Showing posts with label കര്‍ഷക കലാപം. Show all posts
Showing posts with label കര്‍ഷക കലാപം. Show all posts

Tuesday, May 10, 2011

യു പിയിലെ കര്‍ഷക സമരം

എക്‌സ്പ്രസ് ഹൈവേയ്ക്കും മറ്റ് പദ്ധതികള്‍ക്കും വേണ്ടി ഭൂമി ഏറ്റെടുക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ശക്തിപ്പെട്ടുവരികയാണ്. ഡല്‍ഹിയോട് തൊട്ടുകിടക്കുന്ന ഗ്രേറ്റര്‍ നോയിഡയിലെ ഭട്ടാപരസുല്‍ ഗ്രാമത്തില്‍ തുടങ്ങിയ സമരം ആഗ്രയിലേക്കും അലിഗഡിലേക്കും വ്യാപിച്ചിട്ടുണ്ട്. ഏറ്റെടുത്ത ഭൂമിക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, ഫലഭൂയിഷ്ടമായ കൃഷി ഭൂമി ഏറ്റെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കൃഷിക്കാര്‍ സമരം നടത്തുന്നത്. കഴിഞ്ഞ ജനുവരി മുതല്‍ ഗ്രേറ്റര്‍ നോയിഡ മേഖലയിലെ കൃഷിക്കാര്‍ സമരത്തിലാണ്. കൃഷിക്കാരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനു പകരം പൊലീസിനെ ഉപയോഗിച്ച് സമരം അടിച്ചൊതുക്കാനാണ് യു പി യിലെ മായാവതി സര്‍ക്കാര്‍ മുതിര്‍ന്നത്. രണ്ടു കര്‍ഷകരും രണ്ടു പൊലീസുകാരും ഉള്‍പ്പെടെയുള്ളവരുടെ മരണത്തിനും വ്യാപകമായ അക്രമങ്ങള്‍ക്കും വഴിവെച്ചത് സര്‍ക്കാരിന്റെ സമീപനമാണ്.

എക്‌സ്പ്രസ് ഹൈവേയ്ക്കും മറ്റ് പദ്ധതികള്‍ക്കും വേണ്ടി ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമിയാണ് ഏറ്റെടുക്കുന്നത്. ഡല്‍ഹിയോട് തൊട്ടടുത്തു കിടക്കുന്ന യു പിയിലും ഹരിയാനയിലുമാണ് ഏറ്റവും കൂടുതല്‍ കൃഷി ഭൂമി ഏറ്റെടുത്തിരിക്കുന്നത്. യു പിയില്‍ മായാവതി സര്‍ക്കാര്‍ 7500 ചതുരശ്ര മൈല്‍ ഭൂമി ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. കൃഷിക്കാര്‍ക്ക് തുഛമായ നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കുന്ന കൃഷി ഭൂമി പലമടങ്ങ് അധികവിലയ്ക്ക് സ്വകാര്യ കമ്പനികള്‍ക്ക് മറിച്ചുവില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. റിയല്‍ എസ്റ്റേറ്റ് ലോബിയുടെ കൊള്ളലാഭത്തിന്റെ വിഹിതം രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ മേധാവികളും വീതംവെച്ച് എടുക്കുകയും ചെയ്യുന്നു. ഈ പകല്‍ കൊള്ളയാണ് രണ്ടും കല്‍പിച്ചുള്ള സമരത്തിന് യു പിയിലെ കര്‍ഷകരെ പ്രേരിപ്പിച്ചത്.

ബ്രിട്ടീഷ് ഭരണകാലത്തുണ്ടാക്കിയ 1894 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമമുപയോഗിച്ചാണ് സര്‍ക്കാര്‍ കൃഷി ഭൂമി ഏറ്റെടുക്കുന്നത്. ''പൊതു താല്‍പര്യ''ത്തിന്റെ പേരില്‍ ഏതു ഭൂമിയും ഏറ്റെടുക്കാന്‍ സര്‍ക്കാരിനു അധികാരം നല്‍കുന്നതാണ് ഈ നിയമം. നല്‍കേണ്ട നഷ്ടപരിഹാരത്തിന്റെ തോത് നിശ്ചയിക്കാനുള്ള അധികാരവും സര്‍ക്കാരിനാണ്. 1894 ലെ നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന ആവശ്യത്തിനുനേരെ കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിച്ചു നില്‍ക്കുകയാണ്. കൃഷിക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും കൃഷി ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കു വേണ്ടി വിവേചനരഹിതമായി ഏറ്റെടുക്കുന്നത് തടയാനും സമഗ്രമായ പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം കൊണ്ടുവരണമെന്നാണ് കര്‍ഷക സംഘടനകളും ഇടതുപക്ഷ പാര്‍ട്ടികളും ആവശ്യപ്പെടുന്നത്. വിവിധ പദ്ധതികള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍, സര്‍ക്കാര്‍ ഏകപക്ഷീയമായി വില നിശ്ചയിക്കുന്ന രീതി അവസാനിപ്പിക്കണം. കര്‍ഷകരുമായി കൂടിയാലോചിച്ചായിരിക്കണം വില നിര്‍ണയിക്കേണ്ടത്. വന്‍കിട സ്വകാര്യ കമ്പനികളുടെ പദ്ധതികള്‍ക്കുവേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത്. കോര്‍പ്പറേറ്റുകളുടെ ദല്ലാള്‍ പണിയാണ് യഥാര്‍ഥത്തില്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നത്. വന്‍കിട സ്വകാര്യ കമ്പനികളും സര്‍ക്കാരും തമ്മിലുള്ള ഈ അവിശുദ്ധ സഖ്യം വന്‍ അഴിമതിക്ക് ഇടനല്‍കുകയും ചെയ്യുന്നു.ഏ

ഫലഭൂയിഷ്ടമായ കൃഷിഭൂമി ലക്കുംലഗാനുമില്ലാതെ വ്യവസായങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റിനും മറ്റും ഏറ്റെടുക്കുന്നത് കൃഷിക്കാരെ തെരുവാധാരമാക്കുന്നതോടൊപ്പം ഭക്ഷ്യസുരക്ഷയും അപകടത്തിലാക്കുന്നുണ്ട്. കാര്‍ഷിക ഉല്‍പാദനം കുറയാനാണ് ഇത് ഇടവരുത്തുന്നത്. ഭൂമി ഏറ്റെടുക്കുമ്പോള്‍ കൃഷിക്കാര്‍ക്ക് തുഛമായ തുകയാണ് നഷ്ടപരിഹാരമായി കിട്ടുന്നത്. തലമുറകളായി തങ്ങളുടെ ജീവിതോപാധിയായ കൃഷി ഭൂമി അവര്‍ക്ക് നഷ്ടമാകുന്നു. മറ്റു തൊഴില്‍ തേടാന്‍ നിര്‍ബന്ധിതരാവുന്ന അവരില്‍ നല്ലൊരു പങ്കിന്റെ ജീവിതം അതോടെ വഴിമുട്ടുന്നു. കൃഷിക്കാരെക്കാള്‍ കഷ്ടമാണ് കര്‍ഷകത്തൊഴിലാളികളുടെ സ്ഥിതി. കൃഷിഭൂമി ഇല്ലാതാകുന്നതോടെ അവര്‍ അക്ഷരാര്‍ഥത്തില്‍ തെരുവാധാരമാകുന്നു. നഗരങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാവുന്ന അവര്‍ തെരുവോരങ്ങളിലും ചേരികളിലും അഭയം തേടുന്നു. ഒരുതരത്തിലുള്ള ജീവിത സുരക്ഷിതത്വവും അവര്‍ക്കില്ല. മനുഷ്യത്വമില്ലാത്ത വികസന നയത്തിന്റെ ബലിയാടുകളായി അവര്‍മാറുന്നു.

യു പിയിലും ഹരിയാനയിലും കൃഷിഭൂമി ഏറ്റെടുത്തു വന്‍കിട സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ 'വികസന' നയമാണ്  ഈ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ഫലപ്രദമായി നടപ്പാക്കുന്നത്. കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളേയും കണ്ണീരു കുടിപ്പിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ നയം പുനപ്പരിശോധിക്കുന്നതിനു ഭരണാധികാരികളെ നിര്‍ബന്ധിതരാക്കാന്‍ യു പിയിലെ സമരം വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കാം.

janayugom editorial 100511

ആളിപടരുന്ന കര്‍ഷക കലാപം

 (എഡിറ്റോ-റിയല്‍/ബാബുഭരദ്വാജ്  ഡൂല്‍ ന്യൂസ്‌)
ഇന്ത്യയില്‍ എല്ലായിടത്തും ഇനി സംഭവിക്കാന്‍ പോകുന്ന സംഭവ പരമ്പരകളുടെ ആദ്യ വെടിവെയ്പ്പാണ് ഏഴാം തീയ്യതി ശനിയാഴ്ച നോയിഡയില്‍ മുഴങ്ങിയത്. വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍, ഭൂമി കച്ചവടമാക്കുന്നതിനും പിടിച്ചുവെയ്ക്കുന്നതിനും സാധാരണ ജനങ്ങളെ കുടിയിറക്കുന്നതിനും അവരുടെ ഭൂമി തട്ടിപ്പറിച്ചെടുക്കുന്നതിനും എതിരെ ഇന്ത്യയില്‍ എല്ലാ ഭാഗത്തും ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. ഇത്തരം തട്ടിപ്പറിക്കലുകളെ പ്രതിരോധിക്കാനും ഈ അനീതിക്കും സര്‍ക്കാരുകളുടെ ഏറ്റവും ക്രൂരമായ ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ പ്രതിഷേധിക്കാനും കഴിയാതിരുന്ന ദുര്‍ബല ജനവിഭാഗങ്ങള്‍ ഒടുക്കം ആയുധം കയ്യിലെടുക്കേണ്ടിവന്നിരിക്കുന്നു. ആയുധമെടുക്കാതെ അതിജീവനം സാധ്യമല്ലെന്ന അവസ്ഥയിലേക്ക് ജനങ്ങളെ എത്തിച്ചത് ഇവിടത്തെ ഭരണകൂടമാണ്.

യമുന എക്‌സ്പ്രസ്‌വേക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കുറച്ചുകാലമായി യമുനാ തീരങ്ങളിലെ കര്‍ഷകര്‍ സമരത്തിലായിരുന്നു. ഗ്രേറ്റര്‍ നോയിഡയില്‍ സമരക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പോലീസുകാരടക്കം നാല് പേരാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ടുനിന്ന സംഘര്‍ത്തിനൊടുവില്‍ ഗൗതം ബുദ്ധ നഗര്‍ ജില്ലാ കലക്ടര്‍ക്കും വെടിയേറ്റു. സമരക്കാര്‍ ബന്ദികളാക്കിയ മൂന്ന് സര്‍ക്കാര്‍ ജീവനക്കാരെ മോചിപ്പിക്കാന്‍ ഒരു വലിയ സംഘം പോലീസ് സര്‍വ്വവിധ സന്നാഹങ്ങളോടും കൂടി എത്തിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിക്കുന്നത്.

ആഗ്രയില്‍ നിന്ന് ഗ്രേറ്റര്‍ നോയിഡവരെ ആറുവരി പാത നിര്‍മ്മിക്കലാണ് യമുനാ എക്‌സ്പ്രസ്‌വേ പദ്ധതി. എട്ടുവരിപ്പാതയായി പിന്നീടത് വികസിപ്പിക്കും. ഉത്തര്‍ പ്രദേശിലെ കര്‍ഷകര്‍ ഈ നീക്കത്തിനെതിരെ നേരത്തെ തന്നെ സമരം ആരംഭിച്ചിരുന്നു. 1987 മുതലേ എക്‌സ്പ്രസ്‌വേക്കുവേണ്ടി പിടിച്ചടക്കിയ സ്ഥലങ്ങളിലെല്ലാം സമരം നടക്കുന്നു. ചിലയിടങ്ങളില്‍ സ്ഥലം പിടിച്ചെടുക്കുന്നതിനെതിരെയാണ് സമരമെങ്കില്‍ ചിലയിടത്തെല്ലാം ന്യായമായ നഷ്ടപരിഹാരം കിട്ടാത്തതിനെതിരെയാണ് സമരം. ജനങ്ങളില്‍ നിന്ന് ചതുരശ്ര മീറ്ററിന് 880 രൂപാ നല്‍കി ഏറ്റെടുക്കുന്ന ഭൂമി ഭൂമാഫിയക്ക് 6700 രൂപക്കാണ് സര്‍ക്കാര്‍ കൈമാറുന്നത്. അതിനാല്‍ അത്രയും തുക ജനങ്ങള്‍ക്ക് കിട്ടണമെന്ന ആവശ്യം ന്യായമാണ്. ഭൂമാഫിയ ഈ ഭൂമികൊണ്ട് എത്രയാണ് സമ്പാദിക്കുന്നത്!

ഗ്രേറ്റര്‍ നോയിഡയുടെ പ്രാന്തപ്രദേശമായ ഭട്ട പരെസൗള്‍ ഗ്രാമത്തിലാണ് ശനിയാഴ്ച സംഘര്‍ഷവും വെടിവെയ്പ്പും നടന്നത്. ഇവിടെ സമരം ആരംഭിച്ചിട്ട് 111 ദിവസമായി. യമുനാതീത്തിലെ ഗ്രാമവാസികള്‍ ‘അടിച്ചാല്‍ തിരിച്ചടിക്കും’ എന്ന സന്ദേശമാണ് നല്‍കുന്നത്.

സമരക്കാരുടെ ആവശ്യം ന്യായമായിരുന്നു. ഭൂമി വിട്ടു കൊടുക്കില്ലെന്നൊന്നും അവര്‍ പറഞ്ഞിട്ടില്ല. അവര്‍ ചില ന്യായമായ ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചത്.
  1. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥല വിസ്തൃതി അന്യായമാണ്. ആറുവരിപ്പാതക്കും എട്ടുവരിപ്പാതക്കും ഇപ്പറഞ്ഞത്ര സ്ഥലം വേണ്ട. ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതന്റെ പകുതി മതി. സര്‍ക്കാര്‍ പോറ്റി വളര്‍ത്തുന്ന ചില ഭൂമാഫിയകള്‍ക്ക് വേണ്ടിയാണ് സാധാകരണ ജനങ്ങളുടെ സ്ഥലം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നത്. (കിനാലൂരിന്റെയും കേരളത്തിലെ അതിവേഗ പാതയുടെ നിര്‍മ്മാണത്തിലും ഇതേ പ്രശ്‌നമാണുള്ളത്.)
  2. ഏറ്റെടുക്കുന്ന സ്ഥലത്തിന് അഞ്ച് ലക്ഷം രുപ നഷ്ടപരിഹാരം നല്‍കണം.
  3. ഭൂമി ഇല്ലാതാകുന്ന കര്‍ഷകന് 120 ച.മീ സ്ഥലവും നല്‍കണം. അതായത് മൂന്ന് സെന്റ് സ്ഥലം.
  4. നോയിഡ, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളിലും യമുന എക്‌സ്പ്രസ് വേയുടെ ഇരു വശങ്ങളിലും വരുന്ന പദ്ധതികള്‍ 25 ശതമാനം സംരണം ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കണം.
ജനങ്ങളെ സായുധ കലാപത്തിലേക്കെത്തിച്ചത് സര്‍ക്കാരിന്റെ കടുത്ത ചില നടപടികളും ജനങ്ങളെ മര്‍ദ്ദിച്ചൊതുക്കാന്‍ സര്‍ക്കാര്‍ മാഫിയകളെ ഉപയോഗിച്ചതുമാണ്. വെള്ളിയാഴ്ച രാത്രിയാണ് ഹരിറാം എന്ന 24 വയസ്സുകാരനെ ജില്ലാ ഭരമകൂടത്തിന്റെ ഒത്താശയോടെ വെടിവെച്ച് കൊന്നത്. സമരത്തിന് നേതൃത്വം നല്‍കുന്ന മന്‍വീര്‍ തേവാഡിയയെ കൊലപ്പെടുത്താനായി നിയോഗിച്ച മൂന്നംഗ സംഘമാണ് ഹരിറാമിനെ കൊലപ്പെടുത്തിയതെന്നാണ് പറയപ്പെടുന്നത്.

ഈസംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെട്ടത്. അതിനവര്‍ ആദ്യം കയ്യില്‍ കിട്ടിയ മൂന്ന് സര്‍ക്കാര്‍ ജീവനക്കാരെ ബന്ദികളാക്കി. മുഖ്യമന്ത്രി മായാവതി ഇടപെടാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് അവര്‍ ഉറപ്പിച്ച് പറയുകയും ചെയ്തു. ബന്ദികളെ ഉപദ്രവിക്കില്ലെന്ന് ഉറപ്പും അവര്‍ നല്‍കിയിരുന്നു. കൂടിയാലോചന വഴി ലഘൂകരിക്കേണ്ട സംഘര്‍ഷത്തെ ഭരണകൂടത്തിന്റെ മുഷ്‌ക്ക് ഉപയോഗിച്ച് ആളിക്കത്തിക്കാനാണ് സര്‍ക്കാര്‍ മുതിര്‍ന്നത്. ഗ്രേറ്റര്‍ നോയിഡയില്‍ ആരംഭിച്ച അക്രമാസക്തസമരം മറ്റിടങ്ങളിലേക്കും വ്യാപിച്ചുകെണ്ടിരിക്കുകയാണ്. കൂടുതല്‍ പോലീസുകാരെ വിന്യസിപ്പിച്ച് സമരം മര്‍ദ്ദിച്ചൊതുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മതിയായ നഷ്ടപരിഹാരം എന്നത് സര്‍ക്കാരിന്റെ അജണ്ടയിലേ ഇല്ല. സര്‍ക്കാര്‍ ഇന്നലെ പുതുതായിയിറക്കിയ ഉത്തരവില്‍ സമരത്തിന് നേതൃത്വം കൊടുക്കുന്നവരെ ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് അമ്പതിനായിരം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. സമര നേതാവ് മന്‍വീര്‍ തേവാഡിയയെ പിടികൂടാന്‍ ആയിരക്കണക്കിന് പോലീസ്സുകാരെയാണ് ഇറക്കിയിരിക്കുന്നത്. ഇത്തരം അതിനീചമായ കുതന്ത്രങ്ങള്‍കൊണ്ടൊന്നും ജനങ്ങളുടെ ഉള്ളില്‍ ആളിക്കത്തുന്ന തീ അണക്കാന്‍ കഴിയില്ലെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. എരിതീയ്യില്‍ എണ്ണ ഒഴിക്കുന്ന അനുഭവം ആയിരിക്കും ഉണ്ടാകുക.

ആരുടെയൊക്കെയോ വികസനത്തിനുവേണ്ടി ജനങ്ങളെ പിടിച്ചുപറിക്കുകയും കൊന്നൊടുക്കുകയും മര്‍ദ്ദിച്ചൊതുക്കുകയും ചെയ്യുന്നതിനെതിരെ ജനമനസാക്ഷി ഉണരുകയും സമരസന്നദ്ധമാവുകയും ചെയ്യും. പഴയതുപോലെ ‘ഞങ്ങള്‍ ആജ്ഞാപിക്കും, നിങ്ങള്‍ കീഴടങ്ങകയും അനുസരിക്കുകയും വേണം’ എന്ന അധികാരത്തിന്റെ മുഷക്ക് ജനങ്ങള്‍ ഇനി സ്വീകരിക്കാന്‍ പോവുന്നില്ല. അവകാശങ്ങള്‍ നേടിയെടുക്കാന്‍ അടുത്ത തിരഞ്ഞടുപ്പ് വരെ കാത്തിരിക്കാനും ഇനി ജനങ്ങള്‍ തയ്യാറായി എന്നുവരില്ല. 

നമ്മുടെ ജനാധിപത്യ വ്യവസ്ഥയെത്തന്നെ ജനങ്ങള്‍ പേടിക്കുന്ന ഒരവസ്ഥയിലേക്കാണ് സംഭവഗതികള്‍ നീങ്ങുന്നത്. ജനാധിപത്യം ജനങ്ങളുടെ ആധിപത്യമാകുന്നതിനുപകരം ജനങ്ങളുടെ മേലുള്ള ആധിപത്യമാവുന്നത് എന്തായാലും ചെറുത്തേ പറ്റു.

യമുനാ തീരത്തു മാത്രമല്ല എക്‌സ്പ്രസ്‌വേകള്‍ ഉള്ളത്. അത്തരം പദ്ധതികള്‍ എല്ലായിടത്തുമുണ്ട്. ഈ പദ്ധതികളുടെയെല്ലാം സ്വഭാവം ഒന്നാണ്. സര്‍ക്കാരും ഭൂമാഫിയകളും ചേരുന്ന ഒരു കെള്ള സംഘമാണ് ഈ വികലമായ വൈതാളികര്‍.

യമുനാതീരത്തെ കര്‍ഷകര്‍ ആദ്യമായിട്ടല്ല തുറന്ന സമരത്തിന് തയ്യാറാകുന്നത്. 2008 ആഗസ്റ്റില്‍ പോലീസുമായുള്ള സംഘര്‍ഷത്തില്‍ 4 പേര്‍ മരിച്ചിരുന്നു. 66 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ഇവര്‍ പോലീസ്സുകാരുടെ തടങ്കലിലാണോ ഭൂമാഫിയയുടെ പിടിയിലാണോ എന്നൊന്നും അറിയില്ല. അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലുമറിയില്ല. അതുകൊണ്ടുതന്നെ ജനങ്ങള്‍ ഒരു വിട്ടുവീഴുചക്കും തയ്യാറാവാന്‍ ഇടയില്ല. പുതുതായി രൂപം കൊള്ളുന്ന പൊതുബോധം ഈ സമരത്തിനനുകൂലമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സര്‍ക്കാരുകളെ പഴയപോലെ ഭരിക്കാന്‍ ജനങ്ങള്‍ അനുവദിക്കാതിരിക്കുന്ന കാലത്തിലേക്കാണ് സംഭവങ്ങള്‍ മാറുന്നത്. രക്തസാക്ഷികളുടെ രക്തം മത്രമല്ല കാണാതാവുന്നവരുടെ ഊര്‍ജ്ജം കൂടിയാണ് ഈ സമരത്തെ ആളിക്കത്തിക്കുന്നത്.

Monday, May 9, 2011

കര്‍ഷക കലാപം പടരുന്നു




ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ ശനിയാഴ്ച സംഘര്‍ഷത്തിനിടയാക്കിയ കര്‍ഷകപ്രക്ഷോഭം സമീപമേഖലകളായ ആഗ്രയിലേക്കും അലിഗഢിലേക്കും മഥുരയിലേക്കും പടര്‍ന്നു. ആഗ്രയില്‍ ഞായറാഴ്ച സംഘര്‍ഷത്തിനിടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. അതേസമയം, ഗ്രേറ്റര്‍ നോയ്ഡയില്‍ ശനിയാഴ്ചത്തെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. പ്രക്ഷോഭകരിലൊരാള്‍കൂടി ഞായറാഴ്ച മരിച്ചതോടെയാണിത്. ശനിയാഴ്ച രണ്ട് പോലീസുകാരും ഒരു പ്രക്ഷോഭകനും കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭകരുടെ നേതാവായ മന്‍വീര്‍ സിങ് തെവാഡിയയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ഗ്രേറ്റര്‍ നോയ്ഡയിലെ ഭട്ട പര്‍സൗല്‍ ഗ്രാമത്തില്‍ എക്‌സ്​പ്രസ്‌വേക്കും മറ്റു വികസനപദ്ധതികള്‍ക്കുമായി ഏറ്റെടുക്കുന്ന ഭൂമിക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരമാവശ്യപ്പെട്ട് ഏറെയായി പ്രക്ഷോഭരംഗത്തുള്ള കര്‍ഷകരാണ് കഴിഞ്ഞദിവസം അക്രമാസക്തരായത്. സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ മൂന്ന് ജീവനക്കാരെ ഇവര്‍ വെള്ളിയാഴ്ച ബന്ദികളാക്കിയിരുന്നു. ബന്ദികളെ മോചിപ്പിക്കാന്‍ ശനിയാഴ്ച ഗ്രാമത്തിലെത്തിയ പോലീസ് സേനയുമായാണ് പ്രക്ഷോഭകര്‍ ഏറ്റുമുട്ടിയത്. കല്ലും വടിയും മറ്റും ഉപയോഗിച്ച് പ്രക്ഷോഭകര്‍ ആദ്യം ചെറുത്തുനിന്നെങ്കിലും പിന്നീട് ഇരുപക്ഷവും തമ്മില്‍ വെടിവെപ്പുണ്ടായി.

ഞായറാഴ്ചയും സംഘര്‍ഷാവസ്ഥ നിലനിന്ന ഗ്രാമത്തില്‍ പോലീസ് വന്‍ സുരക്ഷാബന്തവസ്സാണ് ഏര്‍പ്പെടുത്തിയത്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുപതോളം പേരെ അറസ്റ്റുചെയ്തു. ഗ്രാമത്തിലെ വീടുകളില്‍ തിരച്ചില്‍ നടത്തി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി കര്‍ഷകര്‍ ആരോപിച്ചു. ആരോപണം പോലീസ് നിഷേധിച്ചിട്ടുണ്ട്.

സംഘര്‍ഷത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്സും രാഷ്ട്രീയ ലോക്ദളും ആവശ്യപ്പെട്ടു. ഞായറാഴ്ച ഗ്രാമത്തില്‍ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത്‌സിങ്ങിനെ പോലീസ് തടഞ്ഞുവെച്ചെങ്കിലും അല്പനേരത്തിനുശേഷം വിട്ടയച്ചു.

ശനിയാഴ്ചത്തെ സംഘര്‍ഷത്തിനിടെ പരിക്കേറ്റ ജില്ലാ മജിസ്‌ട്രേട്ട് ദീപക് അഗര്‍വാള്‍, സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് എസ്.എന്‍.സിങ് എന്നിവരുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ദീപക് അഗര്‍വാളിന് കാലിനു വെടിയേറ്റിരുന്നു.

യമുന എക്‌സ്​പ്രസ്‌വേക്കുവേണ്ടി ഏറ്റെടുത്ത ഭൂമിക്ക് ഭേദപ്പെട്ട നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ആഗ്രയിലെ ചൗഗാന്‍ ഗ്രാമത്തില്‍ കര്‍ഷകര്‍ ഞായറാഴ്ച പ്രക്ഷോഭത്തിനിറങ്ങിയത്. ഒട്ടേറെ വാഹനങ്ങളും എക്‌സ്​പ്രസ്‌വേ നിര്‍മിക്കുന്ന കമ്പനിയുടെ ക്യാമ്പ് ഓഫീസും സമരക്കാര്‍ തീവെച്ചുനശിപ്പിച്ചു. പ്രതിഷേധപ്രകടനം അക്രമാസക്തമായതിനെത്തുടര്‍ന്നാണ് നാല് പോലീസുകാര്‍ക്ക് പരിക്കേറ്റത്. അലിഗഢിലും മഥുരയിലും കര്‍ഷകര്‍ ഞായറാഴ്ച പ്രകടനം നടത്തി. അലിഗഢില്‍ പ്രക്ഷോഭരംഗത്തിറങ്ങിയ കര്‍ഷകര്‍ എക്‌സ്​പ്രസ് വേയുടെ പണി നിര്‍ത്തിവെപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.