നോബെല്‍ പുരസ്കാരത്തേക്കുറിച്ച് എന്തെങ്കിലും 'തെറ്റിദ്ധാരണകള്‍ ' ഉണ്ടെങ്കില്‍ അതിനെല്ലാം വിരാമം കുറിച്ചുകൊണ്ട് നോബെല്‍ കമ്മറ്റിയുടെ 2010 - ലെ പ്രഖ്യാപനം വന്നു. കമ്മ്യുണിസ്റ്റു വിരോധവും, മുതലാളിത്ത പ്രോപോഗണ്ടയും നോബെല്‍ കമ്മറ്റിയേക്കുറിച്ച് സാധാരണക്കാര്‍ക്കുള്ള വെറും തെറ്റിദ്ധാരണയല്ല, മറിച്ച് അതാണു ജേതാക്കള്‍ ക്കു വേണ്ടുന്ന അടിസ്ഥാന ഗുണം എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ഈ വര്‍ഷത്തെ സാഹിത്യത്തിനും, സമാധാനത്തിനുമുള്ള സമ്മാനര്‍ഹരെ തിരഞ്ഞെടുത്തത്.
അടിയുണ്ടാക്കിയവന്‍
സമാധാനത്തിനുള്ള പുരസ്കാരം ചൈനീസ് ടിയാനന്‍മെന്‍ സ്ക്വയര്‍ കലാപത്തിനു കാരണക്കാരനായ ലിയു സിയാബോക്ക് ലഭിച്ചു. ഒരു രാജ്യത്തിന്റെ പരമോന്നതമായ അധികാരത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന്. ദാരിദ്രവും, കഷ്ഠ്പ്പാടും എന്നുപറഞ്ഞാല്‍ വര്‍ഷാവര്‍ഷം വിദേശങ്ങളില്‍ ഉല്ലാസയാത്രക്ക് പോകാന്‍ കാശില്ലാത്തത്താണെന്നു മനസ്സിലാക്കിയിട്ടുള്ള യൂറോപ്പിലേയും, അമേരിക്കന്‍ ഐക്യനാടുകളിലേയും തിന്നുമദിച്ച ജനങ്ങള്‍ പാര്‍ക്കുകളിയും ബീച്ചുകളിലും ഉടുതുണിയില്ലാതെ കാട്ടിക്കൂട്ടുന്ന കാമകേളികള്‍ (നമ്മള്‍ സാധാരണാക്കാര്‍ വീട്ടിലെ കിടപ്പുമുറിയില്‍ വാതിലടച്ചു ചെയ്യുന്ന കാര്യങ്ങള്‍ ) വീഡിയോ ക്യാമറയില്‍ പകര്‍ത്തി പക്വത വരാത്ത, തിരിച്ചറിവാകാത്ത, വീണ്ടുവിചാരമില്ലാത്ത സ്വന്തം നാട്ടിലെ പിള്ളേരെ കൊണ്ടൂപോയിക്കാണിച്ച്, ഇതാണുമക്കളേ സ്വാതന്ത്രം, മനുഷ്യാവകാശം എന്നൊക്കെപ്പറഞ്ഞ് അവരെ തെരുവിലിറക്കി അട്ടിമറിനടത്താന്‍ ശ്രമിച്ച് കൂട്ടക്കൊലയ്ക്കു കാരണക്കാരനായവനും പുരസ്ക്കാരം. അച്ചടക്കവും, ലക്ഷ്യബോധവും ഉള്ള ഒരു രാജ്യം മുണ്ടുമുറുക്കി പണിയെടുത്ത് അടിക്കടി ഉയരുന്നതുകണ്ട്, അതില്‍ നിന്നും പാഠം ഉള്‍ ക്കൊണ്ടു സ്വയം നന്നാകാന്‍ ശ്രമിക്കാതെ, പകരം അസൂയ മൂത്ത് അവരുടെ മുഖത്ത് കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നത് ലക്ജ്ജാകരം എന്നല്ലാതെ എന്തു പറയാന്‍ .
ചിലപ്പോള്‍ കേരളത്തിലെ ചില കത്തോലിക്കാ പുരോഹിതരേയും, മെത്രാന്മാരേയും ഈ പുരസ്കാരം തേടിവന്നുകൂടായ്കയില്ല. അവരിറക്കുന്ന ചില ഇടയ ലേഖനങ്ങളും, പ്രസ്താവനകളും വേണ്ടരീതിയില്‍ ട്രാന്‍ സുലേറ്റ് ചെയ്ത്, വേണമെങ്കില്‍ സൗത്താഫ്രിക്കയിലെ റിട്ടേര്‍ഡ് ആര്‍ച്ചുബിഷപ് ദേശ്മഡ് ടുടുവിന്റെ ഒരു ഒപ്പും വാങ്ങിച്ച് നോബെല്‍ കമ്മറ്റിയുടെ മുന്‍ പാകെ സമര്‍പ്പിച്ചാല്‍ മതിയാവും. ദേശ്മഡ് ടുടൂവിനെക്കുറിച്ചു പറയാന്‍ കാരണം കഴിഞ്ഞ ദിവസം അദ്ദേഹത്തേക്കുറിച്ച് വന്നയൊരു വാര്‍ത്തയാണ്. അദ്ദേഹം രണ്ടു വര്‍ഷങ്ങള്‍ ക്കു മുന്‍ പ് ഔദ്ധ്വോകിക ജീവിതത്തില്‍ നിന്നും വിരമിച്ചത്രെ! ഇപ്പോള്‍ അദ്ദേഹം ഒരു ആഡംബരക്കപ്പലില്‍ ഉല്ലാസയാത്രയിലാണത്രെ, ഉലകം ചുറ്റുന്നു. ഒരു ബിഷപ്പിന്റെ ഔദ്ധ്വോകിക ജീവിതവും ആത്മീയ ജീവിതവും തമ്മില്‍ എന്തുമാത്രം അന്തരം ഉണ്ടെന്നറിയില്ല. ഔദ്ധ്വോകിക ജീവിതത്തില്‍ നിന്നു വിരമിക്കല്‍, ആഡംബരക്കപ്പലില്‍ ഉല്ലാസയാത്ര, ഉടുതുണിക്ക് മറുതുണിയില്ലാത്ത കോടിക്കണക്കിനു പട്ടിണിപ്പാവങ്ങളുള്ള ആഫ്രിക്കയിലെ ഒരു ആര്‍ച്ചുബിഷപ്പായിരുന്നുപോലും! ഇദ്ദേഹത്തിനും കിട്ടിയിരുന്നു വര്‍ഷങ്ങള്‍ ക്കുമുമ്പ് സമാധാനത്തിനുള്ള ഒരു നോബെല്‍ പുരസസ്കാരം; ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ക്കുവേണ്ടി ഏതാണ്ട് ഒച്ചവച്ചന്നാണ് പറയപ്പെടുന്നത്. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ ക്കുമുമ്പ് ഇദ്ദേഹം ലണ്ടനിലുണ്ടായിരുന്നു. അന്നിദ്ദേഹത്തിന്റെ പ്രധാന പരിപാടി സിംബാവക്കെതിരെ പ്രസംഗിക്കലായിരുന്നു. ആയിടക്ക് ഇദ്ദേഹം ബ്രട്ടിഷ് ഗവണ്‍മന്റിന്മേല്‍ സിംബാവയുടെ അധികാരം പിടിച്ചെടുക്കാന്‍ പരസ്യമായി സ്വാധീനം ചൊലുത്തുന്നത് പത്രങ്ങളില്‍ വായിച്ചതാണ്. സംശയമന്യ്യേ ഒരു നൊബല്‍ കമ്മറ്റിയുടെ പ്രിയങ്കരന്‍ .
അടിച്ചവനും, അടികൊണ്ടവനും
ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബല്‍ പുരസ്ക്കാരം പെറുവിന്‍ വംശജനായിരുന്ന മറിയോ വര്‍ഗാസ് യോസക്ക്. ഇദ്ദേഹത്തിനും ഇപ്പോള്‍ നോബല്‍ കമ്മറ്റി നിഷ്കര്‍ഷിക്കുന്ന ഗുണങ്ങളൊക്കെയുണ്ടെന്ന് വായിച്ചറിയുവാന്‍ കഴിയും. പണ്ട് ഇദ്ദേഹം ഒരു തികഞ്ഞ കമ്മ്യുണിസ്റ്റായിരുന്നു, അന്നൊരിക്കലും നോബെല്‍ കമ്മിറ്റി ഇദ്ദേഹത്തെ പരിഗണിച്ചില്ല.ലോകത്തെമ്പാടും വായനാക്കാര്‍ ഇന്നും വാഴ്ത്തുന്ന അദ്ദേഹത്തിന്റെ പല കൃതികളും, പ്രത്യേകിച്ച് 'ദ ഗ്രീന്‍ ഹൗസ്' എന്ന നോവല്‍ യോസ എഴുതിയത് അറുപതുകളിലാണ്. ശക്തമായ ഇടതുപക്ഷ ചിന്താഗതിയും, വിപ്ലവ പ്രസ്ഥാനങ്ങളോടുള്ള കൂറും ആയിരുന്നു യോസയുടെ സര്‍ഗാല്‍മകതയൂടെ അടിത്തറ പാകിയത് എന്നു മനസ്സില്ലാക്കാന്‍ സാധിക്കും. ഫിഡല്‍ കാസ്ട്രൊയുടെ ആരാധകനും, കമ്മ്യുണിസ്റ്റു പാര്‍ട്ടി അംഗവുമായിരുന്ന യോസ പിന്നീട് തന്റെ രാഷ്ടീയ നിലപാടുമാറ്റി, കാസ്ട്രോയെ തള്ളിപ്പറയാന്‍ തുടങ്ങി.
യോസയും, മുന്‍ നോബെല്‍ പുരസ്ക്കാര ജേതാവായ കൊളംബിയന്‍ എഴുത്തുകാരന്‍ മാര്‍ക്കേസും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഏകദേശം മുപ്പതു വര്‍ഷങ്ങള്‍ ക്കുമുമ്പ് മെക്സിക്കോയിലെ ഒരു തിയറ്ററില്‍ വച്ച് യോസ മാര്‍ക്കേസിന്റെ മുഖത്തടിച്ചു. അതിനുശേഷം ഇരുവരും ഇതുവരെ പരസ്പരം സം സാരിച്ചിട്ടില്ലത്രെ.
മാര്‍ക്കേസിനെ അംഗീകരിച്ച നോബെല്‍ കമ്മിറ്റിക്ക്, കൊടുത്ത അംഗീകാരം കൊണ്ട് അവരുദ്ദേശിച്ച ഫലം മാര്‍ക്കേസില്‍ നീന്നും കിട്ടിയില്ലന്നു തോന്നുന്നു. ഏറക്കുറെ നിഷ്പക്ഷവും, ഇടതുപക്ഷ ചായ്‌വുമുള്ള നിലപാടില്‍ നിന്നും മാറ്റി മാര്‍ക്കേസിനെ ഒരു കമ്മ്യുണിസ്റ്റു വിരുദ്ധ നിലപാടിലെത്തിക്കാന്‍ നോബെല്‍ കമ്മറ്റിക്ക് അവരുടെ പുരസ്കാരം കൊണ്ടു സാധിച്ചില്ലന്നു വേണം കരുതാന്‍ . അതിന്റെ കലിപ്പ് ഇങ്ങനേയെങ്കിലും തീര്‍ക്കാമെന്നു കരുതിയാവണം പണ്ടു മാര്‍ക്കേസിന്റെ മുഖത്തടിച്ച യോസക്കുക്കുടി നോബെല്‍ പുരസകാരം കൊടുത്തുകളായാം എന്നവര്‍ തീരുമാനിച്ചത്. ക്ഷമിക്കണം, യോസയുടെ സര്‍ഗ്ഗാല്‍മകതയെ ഒരുതരത്തിലും കുറച്ചുകാണിക്കാനല്ല ഇതെഴുതിയത്, മറിച്ച് നോബല്‍ കമ്മിറ്റിയുടെ 'സര്‍ഗ്ഗാല്‍മകതയെ' ഒന്നു പുകഴ്ത്താനാണ്.
ഇന്ത്യക്ക് എന്നും അഭിമാനിക്കാം
1948-ല്‍ സമാധാനത്തിനുള്ള നോബെല്‍ പുരസകാരം ആര്‍ക്കും കൊടുത്തിരുന്നില്ല. കാരണം അതിനു നിര്‍ദ്ദേശ്ശിക്കപ്പെട്ടയാള്‍ നോബെല്‍ കമ്മറ്റിയുടെ പ്രഖ്യാപനം വരുന്നതിന് ഏതാനും ദിവസങ്ങള്‍ ക്കുമുമ്പ് കൊല്ലപ്പെട്ടു - നമ്മുടെ രാഷ്ട്രപിതാവ് മാഹാത്മാ ഗാന്ധി. അതിനു മുമ്പുള്ള വര്‍ഷങ്ങളിലൊക്കെ നമ്മുടെ രാഷ്ട്ര പിതാവിന്റെ പേര് നോബെല്‍ കമ്മറ്റിക്കു മുന്‍ പാകെ വന്നതാണ്. അപ്പോളൊക്കെ അവരദ്ദേഹത്തെ തഴഞ്ഞു. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ, ഇംമ്പീരിയലിസത്തിനെതിരെ, ചൂഷണത്തിനെതിരെ, അടിമത്വത്തിനെതിരെ ശംബ്ദമുയര്‍ത്തി സ്വതന്ത്ര ഇന്ത്യക്കുവേണ്ടി നിലകൊണ്ട ആ മഹാത്മാവിനെ അതുവരെ നോബെല്‍ കമ്മിറ്റി കണ്ടത് ഒരു അട്ടിമറിക്കരനായിട്ടാണ്. എന്തായാലും ലോകം മുഴുവന്‍ അംഗീകരിച്ചിട്ടും തങ്ങള്‍ അംഗീകരിക്കാതിരുന്നതിന്റെ നാണക്കേടു മറയ്ക്കാനായിരിയ്ക്കും ചിലപ്പോള്‍ മനസ്സില്ലാ മനസ്സോടെ 1948-ലെ പുരസ്കാരം മഹാത്മാഗാന്ധിയ്ക് കൊടുത്തുകളയാം എന്നു നോബെല്‍ കമ്മിറ്റി തീരുമാനിച്ചത്. എന്തായാലും ഒരു നിമിത്തമെന്നവണ്ണം (അതോ ഗോഡ്സെയെ നോബെല്‍ കമ്മിറ്റി പറഞ്ഞുവിട്ടതായിരുന്നോ?) പുരസ്കാരം പ്രഖ്യാപിക്കുന്നതിനു ദിവസങ്ങള്‍ ക്കു മുമ്പ് മഹാത്മാവ് വെടിയേറ്റു മരിച്ചു. കുറെ സംങ്കുചിത ചിന്താഗതിക്കാരും, നിക്ഷിപ്ത് താല്‍പര്യക്കാരും, കുത്തക മുതലാളിത്ത രാജ്യങ്ങളിലെ കാവല്‍നായ്കളും ചേര്‍ന്ന് ആഫ്രിക്കയിലും, ഏഷ്യയിലും, ലാറ്റിന്‍ അമേരിക്കയിലും ഒക്കെയുള്ള ഇവരുടെ എച്ചിലു തിന്നു വളരുന്ന ചില നീര്‍ക്കോലികള്‍ ക്കു കൊടുത്ത, സമാധാനത്തിന്റെ പേരിലെന്നു പറയുന്ന ഈ പുരസ്കാരം, നമ്മുടെ രാഷ്രപിതാവിന്റെ പേരിലും ചാര്‍ത്തി ആ ധന്യ ജീവിതത്തെ കളങ്കപ്പെടുത്താതിരുന്നതില്‍ ഇന്ത്യക്കാരായ നമുക്കെല്ലാം ആശ്വസിക്കാം, അഭിമാനിക്കാം.