സഭയുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സിസ്റ്റര്‍ ടീന നടത്തുന്ന നിരാഹാരം ചൊവ്വാഴ്ച ഒമ്പത് ദിവസം പിന്നിട്ടു. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് സിസ്റ്റര്‍ ടീനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കളക്‌ടര്‍ നിര്‍ദേശിച്ചത്. ഞാറയ്ക്കല്‍ ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റിലെ കന്യാസ്ത്രീകളും ഇടവകപള്ളിയും തമ്മിലെ തര്‍ക്കത്തില്‍ ഇടപെട്ട് കന്യാസ്ത്രീകള്‍ക്ക് അനുകൂലമായി ടീന നിന്നതാണ് സഭയെ പ്രകോപിപ്പിച്ചത്. സഭ തുടര്‍ന്ന് സിസ്റ്ററെ പുറത്താക്കുകയായിരുന്നു.
“35 വര്‍ഷമായി ക്രിസ്തുവിന്റെ മണവാട്ടിയായി തുടരുന്ന തന്നെ പോലുള്ളവരോട് സഭാനേതൃത്വം ചമയുന്നവര്‍ കാണിക്കുന്നത് കടുത്ത വിവേചനമാണ്. ഏറെ പണിപ്പെട്ടാണ് താന്‍ ഈ സഭാ വസ്ത്രമണിഞ്ഞത്. അത് ഊരിക്കളയാന്‍ ഞാന്‍ ഒരുക്കമല്ല.”
“എറണാകുളത്തെ റാണിമാതാ കോണ്‍വെന്റിലെ കന്യാസ്ത്രീയായിരുന്നു താന്‍. സഭയും ഞാറയ്ക്കല്‍ കോണ്‍വെന്റും തമ്മിലുണ്ടായ തര്‍ക്കത്തില്‍ കന്യാസ്ത്രീകള്‍ക്കു വേണ്ടി രംഗത്തിറങ്ങിയതോടെയാണ് താന്‍ സഭാനേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയത്. എന്നെ സഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.”
“ഇതിനെതിരെ ഞാന്‍ കോടതിയെ സമീപിച്ച് അനുക്കൂല വിധി നേടി. എന്റെ സംരക്ഷണാവകാശവും സഭാ ഐഡന്റിറ്റിയും വോട്ടിങ് അവകാശവുമെല്ലാം തിരിച്ചു നല്‍കണമെന്നായിരുന്നു കോടതിവിധി. ഈ വിധിക്കുശേഷം നായരമ്പലം കോണ്‍വെന്റില്‍ താമസിച്ചു. കോടതി പറഞ്ഞ ഒരു നിയമാവകാശവും സഭാ നേതൃത്വം എനിക്ക് നല്‍കിയില്ല. തുടര്‍ന്നാണ് ഞാന്‍ അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചത്. സമരം തകര്‍ക്കാനാണ് അധികൃതര്‍ ശ്രമിച്ചത്.”
“എല്ലാ വാതിലുകളും മദര്‍സുപ്പീരിയര്‍ ബലമായി അടച്ചുപൂട്ടിയിട്ടു. എന്നെ കോണ്‍വെന്റിലെ പാര്‍ലറിനകത്തിട്ട് പൂട്ടിയിടുകയും ചെയ്തു. സമര വിവരമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരടക്കം ഒരാളെയും കടത്തിവിട്ടില്ല. കോണ്‍വെന്റിലെ പട്ടികളെയും സെക്യൂരിറ്റി ഗാര്‍ഡുകളെയും നിറച്ചു. ഗേറ്റുകള്‍ മുഴുവന്‍ അടച്ചു.”
സമാധാന പരമായി സമരം നയിച്ചിരുന്ന തന്നെ ബലം പ്രയോഗിച്ചാണ് പോലിസ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ആശുപത്രി കിടക്കയിലും സമരം തുടരുമെന്ന് സിസ്റ്റര്‍ ടീന പറഞ്ഞു. ആശുപത്രിക്കിടക്കയില്‍ അവശനിലയില്‍ കിടക്കുന്ന സിസ്റ്റര്‍ സീനയെ കാണാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും അനേകം പേര്‍ വരുന്നുണ്ട്.
സഭയുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ സഭാവസ്ത്രം ഉപേക്ഷിക്കേണ്ടിവന്ന, തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെസ്മിക്ക് പിന്നാലെ സിസ്റ്റര്‍ ടീനയും വാര്‍ത്തകളില്‍ ഇടം പിടിക്കുമ്പോള്‍ സഭ വീണ്ടും വിവാദച്ചുഴികളിലേക്ക് കൂപ്പുകുത്തുകയാണ്.
No comments:
Post a Comment