മഹാരാഷ്ട്രയില്‍ അഴിമതി ആരോപിതനായ അശോക് ചവാന് പകരം ആരെ മുഖ്യമന്ത്രിയാക്കുമെന്നറിയാതെ കോണ്‍ഗ്രസ് നേതൃത്വം. അഴിമതി ആരോപണം നേരിടാത്തവര്‍ മഹാരാഷ്ട്ര നേതൃത്വത്തില്‍ ഇല്ലെന്ന വസ്തുതയാണ് ഹൈക്കമാന്റിനെ കുഴയ്ക്കുന്നത്. ചവാന് പകരമായി മുന്‍മുഖ്യമന്ത്രിയും നിലവില്‍ കേന്ദ്രമന്ത്രിയുമായ വിലാസ്റാവു ദേശ്മുഖ്, ഊര്‍ജ്ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള മന്ത്രി പൃഥ്വിരാജ് ചവാന്‍, സംസ്ഥാനറവന്യൂമന്ത്രി നാരായ റാണെ, ഗുരുദാസ് കാമത്ത് തുടങ്ങിയ പേരുകളാണ് പരിഗണനയിലുള്ളത്. ഇവരില്‍ ഷിന്‍ഡെയും ദേശ്മുഖും ആദര്‍ശ് സൊസൈറ്റിയുടെ അഴിമതിയില്‍ പങ്കാളികളാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ദേശ്മുഖ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആദര്‍ശ് സൊസൈറ്റി അനുമതി ലഭിച്ചതും നിര്‍മ്മാണം തുടങ്ങിയതും. ഷിന്‍ഡെയുടെ ബന്ധുക്കള്‍ക്ക് ഫ്ളാറ്റ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഇവരില്‍ ആരെയെങ്കിലും മുഖ്യമന്ത്രിയാക്കിയാല്‍ ചവാനെ പോലെ വളരെ പെട്ടെന്ന് തന്നെ പുറത്തുപോകേണ്ടി വരുമെന്ന് ഹൈക്കമാന്റിന് ഭയമുണ്ട്.
ക്ഷേത്രത്തിന്റെ ഭൂമി കയ്യേറിയെന്ന ആക്ഷേപം നാരായ റാണെയ്ക്ക് എതിരെ ഉയര്‍ന്നിട്ടുണ്ട്. റാണെയുടെ ഭാര്യ നീലിമ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് മഹാബലേശ്വറിലെ ദേവസ്ഥാന്‍ ക്ഷേത്ര ട്രസ്റ് കോടതിയെ സമീപിച്ചിരിക്കുകയാണ്. പൃഥ്വിരാജ് ചവാന്‍, ഗുരുദാസ് കാമത്ത് എന്നിവരാണ് പിന്നീട് ശേഷിക്കുന്നത്. ഇവരില്‍ പൃഥ്വിരാജ് ചവാന്‍ ദീര്‍ഘകാലമായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതിനാല്‍ മഹാരാഷ്ട്രയില്‍ അഴിമതികേസുകളില്‍പെടില്ലെന്ന വിശ്വാസം ഹൈക്കമാന്റിനുണ്ട്. ഗുരുദാസ് കാമത്തും പ്രധാന അധികാരസ്ഥാനങ്ങള്‍ വഹിക്കാത്തതിനാല്‍ ഗുരുതര ആരോപണങ്ങളൊന്നും ഉണ്ടാവില്ലെന്ന് നേതൃത്വം കരുതുന്നു. എന്നാല്‍, മറാത്ത രാഷ്ട്രീയത്തില്‍ പൃഥ്വിരാജ് ചവാന് കാര്യമായ സ്വാധീനമില്ലെന്ന പോരായ്മയും ഗുരുദാസ് കാമത്തിന് നേതൃഗുണമില്ലെന്ന ആക്ഷേപവും തടസ്സങ്ങളാണ്. പ്രാദേശികമായി കാര്യമായി സ്വാധീനമില്ലാത്ത നേതാക്കള്‍ മുഖ്യമന്ത്രിയായാല്‍ മറാത്ത രാഷ്ട്രീയത്തില്‍ ശരത്പവാറും മറ്റും മേല്‍കൈ നേടുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നു. ആരെ മുഖ്യമന്ത്രിയാക്കുമെന്നത് കുഴയ്ക്കുന്ന പ്രശ്നമാണെന്ന് കോണ്‍ഗ്രസിന്റെ ഒരു മുതിര്‍ന്ന കേന്ദ്രനേതാവ് സ്വകാര്യ സംഭാഷണത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിലാസ്റാവു ദേശ്മുഖ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോഴും പകരക്കാരന്റെ കാര്യത്തില്‍ ഹൈക്കമാന്റ് ബുദ്ധിമുട്ടിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് പലരും കുപ്പായം തുന്നി രംഗത്തുവന്നിട്ടുള്ള സാഹചര്യത്തില്‍ ഗ്രൂപ്പുപോര് മുറുകാനുള്ള സാധ്യതയും വര്‍ധിച്ചു.
ദേശാഭിമാനി 311010
No comments:
Post a Comment