കോയമ്പത്തൂര്‍: ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനുമായി ഡി.എം.കെ. പുലര്‍ത്തുന്ന അതിരുവിട്ടബന്ധം വരുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് തമിഴ്‌നാട് പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് നല്കി. എ.ഐ.എ.ഡി.എം.കെ.യുടെ ശക്തികേന്ദ്രമായ കോയമ്പത്തൂരില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ഡി.എം.കെ.യുടെ ഭാവിസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട്‌നല്കാന്‍ ഡി.എം.കെ. നേതൃത്വമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായം തേടിയത്.
സാന്‍റിയാഗോ മാര്‍ട്ടിനും ഡി.എം.കെ.നേതൃത്വവും തമ്മില്‍ അതിരുവിട്ട ബന്ധമുണ്ടെന്ന് കഴിഞ്ഞയാഴ്ച മധുരയിലെ പൊതുയോഗത്തില്‍ ജയലളിത പ്രസംഗിച്ചതിന്റെ പശ്ചാത്തലത്തിലാണ് രഹസ്യാന്വേഷണവിഭാഗം പോലീസിന്റെ സേവനം ഡി.എം.കെ.നേതൃത്വം തേടിയത്.
മാര്‍ട്ടിനെതിരെ തമിഴ്‌നാട്‌പോലീസ് കൈക്കൊണ്ട 50ക്രിമിനല്‍ക്കുറ്റങ്ങളും പ്രത്യേക ഉത്തരവിലൂടെ തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചതില്‍ ജനങ്ങള്‍ അതൃപ്തരാണെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തല്‍.
കേസുമായി ബന്ധപ്പെട്ട് നാലുമാസത്തോളം ഒളിവില്‍പ്പോയ മാര്‍ട്ടിന്‍ ജാമ്യംനേടിയശേഷം പങ്കെടുത്ത ആദ്യ ചടങ്ങില്‍ സംസ്ഥാനത്തെ ഒരു മന്ത്രി പങ്കെടുത്തിരുന്നു. ലോട്ടറിനിരോധനം നടപ്പാക്കിയ തമിഴ്‌നാട്ടില്‍ മാര്‍ട്ടിന്റെബന്ധു നടത്തുന്ന ഏജന്‍സിയിലുടെ അന്യസംസ്ഥാന ലോട്ടറികള്‍ വ്യാപകമായി വിറ്റഴിക്കുന്നുണ്ട്. എന്നാല്‍ ഇത് തടയുന്നകാര്യത്തില്‍ പോലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നെന്ന ആരോപണവുമുണ്ട്.
തന്നെയുമല്ല ലോട്ടറിനിരോധനം നിലവിലുള്ള സംസ്ഥാനത്ത് ദിനംപ്രതി ലോട്ടറി ഫലപ്രഖ്യാപനമുള്‍ക്കൊള്ളുന്ന പത്രസമാനമായ ബുക്കുകള്‍ പുറത്തിറങ്ങുന്നുമുണ്ട്. ഇതിനെതിരെയും സര്‍ക്കാര്‍ നടപടിയൊന്നുമില്ല. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധമുള്ളവരുടെ പത്രസ്ഥാപനങ്ങളിലാണ് ഇത്തരം ലോട്ടറിപ്രസിദ്ധീകരണങ്ങള്‍ അച്ചടിക്കുന്നതെന്ന ആക്ഷേപവുമുണ്ട്.
2007ല്‍ ഭാരതിയാര്‍ സര്‍വകലാശാല തമിഴ്‌നാട് മുഖ്യമന്ത്രിക്ക് 'മുത്തമിഴ് വിത്തകര്‍' പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങില്‍ മാര്‍ട്ടിനും ഭാര്യ ലീമയ്ക്കും വി.ഐ.പി. സീറ്റൊരുക്കി. അന്ന് വിവിധ കേസുകളില്‍ ഉള്‍പ്പെട്ടയാളായിരുന്നു മാര്‍ട്ടിന്‍.
മോശം പ്രതിച്ഛായയുള്ള മാര്‍ട്ടിനെ ലോക ക്ലാസിക്കല്‍ തമിഴ്‌സമ്മേളനത്തിന്റെ സ്വീകരണക്കമ്മിറ്റിയില്‍ അംഗമാക്കിയതിലും ഡി.എം.കെ.അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അതൃപ്തിയുണ്ട്. തമിഴ്‌നാട്ടില്‍നിന്നുള്ള ജനകീയ പ്രസിഡന്‍റ് ഡോ.എ.പി.ജെ. അബ്ദുള്‍കലാമിനെ ക്ഷണിക്കാത്ത ലോക ക്ലാസിക്കല്‍ തമിഴ്‌സമ്മേളനത്തില്‍ മാര്‍ട്ടിനെ സ്വീകരണക്കമ്മിറ്റിയില്‍ അംഗമാക്കിയതാണ് പ്രതിഷേധത്തിന് കാരണം.
മുഖ്യമന്ത്രി എം. കരുണാനിധി തിരക്കഥയെഴുതിയ സിനിമയുടെ നിര്‍മാണം മാര്‍ട്ടിന്‍ നിര്‍വഹിക്കുന്നതും ഇപ്പോള്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്. പാര്‍ട്ടിനേതൃത്വവുമായി മാര്‍ട്ടിനുള്ള അതിരുവിട്ട ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് ജനസംസാരം.
തമിഴ്‌നാട് അഡ്വക്കെറ്റ്ജനറല്‍ മാര്‍ട്ടിനുവേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായത് തമിഴ്‌നാട് സര്‍ക്കാരിന്റെ ഒത്താശയോടെയാണെന്നും ജനങ്ങള്‍ വിശ്വസിക്കുന്നു.
സാന്‍റിയാഗോമാര്‍ട്ടിന്റെ തട്ടകമായ കോയമ്പത്തൂരില്‍ ഡി.എം.കെ. വരുന്ന തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏല്‍ക്കേണ്ടിവരുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തമിഴ്‌നാട് പോലീസിന്റെ പശ്ചിമമേഖലാ രഹസ്യാന്വേഷണവിഭാഗമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് തയ്യാറാക്കുംമുമ്പ് ഇവര്‍ കേരളത്തില്‍ മാര്‍ട്ടിന്റെ പ്രതിച്ഛായ എന്താണെന്നതുസംബന്ധിച്ച വിവരങ്ങളും ശേഖരിച്ചിരുന്നു.
No comments:
Post a Comment