Wednesday, February 2, 2011

വിജിലന്‍സ് കമ്മീഷണര്‍ പി.ജെ തോമസിനെ ഇനിയും സംരക്ഷിക്കുന്നതെന്തിന്?

കേന്ദ്രവിജിലന്‍സ് കമ്മീഷണര്‍ അടക്കമുള്ള ഉന്നതസ്ഥാനങ്ങളിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ എന്തെല്ലാം യോഗ്യതകളാണ് മാനദണ്ഡമാക്കാറുള്ളത്? ഇത്തരം പദവികളിലേക്ക് ഒരാളെ പരിഗണിക്കുമ്പോഴോ പുറത്താക്കുമ്പോഴോ എന്തെല്ലാം നിയമനടപടികളാണ് അവലംബിക്കാറുള്ളത്? വിജിലന്‍സ് കമ്മീഷണര്‍ പി.ജെ തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ഉന്നയിച്ച സംശയങ്ങളാണിവ. നിലവിലെ മാനദണ്ഡങ്ങളെല്ലാം അവഗണിച്ചാണ് പി.ജെ തോമസിനെ കേന്ദ്രവിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്ത് അവരോധിച്ചതെന്ന സംശയമാണ് കോടതിയുടെ പരാമര്‍ശങ്ങളില്‍ നിന്നും വായിച്ചെടുക്കേണ്ടത്.

കേരള മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്റെ മരണത്തോടെയാണ് പാമോലിന്‍ കേസ് തോമസിനേയും കേന്ദ്രസര്‍ക്കാറിനേയും ഒരുപോലെ വേട്ടയാടാന്‍ തുടങ്ങിയത്. തുടര്‍ന്ന് പാമോലിന്‍ കേസിലെ സ്‌റ്റേ നടപടികള്‍ നീക്കുകയും തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതിയില്‍ തുടര്‍നടപടികള്‍ ആരംഭിക്കുകയും ചെയ്തു. പി.ജെ തോമസിന്റെ നിയമനത്തെയും ഇതില്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുമുണ്ടായ ഇടപെടലുകളെയും ഖണ്ഡിച്ചുകൊണ്ട് സ്വാഭാവികമായും സുപ്രീംകോടതിയിലും ഹരജിയെത്തി.
തുടര്‍ന്നാണ് തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട നാറിയ കഥകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. സര്‍വ്വീസ് ബുക്കില്‍ ‘ബ്ലാക്ക് മാര്‍ക്കുകളൊന്നും’ വീഴാത്ത ആളാണ് തോമസെന്നും ഈ സത്യസന്ധതയാണ് അദ്ദേഹത്തെ വിജിലന്‍സ് കമ്മീഷണര്‍ പദവി നല്‍കാന്‍ പ്രേരണയായതെന്നും കേന്ദ്രം സുപ്രീംകോടതിയെ ബോധിപ്പിച്ചു. എന്നാല്‍ കളി കാര്യമാകുമെന്ന ഘട്ടമെത്തിയപ്പോള്‍ കേന്ദ്രം കൈകഴുകി.

പാമോലിന്‍ കേസില്‍ തോമസിനെതിരേ കേരളത്തില്‍ ക്രിമിനല്‍ കേസുള്ളത് അറിഞ്ഞിരുന്നില്ലെന്ന വാദമാണ് കേന്ദ്രത്തിനായി ഹാജരായ അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്. ദേശീയതലത്തില്‍ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ മുഖ്യപ്രതികളിലൊരാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു.

എന്നാല്‍ തോമസിന്റെ നിയമനവേളയില്‍ തന്നെ പാമോലിന്‍ കേസിന്റെ കാര്യം ശ്രദ്ധയില്‍പെടുത്തിയെന്ന സുഷമ സ്വരാജിന്റെ പ്രസ്താവന കേന്ദ്രത്തെ വീണ്ടും പ്രതിക്കൂട്ടിലാക്കി. ഇതുവ്യക്തമാക്കി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. തുടര്‍ന്ന് രാജിവെച്ചൊഴിയാന്‍ തോമസിനോട് കേന്ദ്രം ആവശ്യപ്പെടുമെന്ന സ്ഥിതി വരെയെത്തി കാര്യങ്ങള്‍.

യഥാര്‍ത്ഥ വസ്തുതകള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. കേരളത്തില്‍ ഭക്ഷ്യ-സിവില്‍സപ്ലൈസ് സെക്രട്ടറിയായിരുന്ന കാര്യം തോമസ് കേന്ദ്രപേഴ്‌സണല്‍ മന്ത്രാലയത്തില്‍ നിന്നും മനപ്പൂര്‍വ്വം മറച്ചുവെച്ചതാണെന്ന് പിന്നീട് വ്യക്തമായി. സീനിയര്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്റ ഭാഗത്തുനിന്നുമുണ്ടായ വീഴ്ച്ചയായിരുന്നു ഇത്. ഉന്നതപദവികള്‍ക്കായി പഴയകാല ചരിത്രം മറച്ചുവെച്ചെന്ന കുറ്റകരമായ നടപടിയാണ് തോമസ് നടത്തിയത്. ഒടുവില്‍ തോമസിനെതിരേ കേസുണ്ടായിരുന്നത് അറിയാമായിരുന്നുവെന്ന ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ പ്രസ്താവനയോടെ നാടകം ഒന്നുകൂടി കൊഴുത്തു.

വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്തേക്കുള്ള നിയമനം എല്ലാ മാനദണ്ഡങ്ങളും മറികടന്നാണെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. 1972 ബാച്ചിലെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ മറികടന്ന് 73 ബാച്ചിലെ തോമസിനെ പ്രതിഷ്ഠിച്ചത് ഉദ്യോഗസ്ഥ തലത്തില്‍ തന്നെ മുറുമുറുപ്പുണ്ടാക്കിയിരുന്നു.
ഇവിടെയാണ് ചില ചോദ്യങ്ങള്‍ ഉയരുന്നത്. കേരളത്തിലെ ഭക്ഷ്യ-സിവില്‍ സപ്ലൈക് സെക്രട്ടറിയായിരുന്നുവെന്ന കാര്യം എന്തിന് തോമസ് മറച്ചുവെച്ചു? തോമസിനെതിരേ ക്രിമിനല്‍ കേസുണ്ടെന്ന കാര്യം അറിയില്ലെന്ന കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍ വിശ്വസിക്കാമോ? വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്തേക്കുള്ള തോമസിന്റെ ബയോഡാറ്റാ തയ്യാറാക്കിയത് പേഴ്‌സണല്‍ വകുപ്പാണ്.

പാമോലിന്‍ കേസില്‍ തേമസിനെ വിചാരണചെയ്യാന്‍ അനുമതി തേടി കേരളം നല്‍കിയ അപേക്ഷ ഉണ്ടായിരുന്നിട്ടുകൂടി എന്തിന് പേഴ്‌സണല്‍ വകുപ്പ് തോമസിന് ഗ്രീന്‍ സിഗ്നല്‍ നല്‍കി? അഴിമതിക്കെതിരേയും കൊള്ളപ്പണത്തിനെതിരേയും യുദ്ധം പ്രഖ്യാപിച്ച കോണ്‍ഗ്രസ് എന്തിന് അഴിമതിക്കാരനെന്ന് ആരോപിക്കപ്പെട്ട തോമസിനെ വിജിലന്‍സ് കമ്മീഷണറാക്കി? ഉത്തരം നല്‍കാന്‍ കേന്ദ്രവും തോമസും ഒരുപോലെ ബാധ്യസ്ഥരാണ് .

എന്തിനാണ് ഇത്രയധികം ത്യാഗം സഹിച്ച് കേന്ദ്രം തോമസിനെ സംരക്ഷിക്കുന്നത്? സ്‌പെക്ട്രം വിഷയത്തില്‍ ടെലികോം സെക്രട്ടറി എന്ന നിലയില്‍ തന്റെ റോള്‍ ഭംഗിയായി നിര്‍വ്വഹിച്ചതിനുള്ള പ്രത്യുപകാരമാണോ ഇത്? അതോ എന്തൊക്കെ സമ്മര്‍ദ്ദങ്ങളുണ്ടായാലും ഭരിക്കുന്ന പാര്‍ട്ടിയുടെ തീരുമാനം ജയിക്കണം എന്ന ദുര്‍വാശിയോ?
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ആദര്‍ശ് ഫ് ളാറ്റ് കുംഭകോണം, സ്‌പെക്ട്രം അഴിമതി എന്നീ വിവാദങ്ങളുടെ നടുവിലേക്കാണ് തോമസ് രംഗപ്രവേശം നടത്തിയിരിക്കുന്നത്. തോമസിനെ പുറത്താക്കാന്‍ കേന്ദ്രം തയ്യാറാകുമോ അതോ നാണംകെട്ടും സംരക്ഷിക്കാന്‍ തയ്യാറാകുമോ എന്ന കാര്യം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വ്യക്തമാകും.

No comments: