യുഡിഎഫ് സര്‍ക്കാരിന്റെ കന്നിബജറ്റിന്റെ അവതരണ ശേഷം സഭാതലം വിട്ടിറങ്ങിയ ഭരണകക്ഷി എംഎല്‍എമാരില്‍ മുറുമുറുപ്പ്. വികസനം പാല, പൂഞ്ഞാര്‍ വഴിയാണെന്ന് ഒരു എംഎല്‍എ. അതല്ല പൂഞ്ഞാറും കഴിഞ്ഞ് വേങ്ങര വരെയെത്തിയെന്ന് രാഹുല്‍ ബ്രിഗേഡിലെ യുവ എംഎല്‍എ. പരാതിയും പരിഭവവുമൊക്കെയായി നേതാക്കളെ തെരഞ്ഞുനടക്കുന്ന ഭരണകക്ഷി എംഎല്‍എമാര്‍ക്ക് മണിക്കൂറിനുശേഷം ധനമന്ത്രിയുടെ ആശ്വാസ വചനമെത്തി. "ചില നല്ല എംഎല്‍എമാര്‍ക്കാണ് പരാതി. സാരമില്ല. കോട്ടയം, പാലാ, പൂഞ്ഞാര്‍ എന്നിങ്ങനെ ബജറ്റില്‍ ആവര്‍ത്തിച്ചുവരുന്നതില്‍ ആര്‍ക്കും മനോവേദന വേണ്ട. അഞ്ചുവര്‍ഷക്കാലം ഈ പേര് ഒന്നു കേള്‍ക്കാന്‍ കൊതിച്ചിരിക്കുകയായിരുന്നു. എന്റെ ബജറ്റില്‍ രണ്ടിടത്ത് പാല എന്ന് വന്നെങ്കില്‍ ക്ഷമിച്ചേക്ക്" എന്നായിരുന്നു പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ ധനമന്ത്രിയുടെ പ്രതികരണം.
കോണ്‍ഗ്രസ് എംഎല്‍എമാരുടെ അമര്‍ഷത്തില്‍ കഴമ്പുണ്ടെന്ന് ബജറ്റ് പരിശോധനയില്‍ വ്യക്തം. അഞ്ചുകോടിയില്‍ മൊബിലിറ്റി ഹബ് കോട്ടയത്തിനുമാത്രം. അഞ്ചുകോടിയില്‍ ടൂറിസ്റ്റ് പാത മേമ്പൊടി. പക്ഷേ, റിങ് റോഡുകളുടെ കാര്യത്തില്‍ മാറ്റമുണ്ടായി. അഞ്ചില്‍ രണ്ടുവീതം മാണിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും പാര്‍ടിയുടെ മണ്ഡലങ്ങള്‍ക്ക്. ആറു ബൈപ്പാസുകളില്‍ മൂന്നെണ്ണം സ്വന്തം ജില്ലയ്ക്കായി ധനമന്ത്രി നീക്കിവച്ചു. മീനച്ചില്‍ നദീതട പദ്ധതിക്ക് 25 കോടി വകയിരുത്തി. 325 കോടിനീക്കിവച്ച 48 റോഡുകളില്‍ ഇരുപതോളം തന്റെ പ്രിയ മണ്ഡലങ്ങള്‍ക്കാണ്. തിരുവിതാംകൂര്‍ ഫോക്ലോര്‍ ഗ്രാമത്തിന്റെ ആസ്ഥാനം കാഞ്ഞിരപ്പള്ളിയിലെ മുങ്ങാനിയാണ്. പാണക്കാട്ട് വിദ്യാഭ്യാസ-ആരോഗ്യ ഹബ് നല്‍കി. മലപ്പുറത്തിന് അനുവദിച്ച മെഡിക്കല്‍ കോളേജ് ബോണസ്. ശുദ്ധജല വിതരണ പദ്ധതികള്‍ കോട്ടയത്ത് മാതൃമലയിലും മലപ്പുറത്തെ വേങ്ങരയിലുംമാത്രം. ഹൈപ്പര്‍ മാര്‍ക്കറ്റ്, മുന്‍സിപ്പല്‍ സ്റ്റേഡിയം എന്നിവയും പാലായ്ക്കുണ്ട്. പൂഞ്ഞാറില്‍ കായിക സമുച്ചയവും അനുവദിച്ചിട്ടുണ്ട്. സ്വന്തം പാര്‍ടിക്കാരും ലീഗുകാരും ഒഴികെയുള്ളവര്‍ തന്നെ ആക്ഷേപിച്ചതില്‍ മാണി പരിഭവം പ്രകടിപ്പിച്ചു.
വനം, റവന്യൂ വകുപ്പുകളില്‍ മാണിയുടെ കൈയേറ്റം
വനഭൂമിയും മിച്ചഭൂമിയും കൈയേറിയതിന് നിയമസാധുത നല്‍കുമെന്ന ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനം വിവാദമായി. വനം, റവന്യൂ വകുപ്പുകളുടെ അധികാരപരിധിയില്‍പ്പെട്ട കാര്യങ്ങളാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാനാണ് മാണിയുടെ ശ്രമമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വനം കൈയേറി കൃഷിചെയ്യുകയോ വീടുവയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആ ഭൂമിയെ വനം- പരിസ്ഥിതി നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. 2005ല്‍ ഇതേ ഉള്ളടക്കത്തോടെ യുഡിഎഫ് സര്‍ക്കാര്‍ നിയമം പാസാക്കിയെങ്കിലും കേന്ദ്ര വനം- പരിസ്ഥിതിവകുപ്പ് എതിര്‍ത്തു. അന്ന് പാസാക്കിയ നിയമം നടപ്പാക്കുമെന്നാണ് മാണി പ്രഖ്യാപിച്ചിരിക്കുന്നത്. കബളിപ്പിക്കലിന് ഇരയായി മിച്ചഭൂമി വാങ്ങിയവര്‍ക്ക് സ്ഥിരാവകാശം നല്‍കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. 2005 വരെ നടത്തിയ ഇടപാടുകള്‍ക്ക് സാധുത നല്‍കാനായിരുന്നു അന്ന് റവന്യൂമന്ത്രിയായിരുന്ന മാണിയുടെ ശ്രമം. എന്നാല്‍ , 1997 വരെയുള്ള ഇടപാടുകള്‍ക്ക് സാധുത നല്‍കിയാല്‍ മതിയെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. പരിധി അഞ്ച് ഏക്കറായി നിജപ്പെടുത്തുകയും ചെയ്തു. പരിധിയില്ലാതെ സ്ഥിരാവകാശം നല്‍കുമെന്നാണ് മാണിയുടെ ബജറ്റ് പ്രസംഗം. റവന്യൂവകുപ്പും മന്ത്രിസഭയും തീരുമാനിക്കേണ്ട വിഷയമാണ് മാണി ഏകപക്ഷീയമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രാബല്യത്തില്‍ വന്നാല്‍ മിച്ചഭൂമി സംബന്ധിച്ച കേസുകള്‍ അപ്രസക്തമാകും. കശുമാവ് വച്ചുപിടിപ്പിക്കുന്ന തോട്ടങ്ങളെ ഭൂപരിഷ്കരണനിയമത്തിലെ ഉയര്‍ന്ന പരിധിയില്‍നിന്ന് ഒഴിവാക്കുമെന്ന പ്രഖ്യാപനം ഭൂപരിഷ്കരണനിയമത്തോടുള്ള പരസ്യമായ വെല്ലുവിളിയാണ്. റവന്യൂവകുപ്പിന്റെ പരിധിയില്‍വരുന്നതാണ് ഇക്കാര്യവും. കൈയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിക്കുമ്പോഴാണ് ധനമന്ത്രി വിരുദ്ധനിലപാട് പ്രഖ്യാപിച്ചത്. വനം, റവന്യൂ വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ധനമന്ത്രി നടത്തിയ പ്രഖ്യാപനം മന്ത്രിമാരെ ചൊടിപ്പിച്ചു. ധനപരമായ കാര്യങ്ങള്‍ക്കുപകരം സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങള്‍ മാണി ബജറ്റില്‍ ഉള്‍പ്പെടുത്തിയത് ദുരൂഹമാണെന്ന് ഭരണപക്ഷ അംഗങ്ങള്‍ പറയുന്നു. ഭൂസംരക്ഷണനിയമം അട്ടിമറിക്കാനും വനം കൈയേറ്റ മാഫിയക്ക് ഒത്താശചെയ്യാനുമാണ് മാണിയുടെ ശ്രമമെന്ന് മുന്‍ റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
നിരാശ; പ്രതിഷേധം
വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് ധനമന്ത്രി കെ എം മാണി നിയമസഭയില്‍ അവതരിപ്പിച്ചു. ബജറ്റിലെ അവഗണനയ്ക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തന്നെ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ബജറ്റിനെ അനുകൂലിക്കില്ലെന്നു കാണിച്ച് മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും ഇവര്‍ കത്ത് നല്‍കി. ടി എന്‍ പ്രതാപന്‍ , ബന്നി ബഹനാന്‍ , ഡൊമിനിക് പ്രസന്റേഷന്‍ തുടങ്ങിയവര്‍ ബജറ്റ് അവതരണം കഴിഞ്ഞയുടന്‍ മാണിയുടെ അടുത്തെത്തി പ്രതിഷേധം അറിയിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റിലെ പദ്ധതികളില്‍ ഒട്ടുമിക്കതും പുതുക്കിയ ബജറ്റ് അവഗണിച്ചു. ഒരു രൂപ അരി വിതരണത്തിന് മതിയായ തുക വകയിരുത്തിയിട്ടില്ല. നവജാത ശിശുക്കള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ നിക്ഷേപ പദ്ധതിയെക്കുറിച്ച് പരാമര്‍ശമില്ല. പരമ്പരാഗതമേഖലയ്ക്ക് കാര്യമായ നിര്‍ദേശമില്ല. പുതിയ പദ്ധതികള്‍ , റോഡ് വികസനം എന്നിവയുടെ കാര്യത്തില്‍ ഭൂരിപക്ഷം ജില്ലകള്‍ക്കും പ്രാതിനിധ്യമില്ല. ധനമന്ത്രിയുടെ മണ്ഡലമായ പാല ഉള്‍പ്പെടെ ഏതാനും മണ്ഡലങ്ങള്‍ക്കാണ് ബജറ്റില്‍ മുന്‍തൂക്കം. കൃഷി, അടിസ്ഥാനസൗകര്യ വികസനം, പൊതുമേഖലാ വ്യവസായം എന്നിവയ്ക്കും പുതിയ പദ്ധതികളില്ല. തീരദേശമണ്ഡലങ്ങളെ പാടെ അവഗണിച്ചു. ഭൂപരിഷ്കരണം അട്ടിമറിക്കുമെന്നതിന്റെ വ്യക്തമായ സൂചനകള്‍ ബജറ്റിലുണ്ട്.
വന്‍കിട തോട്ടങ്ങളുടെ ഭൂമിയില്‍ അഞ്ചുശതമാനം ടൂറിസത്തിനായി ഉപയോഗിക്കാമെന്ന നിര്‍ദേശം ഇതിന്റെ ഭാഗമാണ്. പുതുക്കിയ ബജറ്റിനൊപ്പം ധനസ്ഥിതി സംബന്ധിച്ച ധവളപത്രം പുറപ്പെടുവിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒഴിവാക്കി. കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലെ ഏതാനും മണ്ഡലങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കി. തീരദേശ ജില്ലകള്‍ക്കൊപ്പം മലബാറിനെയും അവഗണിച്ചു. അങ്കണവാടി ജീവനക്കാര്‍ക്കും ആശ വര്‍ക്കര്‍മാര്‍ക്കും ആശ്വാസപദ്ധതികള്‍ ഒന്നുമില്ല. തൊഴിലുറപ്പു പദ്ധതിക്കും പണമില്ല. ബജറ്റ് അവതരിപ്പിക്കുമ്പോള്‍ത്തന്നെ ഭരണപക്ഷത്ത് പ്രതിഷേധമുയര്‍ന്നു. ഇരിപ്പിടം വിട്ട ചിലര്‍ ഓടിനടന്ന് രോഷം പ്രകടിപ്പിച്ചപ്പോള്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന് ശാസിക്കേണ്ടിവന്നു. മാണിയുടെ പ്രസംഗത്തിനിടെ അസ്വസ്ഥരായ ഭരണപക്ഷ അംഗങ്ങളില്‍ ചിലര്‍ സഭ വിട്ടുപോകാനും മടിച്ചില്ല.
തലസ്ഥാന നഗര വികസനത്തിന് വെറും 30 കോടി രൂപയാണ് വകയിരുത്തിയത്. സ്മാര്‍ട്ട്സിറ്റിക്ക് 10 കോടിയും കണ്ണൂര്‍ വിമാനത്താവളത്തിന് 30 കോടിയും നീക്കിവച്ചു. ശ്രീ പത്മനാഭസ്വാമി ക്ഷേത്ര സുരക്ഷയ്ക്ക് ഒരു കോടിരൂപ മാത്രമാണുള്ളത്. നിലവിലെ ക്ഷേമപദ്ധതികള്‍ തുടരുമെന്നല്ലാതെ പുതിയ പദ്ധതികളില്ല. നിലവിലുള്ള ക്ഷേമപെന്‍ഷനുകള്‍ക്ക് നാമമാത്ര വര്‍ധനപോലുമില്ല. കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ട്. എന്നാല്‍ , ഇവയ്ക്കെല്ലാംകൂടി അഞ്ചുകോടി രൂപയാണ് വകയിരുത്തല്‍ . കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷന്‍ പുതുക്കിയ ബജറ്റ് ആവര്‍ത്തിച്ചു. ഇതിന് 25 കോടിയാണ് നീക്കിവച്ചത്. കാര്‍ഷിക വായ്പാ തിരിച്ചടവിന് പലിശ സബ്സിഡി നല്‍കാന്‍ 10 കോടി വകയിരുത്തി. വ്യവസായമേഖലയിലും കാര്യമായ പ്രഖ്യാപനങ്ങളില്ല. ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാകത്തക്ക വിധം വ്യവസായ സംരംഭകര്‍ക്ക് പരിശീലന പരിപാടി നടപ്പാക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
നെടുമ്പാശ്ശേരിയില്‍നിന്ന് ശബരിമലയ്ക്ക് പ്രത്യേക റോഡ്, കാസര്‍കോട്-പാറശാല മലയോര ഹൈവേ, കോട്ടയം-ചേര്‍ത്തല ഹൈവേ എന്നിവയാണ് അടിസ്ഥാന സൗകര്യ വികസന രംഗത്തെ പ്രധാന പ്രഖ്യാപനം. മലയാളം സര്‍വകലാശാലയ്ക്ക് ഒരു കോടി രൂപ നീക്കിവച്ചിട്ടുണ്ട്. വിദേശ ഭാഷാപഠനത്തിന് മറ്റൊരു സര്‍വകലാശാലയും നിര്‍ദേശിച്ചിട്ടുണ്ട്. 20 ലക്ഷം രൂപയ്ക്കു മുകളില്‍ വിലയുള്ള കാര്‍ , നാലായിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീട് എന്നിവയ്ക്ക് ആഡംബര നികുതി ചുമത്തി. പുകയില ഉല്‍പ്പന്നങ്ങള്‍ , വിദേശമദ്യം എന്നിവയുടെ നികുതി കൂട്ടി. കുടുംബസംബന്ധമായ പ്രമാണ രജിസ്ട്രേഷനുകള്‍ക്ക് ഇനി 1000 രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി മതി. 39,427.51 കോടി രൂപ റവന്യൂവരുമാനവും 44,961.42 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതായി ധനമന്ത്രി വ്യക്തമാക്കി. മുന്‍ ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ ഇത് യഥാക്രമം 38,546.89 കോടി, 44,566.33 കോടി എന്നിങ്ങനെയായിരുന്നു. പുതുക്കിയ ബജറ്റില്‍ 615.75 കോടി രൂപ അധിക വരുമാനം ലക്ഷ്യമിടുന്നു. ഇതില്‍ 135 കോടിയും വിദേശ മദ്യനികുതി വര്‍ധനവഴിയാണ്. 982.73 രൂപയാണ് പുതിയ പദ്ധതികള്‍ വഴിയുള്ള അധിക ചെലവ്. ഇതില്‍ 250 കോടിയും ഹൗസിങ് ബോര്‍ഡിന്റെ വായ്പ തിരിച്ചടയ്ക്കുന്നതിനാണ്. പുതുക്കിയ ബജറ്റിലെ ധനകമ്മി 10,506.99 കോടിയാണ്. 2011-12ലെ ആദ്യ ബജറ്റില്‍ ഇത് 10,640.95 കോടിയായിരുന്നു. ധനകമ്മിയില്‍ 133.96 കോടി രൂപ കുറയുമെന്നാണ് കാണിച്ചിട്ടുള്ളത്. പുതുക്കിയ ബജറ്റില്‍ 5533.91 കോടി രൂപയുടെ റവന്യൂകമ്മിയും കണക്കാക്കുന്നു.
പുരോഗതിക്ക് തിരിച്ചടിയാകും: ഐസക്
കെ എം മാണിയുടെ ബജറ്റ് കേരള വികസനത്തിന് തിരിച്ചടിയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത ആഘാതവുമാകുമെന്ന് മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു. വികസനത്തിന് എല്ലാവരും കൈകോര്‍ക്കണമെന്നാണ് മാണി പ്രസംഗത്തില്‍ പറഞ്ഞതെങ്കിലും എല്ലാ വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും തടയിടുന്ന നയമാണ് ബജറ്റില്‍ ഉടനീളമുള്ളതെന്നും ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മുന്‍ സര്‍ക്കാര്‍ തുടക്കമിട്ട നല്ല കാര്യങ്ങളെ അംഗീകരിക്കാതെ സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തില്‍ യാഥാര്‍ഥ്യങ്ങള്‍ മൂടിവച്ചും വക്രീകരിച്ചുമാണ് മന്ത്രി ബജറ്റ് പ്രസംഗം നടത്തിയത്. മാണി വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ദിവസംതന്നെ പറഞ്ഞത് കേരളത്തിന്റെ സാമ്പത്തികസ്ഥിതി മോശമെന്നും ധവളപത്രമിറക്കുമെന്നാണ്. മുഖ്യമന്ത്രിയുടെ നൂറിന കര്‍മപരിപാടിയിലും ധവളപത്രം പുറത്തിറക്കുമെന്ന് പറഞ്ഞു. ആ ധവളപത്രം എവിടെയെന്ന് അദ്ദേഹം ചോദിച്ചു.
തീരദേശമേഖലയെ അവഗണിച്ചു. പരമ്പരാഗത വ്യവസായങ്ങളെ തകര്‍ക്കുന്ന സമീപനമാണ് ബജറ്റിലുള്ളത്. അനാഥാലയങ്ങളെയും മാനസികവൈകല്യം സംഭവിച്ചവരെയും സഹായിക്കുന്നതിനുള്ള പദ്ധതികളും അട്ടിമറിച്ചു. നവജാതശിശുക്കള്‍ക്കുള്ള 10,000 രൂപയുടെ കരുതല്‍ നിക്ഷേപ പദ്ധതി, അസംഘടിതമേഖലയിലെ സ്ത്രീതൊഴിലാളികള്‍ക്ക് വേതനത്തോടെയുള്ള പ്രസവാവധി, ആശ, അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുള്ള ഓണറേറിയം, തൊഴിലുറപ്പ് പദ്ധതിയ്ക്കുള്ള ഫണ്ട് എന്നിവയെക്കുറിച്ച് ബജറ്റ് മിണ്ടുന്നില്ല. നഗര തൊഴിലുപ്പ് പദ്ധതിയെക്കുറിച്ചും ഒന്നുമില്ല. റോഡ്, പാലം നിര്‍മാണത്തിന് 5,000 കോടി രൂപയുടെ പദ്ധതി എല്‍ഡിഎഫ് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് 1,000 കോടി രൂപ വകയിരുത്തി. ഈ തുകയുടെ ബലത്തില്‍ 5,000 കോടി രൂപ വായ്പ എടുക്കാനാകും. വായ്പ തിരിച്ചടയ്ക്കാനുള്ള പദ്ധതികളും വിഭാവനം ചെയ്തിരുന്നു. ഇതുംമാണി അട്ടിമറിച്ചു.
35 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു രൂപയ്ക്ക് 25 കിലോ വീതം അരി നല്‍കണമെങ്കില്‍ ചുരുങ്ങിയത് 500 കോടി രൂപ വേണം. കൂടാതെ, രണ്ടുരൂപ നിരക്കില്‍ എപിഎല്‍ കാര്‍ഡിനും അരി നല്‍കണം. എന്നാല്‍ , സിവില്‍ സപ്ലൈസ് കോര്‍പറേഷന് ആകെ നീക്കിവച്ചത് 200 കോടി മാത്രമാണ്. പ്രധാന പല പദ്ധതികളും അവഗണിക്കപ്പെട്ടപ്പോള്‍ കോട്ടയം, മലപ്പുറം ഒഴിച്ചുള്ള ജില്ലകളെല്ലാം പുറത്തായി. ബജറ്റ് അവതരണവേളയില്‍ തന്നെ ഭരണകക്ഷി അംഗങ്ങള്‍ക്ക് ബഹളംവയ്ക്കേണ്ടി വന്നു. അവര്‍ ഇറങ്ങിപ്പോയി. സ്വന്തം മുന്നണിയെപ്പോലും തൃപ്തിപ്പെടുത്താന്‍ കഴിയാത്ത ബജറ്റാണിത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 2,000 കോടി രൂപ ട്രഷറിയില്‍ മിച്ചമാണെന്ന് ധനമന്ത്രി ബജറ്റില്‍ സമ്മതിക്കുന്നു. കൊടുത്തുതീര്‍ക്കണമെന്ന് പറയുന്നതിനുള്ള പണവുമുണ്ട്. പിന്നെ എവിടെയാണ് പ്രതിസന്ധിയെന്ന് ഐസക് ചോദിച്ചു. മാണിയുടെ വേവലാതി മുഴുവന്‍ കടബാധ്യതകളെക്കുറിച്ചാണ്. യുഡിഎഫ് ഭരിച്ച അഞ്ചുവര്‍ഷം ശരാശരി വരുമാനത്തിന്റെ 35.12 ശതമാനമായിരുന്നു കടമെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് 31 ശതമാനമായി കുറച്ചു. ഇത് കണക്കാക്കാതെ കടബാധ്യത കൂടി എന്ന് പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും ഐസക് പറഞ്ഞു.
വ്യവസായ വാണിജ്യ മേഖലയില്‍ കരിനിഴല്‍
കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് വ്യവസായ വാണിജ്യ മേഖലയിലും കരിനിഴല്‍പരത്തി. ബജറ്റ് കൊച്ചിയെ നിരാശപ്പെടുത്തി എന്ന വാദത്തോട് ഒട്ടുമിക്ക സംഘടനകളും യോജിക്കുന്നു. എന്നാല്‍ , ചില നിര്‍ദേശങ്ങള്‍ ഇവര്‍ സ്വാഗതംചെയ്തു. സംസ്ഥാന ഖജനാവിന്റെ വരുമാനത്തില്‍ 40 ശതമാനവും സംഭാവനനല്‍കുന്ന കൊച്ചിയുടെ പ്രതീക്ഷകള്‍ക്ക് ബജറ്റ് മങ്ങലേല്‍പ്പിച്ചതായി ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് പി പ്രതാപചന്ദ്രന്‍ പ്രതികരിച്ചു. മെട്രോ റെയില്‍ , സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ്, സ്മാര്‍ട്ട്സിറ്റി എന്നിവയ്ക്ക് അനുവദിച്ചിട്ടുള്ള തുക പരിമിതിയായി. കൊച്ചിയിലെ പൈതൃക ടൂറിസ വികസനത്തിന് പദ്ധതിയില്ലാത്തതും കുടിവെള്ള പൈപ്പ് മാറ്റിവയ്ക്കാന്‍ തുക അനുവദിക്കാഞ്ഞതും ഖേദകരമായി. അതേസമയം, കയറ്റുമതിക്കാര്‍ക്ക് ഫെസിലിറ്റേഷന്‍ സെന്റര്‍ , ഇ-ടെന്‍ഡറിങ് എന്നിവ സ്വാഗതാര്‍ഹമാണ്. 2.5 ശതമാനത്തോളം കടബാധ്യതയും ആളോഹരി 890 രൂപയുടെ കമ്മിയും നിലനില്‍ക്കുന്നത് ബജറ്റ് പ്രഖ്യാപനത്തിന്റെ പ്രായോഗികത ചോദ്യംചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരമേഖലയെ വിശ്വാസത്തിലെടുക്കാത്ത ബജറ്റാണിതെന്ന് കേര1ള മര്‍ച്ചന്റ്സ് യൂണിയന്‍ പ്രസിഡന്റ് കെ വെങ്കടേഷ് പൈ, ജനറല്‍ സെക്രട്ടറി കെ എ ഷാജി എന്നിവര്‍ പറഞ്ഞു. നിലവില്‍ ഓണ്‍ലൈന്‍വഴി നല്‍കുന്ന റിട്ടേണുകളുടെ സ്ക്രൂട്ട്നിക്ക് നിര്‍ണയാധികാരിയുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനും മറ്റുമുള്ള തീരുമാനം വാറ്റ് നിയമത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കാത്തതാണെന്നും ഇവര്‍ പറഞ്ഞു. ഇ-ഫയലിങ്, ഇ-പെയ്മെന്റ് സംവിധാനത്തിലൂടെ രാജ്യത്തിന് മാതൃകയായ കേരളത്തില്‍ പുതിയ നിര്‍ദേശം വീണ്ടും ഉദ്യോഗസ്ഥരുടെ അഴിമതിക്ക് വഴിയൊരുക്കും. ടാക്സ് മോണിറ്ററിങ് സെല്‍ , വിലനിരീക്ഷണസമിതി എന്നിവയുടെ ഘടനയും പ്രവര്‍ത്തനവും വ്യക്തമാക്കാത്തതും ബുദ്ധിമുട്ടാകും. അതേസമയം, പൊതു-സ്വകാര്യ-പഞ്ചായത്ത് പങ്കാളിത്തത്തില്‍ സ്വകാര്യസംരംഭങ്ങള്‍ തുടങ്ങുമെന്ന നിര്‍ദേശവും ചെറു സംരംഭങ്ങളിലൂടെ 500 കോടി മുതല്‍മുടക്കില്‍ തൊഴിലവസരമൊരുക്കുമെന്ന നിര്‍ദേശവും ഇവര്‍ സ്വാഗതംചെയ്തു.
അടിസ്ഥാനസൗകര്യവികസനത്തിന് ഊന്നല്‍നല്‍കി വിവിധ പദ്ധതികള്‍ക്ക് തുക അനുവദിച്ചിട്ടുള്ള ബജറ്റ് നിര്‍ദേശം സ്വാഗതാര്‍ഹമാണെന്ന് കേരള ചേംബര്‍ ചെയര്‍മാന്‍ ദീപക് എല്‍ അസ്വാനി, സെക്രട്ടറി സേവിയോ മാത്യു എന്നിവര്‍ വ്യക്തമാക്കി. എമര്‍ജിങ് കേരള നയം കൂടുതല്‍ നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുമെന്നും ഇവര്‍ പറഞ്ഞു.
12 ജില്ലകളെ മറന്ന ബജറ്റ്
കേരളത്തിലെ 12 ജില്ലകളെയും മറന്ന ബജറ്റാണ് യുഡിഎഫിനുവേണ്ടി ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ വി സുരേന്ദ്രന്‍പിള്ളയും സെക്രട്ടറി ജനറല്‍ ജോര്‍ജ് സെബാസ്റ്റ്യനും പറഞ്ഞു. കേരളത്തിന്റെ സന്തുലിതാവസ്ഥ കണക്കാക്കാത്തതാണ് ബജറ്റെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് എ സി ഷണ്‍മുഖദാസ് പ്രതികരിച്ചു. സാമ്പത്തികമായി സര്‍ക്കാരില്‍നിന്നും സഹായം അര്‍ഹിക്കുന്ന പാവപ്പെട്ട രോഗികള്‍ , പരമ്പരാഗത വ്യവസായത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ , തൊഴില്‍ രഹിതര്‍ എന്നിവരെ പാടെ വിസ്മരിച്ചുവെന്നും പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനം കടക്കെണിയിലാണെന്ന് വരുത്തിത്തീര്‍ത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനക്ഷേമപദ്ധതികള്‍ നടപ്പാക്കാനാകില്ലെന്ന് പ്രഖ്യാപിച്ച ധനമന്ത്രി ബജറ്റിലൂടെ കേരള ജനതയെ അവഹേളിക്കുകയായിരുന്നുവെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണപിള്ള പറഞ്ഞു.
deshabhimani 09.07.11