെയ്യലിനായി രാജ സി.ബി.ഐ. ആസ്‌ഥാനത്ത്‌. രാജ അറസ്‌റ്റില്‍.

Wednesday, February 2, 2011

വിജിലന്‍സ് കമ്മീഷണര്‍ പി.ജെ തോമസിനെ ഇനിയും സംരക്ഷിക്കുന്നതെന്തിന്?

കേന്ദ്രവിജിലന്‍സ് കമ്മീഷണര്‍ അടക്കമുള്ള ഉന്നതസ്ഥാനങ്ങളിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ എന്തെല്ലാം യോഗ്യതകളാണ് മാനദണ്ഡമാക്കാറുള്ളത്? ഇത്തരം പദവികളിലേക്ക് ഒരാളെ പരിഗണിക്കുമ്പോഴോ പുറത്താക്കുമ്പോഴോ എന്തെല്ലാം നിയമനടപടികളാണ് അവലംബിക്കാറുള്ളത്? വിജിലന്‍സ് കമ്മീഷണര്‍ പി.ജെ തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ഉന്നയിച്ച സംശയങ്ങളാണിവ. നിലവിലെ മാനദണ്ഡങ്ങളെല്ലാം അവഗണിച്ചാണ് പി.ജെ തോമസിനെ കേന്ദ്രവിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്ത് അവരോധിച്ചതെന്ന സംശയമാണ് കോടതിയുടെ പരാമര്‍ശങ്ങളില്‍ നിന്നും വായിച്ചെടുക്കേണ്ടത്.

കേരള മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്റെ മരണത്തോടെയാണ് പാമോലിന്‍ കേസ് തോമസിനേയും കേന്ദ്രസര്‍ക്കാറിനേയും ഒരുപോലെ വേട്ടയാടാന്‍ തുടങ്ങിയത്. തുടര്‍ന്ന് പാമോലിന്‍ കേസിലെ സ്‌റ്റേ നടപടികള്‍ നീക്കുകയും തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതിയില്‍ തുടര്‍നടപടികള്‍ ആരംഭിക്കുകയും ചെയ്തു. പി.ജെ തോമസിന്റെ നിയമനത്തെയും ഇതില്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുമുണ്ടായ ഇടപെടലുകളെയും ഖണ്ഡിച്ചുകൊണ്ട് സ്വാഭാവികമായും സുപ്രീംകോടതിയിലും ഹരജിയെത്തി.
തുടര്‍ന്നാണ് തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട നാറിയ കഥകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. സര്‍വ്വീസ് ബുക്കില്‍ ‘ബ്ലാക്ക് മാര്‍ക്കുകളൊന്നും’ വീഴാത്ത ആളാണ് തോമസെന്നും ഈ സത്യസന്ധതയാണ് അദ്ദേഹത്തെ വിജിലന്‍സ് കമ്മീഷണര്‍ പദവി നല്‍കാന്‍ പ്രേരണയായതെന്നും കേന്ദ്രം സുപ്രീംകോടതിയെ ബോധിപ്പിച്ചു. എന്നാല്‍ കളി കാര്യമാകുമെന്ന ഘട്ടമെത്തിയപ്പോള്‍ കേന്ദ്രം കൈകഴുകി.

പാമോലിന്‍ കേസില്‍ തോമസിനെതിരേ കേരളത്തില്‍ ക്രിമിനല്‍ കേസുള്ളത് അറിഞ്ഞിരുന്നില്ലെന്ന വാദമാണ് കേന്ദ്രത്തിനായി ഹാജരായ അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്. ദേശീയതലത്തില്‍ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ മുഖ്യപ്രതികളിലൊരാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു.

എന്നാല്‍ തോമസിന്റെ നിയമനവേളയില്‍ തന്നെ പാമോലിന്‍ കേസിന്റെ കാര്യം ശ്രദ്ധയില്‍പെടുത്തിയെന്ന സുഷമ സ്വരാജിന്റെ പ്രസ്താവന കേന്ദ്രത്തെ വീണ്ടും പ്രതിക്കൂട്ടിലാക്കി. ഇതുവ്യക്തമാക്കി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. തുടര്‍ന്ന് രാജിവെച്ചൊഴിയാന്‍ തോമസിനോട് കേന്ദ്രം ആവശ്യപ്പെടുമെന്ന സ്ഥിതി വരെയെത്തി കാര്യങ്ങള്‍.

യഥാര്‍ത്ഥ വസ്തുതകള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. കേരളത്തില്‍ ഭക്ഷ്യ-സിവില്‍സപ്ലൈസ് സെക്രട്ടറിയായിരുന്ന കാര്യം തോമസ് കേന്ദ്രപേഴ്‌സണല്‍ മന്ത്രാലയത്തില്‍ നിന്നും മനപ്പൂര്‍വ്വം മറച്ചുവെച്ചതാണെന്ന് പിന്നീട് വ്യക്തമായി. സീനിയര്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്റ ഭാഗത്തുനിന്നുമുണ്ടായ വീഴ്ച്ചയായിരുന്നു ഇത്. ഉന്നതപദവികള്‍ക്കായി പഴയകാല ചരിത്രം മറച്ചുവെച്ചെന്ന കുറ്റകരമായ നടപടിയാണ് തോമസ് നടത്തിയത്. ഒടുവില്‍ തോമസിനെതിരേ കേസുണ്ടായിരുന്നത് അറിയാമായിരുന്നുവെന്ന ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ പ്രസ്താവനയോടെ നാടകം ഒന്നുകൂടി കൊഴുത്തു.

വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്തേക്കുള്ള നിയമനം എല്ലാ മാനദണ്ഡങ്ങളും മറികടന്നാണെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. 1972 ബാച്ചിലെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ മറികടന്ന് 73 ബാച്ചിലെ തോമസിനെ പ്രതിഷ്ഠിച്ചത് ഉദ്യോഗസ്ഥ തലത്തില്‍ തന്നെ മുറുമുറുപ്പുണ്ടാക്കിയിരുന്നു.
ഇവിടെയാണ് ചില ചോദ്യങ്ങള്‍ ഉയരുന്നത്. കേരളത്തിലെ ഭക്ഷ്യ-സിവില്‍ സപ്ലൈക് സെക്രട്ടറിയായിരുന്നുവെന്ന കാര്യം എന്തിന് തോമസ് മറച്ചുവെച്ചു? തോമസിനെതിരേ ക്രിമിനല്‍ കേസുണ്ടെന്ന കാര്യം അറിയില്ലെന്ന കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍ വിശ്വസിക്കാമോ? വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്തേക്കുള്ള തോമസിന്റെ ബയോഡാറ്റാ തയ്യാറാക്കിയത് പേഴ്‌സണല്‍ വകുപ്പാണ്.

പാമോലിന്‍ കേസില്‍ തേമസിനെ വിചാരണചെയ്യാന്‍ അനുമതി തേടി കേരളം നല്‍കിയ അപേക്ഷ ഉണ്ടായിരുന്നിട്ടുകൂടി എന്തിന് പേഴ്‌സണല്‍ വകുപ്പ് തോമസിന് ഗ്രീന്‍ സിഗ്നല്‍ നല്‍കി? അഴിമതിക്കെതിരേയും കൊള്ളപ്പണത്തിനെതിരേയും യുദ്ധം പ്രഖ്യാപിച്ച കോണ്‍ഗ്രസ് എന്തിന് അഴിമതിക്കാരനെന്ന് ആരോപിക്കപ്പെട്ട തോമസിനെ വിജിലന്‍സ് കമ്മീഷണറാക്കി? ഉത്തരം നല്‍കാന്‍ കേന്ദ്രവും തോമസും ഒരുപോലെ ബാധ്യസ്ഥരാണ് .

എന്തിനാണ് ഇത്രയധികം ത്യാഗം സഹിച്ച് കേന്ദ്രം തോമസിനെ സംരക്ഷിക്കുന്നത്? സ്‌പെക്ട്രം വിഷയത്തില്‍ ടെലികോം സെക്രട്ടറി എന്ന നിലയില്‍ തന്റെ റോള്‍ ഭംഗിയായി നിര്‍വ്വഹിച്ചതിനുള്ള പ്രത്യുപകാരമാണോ ഇത്? അതോ എന്തൊക്കെ സമ്മര്‍ദ്ദങ്ങളുണ്ടായാലും ഭരിക്കുന്ന പാര്‍ട്ടിയുടെ തീരുമാനം ജയിക്കണം എന്ന ദുര്‍വാശിയോ?
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ആദര്‍ശ് ഫ് ളാറ്റ് കുംഭകോണം, സ്‌പെക്ട്രം അഴിമതി എന്നീ വിവാദങ്ങളുടെ നടുവിലേക്കാണ് തോമസ് രംഗപ്രവേശം നടത്തിയിരിക്കുന്നത്. തോമസിനെ പുറത്താക്കാന്‍ കേന്ദ്രം തയ്യാറാകുമോ അതോ നാണംകെട്ടും സംരക്ഷിക്കാന്‍ തയ്യാറാകുമോ എന്ന കാര്യം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വ്യക്തമാകും.

ഈജിപ്തില്‍ അനിശ്ചിതകാല പണിമുടക്ക്

ഈജിപ്തില്‍ ഹൊസ്നി മുബാറക് ഭരണകൂടത്തിനെതിരെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച കെയ്റോയില്‍ പത്തുലക്ഷം പേര്‍ പങ്കെടുക്കുന്ന റാലി നടക്കുമെന്ന് പ്രക്ഷോഭസംഘാടകര്‍ അറിയിച്ചു. മിക്കവാറും ഒറ്റപ്പെട്ട മുബാറക് പിടിച്ചുനില്‍ക്കാന്‍ അവസാനശ്രമങ്ങള്‍ നടത്തുകയാണ്. ഭാവിനേതാവായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മുന്‍ തലവനും സമാധാന നൊബേല്‍ സമ്മാനജേതാവുമായ മുഹമ്മദ് എല്‍ബറാദേയിയെ പ്രതിപക്ഷപ്രസ്ഥാനങ്ങള്‍ പൊതുവെ അംഗീകരിച്ചിട്ടുണ്ട്. രാജ്യത്ത് പുതിയ യുഗത്തിന് തുടക്കംകുറിച്ചിരിക്കയാണെന്ന് തലസ്ഥാനത്തെ തഹ്രിര്‍ ചത്വരത്തില്‍ പ്രക്ഷോഭകരെ അഭിവാദ്യംചെയ്ത് ബറാദേയി പറഞ്ഞു.

പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് പ്രതിപക്ഷകക്ഷികള്‍ തമ്മില്‍ സംഭാഷണം തുടങ്ങിയിട്ടുണ്ട്. ജനരോഷം തണുപ്പിക്കാന്‍ തിങ്കളാഴ്ച രാത്രി മുബാറക് തന്റെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ജനങ്ങളുടെ ശക്തമായ എതിര്‍പ്പ് നേരിടുന്ന ആഭ്യന്തരമന്ത്രി ഹബീബ് അല്‍ അദ്ലി ഉള്‍പ്പടെയുള്ളവരെ മാറ്റി. എന്നാല്‍ മുബാറക് തന്നെ അധികാരമൊഴിയണമെന്ന് പ്രക്ഷോഭകര്‍ പ്രഖ്യാപിച്ചു. സൂയസ് നഗരത്തിലെ ഫാക്ടറിയില്‍ ആരംഭിച്ച പണിമുടക്ക് രാജ്യമാകെ പടര്‍ന്നതോടെ ഏഴ് ദിവസമായി തുടരുന്ന പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടന്നു. തിങ്കളാഴ്ചയും കെയ്റോയില്‍ നിരോധനാജ്ഞ ലംഘിച്ച് പതിനായിരങ്ങള്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ആബാലവൃദ്ധം ജനങ്ങള്‍ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നിട്ടുണ്ട്. ഡോക്ടര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വ്യവസായത്തൊഴിലാളികള്‍, സന്നദ്ധസംഘടന പ്രവര്‍ത്തകര്‍, വീട്ടമ്മമാര്‍ എന്നിവരെല്ലാം പ്രക്ഷോഭത്തില്‍ സജീവമാണ്. വീടുകളുടെ മട്ടുപ്പാവുകളില്‍ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പതാകകള്‍ നാട്ടിയിരിക്കുന്നു.

വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയും സുരക്ഷാസേനയുടെ അതിക്രമങ്ങളും ജീവിതം പൊറുതിമുട്ടിച്ച സാഹചര്യത്തില്‍ എല്ലാ ഭിന്നതയും മാറ്റിവച്ച് ജനങ്ങള്‍ മുബാറക് ഭരണത്തിനെതിരെ ഒന്നിച്ചിരിക്കയാണ്. മുഖ്യമായും അഞ്ച് പ്രതിപക്ഷപ്രസ്ഥാനങ്ങളാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. എന്നാല്‍, സംഘടനകളുമായി ബന്ധമില്ലാത്തവരും പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നു. ജനകീയപ്രതിഷേധം കാരണം പിന്‍വാങ്ങിയ പൊലീസ് ഞായറാഴ്ച രാത്രിയോടെ തെരുവുകളില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. എന്നാല്‍, ജനവാസകേന്ദ്രങ്ങള്‍ തദ്ദേശവാസികള്‍ രൂപീകരിച്ച കാവല്‍സേനകളുടെ നിയന്ത്രണത്തില്‍തന്നെയാണ്. കഴിഞ്ഞദിവസങ്ങളില്‍ നടന്ന കൊള്ള പ്രക്ഷോഭത്തെ കരിതേച്ചു കാണിക്കാന്‍ സര്‍ക്കാര്‍തന്നെ ആസൂത്രണം ചെയ്തതാണെന്ന് ജനങ്ങള്‍ ആരോപിക്കുന്നു.

എല്ലാവരും സ്വാതന്ത്ര്യത്തോടും അന്തസ്സോടും കൂടി കഴിയുന്ന പുതിയ ഈജിപ്തിനുവേണ്ടിയാണ് പോരാട്ടമെന്ന് എല്‍ബറാദേയി പറഞ്ഞു. ഇതിനായി ക്ഷമയോടെ കാത്തിരിക്കണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തപ്പോള്‍ ജീവനും രക്തവും രാജ്യത്തിനു വേണ്ടി ബലിനല്‍കാന്‍ തയ്യാറാണെന്ന് ജനക്കൂട്ടം ആര്‍ത്തുവിളിച്ചു. മുസ്ളിം ബ്രദര്‍ഹുഡിന്റെ ജയില്‍മോചിതരായ നേതാക്കളായ ഇസാം എല്‍റിയാന്‍, സാദ് എല്‍ഖദാനി എന്നിവരും പ്രക്ഷോഭകരെ അഭിവാദ്യംചെയ്തു. മുബാറക്കിനെ ഒഴിച്ചുനിര്‍ത്തിയുള്ള ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എല്‍ബറാദേയിയുമായി ചര്‍ച്ച ആരംഭിച്ചുവെന്ന് മുസ്ളിം ബ്രദര്‍ഹുഡ് വക്താവ് ജമാല്‍ നാസര്‍ പറഞ്ഞു.

പൊതുസമ്മതനായി എല്‍ബറാദേയി

കെയ്റോ: ഈജിപ്തില്‍ ഹൊസ്നി മുബാറക്കിന്റെ പതനം ആസന്നമായതോടെ ഭാവി സര്‍ക്കാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി. അടുത്ത നേതാവായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) തലവന്‍ മുഹമ്മദ് എല്‍ബറാദേയിയുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ദീര്‍ഘകാലം വിദേശത്താണ് കഴിഞ്ഞതെന്ന പോരായ്മ ബറാദേയിക്കുണ്ട്. എന്നാല്‍, വ്യത്യസ്ത ആശയങ്ങള്‍ പുലര്‍ത്തുന്ന പ്രസ്ഥാനങ്ങള്‍ അണിനിരന്ന ജനകീയവിപ്ളവത്തിനുശേഷം ഐക്യസര്‍ക്കാരിനെ നയിക്കാന്‍ പൊതുസ്ഥാനാര്‍ഥിയായി മറ്റൊരാളില്ല.

മുഖ്യമായും അഞ്ച് പ്രസ്ഥാനമാണ് പ്രക്ഷോഭത്തിനു പിന്നില്‍. ഇന്റര്‍നെറ്റ് കൂട്ടായ്മ ഫെയ്സ്ബുക്കുവഴി യുവജനങ്ങള്‍ സംഘടിച്ച് രൂപം നല്‍കിയ ഏപ്രില്‍ ആറ് യുവജനപ്രസ്ഥാനം, അഴിമതിക്കെതിരായും ജനാധിപത്യത്തിനുവേണ്ടിയും പോരാടാന്‍ രൂപീകരിച്ച എല്‍ബറാദേയിയുടെ നേതൃത്വത്തിലുള്ള 'മാറ്റത്തിനുവേണ്ടിയുള്ള ദേശീയപ്രസ്ഥാനം', ഇസ്ളാമിക പ്രസ്ഥാനമായ മുസ്ളിം ബ്രദര്‍ഹുഡ്, മതനിരപേക്ഷ പാര്‍ടികളായ വഫദ്, അല്‍ഖാദ് എന്നിവ. ഇവരെയെല്ലാം ഒന്നിപ്പിച്ച ഘടകം മുബാറക് വിരുദ്ധ വികാരമാണ്. മതനിരപേക്ഷപാര്‍ടികളും ഇസ്ളാമികപ്രസ്ഥാനവും അമേരിക്കന്‍പാവയായ മുബാറക്കിനെതിരെ തോളോടുതോള്‍ ചേര്‍ന്ന് പൊരുതുകയാണ്. അതേസമയം, മുബാറക്കിനെ പെട്ടെന്ന് കൈവിടാനും അമേരിക്കയ്ക്ക് കഴിയില്ല. അറബ് ഏകാധിപതികളും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ നിര്‍ണായക കണ്ണി മുബാറക്കാണ്. പശ്ചിമേഷ്യയിലെ ഈ പ്രധാന കണ്ണി പൊട്ടിയാല്‍ അമേരിക്കയുടെ പല താല്‍പ്പര്യങ്ങളും അപകടത്തിലാകും. ഒപ്പം, ഇസ്രയേല്‍ജൂതതീവ്രവാദികള്‍ക്ക് ഏറ്റവും വിശ്വാസമുള്ള അറബ് നേതാവുമാണ് മുബാറക്. 30 വര്‍ഷമായി മുബാറക് വിശ്വസ്തതയോടെ യാങ്കി-ജൂതസഖ്യത്തിന്റെ ദല്ലാളായി പ്രവര്‍ത്തിക്കുന്നു. ഇതിനുള്ള രാഷ്ട്രീയ-സാമ്പത്തിക പ്രതിഫലം മുബാറക്കിന് വന്‍തോതില്‍ ലഭിച്ചു. എന്നാല്‍, ജനങ്ങള്‍ വെറുത്ത മുബാറക്കിന് ഇനി മുന്നോട്ടുപോകാനാകില്ല. പിന്തുടര്‍ച്ചാവകാശിയായി അദ്ദേഹം കണ്ട മകന്‍ ജമാലിനെയും ജനങ്ങള്‍ തീരെ അംഗീകരിക്കുന്നില്ല. അമേരിക്കയ്ക്കും ബ്രിട്ടനും ഇസ്രയേലിനും സൌദി അറേബ്യക്കും പ്രിയങ്കരനായ ജനറല്‍ സുലൈമാനെ മുബാറക് തന്റെ വൈസ് പ്രസിഡന്റായി നിയമിച്ചു. എന്നാല്‍, ജനങ്ങള്‍ ഈ നിയമനവും അവജ്ഞയോടെ തള്ളി. മുബാറക്കും കൂട്ടരും ഒഴിഞ്ഞേ തീരൂ എന്ന അവസ്ഥയിലാണ്.

എല്‍ബറാദേയിയുടെ പ്രസക്തി ഇവിടെയാണ്. ഐഎഇഎ തലവനായിരിക്കെ ബറാദേയി അമേരിക്കയെ സംരക്ഷിച്ചിരുന്നു. 1980 മുതല്‍ ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിച്ചുവന്ന ബറാദേയി മറ്റ് പാശ്ചാത്യരാജ്യങ്ങള്‍ക്കും അഭിമതനാണ്. 1942ല്‍ കെയ്റോയിലാണ് ജനനം. കെയ്റോ സര്‍വകലാശാലയില്‍നിന്ന് ബിരുദവും ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍നിന്ന് നിയമത്തില്‍ ഗവേഷകബിരുദവും നേടി. 1964ല്‍ ഈജിപ്ത് വിദേശകാര്യസര്‍വീസില്‍ ചേര്‍ന്നു. ഇതില്‍നിന്ന് രാജിവച്ചാണ് 80ല്‍ യുഎന്നില്‍ ചേര്‍ന്നത്. 2005ല്‍ ബറാദേയിയും ഐഎഇഎയും സംയുക്തമായി സമാധാന നൊബേല്‍ നേടി. ഈജിപ്ത് പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ കഴിഞ്ഞയാഴ്ചയാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. അധ്യാപികയായ ഐഡ എല്‍ക്കാഷെഫാണ് ബറാദേയിയുടെ ഭാര്യ. മക്കള്‍: അഭിഭാഷകയായ ലൈല, ടെലിവിഷന്‍ പ്രവര്‍ത്തകനായ മുസ്തഫ.

കെയ്റോ പ്രക്ഷോഭകരുടെ നിയന്ത്രണത്തില്‍

കെയ്റോ: ഈജിപ്തില്‍ സൈന്യത്തിലൊരു വിഭാഗം പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്നതോടെ ഹോസ്നി മുബാറക് ഭരണകൂടം പതനത്തിലേക്ക്. തലസ്ഥാന നഗരത്തിന്റെ മധ്യഭാഗം പ്രക്ഷോഭകര്‍ പിടിച്ചുകഴിഞ്ഞു. കഴിഞ്ഞദിവസങ്ങളില്‍ പ്രക്ഷോഭകരുമായി ഏറ്റുമുട്ടിയ പൊലീസ് തെരുവുകളില്‍നിന്ന് അപ്രത്യക്ഷരായി. നഗരങ്ങളില്‍ സൈന്യത്തിന്റെ സാന്നിധ്യമുണ്ടെങ്കിലും അവര്‍ ഞായറാഴ്ച പകല്‍ കാര്യമായ ബലപ്രയോഗം നടത്തിയില്ല. എന്നാല്‍ വൈകിട്ടോടെ സൈനികവിമാനങ്ങളും ഹെലികോപ്ടറുകളും കെയ്റോയില്‍ പലതവണ വട്ടമിട്ട് പറന്നു. ഉന്നത സൈനികോദ്യോഗസ്ഥരുമായി മുബാറക് ചര്‍ച്ച നടത്തി. രാജ്യത്ത് ഉടനീളം വ്യത്യസ്തസംഭവങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 150 കവിഞ്ഞു.

ആറുദിവസമായി തുടരുന്ന പ്രക്ഷോഭം രാപ്പകലില്ലാതെ അലയടിക്കുന്ന പൂര്‍ണതോതിലുള്ള ജനകീയവിപ്ളവത്തിന്റെ സ്വഭാവം ആര്‍ജിച്ചു. ജഡ്ജിമാരും സൈനികരും ഉള്‍പ്പടെ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നു. തെരുവിലിറങ്ങിയ ജനലക്ഷങ്ങള്‍ മന്ത്രിസഭ അഴിച്ചുപണി പോലുള്ള മുബാറക്കിന്റെ തന്ത്രങ്ങള്‍ വിലപ്പോകില്ലെന്ന് പ്രഖ്യാപിച്ചു. അഴിമതിനിറഞ്ഞ ഏകാധിപത്യവാഴ്ചയ്ക്ക് അന്ത്യംകുറിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ജനങ്ങള്‍. നഗരകവാടങ്ങള്‍ സൈന്യം അടച്ചിട്ടുണ്ടെങ്കിലും പ്രക്ഷോഭകര്‍ മറ്റ് വഴികളിലൂടെ പ്രവഹിക്കുകയാണ്. ഇതിനിടെ, നാല് ജയിലില്‍നിന്ന് ആയിരക്കണക്കിന് തടവുകാര്‍ രക്ഷപ്പെട്ടു. ഗാര്‍ഡുകളെ കീഴ്പ്പെടുത്തിയായിരുന്നു കൂട്ടജയില്‍ചാട്ടങ്ങള്‍. സായുധസംഘങ്ങള്‍ ജയില്‍ ആക്രമിച്ച് തീവ്രവാദികളെ മോചിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. അവസരം മുതലെടുത്ത് സാമൂഹ്യവിരുദ്ധര്‍ കഴിഞ്ഞദിവസങ്ങളില്‍ കൊള്ള നടത്തിയിരുന്നു. ഇത് നേരിടാന്‍ ഓരോപ്രദേശത്തും ജനങ്ങള്‍ സ്വയം സംഘടിച്ച് സന്നദ്ധസേനകള്‍ രൂപീകരിച്ച് കാവല്‍ ഏര്‍പ്പെടുത്തി.

ജനകീയപ്രക്ഷോഭം വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചെന്ന് കരുതുന്ന ഖത്തര്‍ കേന്ദ്രമായുള്ള അല്‍ ജസീറ ചാനലിനോട് ഈജിപ്തില്‍നിന്നുള്ള സംപ്രേഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കെയ്റോയിലെ തഹ്രിര്‍(വിമോചന) ചത്വരത്തില്‍ നിരോധനാജ്ഞ ലംഘിച്ചാണ് പതിനായിരങ്ങള്‍ ഒത്തുചേര്‍ന്നിരിക്കുന്നത്. 'മുബാറക്ക്, മുബാറക്ക്, വിമാനം കാത്തുനില്‍ക്കുന്നു' എന്ന് മുദ്രാവാക്യം മുഴക്കുകയാണ് ജനാവലി. മുബാറക്ക് അധികാരമൊഴിഞ്ഞ് രാജ്യംവിട്ടുപോകണമെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ടാങ്കുകളുടെയും കവചിതവാഹനങ്ങളുടെയും മുകളില്‍ ജനങ്ങള്‍ കയറിക്കൂടിയിരിക്കുന്നു. ഞായറാഴ്ച ഈജിപ്തില്‍ പ്രവൃത്തിവാരത്തിന്റെ തുടക്കനാളാണെങ്കിലും വ്യാപാരസ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും തുറന്നില്ല. സൂയസ്, അലക്സാന്‍ഡ്രിയ, ലക്സര്‍, അസ്യൂത്, വടക്കന്‍ സീനായ് നഗരങ്ങളിലും പ്രക്ഷോഭം ശക്തമാണ്. വിദേശരാജ്യങ്ങള്‍ ഈജിപ്തില്‍നിന്ന് തങ്ങളുടെ പൌരന്മാരുടെ ഒഴിപ്പിച്ചുതുടങ്ങി. അതേസമയം, ഈജിപ്തില്‍ ക്രമപ്രകാരമുള്ള ഭരണമാറ്റം നടക്കണമെന്നും അത് ജനവികാരം മാനിച്ചുള്ളതായിരിക്കണമെന്നും അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ളിന്റ പറഞ്ഞു.

ഈജിപ്ത് പ്രക്ഷോഭത്തിന് ലോകവ്യാപക പിന്തുണ

വാഷിങ്ടണ്‍: ലോകവ്യാപകമായി വിവിധ നഗരങ്ങളില്‍ ഈജിപ്ത്പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകടനങ്ങള്‍ നടന്നു. വാഷിങ്ടണില്‍ വൈറ്റ്ഹൌസിനുമുന്നില്‍ നടന്ന പ്രകടനത്തില്‍ മുബാറക്കിന്റെ ചിത്രത്തില്‍ ജനങ്ങള്‍ പാദരക്ഷകൊണ്ട് പ്രഹരിച്ചു. അമേരിക്കയില്‍ ചിക്കാഗോ, അറ്റ്ലാന്റ തുടങ്ങിയ നഗരങ്ങളിലും ബ്രിട്ടനില്‍ ലണ്ടനിലും സിറിയ, ലബനന്‍ തുടങ്ങിയ രാജ്യങ്ങളിലും ഈജിപ്ത് പ്രക്ഷോഭത്തിന് പിന്തുണയുമായി ജനങ്ങള്‍ രംഗത്തിറങ്ങി.

രണ്ടാഴ്ച മുമ്പ് അയല്‍രാജ്യമായ ടുണീഷ്യയില്‍ ഏകാധിപതിയുടെ പതനത്തിന് ഇടയാക്കിയ ജനകീയവിപ്ളവത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈജിപ്തില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. യെമന്‍, ജോര്‍ദാന്‍, അള്‍ജീരിയ എന്നീ അറബ്രാജ്യങ്ങളിലും ഏകാധിപത്യഭരണങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. പ്രക്ഷോഭത്തിന് ഇറാന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു
ഉദാരവല്‍ക്കരണനയങ്ങള്‍ ജനജീവിതം ദുസ്സഹമാക്കിയ ഈജിപ്തില്‍ 30 വര്‍ഷമായി അധികാരത്തിലിരിക്കുന്ന മുബാറക്കിന് ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാന്‍ സ്ഥാനത്യാഗം മാത്രമാണ് ഉചിതമായ വഴിയെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും വിജയിക്കണമെന്നില്ല. കനത്ത വിലയും നല്‍കേണ്ടിവരും. നിലവില്‍ പ്രക്ഷോഭം നയിക്കുന്ന മുന്‍ ഐഎഇഎ തലവന്‍ മുഹമ്മദ് അല്‍ ബറാദേയിക്ക് അധികാരം കൈമാറുന്നതിനോട് അമേരിക്കയും യോജിച്ചെന്ന് വരാം. കാരണം അമേരിക്കയ്ക്ക് താല്‍പ്പര്യമുള്ള വ്യക്തിയാണ് ബറാദേയി. അതേസമയം, തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയാല്‍ ഇപ്പോള്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷം വിജയിക്കാനാണ് എല്ലാ സാധ്യതയും.

വിദേശരാജ്യങ്ങള്‍ പൌരന്മാരെ ഒഴിപ്പിക്കുന്നു

വാഷിങ്ടണ്‍/കെയ്റോ: ഈജിപ്ത് സംഭവവികാസങ്ങളില്‍ അമേരിക്കയും ഇസ്രയേലും ഇവര്‍ക്കൊപ്പം നില്‍ക്കുന്ന അറബ്നേതാക്കളും കടുത്ത ആശങ്കയില്‍. മുപ്പതുവര്‍ഷമായി അറബ്മേഖലയില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും താല്‍പ്പര്യം സംരക്ഷിച്ചുവരുന്ന ഭരണാധികാരിയാണ് ഹൊസ്നി മുബാറക്. ഇദ്ദേഹത്തിനെതിരെ ആഞ്ഞടിക്കുന്ന ജനകീയവിപ്ളവത്തിന്റെ പരിണതഫലം ഉറ്റുനോക്കുകയാണ് യാങ്കികളും കൂട്ടാളികളും.

ഇതിനിടെ, വിദേശരാജ്യങ്ങള്‍ ഈജിപ്തില്‍നിന്ന് തങ്ങളുടെ നയതന്ത്രജ്ഞരെയും പൌരന്മാരെയും ഒഴിപ്പിച്ചുതുടങ്ങി. ഇസ്രയേല്‍ പ്രത്യേകവിമാനങ്ങള്‍ നിയോഗിച്ചാണ് ഡസന്‍കണക്കിന് പൌരന്മാരെ നാട്ടിലേക്ക് തിരികെവിളിച്ചത്. കെയ്റോയില്‍ കുടുങ്ങിയിരിക്കുന്ന മുന്നൂറോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ പ്രത്യേകസര്‍വീസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ എയര്‍ഇന്ത്യക്ക് നിര്‍ദേശം നല്‍കി. ഈജിപ്തിലെ ഇന്ത്യന്‍ സ്ഥാനപതി ആര്‍ സ്വാമിനാഥന്‍ സ്ഥിതിഗതികള്‍ വിദേശമന്ത്രാലയത്തെ ധരിപ്പിച്ചു. ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സ്ഥാനപതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. യുഎഇ, സൌദി അറേബ്യ, ലബനന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ രാജ്യങ്ങളിലെ പൌരന്മാരെ മടക്കിക്കൊണ്ടുവരാന്‍ പ്രത്യേക സര്‍വീസുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെയ്റോ വിമാനത്താവള അധികൃതര്‍ പറഞ്ഞു. മൂവായിരത്തോളം പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കയാണ്.

തെളിവുകള്‍ വീണ്ടും കുഞ്ഞാലിക്കുട്ടിക്കുനേരെ

പതിനാല് വര്‍ഷം നീണ്ട ഐസ്ക്രീം പാര്‍ലര്‍ പെവാണിഭക്കേസില്‍ ആദ്യമായി കുഞ്ഞാലിക്കുട്ടി പ്രതിപ്പട്ടികയിലെത്തുന്നു. ഇപ്പോള്‍ കേസിന് കാരണക്കാരനാവുന്നതാവട്ടെ ഇതുവരെ രക്ഷകനായി നിന്ന ഭാര്യാസഹോദരീ ഭര്‍ത്താവും. ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള ഏഴ് വകുപ്പുകള്‍ ചേര്‍ത്താണ് കുഞ്ഞാലിക്കുട്ടിക്കും ബന്ധു കെ എ റൌഫിനുമെതിരെ കോഴിക്കോട് ടൌണ്‍ പൊലീസ് കേസെടുത്തത്. ഇതിന്റെ തുടരന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കാണുന്ന മറ്റുള്ളവരെയെല്ലാം പ്രതിചേര്‍ക്കുമെന്നും പൊലീസ് പറയുന്നു.

1997 ആഗസ്തിലാണ് ഐസ്ക്രീം പാര്‍ലര്‍ കേസുകള്‍ക്ക് തുടക്കമാവുന്നത്. അന്വേഷി പ്രസിഡന്റ് കെ അജിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്നത്തെ പൊലീസ് കമീഷണര്‍ നീരാറാവത്തിന്റെ നിര്‍ദേശ പ്രകാരം നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങിയത്. പ്രമുഖര്‍ ഉള്‍പ്പെടെ 16 പേര്‍ പ്രതികളായി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ഇവരില്‍ ചിലര്‍ക്കെതിരെയുള്ള കുറ്റം. കോഴിക്കോട് ഫസ്റ്റ്ക്ളാസ് ജുഡീഷ്യല്‍ മജിസ്ത്രേട്ട് (4) മുമ്പാകെ രണ്ട് പെണ്‍കുട്ടികള്‍ നേരിട്ടെത്തി മൊഴിനല്‍കി. മന്ത്രി കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ളവര്‍ തങ്ങളെ ലൈംഗികമായി ഉപയോഗിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ ഏതാനും നാള്‍ കഴിഞ്ഞ് ഇരു പെണ്‍കുട്ടികളും കുന്നമംഗലം കോടതിയിലെത്തി മൊഴി മാറ്റിപ്പറഞ്ഞു. അന്വേഷി പ്രസിഡന്റ് അജിത നിര്‍ബന്ധിച്ചതിനാലാണ് കുഞ്ഞാലിക്കുട്ടിയുടെ പേര് ആദ്യ മൊഴിയില്‍ പരാമര്‍ശിച്ചതെന്നും അത് തെറ്റാണെന്നുമായിരുന്നു രണ്ടാമത്തെ മൊഴി. ഇതിനിടെ പ്രതികളില്‍ ചിലര്‍ ഹൈക്കോടതിയില്‍ പോയി സ്റ്റേ സമ്പാദിച്ചു. യുഡിഎഫ് സര്‍ക്കാര്‍ ഇതിന് അനുകൂലമായ സമീപനമെടുത്തതിനാല്‍ കേസ് നീണ്ടു.

2004 ഒക്ടോബര്‍ 28ന് കേസ് വീണ്ടും കേരളത്തെ പിടിച്ചുകുലുക്കി. സാക്ഷികളിലൊരാളായ റജീന ടിവി ചാനല്‍ ഓഫീസിലെത്തി കുഞ്ഞാലിക്കുട്ടിക്കെതിരെ പരാതി പറഞ്ഞു. സര്‍ക്കാര്‍ ഇടപെട്ട് ഹൈക്കോടതിയിലെ കേസിന്റെ സ്റ്റേ ഒഴിവാക്കിയതോടെ കോഴിക്കോട്ടെ രണ്ടാം അഡീഷണല്‍ അസി. സെഷന്‍സ് ജഡ്ജി കെ പി സുധീര്‍ മുമ്പാകെ കേസിന് ജീവന്‍ വച്ചു. 2005 ഒക്ടോബര്‍ ആറിന് അദ്ദേഹം കുറ്റപത്രം തയ്യാറാക്കി. 16 പ്രതികള്‍ക്കൊപ്പം കുഞ്ഞാലിക്കുട്ടിക്കെതിരെയും ഏഴിടത്ത് പ്രതികൂലമായ പരാമര്‍ശമുണ്ടായി. സാക്ഷി ഭാഗത്തുനിന്ന് കേസിനെ സഹായിക്കേണ്ട സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അന്നുതന്നെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി പരസ്യമായി രംഗത്തെത്തി. ഇദ്ദേഹത്തെ വച്ച് കേസ് മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് പറഞ്ഞ് പരാതിക്കാരി അജിത ഹൈക്കോടതിയില്‍ ഹരജി നല്‍കി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും ഇതേ ആവശ്യമുന്നയിച്ച് ഹൈക്കോടതിയിലെത്തി. ഇതിനിടെ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരാളും ഹൈക്കോടതിയെ സമീപിച്ചു. എല്ലാ ഹരജികളും ജസ്റ്റിസ് കെ തങ്കപ്പന്‍ മുമ്പാകെ എത്തി. സ്പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റാന്‍ ഉത്തരവിട്ട ജസ്റ്റിസ്, കോടതി മാറ്റാനും വിചാരണ രഹസ്യമാക്കാനും അതേ വിധിയില്‍ നിര്‍ദേശിച്ചു. കുഞ്ഞാലിക്കുട്ടിയെ ആവശ്യമെങ്കില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ ജഡ്ജി കെ പി സുധീറിന്റെ കോടതിയില്‍നിന്നും ഇതോടെ കേസ് പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്ജി എല്‍ ആര്‍ സത്യന്‍ മുമ്പാകെ എത്തി. കേസ് വളരെ വേഗം തീര്‍പ്പാക്കണമെന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ വെളിച്ചത്തില്‍ പിന്നീടെല്ലാം മിന്നല്‍ വേഗത്തിലായി.

കുഞ്ഞാലിക്കുട്ടിക്കെതിരെ കേസ് എടുക്കാമെന്ന് നിയമവിദഗ്ധര്‍

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ മുസ്ളിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ വിചാരണ ചെയ്യാമെന്ന് നിയമവിദഗ്ധര്‍. ഐസ്ക്രീം പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടി ഒരിക്കല്‍പ്പോലും പ്രതിസ്ഥാനത്ത് വരാത്തതിനാല്‍ പുതിയതായി എഫ്ഐആര്‍ തയ്യാറാക്കാനും അതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റര്‍ചെയ്യാനും നിയമപരമായി തടസ്സമില്ലെന്നാണ് നിയമജ്ഞര്‍ പറയുന്നത്. ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി) 154 പ്രകാരം പൊലീസിന് സ്വമേധയാതന്നെ എഫ്ഐആര്‍ തയ്യാറാക്കാനും അന്വേഷണം നടത്തി അറസ്റ്റ് ചെയ്യാനും കഴിയും എന്നാണ് സൂചന. പൊലീസ് ഈ വഴിക്ക് നീങ്ങിയാല്‍ മൊഴിമാറ്റം നടത്തിയത് സംബന്ധിച്ച കേസിനു പുറമെ പെണ്‍വാണിഭത്തിനും കുഞ്ഞാലിക്കുട്ടി പ്രതിസ്ഥാനത്ത് വരും. കോളിളക്കം സൃഷ്ടിച്ച പെണ്‍വാണിഭക്കേസില്‍ 16 പേരെയാണ് കോടതി വിട്ടയച്ചത്. ഇതില്‍ കുഞ്ഞാലിക്കുട്ടിയും ബന്ധു കെ എ റൌഫും ഉള്‍പ്പെട്ടിരുന്നില്ല. ഒരിക്കല്‍ നടപടി പൂര്‍ത്തിയാക്കിയ കേസില്‍ പുനര്‍വിചാരണ നടത്താന്‍ സിആര്‍പിസി 300-ാം വകുപ്പു പ്രകാരം കഴിയില്ല. അതേസമയം, അത്യപൂര്‍വ സന്ദര്‍ഭങ്ങളില്‍ പുനര്‍വിചാരണയാകാമെന്ന് ഗുജറാത്തിലെ ബസ്റ് ബേക്കറി കേസില്‍ സുപ്രീംകോടതി ഉത്തരവ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം 376 അനുസരിച്ച് കുഞ്ഞാലിക്കുട്ടിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താമെന്നാണ് നിയമവിദഗ്ധരുടെ പക്ഷം. തെളിവ് നശിപ്പിക്കല്‍ (ഐപിസി201), പണം കൊടുത്ത് തെളിവ് നശിപ്പിക്കല്‍ (214) എന്നീ വകുപ്പുകളും ഉള്‍പ്പെടുത്താന്‍ കഴിയും. ഇതിനു പുറമെ ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചതിന് അഴിമതി നിരോധന നിയമം അനുസരിച്ചും കേസെടുക്കാം. പുതിയ കേസ് എടുത്താല്‍ കുഞ്ഞാലിക്കുട്ടിയെ അറസ്റ് ചെയ്യാന്‍ പൊലീസിനു കഴിയും.

കെ എ റൌഫ് വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസിന് എഫ്ഐആര്‍ രജിസ്റര്‍ ചെയ്യാനും തടസ്സമില്ല. റൌഫിനെ കൂട്ടുപ്രതിയാക്കുകയോ മാപ്പുസാക്ഷിയാക്കുകയോ ചെയ്യാം. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പുനര്‍വിചാരണ സാധ്യമല്ലെന്നാണ് അഭിഭാഷകരുടെ വാദം. കേസ് അട്ടിമറിക്കാനും കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചതിന് കേസ് എടുക്കാം. ഇതിന് ബന്ധപ്പെട്ട കോടതിയുടെ അനുമതിയോ നിര്‍ദേശമോ വേണം. പെവാണിഭക്കേസിലെ റജീന, റജുല എന്നിവര്‍ കുന്ദമംഗലം സബ്കോടതിയില്‍ ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം നല്‍കിയ മൊഴിയാണ് മാറ്റിയത്. ലൈംഗികമായി പീഡിപ്പിച്ചെന്ന് ആദ്യം നല്‍കിയ മൊഴി പൊലീസ് ഭീഷണിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നല്‍കിയതെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. മൊഴിമാറ്റി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും കേസ് അട്ടിമറിച്ചതിനും കുഞ്ഞാലിക്കുട്ടിക്കും റൌഫിനും എതിരെ കോഴിക്കോട് പൊലീസ് കേസ് രജിസ്റര്‍ ചെയ്തിരിക്കുകയാണ്. റൌഫിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ബലാത്സംഗത്തിന് കേസ് എടുക്കാമെന്നാണ് നിയമവിദഗ്ധരുടെ നിലപാട്. പുനര്‍വിചാരണ ഒഴിവാക്കിയാല്‍ നേരത്തെ കോടതി വിട്ടയച്ചവര്‍ക്ക് വീണ്ടും നിയമനടപടി നേരിടേണ്ടിവരില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
(കെ ശ്രീകണ്ഠന്‍)

deshabhimani 01.02.11

Tuesday, February 1, 2011

ഉമ്മന്‍ ചാണ്ടിയോട് ചിന്തിക്കുന്ന മലയാളിയുടെ ചോദ്യങ്ങള്‍

നമ്മുടെ ഈ കേരളത്തെ മോചിപ്പിക്കാന്‍ ഏതോ ദൈവപുത്രന്‍ കാസര്‍ഗോഡുനിന്ന് പുറപ്പെട്ടതായി മാധ്യമങ്ങള്‍ ഉദ്ഘോഷിക്കുന്നു! ചിന്തിക്കുന്ന ഒരു ശരാശരി മലയാളി അറിയാതെ ചോദിച്ചുപോകുന്നു: "ആരില്‍നിന്നാണ് അങ്ങ് ഞങ്ങളെ മോചിപ്പിക്കാന്‍ പോകുന്നത്? എന്തില്‍നിന്ന് എന്തിലേക്കാണ് മോചനം?''

    കര്‍ഷകജനതയെ ആത്മഹത്യാമുനമ്പില്‍നിന്ന് ഹരിത സാന്ദ്വനങ്ങളിലേക്കാനയിച്ച ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന് എങ്ങോട്ടാണ് മോചിപ്പിക്കുക? കൃഷിയിറക്കാന്‍ കുറഞ്ഞ പലിശക്കും പലിശയില്ലാതെയും വായ്പാ സൌകര്യവും, ഉല്‍പന്നത്തിന് മര്യാദവിലയും (ഒരു കിലോ നെല്ലിന് 14 രൂപ) ലഭിക്കുന്ന ഈ കേരളത്തില്‍നിന്ന് ഞങ്ങളെ എങ്ങോട്ടാണ് മോചിപ്പിക്കുന്നത്? കടംവീട്ടാന്‍ കഴിയാതെ വന്നാല്‍ നിയമപ്രാബല്യമുള്ള കടാശ്വാസക്കമ്മീഷന്റെ സംരക്ഷണം ഞങ്ങള്‍ക്ക് മറ്റെവിടെയാണ് ലഭ്യമാവുക? കര്‍ഷകനെ അവന്റെ ഇല്ലായ്മയുടെ വലയില്‍ കുരുക്കി ഹുണ്ടികക്കച്ചവടക്കാരുടെയും ഊഹക്കച്ചവടക്കാരുടെയും നിസ്സഹായരായ ഇരകളാക്കി മാറ്റുന്ന 'നവലിബറല്‍ ലോക'ത്തേയ്ക്കോ? എല്ലാവിധ പിന്തുണകളില്‍നിന്നും സബ്സിഡികളില്‍നിന്നും കര്‍ഷകനെ "മോചിപ്പിച്ച'' മന്‍മോഹന്‍സിങ് ഭരണത്തിലേയ്ക്കോ? നവലിബറല്‍ നയങ്ങളുടെ കര്‍ഷക ഉന്മൂലന പരിപാടി കേരളത്തിലും നടപ്പിലാക്കാന്‍ വ്യഗ്രത പൂണ്ടു നടക്കുന്ന ശ്രീ ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിലേയ്ക്കോ? കൊക്കോകോളയില്‍ 'കുരുഡാന്‍' കലക്കിക്കുടിച്ച് സകുടുംബം 'മോക്ഷം' പ്രാപിച്ചിരുന്ന പഴയ യുഡിഎഫ് ഭരണകാലത്തേയ്ക്കോ?

    ആയിരക്കണക്കിനു ന്യായവില ഷാപ്പുകളുണ്ട്, കേരളത്തില്‍, പൊതുകമ്പോളത്തെ അപേക്ഷിച്ച് ഈ ന്യായവില ഷാപ്പുകളിലെ വിലക്കുറവ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ ബോധ്യമുള്ള കാര്യമാണല്ലോ! മാതൃകാപരമെന്ന് കേന്ദ്ര സര്‍ക്കാര്‍പോലും പ്രശംസിച്ച ശക്തമായ പൊതുവിതരണസമ്പ്രദായം നിലവിലുള്ള ഈ കേരളത്തിലാണ് നാം ജീവിക്കുന്നത്.

    കിലോവിന് 2 രൂപ വിലയ്ക്ക് 35 കി. ഗ്രാം ധാന്യം 42 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭ്യമാകുന്ന ഒരു നാട് - ഓണത്തിനും പെരുന്നാളിനും ക്രിസ്മസ്സിനും ഓരോ സ്കൂള്‍ കുട്ടിക്കും 5 കിലോ വീതം സൌജന്യമായി അരി കിട്ടുന്ന ഒരു നാട്. ഇവിടെനിന്ന് ഞങ്ങളെ എങ്ങോട്ടാണ് അങ്ങ് മോചിപ്പിക്കുന്നത്? ദിവസം 20 രൂപ പോലും വരുമാനമില്ലാത്ത 84 കോടി ജനങ്ങളെ (കോണ്‍ഗ്രസ് എംപിയായിരുന്ന അര്‍ജ്ജുന്‍ സെന്‍ ഗുപ്തയുടെ റിപ്പോര്‍ട്ട്) അവരുടെ വരുമാന വര്‍ധനവാണ് വിലക്കയറ്റത്തിനു കാരണമെന്ന സാമ്പത്തികശാസ്ത്രം പഠിപ്പിക്കുന്ന മന്‍മോഹന്‍ജിയുടെ ഭരണത്തിലേയ്ക്കോ? അനുദിനം പെട്രോള്‍ വില വര്‍ധനവിലൂടെ എരിതീയില്‍ എണ്ണ കോരി ഒഴിക്കുന്ന 'യുപിഎ സ്വര്‍ഗ'ത്തിലേക്കോ? മനോമോഹന നയങ്ങള്‍ക്ക് ഹലേലുയ്യ പാടുന്ന ചാണ്ടിജീ, അങ്ങ് ഞങ്ങളെ ഏതു സ്വര്‍ഗത്തിലേക്കാണ് മോചിപ്പിക്കുന്നത്? പെട്രോള്‍ വില വര്‍ധന ന്യായീകരിക്കാന്‍ അങ്ങുപോലും തുനിയുന്നില്ലല്ലോ?

    ഇന്ത്യയില്‍ മറ്റെവിടെയും കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ പൊതുമേഖലാ വ്യവസായങ്ങള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നു ഈ കേരളത്തില്‍. യുഡിഎഫ് ഭരണകാലത്ത് ഫാക്ടറി അടച്ചുപൂട്ടി തൊഴില്‍ നഷ്ടപ്പെട്ട ചെറുപ്പക്കാരന്‍ പെങ്ങളുടെ കല്യാണം നടത്താന്‍ വൃക്ക മുറിച്ചുവിറ്റു. ആ ചെറുപ്പക്കാരന്‍ ഇന്നു ജോലിക്കു തിരികെ കയറിയിരിക്കുന്നു. പൊതുമേഖലയുടെ ഈ പൂക്കാലത്തില്‍നിന്ന് ഓഹരിവില്‍പനയിലൂടെ പൊതുമുതല്‍ കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് ചുളുവില്‍ ചോര്‍ത്തിക്കൊടുക്കുന്ന കൊള്ളയുടെ, കൊടും ലോകത്തേയ്ക്കോ?

    സ്വകാര്യവല്‍ക്കരിക്കാതെ, ഫ്രാഞ്ചൈസികളായി ശിഥിലീകരിക്കാതെ തന്നെ പൊതുമേഖലയില്‍ വൈദ്യുതി ഉല്‍പാദനവും വിതരണവും നിലനിര്‍ത്തുകയും 'കറന്റ് കട്ടി'ല്ലാതെ ഗുണമേന്മയുള്ള വൈദ്യുതി നല്‍കിപ്പോരുകയും ചെയ്യുന്ന കേരള നാട്ടില്‍നിന്ന് ഞങ്ങളെ ഏത് ഇരുട്ടിലേക്കാണ് അങ്ങ് ആനയിക്കുന്നത്?

    ആദ്യത്തെ സമ്പൂര്‍ണ വൈദ്യുത ജില്ലയായി പ്രഖ്യാപിക്കപ്പെട്ട പാലക്കാട്ടുനിന്ന് തുടങ്ങി സമ്പൂര്‍ണ വൈദ്യുതി സംസ്ഥാനത്തിലേയ്ക്ക് അതിവേഗം കുതിക്കുന്ന ഈ കേരളത്തിന്റെ കുതികാല്‍വെട്ടി ഏതു നരകത്തിലേക്ക് തള്ളിയിടാം എന്നാണ് അങ്ങയുടെ വാഗ്ദാനം? വൈദ്യുതിബോര്‍ഡുകളെ ഫ്രാഞ്ചൈസികളായി വേര്‍പിരിച്ചും സ്വകാര്യവത്കരിച്ചും എന്‍റോണ്‍പോലുള്ള വിദേശക്കമ്പനികള്‍ക്ക് അടിയറവെച്ചും തകര്‍ക്കുന്ന ഊര്‍ജ്ജനയത്തിലേയ്ക്കോ? മൂന്നിലൊന്നോളം ഗ്രാമങ്ങളില്‍ വൈദ്യുതി എത്താത്ത ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ അപാരാന്ധകാരത്തിലേയ്ക്കോ? 'പീക്ക് അവറി'ല്‍ രണ്ടു മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയാല്‍ മോചനത്തിനുവേണ്ടി നിങ്ങളെങ്ങനെ കുഴലൂതും, പ്രിയപ്പെട്ട മാധ്യമപ്രഭുക്കളേ!

    ഡോക്ടര്‍മാരും, മരുന്നും, നഴ്സുമാരുമുള്ള സജീവമായ സര്‍ക്കാര്‍ ആശുപത്രികള്‍. പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുവരെയുള്ള സാമൂഹ്യാരോഗ്യ സുരക്ഷാസംവിധാനം. പകര്‍ച്ചവ്യാധികള്‍ തടയുന്നതില്‍ മാതൃകാപരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രശംസ. ഈ കേരളത്തേക്കാള്‍ ആരോഗ്യമുള്ള മറ്റേതു ജനതയുണ്ട് ചാണ്ടിജീ, അങ്ങയുടെ പാര്‍ടി ഭരിക്കുന്ന ഈ വിശാല ഭാരതത്തില്‍?

    ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം വരെ സാര്‍വത്രികവും സൌജന്യവുമായ കേരളത്തില്‍ എല്ലാ പഞ്ചായത്തിലും ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന ലക്ഷ്യം സാധിച്ചുകഴിഞ്ഞു. പിന്നോക്ക പ്രദേശങ്ങളില്‍ പുതിയ വിദ്യാലയങ്ങള്‍ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്തു. വിദ്യാഭ്യാസക്കച്ചവടക്കാരും 'നീതി' പീഠങ്ങളും ഇടങ്കോലിട്ടെങ്കിലും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമേല്‍ സാമൂഹ്യനിയന്ത്രണം കൊണ്ടുവന്ന് പരമാവധി സാമൂഹ്യനീതി പരിരക്ഷിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഇടപെടല്‍...! ഈ സാക്ഷര കേരളത്തെ അങ്ങ് എങ്ങോട്ടാണ് മോചിപ്പിക്കുന്നത്? 8-ാം തരം വരെയുള്ള വിദ്യാഭ്യാസം മൌലികാവകാശമായി പ്രഖ്യാപിച്ചതിനുശേഷവും സ്കൂളില്ലാത്ത അഞ്ചിലൊന്നു ഗ്രാമങ്ങളും സ്കൂള്‍ കാണാത്ത തെരുവുകുട്ടികളും നിറഞ്ഞ ഭാരതഭൂമിയില്‍ വിദ്യാഭ്യാസവിഹിതം അരശതമാനംപോലും വര്‍ധിപ്പിക്കാത്ത ബാലശാപങ്ങളുടെ ദുരന്തഭൂമിയിലേക്കോ? വിദേശ സര്‍വകലാശാലകളെ ക്ഷണിച്ചുവരുത്തി കുടിയിരുത്തി നമ്മുടെ മസ്തിഷ്കങ്ങളെ പണയപ്പെടുത്തുന്ന കൊടുംവഞ്ചനയിലേക്കോ?

    വര്‍ഗീയത ചുരമാന്തുന്നുണ്ടെങ്കിലും കലാപങ്ങള്‍ തടയപ്പെടുന്ന, മതസൌഹാര്‍ദ്ദം നിലനില്‍ക്കുന്ന സമാധാനജീവിതം പുലരുന്ന നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്. ഒരു പാഠത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് കലാപമഴിച്ചുവിട്ട് അങ്ങയോടൊപ്പമുള്ളവര്‍ ഒരധ്യാപകനെ ചവിട്ടിക്കൊന്നതും, തന്റെ പിശകിന് മാപ്പിരന്ന ഒരധ്യാപകന്റെ കൈപ്പത്തി അറുത്തെറിഞ്ഞ് റഹ്മത്തിന്റെ (കാരുണ്യത്തിന്റെ) മതത്തെ അപമാനിച്ചതും (അവരും ഇപ്പോള്‍ അങ്ങയുടെ താവളത്തിലാണല്ലോ! അവരുടെ വോട്ടു വേണ്ടെന്നു പറയാനുള്ള ധിക്കാരം എനിക്കില്ലെന്ന് അങ്ങ് വിനയഭാവത്തോടെ കുമ്പിടുന്നത് അവരുടെ മുന്നിലാണല്ലോ!) ഒഴിച്ചാല്‍ മറ്റൊരു വര്‍ഗീയ - ഭീകരവാദസംഭവങ്ങളും നടക്കാത്ത ഈ കേരളത്തിലാണ് രാഷ്ട്രപതി പ്രതിഭാ പാട്ടീലും, രാഹുല്‍ഗാന്ധിയും സ്വൈരമായി രണ്ടുദിവസം ചിലവിടാന്‍ തെരഞ്ഞെടുത്തത്. ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന് അങ്ങ് ഞങ്ങളെ മോചിപ്പിക്കുന്നത് എങ്ങോട്ടാണ്? കലാപങ്ങളുടെയും സ്ഫോടനങ്ങളുടെയും കുരുതിക്കളങ്ങളിലേയ്ക്കോ? ജീവിതസമാധാനത്തില്‍നിന്ന് മാറാടുകളുടെ കലാപഭീതികളിലേയ്ക്കോ? തൊടുപുഴയിലെ കൈവെട്ടു ഭീകരതയിലേയ്ക്കോ?

    കേരള മോചനത്തിനായി നിത്യവും തൊണ്ടകീറി വശംകെട്ട മാധ്യമ പ്രവര്‍ത്തകരെങ്കിലും നാക്കനക്കുമോ? കേരളത്തിലെ മന്ത്രിമാരെക്കുറിച്ച് വ്യക്തമായ ഒരഴിമതിയാരോപണവും നാളിതുവരെ ഉന്നയിക്കാന്‍ മോചനയാത്രക്കാര്‍ക്കോ, മാധ്യമപ്രവര്‍ത്തകര്‍ക്കോ കഴിഞ്ഞിട്ടില്ല. ഈ കേരളത്തെ എങ്ങോട്ടാണ് നമ്മുടെ പ്രതിപക്ഷ നേതാവ് നയിക്കുന്നത്? ക്രിക്കറ്റ് കളിയും കോമണ്‍വെല്‍ത്ത് ഗെയിംസും അഴിമതിയരങ്ങാക്കിയ, അഴിമതി 'ആദര്‍ശ' സൌധമാക്കിയ, 2 ജി സ്പെക്ട്രത്തിലൂടെ 176000 കോടിയുടെ പൊതുമുതല്‍ കോര്‍പറേറ്റ് മുതലാളിമാര്‍ക്കു ചോര്‍ത്തിക്കൊടുത്ത പകല്‍ക്കൊള്ളയുടെ ഭൂമികയിലേക്കോ?

    കര്‍ഷകത്തൊഴിലാളികള്‍ ചോദിക്കുന്നു: 300 രൂപ പെന്‍ഷന്‍ നല്‍കിയ, പെന്‍ഷന്‍ അഡ്വാന്‍സ് നല്‍കിയ ഈ ഭരണത്തില്‍നിന്ന് പെന്‍ഷന്‍ കുടിശ്ശികയുടെ ഭൂതകാലത്തിലേക്കാണോ ഞങ്ങളെ നയിക്കുന്നത്? പെന്‍ഷന്‍ വാങ്ങുന്നവര്‍, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വാങ്ങുന്നവര്‍, ശമ്പളവര്‍ധന നേടിയ ജീവനക്കാര്‍ എല്ലാവരുടെ ചുണ്ടത്തും ചോദ്യങ്ങളുണ്ട്. എല്ലാവരും വിരലുയര്‍ത്തുന്നുണ്ട്! അങ്ങേയ്ക്കു കഴിയില്ലെങ്കില്‍ അങ്ങയുടെ പൂര്‍ണകായ ചിത്രത്തോടു കൊരുത്തിട്ടിരിക്കുന്ന അനേകം ശിരസ്സുകളുണ്ടല്ലോ, മോചനയാത്ര വിളംബരം ചെയ്യുന്ന പോസ്റ്ററില്‍! മാണിസാറിന്റെയും എം വി ആറിന്റെയും ഗൌരിയമ്മയുടെയും, തങ്ങളുപ്പാപ്പയുടെയും ചെന്നിത്തലയുടെയും കുഞ്ഞിത്തലകള്‍! (അഹോ! അങ്ങെത്ര വിനീതന്‍!) തലയില്‍ ആള്‍താമസമുള്ള ആരെങ്കിലും ഞങ്ങള്‍ക്കു മറുപടി നല്‍കുമോ? ഇന്നുവരെ മിനിമം കൂലി നിയമമുണ്ടാക്കാന്‍ സമയം കിട്ടാത്ത മന്‍മോഹന്‍ജിയുടെ ഭരണത്തിരക്കിലേക്കാണോ ഞങ്ങളുടെ മോചനം?

    വംഗനാട്ടിലെ ഇടതുപക്ഷഭരണം അവസാനിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയവരോട് ഡോ. അമര്‍ത്യാസെന്‍ ചോദിച്ചു: (അമര്‍ത്യാസെന്‍ കമ്യൂണിസ്റ്റല്ല!) ഇടതുപക്ഷത്തെ തോല്‍പിച്ച് നിങ്ങള്‍ ആരെയാണ് ജയിപ്പിക്കാന്‍ പോകുന്നത്? മുപ്പതുവര്‍ഷംകൊണ്ട് നാം നേടിയതെല്ലാം തകര്‍ന്നുകാണാന്‍ നിങ്ങളാഗ്രഹിക്കുന്നുണ്ടോ?

    ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് സ്തുതിപാഠകരോളം ബുദ്ധി കാണില്ല എന്നായിരിക്കും മാധ്യമ പ്രവര്‍ത്തകരുടെ ചിരി...! ഒടുവില്‍ നിങ്ങള്‍ അലറിവിളിച്ച് ഒരു "വിമോചിത കേരളം'' വന്നാല്‍ അതിന്റെ ചേലെന്തായിരിക്കുമെന്ന് അമര്‍ത്യാസെന്നിനോടൊപ്പം ഒരു നിമിഷം ശാന്തമായി ആലോചിക്കാം, സ്വകാര്യമായി, നിശ്ശബ്ദമായി...

    പണ്ടൊരു വിമോചനസമരം നടന്നു! അതിലൂടെ കേരളം "വിമോചിക്ക''പ്പെട്ടപ്പോള്‍ എന്തൊക്കെയാണ് നാം നേടിയത്...! ആ 'നേട്ട'ങ്ങളുടെ ഓര്‍മ്മകളില്‍ നടുങ്ങി, ഒരു നിമിഷം...!

    എങ്കിലും അന്നൊഴുകിയെത്തിയ അമേരിക്കന്‍ ഡോളറിന്റെ കഥ, ആസൂത്രകരും അനുഭവിച്ചവരും ഒരുപോലെ ഏറ്റുപറഞ്ഞു. ഇന്നും ഈ മോചനയാത്രയും സഫലമാവുകയാണെങ്കില്‍ ഡോളര്‍ക്കിഴികള്‍ തീര്‍ച്ചയായും വന്നെത്തും! യാത്ര ചെയ്തവര്‍ക്കു മാത്രമല്ല; മുന്നില്‍ കുഴലൂതിയവര്‍ക്കും!

    പക്ഷേ, ഞങ്ങള്‍ക്കോ? അതെ; അതു മന്ദബുദ്ധികളുടെ ചോദ്യമായി, നിങ്ങള്‍ക്കവഗണിക്കാം!

ടി കെ നാരായണദാസ് ചിന്ത വാരിക 04.02.11

ഐസ്‌ക്രീം കേസിന്റെ മറവില്‍ മതപരിവര്‍ത്തനം: സ്‌പെഷല്‍ ബ്രാഞ്ച്‌ അന്വേഷണം തുടങ്ങി

മംഗളം പത്രവാര്‍ത്ത 
ഐസ്‌ക്രീം കേസ്‌ ഒതുക്കിത്തീര്‍ക്കുന്നതിന്റെ ഭാഗമായി പീഡനത്തിനിരയായ മുഖ്യ സാക്ഷികളില്‍ ഒരാളായ യുവതിയെ മതംമാറ്റിയതു സംബന്ധിച്ച്‌ പോലീസ്‌ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.

കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള ആദ്യമൊഴി ലക്ഷങ്ങള്‍ വാങ്ങി തിരുത്തിയെന്ന്‌ ആരോപണമുള്ള യുവതിയെയാണ്‌ നിര്‍ബന്ധിപ്പിച്ചു മതപരിവര്‍ത്തനം നടത്തിയതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്‌.

പീഡനത്തിനിരയായ ഈ യുവതി ആദ്യം കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചതായി പോലീസിനും കുന്ദമംഗലം കോടതിയിലും മൊഴി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട്‌ ആരും പീഡിപ്പിച്ചില്ലെന്നു മൊഴി തിരുത്തി. അനുകൂലമായ സാക്ഷിമൊഴി നല്‍കിയ യുവതിയുടെ മൊഴിമാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘം തന്നെ ഒരു ചെറുപ്പക്കാരനെ കണ്ടെത്തി യുവതിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. മുസ്ലീം മതത്തിലേക്കു യുവതിയെ പരിവര്‍ത്തനം നടത്തിയതിനു ശേഷമായിരുന്നു വിവാഹം. എന്നാല്‍ ഈ ദാമ്പത്യ ബന്ധം അധികകാലം നീണ്ടുനിന്നില്ല. യുവാവ്‌ യുവതിയെ ഉപേക്ഷിച്ചു.

പിന്നീട്‌ നേരത്തേയുള്ള മതത്തിലേക്കു തന്നെ പരിവര്‍ത്തനം ചെയ്യിപ്പിച്ച്‌ യുവതിയെ സ്വമതത്തില്‍ പെട്ട മറ്റൊരു യുവാവിനു വിവാഹം കഴിപ്പിച്ചു നല്‍കി. ഈ യുവാവുമൊത്തു യുവതി താമസിച്ചുവരുമ്പോള്‍ വീണ്ടും വിവാദങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ രണ്ടു പേരും ഉടന്‍ ഗള്‍ഫിലേക്കു പോകണമെന്നു സംഘം ആവശ്യപ്പെടുകയായിരുന്നുവത്രേ. മൂന്നു മാസം പ്രായമുള്ള കുട്ടിയേയും കൊണ്ടു ഗള്‍ഫിലേക്കു പോകാന്‍ തയാറല്ലെന്നു യുവാവ്‌ വ്യക്‌തമാക്കിയതോടെ ഭീഷണിയായി. യുവതിയുടെ പാസ്‌പോര്‍ട്ട്‌ ശരിയായെങ്കിലും യുവാവിനെതിരേ ഒരു പോലീസ്‌ കേസ്‌ ഉള്ളതിനാല്‍ പാസ്‌പോര്‍ട്ട്‌ ശരിയാക്കാനായില്ല.

എന്നാല്‍ രണ്ടു ദിവസംകൊണ്ടു യുവാവിന്റെ പേരില്‍ പാസ്‌പോര്‍ട്ട്‌ സംഘടിപ്പിച്ചു സംഘം വീണ്ടുമെത്തിയെങ്കിലും യുവാവ്‌ വിദേശത്തേക്കു പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നു യുവതിയെ തനിച്ചു വിദേശത്തേക്കു കൊണ്ടുപോവുകയായിരുന്നു. മൂന്നു മാസം പ്രായമുള്ള കുട്ടിയേയും കൊണ്ടു യുവാവ്‌ കോഴിക്കോടു തങ്ങി. രണ്ടു വര്‍ഷത്തിനുശേഷം ഗള്‍ഫില്‍നിന്നു തിരിച്ചെത്തിയ യുവതി ഇപ്പോള്‍ ഒറ്റയ്‌ക്കാണു താമസം.

ഐസ്‌ക്രീം കേസ്‌ ഒതുക്കിത്തീര്‍ക്കാന്‍ മതപരിവര്‍ത്തനം നടത്തിയെന്ന റിപ്പോര്‍ട്ടിന്റെയടിസ്‌ഥാനത്തില്‍ സംഭവത്തെക്കുറിച്ച്‌ പോലീസ്‌ രഹസ്യാന്വേഷണ വിഭാഗം പ്രാഥമിക അന്വേഷണമാണു നടത്തിയത്‌. വിശദമായ അന്വേഷണത്തിനു ശേഷം റിപ്പോര്‍ട്ട്‌ ഉടന്‍ ആഭ്യന്തരവകുപ്പിനു നല്‍കും. ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മുഖ്യമന്ത്രിക്കു ലഭിച്ചതായും അറിയുന്നു. ഈ സാഹചര്യത്തില്‍ ഇതു പ്രത്യേക കേസായി രജിസ്‌റ്റര്‍ ചെയ്യാനും ഇടയുണ്ട്‌.

Monday, January 31, 2011

കള്ളസാക്ഷികള്‍ കോടിപതികളായി, ഇടനിലക്കാര്‍ ലക്ഷങ്ങള്‍ നേടി

വിവാദമായ ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ ഒതുക്കിത്തീര്‍ക്കാന്‍ ഒഴുക്കിയതു കോടികള്‍. കള്ളസാക്ഷി പറഞ്ഞവര്‍ കോടികള്‍ നേടി; ഇടനിലക്കാര്‍ ലക്ഷാധിപതികളും ആയ ഈ കേസും വിവാദങ്ങളും എന്നിട്ടും അവസാനിക്കുന്നുമില്ല. കേസ്‌ അവസാനിച്ചിട്ടു നാലു വര്‍ഷം പിന്നിട്ടിട്ടും കോഴിക്കോടു കേന്ദ്രീകരിച്ചു വര്‍ഷങ്ങളായി ഐസ്‌ക്രീം കേസിന്റെ പേരില്‍ പണമൊഴുകുന്നതു തുടര്‍ന്നു കൊണ്ടിരിക്കുന്നുവെന്നാണു മുഖ്യസാക്ഷികളുടെ ആഡംബര ജീവിതം തെളിയിക്കുന്നതും. ലക്ഷക്കണക്കിനു രൂപ നല്‍കിയതിനു പുറമേ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്കു വര്‍ഷങ്ങളായി ഓരോ ആഴ്‌ചയും ഏറ്റവും ചുരുങ്ങിയത്‌ 3,000 രൂപ വീതമാണ്‌ കൃത്യമായി എത്തിക്കൊണ്ടിരിക്കുന്നത്‌. ഇതുകൂടാതെ ആവശ്യത്തിനനുസരിച്ചു ലക്ഷങ്ങളും.

മുഖ്യസാക്ഷികള്‍ക്കൊക്കെ നഗരമധ്യത്തില്‍ മണിമാളികകള്‍ ഒരുങ്ങി. ഇരുചക്രവാഹനങ്ങളും കാറുകളും നല്‍കി. ഇവരില്‍ ചിലര്‍ പിന്നീടു വിദേശത്തേക്കു കടന്നു. ചിലര്‍ വിവാഹിതരായി. കേസന്വേഷിച്ചിരുന്ന ഉദ്യോഗസ്‌ഥര്‍ക്കും കിട്ടി ലക്ഷങ്ങള്‍. ചിലര്‍ക്കു സര്‍ക്കാര്‍ മാറിയപ്പോള്‍ ഉന്നത സ്‌ഥാനങ്ങള്‍. മുഖ്യപ്രതിയായ ശ്രീദേവിയുടെ ഡയറിയിലെ വി.ഐ.പി. പേരുകള്‍ എഴുതിയ ഷീറ്റുകള്‍ നഷ്‌ടപ്പെട്ടതിന്‌ അന്വേഷണോദ്യോഗസ്‌ഥനു കൈമടക്കായി കിട്ടിയതും ലക്ഷങ്ങളാണ്‌. മൊഴി മാറ്റിപ്പറയാന്‍ സാക്ഷികളെ പഠിപ്പിച്ച ഒരു പോലീസ്‌ കോണ്‍സ്‌റ്റബിളിനു നല്‍കിയത്‌ ഒരു ലക്ഷം. കേസുമായി മുന്നോട്ടുപോയിരുന്ന അന്വേഷി പ്രസിഡന്റ്‌ കെ. അജിതയ്‌ക്കു മാഫിയ വാഗ്‌ദാനം ചെയ്‌തതും കോടികളാണ്‌.

ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ ഒതുക്കാന്‍ മാഫിയകള്‍ കോടികള്‍ ഒഴുക്കിയപ്പോള്‍ കള്ളസാക്ഷി പറഞ്ഞ സാക്ഷികള്‍ കോടിപതികളായി. കേസിലെ മുഖ്യസാക്ഷികളെല്ലാം ഇന്നു ജീവിക്കുന്നത്‌ ആഡംബരപൂര്‍ണമായ വീടുകളിലും നാടുചുറ്റുന്നത്‌ ആധുനിക കാറുകളിലുമാണ്‌. ഒരു ഐസ്‌ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ചു ശ്രീദേവിയെന്ന സ്‌ത്രീ ചില ഉന്നത നേതാക്കള്‍ക്കു കാഴ്‌ചവച്ച സ്‌ത്രീകള്‍ കോടതി നടപടികള്‍ക്ക്‌ ശേഷം ഇപ്പോള്‍ ജീവിക്കുന്നത്‌ ആഡംബരപൂര്‍ണമായിട്ടാണെന്നു മുഖ്യസാക്ഷി റജീനയുടെ വീടും ജീവിത സൗകര്യവും മാത്രം കണ്ടാല്‍ വ്യക്‌തമാകും.

കോഴിക്കോട്‌ നഗരത്തോടു ചേര്‍ന്നുള്ള ഒളവണ്ണ പഞ്ചായത്തിലെ പന്തീരാങ്കാവ്‌-മണക്കടവ്‌ റൂട്ടില്‍ മുതുവനത്തറയിലാണു റജീനയുടെ ആഡംബരഭവനം. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈ വീട്ടില്‍ എല്ലാ വിധ ആധുനികസൗകര്യങ്ങളുമുണ്ട്‌. റജീനയും മകനും മാത്രം കുറേക്കാലം താമസിച്ചിരുന്ന ഈ വീട്ടിലെ പ്രതിമാസ വൈദ്യുതബില്‍വരെ ആയിരം രുപയ്‌ക്കു മുകളിലായിരുന്നു. പല മുറികളും എയര്‍ കണ്ടീഷന്‍ ചെയ്‌തിട്ടുണ്ട്‌. അഞ്ചു സെന്റ്‌ സ്‌ഥലം വാങ്ങിയാണ്‌ ഈ വീടു വച്ചതെങ്കിലും പിന്നീട്‌ സമീപത്തെ വീടും പറമ്പും മൊത്തമായി വാങ്ങി വീടിനുചുറ്റും വലിയ ചുറ്റുമതിലും കെട്ടി. വീടിനു മുമ്പിലെ കെട്ടിട മുറികള്‍ 20 ലക്ഷം രൂപയ്‌ക്ക് അടുത്തിടെ റജീന വാങ്ങാനും ശ്രമം നടത്തിയിരുന്നു. മൊഴിമാറ്റി പറയാന്‍ റജീനയ്‌ക്കു രണ്ടു ലക്ഷത്തി അറുപത്തി അയ്യായിരം രൂപ നല്‍കിയിരുന്നുവെന്നു കുഞ്ഞാലിക്കുട്ടിയുടെ ബന്ധുകൂടിയായ കെ.എ. റൗഫ്‌ പത്രസമ്മേളനത്തില്‍തന്നെ പറഞ്ഞിരുന്നതാണ്‌. കൂടാതെ 10 ലക്ഷം രൂപയുടെ ഫ്‌ളാറ്റും നല്‍കി. രണ്ടാം സാക്ഷിയായ രജൂലയുടെയും മറ്റും സാക്ഷികളുടെയും ജീവിതം ആഡംബരത്തില്‍ തന്നെയാണ്‌. ഇതില്‍ ചിലര്‍ വിദേശത്തേക്കു കടന്നു. ഒരാള്‍ കുടുംബ ജീവിതവുമായി പൊരുത്തപ്പെട്ടു ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയുന്നു. അവരാരും പുതിയ വിവാദങ്ങളില്‍ ഇടപെടുന്നുമില്ല.

മാനദണ്ഡം ലംഘിച്ചുകൊണ്ടു വിവാദമായ ഐസ്‌ക്രീം പാര്‍ലര്‍ കോഴിക്കോട്‌ ഉയര്‍ന്നതുമുതല്‍ മുന്‍മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക്‌ അനുകൂല വിധിയുണ്ടാക്കാനായി ജഡ്‌ജിമാരെ സ്വാധീനിച്ചതു വരെയുള്ള ആരോപണം ഉയരുന്ന ഈ കേസിന്റെ വഴിത്താരകളും ദുരൂഹതയിലൂടെത്തന്നെയായിരുന്നു പിന്നിട്ടിരുന്നത്‌. റജീനയെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചുവെന്നാരോപിച്ച നഗരമധ്യത്തിലെ ഇരുനിലക്കെട്ടിടം പൊളിച്ചുമാറ്റിയതും ഒറ്റദിവസം കൊണ്ടാണ്‌.

കോഴിക്കോടു നഗരത്തിലെ പുതിയറയിലെ സഭാ സ്‌കൂളിനു സമീപത്തെ ആധുനിക സൗകര്യങ്ങളോടുകൂടിയ വീടാണു വിവാദം ചൂടുപിടിച്ചതോടെ 1997ല്‍ പൊളിച്ചുമാറ്റിയത്‌. 'നഗരത്തിലെ ഒരു വീട്ടില്‍ കൊണ്ടുവന്നു പീഡിപ്പിച്ചെന്നും പിന്നെ രണ്ടു ദിവസം അവിടെ താമസിപ്പിച്ചെന്നും വിവാദമായപ്പോള്‍ കെട്ടിടംതന്നെ പൊളിച്ചുമാറ്റിയെന്നും' റജീന തന്നെയായിരുന്നു മൊഴി നല്‍കിയിരുന്നത്‌. കോഴിക്കോട്ട്‌ നഗരത്തിലുള്ള ഒരു ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥന്റെ സഹായത്തോടെ കുഞ്ഞാലിക്കുട്ടിയുടെ അന്നത്തെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന റൗഫായിരുന്നു കെട്ടിടം പൊളിച്ചുകളയാന്‍ നേതൃത്വം നല്‍കിയിരുന്നത്‌. കെട്ടിടത്തിന്റെ ഉടമകള്‍ പോലും അറിയാതെയായിരുന്നു ഒരു കല്ലുപോലും അവശേഷിപ്പിക്കാതെ ഒറ്റ രാത്രികൊണ്ടു കെട്ടിടം അപ്രത്യക്ഷമാക്കിയത്‌.

കേസിനായി കോടികള്‍ ഒഴുക്കിയതു രാഷ്‌ട്രീയ-ഉദ്യോഗസ്‌ഥ-മാഫിയ ഇടപെടലുകള്‍ക്കു പുറമേ കള്ളനോട്ടും ഹവാല പണവുമാണ്‌ ഈ അനധികൃത സാമ്പത്തിക ഇടപാടിനു പിന്നിലെന്നുള്ള സൂചനകളും ബലപ്പെട്ടിരിക്കുകയാണ്‌. ഹവാല കേസിന്‌ അറസ്‌റ്റിലായവര്‍തന്നെ പണം നല്‍കിയതിന്റെ തെളിവുമായി രംഗത്തു വന്നുകഴിഞ്ഞു. ഏറ്റവും അവസാനം കേസിലെ മുഖ്യസാക്ഷികളായ പെണ്‍കുട്ടികള്‍ക്കും ഇടനിലക്കാര്‍ക്കും ലക്ഷങ്ങള്‍ നല്‍കിയതിനു പിന്നാലെ കോടതിയില്‍നിന്ന്‌ അനുകൂലവിധി സമ്പാദിക്കാന്‍ 40 ലക്ഷം രൂപ രണ്ടു ജഡ്‌ജിമാര്‍ക്കും കൂടി നല്‍കിയെന്ന്‌ ഒരു ചാനല്‍ വെളിപ്പെടുത്തിയതോടെ മുന്‍മന്ത്രി കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട പെണ്‍വാണിഭ ക്കേസിനുവേണ്ടി ഒഴുക്കിയ കോടികളുടെ കണക്കും ഇടപെടലുകളും കേസിനെ പുതിയ തലങ്ങളിലേക്ക്‌ എത്തിച്ചിരിക്കുകയാണ്‌.

* ടി.കെ. ജോഷി, മംഗളം

യുഡിഎഫിന്റെ ദുര്‍ഗന്ധം

കേരളത്തിലെ വലതുപക്ഷരാഷ്ട്രീയം വീണുപതിച്ച ചെളിക്കുണ്ടിന്റെ ദുര്‍ഗന്ധവും അറപ്പുളവാക്കുന്ന കാഴ്ചയുമാണ് കഴിഞ്ഞ കുറെ ദിവസങ്ങളിലായി ജനങ്ങളുടെ മനംമടുപ്പിച്ച് പുറത്തുവരുന്നത്. മുന്‍ മന്ത്രിയും ഐക്യജനാധിപത്യമുന്നണിയിലെ രണ്ടാം കക്ഷിയുടെ അനിഷേധ്യ നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി തനിക്ക് വധഭീഷണിയുണ്ടെന്നും ഒരു ബന്ധു ബ്ളാക്ക് മെയിലിങ്ങിന് ശ്രമിക്കുകയാണെന്നും പത്രസമ്മേളനം വിളിച്ച് പറഞ്ഞതോടെ തുടങ്ങിയ വിവാദവും വെളിപ്പെടുത്തലുകളും അവയുടെ അനുരണനങ്ങളായ രാഷ്ട്രീയ ചലനങ്ങളും അവിരാമം തുടരുകയാണ്.

1991-96ലും 2001-06ലും ഭരിച്ച യുഡിഎഫ് മന്ത്രിസഭകളിലെ സമുന്നത സ്വാധീനമുള്ള മന്ത്രിയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി. ഭരണ സ്വാധീനവും അവിഹിതമായി സമ്പാദിച്ച ധനവും ഉപയോഗിച്ച് അദ്ദേഹം വഴിവിട്ട പലതുംചെയ്തു എന്ന് തൊണ്ണൂറുകളുടെ തുടക്കത്തില്‍തന്നെ ആരോപണമുയര്‍ന്നതാണ്. കോഴിക്കോട്ടെ ഒരു ഐസ്ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്കാളിത്തം സംസ്ഥാനത്ത് സജീവമായ ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും വഴിമരുന്നിട്ടു. ആ കേസുമായി ബന്ധപ്പെട്ട്, പീഡനത്തിനിരയായ റജീന എന്ന യുവതി പരസ്യമായി ചില വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍, കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനത്തുനിന്നുതന്നെ ഇറങ്ങിപ്പോകേണ്ടിവന്നു. അന്നെല്ലാം മുസ്ളിംലീഗും യുഡിഎഫും പറഞ്ഞ ന്യായം കുഞ്ഞാലിക്കുട്ടിയെ ഒരു കോടതിയും ശിക്ഷിച്ചില്ലല്ലോ; സുപ്രീം കോടതിവരെ പരിശോധിച്ച് 'കഴമ്പില്ലെന്നു കണ്ടെത്തിയ' കേസിനെച്ചൊല്ലി വിവാദമെന്തിന് എന്നായിരുന്നു.

അത്തരം വാദമുഖങ്ങളെയാകെ ഖണ്ഡിക്കുന്നതും കേസില്‍നിന്നുള്ള രക്ഷപ്പെടല്‍ വഴിവിട്ട നീക്കങ്ങളിലൂടെയായിരുന്നുവെന്ന് തെളിയിക്കുന്നതുമാണ് സമീപനാളുകളില്‍ പുറത്തുവന്ന വിവരങ്ങള്‍. ജുഡീഷ്യറിയെ കോഴകൊടുത്ത് സ്വാധീനിച്ചാണ് കേസില്‍നിന്ന് രക്ഷപ്പെട്ടത് എന്നതാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന തെളിവ്. കുഞ്ഞാലിക്കുട്ടി തന്നെയാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത് എന്നത് ശ്രദ്ധേയമാണ്. ഏതെങ്കിലും രാഷ്ട്രീയ ശത്രുക്കളല്ല അതിന് മുതിര്‍ന്നത്. തനിക്കെതിരെ നീങ്ങുന്നു; വധിക്കാന്‍വരെ ശ്രമിക്കുന്നു എന്ന് കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നയാളും പുറത്തുള്ളതല്ല-കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാ സഹോദരീ ഭര്‍ത്താവാണ്. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് വിവാദം കൊടുമ്പിരിക്കൊണ്ട കാലത്ത് നിഴല്‍പോലെ കുഞ്ഞാലിക്കുട്ടിയുടെ കൂടെ നിന്ന ആള്‍. അയാള്‍ അന്ന് താന്‍കൂടി ചെയ്ത കൊള്ളരുതായ്മകളാകെ വിളിച്ചു പറയുന്നു-കുഞ്ഞാലിക്കുട്ടിക്ക് മറുപടിയായി. ഇതെല്ലാം യുഡിഎഫിലും ചുറ്റുവട്ടത്തും നടന്ന കാര്യങ്ങളാണ്.

സ്വാഭാവികമായും ഇത്തരമൊരവസ്ഥ വരുമ്പോള്‍ ആ മുന്നണിയില്‍നിന്ന് മാന്യമായ പ്രതികരണം ജനങ്ങള്‍ പ്രതീക്ഷിക്കും. എന്നാല്‍, യുഡിഎഫ് നേതൃത്വത്തില്‍നിന്നും മുസ്ളിം ലീഗില്‍നിന്നുമുണ്ടായ പ്രതികരണങ്ങള്‍ അങ്ങനെയുള്ളതല്ല. താന്‍ അധികാരത്തിലിരുന്ന കാലത്ത് വഴിവിട്ട കാര്യങ്ങള്‍ചെയ്തു എന്ന കുഞ്ഞാലിക്കുട്ടിയുടെ കുറ്റസമ്മതം സ്വന്തം സര്‍ക്കാരിനുനേരെയുള്ള കുറ്റപത്രംതന്നെയാണെന്ന് അറിയാത്തയാളല്ല ഉമ്മന്‍ചാണ്ടി. എന്നിട്ടും അദ്ദേഹം കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിക്കാനാണ് മുതിര്‍ന്നത്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാകട്ടെ, പുതിയ വിവാദത്തില്‍ ലീഗിനെ തകര്‍ക്കാനുള്ള ഗൂഢാലോചന ഉണ്ടെന്നാണ് കണ്ടെത്തിയത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് നേതൃത്വം കുഞ്ഞാലിക്കുട്ടിക്ക് പിന്നില്‍ അചഞ്ചലമായി ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. കുഞ്ഞാലിക്കുട്ടി ഒറ്റയ്ക്കല്ല എന്നാണ് എല്ലാവരും പറയുന്നത്. അതുതന്നെയാണ് പ്രസക്തമായ പ്രശ്നവും.

ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളതും വരാനിരിക്കുന്നതുമായ കൊള്ളരുതായ്മകള്‍, അഴിമതി, ജുഡീഷ്യറിയെപ്പോലും ദുരുപയോഗപ്പെടുത്തുന്ന ഇടപെടലുകള്‍, അവിഹിത സ്വത്തുസമ്പാദനം-ഇത്തരം കാര്യങ്ങളിലൊന്നും കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തി ആക്രമിക്കാനാവില്ല. അത് യുഡിഎഫിന്റെ, അതിലെ മുഖ്യ കക്ഷികളുടെ പൊതുസ്വഭാവമാണ്. അങ്ങനെയല്ലെങ്കില്‍, അതീവ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ ഉണ്ടായ ഘട്ടത്തില്‍ അതിനെക്കുറിച്ച് അന്വേഷിച്ച് നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരം തട്ടിയകറ്റാന്‍ യുഡിഎഫ് കൂട്ടായി രംഗത്തിറങ്ങുമായിരുന്നില്ല.

കുഞ്ഞാലിക്കുട്ടി വഴിവിട്ട് പ്രവര്‍ത്തിക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു. കൂട്ടുപ്രതിതന്നെയാണദ്ദേഹം. എന്തൊക്കെ അന്ന് നടന്നു; നാടിനെ എങ്ങനെയെല്ലാം കൊള്ളയടിച്ചു-ഉമ്മന്‍ചാണ്ടി എണ്ണിപ്പറഞ്ഞേതീരൂ. നിശ്ചയമായും കേരളത്തില്‍ വരുംനാളുകളില്‍ സജീവ ചര്‍ച്ചയ്ക്കു വരുന്ന പ്രശ്നമാണിത്. ഏതെങ്കിലും മാധ്യമങ്ങളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വിവരങ്ങള്‍ മൂടിവച്ചതുകൊണ്ട് കെട്ടുപോകുന്നതല്ല പടര്‍ന്നുകയറുന്ന അഗ്നി. കുഞ്ഞാലിക്കുട്ടിക്ക് വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞ; എല്ലാകാര്യങ്ങളും വഴിവിട്ടുമാത്രം നടന്ന മുന്‍ യുഡിഎഫ് സര്‍ക്കാരിനെക്കുറിച്ചുള്ള ഓര്‍മകളിലേക്കാണ് ഈ ചര്‍ച്ച ജനങ്ങളെ നയിക്കുന്നത്.

കുഞ്ഞാലിക്കുട്ടി ചെയ്തതായി റൌഫ് വെളിപ്പെടുത്തിയ കാര്യങ്ങളും അതിന് ചെലവിട്ട പണവും കേരളത്തിന്റെ പൊതുമേഖല കൊള്ളയടിച്ചിട്ടാണെന്ന് ധനമന്ത്രി തോമസ് ഐസക് വിലയിരുത്തിയത് പ്രസക്തമാണ്. അന്ന് പൊതുമേഖല വിറ്റുതുലച്ച് പണം ഇങ്ങനെ പലതിനുമായി ധൂര്‍ത്തടിച്ചുവെങ്കില്‍ ഇന്ന് കേരളത്തിലെ പൊതുമേഖലാ വ്യവസായങ്ങളാകെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. അതാണ് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം. ഏതാനും മാധ്യമങ്ങള്‍ അപ്രധാനമായി തള്ളിയതുകൊണ്ടോ, യുഡിഎഫിന് താല്‍പ്പര്യമില്ലെന്നതുകൊണ്ടോ അവസാനിപ്പിക്കേണ്ടതല്ല കുഞ്ഞാലിക്കുട്ടിവിഷയവുമായി ബന്ധപ്പെട്ട പരിശോധനകള്‍. ജനാധിപത്യത്തെയും ഭരണഘടനയെയും നിയമ വ്യവസ്ഥയെയും വെല്ലുവിളിക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകഴിഞ്ഞു. അവയെല്ലാം ഇഴകീറി പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവും പ്രധാനമാണ്. ഗുജറാത്തിലെ ബെസ്റ് ബേക്കറി കേസില്‍ ദൃക്സാക്ഷിയായിരുന്ന സൈറാ ഷെയ്ക്കിനെ സ്വാധീനം ചെലുത്തി മൊഴിമാറ്റിച്ച അനുഭവം സ്മരണീയമാണ്. മനുഷ്യക്കുരുതി നേരിട്ടുകണ്ട സൈറ, സ്വാധീനത്തിനു വഴങ്ങി മൊഴി മാറ്റിയപ്പോള്‍ ആ കേസുതന്നെ ഇല്ലാതാകുന്ന സ്ഥിതിവന്നു. മൊഴിമാറ്റിയ സൈറയെ ഒടുവില്‍ സുപ്രീംകോടതി ഒരുകൊല്ലം തടവിന് ശിക്ഷിക്കുകയും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരികയുംചെയ്തു. ഗുജറാത്തില്‍ മൊഴിമാറ്റിക്കാന്‍ സംഘപരിവാര്‍ നടത്തിയ ശ്രമങ്ങളും ഇവിടെ മുസ്ളിം ലീഗ് നടത്തിയ നീക്കങ്ങളും സമാനമാണ് എന്നാണ് റൌഫിന്റെ മൊഴിയിലൂടെ തെളിയുന്നത്.

ഇവയെല്ലാം നിയമപരമായി പരിശോധിക്കപ്പെട്ടേ തീരൂ. പുനരന്വേഷണത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. ഭരണതലത്തിലും നിയമപാലനത്തിന്റെ തലത്തിലും ഇതുസംബന്ധിച്ച അടിയന്തര നടപടികളുണ്ടാകണം. അതോടൊപ്പം യുഡിഎഫിന്റെ ജീര്‍ണിച്ച് ദുര്‍ഗന്ധം വമിപ്പിക്കുന്ന മുഖം തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍, ആ മുന്നണിയുടെ കാപട്യങ്ങളില്‍ കുരുങ്ങിപ്പോയ ജനങ്ങളും തയ്യാറാകണം.

ദേശാഭിമാനി മുഖപ്രസംഗം 31.01.11

Sunday, January 30, 2011

ഐസ്‌ക്രീം കേസ്: വിധി തയ്യാറാക്കിയത് ലെ മറെഡിയന്‍ ഹോട്ടലില്‍ വെച്ച്?

DOOL NEWS.....

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ രാഷ്ട്രീയ-നീതിന്യായ രംഗങ്ങളെ പിടിച്ചുലക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാര്‍ ജസ്റ്റിസുമാരായ തങ്കപ്പന്‍,നാരായണക്കുറുപ്പ് എന്നിവര്‍ കോഴ വാങ്ങിയതായാണ് വെളിപ്പെടുത്തല്‍. ഇന്ത്യാവിഷന്‍ എഡിറ്റര്‍ ഇന്‍ ചീഫ് എം.പി ബഷീര്‍ നടത്തിയ സ്ട്രിങ് ഓപറേഷനിലൂടെയാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്. വാര്‍ത്ത ഇന്ത്യാവിഷന്‍ സംപ്രേഷണം ചെയ്തു.
മുന്‍ അഡീഷണല്‍ ഡയരക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ.സി പീറ്ററാണ് ഇക്കാര്യം ഒളിക്യാമറക്ക് മുന്നില്‍ വെളിപ്പെടുത്തുന്നത്. ഐസ്‌ക്രീം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള രണ്ട് ഹരജികളിലാണ് ജസ്റ്റിസ് നാരായണക്കുറുപ്പ് പണം വാങ്ങി പ്രതികള്‍ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത്. അന്വേഷി പ്രസിഡന്റ് കെ. അജിത, കൊളക്കാടന്‍ മൂസഹാജി എന്നിവരാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയത്.
ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ മരുമകന്‍ സണ്ണി മുഖേനയാണ് പണം കൈമാറിയത്. കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റഊഫായിരുന്നു കൊച്ചിയില്‍ വെച്ച് ഈ പണം കൈമാറിയത്. എറണാകുളം ലോകോളേജില്‍ പഠിക്കവെ ജസ്റ്റിസ് തങ്കപ്പന്‍ കെ.സി പീറ്ററിന്റെ സഹപാഠിയായിരുന്നു. തങ്കപ്പനെ രണ്ട് തരത്തില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് കെ.സി പീറ്റര്‍ വെളിപ്പെടുത്തിയത്. ഒരു വഴി നടക്കാതെ വന്നപ്പോള്‍ മറ്റൊരു വഴി സ്വീകരിക്കുകയായിരുന്നു. താന്‍ വഴി കാണിക്കുക മാത്രമാണ് ചെയ്തതെന്ന് പീറ്റര്‍ വ്യക്തമാക്കുന്നു. ഇതിനായി തങ്കപ്പന്‍ പണം വാങ്ങിയിട്ടുണ്ടെന്നും പീറ്റര്‍ പറയുന്നു.
ഐസ്‌ക്രീം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌കൊണ്ട് നല്‍കിയ ഹരജി തള്ളിക്കൊണ്ട് നടത്തിയ വിധി പ്രസ്താവം തയ്യാറാക്കിയത് എറണാകുളം ലെ മറെഡിയന്‍ ഹോട്ടലില്‍ വെച്ചായിരുന്നുവെന്ന് വെളിപ്പെടുത്തല്‍.

കേസ് ഉരുകിപ്പോയതില്‍ ജുഡീഷ്യറിയും പ്രതിക്കൂട്ടില്‍..

മാധ്യമം പത്രവാര്‍ത്ത.....

കേരളത്തെ പിടിച്ചുകുലുക്കിയ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് എങ്ങുമെത്താതെ പ്രതികള്‍ മുഴുവന്‍ രക്ഷപ്പെടാനിടയായതില്‍ ജുഡീഷ്യറിയും പ്രതികൂട്ടിലാവും.
വിചാരണ കോടതി മുതല്‍ സുപ്രീംകോടതി വരെ നടന്ന കോടതി നടപടികള്‍ മിക്കതും ഒട്ടും അവധാനതയില്ലാതെയായിരുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ്.
കേസിലെ ഒന്നാംപ്രതിയായ ശ്രീദേവി  കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ നിരവധിപേര്‍ക്ക് തങ്ങളെ കാഴ്ചവെച്ചുവെന്ന് സി.ആര്‍.പി.സി 164 വകുപ്പുപ്രകാരം കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ സാക്ഷികളായ റജീനയും മറ്റും മൊഴി നല്‍കിയിരുന്നു. എന്നാല്‍, അധികം താമസിയാതെ   ഇതിനു വിരുദ്ധമായി ഈ  ഇരകള്‍ കുന്ദമംഗലം കോടതിയില്‍  മറ്റൊരു  മൊഴിയും നല്‍കി. ഏത് സമ്മര്‍ദത്തിന് വഴങ്ങിയാണ് മൊഴിമാറ്റി പറഞ്ഞത് എന്നതിനെക്കുറിച്ച് അന്വേഷണം നടന്നില്ല. കോടതി ഇത് പരിശോധിക്കാന്‍ മെനക്കെട്ടതുമില്ല.
കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചെങ്കിലും ഹൈകോടതി കേസ് അന്വേഷണം എങ്ങുമെത്താതെ തന്നെ എല്ലാവര്‍ക്കും  ഉദാരമായ ജാമ്യം അനുവദിക്കുകയായിരുന്നു.
1997ല്‍ കോഴിക്കോട് സിറ്റി പൊലീസ് കമീണറായിരുന്ന നീരാറാവത്ത് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ നടന്നത് നീണ്ട എട്ടുവര്‍ഷത്തിനുശേഷമാണ്. ഒരുമാസം മാത്രമാണ് വിചാരണ നീണ്ടത്. 2005 ഡിസംബര്‍ 15ന് ആരംഭിച്ച വിചാരണ ജനുവരി 12ന് അവസാനിച്ചു. പ്രധാന സാക്ഷികളായ നാല് യുവതികളുടെ വിസ്താരം രണ്ട് മണിക്കൂര്‍ കൊണ്ടാണ് തീര്‍ന്നത്. കോടതി മുമ്പാകെ എല്ലാ  യുവതികളും കൂറുമാറിയപ്പോഴും അതിന്റെ പിന്നാമ്പുറത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി ഒട്ടും മെനക്കെട്ടില്ല. സാക്ഷികളെ കൂറുമാറ്റുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച കെ.എ. റഊഫ് ഇപ്പോള്‍ പറയുന്നത് പ്രോസിക്യൂഷന്‍ സാക്ഷികളെ ചാലപ്പുറത്തെ വീട്ടില്‍കൊണ്ടുപോയി ലക്ഷങ്ങള്‍ നല്‍കിയാണ് കോടതിയില്‍ മൊഴിമാറ്റി പറയിച്ചതെന്നാണ്.
ഹൈകോടതിലെ വിവാദ ജഡ്ജി തങ്കപ്പന്റെ ബെഞ്ചില്‍നിന്ന് കേസ് മാറ്റണമെന്ന 'അന്വേഷി'യുടെ ഹരജി തള്ളിയെന്ന് മാത്രമല്ല, കോടതി അലക്ഷ്യത്തിന് കേസ് എടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരിയെ ഞെട്ടിപ്പിക്കുകയും ചെയ്തു.
ഹൈകോടതിയും കേസ് തള്ളിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അവിടെയും നീതിപൂര്‍വമായ പരിഗണന കിട്ടിയില്ലെന്നാണ് ആക്ഷേപം.
സുപ്രീംകോടതിയില്‍ കേസ് പരിഗണനക്കെത്തിയപ്പോള്‍ ഗവണ്‍മെന്റ് അഭിഭാഷകന്‍ ഒരാഴ്ച സമയമനുവദിക്കണമെന്ന് അപേക്ഷിച്ചെങ്കിലും ഇത് പരിഗണിക്കാതെ കോടതി  കേസ് തള്ളുകയാണുണ്ടായത്. മൊഴിമാറ്റവും കൂറുമാറ്റവുമുള്‍പ്പെടെ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് അന്വേഷി പ്രസിഡന്റ് കെ. അജിത സമര്‍പ്പിച്ച ഹരജിയും ഹൈകോടതിയും സുപ്രീംകോടതിയും ഇതേപോലെ ഒന്നൊന്നായി തള്ളുകയായിരുന്നു.