Thursday, October 14, 2010

മുസ്‌ലിപവര്‍ എക്‌സ്ട്രയില്‍ മായം കണ്ടെത്തി


പാര്‍ശ്വഫലങ്ങളുള്ള ഇംഗ്ലീഷ് മരുന്ന് ചേര്‍ത്തതായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 'മുസ്‌ലിപവര്‍ എക്‌സ്ട്ര'യുടെ വിവിധ ബാച്ചുകളില്‍പെട്ട ഗുളികകള്‍ ശേഖരിച്ച് സര്‍ക്കാര്‍ ലബോറട്ടറിയില്‍ പരിശോധിക്കാന്‍ നടപടി തുടങ്ങി.

നൂറു ശതമാനം പച്ചമരുന്നെന്ന് അവകാശപ്പെടുന്ന മുസ്‌ലിപവര്‍ എക്‌സ്ട്ര ഗുളികയില്‍ ലൈംഗിക ഉത്തേജകത്തിനുള്ള അലോപ്പതി മരുന്നായ 32 മില്ലിഗ്രാം തഡാലാഫില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ദല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മക്കോളജിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച് (ഡിപ്‌സാര്‍ ) ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ട്.

ഡിപ്‌സാര്‍ ലാബില്‍ പരിശോധിച്ച എം.പി/058/09 ബാച്ചിലെ ഗുളികകള്‍ ശേഖരിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പുതിയ ബാച്ചില്‍പെട്ട ഗുളികകളും വിശദപരിശോധനക്ക് വിധേയമാക്കും. പരിശോധനയില്‍ മായം വ്യക്തമായാല്‍ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കം നടപടി സ്വീകരിക്കാനാണ് തീരുമാനം.

സഫേദ് മുസ്‌ലി, കപികച്ചു, അശ്വഗന്ധ, മുരിങ്ങ, ധാത്രി, ട്രിബുലസ്, വയല്‍ചുള്ളി, ജാതിപത്രി, ശിലാജിത് എന്നീ ഒമ്പതു പച്ചമരുന്നുകളില്‍നിന്ന് തയാറാക്കുന്നതാണ് മുസ്‌ലിപവര്‍ എക്‌സ്ട്ര എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. 30 ഗുളികകളടങ്ങുന്ന പാക്കിന് ആയിരം രൂപയോളം വിലയുണ്ട്. കേരളത്തില്‍ മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് ഗുളിക ഏറ്റവുമധികം വിറ്റുപോകുന്നത്. 
പൂര്‍ണ ആരോഗ്യവാനായ പുരുഷന് പരമാവധി ഉപയോഗിക്കാവുന്ന തഡാലാഫിന്റെ അളവ് 20 മി.ഗ്രാം മാത്രമാണെന്നിരിക്കെ മുസ്‌ലിപവര്‍ എക്‌സ്ട്ര ഗുളികയില്‍ 32 മി.ഗ്രാം തഡാലാഫില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ലബോറട്ടറി റിപ്പോര്‍ട്ട്. ഇതിന്റെ അമിത ഉപയോഗം വെളിച്ചത്തോട് അലര്‍ജി (ഫോട്ടോഫോബിയ), ക്രമേണ ബോധം നശിച്ച് മരണത്തിലേക്ക് നയിക്കുന്ന രക്തസമ്മര്‍ദക്കുറവ് തുടങ്ങി വിവിധ മാരകരോഗങ്ങള്‍ക്ക് കാരണമാകുമെന്നും ഡിപ്‌സാര്‍ കണ്ടെത്തിയിരുന്നു.

അതേസമയം, ദല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മക്കോളജിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച് ലബോറട്ടറി പരിശോധയില്‍ മുസ്‌ലി പവറിനെ കൂടാതെ നാല് ആയുര്‍വേദ മരുന്നുകളില്‍ കൂടി അലോപതി ഉത്തേജക മരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പട്‌നയിലെ കമ്പനി പുറത്തിറക്കുന്ന സൂപ്പര്‍ സോണിക്, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ടൈറ്റാനിക് കെ-2,സിക്കന്തര്‍ അസം ലുധിയാനയില്‍ നിന്നുള്ള 2 മച്ച് ഗോള്‍ഡ് എന്നി ബ്രാന്‍ഡുകളിലാണ് തഡാലാഫിന്റെ അംശം കൂടിയതോതില്‍ കണ്ടെത്തിയത്. 
വില്‍പന ബില്‍ അടക്കമുള്ള രേഖകള്‍ സഹിതം ദല്‍ഹിയിലെ വിവിധ മരുന്ന് കടകളില്‍ നിന്നാണ് പരിശോധക്കുള്ള സാമ്പിള്‍ ശേഖരിച്ചത്‌.

No comments: