Thursday, October 7, 2010

മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് അംഗീകൃത ഏജന്‍സിയാണെന്നു കേന്ദ്ര ആഭ്യന്തര വകുപ്പ്


ഭൂട്ടാന്‍ സര്‍ക്കാരിന്റെ ലോട്ടറികളുടെ കേരളത്തിലെ അംഗീകൃത മൊത്തവിതരണക്കാര്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് ആണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് കേരളത്തെ അറിയിച്ചു. കേരളം കേന്ദ്രത്തിന് നല്കിയ കത്തിന് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോട്ടറി വിവാദം ശക്തമായതിനെത്തുടര്‍ന്നാണു മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന്‍റെ അംഗീകൃത വിതരണാവകാശം സംബന്ധിച്ച സംശയങ്ങള്‍ നീക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാരിനു സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയത്.
പ്രധാനമായും ആറു ചോദ്യങ്ങള്‍ ആയിരുന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ഉന്നയിച്ചത്. ഇതില്‍ അഞ്ചു ചോദ്യങ്ങള്‍ക്ക് മാത്രമേ കേന്ദ്രസര്‍ക്കാര്‍ ഉത്തരം നല്കിയിരുന്നുള്ളൂ. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ഭൂട്ടാന്‍ സര്‍ക്കാരില്‍ നിന്നു ശേഖരിച്ചു നല്‍കണമെന്നായിരുന്നു സംസ്ഥാനത്തിന്‍റെ ആവശ്യം.

  1. മേഘ തന്നെയാണോ ഭൂട്ടാന്‍ ലോട്ടറിയുടെ അംഗീകൃത വിതരണക്കാര്‍?
  2. മേഘയുമായി ഭൂട്ടാന്‍ സര്‍ക്കാരിന് ഏതെങ്കിലും തരത്തിലുള്ള കരാര്‍ ഉണ്ടോ?
  3. മോണിക്ക എന്‍റര്‍പ്രൈസസുമായി ഭൂട്ടാന്‍ സര്‍ക്കാരിനുള്ള ബന്ധം?
  4. മോണിക്ക ഏജന്‍സീസുമായി ഭൂട്ടാന്‍ സര്‍ക്കാരിനു കരാര്‍ ഉണ്ടെങ്കില്‍ കാലാവധി എത്ര?
  5. ഭൂട്ടാന്‍ സര്‍ക്കാരിന്‍റെ കേരളത്തിലെ പ്രമോട്ടര്‍മാരായി മേഘയെ അംഗീകരിക്കാമോ?
  6. സെക്യൂരിറ്റി പ്രസിലാണോ ലോട്ടറി അച്ചടിക്കുന്നത്? തുടങ്ങിയവയായിരുന്നു സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തോട് ചോദിച്ച ആറു ചോദ്യങ്ങള്‍.

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമായി 2005 മുതല്‍ കേരളത്തില്‍ ഭൂട്ടാന്‍ ലോട്ടറിയുടെ വിതരണാവകാശം മേഘയ്ക്കാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഇതു ഭൂട്ടാന്‍ സര്‍ക്കാരും അംഗീകരിക്കുന്നുണ്ടെന്നും കേന്ദ്രം മറുപടിയില്‍ വ്യക്തമാക്കുന്നു. മൊത്ത വിതരണക്കാരില്‍ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും 2005 മുതല്‍ മേഘയ്ക്കാണു കേരളത്തിലെ ഭൂട്ടാന്‍ സര്‍ക്കാരിന്‍റെ ലോട്ടറിയുടെ വില്‍പ്പനാവകാശം.

മോണിക്ക എന്‍റര്‍പ്രൈസസും ഭൂട്ടാന്‍ സര്‍ക്കാരുമായി വിതരണ അവകാശ കരാര്‍ ഉണ്ട്. കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് ഈ കരാര്‍. മോണിക്ക എന്‍റര്‍പ്രൈസസാണു മേഘയ്ക്കു സബ് ഏജന്‍സി നല്‍കിയിരിക്കുന്നത്. ഇതിനും വ്യക്തമായ കരാറുണ്ടെന്നും കേന്ദ്രം കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ അവസാന ചോദ്യത്തിനു കേന്ദ്രം മറുപടി നല്‍കിയില്ല. സെക്യൂരിറ്റി പ്രസിലാണോ ഭൂട്ടാന്‍ ലോട്ടറി അടിക്കുന്നത് എന്ന ചോദ്യത്തിനാണ് കേന്ദ്രം മറുപടി നല്കാത്തത്. അന്യസംസ്ഥാന ലോട്ടറികള്‍ അടിക്കുന്നത് സെക്യൂരിറ്റി പ്രസിലാണോ എന്ന് ചോദ്യം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ‘അല്ല’ എന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ഈ വെളിപ്പെടുത്തലുകള്‍ ഹൈക്കോടതിയില്‍ മേഘ ആയുധമായി ഉപയോഗിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി ആയി, അടുത്തകാലം വരെ ലോട്ടറി മാഫിയയുടെ വക്കീലായിരുന്ന ചിദംബരവും മറ്റൊരു ലോട്ടറി വീരനായ മണി കുമാര്‍ സുബ്ബയും, അഭിഷേക് സിംഗ് വിയും എല്ലാമുള്ളപ്പോള്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ പിന്നെ എന്ത് മറുപടിയാണ് തരിക? 

ചെന്നിതലയനും ചാണ്ടിയും സതീശനും ഇനിയെങ്കിലും ജനവഞ്ചന അവസാനിപ്പിച്ചാല്‍ അവര്‍ക്ക് നല്ലത്.  


1 comment:

UNNI said...

ലോട്ടറിമാഫിയയെ നിലനിര്‍ത്തുന്നതും കോടതികളില്‍ അവര്‍ക്ക് നിയമത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നതും കോണ്‍ഗ്രസ് നേതാക്കളാണ്. എവിടെയൊക്കെ ലോട്ടറിമാഫിയ കോടതികളില്‍ ചോദ്യംചെയ്യപ്പെടുമോ അവിടെയൊക്കെ അവര്‍ക്കുവേണ്ടി വാദിക്കാനെത്തുന്നവരിലേറെയും അത്യുന്നതരായ കോണ്‍ഗ്രസ് നേതാക്കളാണ്. രാഷ്ട്രീയ സദാചാരത്തിന്റെ ശവക്കുഴിയില്‍ നിന്നാണ്, വക്കാലത്തു നല്‍കി ആര്‍ക്കും വിലയ്ക്കെടുക്കാവുന്നവരാണ് തങ്ങളെന്ന് കോണ്‍ഗ്രസിന്റെ ഉയര്‍ന്ന നേതാക്കള്‍ പ്രഖ്യാപിക്കുന്നത്.