Wednesday, October 20, 2010

ഫ്രാന്‍സില്‍ ഒരു മാസത്തിനുള്ളില്‍ ആറാമത് ദേശീയ പണിമുടക്ക്


ഫ്രാന്‍സില്‍ സര്‍ക്കോസിസര്‍ക്കാരിന്റെ പെന്‍ഷന്‍ പരിഷ്കരണ ബില്ലിനെതിരെ രാജ്യത്ത് അലയടിക്കുന്ന പ്രതിഷേധം കൂടുതല്‍ ശക്തമായി. ഒരു മാസത്തിനുള്ളില്‍ ആറാമത് ദേശീയ പണിമുടക്ക് ചൊവ്വാഴ്ച നടന്നു. കര, ജല, വ്യോമഗതാഗത മേഖലകള്‍ സ്തംഭിച്ചു. സ്കൂളുകള്‍ പ്രവര്‍ത്തിച്ചില്ല. എണ്ണശുദ്ധീകരണശാലകള്‍ അടഞ്ഞുകിടക്കുകയാണ്. പണിമുടക്കുന്ന തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങിയ വിദ്യാര്‍ഥികളും യുവജനങ്ങളും പലയിടത്തും പൊലീസുമായി ഏറ്റുമുട്ടി.

രാജ്യത്ത് ഇരുനൂറോളം കേന്ദ്രത്തില്‍ നടന്ന പ്രതിഷേധപ്രകടനങ്ങളില്‍ 30 ലക്ഷത്തോളം തൊഴിലാളികള്‍ പങ്കെടുത്തതായി കണക്കാക്കുന്നു. എണ്ണശുദ്ധീകരണശാല തൊഴിലാളികള്‍ ഒരാഴ്ചയിലേറെയായി നടത്തുന്ന പണിമുടക്കിനെത്തുടര്‍ന്ന് രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായി. വിരമിക്കല്‍പ്രായം 60ല്‍നിന്ന് 62 ആയും പൂര്‍ണപെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള പ്രായം 65ല്‍നിന്ന് 67 ആയും വര്‍ധിപ്പിക്കാന്‍ സര്‍ക്കോസി സര്‍ക്കാര്‍ നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇതിനുമുമ്പ് സെപ്തംബറില്‍ രണ്ടു പ്രാവശ്യവും ഈ മാസം മൂന്നുതവണയും പണിമുടക്ക് നടന്നിരുന്നു.

സാമ്പത്തികപ്രതിസന്ധി നേരിടാന്‍ സര്‍ക്കാര്‍ചെലവ് ചുരുക്കാനെന്ന പേരിലാണ് പെന്‍ഷന്‍ ആനുകൂല്യങ്ങളില്‍ കുറവു വരുത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍, രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും സര്‍ക്കാര്‍നിലപാടിന് എതിരാണെന്ന് അഭിപ്രായസര്‍വേകള്‍ വ്യക്തമാക്കുന്നു. പണിമുടക്കിനെ 71 ശതമാനം പേര്‍ പിന്തുണയ്ക്കുന്നതായാണ് സര്‍വേഫലം. പണിമുടക്ക് ജനജീവിതത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെങ്കിലും രാജ്യത്തെ പൊതുവികാരം തൊഴിലാളി യൂണിയനുകള്‍ക്കൊപ്പമാണ്. വിദ്യാര്‍ഥികള്‍ മിക്കസ്ഥലങ്ങളിലും തൊഴിലാളികള്‍ക്കൊപ്പം ഉപരോധസമരങ്ങളില്‍ പങ്കെടുക്കുന്നു.

No comments: