Friday, November 5, 2010

ലോട്ടറിക്കേസിലെ കേന്ദ്ര നിലപാട്; കോണ്‍ഗ്രസ് സമ്മര്‍ദത്തില്‍


ലോട്ടറിക്കേസിന് വീണ്ടും സജീവത കൈവന്നതോടെ കോണ്‍ഗ്രസും യു.ഡി.എഫും സമ്മര്‍ദത്തില്‍. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്രം സ്വീകരിക്കുന്ന നിലപാട് എന്താകുമെന്ന ആശങ്കയാണ് മുന്നണിക്കും പാര്‍ട്ടിക്കും.


കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ മാര്‍ട്ടിനും കൂട്ടരും ചരടുവലികള്‍ നടത്തുന്ന സാഹചര്യത്തില്‍ മുഖം നഷ്ടപ്പെടുത്തുന്ന തീരുമാനമാകുമോ കേന്ദ്രത്തിന്റെതെന്ന പേടി നേതൃത്വത്തിനുണ്ട്. മാര്‍ട്ടിനുവേണ്ടി കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി ഹൈകോടതിയില്‍ ഹാജരായ നടപടി ഏല്‍പ്പിച്ച ആഘാതം മറികടക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ഏറെ പണിപ്പെടേണ്ടിവന്നിരുന്നു.

പേപ്പര്‍ ലോട്ടറി നികുതി നിയമത്തില്‍ ഭേദഗതി  കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിലെ നാലാം വകുപ്പ് പാലിക്കുന്ന ലോട്ടറികളില്‍നിന്ന് മാത്രമേ മുന്‍കൂര്‍ നികുതി ഈടാക്കൂവെന്നതാണ് പ്രധാന ഭേദഗതി. ഇതോടൊപ്പം നികുതി നിരക്കില്‍ ഗണ്യമായ വര്‍ധനയും വരുത്തി. ലോട്ടറിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറാണ് നിയമനിര്‍മാണങ്ങള്‍ നടത്തേണ്ടതെന്നും സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ കേന്ദ്രത്തിന്റെ അധികാരങ്ങള്‍ കവരുകയാണ് ചെയ്തതെന്നുമാണ് ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് സമര്‍പ്പിച്ച ഹരജിയിലെ മുഖ്യവാദം. ഇന്ത്യയും ഭൂട്ടാനും തമ്മിലെ വ്യാപാര ഉടമ്പടിക്ക് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാറിന്റെ നടപടിയെന്നും ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രത്തിന്റെ നിഷ്‌ക്രിയത്വമാണ് ലോട്ടറി നിയമം ലംഘിക്കുന്നതിന് സഹായകമാകുന്നതെന്ന് ആരോപിച്ചു. മേഘയുടെ ഹരജി തീര്‍പ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് സുപ്രധാനമാണെന്ന വാദവുമുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം നിര്‍ണായകമാണ്.

ലോട്ടറി കാര്യത്തില്‍ സൂക്ഷ്മതയോടുള്ള സമീപനം വേണമെന്ന ആവശ്യം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രി മുമ്പാകെ ഉന്നയിച്ചു. എന്നാല്‍, മന്ത്രാലയങ്ങളുടെ തീരുമാനം പലപ്പോഴും ഉദ്യോഗസ്ഥ തലത്തിലാണ് ഉണ്ടാകുന്നത് എന്നതിനാല്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്ന രീതിയില്‍ സമീപനം കേന്ദ്രത്തില്‍നിന്ന് വരുമോ എന്ന് സംശയമാണ്. ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നു.

അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ പിന്തുണക്കാമെന്ന് യു.ഡി.എഫ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ഇക്കാര്യത്തില്‍ തുറന്ന കത്തും എഴുതി. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നടപടിയെ പിന്തുണക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറായില്ലെങ്കില്‍ രാഷ്ട്രീയമായി വന്‍ തിരിച്ചടിയാകും കോണ്‍ഗ്രസിനും യു.ഡി.എഫിനും.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കേ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ഇടതുപക്ഷത്തിന് സാഹചര്യം ഒരുക്കുന്ന തീരുമാനം ഉണ്ടാകുന്നത് ആത്മഹത്യാപരമാണെന്ന തിരിച്ചറിവും കോണ്‍ഗ്രസിനുണ്ട്

No comments: