Monday, November 6, 2017

അമേരിക്കയിലെ തോക്കു സംസ്കാരം


യുഎസില്‍ ദിവസവും കൈത്തോക്കുമായി പുറത്തിറങ്ങുന്നതു 30 ലക്ഷം പേരെന്നു പഠനം. നിറതോക്കുമായി പുറത്തുപോകുന്നവരില്‍ കൂടുതലും ചെറുപ്പക്കാരാണെന്നും അമേരിക്കന്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ജേണലി‍ല്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.

ഓരോ വര്‍ഷവും തോക്കുപയോഗിച്ചുള്ള കൊലപാതകത്തില്‍ 10000 പേരോളം അമേരിക്കയില്‍ മരിക്കുന്നു, 20000 പേരോളം തോക്കുപയോഗിച്ച് ആത്മഹത്യ ചെയുന്നു.

അമേരിക്കന്‍ ജനസംഖ്യയില്‍ 13 % മാത്രം വരുന്ന ആഫ്രിക്കന്‍ വംശജരായ അമേരിക്കക്കാരാണ് തോക്കുപയോഗിച്ച് മരിക്കുന്നവരില്‍ പകുതിയും എന്നത് കൂടുതല്‍ പഠന വിധേയമാക്കേണ്ടതാണ്.

ലോക ജന സംഖ്യയില്‍ 4.4 % മാത്രം വരുന്ന അമേരിക്കക്കാരാണ് ലോകത്ത് തോക്കുള്ള സിവിലിയന്മാരില്‍ 50 %. 88% പേര്‍ക്കും തോക്കുള്ള രാജ്യമാണ് അമേരിക്ക.

2013 മുതല്‍ കഴിഞ്ഞ മാസം വരെ 1518 കൂട്ടക്കുരുതികളാണ് അമേരിക്കയില്‍ ഉണ്ടായത്. ഇതില്‍ 1715 പേര്‍ മരണമടഞ്ഞു. അതായത്, ഓരോ ദിവസവും തോക്കുപയോഗിച്ചുള്ള ഓരോ കൂട്ടക്കുരുതി. (നാല് പേരില്‍ കൂടുതല്‍ മരിക്കുന്ന സംഭവത്തെയാണ് മാസ്സ് ഷൂട്ടിങ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്)
വാഹനം ഓടിക്കാന്‍ ലൈസന്‍സ് നിര്‍ബ്ബന്ധമുളള യുഎസില്‍ തോക്ക് വാങ്ങാനോ ഉപയോഗിക്കാനോ പക്ഷെ പൗരന്‍മാര്‍ക്ക് നിയന്ത്രണമില്ല.

കൈത്തോക്ക് മുതല്‍ മാരകശേഷിയുളള ബോംബുകള്‍ വരെ വാങ്ങുകയും കൈവശം വെയ്ക്കുകയും ചെയ്യാം. എന്നാല്‍, സ്കൂള്‍ കുട്ടികള്‍ തമ്മിലെ വൈരം പോലും അവസാനിക്കുന്നത് തോക്കിന്‍ കുഴലിലൂടെ എന്ന സ്ഥിതിയാണ് ഇന്ന് അമേരിക്കയിലുളളത്.

ഭരണതലത്തില്‍ ശക്തമായ സ്വാധീനമുളള ആയുധ ലോബിയെ എതിര്‍ത്ത് പുതിയ നിയമം കൊണ്ടു വരാന്‍ പ്രസിഡന്‍റുമാര്‍ക്ക് പോലും കഴിയുന്നില്ല. അമേരിക്കയിലെ രാഷ്ട്രീയ കക്ഷികളായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും റിപബ്ലിക്കന്‍ പാര്‍ട്ടിയുടെയും പ്രസിഡന്‍റ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് കോടിക്കണക്കിന് ഡോളറാണ് നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ചെലവാക്കുന്നത്.