കസ്തൂരി രംഗന് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് പ്രസിദ്ധീകരിച്ചു. പരിസ്ഥിതി സംരക്ഷിത പ്രദേശത്തെ ഖനനങ്ങളും റെഡ് കാറ്റഗറിയല്‍ പെട്ട വ്യവസായങ്ങളും നിരോധിക്കണമെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ നിലവിലെ കൃഷി സംരക്ഷിക്കാനും ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കാനും ശുപാര്‍ശ ചെയ്യുന്നു. വരുന്ന കാലഘട്ടത്തില്‍ പ്രകൃതി സംരക്ഷിക്കേണ്ടതിന്റേയും ആഗോള താപനം തടയുന്നതിന് വേണ്ടിയുമുള്ള ശുപാര്‍ശകളില്‍ കര്‍ഷക ദ്രോഹ നടപടികളില്ലെന്നാണ് പ്രത്യേകത.
കസ്തൂരി രംഗന് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കരട് രൂപം പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ഹര്‍ത്താല്‍ നടത്തി പ്രതിഷേധിച്ച കേരളം റിപ്പോര്‍ട്ടിനെ കുറിച്ച് മനസിലാക്കാതെ പ്രതികരിച്ചെന്നാണ് വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ മലയോര മേഖലയിലെ ജനങ്ങളുടെ ജീവിതവും കൃഷിയും നശിക്കുമെന്ന് ആരോപിക്കുന്നുണ്ടെങ്കിലും കാര്യമായി ബാധിക്കുന്നത് ഖനനങ്ങളെ മാത്രമാണ്. കസ്തൂരി രംഗന് കമ്മിറ്റി റിപ്പോര്‍ട്ട് പ്രധാനമായും നടപ്പില്‍ വരുത്തുന്നത് ബാധിക്കുന്നത് കേരളം ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളെയാണ്. ആറ് സംസ്ഥാനങ്ങളില്‍ ഏകദേശം 1500 കിലോ മീറ്റര്‍ നീളത്തിലും 1,64,280 ചതുരശ്ര കിലോ മീറ്റര്‍ വിസ്തൃതിയിലുമായി വ്യാപിച്ചു കിടക്കുന്ന തട്ടുകളെയാണ് ഇത് ബാധിക്കുന്നതും.
പശ്ചിമ ഘട്ടത്തിന്റ 60 ശതമാനം മനുഷ്യവാസമുള്ള പ്രദേശങ്ങള്‍ , കൃഷിത്തോട്ടങ്ങള്‍ എന്നിവയുള്‍പ്പെടുന്ന സാംസ്കാരിക ഭൂപ്രദേശങ്ങളായാണ് കണക്കാക്കിയിരിക്കുന്നത്. ബാക്കി വരുന്നതില്‍ ഏകദേശം 60,000 ചതപരശ്ര കിലോ മീറ്ററായി വ്യാപിച്ച് കിടക്കുന്ന ഭാഗത്ത് ജനസാന്ദ്രത കുറവുള്ളതും വിഘാതങ്ങളില്ലാതെ തുടര്‍ച്ചയായി കാണപ്പെടുന്നതും ഇവിടെയാണ് കൂടുതല്‍ സംരക്ഷിണം നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതും. പരിസ്ഥിതിയെ നശിപ്പിക്കുന്നതും പാരിസ്ഥികമായി വലിയ ആഘാതമുണ്ടാക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ വേണ്ടെന്ന് വെക്കണമെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ തദ്ദേശീയി സമൂഹത്തില്‍ ജീവിക്കുന്നവര്‍ക്ക് സാമ്പത്തിക ഉന്നമനത്തിനാവശ്യമായ സഹായകമായ പരിസ്ഥിതികള്‍ നല്‍കണമെന്ന് പറയുന്നു.
ഇടുക്കിയിലും വയനാട്ടിലും ഏലം കാപ്പി ,തുടങ്ങിയ വിളകള്‍ കൃഷി ചെയ്യുന്ന കര്‍ഷകരോട് സൗഹൃദപരമായ നിലപാടാണ് സമിതി സ്വീകരിച്ചിക്കുന്നത്. ഈ പ്രദേശങ്ങളില്‍ മനുഷ്യരും പ്രകൃതിയും തമ്മില്‍ പൊരുത്തം ഉണ്ടാകണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. പരിസ്ഥിതി മൃദുല പ്രദേശങ്ങളില്‍ ഖനനം പാറഖനനം, മണല്‍ വാരല്‍ എന്നിവ നിരോധിക്കണമെന്നും ഇപ്പോള്‍ ഖനനം നടക്കുന്ന പ്രദേശങ്ങളില്‍ അടുത്ത 5 വര്‍ഷത്തിനുള്ളിലോ ഖനന കാലാവധി കഴിയുമ്പോഴോ നിരോധിക്കണമെന്നോ ആവശ്യപ്പെടുന്നു.. പരിസ്ഥിതി മൃദുല പ്രദേശങ്ങളില്‍ താപ വൈദ്യുത പദ്ധതികള്‍ അനുവദനീയമല്ല. എന്നാല്‍ ചില ഉപാധികളോടെ ജല വൈദ്യുതി പദ്ധതികളെ അനുവദിക്കാനും ശുപാര്‍ശ ചെയ്യുന്നു.
പരിസ്ഥിതി ആഘാതം സംബന്ധിച്ച നോട്ടിഫിക്കേഷനില്‍ കാറ്റാടിപ്പാടത്തിനും റെഡ് കാറ്റഗറി വ്യാവസായങ്ങള്ക്കും നിരോധനമുണ്ട്. 20,000 ചതുരശ്ര മീറ്ററിലേറേ വ്യാപ്തിയുള്ള കെട്ടിടങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പുതിയ ടൗണ്‍ഷിപ്പുകളും പാടില്ല. പരിസ്ഥിതി സൗഹൃദ വികസനത്തിന് ധനസഹായം നല്കുവാനും പരിസ്ഥിതി വികസനം പ്രോത്സാഹിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. കൂടാതെ 12 ആം പഞ്ചവത്സര പദ്ധതിയില്‍ പശ്ചിമ ഘട്ട വികസനത്തിന് ആയിരം കോടി രൂപ വകയിരിത്തുവാനും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പശ്ചിമ ഘട്ട മേഖലയിലെ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും ജൈവോല്‍പ്പന്നങ്ങളെ ബ്രാന്‍ഡ് ചെയ്ത് രാജ്യാന്തര വിപണിയില്‍ എത്തിക്കുകയും സുസ്ഥിര വിനോദ സഞ്ചാര ടൂറിസ പദ്ധതികള്‍ പരിസ്ഥിതി ആഘാത പഠനത്തിന് വിധേയമാക്കാനും നിര്‍ദ്ദേശമുണ്ട്.
പ്രദേശിക സമൂഹത്തിന്റെ ഉപജീവനത്തെയും ദരിദ്ര ജനവിഭാഗങ്ങളുടെ ആവശ്യം കണക്കിലെടുത്താവണം പരിസ്ഥിതി മൃദുല പ്രദേശങ്ങളുടെ മാപ്പിംഗ് നടത്തേണ്ടത്. സമൂഹത്തിലുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തിനാവശ്യമായ സസ്യയിനങ്ങള്‍ നട്ടു വളര്‍ത്തണം, ആതിരപ്പള്ളി ജലവൈദ്യുതി പദ്ധതി സംബന്ധിച്ച പുനര്‍ മൂല്യ നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ ജല ആവാസ വ്യവസ്ഥകളുടെ നിലനില്‍പ്പും ജീവ സന്ധാരണവും സംബന്ധിച്ച പഠനം നടത്തിയശേഷം സര്‍ക്കാരിന് താല്പര്യമുണ്ടെങ്കില് ഇതു സംബന്ധിച്ച് പ്രൊപ്പോസല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കാം.
Report By: