(മാധ്യമം പത്രത്തില്‍ വന്ന മുഖപ്രസംഗം)
അയിത്തത്തിനും ജാതീയതക്കുമെതിരെ ആയുഷ്‌ക്കാലം മുഴുവന്‍ പൊരുതിയ മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവായി പൂജിക്കുന്ന ഇന്ത്യാ രാജ്യത്ത്, ജാതീയതക്കെതിരായ സമരം ജീവിതദൗത്യമായെടുത്ത ശ്രീനാരായണ ഗുരുവിന്റെ സ്വന്തം നാട്ടില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകം പിന്നിട്ടപ്പോഴും ലജ്ജാകരമായ അയിത്തം നിലനില്‍ക്കുന്നുവെന്നാണ് തലസ്ഥാന നഗരിയില്‍നിന്നുള്ള വാര്‍ത്ത. അഞ്ചു വര്‍ഷത്തെ സേവനത്തിനുശേഷം മാര്‍ച്ച് 31ന് വിരമിച്ച രജിസ്‌ട്രേഷന്‍ ഐ.ജി പട്ടികജാതിക്കാരനായ എ.കെ. രാമകൃഷ്ണന്‍, അതേവരെ ഉപയോഗിച്ച കസേരയും ഓഫിസ് മുറിയും കാറും പിറ്റേ ദിവസം ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചു എന്ന് അദ്ദേഹം സംസ്ഥാന മനുഷ്യാവകാശ കമീഷനും ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും തിരുവനന്തപുരം പൊലീസ് കമീഷണര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് രാമകൃഷ്ണന്റെ പരാതി ഇതേവരെ ലഭിച്ചിട്ടില്ലെന്നാണ് പറയുന്നതെങ്കിലും മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എന്‍. ദിനകര്‍ തനിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ നികുതി സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നു. നേതാക്കളുടെ നാക്കുപിഴക്കുപോലും വമ്പിച്ച വാര്‍ത്താപ്രാധാന്യം നല്‍കി നിരന്തരം ചര്‍ച്ചാവിഷയമാക്കുന്ന മലയാള മാധ്യമങ്ങള്‍ അത്യന്തം ഗുരുതരമായ ഈ സംഭവം പൊതുവെ അവഗണിക്കുന്നതിലും ദുരൂഹതയുണ്ട്. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരമൊരു സംഭവം നടന്നിട്ടേ ഇല്ല എന്ന് വരുത്താനും ബന്ധപ്പെട്ട ഓഫിസും മറ്റു ചിലരും ശ്രമിക്കുന്നതായും വിവരമുണ്ട്. സംഭവം വാര്‍ത്തയാവുമെന്ന് കണ്ടപ്പോള്‍, രാമകൃഷ്ണന്‍േറതല്ലാത്ത മറ്റു ചില കസേരകളിലും പിറ്റേന്ന് ചാണകവെള്ളം കോരിയൊഴിച്ച് പുകമറ സൃഷ്ടിക്കാനും ശ്രമമുണ്ടായിരുന്നു.അയിത്തവും ജാതി വിളിച്ച് ആക്ഷേപിക്കലും ദലിതരെ പീഡിപ്പിക്കലും രാജ്യത്തെ ശിക്ഷാനിയമപ്രകാരം ഗുരുതരമായ തെറ്റാണ്. ഭരണഘടനപ്രകാരം ജനാധിപത്യവും മതേതരത്വവും മാനവിക സമത്വവും പുലരേണ്ട രാജ്യമാണ് ഇന്ത്യ. പക്ഷേ, സ്വാതന്ത്ര്യത്തിന്റെ ആറ് പതിറ്റാണ്ടുകള്‍ക്കുശേഷവും ഇന്ത്യന്‍മനസ്സുകളില്‍നിന്ന് സവര്‍ണ ആഢ്യത്വമോ അസ്‌പൃശ്യതയോ ജാതിഭ്രാന്തോ ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ലെന്നത് പച്ചപരമാര്‍ഥമാണ്. തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന വംശീയ വിവേചനത്തിന്റെ പേരില്‍ മീനാക്ഷിപുരം എന്ന ഗ്രാമം ഒന്നടങ്കം ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത് റഹ്മത്ത് നഗര്‍ എന്ന് ഗ്രാമത്തിന് പുനര്‍നാമകരണം ചെയ്ത സംഭവം രാജ്യത്താകെ ഒച്ചപ്പാടായത് വര്‍ഷങ്ങള്‍ക്കുമുമ്പാണ്. വന്‍തോതില്‍ അറബിപ്പണം ഉപയോഗിച്ച് താഴ്ന്ന ജാതിക്കാരെ മതപരിവര്‍ത്തനം ചെയ്യിക്കാനുള്ള ആസൂത്രിത നീക്കമായാണ് സവര്‍ണ ലോബിയും സംഘ്പരിവാറും അന്നതിനെ ചിത്രീകരിച്ചത്. വിശ്വഹിന്ദുപരിഷത്ത് കോടികള്‍ ചെലവിട്ട് അവരെ ഹിന്ദുമതത്തിലേക്കുതന്നെ തിരിച്ചുകൊണ്ടുവരാനും നടത്തിയ ശ്രമം വിഫലമായതുതന്നെ, പണമല്ല മനുഷ്യത്വരഹിതമായ വംശീയ വിവേചനമാണ് സമത്വവും മാനവികതയും ഉദ്‌ഘോഷിക്കുന്നതെന്ന് അവര്‍ക്ക് ബോധ്യപ്പെട്ട മതത്തെ പുല്‍കുവാന്‍ പ്രേരണയായത് എന്ന് വ്യക്തമാക്കിയിരുന്നു. പ്രബുദ്ധ കേരളത്തില്‍തന്നെ പാലക്കാട് ജില്ലയില്‍ തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ ഗോവിന്ദപുരത്ത് നൂറോളം വരുന്ന ചക്‌ലിയ സമുദായം കടുത്ത അയിത്തവും ജാതീയ വിവേചനവും നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തുന്നല്‍ക്കടകളിലും ബാര്‍ബര്‍ ഷോപ്പുകളിലും പൊതുചടങ്ങുകളിലും പ്രവേശമില്ലാത്ത, ആട്ടും തുപ്പും ഏറ്റുകഴിയുന്ന ഒരു സമൂഹം അനുഭവിക്കേണ്ടിവരുന്ന മാനസികപീഡനം എന്തുമാത്രം ക്രൂരമല്ല! കാസര്‍കോട് ജില്ലയിലെ കര്‍ണാടക സംസ്ഥാനത്തോടടുത്ത പല ഗ്രാമങ്ങളിലും ദലിതുകള്‍ക്ക് ചിരട്ടയിലാണ് ചായകൊടുക്കുന്നതെന്ന വാര്‍ത്തയും കേരളത്തെ ഞെട്ടിച്ചതാണ്.
ഇപ്പോഴത്തെ സംഭവം പക്ഷേ, അയിത്തത്തിന്റെയും ജാതിമനോഭാവത്തിന്റെയും മുന്‍ റെക്കോഡുകള്‍ ഭേദിക്കുന്നതാണ്. വിദ്യാഭ്യാസവും സംസ്‌കാരവുമാണ് മനുഷ്യമാന്യതക്കും മഹത്വത്തിനുമുള്ള മാനദണ്ഡമെങ്കില്‍ അതെല്ലാമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു രജിസ്‌ട്രേഷന്‍ ഐ.ജി രാമകൃഷ്ണന്‍. അദ്ദേഹം പ്രതികൂല സാമൂഹിക സാഹചര്യങ്ങളെ കഠിനാധ്വാനത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും മറികടന്നാണ് ആ പദവിയിലെത്തിയതെന്ന് വ്യക്തം. അത്തരക്കാരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നില്ലെങ്കില്‍ പോകട്ടെ, മനുഷ്യനായി അംഗീകരിക്കാന്‍പോലും സന്നദ്ധരല്ലാത്തവര്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഈ ഉത്തരാധുനിക കാലത്തും വിളയാടുന്നുണ്ടെങ്കില്‍ അവരുടെ തലയിലാണ് ചാണകവെള്ളം ഒഴിക്കേണ്ടത്. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നല്‍കിയേ മതിയാവൂ. ജോലിയില്‍നിന്ന് വിരമിച്ച ദിവസംതന്നെ പടക്കം പൊട്ടിച്ചിരുന്നുവത്രെ. അതൊരുവേള ഉദ്യോഗസ്ഥ കുശുമ്പിന്റെയും പകപോക്കലിന്റെയും അനന്തരഫലമാണെന്നുവെച്ചാലും പിറ്റേ ദിവസത്തെ ചാണകംതളി തീര്‍ത്തും മറ്റൊരു മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഒരു വ്യക്തിയോടുള്ള അവഹേളനമെന്നതിനേക്കാള്‍ ഒരു സമുദായത്തോടുള്ള പുച്ഛവും അഹന്തയുടെ പരമകാഷ്ഠയുമാണത് സൂചിപ്പിക്കുന്നത്. സവര്‍ണ തമ്പുരാക്കന്മാരാണ് സംഭവത്തിന്റെ പിന്നില്‍ എന്നതുകൊണ്ട് സകല സ്വാധീനവും ഉപയോഗിച്ച് അത് തേച്ചുമാച്ചുകളയാനും ഒടുവില്‍ പരാതിക്കാരനെ പ്രതിയാക്കാനും ശ്രമമുണ്ടാവും എന്ന് തീര്‍ച്ച. സര്‍ക്കാറും മനുഷ്യാവകാശ കമീഷനും പൂര്‍ണ ജാഗ്രത പുലര്‍ത്തേണ്ടത് അതിനാല്‍ നിര്‍ബന്ധമായിത്തീരുന്നു. ഭ്രാന്താലയമെന്ന് കേരളത്തെ വിശേഷിപ്പിക്കാന്‍ സ്വാമി വിവേകാനന്ദനെ പ്രേരിപ്പിച്ചത് ജാതീയതയുടെ നഗ്‌നമായ പ്രദര്‍ശനമാണെങ്കില്‍ ആ തമോയുഗത്തിലേക്ക് തിരിച്ചുപോവാനാണോ ഇന്നും ചിലര്‍ ആഗ്രഹിക്കുന്നതെന്ന് അറിയേണ്ടതുണ്ട്.
No comments:
Post a Comment