Showing posts with label Politics. Show all posts
Showing posts with label Politics. Show all posts

Monday, January 3, 2011

കേരളത്തെ സംരക്ഷിച്ചത് എല്‍ഡിഎഫിന്റെ ബദല്‍ നയം: കാരാട്ട്

ലോകം സാമ്പത്തികപ്രതിന്ധിയിലായപ്പോഴും കേരളത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയത് പൊതുമേഖലാസ്ഥാപനങ്ങളുടെ നവീകരണവും പുന:സംഘടനയുമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐഎം നേതൃത്വത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര പഠന കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നഷ്ടത്തിലായിരുന്ന സ്ഥാപനങ്ങളാണ് കേരളം ലാഭത്തിലാക്കിയത്. കേരളത്തിന്റെ വികസനത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായതുകൊണ്ടാണ് കുത്തകമുതലാളികള്‍ ആത്മഹത്യാസംസ്ഥാനങ്ങളാക്കി മാറ്റിയവയില്‍ കേരളം ഉള്‍പ്പെടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവിഭാഗം ജനങ്ങളുടെയും ക്ഷേമം കേരളത്തില്‍ പരിഗണിക്കപ്പെട്ടു. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തിയ വീടും ഭക്ഷ്യസഹായവുമൊക്കെ ശ്രദ്ധിക്കപ്പെട്ടു. കാര്‍ഷികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല പിന്തുണ ലഭിച്ചു. ആസിയാന്‍ കാരാറിന്റെ പശ്ചാത്തലത്തിലും കേരളത്തിന്റെ ഉല്‍പന്നങ്ങള്‍ക്ക് നല്ല സ്വീകാര്യതയുണ്ട്. 15000 ഹെക്ടര്‍ സ്ഥലത്താണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ മാത്രം നെല്‍കൃഷി ആരംഭിച്ചത്. ഭക്ഷ്യസുരക്ഷാരംഗത്ത് മികച്ച നേട്ടമാണ് .

കേന്ദ്രം കൈവെടിഞ്ഞപ്പോഴും പ്രവാസികള്‍ക്കും ഗള്‍ഫ് മലയാളികള്‍ക്കുമായി കേരളം നടത്തിയ പ്രവര്‍ത്തനം മികച്ചതാണ്. ഇടത്തരം- ചെറുകിട വ്യവസായരംഗത്ത് നല്ല പുരോഗതിയുണ്ടായി. ജൈവകൃഷിയും ഭക്ഷ്യവ്യവസായവും ഇനിയും പ്രോല്‍സാഹിപ്പിക്കണം. ജൈവസാങ്കേതികവിദ്യാരംഗത്ത് കൂടുതല്‍ ഗവേഷണമുണ്ടാകണം. ലഭ്യമായ വിഭവങ്ങള്‍ കൊണ്ട് മികച്ച നേട്ടമുണ്ടാക്കണം. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് അവരുടെ കര്‍മ്മശേഷി ഉയര്‍ത്തണം. കാര്‍ഷിക വ്യവസായങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനാവശ്യമായ നടപടികള്‍ വിപുലപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില ഉയര്‍ത്തിയതോടെ വിലക്കയറ്റം മൂലം ജനങ്ങള്‍ വലഞ്ഞിരിക്കുകയാണ്. ഭക്ഷ്യരംഗത്തെ വിലക്കയറ്റമാണ് ജനങ്ങളെ ഏറ്റവും ബുദ്ധിമുട്ടിലാക്കിയിരിക്കുയാണ്. പുതിയ വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ ഇത്രയും വികസനം നേടിയ കേരളത്തില്‍ നിന്നാരംഭിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവരെ സുരക്ഷിത വലയത്തിലാക്കുക ലക്ഷ്യം

പാവപ്പെട്ടവരും താഴ്ന്ന വരുമാനക്കാരുമായ സമൂഹത്തിന്റെ പകുതിയോളം വരുന്ന കുടുംബങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് നിലവിലെ സാമൂഹ്യ-സാമ്പത്തികസ്ഥിതിയില്‍ പ്രസക്തമാകുന്നുവെന്ന് മൂന്നാം അന്തരാഷ്ട്ര കേരളപഠന കോണ്‍ഗ്രസില്‍ സമ്പൂര്‍ണ സാമൂഹ്യസുരക്ഷ എന്ന സിമ്പോസിയം വിലയിരുത്തി. സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത ബജറ്റില്‍ സമഗ്ര സാമൂഹ്യസുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് രേഖ അവതരിപ്പിച്ച് മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു.

അസംഘടിതമേഖലയില്‍ മുഴുവന്‍ സ്ത്രീതൊഴിലാളികള്‍ക്കും വേതനത്തോടുകൂടിയ പ്രസവ അവധി ലഭ്യമാക്കാന്‍ കഴിയുന്നത് സുപ്രധാനമായ ഒരു സാമൂഹ്യസുരക്ഷാ നടപടിയായിരിക്കും. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉന്നതവിദ്യാഭ്യാസത്തിനുപോകുന്ന കുട്ടികള്‍ക്ക് ധനസഹായം ഉറപ്പുവരുത്തുന്നതിനായി എല്ലാ കുഞ്ഞുങ്ങളുടെ പേരിലും എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തണം. കുറഞ്ഞത് 25,000 രൂപ ഒരു കുട്ടിയുടെ പേരില്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞാല്‍ ഹയര്‍ സെക്കന്‍ഡറി പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ലക്ഷം രൂപയെങ്കിലും ഉറപ്പാക്കാനാകും. ആവശ്യത്തിന് വിദ്യാഭ്യാസവായ്പയും ലഭ്യമാക്കി ഉന്നതവിദ്യാഭ്യാസ ലക്ഷ്യം പൂര്‍ത്തീകരിക്കാം. എല്ലാ കുട്ടികള്‍ക്കും സൌജന്യവിദ്യാഭ്യാസവും പാഠപുസ്തകവും ഉറപ്പാക്കിയിട്ടുണ്ട്. ഒപ്പം ഉച്ചഭക്ഷണവും യുണിഫോമും എല്ലാവര്‍ക്കും ലഭ്യമാക്കേണ്ടതുണ്ട്. 30,000 രൂപവരെയുള്ള ചികിത്സാസൌകര്യം സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉറപ്പുവരുത്തുന്നു. കൂടുതല്‍ തുകയ്ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സില്‍ സ്വമേധയാ ചേരാന്‍ അവസരം നല്‍കണം. തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിവസത്തെ ജോലി ഉറപ്പാക്കിയും അസംഘടിതമേഖലയില്‍ മിനിമം വരുമാനം ഉറപ്പാക്കല്‍ പദ്ധതി വഴിയും കുറഞ്ഞത് 10,000 രൂപയെങ്കിലും ഒരോ കുടുംബത്തിനും അധിക വരുമാനം ലഭ്യമാക്കാം. 60 വയസ്സ് കഴിഞ്ഞാല്‍ എല്ലാവര്‍ക്കും കുറഞ്ഞത് അഞ്ഞൂറ് രൂപയെങ്കിലും പെന്‍ഷന്‍ ഉറപ്പാക്കണം. രണ്ട് രൂപയ്ക്ക് അരി, സൌജന്യനിരക്കില്‍ പലവ്യഞ്ജനം, എല്ലാവര്‍ക്കും വീട്, എല്ലാ വീട്ടിലും വെള്ളം, വെളിച്ചം, ശുചിത്വം എന്നിവ ഉറപ്പാക്കാന്‍ നിലവിലെ പദ്ധതികളുടെ സംയോജനത്തിലൂടെ സമഗ്രപദ്ധതികള്‍ രൂപീകരിക്കേണ്ടതുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു.

സിഡിഎസിലെ പ്രൊഫ. കെ പി കണ്ണന്‍ അധ്യക്ഷനായി. മന്ത്രി എസ് ശര്‍മ, കുടുംബശ്രീ ഡയറക്ടര്‍ ശാരദ മുരളീധരന്‍, സിഡിഎസിലെ പ്രൊഫസര്‍ ഡോ. പി ശിവാനന്ദന്‍, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കേരള എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി സുകുമാരന്‍, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഡയറക്ടര്‍ ജിതേന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. എന്‍ കെ ശശിധരന്‍പിള്ള സ്വാഗതം പറഞ്ഞു.

Sunday, October 31, 2010

അഴിമതിയില്‍ മുങ്ങി മഹാരാഷ്ട്ര നേതാക്കള്‍; കോണ്‍ഗ്രസ് ത്രിശങ്കുവില്‍


മഹാരാഷ്ട്രയില്‍ അഴിമതി ആരോപിതനായ അശോക് ചവാന് പകരം ആരെ മുഖ്യമന്ത്രിയാക്കുമെന്നറിയാതെ കോണ്‍ഗ്രസ് നേതൃത്വം. അഴിമതി ആരോപണം നേരിടാത്തവര്‍ മഹാരാഷ്ട്ര നേതൃത്വത്തില്‍ ഇല്ലെന്ന വസ്തുതയാണ് ഹൈക്കമാന്റിനെ കുഴയ്ക്കുന്നത്. ചവാന് പകരമായി മുന്‍മുഖ്യമന്ത്രിയും നിലവില്‍ കേന്ദ്രമന്ത്രിയുമായ വിലാസ്റാവു ദേശ്മുഖ്, ഊര്‍ജ്ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള മന്ത്രി പൃഥ്വിരാജ് ചവാന്‍, സംസ്ഥാനറവന്യൂമന്ത്രി നാരായ റാണെ, ഗുരുദാസ് കാമത്ത് തുടങ്ങിയ പേരുകളാണ് പരിഗണനയിലുള്ളത്. ഇവരില്‍ ഷിന്‍ഡെയും ദേശ്മുഖും ആദര്‍ശ് സൊസൈറ്റിയുടെ അഴിമതിയില്‍ പങ്കാളികളാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ദേശ്മുഖ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആദര്‍ശ് സൊസൈറ്റി അനുമതി ലഭിച്ചതും നിര്‍മ്മാണം തുടങ്ങിയതും. ഷിന്‍ഡെയുടെ ബന്ധുക്കള്‍ക്ക് ഫ്ളാറ്റ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഇവരില്‍ ആരെയെങ്കിലും മുഖ്യമന്ത്രിയാക്കിയാല്‍ ചവാനെ പോലെ വളരെ പെട്ടെന്ന് തന്നെ പുറത്തുപോകേണ്ടി വരുമെന്ന് ഹൈക്കമാന്റിന് ഭയമുണ്ട്.

ക്ഷേത്രത്തിന്റെ ഭൂമി കയ്യേറിയെന്ന ആക്ഷേപം നാരായ റാണെയ്ക്ക് എതിരെ ഉയര്‍ന്നിട്ടുണ്ട്. റാണെയുടെ ഭാര്യ നീലിമ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് മഹാബലേശ്വറിലെ ദേവസ്ഥാന്‍ ക്ഷേത്ര ട്രസ്റ് കോടതിയെ സമീപിച്ചിരിക്കുകയാണ്. പൃഥ്വിരാജ് ചവാന്‍, ഗുരുദാസ് കാമത്ത് എന്നിവരാണ് പിന്നീട് ശേഷിക്കുന്നത്. ഇവരില്‍ പൃഥ്വിരാജ് ചവാന്‍ ദീര്‍ഘകാലമായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതിനാല്‍ മഹാരാഷ്ട്രയില്‍ അഴിമതികേസുകളില്‍പെടില്ലെന്ന വിശ്വാസം ഹൈക്കമാന്റിനുണ്ട്. ഗുരുദാസ് കാമത്തും പ്രധാന അധികാരസ്ഥാനങ്ങള്‍ വഹിക്കാത്തതിനാല്‍ ഗുരുതര ആരോപണങ്ങളൊന്നും ഉണ്ടാവില്ലെന്ന് നേതൃത്വം കരുതുന്നു. എന്നാല്‍, മറാത്ത രാഷ്ട്രീയത്തില്‍ പൃഥ്വിരാജ് ചവാന് കാര്യമായ സ്വാധീനമില്ലെന്ന പോരായ്മയും ഗുരുദാസ് കാമത്തിന് നേതൃഗുണമില്ലെന്ന ആക്ഷേപവും തടസ്സങ്ങളാണ്. പ്രാദേശികമായി കാര്യമായി സ്വാധീനമില്ലാത്ത നേതാക്കള്‍ മുഖ്യമന്ത്രിയായാല്‍ മറാത്ത രാഷ്ട്രീയത്തില്‍ ശരത്പവാറും മറ്റും മേല്‍കൈ നേടുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നു. ആരെ മുഖ്യമന്ത്രിയാക്കുമെന്നത് കുഴയ്ക്കുന്ന പ്രശ്നമാണെന്ന് കോണ്‍ഗ്രസിന്റെ ഒരു മുതിര്‍ന്ന കേന്ദ്രനേതാവ് സ്വകാര്യ സംഭാഷണത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിലാസ്റാവു ദേശ്മുഖ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോഴും പകരക്കാരന്റെ കാര്യത്തില്‍ ഹൈക്കമാന്റ് ബുദ്ധിമുട്ടിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് പലരും കുപ്പായം തുന്നി രംഗത്തുവന്നിട്ടുള്ള സാഹചര്യത്തില്‍ ഗ്രൂപ്പുപോര് മുറുകാനുള്ള സാധ്യതയും വര്‍ധിച്ചു.
ദേശാഭിമാനി 311010

കാര്‍ഗിലിന്റെ പേരില്‍ മറ്റൊരു അഴിമതി

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ അഴിമതിയുടെ നടുക്കുന്ന കഥകളാണ് ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അനുദിനം മാധ്യമങ്ങളിലൂടെ വെളിപ്പെടുന്ന വസ്തുതകള്‍ അഴിമതിയില്‍ മുഖ്യമന്ത്രി അശോക് ചവാന്റെ പങ്കാളിത്തം വ്യക്തമാക്കുന്നതാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കണ്ട് ചവാന്‍ രാജിസന്നദ്ധത അറിയിച്ചതായാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് തുടങ്ങി അഴിമതി ഇടപാടുകളില്‍ മുങ്ങിനില്‍ക്കുന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആദര്‍ശ് ഹൗസിംഗ് കുംഭകോണത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കണ്ടുതന്നെ അറിയണം.
മുംബൈ നഗര ഹൃദയത്തിലെ കൊളാബയില്‍ പണിതീര്‍ത്ത 31 നില കെട്ടിടത്തിലെ ഫ്‌ളാറ്റുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ അംഗഭംഗം വന്ന ജവാന്മാര്‍ക്കും യുദ്ധത്തിനിരയായ ജവാന്മാരുടെ വിധവകള്‍ക്കും നല്‍കാനായാണ് ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പണി തുടങ്ങിയത്. പിന്നീട് സര്‍ക്കാരിന്റെ ആവശ്യപ്രകാരം ഇതില്‍ 40 ശതമാനം സിവിലിയന്മാര്‍ക്കു നല്‍കാന്‍ തീരുമാനിച്ചു. അന്ന് റവന്യു മന്ത്രിയായിരുന്ന, ഇപ്പോഴത്തെ മുഖ്യമന്ത്രി അശോക് ചവാന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. ഇത്തരത്തില്‍ ഫ്‌ളാറ്റുകള്‍ ലഭിച്ച സിവിലിയന്മാരില്‍ ചവാന്റെ ഭാര്യാമാതാവ് അടക്കമുള്ള ബന്ധുക്കളുണ്ട്. ഇക്കാര്യം അടക്കമുള്ള കാര്യങ്ങളില്‍ സി ബി ഐ അന്വേഷണം നടക്കുകയാണ്. ചവാന്റെ നിര്‍ദേശ പ്രകാരമായിരുന്നു, പ്രതിരോധ സേനാംഗങ്ങള്‍ക്കോ അവരുടെ കുടുംബത്തിനോ ആയുള്ള ഫ്‌ളാറ്റുകള്‍ സിവിലയന്മാര്‍ക്കു നല്‍കിയതിലും അവ ആര്‍ക്കൊക്കെയെന്നു തീരുമാനിച്ചതിലും ചവാന്‍ ഇടപെട്ടിട്ടുണ്ടെന്നുമാണ് വസ്തുതകള്‍ വ്യക്തമാക്കുന്നത്. അധികാര ദുര്‍വിനിയോഗവും അഴിമതിയുമല്ലാതെ മറ്റൊന്നുമല്ല, ഇത്.

ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ടു നടന്ന ക്രമക്കേടുകള്‍ ബന്ധുക്കള്‍ക്കു ഫ്‌ളാറ്റ് നല്‍കിയതില്‍ മാത്രം ഒതുങ്ങുന്നതല്ല. കൊളാബയിലെ സൈനിക പരിശീലന കേന്ദ്രത്തിനു തൊട്ടടുത്താണ് ഹൗസിംഗ് സമുച്ചയം. പ്രതിരോധ സംവിധാനങ്ങള്‍ക്കടുത്ത് നിര്‍മിതികള്‍ നടത്തുമ്പോള്‍ ചില സുരക്ഷാ ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. പ്രതിരോധ കേന്ദ്രങ്ങളുടെ 200 മീറ്റര്‍ ദൂരത്തിനകത്ത് ഈ ചട്ടങ്ങള്‍ നിര്‍ദേശിക്കുന്ന തരത്തിലേ നിര്‍മിതികള്‍ ആകാവൂ. ഇതനുസരിച്ച് ആറു നിലയുള്ള കെട്ടിടത്തിനു മാത്രമാണ് അനുമതി നല്‍കിയിരുന്നതെന്ന് പ്രതിരോധ വകുപ്പ് പറയുന്നു. എന്നാല്‍ ഇവിടെ പണിതുയര്‍ത്തിയത് 31 നിലയാണ്. ഈ നിര്‍മിതി നടക്കുമ്പോഴൊന്നും പ്രതിരോധ വകുപ്പ് എതിര്‍പ്പുമായി വരാത്തതിലും ദുരൂഹതയുണ്ട്. ഉദ്യോഗസ്ഥതലത്തില്‍ ഗൂഢാലോചന നടന്നിരിക്കാം എന്നാണ് പ്രതിരോധ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിലെ നിഗമനം. കാര്‍ഗില്‍ ജവാന്മാര്‍ക്കു വേണ്ടിയുള്ളതായതിനാല്‍ ചട്ടങ്ങളില്‍ ഇളവനുവദിച്ചു എന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ സിവിലിയന്മാരെ പ്രവേശിപ്പിക്കാന്‍ നേരത്തെ ധാരണയായിരുന്നെന്ന് ഹൗസിംഗ് സൊസൈറ്റി പറയുന്നു. ഇക്കാര്യത്തിലെല്ലാം വ്യക്തത വരേണ്ടതുണ്ട്. 31 നില കെട്ടിടം പണിയാന്‍ പാരിസ്ഥിതിക അനുമതി നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും പറയുന്നത്.

മുംബൈയിലെ ഏറ്റവും വിലപ്പിടിപ്പുള്ള മേഖലയാണ് കൊളാബ. കോടികളാണ് ഇവിടെ ഹൗസിംഗ് ഫ്‌ളാറ്റുകള്‍ക്കു വില. ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയിലെ ഫ്‌ളാറ്റിനും ഈ വില വരും. വരുമാനത്തില്‍ കൃത്രിമം കാണിച്ചാണ് അംഗങ്ങളായവരില്‍ പലരും ഈ ഗവണ്‍മെന്റ് ഫ്‌ളാറ്റ് തരപ്പെടുത്തിയത്. ഇവരുടെ വരുമാനത്തെക്കുറിച്ചും സി ബി ഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുന്‍ സൈനിക മേധാവികള്‍ മുതല്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കളായവര്‍ വരെയാണ് ഇവിടെ ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയിരിക്കുന്നത്.

കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ചവര്‍ക്ക് ശവപ്പെട്ടി വാങ്ങിയതില്‍ നടത്തിയ അഴിമതി, നാടിനുണ്ടാക്കിയ നാണക്കേട് കുറച്ചൊന്നുമല്ല. ബി ജെ പിയും എന്‍ ഡി എയുമായിരുന്നു അതിന്റെ നടത്തിപ്പുകാര്‍. ഇപ്പോഴിതാ കോണ്‍ഗ്രസിന്റെ വക, കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമായുള്ള ഫ്‌ളാറ്റുകള്‍ അനുവദിച്ചതിലെ കൊടും അഴിമതി പുറത്തുവന്നിരിക്കുന്നു. അഴിമതിയുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒരു നാണയത്തിന്റെ രണ്ടു പുറങ്ങളാണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് ഇത്.

Janayugom Editorial

Thursday, October 28, 2010

ചെറുകിട വ്യാപാരമേഖലയില്‍ നൂറ് ശതമാനം വിദേശനിക്ഷേപം


ന്യൂഡല്‍ഹി: ചെറുകിട വില്‍പനമേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് യുപിഎ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. വ്യവസായ വാണിജ്യമന്ത്രാലയത്തിനും ആസൂത്രണകമീഷനും പുറമെ കൃഷി മന്ത്രാലയവും ചെറുകിട വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. വിവിധ മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തിയ വാള്‍മാര്‍ട് ഉടമ മൈക്കിള്‍ ടി ഡ്യൂക്കും മള്‍ടി ബ്രാന്റിലും വിദേശനിക്ഷേപം ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവില്‍ ഏകബ്രാന്റ് ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചിട്ടുള്ളത്.

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദര്‍ശനത്തിന്റെ മുന്നോടിയായാണ് വാള്‍മാര്‍ട് എന്ന അമേരിക്കന്‍ ബഹുരാഷ്ട്രകുത്തക ഉടമ ഡല്‍ഹിയിലെത്തിയത്. വിവിധ മന്ത്രാലയങ്ങള്‍ കയറിയിറങ്ങി ചെറുകിട വില്‍പ്പനമേഖല പൂര്‍ണമായും വിദേശനിക്ഷേപം അനുവദിക്കുന്നതിന് സമ്മര്‍ദം ചെലുത്തുകയാണിയാള്‍. വ്യവസായ-വാണിജ്യമന്ത്രി ആനന്ദ് ശര്‍മയുമായും ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്ക് സിങ് അഹ്ലുവാലിയയുമായി ഡ്യൂക്ക് ചര്‍ച്ച നടത്തി. വിദേശനിക്ഷേപ കാര്യത്തില്‍ പുരോഗതിയുണ്ടെന്ന് ഇരുവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡ്യൂക്ക് പറഞ്ഞു. ബന്ധപ്പെട്ടവരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായതുതന്നെ ശുഭസൂചനയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മള്‍ട്ടിബ്രാന്റ് അനുവദിക്കുന്നതിന് വാള്‍മാര്‍ടും ജര്‍മന്‍കമ്പനിയായ മെട്രോയും യുപിഎ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിവരികയാണ്.

15
രാഷ്ട്രങ്ങളിലായി 8500 സൂപ്പര്‍മാര്‍ക്കറ്റുള്ള സ്ഥാപനമാണ് 400 ശതകോടി ഡോളറിന്റെ ആസ്തിയുള്ള വാള്‍മാര്‍ട്. ആസൂത്രണകമീഷനും കൃഷിമന്ത്രാലയവും ചെറുകിട വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപത്തിന് ശക്തമായി വാദിക്കുന്നതാണ് ഈ കമ്പനികള്‍ക്ക് ശുഭാപ്തി വിശ്വാസം നല്‍കിയത്. നൂറ് ശതമാനം വിദേശനിക്ഷേപം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. നേരത്തേ വിദേശനിക്ഷേപം അനുവദിക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും എതിര്‍പ്പ് കാരണം അതിന് കഴിഞ്ഞിരുന്നില്ല. ലക്ഷക്കണക്കിന് കച്ചവടക്കാരുടെ ജീവിതം തകരാന്‍ ഈ നടപടി കാരണമാകുമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. മുരളീമനോഹര്‍ ജോഷി അധ്യക്ഷനായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയും വിദേശനിക്ഷേപം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
(വി ബി പരമേശ്വരന്‍)

deshabhimani 271010

Monday, October 25, 2010

എംഎല്‍എമാരുടെ വിലയില്‍ കഴിഞ്ഞ 25 വര്‍ഷം കൊണ്ട് വന്‍ കുതിച്ചുകയറ്റം!!!!!


ബംഗളൂരു: മൂന്നുദശകത്തിനിടെ കര്‍ണാടകത്തില്‍ എംഎല്‍എമാരുടെ 'കൂറുമാറ്റ വിലനിലവാര'ത്തിലുണ്ടായത് വന്‍ കുതിച്ചുകയറ്റം. 26 വര്‍ഷം മുമ്പ് സംസ്ഥാനത്തെ ആദ്യ രാഷ്ട്രീയ കൂറുമാറ്റത്തില്‍ഒരു എംഎല്‍എയ്ക്ക് ലഭിച്ച പ്രതിഫലം രണ്ടുലക്ഷം രൂപയായിരുന്നു. ഇപ്പോള്‍ ജെഡിഎസ് പുറത്തുവിട്ട ബിജെപിയുടെ കുതിരക്കച്ചവട സിഡിയിലെ ദൃശ്യങ്ങള്‍ വിശ്വസിക്കാമെങ്കില്‍ മറുകണ്ടം ചാടുന്ന എംഎല്‍എയ്ക്ക് ലഭിക്കുന്നത് 25 കോടി രൂപയാണ്.

രാഷ്ട്രീയകൂറുമാറ്റത്തിന് പണമൊഴുക്കിയതായി കര്‍ണാടകത്തില്‍ ആദ്യം ആക്ഷേപമുയര്‍ന്നത് 1984ലാണ്. അന്ന് കോലാറിലെ വെമ്മഗലില്‍നിന്നുള്ള എംഎല്‍എ സി ബൈറെ ഗൌഡയാണ് ആക്ഷേപം ഉന്നയിച്ചത്. പ്രതിസ്ഥാനത്ത് ഇപ്പോഴത്തെ കേന്ദ്ര നിയമമന്ത്രിയും അന്നത്തെ പ്രതിപക്ഷനേതാവുമായിരുന്ന എം വീരപ്പമൊയ്ലി. രാമകൃഷ്ണ ഹെഗ്ഡെയുടെ ജനത സര്‍ക്കാരിനെ വീഴ്ത്താന്‍ കൂറുമാറി കോണ്‍ഗ്രസ് പാളയത്തിലെത്താന്‍ മൊയ്ലി രണ്ടുലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം അന്ന് കര്‍ണാടകരാഷ്ട്രീയത്തെ പിടിച്ചുകുലുക്കി. ഈ സംഭവത്തിനും ഒരു വര്‍ഷം കഴിഞ്ഞാണ് കുറുമാറ്റനിരോധനനിയമം രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നത്. ആരോപണം തെളിയിക്കാന്‍ മൊയ്ലിയുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോടേപ്പും ബൈറെ ഗൌഡ പുറത്തുവിട്ടു. എന്നാല്‍, ഇലക്ട്രോണിക് തെളിവുകളുടെ ആധികാരികതയില്‍ സംശയം ഉന്നയിച്ച് സംഭവത്തെ കുറിച്ച് അന്വേഷിച്ച എന്‍ ഡി വെങ്കിടേഷ് കമീഷന്‍ മൊയ്ലിയെ കുറ്റവിമുക്തനാക്കി.

ബിജെപി എംഎല്‍എ സുരേഷ് ഗൌഡ ജെഡിഎസ് എംഎല്‍എ എസ് ആര്‍ ശ്രീനിവാസന് 25 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനംചെയ്യുന്നതിന്റെ ദൃശ്യമാണ് കഴിഞ്ഞദിവസം ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി പുറത്തുവിട്ടത്. കര്‍ണാടകത്തിലെ മുന്‍ പിസിസി അധ്യക്ഷന്‍ വി എസ് കൌജാലജി കരാറുകാരിനില്‍നിന്ന് കോടികള്‍ കൈപ്പറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് 2001ല്‍ ഏറെ കോളിളക്കം സൃഷ്ടിച്ചു. ജെഡിഎസാണ് സിഡി പുറത്തുവിട്ടത്. കൌജാലജിയുടെ രാഷ്ട്രീയഭാവിക്ക് തിരിച്ചടിയേറ്റെന്നല്ലാതെ അഴിമതിക്കേസ് എങ്ങുമെത്തിയില്ല.

ജെഡിഎസ് നേതാവും മുന്‍ മന്ത്രിയുമായ സി ചെന്നിഗപ്പ സ്യൂട്ട്കേസുകളുമായി ഹെലികോപ്റ്ററില്‍ കയറുന്ന ദൃശ്യങ്ങളടങ്ങിയ സിഡി ബെല്ലാരിയിലെ ഖനനമാഫിയ തലവനും മന്ത്രിയുമായ ജനാര്‍ദനറെഡ്ഡി 2006ല്‍ പുറത്തുവിട്ടു. ദൃശ്യങ്ങള്‍ വൃക്തമായില്ലെങ്കിലും ഈ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ബിജെപി മന്ത്രി ഹര്‍ത്താലു ഹാലപ്പയ്ക്ക് മന്ത്രിസ്ഥാനം നഷ്ടമായതും സുഹൃത്തിന്റെ ഭാര്യയുമൊത്തുള്ള മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടെങ്കിലും കേസില്‍ ഇപ്പോള്‍ പരാതിക്കാര്‍ പ്രതിയായ അവസ്ഥയാണ്. പെവാണിഭസ്വാമി നിത്യാനന്ദയും സിഡി ദൃശ്യങ്ങളില്‍ കുരുങ്ങിയെങ്കിലും കേസ് എങ്ങും എത്തിക്കാനാകാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ നെട്ടോട്ടത്തിലാണ്. നിത്യാനന്ദനെതിരെ സാക്ഷിമൊഴി നല്‍കാന്‍ ആളില്ലെന്നതാണ് പൊലീസിനെ അലട്ടുന്നത്.

ദേശാഭിമാനി 241010

Sunday, October 24, 2010

കണ്ണൂരിലെ എൽ.ഡി.എഫ് അക്രമം.... എന്താണ് യാഥാര്‍ത്ഥ്യം???

കോണ്‍ഗ്രസ്സുകാരും ലീഗും ബി ജെ പിയും ഒന്നിച്ച് കണ്ണൂരില്‍ തിരഞ്ഞെടുപ്പിടയില്‍ അക്രമത്തിന്നിറങ്ങി. കേന്ദ്രമന്ത്രി മുല്ലപ്പള്ളിയും കുറച്ചു പത്രങ്ങളും ചേര്‍ന്ന് അതിനെ മൊത്തമായി എൽ.ഡി.എഫ് അക്രമം ആക്കി മാറ്റി. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നു നോക്കാം.
  1. പയ്യന്നൂർ - യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയും ഗുണ്ടകളും ചേര്‍ന്ന് എല്‍ ഡി എഫ് ബൂത്ത് ഏജന്റ്മാഅരെ അക്രമിച്ചൂ. വോട്ടിങ്ങ് യന്ത്രം തല്ലിത്തകര്‍ത്തു. ഇത് കളക്ടർ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
  2. മാട്ടൂൽ - ലീഗുകാർ സ്ഥിരമായി ബൂത്ത് പിടിക്കുന്ന സ്ഥലം. ഇത്തവണയും ലീഗ് ഗുണ്ടകള്‍ അത് ആവർത്തിച്ചു.
  3. ഇരിക്കൂർ - ലീഗുകാർ സ്ഥിരമായി ബൂത്ത് പിടിക്കുന്ന സ്ഥലം. ഇത്തവണയും ലീഗ് ഗുണ്ടകളും കോണ്‍ഗ്രസ്സും ചേര്‍ന്ന് അത് ആവർത്തിച്ചു. പോലിസ് ഇവരൂടെ പേരില്‍ കേസ്സ് എടുത്തിട്ടുണ്ട്
  4. തില്ലങ്കേരി - ലീഗുകാർ ബാലറ്റ് ബോക്സിൽ എണ്ണ ഒഴിച്ചു. സി.പി.എമ്മുകാരെ വെട്ടി പരിക്കേൽ‌പ്പിച്ചു.
  5. പട്ടുവം - യു.ഡി.എഫുകാർ എൽ.ഡി.എഫുകാരെ അടിച്ചോടിച്ചു ബൂത്ത് പിടിച്ചു. ബാലറ്റ്‌പേപ്പറുകളും തട്ടിയെടുത്തു.
    കുത്തക പത്രങ്ങൾക്കും ചാനലുകൾക്കും ഇതൊക്കെ കണ്ണൂരിലെ എൽ.ഡി.എഫ് അക്രമമെന്ന് പാടി നടക്കുന്നു. പരാജയം ഉറപ്പായതോടെ കോണ്‍ഗ്രസ്സുകാരും ലീഗും ബി ജെ പിയും ഇവിടങ്ങളില്‍ അക്രമാസക്തരായിരിക്കുന്നു..

Wednesday, October 20, 2010

എല്‍ഡിഎഫ് വിജയം ഉറപ്പാക്കുക




ഒക്ടോബര്‍ 23, 25 തീയതികളില്‍ നടക്കാനിരിക്കുന്ന പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കേരള ജനത തയ്യാറെടുത്തുകഴിഞ്ഞു. വ്യക്തമായ രാഷ്ട്രീയ നയങ്ങളോടുകൂടിയ രണ്ടു മുന്നണികള്‍ ഏറ്റുമുട്ടുന്ന ഈ തെരഞ്ഞെടുപ്പില്‍ അവരുടെ മുന്നിലുള്ള ചോദ്യം ഇതാണ്. പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കിക്കൊണ്ട് സാധാരണ ജനങ്ങളെ ദ്രോഹിക്കുന്ന യുഡിഎഫിനെ സ്വീകരിക്കണമോ? അതോ പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങള്‍ക്ക് എതിരായ ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന എല്‍ഡിഎഫിനെ സ്വീകരിക്കണമോ? 1957 മുതല്‍ കേരളത്തില്‍ പരസ്പരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഈ രണ്ട് നയങ്ങളും അവയെ ആസ്പദിച്ച രണ്ട് മുന്നണികളും കാഴ്ചവെച്ച ഭരണ മാതൃകകളുടെ അനുഭവം മുന്നിലുള്ളപ്പോള്‍ ഇവയിലേതിനെ തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ വോട്ടര്‍മാര്‍ക്ക് സംശയമുണ്ടാവില്ല. വികസനോന്മുഖവും ജനക്ഷേമകരവും സുസ്ഥിരവുമായ ഭരണം കാഴ്ചവെയ്ക്കുന്ന എല്‍ഡിഎഫിനെയാണവര്‍ ഹാര്‍ദ്ദമായി സ്വീകരിക്കുക. ജനദ്രോഹകരമായ നയങ്ങളും ദുര്‍ഭരണവും തമ്മിലടിയും കുതികാല്‍വെട്ടുംകൊണ്ട് റെക്കോര്‍ഡ് സൃഷ്ടിച്ച് ജനങ്ങളില്‍ നിന്നകന്ന യുഡിഎഫ്, ഒരു ഭാഗത്ത് ജമാഅത്തെ ഇസ്ളാമിയേയും എന്‍ഡിഎഫിനേയും എസ്ഡിപിഐയേയും മറുഭാഗത്ത് ബിജെപി-ആര്‍എസ്എസ് സംഘങ്ങളെയും കൂട്ടുപിടിച്ച്, എല്ലാവിധ വര്‍ഗ്ഗീയ ശക്തികളെയും അണിനിരത്തിക്കൊണ്ടാണ് എല്‍ഡിഎഫിനെ നേരിടാന്‍ ശ്രമിക്കുന്നത്. മാര്‍ക്സിസ്റ്റ് വിരോധം മാത്രം കൈമുതലായുള്ള വിരലിലെണ്ണാവുന്ന ചില പുരോഹിതന്മാരുടെ ഇടയലേഖനങ്ങളും അവര്‍ക്ക് തുണയ്ക്കുണ്ട്. എല്ലാ എല്‍ഡിഎഫ് വിരുദ്ധരേയും ഒന്നിപ്പിച്ചണിനിരത്തുന്നതിനായി അവര്‍, പല മണ്ഡലങ്ങളിലും അരാഷ്ട്രീയ വേഷംകെട്ടി, കൈപ്പത്തിയും കോണിയും ഉപേക്ഷിച്ച് "മാങ്ങയും'' "തേങ്ങയും'' "ആപ്പിളും'' ചിഹ്നമായി സ്വീകരിക്കുന്നു.

1957ലെ ഇ എം എസ് ഗവണ്‍മെന്റ് നടപ്പാക്കിയ ജനക്ഷേമ നടപടികളെയെല്ലാം തകിടംമറിച്ച പട്ടം, ശങ്കര്‍ സര്‍ക്കാരുകളുടെ റെക്കോര്‍ഡുമായിട്ടാണ് യുഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്.

ജനകീയാസൂത്രണത്തേയും അധികാര വികേന്ദ്രീകരണത്തേയും എല്ലാം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുള്ള യുഡിഎഫ്, ഓരോതവണ അധികാരത്തില്‍ വരുമ്പോഴും, മുന്‍എല്‍ഡിഎഫ് ഗവണ്‍മെന്റ് കൈക്കൊണ്ട ജനക്ഷേമ നടപടികളെയെല്ലാം തകിടംമറിച്ചിട്ടേയുള്ളൂ. അടുത്തതവണ അധികാരംലഭിച്ചാല്‍, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ ജനകീയ-ജനാധിപത്യ സ്വഭാവം നശിപ്പിക്കും എന്ന് കെപിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വികസനോന്മുഖവും സുതാര്യവും സുസ്ഥിരവുമായ എല്‍ഡിഎഫ് ഭരണം തുടര്‍ച്ചയായി നിലനില്‍ക്കുന്നതിന് വിഘാതമായ യുഡിഎഫിന്റെ ഈ നയത്തെ, "കേരളത്തില്‍ ഭരണം മാറിമാറിവരും'' എന്ന ആസൂത്രിതമായ കെട്ടുകഥകൊണ്ടാണ് വലതുപക്ഷ വൈതാളികര്‍ വെള്ളപൂശുന്നത്. നിലവിലുള്ള ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരിന്റെ ഭരണത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പുകൊണ്ടല്ല, മറിച്ച് 1959ലെ പിരിച്ചുവിടല്‍തൊട്ട് രാജീവ്തരംഗവും സംഘടിതമായ മാധ്യമ-യുഡിഎഫ് കള്ള പ്രചാരവേലയും സര്‍വ്വവര്‍ഗ്ഗീയ-പിന്‍തിരിപ്പന്‍ ശക്തികളുമായുള്ള കൂട്ടുകെട്ടും കുതന്ത്രങ്ങളുംകൊണ്ടാണ് യുഡിഎഫിന് ഓരോ തവണയും ഭരണം പിടിച്ചുപറ്റാന്‍ കഴിഞ്ഞത് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

"മുന്‍ സര്‍ക്കാരിന്റെകാലത്തെ നല്ലതെല്ലാം നശിപ്പിക്കുക'' എന്ന യുഡിഎഫിന്റെ ഈ പിന്‍തിരിപ്പന്‍ നശീകരണനയത്തെ പരാജയപ്പെടുത്തി, സുതാര്യവും ജനക്ഷേമകരവുമായ നയങ്ങള്‍ തുടരാനും സംസ്ഥാനത്തിന്റെ പുരോഗതി ഉറപ്പാക്കാനും സുസ്ഥിരമായ ഭരണം ആവശ്യമാണ്. അതിന് എല്‍ഡിഎഫിനെ, ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കേണ്ടത് ആവശ്യമാണ്.

Posted by ജനശബ്ദം

Sunday, October 17, 2010

സദ്ഭരണത്തിന്റെ കീര്‍ത്തിമുദ്ര by ചെറിയാന്‍ ഫിലിപ്പ്


സുഗന്ധം പരത്തുന്ന നേട്ടങ്ങളുടെ പൂക്കുടയുമേന്തിയാണ് ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
  • അഴിമതിവിമുക്തമായ രാഷ്ട്രീയ സംവിധാനം,
  • പ്രശാന്തസുന്ദരമായ ക്രമസമാധാന നില,
  • സുസ്ഥിരമായ സാമ്പത്തിക വികസനം,
  • സമര്‍ഥമായ ധന മാനേജ്മെന്റ്,
  • കാര്‍ഷിക-വ്യാവസായിക മേഖലയിലെ അഭൂതപൂര്‍വമായ മുന്നേറ്റം,
  • എല്ലാവിഭാഗം ജനങ്ങള്‍ക്കും ആരോഗ്യപരിരക്ഷ, വിലക്കയറ്റം തടഞ്ഞുനിര്‍ത്തിയ ഭക്ഷ്യസുരക്ഷ,
  • സാമൂഹ്യനീതി ഉറപ്പുവരുത്തിയ വിദ്യാഭ്യാസമേഖല,
  • മുടക്കമില്ലാത്ത സാമൂഹ്യക്ഷേമപദ്ധതികള്‍

തുടങ്ങിയവയിലൂടെ 'സുരാജ്' അഥവാ സല്‍ഭരണം എന്ന കീര്‍ത്തിമുദ്രയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നേടിയിരിക്കുന്നത്.
  • കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്തിന്റെ സാമ്പത്തികനില തകര്‍ന്ന തറവാടിന്റെ അവസ്ഥയിലായിരുന്നു.
  • സംസ്ഥാന രൂപീകരണത്തിനുശേഷമുള്ള സഞ്ചിത പൊതുകടം യുഡിഎഫിന്റെ നാലരവര്‍ഷത്തിനിടയില്‍ നേരെ ഇരട്ടിയായി.
  • ട്രഷറി പൂട്ടിയിടല്‍ തുടര്‍പ്രക്രിയ ആയതിനാല്‍ യഥാസമയം ശമ്പളംപോലും കൊടുക്കാന്‍ കഴിയാതെ വന്നു. കാലിയായ ഖജനാവില്‍ പൂച്ച പെറ്റുകിടക്കുന്ന അവസ്ഥ.

എന്നാല്‍, ഈ സര്‍ക്കാരിന്റെ കാലത്ത് ഒരുദിവസം പോലും ട്രഷറി പൂട്ടേണ്ടിവന്നിട്ടില്ല. വിഭവസമാഹരണകാര്യത്തില്‍ റെക്കോഡ് വളര്‍ച്ചയാണ് നേടിയത്. റവന്യൂകമ്മിയും ധനകമ്മിയും ഗണ്യമായി കുറഞ്ഞു. മൂലധനച്ചെലവില്‍ വന്‍കുതിച്ചുകയറ്റംതന്നെയുണ്ടായി. ചെലവുകള്‍ വെട്ടിക്കുറയ്ക്കാതെ വരുമാനവര്‍ധനയിലൂടെ കേരളത്തിന്റെ സാമ്പത്തികാടിത്തറ ബലവത്താക്കി മാറ്റി. ഗുണ്ടാവാഴ്ച, പെവാണിഭം, ബലാത്സംഗം, പിടിച്ചുപറി എന്നിവയിലൂടെ യുഡിഎഫ് ഭരണത്തില്‍ തകര്‍ന്ന കേരളത്തിന്റെ ക്രമസമാധാനനിലയും നിയമവാഴ്ചയും ആമോദപൂര്‍ണമാക്കാന്‍ കഴിഞ്ഞതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖ്യനേട്ടം.

ക്രമസമാധാനപാലനത്തില്‍ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമെന്ന 'ഇന്ത്യ ടുഡെ' യുടെ അവാര്‍ഡ് കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജിയില്‍നിന്ന് കേരള ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നേടിയത് ചരിത്രസംഭവംതന്നെയാണ്. യുഡിഎഫ് ഭരണത്തില്‍ മുത്തങ്ങമുതല്‍ തുമ്പവരെ പൊലീസ് വെടിവയ്പുകളുടെ പരമ്പരയായിരുന്നു.

ആചാരവെടികള്‍ മുഴക്കാനല്ലാതെ കേരളത്തില്‍ ഇന്ന് ഒരിടത്തും പൊലീസിന്റെ വെടിയൊച്ച കേള്‍ക്കാനില്ല. മാറാട്, കാസര്‍കോട്, നാദാപുരം, പത്തനംതിട്ട, വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളില്‍ യുഡിഎഫ് ഭരണകാലത്ത് നടന്ന വര്‍ഗീയകലാപങ്ങളുടെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. അന്ന് 121 വര്‍ഗീയസംഘട്ടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിദഗ്ധമായ ഇടപെടലിലൂടെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

യുഡിഎഫ് ഭരണത്തില്‍ 22 ദേവാലയമാണ് ആക്രമിക്കപ്പെട്ടത്. നെയ്യാറ്റിന്‍കര ബിഷപ് ഹൌസ് മുതല്‍ ആലുവ സെന്റ് പീറ്റേഴ്സ് പള്ളിവരെ അതിക്രമങ്ങള്‍ക്ക് ഇരയായി. ജോബ് ചിറ്റിലപ്പള്ളി എന്ന വൈദികന്‍ പള്ളിമുറ്റത്തുവച്ച് കൊല്ലപ്പെടുകയും സുവിശേഷകരും കന്യാസ്ത്രീകളുംവരെ മര്‍ദനവിധേയരാകുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയായിരുന്നു. എന്നാല്‍, ഇപ്പോള്‍ കേരളം ശാന്തിയുടെയും സൌഹൃദത്തിന്റെയും പൂങ്കാവനമാണ്.

യുഡിഎഫ് ഭരണത്തില്‍ ആയിരത്തിമുന്നൂറോളം കര്‍ഷകരാണ് ജീവനൊടുക്കിയത്. എല്‍ഡിഎഫ് ഭരണത്തില്‍ കാര്‍ഷിക കടാശ്വാസനിയമം നടപ്പാക്കുകയും വയനാട്ടില്‍ 25,000 രൂപയ്ക്ക് താഴെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുകയും ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം സഹായധനമായി നല്‍കുകയും ചെയ്തു. കാര്‍ഷികമേഖലയിലെ ബജറ്റ് വിഹിതം വര്‍ധിച്ചതോടെ ഉല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലും വര്‍ധനയുണ്ടായി. ഏകദേശം 15,000 ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കി. നെല്‍ക്കൃഷിക്ക് പലിശരഹിത വായ്പ നല്‍കിയതും നെല്ലിനു താങ്ങുവില ഏര്‍പ്പെടുത്തിയതും കാര്‍ഷികമേഖലയില്‍ ഒരു മകരസംക്രമത്തിനു വഴിതെളിച്ചു.

വ്യവസായ ശവപ്പറമ്പായി മാറിക്കൊണ്ടിരുന്ന കേരളത്തെ പുത്തന്‍ വ്യവസായങ്ങളുടെ ഈറ്റില്ലമാക്കാന്‍ എല്‍ഡിഎഫ് ഭരണത്തിനു കഴിഞ്ഞു. പൊതുമേഖലാവ്യവസായങ്ങള്‍ വിറ്റുതുലയ്ക്കുകയെന്ന യുഡിഎഫ് നയം തിരുത്തി അവയെ ശക്തിപ്പെടുത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ യത്നിച്ചത്. യുഡിഎഫ് കാലത്തെ പൊതുമേഖലാനഷ്ടം 69 കോടി രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ ലാഭം 240 കോടി രൂപയായി തീര്‍ന്നിരിക്കുകയാണ്. വ്യവസായവകുപ്പിന്റെ കീഴിലുള്ള 37 പൊതുമേഖലാസ്ഥാപനത്തില്‍ 12 എണ്ണത്തിന്റെ സ്ഥാനത്ത് 32 എണ്ണം ലാഭകരമായിത്തീര്‍ന്നു. ഒരു തൊഴിലാളിയെയും പിരിച്ചുവിടാതെയാണ് നഷ്ടത്തിലായിരുന്ന സ്ഥാപനങ്ങളെ കരകയറ്റിയത്. തൊഴില്‍ പ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ തൊഴില്‍ മേഖലയില്‍ ഇപ്പോള്‍ അശാന്തിയില്ല.

ടൂറിസം മേഖലയില്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന കെടിഡിസി വിറ്റുവരവിലും പ്രവര്‍ത്തനലാഭത്തിലും അറ്റാദായത്തിലും റെക്കോഡ് നേട്ടമാണ് കൈവരിച്ചത്. യുഡിഎഫ് ഭരണകാലത്ത് സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചിരുന്ന മസ്കറ്റ് ഹോട്ടല്‍ ഉള്‍പ്പെടെയുള്ള കെടിഡിസിയുടെ മികച്ച ഹോട്ടലുകളെ നവീകരിച്ച് ഹെറിറ്റേജ് പദവിയിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു. ഒരു മലേഷ്യന്‍ സ്വകാര്യകമ്പനിയുമായി ചേര്‍ന്ന് സംയുക്തസംരംഭമായി തുടങ്ങാനിരുന്ന കൊച്ചി ഇന്റര്‍നാഷണല്‍ മറീനാ പദ്ധതിയുടെ കരാര്‍ റദ്ദാക്കി കെടിഡിസിയുടെ ഉടമസ്ഥതയില്‍ മാത്രമാക്കിയതുകൊണ്ടാണ് ബോള്‍ഗാട്ടി ദ്വീപും പാലസും അന്യാധീനപ്പെടാതിരുന്നത്.

തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വേണ്ടത്ര വൈദ്യപരിചരണം ലഭിക്കാത്തതിനാല്‍ സംസ്ഥാന ഗവര്‍ണര്‍ സിക്കന്ദര്‍ ഭക്തിനു മരിക്കേണ്ടിവന്നത് യുഡിഎഫ് ഭരണകാലത്താണ്. കാര്‍ അപകടത്തെത്തുടര്‍ന്ന് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരോഗ്യമന്ത്രി പി ശങ്കരന് അവിടെനിന്നു സ്വകാര്യ ആശുപത്രിയിലേക്ക് ഒളിച്ചോടേണ്ടിവന്നു. ദീര്‍ഘനാളത്തെ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഫലമായി തടഞ്ഞ പകര്‍ച്ചവ്യാധികളെല്ലാം കൂട്ടത്തോടെ വന്നത് യുഡിഎഫ് ഭരണകാലത്താണ്. മാലിന്യനിര്‍മാര്‍ജനം ഉള്‍പ്പെടെയുള്ള സുശക്തനടപടികള്‍മൂലം ഈ രോഗങ്ങള്‍ ഒരു പരിധിവരെ ഇപ്പോള്‍ നിയന്ത്രണവിധേയമായിട്ടുണ്ട്.

വിദ്യാഭ്യാസക്കച്ചവടക്കാര്‍ മുടിയഴിഞ്ഞാടിയ വിദ്യാഭ്യാസമേഖലയില്‍ സാമൂഹ്യനീതി ഉറപ്പുവരുത്താനും പകല്‍ക്കൊള്ള അവസാനിപ്പിക്കാനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കാനും വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താനും ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങള്‍ ആരംഭിക്കാനും കഴിഞ്ഞത് വന്‍നേട്ടമാണ്. ക്രമക്കേടില്ലാതെ വിവിധ പരീക്ഷകള്‍ കൃത്യമായി നടത്താനും ഫലം പ്രഖ്യാപിക്കാനും വിദ്യാഭ്യാസവകുപ്പിനും സര്‍വകലാശാലകള്‍ക്കും സാധ്യമായിട്ടുണ്ട്. വിദ്യാര്‍ഥി പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനാല്‍ വിദ്യാര്‍ഥി സമരങ്ങള്‍ക്ക് പൂര്‍ണമായ അവധിയാണ്.

ഭക്ഷ്യസബ്സിഡി നിര്‍ത്തലാക്കുകയും പൊതുവിതരണസമ്പ്രദായം തകര്‍ക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളാണ് ഇന്ത്യയിലാകെ വിലക്കയറ്റം രൂക്ഷമാക്കിയത്. സിവിള്‍ സപ്ളൈസ് വകുപ്പും സഹകരണസ്ഥാപനങ്ങളും പൊതുകമ്പോളത്തില്‍ ഫലപ്രദമായി ഇടപെട്ടതിനാല്‍ ഇന്ത്യയില്‍ വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറി. അവശ്യസാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്നതിനാല്‍ ഭക്ഷ്യസുരക്ഷയില്‍ കേരളം ഒന്നാംസ്ഥാനത്താണ്. ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള 41 ലക്ഷം കുടുംബത്തിനു രണ്ടുരൂപയ്ക്ക് ഒരു കിലോ അരി നല്‍കുന്ന സംവിധാനം എല്‍ഡിഎഫ് സര്‍ക്കാരിനു തിലകക്കുറിയാണ്.

ഭൂമി വിതരണവും സംരക്ഷണവും ഉറപ്പുവരുത്താന്‍ ലാന്‍ഡ് ബാങ്ക് രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനംമൂലം അനധികൃത ഭൂമിഇടപാടുകള്‍ക്ക് വിരാമമായി. ഒന്നേകാല്‍ ലക്ഷത്തോളം ഭൂരഹിതര്‍ക്ക് ഭൂമിയില്‍ സ്ഥിരാവകാശം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇ എം എസ് ഭവന നിര്‍മാണപദ്ധതിയും എം എന്‍ പദ്ധതിയും മുഖേന ഒട്ടേറെപ്പേരുടെ പാര്‍പ്പിട പ്രശ്നം പരിഹരിക്കപ്പെട്ടു.

യുഡിഎഫ് ഭരണകാലത്ത് വ്യാപകമായിരുന്ന വനം കയ്യേറ്റവും ചന്ദനമരം ഉള്‍പ്പെടെയുള്ള വനവിഭവങ്ങളുടെ കൊള്ളയും അവസാനിപ്പിക്കാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞു. സാമൂഹ്യവനവല്‍ക്കരണത്തിന് കേന്ദ്രസര്‍ക്കാരിന്റെ ഇന്ദിരാ പ്രിയദര്‍ശിനി അവാര്‍ഡ് നേടിയ വനം വകുപ്പ് പരിസ്ഥിതി സംരക്ഷണകാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നു.

ജനജീവിതത്തിന്റെ എല്ലാ മേഖലയിലും സഹകരണമേഖലയുടെ സാന്നിധ്യം സജീവമാക്കാന്‍ ഇന്നത്തെ ഭരണത്തിനു കഴിഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യം തുടങ്ങിയ സേവനതുറകളില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് സഹകരണപ്രസ്ഥാനം കാഴ്ചവച്ചത്.

ദേവസ്വംരംഗത്ത് ശുദ്ധികലശം നടത്താനും ഉദ്യോഗനിയമനം ഉള്‍പ്പെടെ പിഎസ്സിക്ക് വിടാനും കഴിഞ്ഞത് ധീരമായ നടപടിയാണ്. ശബരിമലയുടെ സമഗ്ര വികസനത്തിനുള്ള മാസ്റ്റര്‍പ്ളാന്‍ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

അധികാരവികേന്ദ്രീകരണ പ്രക്രിയയെ തുരങ്കംവയ്ക്കുകയെന്ന നയമാണ് യുഡിഎഫ് സ്വീകരിച്ചത്. ജനകീയാസൂത്രണത്തെയും കുടുംബശ്രീയെയും തകര്‍ക്കാന്‍ എല്ലാവിധ ശ്രമവും നടത്തിയിരുന്നു. താഴേത്തട്ടിലുള്ള വികസനത്തിന് കൂടുതല്‍ അധികാരവും പണവും തദ്ദേശസ്ഥാപനങ്ങള്‍ക്കു നല്‍കിയത് നാടിനു പുത്തന്‍ ഉണര്‍വേകി. പഞ്ചായത്തിരാജിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് കേരളത്തിനാണ്. വൈതരണികള്‍ അതിജീവിച്ചു മുന്നേറുന്ന കുടുംബശ്രീ കേരളീയ ജനജീവിതത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും മുഖശ്രീയായി മാറിയിരിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണത്തില്‍ തുല്യത നേടുന്ന കേരളീയ സ്ത്രീത്വത്തിന്റെ വിജയചിഹ്നങ്ങളിലൊന്ന് കുടുംബശ്രീ തന്നെയാണ്.


Saturday, October 9, 2010

ഭൂരിപക്ഷം ഇടതിന്: എല്‍.ഡി.എഫ്- 721, യു.ഡി.എഫ് -261


സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും ഭരിക്കുന്നത്  ഇടതുമുന്നണി  ഭരണസമിതികള്‍. സംസ്ഥാനത്ത് നിലവില്‍ 999 ഗ്രാമപഞ്ചായത്തുകളാണുള്ളത്. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക് പ്രകാരം അതില്‍ 721 എണ്ണവും ഭരിക്കുന്നത് ഇടതു മുന്നണിയാണ് (രാഷ്ട്രീയത്തിലെ  മലക്കം മറിച്ചിലുകള്‍ ഉള്‍പ്പെടില്ല).

261
പഞ്ചായത്തുകള്‍ യു.ഡി.എഫും ആറെണ്ണം ബി.ജെ.പിയും 11 എണ്ണം സ്വതന്ത്രരും ഭരിക്കുന്നു.152 ബ്ലോക്കുകളില്‍ 123 എണ്ണവും ഇടതു മുന്നണിക്കാണ്. 29 സ്ഥലത്ത് യു.ഡി.എഫ്. 14 ജില്ലാ പഞ്ചായത്തുകളില്‍ 12 ഉം ഇടതുമുന്നണിക്കാണ്. യു.ഡി.എഫിന് രണ്ട്. നിലവിലെ 53 മുനിസിപ്പാലിറ്റികളില്‍ (ഇപ്പോള്‍ 60 ആയി) 33 എണ്ണം ഇടതുമുന്നണിയും 19 എണ്ണം യു.ഡി.എഫും ഭരിക്കുന്നു. ഒരിടത്ത് സ്വതന്ത്രനാണ് പ്രസിഡന്റ്കോര്‍പറേഷനുകള്‍ അഞ്ചും ഭരിക്കുന്നത് ഇടതു മുന്നണിയാണ്.

ഇടതു മുന്നണി ഭരിക്കുന്ന 721 ഗ്രാമപഞ്ചായത്തുകളില്‍ 644 എണ്ണത്തിലും പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിനാണ്. (തിരുവനന്തപുരം 58, കൊല്ലം 52, പത്തനംതിട്ട 35, ആലപ്പുഴ 52, കോട്ടയം 37, ഇടുക്കി 23, എറണാകുളം 58, തൃശൂര്‍ 72, പാലക്കാട് 67, മലപ്പുറം 30, കോഴിക്കോട് 63, വയനാട് 20, കണ്ണൂര്‍ 59, കാസര്‍കോട് 18).

44
ഗ്രാമപഞ്ചായത്തുകളില്‍  പ്രസിഡന്റ് സ്ഥാനം സി.പി.ഐക്കാണ് . ആര്‍.എസ്.പിക്ക് രണ്ടിലും ജനതാദളിന് മൂന്നിലും എന്‍.സി.പിക്ക് ഒരു പഞ്ചായത്തിലും പ്രസിഡന്റ് സ്ഥാനമുണ്ട്. ഇതിന് പുറമെ ഡി..സിക്ക് എട്ട് പഞ്ചായത്തിലും ജനതാദള്‍ എസിന് മൂന്ന് പഞ്ചായത്തിലും കേരളകോണ്‍ഗ്രസ് ജോസഫിന് 17 ഇടത്തും സെക്യുലറിന് രണ്ടിടത്തും പ്രസിഡന്റ് സ്ഥാനമുണ്ട്.

യു.ഡി.എഫിനുള്ള 261 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരില്‍ 166 എണ്ണം കോണ്‍ഗ്രസുകാരാണ്. മുസ്‌ലിം ലീഗിന് 85ഉം കേരള കോണ്‍ഗ്രസ് മാണിക്ക് ഒമ്പതും ജെ.എസ്.എസിന് ഒരു പ്രസിഡന്റുമുണ്ട്.

ഇടതു മുന്നണിക്കുള്ള 123 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരില്‍ 107 ഉം സി.പി.എമ്മുകാരാണ്. സി.പി.ഐക്കാര്‍ക്ക് 10ഉം ജനതാദളിന് മൂന്നും കോണ്‍ഗ്രസ് എസിന് ഒന്നും കേരള കോണ്‍ഗ്രസ് ജെക്ക് രണ്ടും ബ്ലോക്ക് പ്രസിഡന്റുമാരുണ്ട്. യു.ഡി.എഫിനുള്ള 29 ബ്ലോക്ക് പ്രസിഡന്റുമാരില്‍ കോണ്‍ഗ്രസിന് 15ഉം മുസ്‌ലിം ലീഗിന് 10ഉം മാണിക്ക് നാലുമുണ്ട്.

എട്ട് ജില്ലാ പഞ്ചായത്തുകള്‍ ഭരിക്കുന്നത് സി.പി.എം പ്രസിഡന്റുമാരാണ്. കൊല്ലം തൃശൂര്‍ എന്നിവ മാത്രമേ സി.പി.ഐക്കുള്ളൂ. വയനാട് ഡി..സിക്കും ഇടുക്കി ജോസഫിനുമാണ്. യു.ഡി.എഫിന് ആകെയുള്ള രണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരില്‍ കോട്ടയം മാണി ഗ്രൂപ്പിനും മലപ്പുറം മുസ്‌ലിം ലീഗിനുമാണ്. കോണ്‍ഗ്രസിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരില്ല.

53 മുസിസിപ്പാലിറ്റികളില്‍ 32 പ്രസിഡന്റുമാര്‍ സി.പി.എമ്മു കാരാണ്. സി.പി.ഐക്ക് ഒന്ന്യു.ഡി.എഫിന് 19 മുനിസിപ്പല്‍ ചെയര്‍മാന്‍മാരാണുള്ളത്. ഇതില്‍ 15 എണ്ണം കോണ്‍ഗ്രസുകാരും മൂന്ന് എണ്ണം ലീഗുകാരും ഒരെണ്ണം മാണിക്കുമാണ്. ഒരു സ്ഥാനം സ്വതന്ത്രനുണ്ട്.

ജനകീയ ബദലാകുന്ന ഇടതു സര്‍ക്കാര്‍



VOTE FOR

ഏറെ അഭിമാനത്തോടെയാകണം ഇത്തവണ ഇടതുപക്ഷമുന്നണി വോട്ടിനായി ജനത്തെ സമീപിക്കുന്നത്. കേരള ജനതയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമെത്താത്ത ഒരു വിഭാഗവും കാണില്ല. കുറ്റങ്ങളും കുറവുകളും ഇല്ലെന്നല്ല.അവയെ മാധ്യമങ്ങള്‍ ഒന്നടങ്കം എത്ര പെരുപ്പിച്ചാലും ഈ സര്‍ക്കാരിന്റെ നേട്ടങ്ങളെ ചെറുതാക്കാന്‍ കഴിയില്ല.

പരിമിതമായ വിഭവശേഷിയാണ് ഒരു ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. മാത്രമല്ല അടിസ്ഥാന നയങ്ങള്‍ തീരുമാനിക്കുന്നത് കേന്ദ്രമാണ്.ഫെഡറലിസം വളരെ പരിമിതമാണ് നമ്മുടെ നാട്ടില്‍. ഉദാഹരണത്തിനു ഹൈവേ വികസിപ്പിക്കാന്‍ ടോള്‍ പിരിക്കണമെന്ന് കേന്ദ്രം പറഞ്ഞാല്‍ സംസ്ഥാനത്തിന് മറ്റ് വഴികളില്ല, ഒന്നുകില്‍ പദ്ധതിയേ വേണ്ടെന്നു വെയ്ക്കാം,അല്ലെങ്കില്‍ കേന്ദ്രം പറയുന്ന വഴി പോകാം.ഇങ്ങനെ ആണെങ്കിലും തങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നു ഒരേ സമയം ക്ഷേമ സര്‍ക്കാരാകാനും അതേ സമയം വികസന സര്‍ക്കാരാകാനും എല്‍ ഡി എഫ് ഗവണ്മെന്റിനു കഴിഞ്ഞു.മുന്‍ ഇടതു സര്‍ക്കാരുകള്‍ അടിസ്ഥാനപരമായി ക്ഷേമ സര്‍ക്കാരുകളായിരുന്നു. സാധാരണഗതിയില്‍ ക്ഷേമപദ്ധതികള്‍ നിയന്ത്രിച്ചാണ് സര്‍ക്കാരുകള്‍ വികസനത്തിനു വഴി കണ്ടെത്തുന്നത്. ഇക്കാര്യത്തില്‍ തോമസ് ഐസക്ക് എന്ന ധനകാര്യ വിചക്ഷണനു അഭിമാനിക്കാം. പുതിയ പദ്ധതികള്‍ വരുമ്പോഴും ക്ഷേമപദ്ധതികള്‍ ഒന്നു വെട്ടി കുറച്ചിലെന്നു മാത്രമല്ല, പലതിന്റെയും തുക ഇരട്ടിയോളം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. എന്നിട്ടും ഒരു ദിവസം പോലും ട്രഷറി പൂട്ടേണ്ടി വന്നില്ല.

കര്‍ഷക ആത്മഹത്യയുടെ കഥകളിലേക്കാണ് നാലര വര്‍ഷം മുന്‍പ് വരെ കേരളത്തിലെ ഓരോ ദിനവും പുലര്‍ന്നിരുന്നത്. കൂടുതലും കൂട്ട ആത്മഹത്യകള്‍. വെറുങ്ങലിച്ച് കിടക്കുന്ന നിരപരാധികളും നിഷ്കളങ്കരുമായ കുട്ടികളുടെ ശരീരങ്ങള്‍ നമ്മുടെ പ്രഭാതങ്ങളെ അസ്വസ്ഥമാക്കി.ഇന്ന് നാം ആ കഥകള്‍ മറന്നു തുടങ്ങിയെങ്കില്‍ അതിന്റെ നല്ല ക്രഡിറ്റ് ഈ സര്‍ക്കാരിനു കൊടുക്കണം.വിദര്‍ഭയിലും ആന്ധ്രയിലും കര്‍ഷകര്‍ ഇന്നും ആത്മഹത്യ ചെയ്യുന്നുണ്ട് എന്നതും ഈ അവസരത്തില്‍ പറയേണ്ടതുണ്ട്.

41 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് 2 രൂപക്ക് അരി നല്‍കുന്ന പദ്ധതി അടിസ്ഥാന ജനതയെ സ്പര്‍ശിക്കുന്ന ഒരു ക്ഷേമ പദ്ധതിയാണ്. ഇതിലൂടെ പട്ടികജാതി വര്‍ഗ്ഗങ്ങള്‍, കര്‍ഷക തൊഴിലാളികള്‍, ആദിവാസികള്‍, മത്സ്യതൊഴിലാളികള്‍ എന്നിങ്ങനെ സകലമാന ജീവിത പിന്നാക്ക അവസ്ഥയുള്ള ആളുകളുടെയും വീട്ടില്‍ അടുപ്പെരിയുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നു. കേരളത്തിലെ പൊതു വിതരണ ശ്രംഖല ഇന്ത്യക്ക് മാതൃകയാണെന്നാണ് ശരത് പവാര്‍ പറയുന്നത്. വിശേഷ അവസരങ്ങളിലെ കമ്പോള ചൂഷണത്തില്‍ നിന്നും ജനതയെ ഈ സര്‍ക്കാര്‍ പൊതിഞ്ഞു നിര്‍ത്തി.കഴിഞ്ഞ ഓണക്കാലം ആരുടെയും മനസ്സില്‍ നിന്ന് പോയിട്ടില്ല. പാലിനു ഇടക്കിടെ വില വര്‍ദ്ധിപ്പിക്കേണ്ടി വന്നപ്പോഴും അതിന്റെ ഗുണം പരമാവധി ക്ഷീര കര്‍ഷകനു കിട്ടുമെന്ന് മില്‍മയെ കൊണ്ട് ഉറപ്പാക്കിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. 
ഏഴു രൂപ ആയിരുന്നു ഒരു കിലോ നെല്ലിന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ താങ്ങുവില (സംഭരണ വില എന്നു പറ്യണമെങ്കില്‍ സംഭരണം ഉണ്ടാകേണ്ടേ). സംഭരണമെന്ന സംഭവമേ ഇല്ലായിരുന്നു. ഇപ്പോള്‍ ഏതാണ്ട് ഇരട്ടിയായി സംഭരണ വില.സര്‍ക്കാര്‍ സപ്ലൈകോ വഴി സംഭരിക്കുന്നു.പണം കര്‍ഷകന്റെ അക്കൌണ്ടില്‍ എത്തുന്നു.ചില്ലറ പാളിച്ചകളില്ലെന്നല്ല. എങ്കിലും കുട്ടനാട്ടില്‍ ഇന്നു പാടങ്ങള്‍ ഇരിപ്പൂ കൃഷി ചെയ്യുന്നു,നെല്ല് കളത്തില്‍ തന്നെ വില്‍ക്കാന്‍ സാധിക്കുന്നത് കൊണ്ട് സംഭരണം, ട്രാന്‍സ്പോര്‍ട്ടേഷന്‍ ചിലവുകള്‍ ഇല്ലാതായി. കൃഷി എന്നത് മെച്ചപ്പെട്ട ഒരു വ്യവസായമായി മാറി. ചുരുങ്ങിയത് മുടക്കുമുതലിന്റെ ഇരട്ടി കര്‍ഷകനു മൂന്നു മാസത്തില്‍ കിട്ടുന്നു. Return on Investment നോക്കുകയാണെങ്കില്‍ ഏതാണ്ട് 400 %. (കാലവസ്ഥയുടെ റിസ്ക്ക് എലമെന്റ് മറന്നിട്ടല്ല) എല്ലാവരെയും പാടത്തേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ഏതായാലും കാര്‍ഷിക വിസ്തൃതി കുറച്ചെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞെങ്കില്‍ ആശ്വാസകരമെന്നേ പറയേണ്ടൂ.കൃഷിഭൂമി കൃഷിഭൂ‍മിയായി നില നില്‍ക്കേണ്ട ഒരു ആഗോള സാഹചര്യത്തിലൂടെയാണ് നാം കടന്നു പോക്കുന്നത്. പച്ചക്കറി കൃഷി വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ ധാരാളം പദ്ധതികള്‍ മുന്നോട്ട് കൊണ്ടുവന്നു.എല്ലാറ്റിലും ഉപരി പുതിയ തലമുറയിലെ കുറച്ചു പേർക്കിടയിലെങ്കിലും ഒരു കാര്‍ഷിക സംസ്ക്കാരത്തിനു വിത്തിടാന്‍ സൌമ്യനായ മുല്ലക്കരക്ക് കഴിഞ്ഞു.

കൃഷി പോലെ തന്നെ വന്‍ മുന്നേറ്റം നടത്തിയത് വ്യവസായ വകുപ്പാണ്.ഫലമുള്ള ആ മാവിലേക്ക് ഒളിച്ചും പതുങ്ങിയും എറിയപ്പെട്ട കമ്പും കല്ലും തന്നെ അതിന്റെ തെളിവ്. ഒരു തൊഴിലാളി വര്‍ഗ്ഗപ്രവര്‍ത്തകന്‍ എന്നത് ഒരു മന്ത്രിയെ സംബന്ധിച്ച് അതും ഒരു വ്യവസായ മന്ത്രിയെ സംബന്ധിച്ച് ഒരു പരിമിതിയാകാം. എന്നാല്‍ അത് ഒരു ഊര്‍ജ്ജമാണ് കരീമിന്.വ്യവസായവികസനത്തിന്റെ കാര്യത്തില്‍ പ്രത്യയശാസ്ത്രമോ രാഷ്ട്രീയമോ അദ്ദേഹത്തിനു തടസ്സമല്ല. ആന്റണിയുടെ കേന്ദ്രമന്ത്രി പദവി ഇത്രയും ഫലപ്രദമായി വിനിയോഗിച്ച മറ്റാരെങ്കിലുമിണ്ടോ എന്ന് സംശയമാണ്.ഭരണകാലവധിക്കുള്ളില്‍ മുഴുവന്‍ പൊതുമേഖലാസ്ഥാപനങ്ങളും ലാഭത്തിലാക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍.അത് നേടുമെന്നതിന് കഴിഞ്ഞ നാലര വര്‍ഷത്തെ വിജയഗാഥ സാക്ഷി. കരീം ലിബറല്‍ ആകുന്നിടത്ത് മനോരമ മാവോയിസ്റ്റാകുമെന്നത് കൊണ്ട് കരീമിനു കിടക്കപൊറുതിയില്ല.ജന്മനാ കിഷന്‍ജിയോ പ്രചണ്ഡയോ ഒക്കെ ആയ വീരന്റെ പത്രത്തെ കുറിച്ച് പറയാനുമില്ല.കൂടത്തില്‍ ഭൂലോക പുരോഗമനക്കാരായ ജമാ അത്തൈ ഇസ്ലാമിയും. സകലരും കൂടി കമ്മ്യൂണിസത്തിന്റെ പിറകേ അടിയന്‍ ലച്ചിപ്പോം എന്ന് പറഞ്ഞ് ഓട്ടമാണ്.പാവം കമ്മ്യൂണിസം
ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും പവര്‍ കട്ടും ലോഡ് ഷെഡിങ്ങും തുടര്‍ച്ചയാകുമ്പോള്‍ കേരളം വളരെ വ്യക്തമായ പ്ലാനിങ്ങോടെയാണ് ഈ വിഷയത്തില്‍ മുന്നോട്ട് പോകുന്നത്. ഊര്‍ജ്ജ സ്വയം പര്യാപ്തതക്കായി സ്വന്തം മന്ത്രിസഭയിലെ അംഗമാകട്ടെ കേന്ദ്രമന്ത്രിയാകട്ടെ ആരുമായി മുട്ടാനും ബാലന്‍ തയ്യാര്‍.ഈ വിഷയത്തിലെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യാന്‍ വയ്യാത്തതാണ്.അതേ വീറോടെ തന്നെ പരിസ്ഥിതിക്കായി ബാലനുമായി ഗുസ്തി പിടിക്കാന്‍ ബിനോയി വിശ്വവും തയ്യാറാണ്. ചന്ദനകൊള്ള വലിയൊരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്നും വനഭൂമിയുടെ വിസ്തൃതി കൂടിയെന്നും കണക്കുകള്‍ പറയുന്നു.പ്രകൃതിസ്നേഹിയായ മന്ത്രിക്ക് അഭിമാനിക്കാം.

ഒരുപക്ഷെ ഏറ്റവും കല്ലെറിയപ്പെട്ട മന്ത്രി ശ്രീമതിടീച്ചറാണ്. അവരുടെ ആംഗലേയം പരിഹാസത്തിനുള്ള വിഷയമാക്കിയ സായിപ്പുമാര്‍ക്ക് പോലും ആരോഗ്യരംഗത്ത് വരുത്തിയ കാതലായ മാറ്റങ്ങളെ ശ്രദ്ധിക്കാതെ വയ്യ. റഫറല്‍ സംവിധാനം മുന്നോട്ട് കൊണ്ടു പോവുകയും പ്രാഥമിക ആരോഗ്യരംഗം ശക്തിപ്പെടുത്തികയും ചെയ്താല്‍ ഈ മേഖലയിലെ വെല്ലുവിളികളെ ഭാവിയിലും കേരളത്തിനു നേരിടാനാകും. 
സ്മാര്‍ട്ട് സിറ്റി നടപ്പാവതെ പോയതാണ് ഒരു വലിയ വിമര്‍ശനമായി കാണുന്നത്. അതിന്റെ കാരണങ്ങളിലേക്ക് പോകുന്നില്ല.എന്നാല്‍ ഇന്‍ഫോ പാര്‍ക്കിലും മറ്റ് ഐടി സെന്ററുകളിലും കാര്യമായ അടിസ്ഥാന സൌകര്യവികസനം നടക്കുന്നു എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. 
ഒറ്റപ്പെട്ട സംഭവങ്ങള്‍ (പോള്‍ വധം, പാലക്കാട് ലോക്കപ്പ് മരണം തുടങ്ങിയവ) ഒഴിവാക്കിയാല്‍ ആഭ്യന്തരവകുപ്പും മെച്ചപ്പെട്ട ഒരു പ്രകടനമാണ് കാഴ്ച്ച വെച്ചത്. പോള്‍ വധത്തില്‍ പൊലീസിന്റെ അതേ കണ്ടെത്തലുകള്‍ സി ബി ഐ ശരി വെച്ചതോടെ മംഗളം തുടങ്ങിയ പത്രത്തിലെ ജയിംസ് ബോണ്ടുകള്‍ക്കും ഷെര്‍ലക്ക് ഹോംസുമാര്‍ക്കും മിണ്ടാട്ടം മുട്ടി.പൊതുവില്‍ പൊലീസില്‍ വരുത്തിയ പരിഷ്ക്കാരങ്ങള്‍, കൂടുതല്‍ മെച്ച പ്പെട്ട സൌകര്യങ്ങള്‍ ഒക്കെ കരുത്തുറ്റ ഒരു മന്ത്രിയുടെ സാന്നിധ്യം അറിയിച്ചു. ടൂറിസം രംഗത്തും കോടിയേരിയുടെ ഇടപെടലുകള്‍ ഫലപ്രദമായിരുന്നു. സാമ്പത്തിക മാന്ദ്യകാലത്തും ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ട ഇടമായി കേരളം. കെ ടി ഡി സിയുടെയും നിലവാരം ശ്രദ്ധേയമായ രീതിയില്‍ മെച്ചപ്പെട്ടു, 
സര്‍ക്കാറിനു മുന്നില്‍ വന്ന ഏറ്റവും കടുത്ത വെല്ലുവിളികളിലൊന്ന് ചെങ്ങറ സമരമായിരുന്നു. സമരത്തിന്റെ ന്യായാന്യയങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.അതിന്റെ നേതാവിന്റെ വഞ്ചന അണികള്‍ തന്നെ വിളിച്ചു പറഞ്ഞതാണ്,കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഒറ്റാലുമായി ഇറങ്ങിയിട്ടുള്ള നീലകണ്ഠന്‍,സോളിഡാരിറ്റി തുടങ്ങിയവരെ നാട്ടുകാര്‍ക്ക് അറിയാവുന്നതുമാണ്.മുത്തങ്ങയോ നന്ദിഗ്രാമോ പ്രതീക്ഷീച്ചവരെ നിരാശരാക്കുന്ന വിധത്തില്‍ ശാന്തമായാണ് ആ സമരത്തെ സര്‍ക്കാര്‍ നേരിട്ടത്.പാവപ്പെട്ടവന്റെ നേരെ വെടിവെയ്ക്കാതെ മര്‍ദ്ദനമഴിച്ചുവിടാതെ സര്‍ക്കാര്‍ അടിച്ചമര്‍ത്തപ്പെട്ടവരോടുള്ള തങ്ങളുടെ വിധേയത്വം കാട്ടി.

മുല്ലപ്പെരിയാര്‍ വിഷയത്തിലെ നിതാന്ത ജാഗ്രത പ്രേമചന്ദ്രന്റെ ഭരണമികവിനു അടിവരയിടുന്നു. ജനവുമായി ഏറ്റവുമധികം ബന്ധപ്പെടുന്ന, എന്നാല്‍ പ്രത്യക്ഷത്തില്‍ പ്രവര്‍ത്തനങ്ങള്‍ അളക്കാന്‍ കഴിയാത്ത വകുപ്പാണ് റവന്യു എങ്കിലും മോശമല്ലാത്ത വിധം കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ രാജേന്ദ്രനു കഴിഞ്ഞു. ഭൂവിതരണത്തിലും മറ്റും ഗണ്യമായ പുരോഗതി നേടാന്‍ സര്‍ക്കാരിനു കഴിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ പരസ്പരം പോരടിക്കുന്ന വിവിധ താല്‍പ്പര്യങ്ങളെയും കോടതിയെയും തൃപ്തിപ്പെടുത്തി വേണം മുന്നോട്ട് പോകാന്‍ എന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. ഗോള്‍ഫ് കോഴ്സിലും മറ്റും സര്‍ക്കാര്‍ പ്രകടിപ്പിച്ച നിശ്ചയദാർഢ്യത്തെ പരാമര്‍ശിക്കാതെ വയ്യ.

മാധ്യമ ഹോസ്റ്റിലിറ്റിയാണ് സര്‍ക്കാരും മുന്നണിയും നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. പ്രഖ്യാപിത വലതുപക്ഷമായ മനോരമ, വീരേന്ദ്രകുമാറിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നില്‍ക്കുന്ന മാതൃഭൂമി,തീവ്ര ഇടതു വേഷം കെട്ടുന്ന ജമാ അത്തിന്റെ മാധ്യമം,പൈങ്കിളി വാര്‍ത്തകളുടെ ചാണകക്കുഴികളില്‍ അഭിരമിക്കുന്ന മംഗളം, മുനീര്‍-രാഘവന്‍ താല്‍പ്പര്യങ്ങളുള്ള ഇന്ത്യാവിഷന്‍,ബിജെപി എം പിയും ആഗോളകുത്തകയും ചേര്‍ന്ന് നടത്തുന്ന ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങള്‍ ഇടതുവിരുദ്ധതയുടെ കാര്യത്തില്‍ ഒത്തു പിടിച്ചു.മുഖ്യമന്ത്രിയും പത്രങ്ങളും സത്യസന്ധര്‍ ബാക്കിയുള്ള മന്ത്രിമാരെല്ലാം മാഫിയ എന്നൊരു മട്ട് തീര്‍ക്കുന്നതില്‍ അവര്‍ നല്ല ഒരു പരിധി വരെ വിജയിച്ചു. മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയത്തക്ക വണ്ണം ശക്തമായിരുന്നു അവരുടെ പ്രചരണം. സര്‍ക്കാരിന്റെ പല നല്ല കാര്യങ്ങളെയും തമസ്ക്കരിക്കാനും ചെറിയ ദോഷങ്ങളെ പര്‍വ്വതീകരിക്കാനും അവര്‍ക്ക് കഴിഞ്ഞു. കഴിഞ്ഞ തെരെഞ്ഞെടുപ്പിലെ വലതു വിജയം അക്ഷരം പ്രതി ഒരു മീഡിയ സബോട്ടാഷായിരുന്നു.

പഴമുറം കൊണ്ട് സൂര്യനെ മറക്കാനാകില്ലല്ലോ. സാധാരണക്കാരന്‍ അവരുടെ താല്‍പ്പര്യങ്ങളെ ഉയര്‍ത്തിപിടിക്കുന്ന മുന്നണിയെയും സര്‍ക്കാരിനെയും മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. അടുത്ത അഞ്ചു കൊല്ലം കാര്‍ഷിക ആത്മഹത്യകള്‍ ആവര്‍ത്തിക്കാന്‍, പാടശേഖരങ്ങള്‍ തരിശിടാന്‍,പൊതുമേഖല വിറ്റു തുലയ്ക്കാന്‍ അവര്‍ കൂട്ടു നില്‍ക്കില്ലെന്ന് പ്രതീക്ഷിക്കാം.വികസനമെന്നത് സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടലാണ്,അംബരചുംബികളായ കെട്ടിടങ്ങളും പുത്തന്‍ കാറുകളുമല്ല എന്ന ഇടത് കാഴ്ച്ചപാടിനെ ഒരു പരിധിയെങ്കിലും മുന്നോട്ട് കൊണ്ടു പോകാന്‍ ഈ സര്‍ക്കാരിനായി.സുസ്ഥിരമായി ഈ മുന്നണിയെ മുന്നോട്ട് പോകാന്‍ അനുവദിക്കുക എന്നതാണ് വോട്ടര്‍മാര്‍ എന്ന നിലയില്‍ കേരള ജനത ചെയ്യേണ്ടത്.


kadappad
ജനകീയ ബദലാകുന്ന ഇടതു സര്‍ക്കാര്‍


Friday, October 8, 2010

ജനകീയ വികേന്ദ്രീകൃത വികസനം ശക്തിപ്പെടുത്താന്‍ എല്‍ഡിഎഫ് വിജയം ഉറപ്പാക്കുക.



കേരളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഈ തെരഞ്ഞെടുപ്പ് നിരവധി രാഷ്ട്രീയപ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്ന തെരഞ്ഞെടുപ്പാണ്. കേരളത്തില്‍ നിലനില്‍ക്കുന്ന അധികാരവികേന്ദ്രീകരണത്തെ ശക്തിപ്പെടുത്താനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യം കൂടുതല്‍ ദൃഢമാക്കുന്നതിനും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കേരളത്തില്‍ അധികാര വികേന്ദ്രീകരണ പ്രക്രിയ ശക്തിപ്പെടുത്താനുള്ള ഇടപെടല്‍ 1957 മുതല്‍ ഇവിടെ അധികാരത്തിലിരുന്ന ഇടതുപക്ഷ ഗവമെന്റ് നടത്തിയിരുന്നു. എന്നാല്‍, അധികാരം കിട്ടുന്ന ഘട്ടങ്ങളിലെല്ലാം അത്തരം പ്രക്രിയയെ തകര്‍ക്കാന്‍ ശ്രമിച്ചവരാണ് യുഡിഎഫ്. 1990ല്‍ ജില്ലാ കൌസിലിലേക്ക് തെരഞ്ഞെടുപ്പ് നടത്തുകയും അവര്‍ക്ക് പണവും അധികാരവും നല്‍കുന്ന പ്രവര്‍ത്തനം എല്‍ഡിഎഫ് സംഘടിപ്പിക്കുകയുണ്ടായി. എന്നാല്‍, തുടര്‍ന്ന് അധികാരത്തില്‍ വന്ന യുഡിഎഫ് ആ കൌസിലുകളെ പിരിച്ചുവിടുകയാണ് ചെയ്തത്. ലോകശ്രദ്ധയാകര്‍ഷിച്ച ജനകീയാസൂത്രണത്തെപ്പോലും തകര്‍ത്ത് കേരള വികസന പദ്ധതി നടപ്പാക്കി അധികാരവികേന്ദ്രീകരണത്തെ തകര്‍ക്കുകയാണ് യുഡിഎഫ് ചെയ്തത്. ഇപ്പോള്‍ കുടുംബശ്രീയെ ഇല്ലാതാക്കി ജനശ്രീയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനത്തിലൂടെ ജനകീയമായ എല്ലാ വികസന കൂട്ടായ്മകളെയും ഇല്ലാതാക്കാനുള്ള പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കോഗ്രസിന്റെ ഈ സമീപനം സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്നതല്ല. കര്‍ണാടകത്തിലും ഹരിയാനയിലും ഒക്കെ പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത് കോഗ്രസ് അധികാരത്തില്‍നിന്ന് പുറത്തുപോയതിനുശേഷമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് അധികാര വികേന്ദ്രീകരണ പ്രക്രിയ വീണ്ടും ശക്തിപ്പെട്ടത്. നാലുവര്‍ഷംകൊണ്ട് 6497 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതിവിഹിതമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത്. ഇതിന്റെ 75 ശതമാനവും ചെലവഴിക്കപ്പെടുകയുണ്ടായി. ഇതിനുപുറമെ പൊതുഗ്രാന്റായി 1390 കോടി രൂപയും ആസ്തി സംരക്ഷണത്തിന് 1624 കോടി രൂപയും ലഭ്യമാക്കുകയുണ്ടായി. ഇവയോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വിഹിതവും കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത് ആഗോളവല്‍ക്കരണ നയങ്ങളാണ്. ഈ നയങ്ങള്‍ ജനങ്ങളുടെ ജീവിതം ഏറെ ദുരിതപൂര്‍ണമാക്കുന്നതുമാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണല്ലോ സെപ്തംബര്‍ 7-ാം തീയതി ഇന്ത്യയിലെ എല്ലാ ട്രേഡ് യൂണിയനുകളും ചേര്‍ന്ന് നടത്തിയ പണിമുടക്ക് സമരം. കേന്ദ്രസര്‍ക്കാര്‍ ഈ നയം മുന്നോട്ടുവയ്ക്കുമ്പോള്‍ ആ നയത്തിന് ബദലുയര്‍ത്തി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഫലമായി സംസ്ഥാനത്ത് കാര്‍ഷിക-വ്യവസായ മേഖല ശക്തിപ്പെടുന്ന നിലയുണ്ടായി. കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാവുകയും പൊതുമേഖലാ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ച് ലാഭത്തിലേക്ക് കുതിക്കുന്ന നിലയും രൂപപ്പെട്ടിരിക്കുകയാണ്. എല്ലാ ക്ഷേമപെന്‍ഷനുകളും കുടിശ്ശികയാക്കി വയ്ക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയത്തിനു ബദലായി അവ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് നല്‍കുന്നതിനും ഈ സംഖ്യ ഉയര്‍ത്തുന്നതിനുമുള്ള നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു. അതിന്റെ ഫലമായി ക്ഷേമപെന്‍ഷനുകള്‍ 300 രൂപയായി വര്‍ധിപ്പിച്ചു. ഒരു ക്ഷേമപെന്‍ഷനും ലഭിക്കാത്ത 65 വയസ്സ് കഴിഞ്ഞവര്‍ക്ക് 100 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയും നടപ്പാക്കി. പുതിയ വിഭാഗങ്ങള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തി. സ്വര്‍ണത്തൊഴിലാളികള്‍, ഷോപ്പ് & എസ്റാബ്ളിഷ്മെന്റ് മേഖലയില്‍ തൊഴിലെടുക്കുന്നവര്‍, നിലത്തെഴുത്താശാന്മാര്‍ തുടങ്ങി ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ക്ക് നേട്ടം സംഭാവന ചെയ്യുന്നവിധം സര്‍ക്കാര്‍ ഇടപെടുകയുമുണ്ടായി. എല്ലാവര്‍ക്കും വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തോടെ സമ്പൂര്‍ണ വൈദ്യുതീകരണം എന്ന ലക്ഷ്യത്തിലേക്ക് കേരളം എത്തിച്ചേരാന്‍ പോവുകയാണ്. ഇ എം എസ് ഭവനനിര്‍മാണപദ്ധതിയിലൂടെ ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്നതിനുള്ള പദ്ധതിയും നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു. തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പാക്കിയതിന്റെ ഭാഗമായി ഇതുവരെ 19 ലക്ഷം കുടുംബത്തിന് 549.7 ലക്ഷം തൊഴില്‍ദിനങ്ങള്‍ നല്‍കിക്കൊണ്ട് 806 കോടി രൂപയാണ് കേരളത്തില്‍ ചെലവഴിച്ചത്. നഗരത്തിലെ ജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്ന വിധത്തില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കും സര്‍ക്കാര്‍ നേതൃത്വം നല്‍കിയിരിക്കുന്നു. രണ്ടുരൂപയ്ക്ക് 35 ലക്ഷം കുടുംബങ്ങള്‍ക്ക് അരി നല്‍കുന്ന പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിക്കഴിഞ്ഞു. അത് 41 ലക്ഷമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. പൊതുവിതരണത്തെ ശക്തിപ്പെടുത്തി വിലക്കയറ്റം തടയുന്നതിനുള്ള കാര്യക്ഷമമായ പ്രവര്‍ത്തനം സര്‍ക്കാര്‍ നടത്തി എന്നതിന്റെ തെളിവാണല്ലോ കഴിഞ്ഞ ഓണം, ബക്രീദ് നാളുകള്‍. എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കുന്നതിനും പ്രതിജ്ഞാബദ്ധതയോടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുകയാണ്. ഇതിന്റെ ഭാഗമായി 47 വന്‍കിട പദ്ധതിയും 190 ചെറുകിട പദ്ധതിയും പൂര്‍ത്തിയായിക്കഴിഞ്ഞു. അതുവഴി 10 ലക്ഷംപേര്‍ക്ക് പുതുതായി കുടിവെള്ളം ലഭിക്കും. 823 ശുദ്ധജല പദ്ധതിയും 57 സുനാമി പദ്ധതിയും നബാര്‍ഡിന്റെ സഹായത്തോടെ 670 കോടി രൂപ ചെലവില്‍ 36 പദ്ധതിയും ആരംഭിച്ചു. മുടങ്ങിക്കിടന്ന 37 നഗര ശുദ്ധജല വിതരണ പദ്ധതിക്ക് 139 കോടി രൂപ നല്‍കി. ഗ്രാമീണ മേഖലയില്‍ ശുദ്ധജല വിതരണത്തിനായി വിവിധ പദ്ധതികള്‍ക്ക് നല്‍കിയതാവട്ടെ 300 കോടി രൂപയാണ്. എല്ലാവര്‍ക്കും ഭക്ഷണം, പാര്‍പ്പിടം, വെള്ളം, വൈദ്യുതി എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്താന്‍ പോവുകയാണ്. അതോടൊപ്പംതന്നെ യുഡിഎഫ് വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറായി. നിയമന നിരോധനം പിന്‍വലിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിച്ചു. ഡിഎ യഥാസമയം വിതരണംചെയ്തു എന്നു മാത്രമല്ല, ശമ്പളകമീഷനെ നിയമിക്കുകയുംചെയ്തു. ഇന്ത്യയിലെ മികച്ച ക്രമസമാധാനനില പുലര്‍ത്തുന്ന സംസ്ഥാനമായി കേരളം മാറി. സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന തരത്തില്‍ വിദ്യാഭ്യാസത്തെ പുനഃക്രമീകരിച്ചു. പൊതു ആരോഗ്യസമ്പ്രദായം ശക്തിപ്പെടുത്തി. ഇത്തരത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിനെ ജനകീയ പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് നേരിടാനാവില്ലെന്ന് യുഡിഎഫിന് മനസിലായിരിക്കുകയാണ്. അതിനാല്‍ ജാതി-മത വികാരങ്ങള്‍ കുത്തിപ്പൊക്കി നേട്ടം കൊയ്യാനാകുമോ എന്ന പരിശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. യുഡിഎഫ് ഇപ്പോള്‍ ജാതി-മത ശക്തികളുടെ കൂടാരമായിത്തീര്‍ന്നിരിക്കുകയാണ്. ന്യൂനപക്ഷ ഭീകരവാദത്തിന്റെ വക്താക്കളായ പോപ്പുലര്‍ ഫ്രണ്ടുമായുള്ള സഖ്യം ഇപ്പോഴും യുഡിഎഫ് തുടരുകയാണ്. അധ്യാപകന്റെ കൈവെട്ടി മാറ്റിയ പോപ്പുലര്‍ ഫ്രണ്ടിലുള്ളവര്‍ക്ക് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാന്‍ കോഗ്രസ് ആവശ്യപ്പെട്ട കാര്യം ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചത് മുസ്ളിം ലീഗിന്റെ ഇടുക്കി ജില്ലാ പ്രസിഡന്റ് സലിം ആണെന്ന കാര്യം ഇവിടെ നാം ഓര്‍ക്കേണ്ടതുണ്ട്. ശത്രുവിന്റെ ശത്രു മിത്രമാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പ്രഖ്യാപനം യുഡിഎഫുമായുള്ള സഖ്യത്തിന്റെ പ്രഖ്യാപനമാണ്. അല്ലാതെയുള്ള പ്രചാരവേലകളെല്ലാം എല്‍ഡിഎഫിന്റെ വിശ്വാസ്യതയെ ജനങ്ങളുടെ മുമ്പില്‍ തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് മനസിലാക്കേണ്ടതുണ്ട്. ബിജെപിയുമായി വടകരയിലും ബേപ്പൂരിലുമുണ്ടാക്കിയ യുഡിഎഫിന്റെ സഖ്യം കേരളീയര്‍ ഒരിക്കലും മറക്കുകയുമില്ല. ഇപ്പോള്‍ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി പരസ്യമായ സഖ്യം യുഡിഎഫ് സ്ഥാപിച്ചിട്ടുണ്ട്. ഉദാഹരണമായി, കാസര്‍കോട് ജില്ലയിലെ കോടോം-ബേളൂര്‍ പഞ്ചായത്തില്‍ ആകെയുള്ള 19 സീറ്റില്‍ നാലിടത്ത് ബിജെപി മത്സരിക്കുന്നു; പതിനഞ്ചിടത്ത് യുഡിഎഫും. പനത്തടി പഞ്ചായത്തിലാകട്ടെ ബിജെപി മത്സരിക്കുന്നത് മൂന്ന് സീറ്റിലാണ്. ബാക്കിയിടങ്ങളില്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്നു; യുഡിഎഫ് തിരിച്ചും. തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ ബിജെപി മത്സരിക്കുകയും ബാക്കിയുള്ളിടങ്ങളില്‍ യുഡിഎഫിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള നിരവധി സഖ്യങ്ങള്‍ സംസ്ഥാനത്തുണ്ട്. പോപ്പുലര്‍ ഫ്രണ്ട് അധ്യാപകന്റെ കൈവെട്ടിയ സംഭവം കേരളത്തിലെ മനുഷ്യസ്നേഹികളെല്ലാവരും ഒറ്റക്കെട്ടായി എതിര്‍ത്തിട്ടുള്ളതാണ്. അതിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന പൊതു അഭിപ്രായവും കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ അവസരത്തിലാണ് അധ്യാപകനെത്തന്നെ കോളേജില്‍നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള നടപടി മാനേജ്മെന്റ് സ്വീകരിച്ചത്. ഇത് കാണിക്കുന്നത് മാനേജ്മെന്റും പോപ്പുലര്‍ ഫ്രണ്ടുകാരും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നാണ്. ഈ പ്രവണത മാനേജ്മെന്റ് കാണിച്ചിട്ടും അതിനെതിരായി ഒരക്ഷരം ഉരിയാടാന്‍ യുഡിഎഫ് നേതൃത്വം തയ്യാറായിട്ടില്ല എന്നതും വസ്തുതയാണ്. വര്‍ഗീയ-ഭീകരവാദശക്തികള്‍ക്ക് നാടിനെ രാഷ്ട്രീയ ലാഭത്തിനായി പകുത്തുനല്‍കാനുള്ള യുഡിഎഫിന്റെ നീക്കത്തിനെതിരെ ജനാധിപത്യവിശ്വാസികള്‍ പ്രതികരിക്കേണ്ടതുണ്ട്. കേരളാ കോഗ്രസിന്റെ ലയനം സുറിയാനി ക്രിസ്ത്യാനികളിലെ ചില വൈദികരുടെ പരിശ്രമത്തിന്റെ ഫലമാണ് എന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. കേരളത്തിന്റെ ഉജ്വലമായ മതനിരപേക്ഷ പാരമ്പര്യത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഇടപെടലാണ് ഇത്തരം ആളുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ക്രൈസ്തവ വിശ്വാസത്തില്‍പ്പെട്ടവര്‍ അവരുടെ കീഴിലുള്ള വിദ്യാലയങ്ങളില്‍ മാത്രമേ പഠിക്കാന്‍ പാടുള്ളൂ എന്ന പ്രഖ്യാപനം ഈ ദിശയിലേക്കുള്ള നീക്കമല്ലാതെ മറ്റൊന്നല്ലതന്നെ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഇടപെടുന്ന രീതിയില്‍ ഇടയലേഖനം ഇറക്കുന്ന നടപടിയും ഈ തെറ്റായ സമീപനത്തിന്റെ തുടര്‍ച്ചയാണ്. ഇലക്ഷന്‍ കമീഷന്‍തന്നെ ഇത്തരം നടപടികള്‍ അനുവദിക്കാനാവില്ലെന്ന് പറഞ്ഞ കാര്യം നാം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഇങ്ങനെ ജാതി-മത ശക്തികളുടെ കേന്ദ്രമായി യുഡിഎഫ് മാറുകയും മതനിരപേക്ഷ പാരമ്പര്യത്തെ തകര്‍ക്കുന്ന നിലയിലേക്ക് നാടിനെ കൊണ്ടുപോകാനുള്ള പരിശ്രമവുമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ശക്തികളെ മാറ്റിനിര്‍ത്തിക്കൊണ്ടു മാത്രമേ നമ്മുടെ ഉജ്വലമായ മതനിരപേക്ഷതയുടെ പാരമ്പര്യം നമുക്ക് മുന്നോട്ടുവയ്ക്കാനാകൂ. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കി മാറ്റാനുള്ള ഇത്തരം പരിശ്രമങ്ങള്‍ക്കെതിരായി ജാഗ്രത പുലര്‍ത്താന്‍ ജനാധിപത്യബോധമുള്ള മുഴുവന്‍ ജനങ്ങള്‍ക്കും കഴിയേണ്ടതുണ്ട്. മതനിരപേക്ഷ രാഷ്ട്രീയത്തിനുള്ള അംഗീകാരമായി ഈ തെരഞ്ഞെടുപ്പിനെ മാറ്റിയെടുക്കാന്‍ നമുക്ക് കഴിയണം. ഒപ്പം, ജനകീയ വികേന്ദ്രീകൃത വികസനം ശക്തിപ്പെടുത്താന്‍വേണ്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പുവരുത്താന്‍ മുഴുവന്‍ ജനങ്ങളും സഹകരിക്കണം.


വൈക്കം വിശ്വന്‍