സുഗന്ധം പരത്തുന്ന നേട്ടങ്ങളുടെ പൂക്കുടയുമേന്തിയാണ് ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
അഴിമതിവിമുക്തമായ രാഷ്ട്രീയ സംവിധാനം,
പ്രശാന്തസുന്ദരമായ ക്രമസമാധാന നില,
സുസ്ഥിരമായ സാമ്പത്തിക വികസനം,
സമര്‍ഥമായ ധന മാനേജ്മെന്റ്,
കാര്‍ഷിക-വ്യാവസായിക മേഖലയിലെ അഭൂതപൂര്‍വമായ മുന്നേറ്റം,
എല്ലാവിഭാഗം ജനങ്ങള്‍ക്കും ആരോഗ്യപരിരക്ഷ, വിലക്കയറ്റം തടഞ്ഞുനിര്‍ത്തിയ ഭക്ഷ്യസുരക്ഷ,
സാമൂഹ്യനീതി ഉറപ്പുവരുത്തിയ വിദ്യാഭ്യാസമേഖല,
മുടക്കമില്ലാത്ത സാമൂഹ്യക്ഷേമപദ്ധതികള്‍
തുടങ്ങിയവയിലൂടെ 'സുരാജ്' അഥവാ സല്‍ഭരണം എന്ന കീര്‍ത്തിമുദ്രയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നേടിയിരിക്കുന്നത്.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്തിന്റെ സാമ്പത്തികനില തകര്‍ന്ന തറവാടിന്റെ അവസ്ഥയിലായിരുന്നു.
സംസ്ഥാന രൂപീകരണത്തിനുശേഷമുള്ള സഞ്ചിത പൊതുകടം യുഡിഎഫിന്റെ നാലരവര്‍ഷത്തിനിടയില്‍ നേരെ ഇരട്ടിയായി.
ട്രഷറി പൂട്ടിയിടല്‍ തുടര്‍പ്രക്രിയ ആയതിനാല്‍ യഥാസമയം ശമ്പളംപോലും കൊടുക്കാന്‍ കഴിയാതെ വന്നു. കാലിയായ ഖജനാവില്‍ പൂച്ച പെറ്റുകിടക്കുന്ന അവസ്ഥ.
എന്നാല്‍, ഈ സര്‍ക്കാരിന്റെ കാലത്ത് ഒരുദിവസം പോലും ട്രഷറി പൂട്ടേണ്ടിവന്നിട്ടില്ല. വിഭവസമാഹരണകാര്യത്തില്‍ റെക്കോഡ് വളര്‍ച്ചയാണ് നേടിയത്. റവന്യൂകമ്മിയും ധനകമ്മിയും ഗണ്യമായി കുറഞ്ഞു. മൂലധനച്ചെലവില്‍ വന്‍കുതിച്ചുകയറ്റംതന്നെയുണ്ടായി. ചെലവുകള്‍ വെട്ടിക്കുറയ്ക്കാതെ വരുമാനവര്‍ധനയിലൂടെ കേരളത്തിന്റെ സാമ്പത്തികാടിത്തറ ബലവത്താക്കി മാറ്റി. ഗുണ്ടാവാഴ്ച, പെവാണിഭം, ബലാത്സംഗം, പിടിച്ചുപറി എന്നിവയിലൂടെ യുഡിഎഫ് ഭരണത്തില്‍ തകര്‍ന്ന കേരളത്തിന്റെ ക്രമസമാധാനനിലയും നിയമവാഴ്ചയും ആമോദപൂര്‍ണമാക്കാന്‍ കഴിഞ്ഞതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖ്യനേട്ടം.
ക്രമസമാധാനപാലനത്തില്‍ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമെന്ന 'ഇന്ത്യ ടുഡെ' യുടെ അവാര്‍ഡ് കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജിയില്‍നിന്ന് കേരള ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നേടിയത് ചരിത്രസംഭവംതന്നെയാണ്. യുഡിഎഫ് ഭരണത്തില്‍ മുത്തങ്ങമുതല്‍ തുമ്പവരെ പൊലീസ് വെടിവയ്പുകളുടെ പരമ്പരയായിരുന്നു.
ആചാരവെടികള്‍ മുഴക്കാനല്ലാതെ കേരളത്തില്‍ ഇന്ന് ഒരിടത്തും പൊലീസിന്റെ വെടിയൊച്ച കേള്‍ക്കാനില്ല. മാറാട്, കാസര്‍കോട്, നാദാപുരം, പത്തനംതിട്ട, വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളില്‍ യുഡിഎഫ് ഭരണകാലത്ത് നടന്ന വര്‍ഗീയകലാപങ്ങളുടെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. അന്ന് 121 വര്‍ഗീയസംഘട്ടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിദഗ്ധമായ ഇടപെടലിലൂടെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
യുഡിഎഫ് ഭരണത്തില്‍ 22 ദേവാലയമാണ് ആക്രമിക്കപ്പെട്ടത്. നെയ്യാറ്റിന്‍കര ബിഷപ് ഹൌസ് മുതല്‍ ആലുവ സെന്റ് പീറ്റേഴ്സ് പള്ളിവരെ അതിക്രമങ്ങള്‍ക്ക് ഇരയായി. ജോബ് ചിറ്റിലപ്പള്ളി എന്ന വൈദികന്‍ പള്ളിമുറ്റത്തുവച്ച് കൊല്ലപ്പെടുകയും സുവിശേഷകരും കന്യാസ്ത്രീകളുംവരെ മര്‍ദനവിധേയരാകുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയായിരുന്നു. എന്നാല്‍, ഇപ്പോള്‍ കേരളം ശാന്തിയുടെയും സൌഹൃദത്തിന്റെയും പൂങ്കാവനമാണ്.
യുഡിഎഫ് ഭരണത്തില്‍ ആയിരത്തിമുന്നൂറോളം കര്‍ഷകരാണ് ജീവനൊടുക്കിയത്. എല്‍ഡിഎഫ് ഭരണത്തില്‍ കാര്‍ഷിക കടാശ്വാസനിയമം നടപ്പാക്കുകയും വയനാട്ടില്‍ 25,000 രൂപയ്ക്ക് താഴെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുകയും ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം സഹായധനമായി നല്‍കുകയും ചെയ്തു. കാര്‍ഷികമേഖലയിലെ ബജറ്റ് വിഹിതം വര്‍ധിച്ചതോടെ ഉല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലും വര്‍ധനയുണ്ടായി. ഏകദേശം 15,000 ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കി. നെല്‍ക്കൃഷിക്ക് പലിശരഹിത വായ്പ നല്‍കിയതും നെല്ലിനു താങ്ങുവില ഏര്‍പ്പെടുത്തിയതും കാര്‍ഷികമേഖലയില്‍ ഒരു മകരസംക്രമത്തിനു വഴിതെളിച്ചു.
വ്യവസായ ശവപ്പറമ്പായി മാറിക്കൊണ്ടിരുന്ന കേരളത്തെ പുത്തന്‍ വ്യവസായങ്ങളുടെ ഈറ്റില്ലമാക്കാന്‍ എല്‍ഡിഎഫ് ഭരണത്തിനു കഴിഞ്ഞു. പൊതുമേഖലാവ്യവസായങ്ങള്‍ വിറ്റുതുലയ്ക്കുകയെന്ന യുഡിഎഫ് നയം തിരുത്തി അവയെ ശക്തിപ്പെടുത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ യത്നിച്ചത്. യുഡിഎഫ് കാലത്തെ പൊതുമേഖലാനഷ്ടം 69 കോടി രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ ലാഭം 240 കോടി രൂപയായി തീര്‍ന്നിരിക്കുകയാണ്. വ്യവസായവകുപ്പിന്റെ കീഴിലുള്ള 37 പൊതുമേഖലാസ്ഥാപനത്തില്‍ 12 എണ്ണത്തിന്റെ സ്ഥാനത്ത് 32 എണ്ണം ലാഭകരമായിത്തീര്‍ന്നു. ഒരു തൊഴിലാളിയെയും പിരിച്ചുവിടാതെയാണ് നഷ്ടത്തിലായിരുന്ന സ്ഥാപനങ്ങളെ കരകയറ്റിയത്. തൊഴില്‍ പ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ തൊഴില്‍ മേഖലയില്‍ ഇപ്പോള്‍ അശാന്തിയില്ല.
ടൂറിസം മേഖലയില്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന കെടിഡിസി വിറ്റുവരവിലും പ്രവര്‍ത്തനലാഭത്തിലും അറ്റാദായത്തിലും റെക്കോഡ് നേട്ടമാണ് കൈവരിച്ചത്. യുഡിഎഫ് ഭരണകാലത്ത് സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചിരുന്ന മസ്കറ്റ് ഹോട്ടല്‍ ഉള്‍പ്പെടെയുള്ള കെടിഡിസിയുടെ മികച്ച ഹോട്ടലുകളെ നവീകരിച്ച് ഹെറിറ്റേജ് പദവിയിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു. ഒരു മലേഷ്യന്‍ സ്വകാര്യകമ്പനിയുമായി ചേര്‍ന്ന് സംയുക്തസംരംഭമായി തുടങ്ങാനിരുന്ന കൊച്ചി ഇന്റര്‍നാഷണല്‍ മറീനാ പദ്ധതിയുടെ കരാര്‍ റദ്ദാക്കി കെടിഡിസിയുടെ ഉടമസ്ഥതയില്‍ മാത്രമാക്കിയതുകൊണ്ടാണ് ബോള്‍ഗാട്ടി ദ്വീപും പാലസും അന്യാധീനപ്പെടാതിരുന്നത്.
തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വേണ്ടത്ര വൈദ്യപരിചരണം ലഭിക്കാത്തതിനാല്‍ സംസ്ഥാന ഗവര്‍ണര്‍ സിക്കന്ദര്‍ ഭക്തിനു മരിക്കേണ്ടിവന്നത് യുഡിഎഫ് ഭരണകാലത്താണ്. കാര്‍ അപകടത്തെത്തുടര്‍ന്ന് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരോഗ്യമന്ത്രി പി ശങ്കരന് അവിടെനിന്നു സ്വകാര്യ ആശുപത്രിയിലേക്ക് ഒളിച്ചോടേണ്ടിവന്നു. ദീര്‍ഘനാളത്തെ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഫലമായി തടഞ്ഞ പകര്‍ച്ചവ്യാധികളെല്ലാം കൂട്ടത്തോടെ വന്നത് യുഡിഎഫ് ഭരണകാലത്താണ്. മാലിന്യനിര്‍മാര്‍ജനം ഉള്‍പ്പെടെയുള്ള സുശക്തനടപടികള്‍മൂലം ഈ രോഗങ്ങള്‍ ഒരു പരിധിവരെ ഇപ്പോള്‍ നിയന്ത്രണവിധേയമായിട്ടുണ്ട്.
വിദ്യാഭ്യാസക്കച്ചവടക്കാര്‍ മുടിയഴിഞ്ഞാടിയ വിദ്യാഭ്യാസമേഖലയില്‍ സാമൂഹ്യനീതി ഉറപ്പുവരുത്താനും പകല്‍ക്കൊള്ള അവസാനിപ്പിക്കാനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കാനും വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താനും ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങള്‍ ആരംഭിക്കാനും കഴിഞ്ഞത് വന്‍നേട്ടമാണ്. ക്രമക്കേടില്ലാതെ വിവിധ പരീക്ഷകള്‍ കൃത്യമായി നടത്താനും ഫലം പ്രഖ്യാപിക്കാനും വിദ്യാഭ്യാസവകുപ്പിനും സര്‍വകലാശാലകള്‍ക്കും സാധ്യമായിട്ടുണ്ട്. വിദ്യാര്‍ഥി പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനാല്‍ വിദ്യാര്‍ഥി സമരങ്ങള്‍ക്ക് പൂര്‍ണമായ അവധിയാണ്.
ഭക്ഷ്യസബ്സിഡി നിര്‍ത്തലാക്കുകയും പൊതുവിതരണസമ്പ്രദായം തകര്‍ക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളാണ് ഇന്ത്യയിലാകെ വിലക്കയറ്റം രൂക്ഷമാക്കിയത്. സിവിള്‍ സപ്ളൈസ് വകുപ്പും സഹകരണസ്ഥാപനങ്ങളും പൊതുകമ്പോളത്തില്‍ ഫലപ്രദമായി ഇടപെട്ടതിനാല്‍ ഇന്ത്യയില്‍ വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറി. അവശ്യസാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്നതിനാല്‍ ഭക്ഷ്യസുരക്ഷയില്‍ കേരളം ഒന്നാംസ്ഥാനത്താണ്. ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള 41 ലക്ഷം കുടുംബത്തിനു രണ്ടുരൂപയ്ക്ക് ഒരു കിലോ അരി നല്‍കുന്ന സംവിധാനം എല്‍ഡിഎഫ് സര്‍ക്കാരിനു തിലകക്കുറിയാണ്.
ഭൂമി വിതരണവും സംരക്ഷണവും ഉറപ്പുവരുത്താന്‍ ലാന്‍ഡ് ബാങ്ക് രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനംമൂലം അനധികൃത ഭൂമിഇടപാടുകള്‍ക്ക് വിരാമമായി. ഒന്നേകാല്‍ ലക്ഷത്തോളം ഭൂരഹിതര്‍ക്ക് ഭൂമിയില്‍ സ്ഥിരാവകാശം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇ എം എസ് ഭവന നിര്‍മാണപദ്ധതിയും എം എന്‍ പദ്ധതിയും മുഖേന ഒട്ടേറെപ്പേരുടെ പാര്‍പ്പിട പ്രശ്നം പരിഹരിക്കപ്പെട്ടു.
യുഡിഎഫ് ഭരണകാലത്ത് വ്യാപകമായിരുന്ന വനം കയ്യേറ്റവും ചന്ദനമരം ഉള്‍പ്പെടെയുള്ള വനവിഭവങ്ങളുടെ കൊള്ളയും അവസാനിപ്പിക്കാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞു. സാമൂഹ്യവനവല്‍ക്കരണത്തിന് കേന്ദ്രസര്‍ക്കാരിന്റെ ഇന്ദിരാ പ്രിയദര്‍ശിനി അവാര്‍ഡ് നേടിയ വനം വകുപ്പ് പരിസ്ഥിതി സംരക്ഷണകാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നു.
ജനജീവിതത്തിന്റെ എല്ലാ മേഖലയിലും സഹകരണമേഖലയുടെ സാന്നിധ്യം സജീവമാക്കാന്‍ ഇന്നത്തെ ഭരണത്തിനു കഴിഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യം തുടങ്ങിയ സേവനതുറകളില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് സഹകരണപ്രസ്ഥാനം കാഴ്ചവച്ചത്.
ദേവസ്വംരംഗത്ത് ശുദ്ധികലശം നടത്താനും ഉദ്യോഗനിയമനം ഉള്‍പ്പെടെ പിഎസ്സിക്ക് വിടാനും കഴിഞ്ഞത് ധീരമായ നടപടിയാണ്. ശബരിമലയുടെ സമഗ്ര വികസനത്തിനുള്ള മാസ്റ്റര്‍പ്ളാന്‍ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.
അധികാരവികേന്ദ്രീകരണ പ്രക്രിയയെ തുരങ്കംവയ്ക്കുകയെന്ന നയമാണ് യുഡിഎഫ് സ്വീകരിച്ചത്. ജനകീയാസൂത്രണത്തെയും കുടുംബശ്രീയെയും തകര്‍ക്കാന്‍ എല്ലാവിധ ശ്രമവും നടത്തിയിരുന്നു. താഴേത്തട്ടിലുള്ള വികസനത്തിന് കൂടുതല്‍ അധികാരവും പണവും തദ്ദേശസ്ഥാപനങ്ങള്‍ക്കു നല്‍കിയത് നാടിനു പുത്തന്‍ ഉണര്‍വേകി. പഞ്ചായത്തിരാജിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് കേരളത്തിനാണ്. വൈതരണികള്‍ അതിജീവിച്ചു മുന്നേറുന്ന കുടുംബശ്രീ കേരളീയ ജനജീവിതത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും മുഖശ്രീയായി മാറിയിരിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണത്തില്‍ തുല്യത നേടുന്ന കേരളീയ സ്ത്രീത്വത്തിന്റെ വിജയചിഹ്നങ്ങളിലൊന്ന് കുടുംബശ്രീ തന്നെയാണ്.