ബംഗളൂരു: മൂന്നുദശകത്തിനിടെ കര്‍ണാടകത്തില്‍ എംഎല്‍എമാരുടെ 'കൂറുമാറ്റ വിലനിലവാര'ത്തിലുണ്ടായത് വന്‍ കുതിച്ചുകയറ്റം. 26 വര്‍ഷം മുമ്പ് സംസ്ഥാനത്തെ ആദ്യ രാഷ്ട്രീയ കൂറുമാറ്റത്തില്‍ഒരു എംഎല്‍എയ്ക്ക് ലഭിച്ച പ്രതിഫലം രണ്ടുലക്ഷം രൂപയായിരുന്നു. ഇപ്പോള്‍ ജെഡിഎസ് പുറത്തുവിട്ട ബിജെപിയുടെ കുതിരക്കച്ചവട സിഡിയിലെ ദൃശ്യങ്ങള്‍ വിശ്വസിക്കാമെങ്കില്‍ മറുകണ്ടം ചാടുന്ന എംഎല്‍എയ്ക്ക് ലഭിക്കുന്നത് 25 കോടി രൂപയാണ്.
രാഷ്ട്രീയകൂറുമാറ്റത്തിന് പണമൊഴുക്കിയതായി കര്‍ണാടകത്തില്‍ ആദ്യം ആക്ഷേപമുയര്‍ന്നത് 1984ലാണ്. അന്ന് കോലാറിലെ വെമ്മഗലില്‍നിന്നുള്ള എംഎല്‍എ സി ബൈറെ ഗൌഡയാണ് ആക്ഷേപം ഉന്നയിച്ചത്. പ്രതിസ്ഥാനത്ത് ഇപ്പോഴത്തെ കേന്ദ്ര നിയമമന്ത്രിയും അന്നത്തെ പ്രതിപക്ഷനേതാവുമായിരുന്ന എം വീരപ്പമൊയ്ലി. രാമകൃഷ്ണ ഹെഗ്ഡെയുടെ ജനത സര്‍ക്കാരിനെ വീഴ്ത്താന്‍ കൂറുമാറി കോണ്‍ഗ്രസ് പാളയത്തിലെത്താന്‍ മൊയ്ലി രണ്ടുലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം അന്ന് കര്‍ണാടകരാഷ്ട്രീയത്തെ പിടിച്ചുകുലുക്കി. ഈ സംഭവത്തിനും ഒരു വര്‍ഷം കഴിഞ്ഞാണ് കുറുമാറ്റനിരോധനനിയമം രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നത്. ആരോപണം തെളിയിക്കാന്‍ മൊയ്ലിയുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോടേപ്പും ബൈറെ ഗൌഡ പുറത്തുവിട്ടു. എന്നാല്‍, ഇലക്ട്രോണിക് തെളിവുകളുടെ ആധികാരികതയില്‍ സംശയം ഉന്നയിച്ച് സംഭവത്തെ കുറിച്ച് അന്വേഷിച്ച എന്‍ ഡി വെങ്കിടേഷ് കമീഷന്‍ മൊയ്ലിയെ കുറ്റവിമുക്തനാക്കി.
ബിജെപി എംഎല്‍എ സുരേഷ് ഗൌഡ ജെഡിഎസ് എംഎല്‍എ എസ് ആര്‍ ശ്രീനിവാസന് 25 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനംചെയ്യുന്നതിന്റെ ദൃശ്യമാണ് കഴിഞ്ഞദിവസം ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി പുറത്തുവിട്ടത്. കര്‍ണാടകത്തിലെ മുന്‍ പിസിസി അധ്യക്ഷന്‍ വി എസ് കൌജാലജി കരാറുകാരിനില്‍നിന്ന് കോടികള്‍ കൈപ്പറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് 2001ല്‍ ഏറെ കോളിളക്കം സൃഷ്ടിച്ചു. ജെഡിഎസാണ് സിഡി പുറത്തുവിട്ടത്. കൌജാലജിയുടെ രാഷ്ട്രീയഭാവിക്ക് തിരിച്ചടിയേറ്റെന്നല്ലാതെ അഴിമതിക്കേസ് എങ്ങുമെത്തിയില്ല.
ജെഡിഎസ് നേതാവും മുന്‍ മന്ത്രിയുമായ സി ചെന്നിഗപ്പ സ്യൂട്ട്കേസുകളുമായി ഹെലികോപ്റ്ററില്‍ കയറുന്ന ദൃശ്യങ്ങളടങ്ങിയ സിഡി ബെല്ലാരിയിലെ ഖനനമാഫിയ തലവനും മന്ത്രിയുമായ ജനാര്‍ദനറെഡ്ഡി 2006ല്‍ പുറത്തുവിട്ടു. ദൃശ്യങ്ങള്‍ വൃക്തമായില്ലെങ്കിലും ഈ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ബിജെപി മന്ത്രി ഹര്‍ത്താലു ഹാലപ്പയ്ക്ക് മന്ത്രിസ്ഥാനം നഷ്ടമായതും സുഹൃത്തിന്റെ ഭാര്യയുമൊത്തുള്ള മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടെങ്കിലും കേസില്‍ ഇപ്പോള്‍ പരാതിക്കാര്‍ പ്രതിയായ അവസ്ഥയാണ്. പെവാണിഭസ്വാമി നിത്യാനന്ദയും സിഡി ദൃശ്യങ്ങളില്‍ കുരുങ്ങിയെങ്കിലും കേസ് എങ്ങും എത്തിക്കാനാകാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ നെട്ടോട്ടത്തിലാണ്. നിത്യാനന്ദനെതിരെ സാക്ഷിമൊഴി നല്‍കാന്‍ ആളില്ലെന്നതാണ് പൊലീസിനെ അലട്ടുന്നത്.
ദേശാഭിമാനി 241010
No comments:
Post a Comment