Wednesday, February 2, 2011

ഈജിപ്തില്‍ അനിശ്ചിതകാല പണിമുടക്ക്

ഈജിപ്തില്‍ ഹൊസ്നി മുബാറക് ഭരണകൂടത്തിനെതിരെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച കെയ്റോയില്‍ പത്തുലക്ഷം പേര്‍ പങ്കെടുക്കുന്ന റാലി നടക്കുമെന്ന് പ്രക്ഷോഭസംഘാടകര്‍ അറിയിച്ചു. മിക്കവാറും ഒറ്റപ്പെട്ട മുബാറക് പിടിച്ചുനില്‍ക്കാന്‍ അവസാനശ്രമങ്ങള്‍ നടത്തുകയാണ്. ഭാവിനേതാവായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മുന്‍ തലവനും സമാധാന നൊബേല്‍ സമ്മാനജേതാവുമായ മുഹമ്മദ് എല്‍ബറാദേയിയെ പ്രതിപക്ഷപ്രസ്ഥാനങ്ങള്‍ പൊതുവെ അംഗീകരിച്ചിട്ടുണ്ട്. രാജ്യത്ത് പുതിയ യുഗത്തിന് തുടക്കംകുറിച്ചിരിക്കയാണെന്ന് തലസ്ഥാനത്തെ തഹ്രിര്‍ ചത്വരത്തില്‍ പ്രക്ഷോഭകരെ അഭിവാദ്യംചെയ്ത് ബറാദേയി പറഞ്ഞു.

പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് പ്രതിപക്ഷകക്ഷികള്‍ തമ്മില്‍ സംഭാഷണം തുടങ്ങിയിട്ടുണ്ട്. ജനരോഷം തണുപ്പിക്കാന്‍ തിങ്കളാഴ്ച രാത്രി മുബാറക് തന്റെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ജനങ്ങളുടെ ശക്തമായ എതിര്‍പ്പ് നേരിടുന്ന ആഭ്യന്തരമന്ത്രി ഹബീബ് അല്‍ അദ്ലി ഉള്‍പ്പടെയുള്ളവരെ മാറ്റി. എന്നാല്‍ മുബാറക് തന്നെ അധികാരമൊഴിയണമെന്ന് പ്രക്ഷോഭകര്‍ പ്രഖ്യാപിച്ചു. സൂയസ് നഗരത്തിലെ ഫാക്ടറിയില്‍ ആരംഭിച്ച പണിമുടക്ക് രാജ്യമാകെ പടര്‍ന്നതോടെ ഏഴ് ദിവസമായി തുടരുന്ന പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടന്നു. തിങ്കളാഴ്ചയും കെയ്റോയില്‍ നിരോധനാജ്ഞ ലംഘിച്ച് പതിനായിരങ്ങള്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ആബാലവൃദ്ധം ജനങ്ങള്‍ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നിട്ടുണ്ട്. ഡോക്ടര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വ്യവസായത്തൊഴിലാളികള്‍, സന്നദ്ധസംഘടന പ്രവര്‍ത്തകര്‍, വീട്ടമ്മമാര്‍ എന്നിവരെല്ലാം പ്രക്ഷോഭത്തില്‍ സജീവമാണ്. വീടുകളുടെ മട്ടുപ്പാവുകളില്‍ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പതാകകള്‍ നാട്ടിയിരിക്കുന്നു.

വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയും സുരക്ഷാസേനയുടെ അതിക്രമങ്ങളും ജീവിതം പൊറുതിമുട്ടിച്ച സാഹചര്യത്തില്‍ എല്ലാ ഭിന്നതയും മാറ്റിവച്ച് ജനങ്ങള്‍ മുബാറക് ഭരണത്തിനെതിരെ ഒന്നിച്ചിരിക്കയാണ്. മുഖ്യമായും അഞ്ച് പ്രതിപക്ഷപ്രസ്ഥാനങ്ങളാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. എന്നാല്‍, സംഘടനകളുമായി ബന്ധമില്ലാത്തവരും പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നു. ജനകീയപ്രതിഷേധം കാരണം പിന്‍വാങ്ങിയ പൊലീസ് ഞായറാഴ്ച രാത്രിയോടെ തെരുവുകളില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. എന്നാല്‍, ജനവാസകേന്ദ്രങ്ങള്‍ തദ്ദേശവാസികള്‍ രൂപീകരിച്ച കാവല്‍സേനകളുടെ നിയന്ത്രണത്തില്‍തന്നെയാണ്. കഴിഞ്ഞദിവസങ്ങളില്‍ നടന്ന കൊള്ള പ്രക്ഷോഭത്തെ കരിതേച്ചു കാണിക്കാന്‍ സര്‍ക്കാര്‍തന്നെ ആസൂത്രണം ചെയ്തതാണെന്ന് ജനങ്ങള്‍ ആരോപിക്കുന്നു.

എല്ലാവരും സ്വാതന്ത്ര്യത്തോടും അന്തസ്സോടും കൂടി കഴിയുന്ന പുതിയ ഈജിപ്തിനുവേണ്ടിയാണ് പോരാട്ടമെന്ന് എല്‍ബറാദേയി പറഞ്ഞു. ഇതിനായി ക്ഷമയോടെ കാത്തിരിക്കണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തപ്പോള്‍ ജീവനും രക്തവും രാജ്യത്തിനു വേണ്ടി ബലിനല്‍കാന്‍ തയ്യാറാണെന്ന് ജനക്കൂട്ടം ആര്‍ത്തുവിളിച്ചു. മുസ്ളിം ബ്രദര്‍ഹുഡിന്റെ ജയില്‍മോചിതരായ നേതാക്കളായ ഇസാം എല്‍റിയാന്‍, സാദ് എല്‍ഖദാനി എന്നിവരും പ്രക്ഷോഭകരെ അഭിവാദ്യംചെയ്തു. മുബാറക്കിനെ ഒഴിച്ചുനിര്‍ത്തിയുള്ള ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എല്‍ബറാദേയിയുമായി ചര്‍ച്ച ആരംഭിച്ചുവെന്ന് മുസ്ളിം ബ്രദര്‍ഹുഡ് വക്താവ് ജമാല്‍ നാസര്‍ പറഞ്ഞു.

പൊതുസമ്മതനായി എല്‍ബറാദേയി

കെയ്റോ: ഈജിപ്തില്‍ ഹൊസ്നി മുബാറക്കിന്റെ പതനം ആസന്നമായതോടെ ഭാവി സര്‍ക്കാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി. അടുത്ത നേതാവായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) തലവന്‍ മുഹമ്മദ് എല്‍ബറാദേയിയുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ദീര്‍ഘകാലം വിദേശത്താണ് കഴിഞ്ഞതെന്ന പോരായ്മ ബറാദേയിക്കുണ്ട്. എന്നാല്‍, വ്യത്യസ്ത ആശയങ്ങള്‍ പുലര്‍ത്തുന്ന പ്രസ്ഥാനങ്ങള്‍ അണിനിരന്ന ജനകീയവിപ്ളവത്തിനുശേഷം ഐക്യസര്‍ക്കാരിനെ നയിക്കാന്‍ പൊതുസ്ഥാനാര്‍ഥിയായി മറ്റൊരാളില്ല.

മുഖ്യമായും അഞ്ച് പ്രസ്ഥാനമാണ് പ്രക്ഷോഭത്തിനു പിന്നില്‍. ഇന്റര്‍നെറ്റ് കൂട്ടായ്മ ഫെയ്സ്ബുക്കുവഴി യുവജനങ്ങള്‍ സംഘടിച്ച് രൂപം നല്‍കിയ ഏപ്രില്‍ ആറ് യുവജനപ്രസ്ഥാനം, അഴിമതിക്കെതിരായും ജനാധിപത്യത്തിനുവേണ്ടിയും പോരാടാന്‍ രൂപീകരിച്ച എല്‍ബറാദേയിയുടെ നേതൃത്വത്തിലുള്ള 'മാറ്റത്തിനുവേണ്ടിയുള്ള ദേശീയപ്രസ്ഥാനം', ഇസ്ളാമിക പ്രസ്ഥാനമായ മുസ്ളിം ബ്രദര്‍ഹുഡ്, മതനിരപേക്ഷ പാര്‍ടികളായ വഫദ്, അല്‍ഖാദ് എന്നിവ. ഇവരെയെല്ലാം ഒന്നിപ്പിച്ച ഘടകം മുബാറക് വിരുദ്ധ വികാരമാണ്. മതനിരപേക്ഷപാര്‍ടികളും ഇസ്ളാമികപ്രസ്ഥാനവും അമേരിക്കന്‍പാവയായ മുബാറക്കിനെതിരെ തോളോടുതോള്‍ ചേര്‍ന്ന് പൊരുതുകയാണ്. അതേസമയം, മുബാറക്കിനെ പെട്ടെന്ന് കൈവിടാനും അമേരിക്കയ്ക്ക് കഴിയില്ല. അറബ് ഏകാധിപതികളും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ നിര്‍ണായക കണ്ണി മുബാറക്കാണ്. പശ്ചിമേഷ്യയിലെ ഈ പ്രധാന കണ്ണി പൊട്ടിയാല്‍ അമേരിക്കയുടെ പല താല്‍പ്പര്യങ്ങളും അപകടത്തിലാകും. ഒപ്പം, ഇസ്രയേല്‍ജൂതതീവ്രവാദികള്‍ക്ക് ഏറ്റവും വിശ്വാസമുള്ള അറബ് നേതാവുമാണ് മുബാറക്. 30 വര്‍ഷമായി മുബാറക് വിശ്വസ്തതയോടെ യാങ്കി-ജൂതസഖ്യത്തിന്റെ ദല്ലാളായി പ്രവര്‍ത്തിക്കുന്നു. ഇതിനുള്ള രാഷ്ട്രീയ-സാമ്പത്തിക പ്രതിഫലം മുബാറക്കിന് വന്‍തോതില്‍ ലഭിച്ചു. എന്നാല്‍, ജനങ്ങള്‍ വെറുത്ത മുബാറക്കിന് ഇനി മുന്നോട്ടുപോകാനാകില്ല. പിന്തുടര്‍ച്ചാവകാശിയായി അദ്ദേഹം കണ്ട മകന്‍ ജമാലിനെയും ജനങ്ങള്‍ തീരെ അംഗീകരിക്കുന്നില്ല. അമേരിക്കയ്ക്കും ബ്രിട്ടനും ഇസ്രയേലിനും സൌദി അറേബ്യക്കും പ്രിയങ്കരനായ ജനറല്‍ സുലൈമാനെ മുബാറക് തന്റെ വൈസ് പ്രസിഡന്റായി നിയമിച്ചു. എന്നാല്‍, ജനങ്ങള്‍ ഈ നിയമനവും അവജ്ഞയോടെ തള്ളി. മുബാറക്കും കൂട്ടരും ഒഴിഞ്ഞേ തീരൂ എന്ന അവസ്ഥയിലാണ്.

എല്‍ബറാദേയിയുടെ പ്രസക്തി ഇവിടെയാണ്. ഐഎഇഎ തലവനായിരിക്കെ ബറാദേയി അമേരിക്കയെ സംരക്ഷിച്ചിരുന്നു. 1980 മുതല്‍ ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിച്ചുവന്ന ബറാദേയി മറ്റ് പാശ്ചാത്യരാജ്യങ്ങള്‍ക്കും അഭിമതനാണ്. 1942ല്‍ കെയ്റോയിലാണ് ജനനം. കെയ്റോ സര്‍വകലാശാലയില്‍നിന്ന് ബിരുദവും ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍നിന്ന് നിയമത്തില്‍ ഗവേഷകബിരുദവും നേടി. 1964ല്‍ ഈജിപ്ത് വിദേശകാര്യസര്‍വീസില്‍ ചേര്‍ന്നു. ഇതില്‍നിന്ന് രാജിവച്ചാണ് 80ല്‍ യുഎന്നില്‍ ചേര്‍ന്നത്. 2005ല്‍ ബറാദേയിയും ഐഎഇഎയും സംയുക്തമായി സമാധാന നൊബേല്‍ നേടി. ഈജിപ്ത് പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ കഴിഞ്ഞയാഴ്ചയാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. അധ്യാപികയായ ഐഡ എല്‍ക്കാഷെഫാണ് ബറാദേയിയുടെ ഭാര്യ. മക്കള്‍: അഭിഭാഷകയായ ലൈല, ടെലിവിഷന്‍ പ്രവര്‍ത്തകനായ മുസ്തഫ.

കെയ്റോ പ്രക്ഷോഭകരുടെ നിയന്ത്രണത്തില്‍

കെയ്റോ: ഈജിപ്തില്‍ സൈന്യത്തിലൊരു വിഭാഗം പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്നതോടെ ഹോസ്നി മുബാറക് ഭരണകൂടം പതനത്തിലേക്ക്. തലസ്ഥാന നഗരത്തിന്റെ മധ്യഭാഗം പ്രക്ഷോഭകര്‍ പിടിച്ചുകഴിഞ്ഞു. കഴിഞ്ഞദിവസങ്ങളില്‍ പ്രക്ഷോഭകരുമായി ഏറ്റുമുട്ടിയ പൊലീസ് തെരുവുകളില്‍നിന്ന് അപ്രത്യക്ഷരായി. നഗരങ്ങളില്‍ സൈന്യത്തിന്റെ സാന്നിധ്യമുണ്ടെങ്കിലും അവര്‍ ഞായറാഴ്ച പകല്‍ കാര്യമായ ബലപ്രയോഗം നടത്തിയില്ല. എന്നാല്‍ വൈകിട്ടോടെ സൈനികവിമാനങ്ങളും ഹെലികോപ്ടറുകളും കെയ്റോയില്‍ പലതവണ വട്ടമിട്ട് പറന്നു. ഉന്നത സൈനികോദ്യോഗസ്ഥരുമായി മുബാറക് ചര്‍ച്ച നടത്തി. രാജ്യത്ത് ഉടനീളം വ്യത്യസ്തസംഭവങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 150 കവിഞ്ഞു.

ആറുദിവസമായി തുടരുന്ന പ്രക്ഷോഭം രാപ്പകലില്ലാതെ അലയടിക്കുന്ന പൂര്‍ണതോതിലുള്ള ജനകീയവിപ്ളവത്തിന്റെ സ്വഭാവം ആര്‍ജിച്ചു. ജഡ്ജിമാരും സൈനികരും ഉള്‍പ്പടെ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നു. തെരുവിലിറങ്ങിയ ജനലക്ഷങ്ങള്‍ മന്ത്രിസഭ അഴിച്ചുപണി പോലുള്ള മുബാറക്കിന്റെ തന്ത്രങ്ങള്‍ വിലപ്പോകില്ലെന്ന് പ്രഖ്യാപിച്ചു. അഴിമതിനിറഞ്ഞ ഏകാധിപത്യവാഴ്ചയ്ക്ക് അന്ത്യംകുറിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ജനങ്ങള്‍. നഗരകവാടങ്ങള്‍ സൈന്യം അടച്ചിട്ടുണ്ടെങ്കിലും പ്രക്ഷോഭകര്‍ മറ്റ് വഴികളിലൂടെ പ്രവഹിക്കുകയാണ്. ഇതിനിടെ, നാല് ജയിലില്‍നിന്ന് ആയിരക്കണക്കിന് തടവുകാര്‍ രക്ഷപ്പെട്ടു. ഗാര്‍ഡുകളെ കീഴ്പ്പെടുത്തിയായിരുന്നു കൂട്ടജയില്‍ചാട്ടങ്ങള്‍. സായുധസംഘങ്ങള്‍ ജയില്‍ ആക്രമിച്ച് തീവ്രവാദികളെ മോചിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. അവസരം മുതലെടുത്ത് സാമൂഹ്യവിരുദ്ധര്‍ കഴിഞ്ഞദിവസങ്ങളില്‍ കൊള്ള നടത്തിയിരുന്നു. ഇത് നേരിടാന്‍ ഓരോപ്രദേശത്തും ജനങ്ങള്‍ സ്വയം സംഘടിച്ച് സന്നദ്ധസേനകള്‍ രൂപീകരിച്ച് കാവല്‍ ഏര്‍പ്പെടുത്തി.

ജനകീയപ്രക്ഷോഭം വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചെന്ന് കരുതുന്ന ഖത്തര്‍ കേന്ദ്രമായുള്ള അല്‍ ജസീറ ചാനലിനോട് ഈജിപ്തില്‍നിന്നുള്ള സംപ്രേഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കെയ്റോയിലെ തഹ്രിര്‍(വിമോചന) ചത്വരത്തില്‍ നിരോധനാജ്ഞ ലംഘിച്ചാണ് പതിനായിരങ്ങള്‍ ഒത്തുചേര്‍ന്നിരിക്കുന്നത്. 'മുബാറക്ക്, മുബാറക്ക്, വിമാനം കാത്തുനില്‍ക്കുന്നു' എന്ന് മുദ്രാവാക്യം മുഴക്കുകയാണ് ജനാവലി. മുബാറക്ക് അധികാരമൊഴിഞ്ഞ് രാജ്യംവിട്ടുപോകണമെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ടാങ്കുകളുടെയും കവചിതവാഹനങ്ങളുടെയും മുകളില്‍ ജനങ്ങള്‍ കയറിക്കൂടിയിരിക്കുന്നു. ഞായറാഴ്ച ഈജിപ്തില്‍ പ്രവൃത്തിവാരത്തിന്റെ തുടക്കനാളാണെങ്കിലും വ്യാപാരസ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും തുറന്നില്ല. സൂയസ്, അലക്സാന്‍ഡ്രിയ, ലക്സര്‍, അസ്യൂത്, വടക്കന്‍ സീനായ് നഗരങ്ങളിലും പ്രക്ഷോഭം ശക്തമാണ്. വിദേശരാജ്യങ്ങള്‍ ഈജിപ്തില്‍നിന്ന് തങ്ങളുടെ പൌരന്മാരുടെ ഒഴിപ്പിച്ചുതുടങ്ങി. അതേസമയം, ഈജിപ്തില്‍ ക്രമപ്രകാരമുള്ള ഭരണമാറ്റം നടക്കണമെന്നും അത് ജനവികാരം മാനിച്ചുള്ളതായിരിക്കണമെന്നും അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ളിന്റ പറഞ്ഞു.

ഈജിപ്ത് പ്രക്ഷോഭത്തിന് ലോകവ്യാപക പിന്തുണ

വാഷിങ്ടണ്‍: ലോകവ്യാപകമായി വിവിധ നഗരങ്ങളില്‍ ഈജിപ്ത്പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകടനങ്ങള്‍ നടന്നു. വാഷിങ്ടണില്‍ വൈറ്റ്ഹൌസിനുമുന്നില്‍ നടന്ന പ്രകടനത്തില്‍ മുബാറക്കിന്റെ ചിത്രത്തില്‍ ജനങ്ങള്‍ പാദരക്ഷകൊണ്ട് പ്രഹരിച്ചു. അമേരിക്കയില്‍ ചിക്കാഗോ, അറ്റ്ലാന്റ തുടങ്ങിയ നഗരങ്ങളിലും ബ്രിട്ടനില്‍ ലണ്ടനിലും സിറിയ, ലബനന്‍ തുടങ്ങിയ രാജ്യങ്ങളിലും ഈജിപ്ത് പ്രക്ഷോഭത്തിന് പിന്തുണയുമായി ജനങ്ങള്‍ രംഗത്തിറങ്ങി.

രണ്ടാഴ്ച മുമ്പ് അയല്‍രാജ്യമായ ടുണീഷ്യയില്‍ ഏകാധിപതിയുടെ പതനത്തിന് ഇടയാക്കിയ ജനകീയവിപ്ളവത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈജിപ്തില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. യെമന്‍, ജോര്‍ദാന്‍, അള്‍ജീരിയ എന്നീ അറബ്രാജ്യങ്ങളിലും ഏകാധിപത്യഭരണങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. പ്രക്ഷോഭത്തിന് ഇറാന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു
ഉദാരവല്‍ക്കരണനയങ്ങള്‍ ജനജീവിതം ദുസ്സഹമാക്കിയ ഈജിപ്തില്‍ 30 വര്‍ഷമായി അധികാരത്തിലിരിക്കുന്ന മുബാറക്കിന് ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാന്‍ സ്ഥാനത്യാഗം മാത്രമാണ് ഉചിതമായ വഴിയെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും വിജയിക്കണമെന്നില്ല. കനത്ത വിലയും നല്‍കേണ്ടിവരും. നിലവില്‍ പ്രക്ഷോഭം നയിക്കുന്ന മുന്‍ ഐഎഇഎ തലവന്‍ മുഹമ്മദ് അല്‍ ബറാദേയിക്ക് അധികാരം കൈമാറുന്നതിനോട് അമേരിക്കയും യോജിച്ചെന്ന് വരാം. കാരണം അമേരിക്കയ്ക്ക് താല്‍പ്പര്യമുള്ള വ്യക്തിയാണ് ബറാദേയി. അതേസമയം, തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയാല്‍ ഇപ്പോള്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷം വിജയിക്കാനാണ് എല്ലാ സാധ്യതയും.

വിദേശരാജ്യങ്ങള്‍ പൌരന്മാരെ ഒഴിപ്പിക്കുന്നു

വാഷിങ്ടണ്‍/കെയ്റോ: ഈജിപ്ത് സംഭവവികാസങ്ങളില്‍ അമേരിക്കയും ഇസ്രയേലും ഇവര്‍ക്കൊപ്പം നില്‍ക്കുന്ന അറബ്നേതാക്കളും കടുത്ത ആശങ്കയില്‍. മുപ്പതുവര്‍ഷമായി അറബ്മേഖലയില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും താല്‍പ്പര്യം സംരക്ഷിച്ചുവരുന്ന ഭരണാധികാരിയാണ് ഹൊസ്നി മുബാറക്. ഇദ്ദേഹത്തിനെതിരെ ആഞ്ഞടിക്കുന്ന ജനകീയവിപ്ളവത്തിന്റെ പരിണതഫലം ഉറ്റുനോക്കുകയാണ് യാങ്കികളും കൂട്ടാളികളും.

ഇതിനിടെ, വിദേശരാജ്യങ്ങള്‍ ഈജിപ്തില്‍നിന്ന് തങ്ങളുടെ നയതന്ത്രജ്ഞരെയും പൌരന്മാരെയും ഒഴിപ്പിച്ചുതുടങ്ങി. ഇസ്രയേല്‍ പ്രത്യേകവിമാനങ്ങള്‍ നിയോഗിച്ചാണ് ഡസന്‍കണക്കിന് പൌരന്മാരെ നാട്ടിലേക്ക് തിരികെവിളിച്ചത്. കെയ്റോയില്‍ കുടുങ്ങിയിരിക്കുന്ന മുന്നൂറോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ പ്രത്യേകസര്‍വീസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ എയര്‍ഇന്ത്യക്ക് നിര്‍ദേശം നല്‍കി. ഈജിപ്തിലെ ഇന്ത്യന്‍ സ്ഥാനപതി ആര്‍ സ്വാമിനാഥന്‍ സ്ഥിതിഗതികള്‍ വിദേശമന്ത്രാലയത്തെ ധരിപ്പിച്ചു. ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സ്ഥാനപതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. യുഎഇ, സൌദി അറേബ്യ, ലബനന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ രാജ്യങ്ങളിലെ പൌരന്മാരെ മടക്കിക്കൊണ്ടുവരാന്‍ പ്രത്യേക സര്‍വീസുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെയ്റോ വിമാനത്താവള അധികൃതര്‍ പറഞ്ഞു. മൂവായിരത്തോളം പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കയാണ്.

No comments: