Thursday, October 28, 2010

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാതിലില്‍ മുട്ടി ലോട്ടറി മാഫിയ


സംസ്ഥാനത്ത് പുതുതായി നിലവില്‍ വന്ന ലോട്ടറി  ഓര്‍ഡിനന്‍സ് ആധാരമാക്കി  മുന്‍കൂര്‍ നികുതി ഒടുക്കുന്നതിനുള്ള രേഖക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വാതിലില്‍ മുട്ടി ലോട്ടറി മാഫിയ. കഴിഞ്ഞ മൂന്ന് നാല് ദിവസമായി അന്യസംസ്ഥാന ലോട്ടറിയുടെ കേരളത്തിലെ വിതരണക്കാരുടെ ഏജന്റുമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ കേറിയിറങ്ങുകയാണെന്നാണ് വിവരം. അന്യസംസ്ഥാന ലോട്ടറി വിതരണക്കാര്‍ക്കെതിരെ കേരളം നിരവധി പരാതികള്‍ നല്‍കിയതിനാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് ലഭിക്കേണ്ട സാക്ഷ്യപത്രം ലോട്ടറി ഏജന്‍സികള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇതിന് കടുത്ത സമ്മര്‍ദമാണ് ലോട്ടറി മാഫിയ കേന്ദ്രത്തില്‍ ചുമത്തുന്നത്. ദിവസങ്ങള്‍ക്കകം അനുകൂല സാക്ഷ്യപത്രം നേടിയെടുക്കാമെന്ന പ്രതീക്ഷയിലാണത്രെ സാന്റിയാഗോ മാര്‍ട്ടിനും കൂട്ടരും.

എന്നാല്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെ അംഗീകരിക്കില്ലെന്നും മോണിക്കയെന്ന ഏജന്‍സിയെ യാണ് ഭൂട്ടാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളതെന്നുമാണ് കേരളസര്‍ക്കാര്‍ അവകാശപ്പെടുന്നത്. അനുകൂല കോടതിവിധി നേടിയ ആശ്വാസത്തില്‍ കരുക്കള്‍ നീക്കുകയാണ് മേഘ. സംസ്ഥാനത്ത് നിലവില്‍ വന്ന ലോട്ടറി ഓര്‍ഡിനന്‍സിനെ അടിസ്ഥാനമാക്കി മാത്രമേ മുന്‍കൂര്‍ നികുതി ഈടാക്കൂവെന്ന നിലപാടിലാണ് കേരള സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് മേഘ അയച്ച നാല് കോടിയുടെ ഡി.ഡി തിരിച്ചയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്ര ലോട്ടറി നിയമത്തിന്റെ നാലാംവകുപ്പ് ലംഘിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കിയിട്ടില്ലെന്ന കാരണത്തിനാണ് നികുതി സ്വീകരിക്കാത്തത്. ഈ സാക്ഷ്യപത്രം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് അന്യസംസ്ഥാന ലോട്ടറി വിതരണക്കാര്‍.

ഓര്‍ഡിനന്‍സ്‌പ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സാക്ഷ്യപത്രവും ലോട്ടറി നടത്തുന്ന സംസ്ഥാനത്തിന്റെ ധനവകുപ്പ് സെക്രട്ടറി, അല്ലെങ്കില്‍ ലോട്ടറി ഡയറക്ടര്‍ എന്നിവരുടെ സാക്ഷ്യപത്രവും ഹാജരാക്കണം. പുറമെ നറുക്കെടുപ്പ് രീതി, അച്ചടിച്ച പ്രസ്, സമ്മാനഘടന തുടങ്ങിയവയുള്ള സമ്മതപത്രവും ഹാജരാക്കണം. ഇത് സംബന്ധിച്ച വിശദാംശങ്ങളൊന്നും മുന്‍കൂര്‍ നികുതി അടയ്ക്കുന്നതിന് മേഘ ഹാജരാക്കിയിട്ടില്ല. ഭൂട്ടാന്‍ ലോട്ടറി വിതരണക്കാരെന്ന് അവകാശപ്പെടുന്ന മേഘ തങ്ങളെ ചുമതലപ്പെടുത്തിയിട്ടുള്ളത് ഭൂട്ടാന്‍ സര്‍ക്കാറാണെന്ന് തെളിയിക്കുന്ന അവിടത്തെ ധനകാര്യ സെക്രട്ടറിയുടെയോ ലോട്ടറി ഡയറക്ടറുടെയോ സാക്ഷ്യപത്രം ഹാജരാക്കിയിട്ടില്ലെന്നാണ് വാണിജ്യ നികുതി വകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന. ജോയന്റ് കണ്‍ട്രോളര്‍ പദവിയിലെ ഉദ്യോഗസ്ഥനാണ് സാക്ഷ്യപത്രത്തില്‍ ഒപ്പിട്ടതത്രെ. ഇതംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. അതിനിടെ ഭൂട്ടാന്‍ ലോട്ടറികള്‍ കടത്തിയതിന് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സില്‍ നിന്ന് പിഴ ഈടാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഹൈകോടതി തടഞ്ഞത് സര്‍ക്കാറിന് തിരിച്ചടിയായി.

വാണിജ്യ നികുതി വകുപ്പ് പിടിച്ചെടുത്ത ലോട്ടറികള്‍ തിരിച്ചുനല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും മേഘക്ക് ആശ്വാസം നല്‍കുന്നതാണ്. അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുമെന്നാണ് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വ്യക്തമാക്കുന്നത്. അന്യസംസ്ഥാന ലോട്ടറികള്‍ വേണമോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ട അവകാശം സംസ്ഥാന സര്‍ക്കാറുകള്‍ക്കാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഇതാണ് വ്യക്തമാക്കുന്നത്. മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ്എ.ഡി.ജി.പി സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള സംഘം വിപുലീകരിക്കുന്നത്. മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിലെ തീപിടിത്തം ഉള്‍പ്പെടെ സംഘം പരിശോധിക്കുമെന്നാണറിയുന്നത്.

No comments: