Tuesday, October 26, 2010

ഏഴ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂടി ഓഹരി ഈ വര്‍ഷം വില്‍ക്കും


കേന്ദ്രസര്‍ക്കാര്‍ നടപ്പുസാമ്പത്തിക വര്‍ഷം ഏഴ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂടി ഓഹരി വിറ്റഴിക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കുക വഴി ഈ വര്‍ഷം 40,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനന കമ്പനിയയായ കോള്‍ ഇന്ത്യയുടെ ഐപിഒ (പ്രഥമ ഓഹരി വില്‍പന) വിജയകരമായി പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ ജനവരിയോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ 10 ശതമാനം ഓഹരി വിറ്റഴിക്കും. നവംബറില്‍ പവര്‍ ഗ്രിഡിന്റെയും മാന്‍ഗനീസ് ഓര്‍ ഇന്ത്യയുടെയും പബ്ലിക് ഇഷ്യു ഉണ്ടാവും. തുടര്‍ന്ന് ഡിസംബര്‍ ആദ്യ വാരം ഷിപ്പിങ് കോര്‍പ്പറേഷന്റെ ഇഷ്യു നടക്കും. ഡിസംബറില്‍ തന്നെ ഹിന്ദുസ്ഥാന്‍ കോപ്പറിന്റേയും ഓഹരി വില്‍പനയുണ്ടാവും.
ജനവരിയില്‍ നടക്കുന്ന ഇന്ത്യന്‍ ഓയിലിന്റെ ഓഹരി വില്‍പനയില്‍ സര്‍ക്കാരിന്റെ 10 ശതമാനം ഓഹരിക്ക് പുറമെ 10 ശതമാനം പുതിയ ഓഹരികളും വില്‍പനയ്ക്കുണ്ടാവും. ഫിബ്രവരിയില്‍ സ്റ്റീല്‍ അതോറിട്ടി (സെയില്‍)യുടെ ഓഹരി വില്‍പന നടക്കും.

ഒഎന്‍ജിസി (എണ്ണ- പ്രകൃതിവാതക കോര്‍പ്പറേഷന്‍) യുടെ ഓഹരി വില്‍പനയും ഈ സാമ്പത്തിക വര്‍ഷം തന്നെ നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഈ വര്‍ഷം സത്‌ലജ് ജല്‍ വിദ്യുത് നിഗമിലെ ഓഹരി വില്‍പനയിലൂടെ 1,062 കോടിയും എന്‍ജിനീയേഴ്‌സ് ഇന്ത്യയുടെ എഫ്പിഒയിലൂടെ 960 കോടി രൂപയും ഇതിനോടകം സമാഹരിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച നടന്ന കോള്‍ ഇന്ത്യയുടെ ഐപിഒയിലൂടെ 15,000 കോടിയാണ് സമാഹരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓയില്‍ ഇന്ത്യ, എന്‍എംഡിസി, ആര്‍ഇസി, എന്‍ടിപിസി എന്നിവയുടെ ഓഹരി വില്‍പനയിലൂടെ സര്‍ക്കാര്‍ 23,553 കോടി രൂപ സമാഹരിച്ചിരുന്നു.

No comments: