Showing posts with label Osama Bin Laden. Show all posts
Showing posts with label Osama Bin Laden. Show all posts

Friday, May 6, 2011

ലാദനെ കൊല്ലാന്‍ കോപ്‌ടറുകള്‍ പറന്നപ്പോള്‍ അതര്‍ കുറിച്ചു: എന്തൊരു ശല്യം!

അബോട്ടാബാദില്‍ പാതിരാത്രി കഴിഞ്ഞു തലയ്‌ക്കു മീതെ ഹെലികോപ്‌ടറുകള്‍ പറന്നപ്പോള്‍ 'ട്വിറ്ററി'ല്‍ സൊഹെയ്‌ബ് അതര്‍ കുറിച്ചിട്ടു: ഇതൊന്നു പോയിക്കിട്ടിയിരുന്നെങ്കില്‍.

രാത്രി കുത്തിയിരുന്നു 'ഹെലികോപ്‌ടര്‍ വിശേഷങ്ങള്‍' ഇന്റര്‍നെറ്റില്‍ കൂട്ടുകാരുമായി പങ്കുവെയ്‌ക്കുമ്പോള്‍ ഈ കമ്പ്യൂട്ടര്‍ കണ്‍സള്‍ട്ടന്റ്‌ അറിഞ്ഞില്ല, ഒസാമ ബിന്‍ ലാദനെ വധിക്കാനുള്ള അമേരിക്കന്‍ സൈനികനീക്കമാണു താന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതെന്ന്‌. അടുത്ത ദിവസം സൊഹെയ്‌ല്‍ വി.വി.ഐ.പിയായി. നൂറ്റാണ്ടിലെതന്നെ ഏറ്റവും വലിയ സംഭവങ്ങളിലൊന്ന്‌ ആദ്യം ലോകത്തെ അറിയിച്ച വ്യക്‌തിയായി ഈ യുവാവ്‌ ചരിത്രത്തില്‍ ഇടംനേടി. സൈനികനീക്കം ലോകത്തെ അറിയിച്ച അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയ്‌ക്കുപോലും കിട്ടാത്ത ബഹുമതി.

സെക്കന്‍ഡില്‍ നൂറുകണക്കിനു സന്ദേശങ്ങളാണ്‌ സൊഹെയ്‌ബിന്റെ റിയലിവിര്‍ച്വല്‍ എന്ന ട്വിറ്റര്‍സൈറ്റിലേക്ക്‌ ഇപ്പോള്‍ എത്തുന്നത്‌. സന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ 'ഗൂഗിള്‍' ഈ യുവാവിനുവേണ്ടി ഫില്‍ട്ടറുകളിട്ടിട്ടുണ്ടെങ്കിലും തടയിടാന്‍ കഴിയാത്തവിധത്തിലാണ്‌ ഈ ഒഴുക്ക്‌.

രാജ്യാന്തര വാര്‍ത്താ ഏജന്‍സികളില്‍നിന്നും ടിവി ചാനലുകളില്‍നിന്നും പത്രങ്ങളില്‍നിന്നുമെല്ലാമുള്ള ഇ-മെയില്‍ സന്ദേശങ്ങളും ഫോണ്‍വിളികളും വേറേ. കമ്പ്യൂട്ടറിനുമുന്നില്‍നിന്ന്‌ എഴുന്നേല്‍ക്കാനാകാത്ത അവസ്‌ഥ. അബോട്ടാബാദില്‍ രാത്രി ഒരു മണിക്കു ഹെലികോപ്‌ടറുകള്‍ പറക്കുന്നത്‌ അപൂര്‍വമാണെന്നായിരുന്നു സൊഹെയ്‌ബിന്റെ ആദ്യനിഗമനം. 'പ്രാണികളെ വെടിവയ്‌ക്കുന്ന ഒരു തോക്കു കിട്ടിയിരുന്നെങ്കില്‍ (സ്വാറ്റര്‍) ഇതിനെയൊക്കെ തുരത്താമായിരുന്നു. എന്തോ ഒരു സ്‌ഫോടനം കേട്ടല്ലോ.

ഒരു ഹെലികോപ്‌ടര്‍ തകരുന്ന ശബ്‌ദമാണല്ലോ. ആരെങ്കിലും വെടിവച്ചിട്ടതായിരിക്കും. താലിബാനു ഹെലികോപ്‌ടറില്ലല്ലോ. ഒരു ചാരവിമാനമാകാന്‍ സാധ്യതയില്ല. അങ്ങനെയൊരു സാധനം ഇത്ര ഒച്ചയുണ്ടാക്കി പറക്കാനിടയില്ല...' ഇങ്ങനെ പോകുന്നു സൊഹെയ്‌ബിന്റെ സന്ദേശങ്ങള്‍. പലതിലും തമാശ കലര്‍ന്നിരുന്നു. ഇവ ലോകമെങ്ങും വ്യാപിക്കുമ്പോള്‍ ഇടയ്‌ക്ക് ചിലര്‍ ആരാഞ്ഞു- ചിലപ്പോള്‍ അത്‌ അമേരിക്കന്‍ ഹെലികോപ്‌ടറുകളാകാം. എന്തോ പ്രശ്‌നമുണ്ട്‌ എന്നൊക്കെ. അതിനു മറുപടിയായി സൊഹെയ്‌ബ് അതര്‍ കുറിച്ചു- 'പാക്‌ ഹെലികോപ്‌ടറല്ല. ജനാലകള്‍ വല്ലാതെ കുലുങ്ങുന്നു, എന്തോ മോശം കാര്യങ്ങളുടെ തുടക്കമാണ്‌'.

ലാദന്റെ മടയില്‍ കുഴപ്പം നടക്കുമ്പോഴൊക്കെ സൊഹെയ്‌ബ് ട്വിറ്ററില്‍ത്തന്നെയായിരുന്നു. 'പരിശീലനത്തിനിടെയുള്ള അപകടമാണെന്നു തോന്നുന്നു. പട്ടാളം വീടുകള്‍തോറും തെരച്ചില്‍ നടത്തന്നുണ്ട്‌. വിമാനങ്ങളുടെ ശബ്‌ദം കേള്‍ക്കാം. വെടിശബ്‌ദവുമുണ്ട്‌. പൊട്ടിത്തെറി വേറേ'. ഈ സമയം സൊഹെയ്‌ബിനെ ട്വിറ്ററില്‍ പിന്തുടര്‍ന്നത്‌ 14,000 പേരാണ്‌. മണിക്കൂറുകളോളം കമ്പ്യൂട്ടറിനുമുന്നിലിരുന്നപ്പോഴാണു തങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്‌ ലോകത്തെ ഞെട്ടിക്കാന്‍ പോകുന്ന ഒരു സംഭവത്തെക്കുറിച്ചാണെന്ന്‌ ഇന്റര്‍നെറ്റ്‌ കൂട്ടായ്‌മയ്‌ക്കു മനസിലായത്‌. ഒരാള്‍ എഴുതി- 'അബോട്ടാബാദിലെ സംഭവങ്ങളെക്കുറിച്ചാണ്‌ ഇപ്പോള്‍ ബരാക്‌ ഒബാമ ടിവിയില്‍ സംസാരിക്കുന്നത്‌'.

അപ്പോഴേക്കു സൊഹെയ്‌ബിന്റെ ആദ്യസന്ദേശം ഇന്റര്‍നെറ്റിലെത്തിയശേഷം ഏഴു മണിക്കൂര്‍ കഴിഞ്ഞിരുന്നു. 'അപ്പോള്‍ എന്റെ അയല്‍പക്കത്തു സംഭവിച്ചത്‌ അതാണ്‌'. ഒസാമ ബിന്‍ ലാദന്‍ വധിക്കപ്പെട്ടത്‌ ആദ്യം ബ്ലോഗ്‌ ചെയ്‌ത് സൊഹെയ്‌ബ് അമേരിക്കന്‍ പ്രസിഡന്റിനെപ്പോലും കടത്തിവെട്ടി!

Monday, May 2, 2011

കൊണ്ട് നടന്നതും നീയെ ചാപ്പാ.... കൊണ്ടുപോയി കൊല്ലിച്ചതും നീയെ ചാപ്പാ...


വളര്‍ത്തിയ കൈകള്‍ കൊണ്ടു തന്നെ അന്ത്യവും
1957 മാര്‍ച്ച് 10ന്്് സൗദി അറേബ്യയിലെ റിയാദില്‍ ജനിച്ച ഉസാമ ബിന്‍ മുഹമ്മദ് ബിന്‍ അവാദ് ബിന്‍ ലാദിന്‍ ഇസ്‌ലാമിക തീവ്രവാദത്തിന്റെ ആള്‍ രൂപമായാണ് പാശ്ചാത്യ ലോകം വിലയിരുത്തുന്നത്. സൗദി രാജകുടുംബവുമായി അടുത്ത ബന്ധമുള്ള കോടീശ്വരനായ വ്യവസായി മുഹമ്മദ് ബിന്‍ അവാദ് ബിന്‍ ലാദിന്‍ ആയിരുന്നു ഉസാമ ബിന്‍ ലാദിന്റെ പിതാവ്.

സുന്നി വിശ്വാസത്തില്‍ അടിയുറച്ച ബാല്യവും കൗമാരവുമായിരുന്നു ഉസാമയുടെത്. 1968 മുതല്‍ 1976 വരെ റിയാദിലെ അല്‍ താഗര്‍ മോഡല്‍ സ്‌കൂളില്‍ പഠിച്ച ഉസാമ പിന്നീട് കിങ് അബ്ദുള്‍ അസീസ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദം നേടി. 1979ല്‍ ഉസാമ സിവില്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയതായി ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബിരുദത്തിന് പഠിക്കുമ്പോള്‍ മൂന്നാം വര്‍ഷം ഉസാമ കോളേജ് വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. മതപരമായ കാര്യങ്ങളിലായിരുന്നു പഠിക്കുമ്പോള്‍ ഉസാമക്ക് കൂടുതല്‍ താല്പര്യം. ഒരു കവി കൂടിയായിരുന്നു വിദ്യാര്‍ത്ഥിയായിരുന്ന ഉസാമ.  സര്‍വകലാശാല ദിനങ്ങളിലാണ് ഈജിപ്ത് കേന്ദ്രമായ ഇസ്‌ലാമിക് ബ്രദര്‍ഹുഡുമായി ഉസാമ അടുക്കുന്നത്. ഇസ്‌ലാമിക ഗ്രന്ഥങ്ങളിലും പാരമ്പര്യത്തിലും അഗാധ അറിവു നേടിയതും ഈ കാലഘട്ടത്തിലായിരുന്നു.

1979ല്‍ സോവിയറ്റ് യൂണിയന്റെ അഫ്ഗാന്‍ അധിനിവേശത്തിനെതിരേ പോരാടിയ മുസ്‌ലിം ഒളിപ്പോരാളികളുമായി ബന്ധപ്പെടുന്നതോടെയാണ് ഉസാമ സായുധ മാര്‍ഗ്ഗത്തിലേക്ക് തിരിയുന്നത്. ജിദ്ദ യൂനിവേഴ്‌സിറ്റിയില്‍ ഉസാമയുടെ അധ്യാപകനായിരുന്ന അബ്ദുല്ല അസ്സാം പാക്കിസ്താനിലെ പെഷാവര്‍ കേന്ദ്രമാക്കി അഫ്ഗാന്‍ മുന്നണിയിലേക്കുള്ള തന്ത്രങ്ങള്‍ തയാറാക്കിയിരുന്നു. 1979ല്‍ യൂനിവേഴ്‌സിറ്റി വിട്ട ഉസാമ അബ്ദുല്ല അസ്സാമിനൊപ്പം ചേര്‍ന്നു. 1984ല്‍ അസ്സാം-ഉസാമ കൂട്ടുകെട്ടു മഖ്താബ് അല്‍ ഖിദ്മത്ത് എന്ന സംഘടനയ്ക്കു രൂപം നല്‍കി. സൗദിയില്‍ നിന്നു സംഘടനയ്ക്കു ധാരാളം സാമ്പത്തിക സഹായം ലഭിച്ചിരുന്നു. അഫ്ഗാന്‍ മുന്നണിയിലേക്കു ധനവും ആളും ആയുധങ്ങളും ഒഴുക്കിയത് ഈ സംഘടന വഴിയാണ്. മഖ്താബ് അല്‍ ഖിദ്മത്തിലൂടെയാണ് ഇസ്‌ലാമിക പോരാട്ടം വ്യാപിപ്പിച്ചത്.

തീവ്രവാദിയായി ഉസാമയെ പിന്നീട് വളര്‍ത്തിയതു പാശ്ചാത്യ ശക്തികളായിരുന്നു. റഷ്യയുടെ അഫ്ഗാന്‍ അധിനിവേശത്തിനെതിരേ 1980കളില്‍ നടത്തിയ പോരാട്ടത്തില്‍ ലാദിനു കരുത്തു പകര്‍ന്നതു അമേരിക്കയാണ്. ലാദിന് ആയുധങ്ങള്‍ നല്‍കിയതു യുഎസ് ചാരസംഘടനയായ സിഐഎ ആയിരുന്നു.  ഭീകരവാദികള്‍ക്കു സിഐഎ സൈനിക പരിശീലനവും നല്‍കി. പിന്നീട് ഇതു അല്‍ഖാഇദയ്ക്കു ഗുണം ചെയ്തു.

1988ലാണ് അല്‍ഖാഇദയുടെ ഉദയം. തുടര്‍ന്ന് അല്‍ഖാഇദ - താലിബാന്‍ ബന്ധം ശക്തമായി. താലിബാനു സാമ്പത്തിക സൈനിക സഹായങ്ങള്‍ ഉസാമ നല്‍കി. 1997ലെ ഈജിപ്റ്റ് കൂട്ടക്കൊല, യമന്‍ ബോംബാക്രമണം തുടങ്ങിയ നിരവധി മനുഷ്യക്കുരുതികളുടെ സൂത്രധാരന്‍ ഉസാമ ബിന്‍ ലാദനാണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. 1998ലെ യുഎസ് എംബസി ബോംബാക്രമണത്തോടെ ലാദിനെതിരേ സ്വത്തു മരവിപ്പിക്കലിനും മിസൈല്‍ ആക്രമണങ്ങള്‍ക്കും യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ തുടക്കമിട്ടു. 2001 സെപ്റ്റംബര്‍ 11ന് ലോകത്തെ നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഉസമാ ബിന്‍ ലാദിനാണെന്ന അമേരിക്കയുടെ ആരോപണത്തോടെയാണ് ഈ തീവ്രവാദിയെ കുറിച്ച ലോകം അറിയുന്നത്. ഇതോടെ ഉസാമ ഒളിവില്‍ പോകുകയും ഉസാമക്ക് വേണ്ടിയുള്ള തെരച്ചിലിനെ ഭീകരവാദ പോരാട്ടമായി യുഎസ് പ്രഖ്യാപിക്കുകയും ചെയ്തു.

ലോക ശക്തിയായ അമേരിക്കയുടെ നെഞ്ചു പിളര്‍ത്തിയ ആക്രമണത്തിന് പിന്നില്‍ ആരെന്ന കാര്യം ഇപ്പോഴൂം ദുരൂഹമായി തുടരവെ അമേരിക്ക തന്നെ വളര്‍ത്തിയ ഉസാമ ബിന്‍ ലാദിന്‍ മണ്ണോടു ചേരുകയാണ്. സത്യത്തിന്റെ മൂടുപടം തുറക്കാതെ.