Sunday, October 31, 2010

യുദ്ധക്കുറ്റത്തിന് യു.എസിനെ വിചാരണ ചെയ്യണം


മാധ്യമം മുഖപ്രസംഗം

വിക്കിലീക്‌സ് പുതുതായി പുറത്തുകൊണ്ടുവന്ന യു.എസ് സൈനിക രേഖകള്‍ സാമ്രാജ്യത്വത്തിന്റെ യഥാര്‍ഥമുഖം കൂടുതല്‍ വ്യക്തമാക്കിയിരിക്കുന്നു. അഫ്ഗാനിസ്താനില്‍ യു.എസ് പട്ടാളം ചെയ്തുകൂട്ടിയ പാതകങ്ങളുടെ തെളിവുകളായിരുന്നു കുറച്ചുമുമ്പ് വിക്കിലീക്‌സ് പുറത്തുവിട്ട രേഖകള്‍. ഇത്തവണത്തേത് ഇറാഖിലെ കുറ്റങ്ങളുടെ ആധികാരികമായ നേര്‍ച്ചിത്രങ്ങളാണ്. കഴിഞ്ഞ വെള്ളിയാഴ്ച വിക്കിലീക്‌സ് നാലുലക്ഷത്തോളം രഹസ്യരേഖകള്‍ പുറത്തുവിട്ടതുതന്നെ അമേരിക്കയുടെയും മറ്റും കടുത്ത സമ്മര്‍ദങ്ങളെയും ഭീഷണികളെയും മറികടന്നാണ്. അമേരിക്ക ഭയന്നത് എന്തായിരുന്നെന്നുകൂടി ഇപ്പോള്‍ വ്യക്തം. അവരുടെ ക്രൂരതകളും യുദ്ധനിയമലംഘനങ്ങളും ലോകമാകെ ഇപ്പോള്‍ അറിഞ്ഞിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യരേഖാ ചോര്‍ച്ച എന്നു വിളിക്കപ്പെടുന്ന ഈ വെളിപ്പെടുത്തലില്‍ 3,91,832 'ഇറാഖി വാര്‍ലോഗു'കള്‍ പരസ്യമായി.

2004 മുതല്‍ 2009 ഉള്‍പ്പെടുന്ന ആറുവര്‍ഷങ്ങളിലെ മനുഷ്യത്വഹീനമായ ചെയ്തികള്‍ യു.എസ് പട്ടാളക്കാരുടെ വാക്കുകളിലൂടെതന്നെ വെളിപ്പെട്ടിരിക്കുകയാണ്. 2004 മേയ്, 2009 മാര്‍ച്ച് മാസങ്ങളിലെ രേഖകള്‍ മാത്രമാണ് കിട്ടാതെയുള്ളത്. പുറത്തുവന്ന രേഖകളില്‍ മിക്കതും പൈശാചികതയുടെ സാക്ഷ്യങ്ങളാണ്. മൊത്തം ഒരു ലക്ഷത്തിലേറെ ജീവഹാനിയെപ്പറ്റി രേഖകളില്‍ പരാമര്‍ശമുണ്ട്. അതില്‍ 60,081 മരണം സിവിലിയന്മാരുടേതാണ്. യുദ്ധത്തില്‍ മരിച്ചവരില്‍ 60 ശതമാനത്തിലേറെയും സാധാരണക്കാരായിരുന്നു എന്നര്‍ഥം. ഈ ആറുവര്‍ഷങ്ങളില്‍ ഓരോ ദിവസം 31 പേര്‍ എന്നതോതില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 'കലാപകാരികള്‍' എന്നു വിളിക്കപ്പെട്ട ഇറാഖി പട്ടാളക്കാരും ഒളിപ്പോരാളികളും വേറെ. രേഖകളില്‍ വരാത്തതും യു.എസ് പട്ടാളക്കാര്‍ നേരിട്ട് അറിയുകയോ രേഖപ്പെടുത്തുകയോ ചെയ്യാത്തതുമായ കൊലകള്‍ ഇതിനു പുറമെയാണ്.

ഇതേവര്‍ഷങ്ങളിലെ അഫ്ഗാന്‍ അവസ്ഥയെപ്പറ്റി നേരത്തെ വിക്കിലീക്‌സ് പുറത്തുവിട്ട രേഖകള്‍ പ്രകാരം ആ നാട്ടില്‍ 20,000 സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. ഇറാഖിലെ യാങ്കീ ക്രൂരത അഞ്ചിരട്ടിയായിരുന്നു എന്ന് ഇന്ന് നാമറിയുന്നു. വ്യാപകമായി നടന്ന കൂട്ട മര്‍ദനം, സാധാരണക്കാരെ വെറുതെ വെടിവെച്ച് കൊല്ലല്‍, വീടുകള്‍ക്കുമേല്‍ വിമാനങ്ങളില്‍നിന്നുള്ള ആക്രമണം, ബ്ലാക്‌വാട്ടര്‍ പോലുള്ള 'സ്വകാര്യ പട്ടാളങ്ങളെ' ഉപയോഗിച്ചതും അവര്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം കൊടുത്തതും ഊഹാതീതവും മനുഷ്യമനസ്സിന് ഉള്‍ക്കൊള്ളാനാവാത്തതുമായ പീഡനമുറകള്‍ തുടങ്ങിയവ യു.എസ് പക്ഷം കെട്ടിപ്പൊക്കിയ സകല മനുഷ്യാവകാശ നാട്യങ്ങളെയും നിരാകരിക്കുന്നതാണ്. അമേരിക്കയും ബ്രിട്ടനും മറ്റു സഖ്യ രാജ്യങ്ങളും പ്രചരിപ്പിച്ചതെല്ലാം കള്ളമായിരുന്നെന്ന് അമേരിക്കയുടെതന്നെ ഔദ്യോഗികരേഖകള്‍ ഇപ്പോള്‍ തെളിയിക്കുന്നു. ഇറാഖ് അധിനിവേശത്തിനു പറഞ്ഞിരുന്ന കാരണങ്ങള്‍ (കൂട്ട നശീകരണായുധങ്ങള്‍ ഇല്ലാതാക്കണം, സദ്ദാം ഭരണകൂടത്തിന്റെ ഭീകരതയില്‍നിന്ന് രക്ഷകിട്ടണം) അസത്യമായിരുന്നെന്ന് നേരത്തെ തെളിഞ്ഞു; അപ്പോള്‍ ലോകത്തോട് യു.എസ് പറഞ്ഞത്, സദ്ദാമിന്റെ ക്രൂരതകളില്‍നിന്ന് ഇറാഖികളെ മോചിപ്പിക്കാന്‍ അധിനിവേശം അനിവാര്യമായിരുന്നു എന്നാണ്. ഇപ്പോള്‍ രേഖകള്‍തന്നെ തെളിയിക്കുന്നു, അധിനിവേശ സേനകളുടെ നിഷ്ഠുരതകള്‍ അനേകമടങ്ങ് കൂടുതലായിരുന്നു എന്ന്. ഇറാഖ് ആക്രമണത്തിനു പറഞ്ഞ ന്യായീകരണങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണ്. നിയമത്തെ നോക്കുകുത്തിയാക്കി ജനങ്ങളെ കൊല്ലുന്ന സദ്ദാമിനെ ശിക്ഷിക്കേണ്ടതുണ്ടെന്നു പറഞ്ഞ അമേരിക്ക ഒരുതരം നിയമവും പാലിച്ചില്ലെന്നാണ് യുദ്ധരേഖകള്‍ കാണിക്കുന്നത്. തീര്‍ച്ചയായും ഇത് യുദ്ധക്കുറ്റങ്ങളുടെ കൂട്ടത്തില്‍പെടുന്നതാണ്. അതുകൊണ്ടുതന്നെ യുദ്ധക്കുറ്റങ്ങളെന്ന നിലക്ക് ഈ ചെയ്തികളെ വിചാരണ ചെയ്യാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (.സി.സി)ക്ക് കഴിയണം. ഇറാഖില്‍ പട്ടാളം നടത്തിയ ചെയ്തികളെപ്പറ്റി യു.എസ് ഭരണകൂടത്തിന് അറിയാമായിരുന്നു. എന്നിട്ടും ആ പൈശാചികതകള്‍ തുടരാനാനുവദിക്കുകയാണ് ചെയ്തത്. ഇറാഖി പൊലീസ് നടത്തിയ മര്‍ദനങ്ങളെപ്പറ്റിയും അന്വേഷിച്ചില്ല. യു.എസ് ഭരണകൂടം കുറ്റകൃത്യങ്ങളില്‍ കൂട്ടുപ്രതിയാണെന്ന് വ്യക്തമാണ്. നീതിപുലരാന്‍ ഇനി ഐ.സി.സി വിചാരണയാണ് പോംവഴി. യു.എന്‍ രക്ഷാസമിതി അംഗമെന്ന നിലക്ക് ഇന്ത്യ അതിനുവേണ്ടി ശബ്ദമുയര്‍ത്തണം. ഇറാഖിലെ യു.എസ് ക്രൂരതകള്‍ക്കെതിരെ ഒട്ടനേകം പരാതികള്‍ ഐ.സി.സിക്ക് ഇതിനുമുമ്പുതന്നെ ലഭിച്ചിട്ടുണ്ട്. എന്നാല്‍, ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി നടപടിയെടുക്കാതെ മാറ്റിവെക്കുകയായിരുന്നു ഇതുവരെ. 2006ല്‍ ഇതേപ്പറ്റി വിശദീകരിച്ച ഐ.സി.സി ചീഫ് പ്രോസിക്യൂട്ടര്‍ ലൂയിസ് മൊറേനോ ഒകാബോ പറഞ്ഞത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, ഇറാഖ് അധിനിവേശം നിയമാനുസൃതമോ അല്ലയോ എന്ന പ്രശ്‌നമാണ് കുറെ പരാതികളുടെ മര്‍മം. ഇത് പക്ഷേ, .സി.സിയുടെ അധികാരപരിധിയില്‍ വരുന്നില്ല. അതേസമയം, യു.എസ് പട്ടാളം ഇറാഖില്‍ നടത്തിയ ക്രൂരതകളെക്കുറിച്ച പരാതികള്‍ കോടതിയുടെ പരിധിയില്‍ വരും. സിവിലിയന്മാരെ കൊല്ലല്‍, സിവിലിയന്മാരെ കരുതിക്കൂട്ടി മര്‍ദിക്കല്‍ തുടങ്ങിയവയായിരുന്നു പരാതിക്കാധാരമായ ഈ കുറ്റകൃത്യങ്ങള്‍. ഇതെല്ലാം ശിക്ഷാര്‍ഹമായ യുദ്ധക്കുറ്റങ്ങളാണെങ്കിലും അവ നടന്നു എന്നതിന് തെളിവ് ലഭ്യമല്ല എന്നായിരുന്നു മൊറേനോ ഒകാബോ അന്നു പറഞ്ഞത്. 'പുതിയ തെളിവുകളുടെ' വെളിച്ചത്തില്‍ ഈ നിലപാട് മാറ്റേണ്ടിവരാമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു. ആ ദിശയില്‍ സത്വര നടപടികള്‍ സ്വീകരിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. 
ഇറാഖിലും അഫ്ഗാനിസ്താനിലും മാത്രം ഒതുങ്ങുന്നതല്ല അമേരിക്കയുടെ കുറ്റകൃത്യങ്ങള്‍. മനുഷ്യരാശിക്കെതിരായ ആ നാട്ടിന്റെ അപരാധങ്ങളില്‍ കുറേയെണ്ണം 'ഭീകരവിരുദ്ധ യുദ്ധ'മെന്ന ലേബലില്‍ മറച്ചുവെക്കപ്പെട്ടിരിക്കുന്നു. ഗ്വണ്ടാനമോയിലെയും അബൂഗുറൈബിലെയും കിരാതമായ ചോദ്യം ചെയ്യല്‍ മുറകള്‍, നിരപരാധികളെ വേട്ടയാടല്‍ തുടങ്ങി മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച കുറ്റങ്ങള്‍ ശിക്ഷിക്കപ്പെടാതെ പോവുകയാണ്. ഇറാഖിലെ മുന്‍ ജനറല്‍ ആബിദ് ഹാമിദ് മൗഹൂശിനെ യു.എസ് പട്ടാളവും സി..എയും മറ്റും ചേര്‍ന്ന് ദിവസങ്ങളോളം അതികിരാതമായി മര്‍ദിച്ചു. അടിയേറ്റ് അവശനായ അയാളെ ചാക്കിലിട്ട് മൂടി വൈദ്യുതി കമ്പികള്‍കൊണ്ട് കെട്ടിവരിഞ്ഞ് ശ്വാസംമുട്ടിച്ച് കൊന്നു. ഇതിന് ഉത്തരവാദിയായ സൈനികന് കിട്ടിയ ശിക്ഷ, ഒരു ശാസനയും പിഴയും രണ്ടുമാസത്തെ നല്ലനടപ്പുമായിരുന്നു. ഇത്തരത്തിലുള്ള ഒരുപാട് സംഭവങ്ങളുണ്ട്. സൈനികരെന്നോ സിവിലയന്മാരെന്നോ വ്യത്യാസമില്ലാതെ മനുഷ്യര്‍ ഇരയാക്കപ്പെട്ടു. ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ അനേകം രാജ്യങ്ങളിലെ അനേകം മനുഷ്യരെ കൊല്ലാക്കൊല ചെയ്തതിനൊന്നും ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല.

വിക്കിലീക്‌സ് വെളിച്ചം വീശുന്ന സത്യങ്ങള്‍ നടുക്കമുണ്ടാക്കുന്നു. അതേസമയം, അവ ലോകത്തിനു പുതിയ അവസരം നല്‍കുകയും ചെയ്യുന്നു. മാടമ്പിമാരെ പിടിച്ചുകെട്ടി ശിക്ഷിക്കാനും മനുഷ്യത്വവും നിയമവാഴ്ചയും നീതിയും വീണ്ടെടുക്കാനും കിട്ടിയ അവസരം. ഇത് പാഴായികൂടാ.

No comments: