Saturday, January 22, 2011

ഏറ്റവും കൂടുതല്‍ കള്ളപ്പണം ഇന്ത്യയില്‍

വിദേശബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളത് ഇന്ത്യയില്‍നിന്ന്. രാജ്യത്ത് നികുതി വെട്ടിച്ചും കൊള്ളപ്പലിശ ഈടാക്കിയും സര്‍ക്കാര്‍ ഇടപാടുകളില്‍ കൈക്കൂലിയും കോഴയും വാങ്ങിയ തുകയാണ് സുരക്ഷിതത്വവും ഉയര്‍ന്ന പലിശയും ലാക്കാക്കി സ്വിസ് ബാങ്കിലും മറ്റും നിക്ഷേപിച്ചത്. സ്വിസ് ബാങ്കില്‍മാത്രം ഇന്ത്യക്കാര്‍ നിക്ഷേപിച്ച കള്ളപ്പണം 65,52,000 കോടി രൂപ വരും. ഇന്ത്യയുടെ വാര്‍ഷിക ബജറ്റിന്റെ ആറര ഇരട്ടി വരുമിത്. ഏറ്റവും ദരിദ്രരായ ഇന്ത്യന്‍ ജനസംഖ്യയിലെ പകുതിയിലധികം പേര്‍ക്ക് ഒരു ലക്ഷം രൂപയെങ്കിലും ഇത് പിടിച്ചെടുത്താല്‍ സൌജന്യമായി നല്‍കാന്‍ കഴിയുമെന്നര്‍ഥം.

സ്വിസ് ബാങ്കില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള രാജ്യം ഇന്ത്യയാണ്. രണ്ടാം സ്ഥാനത്ത് റഷ്യ. 47000 കോടി ഡോളറാണ് റഷ്യയില്‍നിന്നുള്ള നിക്ഷേപം. മൂന്നാം സ്ഥാനം ഇംഗ്ളണ്ടും നാലാം സ്ഥാനം ഉക്രയ്നും പങ്കിടുന്നു. സ്വാതന്ത്യ്രത്തിനു ശേഷംമാത്രം 71 ലക്ഷം കോടി രൂപയാണ് ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് കടത്തിയതെന്ന് ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റ്രഗ്രിറ്റി റിപ്പോര്‍ട്ട് പറയുന്നു. അതിന്റെ ഭൂരിപക്ഷവും സ്വിസ് ബാങ്കിലാണുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍നിന്ന് സ്വിറ്റ്്സര്‍ലന്‍ഡിലേക്ക് വര്‍ഷംതോറും 80,000 പേരെങ്കിലും ഓരോ വര്‍ഷവും പറക്കുന്നുണ്ട്. കള്ളപ്പണം തിരിച്ചു നല്‍കാനും അക്കൌണ്ട് ഉടമകളുടെ പേര് നല്‍കാനും സ്വിസ് സര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറാണ്. സ്വിസ് ബാങ്കിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മിഥിയാസ് ബക്ക്മാന്‍ കള്ളപ്പണം സര്‍ക്കാരിന് തിരിച്ചു നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം യുഎന്‍ പൊതുസഭാ സമ്മേളനം ചേര്‍ന്ന വേളയിലാണ് ഈ വാഗ്ദാനം മുന്നോട്ടുവച്ചത്. എന്നാല്‍, സര്‍ക്കാര്‍ ഇതിനാവശ്യമായ ഒരു നീക്കവും നടത്തിയിട്ടില്ല. വിദേശ രാജ്യങ്ങളുമായി ഒപ്പിട്ട കരാറിന്റെയും മറ്റും ലംഘനമാകുമെന്ന് പറഞ്ഞ് ഈ കൊള്ളക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് പ്രധാനമന്ത്രിയടക്കമുള്ളവര്‍ സ്വീകരിച്ചത്. ധനമന്ത്രി പ്രണബ് മുഖര്‍ജിയോട് ഇക്കാര്യം വിശദീകരിക്കാന്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണക്കാരെ പ്രതിരോധിക്കാനുള്ള ചുമതലയാണ് പ്രണബിനെ പ്രധാനമന്ത്രി ഏല്‍പ്പിച്ചിട്ടുള്ളത്.

Friday, January 21, 2011

കേരളം വികസന കുതിപ്പിലേക്ക്

എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തില്‍ ഏറ്റെടുത്തത് 50,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ചരിത്രത്തില്‍ സ്ഥാനംപിടിക്കുന്ന വികസന പ്രക്രിയക്കാണ് സംസ്ഥാനം സാക്ഷ്യംവഹിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ ചെലവിട്ടത് 19,000 കോടി രൂപയാണ്. എല്ലാ സര്‍ക്കാരും ഒരുപോലെയാണെന്നു പറയുന്നവര്‍ക്കുള്ള മറുപടിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനരംഗത്തെ പ്രവര്‍ത്തനം. നെട്ടയം മുക്കോലയില്‍ സിപിഐ എം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

നികുതി വര്‍ധനയില്ലാതെ അധിക വിഭവസമാഹരണം സാധ്യമാക്കിയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തിയത്. നികുതി വെട്ടിപ്പ് തടഞ്ഞു. സാമ്പത്തിക അരാജകത്വം ഇല്ലാതാക്കി. യുഡിഎഫ് ഭരണത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 300 കോടിയായിരുന്നു. എല്‍ഡിഎഫ് ഭരണത്തില്‍ നാലു വര്‍ഷത്തില്‍ പൊതുമേഖലയുടെ ലാഭം 600 കോടി രൂപ. 39 വര്‍ഷത്തിനിടെ സംസ്ഥാനത്ത് പുതിയ പൊതുമേഖലാ സ്ഥാപനമൊന്നും തുടങ്ങിയില്ല. ഈ സര്‍ക്കാര്‍ ഇതിനായി 200 കോടി രൂപ നീക്കിവച്ചു. എട്ടു പുതിയ സ്ഥാപനം രണ്ടു മാസത്തിനകം ആരംഭിക്കും. രണ്ടായിരത്തില്‍പ്പരം പുതിയ തൊഴിലവസരമുണ്ടാകും.

41 ലക്ഷം കുടുംബത്തിന് കിലോക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കുന്നു. 50 കഴിഞ്ഞ 45,000 അവിവാഹിതരായ സ്ത്രീകള്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു. വനിതകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണം ഉറപ്പാക്കി. ക്രമസമാധാനത്തില്‍ നാലുവര്‍ഷം തുടര്‍ച്ചയായി ഒന്നാമതെത്തുന്ന സംസ്ഥാനമായി കേരളം മാറി. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഒരുവിധ അഴിമതിയും ആരോപിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. സാമൂഹ്യനീതി എന്ന മുദ്രാവാക്യം എങ്ങനെ പ്രായോഗികമാക്കാമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തെളിയിച്ചു. വിവിധ രംഗത്ത് കേരളം മുന്നോട്ടുവയ്ക്കുന്ന മാതൃക ദേശീയതലത്തില്‍ നടപ്പാക്കാന്‍ തയ്യാറാണോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. പെട്രോളിന് അടിക്കടി വിലവര്‍ധിപ്പിക്കുന്നതിന്റെ ന്യായീകരണം എന്തെന്ന് കോണ്‍ഗ്രസ് ജനങ്ങളോട് വിശദീകരിക്കണം. കേട്ടാല്‍ ഞെട്ടുന്ന അഴിമതികളിലൂടെ രാജ്യത്തെ നാണംകെടുത്തുകയാണ് കേന്ദ്രഭരണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവ് ജി തങ്കപ്പന്‍നായര്‍ അധ്യക്ഷനായി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: ഒരു ചുവടുകൂടി മുന്നോട്ട്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ പദ്ധതി പ്രവര്‍ത്തനം ഒരു ചുവടുകൂടി മുന്നോട്ട്. ജൂണില്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി അവസാനവാരത്തിനു മുമ്പ് എല്ലാ നടപടിയും പൂര്‍ത്തിയാക്കി മാര്‍ച്ചില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ കേരളത്തിന്റെ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

സംസ്ഥാനസര്‍ക്കാര്‍ കഴിഞ്ഞ നാലരവര്‍ഷമായി നടത്തിയ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനമാണ് കടമ്പകള്‍ നീക്കി പദ്ധതി നിര്‍മാണത്തിലേക്ക് വഴിതുറക്കുന്നത്. പദ്ധതിയുടെ അടിസ്ഥാനസൌകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും മികച്ച തുറമുഖമായി വിഴിഞ്ഞം മാറും. ഇപ്പോള്‍ കൊളംബോ, സിങ്കപ്പൂര്‍, ദുബായ്, അല്‍സലാല എന്നീ വിദേശ തുറമുഖങ്ങള്‍ വഴിയാണ് ഇന്ത്യയുടെ ഇറക്കുമതി-കയറ്റുമതിയുടെ 70 ശതമാനവും ട്രാന്‍സ്ഷിപ് ചെയ്യുന്നത്. ഇതുമൂലം വിദേശനാണ്യ ഇനത്തില്‍ പ്രതിവര്‍ഷം 1000 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ ഈ നഷ്ടം ഇല്ലാതാക്കാനാകും.

വിഴിഞ്ഞം തുറമുഖം; റോഡിനായുള്ള ഭൂമി ഏറ്റെടുക്കല്‍ ജനുവരി അവസാനത്തോടെ പൂര്‍ണമാകും

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒന്നാംഘട്ട അനുമതി ലഭിച്ചതോടെ തുറമുഖ നിര്‍മാണനടപടി ത്വരിതഗതിയില്‍ മുന്നോട്ട്. പശ്ചാത്തലസൌകര്യമൊരുക്കുന്നതിന്റെ ഭാഗമായുള്ള തുറമുഖ റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ നടപടി അന്ത്യഘട്ടത്തിലാണ്. ഏറ്റെടുക്കാനുള്ള 17 ഏക്കര്‍ ഭൂമിയില്‍ 16 ഏക്കറും ഏറ്റെടുത്തുകഴിഞ്ഞു. ഇതിന്റെ രജിസ്ട്രേഷനും നഷ്ടപരിഹാരവിതരണവും പൂര്‍ത്തിയായിക്കഴിഞ്ഞു. ജനുവരി അവസാനത്തോടെ ശേഷിക്കുന്നവ ഏറ്റെടുക്കും. പശ്ചാത്തല സൌകര്യങ്ങളുടെ ഭാഗമായുള്ള ബാക്ക്അപ് ട്രക്ക്യാര്‍ഡ് എന്നിവയ്ക്കുള്ള സ്ഥലമേറ്റെടുക്കല്‍ സര്‍വേ നടപടികളും പൂര്‍ത്തീകരിച്ചു. രജിസ്ട്രേഷന്‍ നടപടി പുരോഗമിക്കുന്നു. വെയര്‍ഹൌസ് നിര്‍മാണത്തിനായി കോട്ടുകാല്‍ പഞ്ചായത്ത് പ്രദേശത്തുനിന്ന് ഏറ്റെടുക്കുന്ന നാല്‍പ്പത് ഹെക്ടര്‍ ഭൂമിയുടെ സര്‍വേജോലികളും പൂര്‍ത്തിയായി. ജനുവരി അവസാനത്തില്‍ കലക്ടര്‍ അധ്യക്ഷനായുള്ള വിലനിര്‍ണയ സമിതികൂടി ഭൂമിയുടെ വില നിര്‍ണയിച്ചുകൊണ്ടുള്ള അവസാന തീരുമാനം എടുക്കും. തുറമുഖ റോഡ് നിര്‍മാണപ്രദേശത്തെ മണ്ണുപരിശോധന പുരോഗമിക്കുകയാണ്. വെള്ളായണിക്കായല്‍ സ്രോതസ്സാക്കിയുള്ള ശുദ്ധജലവിതരണത്തിന്റെയും വൈദ്യുതിവിതരണത്തിന്റെയും നിര്‍മാണനടപടികളും പൂര്‍ത്തിയായി. ബാലരാമപുരം മുതല്‍ മുല്ലൂര്‍വരെയുള്ള റെയില്‍വേലൈനിന്റെ സര്‍വേ നടപടിയും പൂര്‍ത്തിയായി. മാര്‍ച്ചില്‍ തുറമുഖ നിര്‍മാണം ആരംഭിക്കുന്ന തരത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

160 പൊലീസ് സ്റ്റേഷനില്‍ സ്ത്രീസൌഹൃദ കേന്ദ്രം: കോടിയേരി

സംസ്ഥാനത്തെ 160 പൊലീസ് സര്‍ക്കിള്‍ ഓഫീസില്‍ സ്ത്രീസൌഹൃദ കേന്ദ്രം ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഓരോ കേന്ദ്രത്തിലും ഒരു വനിതാഅഭിഭാഷകയുടെ സേവനം പരാതിക്കാര്‍ക്ക് ലഭ്യമാക്കും. സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും. സ്ത്രീകളുടെ, കുട്ടികളുടെ പരാതികള്‍ക്ക് കേന്ദ്രത്തില്‍ പരിഗണന ലഭിക്കും. മണ്ണന്തല പൊലീസ് സ്റ്റേഷന്റെയും സ്റ്റേഷന്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിറ്റി പൊലീസിങ് സമ്പ്രദായം 100 പൊലീസ് സ്റ്റേഷനിലേക്ക് വ്യാപിപ്പിക്കുന്ന നടപടി തുടങ്ങി. പൊലീസില്‍ വനിതകള്‍ക്കായി പ്രത്യേക ബറ്റാലിയന്‍ ആരംഭിക്കും. എസ്ഐ തസ്തികയിലേക്ക് വനിതകളെ നേരിട്ട് തെരഞ്ഞെടുക്കും. പൊലീസ് സ്റ്റേഷനുകളില്‍ സ്ത്രീകളുടെ പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കും. പൊലീസ് സ്റ്റേഷനുകളുടെ ശാക്തീകരണത്തിന് കൂടുതല്‍ നടപടി സ്വീകരിക്കും. നിരപരാധികള്‍ക്ക് പൊലീസിലുള്ള ഭയം ഒഴിവാക്കുന്നതിനും കുറ്റവാളികള്‍ക്ക് ഭയം ഉളവാക്കുന്നതിനും സേനയുടെ ശാക്തീകരണത്തിന് സഹായിക്കുന്നതാണ് പുതിയ പൊലീസ് നിയമം.

ദേശാഭിമാനി 20.01.11

Wednesday, January 19, 2011

സേവനവഴിയില്‍ പുതു മാതൃകയുമായി വൈദ്യുതി ഓഫീസുകള്‍

പുതുവത്സര സുദിനം മുതല്‍ വൈദ്യുതി ഓഫീസുകള്‍ മറ്റ് ഓഫീസുകള്‍ക്ക് മാതൃകയായി സേവനവഴിയില്‍ പുതുവെളിച്ചം പകരുകയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ 75 സെക്ഷനുകളില്‍ നടപ്പാക്കിയ മാതൃക ഓഫീസ് സംവിധാനം കേരളത്തിലെ എല്ലാ വൈദ്യുതി സെക്ഷന്‍ ഓഫീസുകളിലും ജനുവരി ഒന്നിന് നടപ്പാകും. പരാതി പരിഹാരത്തിന് 24 മണിക്കുറും സംവിധാനമുണ്ടാകും. ലൈന്‍മാന്‍ ഇഷ്ടമനുസരിച്ച് അറ്റകുറ്റപ്പണി നടത്തുന്നതിനുപകരം ബ്രേക്ക്ഡൌൺ വിങ്, മെയിന്റനന്‍സ് വിങ്, റവന്യൂ വിങ് എന്നിങ്ങനെ മൂന്നായി വിഭജിച്ചാണ് വൈദ്യുതി ഓഫീസിന്റെ പ്രവര്‍ത്തന രീതിയാകെ അഴിച്ചുപണിതിട്ടുള്ളത്.

അടിയന്തര അറ്റകുറ്റപ്പണിക്കാണ് ബ്രേക്ക്ഡൌൺ വിങ്. ഒരു സബ്എന്‍ജിനിയറുടെ നേതൃത്വത്തില്‍ മൂന്ന് ഓവര്‍സിയര്‍, എട്ട് ലൈന്മാന്‍ എന്നിവര്‍ ഈ സംഘത്തിലുണ്ടാകും. പരാതികള്‍ക്ക് ഉടന്‍ തീര്‍പ്പാക്കുകയാണ് ചുമതല. തുടര്‍ച്ചയായുണ്ടാകുന്ന ലൈന്‍ തകരാര്‍ പരിഹരിക്കുന്നതിനാണ് മെയിന്റനന്‍സ് വിങ്. ലൈന്‍ പരിശോധന, തൂണുകള്‍ മാറ്റല്‍, ലൈനിലെ തടസ്സം നീക്കല്‍ തുടങ്ങിയവ ഈ സംഘം ചെയ്യും. ഒരു സബ്എന്‍ജിനിയര്‍, രണ്ട് ഓവര്‍സിയര്‍, രണ്ട് ലൈന്‍മാന്‍, നാല് വര്‍ക്കര്‍ എന്നിവരടങ്ങുന്നതാണ് സംഘം.

കണക്ഷന്‍ പ്രശ്നം പരിഹരിക്കുന്നതിനാണ് റവന്യൂ വിങ്. ഡിസ്കണക്ഷന്‍, റീകണക്ഷന്‍, പുതിയ കണക്ഷന്‍ തുടങ്ങിയവ ഇവര്‍ നിര്‍വഹിക്കും. ഒരു സബ്് എന്‍ജിനിയര്‍, രണ്ട് ലൈന്‍മാന്‍, രണ്ട് വര്‍ക്കര്‍ എന്നിവരടങ്ങുന്നതാണ് ഈ സംഘം. സമയബന്ധിതമായി പരാതി പരിഹരിക്കുന്നതിന് ദിവസവും രാവിലെയും വൈകിട്ടും ചെയ്ത ജോലി സംബന്ധിച്ച പരിശോധനയും ബാക്കി ജോലി അടുത്ത ദിവസം തീര്‍ക്കുമെന്ന് ഉറപ്പാക്കലും പുതിയ സംവിധാനത്തിന്റെ ഭാഗമാണ്്. അപകടം, പ്രസ രണ നഷ്ടം എന്നിവ കുറയ്ക്കുന്നതിനും വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനും ജനങ്ങളുടെ പരാതി കുറയ്ക്കാനും പുതിയ രീതി സഹായിക്കും.

നൂതന സംവിധാനം പൂര്‍ണമായും നടപ്പിലാകാന്‍ ദിവസങ്ങളെടുക്കും. സംസ്ഥാനത്ത് 3000 പേര്‍ക്കാണ് മസ്ദൂര്‍മാരായി ഇപ്പോള്‍ നിയമനം നൽകിയത്. അറുന്നൂറോളം അസിസ്റ്റന്റ് എഞ്ചിനീയർമാരേയും പുതുതായി നിയമിച്ചു. ആയിരക്കനക്കിന് പ്രമോഷനുകളും നൽകി.

കേരളം സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്

ആറ് മാസത്തിനകം  എല്ലാ ജില്ലകളിലും സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കാനാകും. 52 നിയമസഭാ  മണ്ഡലങ്ങളില്‍  വൈദ്യുതീകരണം പൂര്‍ത്തിയായി. 48 മണ്ഡലങ്ങള്‍ കൂടി ഈ സര്‍ക്കാറിന്റെ കാലത്ത്  വൈദ്യുതീകരിക്കും. ഇതോടെ നൂറ് മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണമാകും.

തൃശൂര്‍ ജില്ലയിലെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം ജനുവരി 22ന് മുഖ്യമന്ത്രി നിര്‍വഹിക്കും. പാലക്കാട് നേരത്തെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായിരുന്നു. തൃശൂരില്‍ നടക്കുന്ന ചടങ്ങില്‍ സ്‌പീക്കറും മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.  ശാസ്ത്ര-വിജ്ഞാന-വിനോദ പരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. 207912 കണക്ഷനുകളാണ് സമ്പൂര്‍ണ വെദ്യുതീകരണത്തിനായി നല്‍കിയത്. ഇതില്‍ 25065 കുടുംബങ്ങള്‍ ബി.പി.എല്‍ വിഭാഗത്തിലാണ്. 17.5 കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. ഇതില്‍ അഞ്ച് കോടി എം.എല്‍.എ ഫണ്ടും 49.50 ലക്ഷം എം.പി. ഫണ്ടില്‍ നിന്നും എട്ട് കോടി വൈദ്യുതി ബോര്‍ഡിന്‍േറതുമാണ്. തൃശൂരില്‍ 35 ഓളം വീടുകളില്‍ സൗരോര്‍ജമാണ് എത്തിച്ചത്.

ഇന്ധന വില വര്‍ധന സ്വകാര്യ എണ്ണകമ്പനികള്‍ക്കുവേണ്ടി

ഇന്ധനവില അടിക്കടി ഉയര്‍ത്തുന്നതിനു പിന്നില്‍ റിലയന്‍സ്‌, എസ്സാര്‍ തുടങ്ങിയ സ്വകാര്യ എണ്ണക്കമ്പനികളുടെ സമ്മര്‍ദം. ഇവരുടെ ഇംഗിതം നടപ്പാക്കാന്‍ ആയുധമായി കേന്ദ്രം ഉപയോഗിക്കുന്ന ഇടനിലക്കാര്‍ മാത്രമാണു പൊതുമേഖലാ എണ്ണക്കമ്പനികള്‍.

കഴിഞ്ഞ ദിവസം പെട്രോള്‍വില വര്‍ധിപ്പിച്ചിട്ടും എണ്ണക്കമ്പനികളുടെ നഷ്‌ടക്കഥ നിരത്തി ഡീസല്‍, പാചകവാതകം, മണ്ണെണ്ണ വില കൂട്ടാനുള്ള നീക്കത്തിലാണു പെട്രോളിയം മന്ത്രി. അടുത്ത ദിവസം ചേരുന്ന മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ ഇതാണു മുഖ്യ അജന്‍ഡ. ഡീസല്‍വില ലിറ്ററിന്‌ 3.50 രൂപ വരെയും പാചകവാതകം സിലിണ്ടറിന്‌ 25-50 രൂപ വരെയും മണ്ണെണ്ണക്കു പരമാവധിയും വില കൂട്ടാനുള്ള മുന്നൊരുക്കങ്ങളാണു നടക്കുന്നത്‌. അമിത ലാഭത്തിന്റെ ലാഞ്‌്ഛന കണ്ടാലുടന്‍ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തുടങ്ങും. ആഗോള ഭീമന്മാരാണ്‌ ഈ ഓഹരികളില്‍ കണ്ണുവച്ചിരിക്കുന്നത്‌.

രാജ്യാന്തര ക്രൂഡോയില്‍ വില വീപ്പയ്‌്ക്ക്‌ 92-93 ഡോളറില്‍ എത്തിയെന്നതാണ്‌ വിലകൂട്ടാന്‍ പറയുന്ന ന്യായം. അസംസ്‌കൃത എണ്ണയ്‌ക്ക് ഏറ്റവും വലിയ വിലക്കയറ്റമുണ്ടായത്‌ 2008 ലാണ്‌. പണപെരുപ്പവും മാന്ദ്യവുംകൊണ്ട്‌ സമ്പദ്‌ വ്യവസ്‌ഥ ഏറ്റവും ദുരിതത്തിലായതും അക്കൊല്ലമാണ്‌. 2008 ഫെബ്രുവരിയില്‍ ക്രൂഡോയില്‍ വില ഇന്നത്തേതിനു സമാനമായിരുന്നു. പെട്രോളിന്‌ അന്നത്തെ ശരാശരി വില 46 രൂപ. ഇതേ നിലവാരത്തില്‍ നോക്കിയാല്‍ ഇപ്പോളത്തെ പെട്രോള്‍വില വര്‍ധന 28 ശതമാനമാണ്‌. 2008 രണ്ടാം പകുതിയില്‍ ക്രൂഡോയില്‍ വില 100 ഡോളറിനപ്പുറം കടന്നു.

അന്ന്‌് ക്രൂഡോയിലിന്റെ 5% ഇറക്കുമതിച്ചുങ്കം ഉപേക്ഷിച്ചു. പെട്രോള്‍, ഡീസല്‍ കസ്‌റ്റംസ്‌ തീരുവ 7.5-ല്‍നിന്ന്‌ 2.5 ശതമാനമാക്കി. എക്‌സൈസ്‌ തീരുവ ലിറ്ററിന്‌ ഒരു രൂപ കുറച്ചു. വില നിര്‍ണയത്തിനുള്ള പൂര്‍ണ അധികാരം അന്ന്‌ സര്‍ക്കാരിനായിരുന്നു. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി ഈ തീരുവകളെല്ലാം പുനഃസ്‌ഥാപിച്ചു. നിര്‍ണായകഘട്ടം വരുമ്പോള്‍ ഇടപെടുമെന്നു വാക്കു നല്‍കി. കഴിഞ്ഞ ജൂണില്‍ എല്ലാ ഇന്ധനങ്ങള്‍ക്കും വില ഉയര്‍ത്തിയതിനൊപ്പം പെട്രോള്‍വില നിര്‍ണയിക്കാനുള്ള അധികാരം വിപണിക്കു കൈമാറിക്കൊണ്ട്‌ കേന്ദ്രം ജനത്തിന്‌ ഇരട്ട പ്രഹരമേല്‍പിച്ചു. അടിയന്തര ഘട്ടങ്ങളില്‍ ഇടപെടാമെന്ന ആശ്വാസവാക്ക്‌ ആവര്‍ത്തിക്കുകയും ചെയ്‌തു. എണ്ണ ഭീമന്മാര്‍ക്ക്‌ ആശ്വാസമെത്തിക്കാനുള്ള ഇടപെടല്‍ മാത്രമായി ഇതു തരംതാണു.

ഇന്ത്യയില്‍ ശുദ്ധീകരിക്കുന്ന എണ്ണയില്‍ 40 ശതമാനത്തോളം ഇവിടെനിന്നു കുഴിച്ചെടുക്കുന്നതാണ്‌. ഈ എണ്ണയ്‌ക്കും ഇറക്കുമതി ക്രൂഡോയിലിന്റെ വില തന്നെയാണ്‌ു ചെലുത്തുന്നത്‌്. പെട്രോളില്‍ അഞ്ചു ശതമാനം എഥനോള്‍ കലര്‍ത്തി നടത്തുന്ന ഔദ്യോഗിക തട്ടിപ്പാണു മറ്റൊന്ന്‌. പെട്രോളില്‍ പകുതി വിലയുള്ള എഥനോള്‍ ചേര്‍ക്കുമ്പോള്‍ ചില്ലിക്കാശുപോലും ഇളവുചെയ്യാന്‍ കമ്പനികള്‍ തയ്യാറല്ല.

ഇന്ധനവില വര്‍ധനയെ കോണ്‍ഗ്രസ്‌ പോലും എതിര്‍ത്തിട്ടും വില വീണ്ടും കൂട്ടാനുള്ള ധാര്‍ഷ്‌ട്യമാണ്‌ മന്ത്രിമാര്‍ കാട്ടുന്നത്‌. അടുത്ത ബജറ്റില്‍ നികുതി കുറയുമെന്നു സ്വപ്‌നം കാണുന്ന ഒരു വിഭാഗവും സര്‍ക്കാരിലുണ്ട്‌. ഈ അരക്ഷിതാവസ്‌ഥ വീണ്ടും മുതലെടുക്കാനാണ്‌ സ്വകാര്യ എണ്ണ കമ്പനികളുടെ പരിപാടി. ഡീസല്‍വില സ്വതന്ത്രമാക്കുന്ന സുദിനം കാത്തിരിക്കുകയാണ്‌് ഇക്കൂട്ടര്‍. ഡീസല്‍ വിലനിയന്ത്രണവുംകൂടി സര്‍ക്കാരിന്റെ കൈവിട്ടുപോയാല്‍ പിന്നെ സ്വകാര്യ കമ്പനികള്‍ അജണ്ട നിശ്‌ചയിക്കും.

Tuesday, January 18, 2011

ടുണീഷ്യന്‍ ഇഫക്ടില്‍' ഈജിപ്തിലും അള്‍ജീരിയയിലും ആത്മഹത്യാശ്രമങ്ങള്‍

രൂക്ഷമായ തൊഴില്‍ പ്രതിസന്ധിയും ഭക്ഷ്യവസ്തുക്കളുടെ ഉയര്‍ന്നവിലയും താങ്ങാനാകാത്തതിനെതുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ക്ക് കളമൊരുങ്ങുന്ന രാജ്യങ്ങളിലെ പ്രക്ഷോഭകര്‍ ടുണീഷ്യയെ മാതൃകയാക്കുന്നതായി ആശങ്ക. ഒരു മാസത്തിലേറെയായി ടുണീഷ്യയില്‍ നടന്നുവന്ന സമരത്തെ ആളിക്കത്തിച്ചത് മുഹമ്മദ് ബവാസീസി എന്ന 26കാരനായ  തൊഴില്‍ രഹിതന്‍ നടത്തിയ ആത്മാഹൂതിയായിരുന്നു. സമരത്തില്‍ സജീവമായി പങ്കെടുത്ത ബവാസീസി സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് സമരത്തിനിടയില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഡിസംബര്‍ മധ്യത്തോടെയായിരുന്നു ഇത്. ജനുവരി ആദ്യവാരത്തോടെ ഇദ്ദേഹം മരണമടഞ്ഞതിനെത്തുടര്‍ന്ന് പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയായിരുന്നു.

ഇതേ മാതൃക പിന്തുടര്‍ന്ന് ഈജിപ്തിലും അള്‍ജീരിയയിലും ആത്മഹത്യാശ്രമങ്ങളുണ്ടായതാണ് ലോകത്തെ ആശങ്കയിലാഴ്ത്തിയത്. ഈജിപ്തില്‍ കെയ്‌റോയിലെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലാണ് 49 കാരനായ അബ്ദു അബ്ദില്‍ മോനിം ഗാഫര്‍ സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. മുന്‍ റസ്റ്റോറന്റ് ഉടമയായ ഗാഫര്‍ സര്‍ക്കാര്‍ നയങ്ങള്‍ കാരണം തന്റെ വ്യാപാരം അവസാനിപ്പിക്കേണ്ടിവന്നുവെന്ന് ആരോപിച്ചാണ് പെട്രോളൊഴിച്ച് കത്തിച്ച് ആത്മാഹൂതി ശ്രമം നടത്തിയത്. തന്റെ രാജ്യം ഒരു പൗരനു നല്‍കേണ്ട മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ടാണ് ഗാഫര്‍ ആത്മഹത്യാശ്രമം നടത്തിയത്. പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ തീയണച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.

അള്‍ജീരിയയില്‍ മേയറെ കാണാന്‍ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തത് . തൊഴിലില്ലായ്മയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി മേയറൈ സന്ദര്‍ശിക്കാനെത്തിയ 20 അംഗസംഘത്തിലെ അംഗമായിരുന്ന 37 കാരന്‍ മോച്ചിന്‍ ബോട്ടര്‍ഫിറ്റ് ടൗണ്‍ഹാളിനു മുന്നില്‍ ശരീരത്തില്‍  തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച മുതല്‍ നാല് ആത്മഹത്യാശ്രമങ്ങളാണ് അള്‍ജീരിയയില്‍ നടന്നത്. കഴിഞ്ഞ ഞായറാഴ്ച 34 കാരനായ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയത് പൊലീസ് വിഫലമാക്കിയിരുന്നു. രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്തിനു മുന്നിലായിരുന്നു  യുവാവിന്റെ ആത്മഹത്യാശ്രമം. കഴിഞ്ഞ വെളളിയാഴ്ച അള്‍ജിയേഴ്‌സിന് പുറത്തുളള പൊലീസ് സ്റ്റേഷനുമുന്നില്‍ 27 കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

ടുണീഷ്യയ്ക്ക് സമീപമുളള രാജ്യങ്ങളിലേയ്ക്ക് ജനങ്ങള്‍ സ്വയംഹത്യ ഉള്‍പ്പെടെയുളള സമരമാര്‍ഗ്ഗങ്ങളുമായി മുന്നോട്ട് വരുന്നത് മേഖലയിലെ മറ്റുരാജ്യങ്ങളിലെ ഭരണകൂടങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.

ടുണീഷ്യയില്‍ പ്രക്ഷോഭം തുടരുന്നു

ടുണിസ്: ടുണീഷ്യയില്‍ ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിച്ചു കൊണ്ടുളള തീരുമാനം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കവേ അക്രമാസക്തരായ ജനങ്ങള്‍ തെരുവിലിറങ്ങി. ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് പലായനം ചെയ്ത പ്രസിഡന്റ് സൈന്‍ അല്‍ അബിദിന്‍ ബെന്‍ അലിയുടെ പാര്‍ട്ടി ഇപ്പോഴും അധികാരസ്ഥാനങ്ങള്‍ കൈയാളുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വെടിയുതിര്‍ത്തും ജലപീരങ്കി ഉപയോഗിച്ചും കണ്ണീര്‍ വാതകഷെല്ലുകള്‍ പൊട്ടിച്ചും പൊലീസ് പ്രക്ഷോഭകരെ നേരിട്ടു.

കഴിഞ്ഞ വെളളിയാഴ്ച മുതല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അധികാരത്തില്‍ തുടരുന്ന പ്രധാനമന്ത്രി മുഹമ്മദ് ഗനൗച്ചി എത്രയും പെട്ടെന്ന് തന്നെ സര്‍വകക്ഷിസര്‍ക്കാരിന്റെ രൂപീകരണം പ്രഖ്യാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രക്ഷോഭകര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ബെന്‍ അലിയുടെ കോണ്‍സ്റ്റിറ്റിയൂഷണല്‍ ഡെമോക്രാറ്റിക് റാലി (ആര്‍ സി ഡി) പാര്‍ട്ടി അധികാരത്തില്‍ പങ്കാളിയാകുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കി. കഴിഞ്ഞ 23 വര്‍ഷമായി അധികാരത്തിലിരുന്ന ബെന്‍ അലിയാണ് രാജ്യത്തെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. തൊഴിലില്ലായ്മയും വര്‍ധിച്ച തോതിലുളള ഭക്ഷ്യവിലയും അഴിമതിയും ജനങ്ങളെ പ്രക്ഷോഭരംഗത്തേയ്ക്ക് തളളിവിടുകയായിരുന്നു.

മുന്‍ പാര്‍ലമെന്റ് സ്പീക്കറും ഇടക്കാല പ്രസിഡന്റുമായ ഫൗദ് മെബാസയുടെ നേതൃത്വത്തില്‍ എത്രയും പെട്ടെന്ന് തന്നെ കൂട്ടുകക്ഷിസര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഗനൗച്ചി പ്രഖ്യാപിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി ചില ധാരണകളില്‍ എത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലുകളെ തുടര്‍ന്ന് സര്‍ക്കാര്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. സൈന്യത്തിന്റെ  കവചിത വാഹനങ്ങള്‍ നഗരത്തിലെങ്ങും റോന്തു ചുറ്റുന്നുണ്ട്. എത്രയും പെട്ടെന്നുതന്നെ സര്‍ക്കാര്‍ രൂപീകരിക്കാനും അക്രമിസംഘങ്ങള്‍ രാജ്യത്ത് അഴിഞ്ഞാടുന്നത് തടയാനും നടപടി സ്വീകരിക്കാന്‍ ഫ്രാന്‍സ് ടുണീഷ്യന്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഒരു മാസത്തോളമായി തുടരുന്ന പ്രക്ഷോഭത്തില്‍ വ്യാപാര സ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും അടഞ്ഞുകിടക്കുന്നത് ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.