Showing posts with label General. Show all posts
Showing posts with label General. Show all posts

Sunday, May 1, 2011

പീഡനക്കേസുകളിലെ പ്രതികളെ ഷണ്ഡരാക്കണമെന്ന് കോടതി

ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്നതിനുപകരം അവരെ ഷണ്ഡന്‍മാരാക്കുകയാണ് വേണ്ടതെന്ന് കോടതി. ഒരു പീഡനക്കേസിന്റെ വിചാരണയ്ക്കിടയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കാമിനി ലൗവാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.

‘ലൈഗിക പീഡനം നടത്തുന്നവര്‍ക്ക്, പ്രധാനമായും പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷയ്ക്ക് പകരം ഷണ്ഡനാക്കുക എന്ന ശിക്ഷ നല്‍കുന്നതിനെക്കുറിച്ച് ഇന്ത്യന്‍ നിയമമന്ത്രാലയം ഗൗരവമായി ആലോചിക്കേണ്ടതുണ്ട്.’ കാമിനി ലൗ പറഞ്ഞു.

15കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്റെ വിചാരണ നടക്കുന്നതിനിടെയാണ് ജഡ്ജി ഈ പ്രസ്താവന നടത്തിയത്. ഇയാള്‍ക്ക് 10വര്‍ഷം ശിക്ഷ വിധിച്ചെങ്കിലും ഇത്തരം കുറ്റകൃത്യങ്ങളെ മറ്റു രീതിയിലാണ് കൈകാര്യം ചെയ്യേണ്ടതെന്ന് കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വലിയ തോതിലുള്ള ചര്‍ച്ചകള്‍ നടക്കേണ്ടത് അത്യാവശ്യമാണ്. പത്ത് വര്‍ഷത്തെ തടവിന് പുറമേ ഇയാള്‍ക്ക് 25,000രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. വിധി പ്രസ്താവനയുടെ ഒരു പകര്‍പ്പ് നിയമമന്ത്രാലയത്തിനും, സര്‍ക്കാരിനും, വനിതാകമ്മീഷനും അയച്ചുകൊടുക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

ഇന്ത്യന്‍ പീനല്‍ കോര്‍ഡ് പ്രകാരം ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജയില്‍ ശിക്ഷയാണ് നല്‍കാറുള്ളത്. എന്നാല്‍ യു.എസ്.എ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ ജയില്‍ ശിക്ഷയ്ക്ക് പകരം വൃഷണവിച്ഛേദം നടത്താറുണ്ട്. ഇത് ലൈഗിക പീഡനം തടയാന്‍ കുറച്ചുകൂടി സഹായകമാവുമെന്നാണ് കോടതിയുടെ നിരീക്ഷണം.

Wednesday, April 20, 2011

ചാണകവെള്ളമൊഴിക്കേണ്ടത് ജാതിക്കോമരങ്ങളുടെ തലയില്‍

(മാധ്യമം പത്രത്തില്‍ വന്ന മുഖപ്രസംഗം)
അയിത്തത്തിനും ജാതീയതക്കുമെതിരെ ആയുഷ്‌ക്കാലം മുഴുവന്‍ പൊരുതിയ മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവായി പൂജിക്കുന്ന ഇന്ത്യാ രാജ്യത്ത്, ജാതീയതക്കെതിരായ സമരം  ജീവിതദൗത്യമായെടുത്ത ശ്രീനാരായണ ഗുരുവിന്റെ സ്വന്തം നാട്ടില്‍ ഇരുപത്തൊന്നാം  നൂറ്റാണ്ടിന്റെ ആദ്യ ദശകം പിന്നിട്ടപ്പോഴും ലജ്ജാകരമായ അയിത്തം നിലനില്‍ക്കുന്നുവെന്നാണ് തലസ്ഥാന നഗരിയില്‍നിന്നുള്ള വാര്‍ത്ത. അഞ്ചു വര്‍ഷത്തെ സേവനത്തിനുശേഷം മാര്‍ച്ച് 31ന് വിരമിച്ച രജിസ്‌ട്രേഷന്‍ ഐ.ജി പട്ടികജാതിക്കാരനായ എ.കെ. രാമകൃഷ്ണന്‍, അതേവരെ ഉപയോഗിച്ച കസേരയും ഓഫിസ് മുറിയും കാറും പിറ്റേ ദിവസം ചാണകവെള്ളം തളിച്ച്  ശുദ്ധീകരിച്ചു എന്ന് അദ്ദേഹം സംസ്ഥാന മനുഷ്യാവകാശ കമീഷനും ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും തിരുവനന്തപുരം പൊലീസ് കമീഷണര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്.  ആഭ്യന്തര വകുപ്പ് രാമകൃഷ്ണന്റെ പരാതി ഇതേവരെ ലഭിച്ചിട്ടില്ലെന്നാണ് പറയുന്നതെങ്കിലും മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എന്‍. ദിനകര്‍ തനിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ നികുതി സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നു. നേതാക്കളുടെ നാക്കുപിഴക്കുപോലും വമ്പിച്ച വാര്‍ത്താപ്രാധാന്യം നല്‍കി നിരന്തരം ചര്‍ച്ചാവിഷയമാക്കുന്ന മലയാള മാധ്യമങ്ങള്‍ അത്യന്തം ഗുരുതരമായ ഈ സംഭവം പൊതുവെ അവഗണിക്കുന്നതിലും ദുരൂഹതയുണ്ട്. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരമൊരു സംഭവം നടന്നിട്ടേ ഇല്ല എന്ന് വരുത്താനും ബന്ധപ്പെട്ട ഓഫിസും മറ്റു ചിലരും ശ്രമിക്കുന്നതായും വിവരമുണ്ട്. സംഭവം വാര്‍ത്തയാവുമെന്ന് കണ്ടപ്പോള്‍, രാമകൃഷ്ണന്‍േറതല്ലാത്ത മറ്റു ചില കസേരകളിലും പിറ്റേന്ന് ചാണകവെള്ളം കോരിയൊഴിച്ച് പുകമറ സൃഷ്ടിക്കാനും ശ്രമമുണ്ടായിരുന്നു.

അയിത്തവും ജാതി വിളിച്ച് ആക്ഷേപിക്കലും ദലിതരെ പീഡിപ്പിക്കലും രാജ്യത്തെ ശിക്ഷാനിയമപ്രകാരം ഗുരുതരമായ തെറ്റാണ്. ഭരണഘടനപ്രകാരം ജനാധിപത്യവും മതേതരത്വവും മാനവിക സമത്വവും പുലരേണ്ട രാജ്യമാണ് ഇന്ത്യ. പക്ഷേ, സ്വാതന്ത്ര്യത്തിന്റെ ആറ് പതിറ്റാണ്ടുകള്‍ക്കുശേഷവും ഇന്ത്യന്‍മനസ്സുകളില്‍നിന്ന് സവര്‍ണ ആഢ്യത്വമോ അസ്‌പൃശ്യതയോ ജാതിഭ്രാന്തോ ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ലെന്നത് പച്ചപരമാര്‍ഥമാണ്. തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന വംശീയ വിവേചനത്തിന്റെ പേരില്‍ മീനാക്ഷിപുരം എന്ന ഗ്രാമം ഒന്നടങ്കം ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത് റഹ്മത്ത് നഗര്‍ എന്ന് ഗ്രാമത്തിന് പുനര്‍നാമകരണം ചെയ്ത സംഭവം രാജ്യത്താകെ ഒച്ചപ്പാടായത്  വര്‍ഷങ്ങള്‍ക്കുമുമ്പാണ്. വന്‍തോതില്‍ അറബിപ്പണം ഉപയോഗിച്ച് താഴ്ന്ന ജാതിക്കാരെ മതപരിവര്‍ത്തനം ചെയ്യിക്കാനുള്ള ആസൂത്രിത നീക്കമായാണ് സവര്‍ണ ലോബിയും സംഘ്പരിവാറും അന്നതിനെ ചിത്രീകരിച്ചത്. വിശ്വഹിന്ദുപരിഷത്ത് കോടികള്‍ ചെലവിട്ട് അവരെ ഹിന്ദുമതത്തിലേക്കുതന്നെ തിരിച്ചുകൊണ്ടുവരാനും നടത്തിയ ശ്രമം വിഫലമായതുതന്നെ, പണമല്ല മനുഷ്യത്വരഹിതമായ വംശീയ വിവേചനമാണ് സമത്വവും മാനവികതയും ഉദ്‌ഘോഷിക്കുന്നതെന്ന് അവര്‍ക്ക് ബോധ്യപ്പെട്ട മതത്തെ പുല്‍കുവാന്‍ പ്രേരണയായത് എന്ന് വ്യക്തമാക്കിയിരുന്നു. പ്രബുദ്ധ കേരളത്തില്‍തന്നെ പാലക്കാട് ജില്ലയില്‍ തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ ഗോവിന്ദപുരത്ത് നൂറോളം വരുന്ന ചക്‌ലിയ സമുദായം കടുത്ത അയിത്തവും ജാതീയ വിവേചനവും നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തുന്നല്‍ക്കടകളിലും ബാര്‍ബര്‍ ഷോപ്പുകളിലും പൊതുചടങ്ങുകളിലും പ്രവേശമില്ലാത്ത, ആട്ടും തുപ്പും ഏറ്റുകഴിയുന്ന ഒരു സമൂഹം അനുഭവിക്കേണ്ടിവരുന്ന മാനസികപീഡനം എന്തുമാത്രം ക്രൂരമല്ല! കാസര്‍കോട് ജില്ലയിലെ കര്‍ണാടക സംസ്ഥാനത്തോടടുത്ത പല ഗ്രാമങ്ങളിലും ദലിതുകള്‍ക്ക് ചിരട്ടയിലാണ് ചായകൊടുക്കുന്നതെന്ന വാര്‍ത്തയും കേരളത്തെ ഞെട്ടിച്ചതാണ്.

ഇപ്പോഴത്തെ സംഭവം പക്ഷേ, അയിത്തത്തിന്റെയും ജാതിമനോഭാവത്തിന്റെയും മുന്‍ റെക്കോഡുകള്‍ ഭേദിക്കുന്നതാണ്. വിദ്യാഭ്യാസവും സംസ്‌കാരവുമാണ് മനുഷ്യമാന്യതക്കും മഹത്വത്തിനുമുള്ള മാനദണ്ഡമെങ്കില്‍ അതെല്ലാമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു രജിസ്‌ട്രേഷന്‍ ഐ.ജി രാമകൃഷ്ണന്‍. അദ്ദേഹം പ്രതികൂല സാമൂഹിക സാഹചര്യങ്ങളെ കഠിനാധ്വാനത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും മറികടന്നാണ് ആ പദവിയിലെത്തിയതെന്ന് വ്യക്തം. അത്തരക്കാരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നില്ലെങ്കില്‍ പോകട്ടെ, മനുഷ്യനായി അംഗീകരിക്കാന്‍പോലും  സന്നദ്ധരല്ലാത്തവര്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഈ ഉത്തരാധുനിക കാലത്തും വിളയാടുന്നുണ്ടെങ്കില്‍ അവരുടെ തലയിലാണ് ചാണകവെള്ളം ഒഴിക്കേണ്ടത്. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നല്‍കിയേ മതിയാവൂ. ജോലിയില്‍നിന്ന് വിരമിച്ച ദിവസംതന്നെ പടക്കം പൊട്ടിച്ചിരുന്നുവത്രെ. അതൊരുവേള ഉദ്യോഗസ്ഥ കുശുമ്പിന്റെയും പകപോക്കലിന്റെയും അനന്തരഫലമാണെന്നുവെച്ചാലും പിറ്റേ ദിവസത്തെ ചാണകംതളി തീര്‍ത്തും മറ്റൊരു മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഒരു വ്യക്തിയോടുള്ള അവഹേളനമെന്നതിനേക്കാള്‍ ഒരു സമുദായത്തോടുള്ള പുച്ഛവും അഹന്തയുടെ പരമകാഷ്ഠയുമാണത് സൂചിപ്പിക്കുന്നത്. സവര്‍ണ തമ്പുരാക്കന്മാരാണ് സംഭവത്തിന്റെ പിന്നില്‍ എന്നതുകൊണ്ട് സകല സ്വാധീനവും ഉപയോഗിച്ച് അത് തേച്ചുമാച്ചുകളയാനും ഒടുവില്‍ പരാതിക്കാരനെ പ്രതിയാക്കാനും ശ്രമമുണ്ടാവും എന്ന് തീര്‍ച്ച. സര്‍ക്കാറും മനുഷ്യാവകാശ കമീഷനും പൂര്‍ണ ജാഗ്രത പുലര്‍ത്തേണ്ടത് അതിനാല്‍ നിര്‍ബന്ധമായിത്തീരുന്നു. ഭ്രാന്താലയമെന്ന് കേരളത്തെ വിശേഷിപ്പിക്കാന്‍ സ്വാമി വിവേകാനന്ദനെ പ്രേരിപ്പിച്ചത് ജാതീയതയുടെ നഗ്‌നമായ പ്രദര്‍ശനമാണെങ്കില്‍ ആ തമോയുഗത്തിലേക്ക് തിരിച്ചുപോവാനാണോ ഇന്നും ചിലര്‍ ആഗ്രഹിക്കുന്നതെന്ന് അറിയേണ്ടതുണ്ട്.

Tuesday, November 30, 2010

വിധിക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് ജയരാജന്‍


പൊതുനിരത്തുകളിലും പാതയോരങ്ങളിലും പൊതുയോഗങ്ങള്‍ നടത്തുന്നത് നിരോധിച്ച ഹൈകോടതി വിധി അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതും അപ്രായോഗികവും സ്വാഭാവിക നീതിയുടെ ലംഘനവുമാണെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം എം.വി. ജയരാജന്‍. കോടതി നിര്‍ദേശപ്രകാരം കോടതിയലക്ഷ്യകേസില്‍ നേരിട്ട് ഹാജരായ ജയരാജന്‍ കേസിനെക്കുറിച്ച് ആമുഖമായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് അറിയിച്ച് തുറന്ന കോടതിയിലാണ്  ഇക്കാര്യം വ്യക്തമാക്കിയത്.

വിധിക്കെതിരായ വിമര്‍ശം കോടതിയെയും ജുഡീഷ്യല്‍ സംവിധാനത്തെയും ശക്തിപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്. കോടതിയെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ല. അധിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുമില്ല. കോടതി വിധി ലംഘിക്കാന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നും ജയരാജന്‍ ബോധിപ്പിച്ചു. ഡിസംബര്‍  എട്ടിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എ.കെ. ബഷീര്‍, ജസ്റ്റിസ് പി.ക്യു. ബര്‍ക്കത്തലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ജയരാജന് നിര്‍ദേശം നല്‍കി. ഹൈകോടതി സ്വമേധയയാണ് ജയരാജനെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.

പെട്രോളിയം വില വര്‍ധനക്കെതിരെ കണ്ണൂര്‍ ഹെഡ് പോസ്‌റ്റോഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധ യോഗത്തിലെ പ്രസംഗമാണ് കോടതിയലക്ഷ്യകേസിന് ആധാരം. കോടതി വിധിയിലെ തെറ്റുകള്‍ സാധാരണക്കാര്‍ മുമ്പാകെ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. ഹൈകോടതി വിധി പൗര സമൂഹത്തിന്റെ അവകാശം കവര്‍ന്നെടുക്കുന്നതാണ്.പ്രസംഗത്തിലെ സദുദ്ദേശ്യം കോടതി അംഗീകരിക്കണം. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് കോടതിയെയും നീതിന്യായ സംവിധാനത്തെയും ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് മുതിര്‍ന്ന ന്യായാധിപന്മാര്‍ പറഞ്ഞിട്ടുണ്ട്.ഈ വിധിയെക്കുറിച്ച് പല വിമര്‍ശനങ്ങളും വന്നിട്ടുണ്ടെങ്കിലും അവ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളണം.ഹരജിക്കാര്‍  കാര്യങ്ങള്‍ വഴി തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. പ്രസംഗത്തിലെ ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് കോടതിയലക്ഷ്യമെന്ന് വ്യാഖ്യാനിക്കുന്നു.വിമര്‍ശനങ്ങള്‍ ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. മാധ്യമങ്ങളില്‍ വന്ന ചില പരാമര്‍ശങ്ങള്‍ താന്‍ നടത്തിയിട്ടുള്ളതാണ്. ഏത് സംവിധാനത്തിനെതിരെയും ഇത്തരം വിമര്‍ശനങ്ങളാകാം. ജനാധിപത്യ സംവിധാനത്തില്‍ ഇത്തരം വിമര്‍ശനങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ അരാജകത്വമാകും ഫലം.ഒട്ടേറെ കോടതി വിധികള്‍ വരുന്നുണ്ടെങ്കിലും ചിലത് മാത്രമാണ് വിമര്‍ശന വിധേയമാകുന്നത്. പൗരസമൂഹത്തിനും ജനാധിപത്യ സംവിധാനത്തിനും എതിരായതിനാലാണിത്.

പാതയോരത്തെ യോഗവും ധര്‍ണയും പതിറ്റാണ്ടുകളായുള്ള സമ്പ്രദായമാണ്. ജനാധിപത്യ സംവിധാനത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. കോടതി വിധിയിലൂടെ ഇത് നിരോധിച്ചപ്പോള്‍ ഭരണഘടനക്കും നിയമത്തിനും വിധേയമായി  നാട്ടിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ട കാര്യം അനുവദിക്കണമെന്ന സദുദ്ദേശ്യത്തോടെയാണ് വിമര്‍ശിച്ചത്.ഇത് ഭരണഘടനാ ബാധ്യതയുള്ള പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് ചെയ്തത്.സഞ്ചാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും പൗരന്മാര്‍ക്ക് ഒരേപോലെ അവകാശപ്പെട്ടതാണ്്.എന്നാല്‍, സഞ്ചാര സ്വാതന്ത്ര്യത്തിനായി അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ് ചെയ്തത്. കോടതി കക്ഷിചേര്‍ത്തവരെയടക്കം ആരെയും കേള്‍ക്കാതെയാണ് വിധി പുറപ്പെടുവിച്ചത്. വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല.പൗരാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജുഡീഷ്യറിക്കാണ് ഏറ്റവും ബാധ്യത എന്നാണ് വിശ്വസിക്കുന്നതെന്നും  ജയരാജന്‍ ബോധിപ്പിച്ചു.കേസ് വീണ്ടും ഡിസംബര്‍ എട്ടിന് പരിഗണിക്കും.

Thursday, November 18, 2010

സ്വര്‍ണ വില്‍പനയില്‍ 79 ശതമാനം വളര്‍ച്ച


രാജ്യത്തെ സ്വര്‍ണ വില്‍പനയില്‍ ജനുവരി മുതല്‍ സെപ്‌റ്റംബര്‍വരെയുള്ള 9 മാസം 79 ശതമാനം വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 363 ടണ്ണാണ്‌ വിറ്റതെങ്കില്‍ ഈ വര്‍ഷം ഇത്‌ 650.4 ടണ്ണാണ്‌.
മൂല്യത്തിലുണ്ടായ വര്‍ധന 53196 കോടി രൂപയില്‍ നിന്ന്‌ 113302 കോടിയായി കുതിച്ചുയര്‍ന്നതായി വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സിലിന്റെ അവലോകനത്തില്‍ പറയുന്നു. ലോകത്തു വിറ്റഴിക്കപ്പെടുന്ന സ്വര്‍ണാഭരണങ്ങളുടെ 35 ശതമാനവും ഇന്ത്യയിലാണ്‌.

9 മാസക്കാലത്ത്‌ സ്വര്‍ണ നിക്ഷേപത്തിലുണ്ടായ വളര്‍ച്ച 108 ശതമാനമാണ്‌. 65.8 ടണ്ണില്‍ നിന്ന്‌ 136.9 ടണ്ണായി വര്‍ധിച്ചു. 2001 ജൂലൈ മുതല്‍ 2002 സെപ്‌റ്റംബര്‍ വരെയുള്ള പാദത്തില്‍ സ്വര്‍ണാഭരണ വില്‍പനയില്‍ ആഗോളതലത്തില്‍ ഇന്ത്യയാണ്‌ ഒന്നാംസ്‌ഥാനത്തെന്നു വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സില്‍ വ്യക്‌തമാക്കി.
ഈ മൂന്നു മാസക്കാലത്ത്‌ ആഭരണ വില്‍പന 135.2 ടണ്ണില്‍ നിന്ന്‌ 184.5 ടണ്ണായി ഉയര്‍ന്നു. 36 ശതമാനം വര്‍ധന.
മൂല്യത്തിലുണ്ടായ വളര്‍ച്ച 67 ശതമാനമാണ്‌. രാജ്യത്തെ സ്വര്‍ണനിക്ഷേപത്തില്‍ ഈ കാലയളവില്‍ ഒരു ശതമാനം വളര്‍ച്ചയേ ഉണ്ടായുള്ളൂവെങ്കിലും മൂല്യത്തിലുണ്ടായ വര്‍ധനവ്‌ 30 ശതമാനമാണ്‌.

ചെറുകിട നിക്ഷേപകര്‍ ഇനിയും സ്വര്‍ണവില കയറുമെന്ന പ്രതീക്ഷയില്‍ കൈയിലുള്ളത്‌ വില്‍ക്കാന്‍ കൂട്ടാക്കുന്നില്ല എന്നാണ്‌ ഈ പ്രവണത കാണിക്കുന്നതെന്ന്‌ വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സില്‍ അഭിപ്രായപ്പെടുന്നു.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥ ഈ വര്‍ഷം 9.2 ശതമാനം വളര്‍ച്ച നേടുമെന്നു കണക്കാക്കപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ സ്വര്‍ണ ഡിമാന്‍ഡ്‌ ഇനിയും വര്‍ധിക്കുമെന്നാണ്‌ വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സില്‍ പ്രതീക്ഷിക്കുന്നത്‌.
കഴിഞ്ഞ മൂന്നു വര്‍ഷമായി ശരാശരി 2000 കോടി ഡോളര്‍ രാജ്യത്തു സ്വര്‍ണത്തില്‍ നിക്ഷേപിച്ചുവരുന്നു. ഓഹരിബന്ധിത ഇന്‍ഷുറന്‍സ്‌ പദ്ധതികളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കപ്പെടുന്നതിനേക്കാള്‍ കൂടുതലാണിത്‌.

Monday, November 15, 2010

ജനത്തെ വഞ്ചിച്ച്‌ പോളിസി എടുപ്പിക്കാന്‍പുതുതലമുറ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍

മംഗളം വാര്‍ത്ത 
ജനങ്ങളെ ലോട്ടറി അടിച്ചെന്നും സമ്മാനം നേടിയെന്നും തെറ്റിദ്ധരിപ്പിച്ച്‌ സ്വന്തം ഓഫീസുകളിലേക്ക്‌ വിളിച്ചു വരുത്തി വഞ്ചനയിലൂടെ പ്രീമിയം എടുപ്പിച്ച്‌ പുതുതലമുറ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ തട്ടിപ്പ്‌. ലോകവിവരവും വിദ്യാഭ്യാസവും ഇല്ലാത്തവര്‍ തുടങ്ങി അഭ്യസ്‌തവിദ്യര്‍ വരെ ഇവരുടെ ചതിക്കുഴികളില്‍പെടുകയാണ്‌. സമ്മാനമെന്നു കേള്‍ക്കുമ്പോള്‍ മുന്‍പിന്‍ നോക്കാതെ ചാടിയിറങ്ങുന്നവരില്‍ ഒരു വലിയ ശതമാനത്തെയും പോളിസി എടുപ്പിച്ച്‌ ഇവര്‍ വലയില്‍ കുരുക്കിയിടുകയാണ്‌. നേരിട്ടു ചെന്നാല്‍ നാട്ടുകാര്‍ പോളിസി എടുക്കാന്‍ മടിക്കുമെന്നതിനാലാണ്‌ തെറ്റിദ്ധരിപ്പിച്ച്‌ ഓഫീസിലേക്കു വിളിച്ചു വരുത്തി നിര്‍ബന്ധിച്ച്‌ പോളിസി എടുപ്പിക്കുന്നത്‌. ഇത്തരത്തില്‍ വഞ്ചിതനായ അടൂര്‍ സ്വദേശി വിജയകുമാര്‍ മംഗളം പ്ലസിനോട്‌ പറഞ്ഞത്‌.
നവംബര്‍ 12 വെളളിയാഴ്‌ച
രാവിലെ 11 മണിയോടെ അടൂരില്‍ ബിസിനസ്‌ നടത്തുന്ന വിജയകുമാറിന്റെ മൊബൈലിലേക്ക്‌ ഒരു കാള്‍.
മറുതലയ്‌ക്കല്‍ ഒരു കിളിനാദം
ഗുഡ്‌ മോണിംഗ്‌ സാര്‍, പത്തനംതിട്ടയില്‍ നിന്നാണ്‌ വിളിക്കുന്നത്‌. സാറിന്റെ ബി.എസ്‌.എന്‍.എല്‍ ലാന്‍ഡ്‌ ഫോണ്‍ നമ്പരിന്‌ നറുക്കെടുപ്പിലൂടെ ഒരുസമ്മാനമടിച്ചിട്ടുണ്ട്‌. ഇന്ന്‌ ഉച്ചയ്‌ക്ക് 2 മണിക്ക്‌ പത്തനംതിട്ട അബാന്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന ബജാജ്‌ ക്യാപിറ്റല്‍സിന്റെ ഓഫീസിലെത്തി ഇത്‌ ഏറ്റുവാങ്ങണം. ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ്‌ ലഭിക്കുന്നത്‌. 2000 നമ്പരുകളില്‍ നിന്ന്‌ നറുക്കിട്ടെടുത്ത 3 നമ്പരുകളില്‍ ഒന്നാണ്‌ താങ്കളുടേത്‌. വരുമ്പോള്‍ ഭാര്യയെയും കൊണ്ടുവരണം. രണ്ടുപേരുടെയും ഐ.ഡി പ്രൂഫ്‌ എടുത്തോണം.
കേട്ടപാതി കേള്‍ക്കാത്ത പാതി ഭാര്യയെയും വിളിച്ച്‌ തിരിച്ചറിയല്‍ കാര്‍ഡും രണ്ടു ഫോട്ടോയുമെടുത്ത്‌ പത്തനംതിട്ടയ്‌ക്ക് പുറപ്പെട്ടു. പോകുന്ന വഴിക്ക്‌ വീണ്ടും ഇതേ ഓഫീസില്‍ നിന്ന്‌ വിളി വന്നു കൊണ്ടേയിരുന്നു. ഇടയ്‌ക്ക് വിളിച്ച്‌ ഒരു കോഡ്‌ നമ്പര്‍ നല്‍കി. ഈ കോഡ്‌ പറഞ്ഞെങ്കിലേ അകത്തേക്കു കടത്തി വിടുകയുളളൂവത്രേ. ഒടുവില്‍ പത്തനംതിട്ടയിലെത്തി ഓഫീസ്‌ തപ്പിപ്പിടിച്ചു. റിസപ്‌ഷനില്‍ ഇരിക്കുന്ന പെണ്‍കുട്ടിയോട്‌ കോഡ്‌ നമ്പര്‍ പറഞ്ഞു. ഉടന്‍ തന്നെ പെണ്‍കുട്ടി ഒരു ഫോമെടുത്ത്‌ നീട്ടി പൂരിപ്പിക്കാന്‍ പറഞ്ഞു. വിവരങ്ങള്‍ പറഞ്ഞു തരാം പൂരിപ്പിച്ചോളൂവെന്നായിരുന്നു വിജയകുമാറിന്റെ മറുപടി. ഫോം പൂരിപ്പിച്ചശേഷം തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും രണ്ടു ഫോട്ടോയും വാങ്ങി അതിനൊപ്പം ചേര്‍ത്തു. തുടര്‍ന്ന്‌ അകത്തേക്ക്‌ കടത്തി വിട്ടു. അവിടെ ഒരു യുവതി വീട്ടുകാര്യങ്ങളും മറ്റും ചോദിച്ച്‌ അരമണിക്കൂറോളം കളഞ്ഞു. ഒടുവില്‍ കാര്യത്തിലേക്ക്‌ കടന്നു.
നിങ്ങള്‍ക്ക്‌ സമ്മാനം അടിച്ചിരിക്കുന്നത്‌ ഒരു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ്‌ പോളിസിയാണ്‌. 20000 രൂപ വീതം അഞ്ചു ഗഡുക്കളായി ഇതിന്‌ അടയ്‌ക്കണം. അതായത്‌ അഞ്ചുവര്‍ഷം. അതിന്‌ ശേഷം 20 വര്‍ഷം കഴിയുമ്പോള്‍ പോളിസി മച്വറാകും അപ്പോള്‍ നിങ്ങള്‍ക്ക്‌ വന്‍ തുക ലഭിക്കും. ആദ്യ ഗഡു ഇപ്പോള്‍ തന്നെ അടയ്‌ക്കണം. അതിനുളള ഫോമാണ്‌ ആദ്യം പൂരിപ്പിച്ചത്‌. 20000 രൂപയ്‌ക്കുളള ചെക്ക്‌ ഇപ്പോള്‍ നിങ്ങള്‍ക്കൊപ്പം വന്ന്‌ ഞങ്ങളുടെ ഒരു സ്‌റ്റാഫ്‌ വാങ്ങും. നിശ്‌ചിത തീയതിക്കകം പണം ഇട്ടാല്‍ മതി. ഇട്ടില്ലെങ്കില്‍ ചെക്ക്‌ തിരിച്ച്‌ തരും.
ഇതോടെ വിജയകുമാറിന്‌ സംഗതിയുടെ കിടപ്പ്‌ മനസിലായി. മനുഷ്യനെ വിളിച്ചു വരുത്തി പറ്റിക്കുന്നതിന്റെ ദേഷ്യം അയാള്‍ മറച്ചു വച്ചില്ല. ഏക ജീവനോപാധിയായ കട അടച്ചിട്ടാണ്‌ സമ്മാനമെന്നു കേട്ട്‌ ഇറങ്ങിപ്പുറപ്പെട്ടത്‌. ഒടുവില്‍ ഒന്നും വേണ്ട എന്നു പറഞ്ഞ്‌ ഇറങ്ങിപ്പോരാന്‍ തുടങ്ങിയ ഇവരോട്‌ പ്രൊസസിംഗ്‌ ചാര്‍ജ്‌ നല്‍കണമെന്ന്‌ യുവതി നിര്‍ബന്ധം പിടിച്ചു. ആലോചിച്ചു തീരുമാനിക്കാം എന്നറിയിച്ച്‌ ഇരുവരും ഇറങ്ങിപ്പോന്നു. പിന്നീടാണ്‌ വിജയകുമാറിന്‌ പറ്റിയ അബദ്ധം മനസിലായത്‌. തിരിച്ചറിയല്‍ രേഖയും രണ്ടു ഫോട്ടോയും കമ്പനിക്കാരുടെ കൈയിലാണ്‌. അത്‌ അവര്‍ക്ക്‌ ദുരുപയോഗം ചെയ്യാം. ഉടന്‍ തന്നെ മുമ്പു വിളിച്ച നമ്പരിലേക്ക്‌ തിരിച്ചു വിളിച്ചു. അപ്പോള്‍ മറുപടി നമ്പര്‍ നിലവിലില്ല. പിറ്റേന്ന്‌ വീണ്ടും കമ്പനിക്കാര്‍ വിളിച്ചു. തിരിച്ചറിയല്‍ രേഖയും മറ്റും തിരിച്ചു തരാം. പ്രൊസസിംഗ്‌ ഫീ നല്‍കണം. രോഷാകുലനായ വിജയകുമാര്‍ പൊട്ടിത്തെറിച്ചു. രേഖകള്‍ മടക്കി നല്‍കാത്ത പക്ഷം ഡിവൈ.എസ്‌.പിക്ക്‌ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്‌ ഇദ്ദേഹം.
ഇതു പോലെ നിരവധി പേര്‍ക്ക്‌ പത്തനംതിട്ടയില്‍ അബദ്ധം പിണഞ്ഞിട്ടുണ്ട്‌. തട്ടിപ്പ്‌ മനസിലാക്കി തിരിച്ചു പോരാന്‍ തുടങ്ങുന്നവരെ അല്‍പം ഭീഷണി കലര്‍ന്ന സ്വരത്തിലാണ്‌ കമ്പനിക്കാര്‍ അടക്കി നിര്‍ത്തുന്നത്‌. എന്നിട്ട്‌ പോളിസിയുടെ ആദ്യ ഗഡുവായി 20000 രൂപ പ്രീമിയം വാങ്ങും.


മംഗളം പ്ലസ്‌ നടത്തിയ അന്വേഷണത്തില്‍ അതിങ്ങനെ...

20000
രൂപ നല്‍കി പോളിസി എടുത്താല്‍ അതില്‍ നാല്‍പത്‌ ശതമാനം അതായത്‌ 8000 രൂപ ഏജന്റിന്റെ കമ്മീഷന്‍ പോകും. പിന്നെ ആയിരം രൂപയോളം അലോക്കേഷന്‍ ചാര്‍ജ്‌. ശേഷിക്കുന്ന 11000 രൂപ ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിക്കും. അടുത്ത നാലുവര്‍ഷവും ഇതേ പോലെ കമ്മീഷന്‍ ഈടാക്കും. അലോക്കേഷന്‍ ചാര്‍ജ്‌ മാത്രം വ്യത്യാസമായിരിക്കും. വിപണിയിലെ ഏറ്റക്കുറച്ചില്‍ അനുസരിച്ച്‌ നിക്ഷേപം കൂടുകയോ കുറയുകയോ ചെയ്യാം.
മെഡിക്കല്‍-ഇന്‍ഷ്വറന്‍സ്‌ ബെനിഫിറ്റ്‌ ലഭിക്കുകയും ചെയ്യും. ചുരുക്കത്തില്‍ പോളിസി എടുക്കുന്നതു കൊണ്ട്‌ കുഴപ്പമില്ല. എടുപ്പിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗമാണ്‌ കുഴപ്പം പിടിച്ചത്‌.
എല്‍..സിയിലാണെങ്കില്‍ ഏജന്‍സി കമ്മീഷന്‍ 2-7 ശതമാനം വരെ മാത്രം.


Wednesday, November 3, 2010

Baby born to 10 years old girl, Father aged 13 !!!


A 10-year-old girl from Romania has given birth in southern Spain, officials in the region have said. The girl gave birth to a daughter last week in the city of Jerez de la Frontera, said Andalucia's social affairs minister Micaela Navarro. Officials are deciding whether the mother and her family can keep custody, Ms Navarro said.
The father of the baby is also believed to be a minor, aged 13, who is still in Romania, Spanish media have said.
"What we have to ensure is that both the mother, who in this case is a minor as well, and the baby are absolutely taken care of," said Ms Navarro.
"If they can be well cared for, they can stay with the family," she said.
The baby's grandmother, who is a Roma gypsy, was photographed in Spanish newspapers smiling outside the family's modest block of flats in the town of Lebrija, AFP reports. Her 10-year-old daughter is reported to have moved to Spain from Romania just three weeks ago.
The woman, identified only as Olimpia, was quoted as saying that the mother was "very well, like the daughter, who is very well and very pretty".
According to the Andalucia daily, Diario de Jerez, which first reported the story, the grandmother could not understand the wide level of interest in the case as "this is the age we get married in Romania".
The latest statistics show that 177 girls under the age of 15 gave birth in Spain in 2008.

Tuesday, October 26, 2010

ഏഴ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂടി ഓഹരി ഈ വര്‍ഷം വില്‍ക്കും


കേന്ദ്രസര്‍ക്കാര്‍ നടപ്പുസാമ്പത്തിക വര്‍ഷം ഏഴ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂടി ഓഹരി വിറ്റഴിക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കുക വഴി ഈ വര്‍ഷം 40,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനന കമ്പനിയയായ കോള്‍ ഇന്ത്യയുടെ ഐപിഒ (പ്രഥമ ഓഹരി വില്‍പന) വിജയകരമായി പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ ജനവരിയോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ 10 ശതമാനം ഓഹരി വിറ്റഴിക്കും. നവംബറില്‍ പവര്‍ ഗ്രിഡിന്റെയും മാന്‍ഗനീസ് ഓര്‍ ഇന്ത്യയുടെയും പബ്ലിക് ഇഷ്യു ഉണ്ടാവും. തുടര്‍ന്ന് ഡിസംബര്‍ ആദ്യ വാരം ഷിപ്പിങ് കോര്‍പ്പറേഷന്റെ ഇഷ്യു നടക്കും. ഡിസംബറില്‍ തന്നെ ഹിന്ദുസ്ഥാന്‍ കോപ്പറിന്റേയും ഓഹരി വില്‍പനയുണ്ടാവും.
ജനവരിയില്‍ നടക്കുന്ന ഇന്ത്യന്‍ ഓയിലിന്റെ ഓഹരി വില്‍പനയില്‍ സര്‍ക്കാരിന്റെ 10 ശതമാനം ഓഹരിക്ക് പുറമെ 10 ശതമാനം പുതിയ ഓഹരികളും വില്‍പനയ്ക്കുണ്ടാവും. ഫിബ്രവരിയില്‍ സ്റ്റീല്‍ അതോറിട്ടി (സെയില്‍)യുടെ ഓഹരി വില്‍പന നടക്കും.

ഒഎന്‍ജിസി (എണ്ണ- പ്രകൃതിവാതക കോര്‍പ്പറേഷന്‍) യുടെ ഓഹരി വില്‍പനയും ഈ സാമ്പത്തിക വര്‍ഷം തന്നെ നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഈ വര്‍ഷം സത്‌ലജ് ജല്‍ വിദ്യുത് നിഗമിലെ ഓഹരി വില്‍പനയിലൂടെ 1,062 കോടിയും എന്‍ജിനീയേഴ്‌സ് ഇന്ത്യയുടെ എഫ്പിഒയിലൂടെ 960 കോടി രൂപയും ഇതിനോടകം സമാഹരിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച നടന്ന കോള്‍ ഇന്ത്യയുടെ ഐപിഒയിലൂടെ 15,000 കോടിയാണ് സമാഹരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓയില്‍ ഇന്ത്യ, എന്‍എംഡിസി, ആര്‍ഇസി, എന്‍ടിപിസി എന്നിവയുടെ ഓഹരി വില്‍പനയിലൂടെ സര്‍ക്കാര്‍ 23,553 കോടി രൂപ സമാഹരിച്ചിരുന്നു.

Sunday, October 24, 2010

സ്ത്രീസമത്വം ഇപ്പോഴും അകലെയെന്ന് ഐക്യരാഷ്ട്രസഭ


ജനീവ: പുരുഷനോടൊപ്പം എല്ലാ മേഖലകളിലും സമത്വം കൈവരിക്കണമെന്ന സ്ത്രീകളുടെ ആഗ്രഹം ഇപ്പോഴും ഒരു സ്വപ്നം മാത്രമായി അവശേഷിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തി. '2010 ലെ ലോകവനിതകള്‍' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഐക്യരാഷ്ട്രസഭ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ലോകത്താകമാനമുളള ജനസംഖ്യയില്‍ സ്ത്രീകളേക്കാള്‍ 57 ദശലക്ഷം പുരുഷന്‍മാര്‍ അധികമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം തന്നെ പ്രാഥമിക വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠനത്തിനായി ചേരുന്ന പെണ്‍കുട്ടികളുടെ എണ്ണം 86 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു. 1999 ല്‍ ഇത് 79 ശതമാനം മാത്രമായിരുന്നു. 52 ശതമാനത്തോളം സ്ത്രീകള്‍ ജോലി ചെയ്തു ജീവിക്കുന്നു. ഇക്കാര്യത്തില്‍ പുരുഷന്‍മാരുടെ അനുപാതം 77 ആണ്.
എന്നാല്‍ നിയമ പരിരക്ഷയുണ്ടെങ്കിലും ഒട്ടേറെ സ്ത്രീകള്‍ക്ക് പ്രസവാവധി പോലും ലഭിക്കാതെ ജോലിയില്‍ നിന്ന് പുറത്താകുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും സുപ്രധാന സ്ഥാനങ്ങളില്‍ നിന്നും സ്ത്രീകളെ ഇപ്പോഴും ഒഴിവാക്കി നിര്‍ത്തുന്നതായും ഐക്യരാഷ്ട്രസഭ വിലയിരുത്തി. ലോകത്തെ പ്രധാനപ്പെട്ട അഞ്ഞൂറു കോര്‍പ്പറേഷനുകളില്‍ 13 എണ്ണത്തില്‍ മാത്രമാണ് സ്ത്രീകള്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പദവിയിലുളളത്. പുരുഷന്‍മാരുടേതിനെക്കാള്‍ കൂടുതല്‍ ആയുര്‍നിരക്ക് സ്ത്രീകള്‍ക്കാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീ പുരുഷ സമത്വവുമായി ബന്ധപ്പെട്ട് ബെയ്ജിംഗില്‍ കൂടിയ സമ്മേളനം 15 വര്‍ഷം പിന്നിട്ട വേളയിലാണ് റിപ്പോര്‍ട്ട് പുറത്തു വരുന്നതെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു. അന്ന് സമ്മളനത്തില്‍ പങ്കെടുത്ത 189 രാജ്യങ്ങള്‍ സ്ത്രീ പുരുഷസമത്വത്തിനായി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. ലിംഗഭേദവും സ്ത്രീകള്‍ക്കെതിരെയുളള അതിക്രമവും വര്‍ധിച്ചുവരികയാണെന്ന്  ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ വിവാഹപ്രായം വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തപ്പെടുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ത്രീകളുടെ ശരാശരി വിവാഹ പ്രായം 30 ആയി വര്‍ധിച്ചിരിക്കുന്നു. എന്നാല്‍ അവികസിത ആഫ്രിക്കന്‍ രാജ്യങ്ങളായ മാലി, നിഗര്‍ ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ വിവാഹപ്രായം ഇപ്പോഴും 20 ല്‍ താഴെയാണ്. നിഗറില്‍ കൂടുതല്‍ വിവാഹങ്ങളും 15 വയസിനും താഴെയാണ്. മിക്കവാറും എല്ലാ പ്രദേശങ്ങളിലും 60 വയസിനുമേല്‍ പ്രായമുളളവരില്‍ 50 ശതമാനത്തില്‍ കൂടുതല്‍ സ്ത്രീകളാണ്. തെക്കന്‍ ആഫ്രിക്കയില്‍ ഇത് 59 ശതമാനവും കിഴക്കന്‍ യൂറോപ്പില്‍ 63 ശതമാനവുമാണ് 60 നുമേല്‍ പ്രായമുളള സ്ത്രീകള്‍.
പ്രാഥമിക വിദ്യാഭ്യാസരംഗം മുതല്‍ ഉന്നത വിദ്യാഭ്യാസരംഗം വരെയുളള മേഖലകളില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

കുതിച്ചു കയറുന്ന സിമന്റ്‌ വില: ബില്‍ഡര്‍മാര്‍ പാക്കിസ്ഥാനില്‍നിന്ന് സിമന്റ് ഇറക്കുമതി ചെയ്യുന്നു


ആഭ്യന്തരവിപണിയില്‍ സിമന്റ് വിലയിലുണ്ടായ കുതിച്ചുകയറ്റം മറികടക്കാന്‍ തമിഴ്‌നാട്ടിലെ ഒരു വിഭാഗം ബില്‍ഡര്‍മാര്‍ പാക്കിസ്ഥാനില്‍നിന്ന് സിമന്റ് ഇറക്കുമതി ചെയ്യുന്നു. കൊച്ചി തുറമുഖം വഴിയാണ് ഇറക്കുമതി. ആദ്യഘട്ടമായി 20 ടണ്‍ സിമന്റ് വീതമുള്ള 20 കണ്ടെയ്‌നറുകള്‍ കൊച്ചി തുറമുഖത്തെത്തിക്കഴിഞ്ഞു. ഇവ റോഡുമാര്‍ഗം ചെന്നൈയിലേക്ക് കൊണ്ടുപോകും. 50 കിലോ ചാക്കൊന്നിന് ഇറക്കുമതിച്ചെലവും നികുതിയുമുള്‍പ്പെടെ 190 രൂപയാണ് വിലവരുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ആഭ്യന്തര സിമന്റ് നിര്‍മാതാക്കള്‍ ഈടാക്കുന്ന 300 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏറെ ലാഭകരമാണ്.

ഏറ്റവും കൂടുതല്‍ സ്വകാര്യ സിമന്റ് ഫാക്ടറികളുള്ള തമിഴ്‌നാട് ലോബിയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സിമന്റ് വില നിര്‍ണയിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 30 ശതമാനം വിലവര്‍ധനയാണ് തമിഴ്‌നാട്ടിലുണ്ടായത്. തമിഴ്‌നാട്ടില്‍നിന്ന് വന്‍തോതില്‍ സിമന്റ് ഇറക്കുമതി ചെയ്യുന്ന കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ഇതിന് ആനുപാതികമായ വിലവര്‍ധനയുണ്ടായി. അസംസ്‌കൃത വസ്തുക്കളുടെ വിലയിലോ വേതനത്തിലോ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നിരിക്കേ, തികച്ചും അകാരണമായ വിലവര്‍ധന തമിഴ്‌നാട്ടില്‍ കടുത്ത പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ 22 ലക്ഷം കുടിലുകള്‍ കോണ്‍ക്രീറ്റ് വീടുകളാക്കി മാറ്റാനുള്ള കലൈജ്ഞര്‍ ഭവനപദ്ധതി പ്രഖ്യാപിച്ചതോടെയാണ് കൊള്ളലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സിമന്റ് നിര്‍മാതാക്കള്‍ വില ഉയര്‍ത്തിയത്. തമിഴ്‌നാട് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയില്‍ പ്രതിവര്‍ഷം മൂന്നു ലക്ഷം കോണ്‍ക്രീറ്റ് വീടുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ഉപയോഗിച്ച് ഉപഭോക്താവാണ് വീട് നിര്‍മിക്കേണ്ടത്. വീടുകളുടെ നിര്‍മാണം തുടങ്ങിയതോടെ സിമന്റിനൊപ്പം ഇഷ്ടിക, കമ്പി തുടങ്ങിയവയുടെയും വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ മാസം 3.50 രൂപയുണ്ടായിരുന്ന ഇഷ്ടികക്ക് ഇപ്പോള്‍ ഏഴു രൂപയാണ് വില.

ലക്കും ലഗാനുമില്ലാതെ വിലകൂട്ടിയാല്‍ സിമന്റ് ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി കരുണാനിധി നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു മാസത്തിനിടെ 30 ശതമാനത്തോളം വിലവര്‍ധിപ്പിച്ചിട്ടും തമിഴ്‌നാട് സര്‍ക്കാര്‍ അനങ്ങിയിട്ടില്ല.

Saturday, October 23, 2010

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് യഥാര്‍ഥ വിലയുടെ അഞ്ചുമടങ്ങിന്


പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ യഥാര്‍ഥ വിലയേക്കാളും എത്രയോ അധികമാണ് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം തന്നെ സമ്മതിക്കുന്നു. എണ്ണ ശുദ്ധീകരണത്തില്‍ ഏര്‍പ്പെട്ട പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിക്ക് ഒരു വീപ്പ എണ്ണ ശുദ്ധീകരിക്കാനുള്ള മൊത്തം ചെലവ് (അസംസ്കൃത എണ്ണ വാങ്ങുന്നതിനുള്ള വില ഉള്‍പ്പെടെ) 35.94 ഡോളറാണ്. അതായത് ഒരു ലിറ്റര്‍ പെട്രോള്‍ ഉല്‍പാദിപ്പിക്കാനുള്ള ചെലവ് പത്തു രൂപയോളം മാത്രം. കമ്പോളത്തില്‍ വില്‍ക്കുന്നതാകട്ടെ 55.50 രൂപയ്ക്ക്. ഒരു വീപ്പ എണ്ണ ശുദ്ധീകരിക്കാനുള്ള ചെലവ് 2005-06 ല്‍ 24.11 ഡോളറായിരുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ 10 ഡോളറിന്റെ മാത്രം വര്‍ധനയാണ് ഉണ്ടായതെന്ന് രാജ്യസഭയിലെ സിപിഐ എം അംഗം കെ എന്‍ ബാലഗോപാലിനു നല്‍കിയ മറുപടിയില്‍ എണ്ണ പ്രകൃതിവാതക മന്ത്രി മുരളിദേവ്റ അറിയിച്ചിരുന്നു.


പൊതുമേഖലാ എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണെന്നും അതു പരിഹരിക്കാനാണ് പെട്രോളിയം വില നിയന്ത്രണം ഒഴിവാക്കിയതെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദവും തെറ്റാണെന്ന് എണ്ണ പ്രകൃതി വാതക മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷവും ഒഎന്‍ജിസി ലാഭം വര്‍ധിപ്പിക്കുകയായിരുന്നു. 2005-06ല്‍ 14,431 കോടി രൂപയായിരുന്ന ലാഭം 2009-10ല്‍ 16,768 കോടി രൂപയായി ഉയര്‍ന്നു. അഞ്ചു വര്‍ഷവും തുടര്‍ച്ചയായ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 


Friday, October 22, 2010

കോടതിയിലെത്തിയപ്പോള്‍ വക്കീലില്ല; അഞ്ചുദമ്പതിമാര്‍ ഒന്നിച്ചു

തിരുവനന്തപുരം: കുടുംബകോടതിയില്‍ അഞ്ചു കുടുംബങ്ങള്‍ അഭിഭാഷകരുടെ അസാന്നിധ്യം കൊണ്ടുമാത്രം ഒന്നിക്കാന്‍ തീരുമാനിച്ചു. രണ്ടു ദിവസങ്ങളായി തുടരുന്ന കോടതി ബഹിഷ്‌കരണം കാരണം അഭിഭാഷകര്‍ കുടുംബകോടതിയില്‍ കയറാതെ വിട്ടുനിന്ന സമയത്താണ് ദമ്പതിമാര്‍ ഒന്നിച്ചത്.

ബുധനാഴ്ച നാലുദമ്പതിമാരും വ്യാഴാഴ്ച ഒരു കുടുംബവും തര്‍ക്കങ്ങള്‍ മറന്ന് ഒന്നാകാന്‍ തീരുമാനിച്ചു. വഞ്ചിയൂര്‍ കോടതിവളപ്പിലെ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് അഭിഭാഷകര്‍ ജില്ലയിലെ കോടതികള്‍ ബഹിഷ്‌കരിച്ചത്.

ദമ്പതിമാര്‍ക്കു വേണ്ടി അഭിഭാഷകര്‍ കോടതിയിലെത്തിയില്ല. ഈ അവസരം അഞ്ചു ദമ്പതിമാര്‍ക്കും അനുഗ്രഹമായി. പരസ്​പരം കാര്യങ്ങള്‍ തുറന്ന് സംസാരിച്ചു. കുടുംബകോടതി ജഡ്ജി ഇ.എം.മുഹമ്മദ് ഇബ്രാഹിമിന്റെ മധ്യസ്ഥതയില്‍ ദമ്പതിമാര്‍ ഒന്നിക്കാന്‍ തീരുമാനിച്ചു. വര്‍ഷങ്ങളായി കോടതി കയറി യിറങ്ങിയവരാണ് പിണക്കം മറന്ന് ഒന്നിച്ചത്.

അഭിഭാഷകരെയും മാധ്യമ പ്രവര്‍ത്തകരെയും മര്‍ദിച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ജില്ലയിലെ മുഴുവന്‍ കോടതികളും അഭിഭാഷകര്‍ ബഹിഷ്‌കരിച്ചു. ലാത്തിച്ചാര്‍ജിന് നേതൃത്വം നല്‍കിയ ഡി.സി.പി. നാഗരാജുവിനെയും, ഒരു അഭിഭാഷകനെ കള്ളക്കേസ്സില്‍ കുടുക്കിയ മാറനല്ലൂര്‍ എസ്.ഐ.യെയും സസ്‌പെന്‍ഡ് ചെയ്യണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. കോടതി ബഹിഷ്‌കരണം പൂര്‍ണമായിരുന്നു.

അഭിഭാഷകര്‍ കേസ്സില്‍ ഹാജരാകാത്തതിനാല്‍ അഞ്ചു സിവില്‍ ഹര്‍ജികള്‍ മുന്‍സിഫ് എസ്.സുധീപ് തള്ളി. കക്ഷിക്കുവേണ്ടി അഭിഭാഷകര്‍ ഹാജരാകാത്തതിനാല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എഫ്. അഷിദ, ഇരുപതോളം കേസ്സിലെ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.

Thursday, October 14, 2010

മുസ്‌ലിപവര്‍ എക്‌സ്ട്രയില്‍ മായം കണ്ടെത്തി


പാര്‍ശ്വഫലങ്ങളുള്ള ഇംഗ്ലീഷ് മരുന്ന് ചേര്‍ത്തതായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 'മുസ്‌ലിപവര്‍ എക്‌സ്ട്ര'യുടെ വിവിധ ബാച്ചുകളില്‍പെട്ട ഗുളികകള്‍ ശേഖരിച്ച് സര്‍ക്കാര്‍ ലബോറട്ടറിയില്‍ പരിശോധിക്കാന്‍ നടപടി തുടങ്ങി.

നൂറു ശതമാനം പച്ചമരുന്നെന്ന് അവകാശപ്പെടുന്ന മുസ്‌ലിപവര്‍ എക്‌സ്ട്ര ഗുളികയില്‍ ലൈംഗിക ഉത്തേജകത്തിനുള്ള അലോപ്പതി മരുന്നായ 32 മില്ലിഗ്രാം തഡാലാഫില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ദല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മക്കോളജിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച് (ഡിപ്‌സാര്‍ ) ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ട്.

ഡിപ്‌സാര്‍ ലാബില്‍ പരിശോധിച്ച എം.പി/058/09 ബാച്ചിലെ ഗുളികകള്‍ ശേഖരിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പുതിയ ബാച്ചില്‍പെട്ട ഗുളികകളും വിശദപരിശോധനക്ക് വിധേയമാക്കും. പരിശോധനയില്‍ മായം വ്യക്തമായാല്‍ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കം നടപടി സ്വീകരിക്കാനാണ് തീരുമാനം.

സഫേദ് മുസ്‌ലി, കപികച്ചു, അശ്വഗന്ധ, മുരിങ്ങ, ധാത്രി, ട്രിബുലസ്, വയല്‍ചുള്ളി, ജാതിപത്രി, ശിലാജിത് എന്നീ ഒമ്പതു പച്ചമരുന്നുകളില്‍നിന്ന് തയാറാക്കുന്നതാണ് മുസ്‌ലിപവര്‍ എക്‌സ്ട്ര എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. 30 ഗുളികകളടങ്ങുന്ന പാക്കിന് ആയിരം രൂപയോളം വിലയുണ്ട്. കേരളത്തില്‍ മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് ഗുളിക ഏറ്റവുമധികം വിറ്റുപോകുന്നത്. 
പൂര്‍ണ ആരോഗ്യവാനായ പുരുഷന് പരമാവധി ഉപയോഗിക്കാവുന്ന തഡാലാഫിന്റെ അളവ് 20 മി.ഗ്രാം മാത്രമാണെന്നിരിക്കെ മുസ്‌ലിപവര്‍ എക്‌സ്ട്ര ഗുളികയില്‍ 32 മി.ഗ്രാം തഡാലാഫില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ലബോറട്ടറി റിപ്പോര്‍ട്ട്. ഇതിന്റെ അമിത ഉപയോഗം വെളിച്ചത്തോട് അലര്‍ജി (ഫോട്ടോഫോബിയ), ക്രമേണ ബോധം നശിച്ച് മരണത്തിലേക്ക് നയിക്കുന്ന രക്തസമ്മര്‍ദക്കുറവ് തുടങ്ങി വിവിധ മാരകരോഗങ്ങള്‍ക്ക് കാരണമാകുമെന്നും ഡിപ്‌സാര്‍ കണ്ടെത്തിയിരുന്നു.

അതേസമയം, ദല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മക്കോളജിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച് ലബോറട്ടറി പരിശോധയില്‍ മുസ്‌ലി പവറിനെ കൂടാതെ നാല് ആയുര്‍വേദ മരുന്നുകളില്‍ കൂടി അലോപതി ഉത്തേജക മരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പട്‌നയിലെ കമ്പനി പുറത്തിറക്കുന്ന സൂപ്പര്‍ സോണിക്, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ടൈറ്റാനിക് കെ-2,സിക്കന്തര്‍ അസം ലുധിയാനയില്‍ നിന്നുള്ള 2 മച്ച് ഗോള്‍ഡ് എന്നി ബ്രാന്‍ഡുകളിലാണ് തഡാലാഫിന്റെ അംശം കൂടിയതോതില്‍ കണ്ടെത്തിയത്. 
വില്‍പന ബില്‍ അടക്കമുള്ള രേഖകള്‍ സഹിതം ദല്‍ഹിയിലെ വിവിധ മരുന്ന് കടകളില്‍ നിന്നാണ് പരിശോധക്കുള്ള സാമ്പിള്‍ ശേഖരിച്ചത്‌.

Monday, October 4, 2010

“ഒരു പാതിരിക്കും എന്നെ തകര്‍ക്കാനാകില്ല!”

സഭയ്ക്കോ പാതിരിക്കോ മെത്രാനോ തന്റെ നീതിബോധത്തെ തകര്‍ക്കാന്‍ ആകില്ലെന്നും നീതിക്ക് വേണ്ടിയുള്ള തന്റെ പോരാട്ടം മരണം വരെ തുടരുമെന്നും അഡ്വക്കേറ്റ് സിസ്റ്റര്‍ ടീന. കലക്ടറുടെ നിര്‍ദേശ പ്രകാരം 29/09/2010 - നു അറസ്റ്റ്‌ ചെയ്ത്‌ ആലുവ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോഴാണ് സിസ്റ്റര്‍ ടീന ഇങ്ങിനെ പ്രതികരിച്ചത്. സിഎംസി സഭയിലെ പീഡനങ്ങള്‍ക്കെതിരെ നായരമ്പലം ദയഭവന്‍ മഠത്തിലെ അന്തേവാസിയും അഭിഭാഷകയുമായ സിസ്റ്റര്‍ ടീന സിഎംസി ആസ്ഥാനത്ത്‌ ആരംഭിച്ച അനിശ്ചിതകാല നിരാഹാരം തുടര്‍ന്ന് വരികയായിരുന്നു.

സഭയുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സിസ്റ്റര്‍ ടീന നടത്തുന്ന നിരാഹാരം ചൊവ്വാഴ്ച ഒമ്പത് ദിവസം പിന്നിട്ടു. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് സിസ്റ്റര്‍ ടീനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കളക്‌ടര്‍ നിര്‍‌ദേശിച്ചത്. ഞാറയ്ക്കല്‍ ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റിലെ കന്യാസ്ത്രീകളും ഇടവകപള്ളിയും തമ്മിലെ തര്‍ക്കത്തില്‍ ഇടപെട്ട്‌ കന്യാസ്ത്രീകള്‍ക്ക്‌ അനുകൂലമായി ടീന നിന്നതാണ്‌ സഭയെ പ്രകോപിപ്പിച്ചത്‌. സഭ തുടര്‍ന്ന് സിസ്റ്ററെ പുറത്താക്കുകയായിരുന്നു.

“35
വര്‍ഷമായി ക്രിസ്തുവിന്റെ മണവാട്ടിയായി തുടരുന്ന തന്നെ പോലുള്ളവരോട്‌ സഭാനേതൃത്വം ചമയുന്നവര്‍ കാണിക്കുന്നത്‌ കടുത്ത വിവേചനമാണ്. ഏറെ പണിപ്പെട്ടാണ്‌ താന്‍ ഈ സഭാ വസ്ത്രമണിഞ്ഞത്‌. അത് ഊരിക്കളയാന്‍ ഞാന്‍ ഒരുക്കമല്ല.”

എറണാകുളത്തെ റാണിമാതാ കോണ്‍വെന്റിലെ കന്യാസ്ത്രീയായിരുന്നു താന്‍. സഭയും ഞാറയ്ക്കല്‍ കോണ്‍വെന്റും തമ്മിലുണ്ടായ തര്‍ക്കത്തില്‍ കന്യാസ്ത്രീകള്‍ക്കു വേണ്ടി രംഗത്തിറങ്ങിയതോടെയാണ്‌ താന്‍ സഭാനേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയത്‌. എന്നെ സഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.”

ഇതിനെതിരെ ഞാന്‍ കോടതിയെ സമീപിച്ച് അനുക്കൂല വിധി നേടി. എന്റെ സംരക്ഷണാവകാശവും സഭാ ഐഡന്റിറ്റിയും വോട്ടിങ്‌ അവകാശവുമെല്ലാം തിരിച്ചു നല്‍കണമെന്നായിരുന്നു കോടതിവിധി. ഈ വിധിക്കുശേഷം നായരമ്പലം കോണ്‍വെന്റില്‍ താമസിച്ചു. കോടതി പറഞ്ഞ ഒരു നിയമാവകാശവും സഭാ നേതൃത്വം എനിക്ക് നല്‍‌കിയില്ല. തുടര്‍ന്നാണ് ഞാന്‍ അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചത്‌. സമരം തകര്‍ക്കാനാണ്‌ അധികൃതര്‍ ശ്രമിച്ചത്‌.”

എല്ലാ വാതിലുകളും മദര്‍സുപ്പീരിയര്‍ ബലമായി അടച്ചുപൂട്ടിയിട്ടു. എന്നെ കോണ്‍വെന്റിലെ പാര്‍ലറിനകത്തിട്ട്‌ പൂട്ടിയിടുകയും ചെയ്തു. സമര വിവരമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരടക്കം ഒരാളെയും കടത്തിവിട്ടില്ല. കോണ്‍വെന്റിലെ പട്ടികളെയും സെക്യൂരിറ്റി ഗാര്‍ഡുകളെയും നിറച്ചു. ഗേറ്റുകള്‍ മുഴുവന്‍ അടച്ചു.”

സമാധാന പരമായി സമരം നയിച്ചിരുന്ന തന്നെ ബലം പ്രയോഗിച്ചാണ്‌ പോലിസ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌. എന്നാല്‍ ആശുപത്രി കിടക്കയിലും സമരം തുടരുമെന്ന്‌ സിസ്റ്റര്‍ ടീന പറഞ്ഞു. ആശുപത്രിക്കിടക്കയില്‍ അവശനിലയില്‍ കിടക്കുന്ന സിസ്റ്റര്‍ സീനയെ കാണാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും അനേകം പേര്‍ വരുന്നുണ്ട്.

സഭയുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ സഭാവസ്ത്രം ഉപേക്ഷിക്കേണ്ടിവന്ന, തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജിലെ മുന്‍ പ്രിന്‍‌സിപ്പല്‍ സിസ്റ്റര്‍ ജെസ്മിക്ക് പിന്നാലെ സിസ്റ്റര്‍ ടീനയും വാര്‍ത്തകളില്‍ ഇടം പിടിക്കുമ്പോള്‍ സഭ വീണ്ടും വിവാദച്ചുഴികളിലേക്ക് കൂപ്പുകുത്തുകയാണ്.

Sunday, October 3, 2010

സിഫിലിസ് പരത്തിയതിന് യുഎസ് മാപ്പുപറഞ്ഞു


പരീക്ഷണങ്ങള്‍ക്ക് വേണ്ടി ഗ്വാട്ടിമാലയിലെ എഴുനൂറോളം പേര്‍ക്ക് മന:പൂര്‍വം സിഫിലിസ് രോഗം പരത്തിയതിന് 64 വര്‍ഷങ്ങള്‍ക്ക് ശേഷം യുഎസ് മാപ്പ് പറഞ്ഞു. സംഭവത്തില്‍, വെള്ളിയാഴ്ച യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റന്‍ ഗ്വാട്ടിമാല പ്രസിഡന്റ് അല്‍‌വാരൊ കോളമിനെ ടെലഫോണിലൂടെ ഖേദമറിയിക്കുകയായിരുന്നു.

പെന്‍സിലിന്റെ ശക്തി ബോധ്യമാവാന്‍ വേണ്ടി നടത്തിയ പരീക്ഷണത്തിന്റെ ഭാഗമായായിരുന്നു ഗ്വാട്ടിമലയിലെ തടവുകാരിലും മാനസിക രോഗികളിലും പട്ടാളക്കാരിലും മറ്റും സിഫിലിസ് അണുക്കള്‍ പരത്തിയത്. രോഗം ബാധിച്ച അഭിസാരികകളെ ഉപയോഗിച്ചും തടവുകാരുടെ ലൈംഗികാവയവത്തില്‍ പോറല്‍ സൃഷ്ടിച്ചും ചിലപ്പോള്‍ കുത്തിവച്ചുമാണ് യുഎസ് മെഡിക്കല്‍ സംഘം രോഗാണുക്കളെ പടര്‍ത്തിയിരുന്നത്.
വെല്ലസ്ലി കോളജിലെ പ്രഫസര്‍ സൂസന്‍ എം റിവര്‍ബെ നടത്തിയ ഗവേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറം‌ലോകമറിഞ്ഞത്. രോഗാണുക്കള്‍ പകര്‍ന്ന് നല്‍കിയ രോഗം പിടിപെട്ടവരെയെല്ലാം യുഎസ് വൈദ്യസംഘം പരിചരിച്ച് രോഗ വിമുക്തരാക്കിയതായി തെളിവില്ല എന്നും പ്രഫസര്‍ പറയുന്നു.

സംഭവത്തെ വൈദ്യശാസ്ത്ര രംഗത്തെ കറുത്ത അധ്യായമാണ് ഗ്വാട്ടിമാല പ്രസിഡന്റ് വിശേഷിപ്പിച്ചത്. തുടര്‍ അന്വേഷണത്തിന് യുഎസിനൊപ്പം സഹകരിക്കുകയും അതിനൊപ്പം സ്വതന്ത്ര അന്വേഷണം നടത്തുമെന്നും അല്‍‌വാരൊകോളം പറഞ്ഞു.

രാസായുധങ്ങളും ആണവായുധങ്ങളും ജൈവായുധങ്ങളും ഉപയോഗിച്ച് ഈ ലോകത്തെ കീഴടക്കാന്‍ നോക്കുന്ന അമേരിക്കയുടെ മറ്റൊരു ക്രൂരകൃത്യം കൂടി പുറത്തു വരുന്നൂ. ഇറാക്കിലും അഫ്ഘാനിലും നടത്തുന്ന മനുഷ്യാവകാശ ലംഘനം ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഈ സാമ്രാജ്യത്വ ഭീകരനെതിരെ ഒരു ബദല്‍ ശക്തി താമസിയാതെ ഉയരുമെന്ന് പ്രതീക്ഷിക്കാം

Friday, September 17, 2010

ചില ക്യൂബാ വാര്‍ത്തകള്‍....

അടുത്ത 180 ദിവസത്തിനുള്ളില്‍ പൊതുമേഖലയിലുള്ള 60 ലക്ഷം പേര്‍ക്കു തൊഴില്‍ നഷ്ടപ്പെടുമെന്ന് സര്‍ക്കാര്‍ നിയന്ത്രിത തൊഴിലാളിസംഘടന മുന്നറിയിപ്പു നല്കിയിരിക്കുന്നത്.---kasaragodvartha.com
പത്തുലക്ഷം പൊതുമേഖലാ ജീവനക്കാരെ പിരിച്ചുവിടാന്‍ ക്യൂബ തീരുമാനിച്ചു. ---www.varthalokam.com
ഇന്നലത്തെ മാതൃഭൂമിയിലും 10
ലക്ഷം ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം എഴുതിക്കണ്ടു. 
ഡെയിലി ടെലെഗ്രഫ് റിപ്പോര്‍ട്ട് പ്രകാരം 5 ലക്ഷം ജീവനക്കാരെ പിരിച്ചുവിടും.

വാര്‍ത്തകളിലെ വ്യ്രുധ്യം ശ്രദ്ധിക്കുക. ക്യൂബ എന്ന കൊച്ചു രാജ്യത്തെ ഉപരോധത്താല്‍ അമേരിക്ക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി പിഴിഞ്ഞപ്പോള്‍ ഇവരൊക്കെ എവിടെ ആയിരുന്നു??? എപ്പോള്‍ എവിടെന്നോ കിട്ടിയ ചില 'നമ്പരുകള്‍' പുറത്തെടുക്കുന്നു.

Wednesday, September 15, 2010

നീണ്ട 18 വര്‍ഷങ്ങള്‍ക്കു ശേഷം "ജാലക"ത്തില്‍ എഴുതുകയാണ്... അന്ന് കോളേജിലെ വാള്‍ മാഗസിനിലായിരുന്നെങ്കില്‍ ഇന്നു ബ്ലോഗിലായി എന്നുമാത്രം... ആശയങ്ങളുടെ തീവ്രതയും മൂര്‍ച്ചയും പഴയതുപോലെ ഉണ്ടാകുമെന്ന്  കരുതുന്നു... എന്നില്‍ തീവ്രവികാരമുനര്‍ത്തുന്നസംഭവങ്ങളെ കുറിച്ചുള്ള  പ്രതികരണമാണിവിടെ ഉദ്ദേശിക്കുന്നത്.