പെട്രോള്‍ നിരക്കില്‍ വീണ്ടും വര്‍ധന. ലിറ്ററിന് 70 പൈസയാണ് ഉയര്‍ത്തിയത്. ഒരു മാസത്തിനുള്ളില്‍ ഇതു രണ്ടാം തവണയാണ് നിരക്ക് ഉയര്‍ത്തുന്നത്. എണ്ണവില വര്‍ധന രാജ്യത്തെ വിലക്കയറ്റം കൂടുതല്‍ രൂക്ഷമാക്കിയേക്കും.
രാജ്യത്തെങ്ങും പെട്രോളിന് ലിറ്ററിന്മേല്‍ 70 പൈസ അധികമായി ഈടാക്കാന്‍ പ്രമുഖ എണ്ണ കമ്പനിയായ ഭാരത് പെട്രോളിയമാണ് ആദ്യം തീരുമാനിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ നിരക്കുവര്‍ധന ഇവര്‍ നടപ്പാക്കുകയും ചെയ്തു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളും ശനിയാഴ്ച രാത്രിയോടെ നിരക്ക് ഉയര്‍ത്തുകയായിരുന്നു.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോളിന് ലിറ്ററിന് 72 പൈസ കൂടുതല്‍ നല്‍കണം. പ്രാദേശിക നികുതികളുടെ വ്യതിയാനം മുന്‍നിര്‍ത്തി പല പ്രദേശങ്ങളിലും വില 70 പൈസക്കും മുകളിലാകും ഈടാക്കുക.
സെപ്റ്റംബര്‍ 20നാണ് എണ്ണ കമ്പനികള്‍ ലിറ്ററിന് 27 പൈസ ഉയര്‍ത്തിയത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 80 ഡോളറായി ഉയര്‍ന്നതോടെ നിരക്കു ക്രമീകരണം അനിവാര്യമായി എന്ന ന്യായമാണ് കമ്പനികള്‍ ഉയര്‍ത്തുന്നത്. എണ്ണവിലക്കു മേലുള്ള നിയന്ത്രണം കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ പിന്‍വലിച്ചതോടെ കമ്പനികള്‍ക്ക് ഉല്‍പാദന ചെലവിനൊത്ത് വില ഈടാക്കാന്‍ കഴിയുന്ന സാഹചര്യമാണുള്ളത്.
No comments:
Post a Comment