Tuesday, December 14, 2010

കമല്‍നാഥിന് കമീഷന്‍ 15 ശതമാനം

4 മന്ത്രിമാര്‍ കൂടി റാഡിയ ടേപ്പില്‍

കോര്‍പറേറ്റ് ഇടനിലക്കാരി നിര റാഡിയയുമായി നിരവധി കേന്ദ്രമന്ത്രിമാര്‍ക്ക് ബന്ധമുള്ളതായി രേഖകള്‍ പുറത്തുവന്നു. സ്പെക്ട്രം കുംഭകോണത്തില്‍ പുറത്തായ എ രാജ മാത്രമല്ല വാണിജ്യമന്ത്രി ആനന്ദ് ശര്‍മ, ഉപരിതല ഗതാഗതമന്ത്രി കമല്‍നാഥ്, പെട്രോളിയം മന്ത്രി മുരളി ദേവ്റ, വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ എന്നിവരും മന്ത്രിപദവും ഇഷ്ടവകുപ്പും കരസ്ഥമാക്കിയത് കോര്‍പറേറ്റുകളുടെ താല്‍പ്പര്യപ്രകാരമാണെന്ന് 'ഔട്ട് ലുക്ക്' പുറത്തുവിട്ട റാഡിയയുടെ ഫോസംഭാഷണങ്ങള്‍ വെളിപ്പെടുത്തുന്നു.

രണ്ടാം യുപിഎ മന്ത്രിസഭയുടെ ഘടനപോലും ചര്‍ച്ചചെയ്യുന്നതാണ് റാഡിയയുടെ ഫോസംഭാഷണങ്ങള്‍. പെട്രോളിയം മന്ത്രിയായി മുരളി ദേവ്റയെ നിയമിച്ചത് മുകേഷ് അംബാനിയാണെന്നും വിജയ് മല്യ അടക്കമുള്ള വമ്പന്മാര്‍ക്കുവേണ്ടി മാത്രമാണ് വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ പണിയെടുക്കുന്നതെന്നും സംഭാഷണങ്ങള്‍ വെളിപ്പെടുത്തുന്നു. അംബാനി സഹോദരന്മാര്‍ തമ്മിലുള്ള വാതകത്തര്‍ക്കം കോടതിക്കു പുറത്ത് പരിഹരിക്കപ്പെടുകയാണെന്ന വാര്‍ത്ത പ്രചരിപ്പിച്ചത് മുരളി ദേവ്റയാണെന്നും ഇത് പ്രകൃതിവിഭവങ്ങള്‍ വീതംവയ്ക്കുന്നതില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടിയായിരുന്നെന്നും റാഡിയയും സഹായി മനോജ് വാര്യരും തമ്മില്‍ പറയുന്നുണ്ട്. 15 ശതമാനം കമീഷന്‍ നല്‍കിയാല്‍ എന്തുകാര്യവും നടത്തിത്തരുന്ന ആളാണ് ഗതാഗതമന്ത്രി കമല്‍നാഥെന്ന പരാമര്‍ശം ടേപ്പിലുണ്ട്.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) മുന്‍ മേധാവി തരുദാസാണ് റാഡിയയുമായുള്ള ചര്‍ച്ചയില്‍ ഈ പരാമര്‍ശം നടത്തിയത്. താനാണ് ഈ വകുപ്പ് കമല്‍നാഥിനു നല്‍കാന്‍ ചരടുവലിച്ചതെന്നും ഹൈവേ-റോഡ് നിര്‍മാണം തകൃതിയായി നടക്കുമ്പോള്‍ 'അയാള്‍ ജോലി ഭംഗിയായി നിര്‍വഹിക്കു'മെന്നും ദാസ് റാഡിയക്ക് ഉറപ്പുനല്‍കി. 'അപ്പോള്‍ ഇതും കമല്‍നാഥിന് ഒരു എടിഎം ആണെന്ന' റാഡിയയുടെ പരിഹാസം തരുദാസ് ശരിവയ്ക്കുന്നു. വാണിജ്യമന്ത്രിയായി ആനന്ദ് ശര്‍മ വന്നാല്‍ വിശ്വസ്ഥനായിരിക്കുമെന്നും തരുദാസ് റാഡിയക്ക് ഉറപ്പുനല്‍കുന്നുണ്ട്. ശര്‍മ പുതിയ ആളാണെന്നും അദ്ദേഹത്തെ കാര്യങ്ങള്‍ തങ്ങള്‍ക്ക് പറഞ്ഞുപഠിപ്പിക്കേണ്ടിവരുമെന്നും ദാസ് ഓര്‍മിപ്പിക്കുന്നു. ടേപ്പിലെ സംഭാഷണങ്ങള്‍ തന്റേതാണെന്നു സമ്മതിച്ച തരുദാസ് തന്റെ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യമായിപ്പോയെന്ന് പ്രതികരിച്ചു. കമല്‍നാഥിനോട് പരസ്യമായി മാപ്പുപറയുകയാണെന്നും പറഞ്ഞു.
(വിജേഷ് ചൂടല്‍)

നിര റാഡിയയും തരുദാസും തമ്മിലുള്ള സംഭാഷണം:

തരുദാസ്: നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി. ഞാനാണ് അയാള്‍ക്ക് (കമല്‍നാഥ്) ആ വകുപ്പ് നിര്‍ദേശിച്ചത്. ഹൈവേ നിര്‍മാണവും റോഡുനിര്‍മാണവും മുന്‍ഗണന കിട്ടുന്ന കാര്യമാണ്. അയാള്‍ നല്ല ജോലിചെയ്യും. ശരിക്കും ചെയ്യും... 15 ശതമാനം അയാള്‍ക്ക് സുഖമായി കിട്ടും. രാജ്യത്തെ സേവിക്കാം, പണവും ഉണ്ടാക്കാം.

നിര റാഡിയ: അപ്പോള്‍ ഇതും കമല്‍നാഥിന് ഒരു എടിഎം ആണ്.

എന്‍ കെ സിങ്ങും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന്

എന്‍ കെ സിങ്: വ്യോമയാനമന്ത്രാലയത്തിന്റെ പൂര്‍ണ ചുമതല കിട്ടിയില്ലെങ്കില്‍ പ്രഫുല്‍ പട്ടേല്‍ അസന്തുഷ്ടനാകും

നിര റാഡിയ: നരേഷ് ഗോയലിനും (ജെറ്റ് എയര്‍വേസ്) വിജയ് മല്യക്കും (കിങ്ഫിഷര്‍) വേണ്ടി പ്രവര്‍ത്തിക്കുന്ന പട്ടേല്‍ വ്യോമയാന മേഖലയെ തകര്‍ക്കും.

ദേശാഭിമാനി 14.12.10

ഇറാന്‍വാതകപദ്ധതി ഉപേക്ഷിക്കുന്നു

അമേരിക്കന്‍ എതിര്‍പ്പിനെ തുടര്‍ന്ന് ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകക്കുഴല്‍ പദ്ധതി ഉപേക്ഷിക്കാനൊരുങ്ങുന്ന ഇന്ത്യ താപി പദ്ധതിയില്‍ ഒപ്പുവച്ചത് അമേരിക്കന്‍ സമ്മര്‍ദം മൂലം. കാന്‍കുണിലെ കാലാവസ്ഥാ സമ്മേളനത്തില്‍ അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ വീണ്ടും അമേരിക്കന്‍ വിധേയത്വം പ്രകടമാക്കിയത്. തെക്കുകിഴക്കന്‍ തുര്‍ക്മെനിസ്ഥാനിലെ ദൌലത്താബാദില്‍ നിന്ന് സംഘര്‍ഷഭരിതമായ അഫ്ഗാനിസ്ഥാനിലൂടെ പാകിസ്ഥാന്‍ വഴി പഞ്ചാബിലെ ഫസില്‍ക്കയില്‍ എത്തുന്ന സങ്കീര്‍ണമായ വാതകക്കുഴല്‍ പദ്ധതിയിലാണ് ഇന്ത്യ ശനിയാഴ്ച ഒപ്പുവച്ചത്. തുര്‍ക്മെനിസ്ഥാന്‍ തലസ്ഥാനമായ അഷ്ഗാബാദില്‍ പെട്രോളിയം മന്ത്രി മുരളി ദേവ്റ, തുര്‍ക്മെനിസ്ഥാന്‍ പ്രസിഡന്റ് ഗുര്‍ബാംഗുലി ബെര്‍ദിമുഖമ്മദോവ്, അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, പാകിസ്ഥാന്‍ പ്രസിഡന്റ്് അസിഫ് അലി സര്‍ദാരി എന്നിവര്‍ കരാറില്‍ ഒപ്പിട്ടത്.

റഷ്യയും ഇറാനും ഖത്തറും കഴിഞ്ഞാല്‍ ഏറ്റവും വലിയ വാതകശേഖരമാണ് മധ്യേഷ്യന്‍ രാജ്യമായ തുര്‍ക്മെനിസ്ഥാനിലുള്ളത്-7.94 ലക്ഷം കോടി ക്യുബിക് അടി. 320 കോടി ക്യുബിക് അടി വാതകം ഇന്ത്യക്ക് നല്‍കുമെന്നാണ് കരാര്‍. മൊത്തം 760 കോടി ഡോളറിന്് അഞ്ചുവര്‍ഷത്തിനകം അമേരിക്കന്‍ കമ്പനി യുനോകള്‍ ആണ് പദ്ധതി നടപ്പാക്കുക. പാകിസ്ഥാനിലെ സുരക്ഷാ കാരണം പറഞ്ഞാണ് ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകക്കുഴല്‍ പദ്ധതി ഉപേക്ഷിക്കാന്‍ പോകുന്നത്. അതിനേക്കാള്‍ അരക്ഷിതമായ മേഖലയിലൂടെയാണ് തുര്‍ക്മെനിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍-ഇന്ത്യ (താപി) വാതകക്കുഴല്‍ കടന്നുപോകുന്നത്. 1680 കിലോമീറ്റര്‍ നീളമുള്ളതാണ് വാതകക്കുഴല്‍ പദ്ധതി. കുഴലിന്റെ 145 കിലോമീറ്റര്‍ തുര്‍ക്മെനിസ്ഥാനിലും 735 കിലോമീറ്റര്‍ അഫ്ഗാനിസ്ഥാനിലും 800 കിലോമീറ്റര്‍ പാകിസ്ഥാനിലുമാണ്. അഫ്ഗാനിസ്ഥാനില്‍ ഹെറാത്ത്, കാന്ദഹാര്‍ തുടങ്ങിയ താലിബാന്‍ ശക്തികേന്ദ്രങ്ങളിലൂടെയുംപാകിസ്ഥാനിലെ തീവ്രവാദപ്രവര്‍ത്തനം ശക്തമായ മുള്‍ട്ടാനിലൂടെയുമാണ് ഇത് കടന്നുപോകുക. ഈ വാതകക്കുഴലിനെ താലിബാന്‍ തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ലണ്ടനിലെ സെക്യൂരിറ്റി വിദഗ്ധന്‍ സ്റ്റ്യൂവര്‍ട്ട് ഗോര്‍ഡനെ ഉദ്ധരിച്ച് അമേരിക്കന്‍ ദിനപത്രമായ ക്രിസ്ത്യന്‍ സയന്‍സ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ പദ്ധതിയെ ആധുനിക സില്‍ക്ക് പാതയായും സമാധാനത്തിന്റെ വാതകക്കുഴല്‍ പദ്ധതിയായും മന്ത്രി മുരളി ദേവ്റ വിശേഷിപ്പിച്ചു. പദ്ധതിയിലൂടെ അഫ്ഗാനിലെ സംഘര്‍ഷബാധിത പ്രദേശത്ത് സമാധാനം സ്ഥാപിക്കാന്‍ കഴിയുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. എന്നാല്‍, വാതകക്കുഴലിന് സംരക്ഷണം നല്‍കാനാവില്ലെന്ന് നാറ്റോ വ്യക്തമാക്കിയിട്ടുമുണ്ട്.

താപി പദ്ധതിയില്‍ ഇന്ത്യ ഒപ്പിട്ടതോടെ ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകക്കുഴല്‍ പദ്ധതി ഉപേക്ഷിക്കുമെന്നുറപ്പായി. കഴിഞ്ഞവര്‍ഷം പോലും ഈ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന സൂചന ഇന്ത്യ നല്‍കിയിരുന്നു. എന്നാല്‍, അമേരിക്കയുടെ അഫ്ഗാന്‍-പാക് പ്രതിനിധി റിച്ചാര്‍ഡ് ഹോള്‍ബ്രൂക്ക് ആണ് ഈ പദ്ധതിയില്‍ നിന്ന് ഇന്ത്യയെ വീണ്ടും പിന്തിരിപ്പിച്ചത്. എന്നാല്‍, ഇറാനും പാകിസ്ഥാനും പദ്ധതിയുമായി മുന്നോട്ടുപോകുകയും ചെയ്തു. തെക്കന്‍ ഇറാനിലെ പരാസ് മേഖലയില്‍ നിന്ന് ദിനംപ്രതി 2.46 ക്യുബിക് അടി വാതകം ഇന്ത്യയില്‍ എത്തിക്കുന്നതായിരുന്നു 740 കോടി ഡോളറിന്റെ ഈ പദ്ധതി.
(വി ബി പരമേശ്വരന്‍)

deshabhimani 13.12.10

Sunday, December 12, 2010

കുതിക്കുന്ന എണ്ണവില

മാസംതോറും ഇന്ധനവില വര്‍ധിപ്പിക്കുന്ന സംവിധാനമേര്‍പ്പെടുത്തിക്കൊണ്ട് ജനങ്ങളെ കൊള്ളയടിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍വസ്വാതന്ത്ര്യവും നല്‍കിയിരിക്കുകയാണ് യുപിഎ സര്‍ക്കാര്‍. പെട്രോള്‍വില ലിറ്ററിന് ഒന്നരരൂപമുതല്‍ രണ്ടുരൂപവരെയും ഡീസല്‍വില ലിറ്ററിന് രണ്ടുരൂപയെന്ന നിലയിലും വര്‍ധിപ്പിക്കാനാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്.

ഇന്ധനത്തിന്റെ വിലനിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് ഏല്‍പ്പിച്ചുകൊടുത്ത കഴിഞ്ഞ ജൂണില്‍ത്തന്നെ ഇതിലെ ആപത്തിനെക്കുറിച്ച് ഞങ്ങള്‍ മുന്നറിയിപ്പു നല്‍കിയിരുന്നതാണ്. സര്‍ക്കാര്‍ വിലനിര്‍ണയാധികാരം കൈയൊഴിഞ്ഞതിനുശേഷമുള്ള ആറാമത്തെ വിലവര്‍ധനയാണ് ഇപ്പോള്‍ നടപ്പാകുന്നത്; അതായത് ആറുമാസത്തിനിടെ ആറുതവണ വര്‍ധന; മാസംതോറും വര്‍ധന.

പെട്രോള്‍, ഡീസല്‍ വില ഈവിധത്തില്‍ വര്‍ധിപ്പിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. കഴിഞ്ഞ വാര്‍ഷികപൊതുബജറ്റില്‍ത്തന്നെ 40,000 കോടി രൂപയുടെ അധികവരുമാനമുണ്ടാക്കാന്‍പാകത്തില്‍ വില വര്‍ധിപ്പിച്ചിരുന്നതാണ്. അതിനുശേഷമാണ് മാസംതോറുമുള്ള അധിക വര്‍ധനയെന്ന് ഓര്‍ക്കണം. സ്വകാര്യ എണ്ണക്കമ്പനികളും ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരും തമ്മില്‍ നടക്കുന്ന ഒത്തുകളിയാണ് ഈ വിലവര്‍ധനയുണ്ടാക്കുന്നത്. അന്താരാഷ്ട്ര കമ്പോളത്തില്‍ എണ്ണവില താഴ്ന്നിരിക്കുന്ന ഘട്ടങ്ങളില്‍ ഇവിടെ എണ്ണവില വര്‍ധിപ്പിച്ചു. കൊള്ളയെന്നല്ലാതെ മറ്റൊരു വാക്കുപയോഗിച്ച് ഇതിനെ വിശേഷിപ്പിക്കാനാകില്ല.

കാലങ്ങളായി ഇവിടെ നിലനിന്നിരുന്ന അഡ്മിനിസ്റേര്‍ഡ് വിലസംവിധാനം എടുത്തുകളഞ്ഞതുതന്നെ ഗൂഢാലോചനയുടെ ഭാഗമായാണ്. ഒരുവശത്ത്, എണ്ണക്കമ്പനികള്‍ക്ക് തന്നിഷ്ടപ്രകാരം വില കൂട്ടാനുള്ള സ്വാതന്ത്ര്യം കൊടുക്കുക; മറുവശത്ത് വില വര്‍ധിപ്പിച്ചത് തങ്ങളല്ല എന്നുപറഞ്ഞ് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയുക. ഇത് രണ്ടും ഒരുപോലെ സാധിച്ചെടുക്കാനുള്ള നടപടിയായിരുന്നു അത്.

വന്‍കിട കോര്‍പറേറ്റുകളുടെ ഭാഗത്തുനിന്ന് ഖജനാവിലേക്ക് വരേണ്ട ആറരലക്ഷം കോടി രൂപ നാലുമണിക്കൂര്‍കൊണ്ട് പാര്‍ലമെന്റില്‍ എഴുതിത്തള്ളാന്‍ മടികാട്ടാത്ത യുപിഎ സര്‍ക്കാരാണ് വിലക്കയറ്റത്തിന്റെ മാലപ്പടക്കത്തിന് തീകൊളുത്തുംവിധം മാസംതോറും ഇന്ധനവില വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുന്നത്.

അന്താരാഷ്ട്രവിപണിയിലെ അടിസ്ഥാനവിലയുടെ മൂന്നരമുതല്‍ നാലുവരെ ഇരട്ടി വിലയ്ക്കാണ് ഇവിടെ പെട്രോളും ഡീസലും പാചകവാതകവും വില്‍ക്കുന്നത്. ഇതിലൂടെ ഒന്നേകാല്‍ ലക്ഷത്തോളം കോടി രൂപയാണ് വര്‍ഷംതോറും സര്‍ക്കാര്‍ നികുതിയിനത്തില്‍ സമാഹരിക്കുന്നത്. ആ നികുതിനിരക്ക് കുറയ്ക്കുകയോ, അതിന്റെ ഒരുഭാഗമെങ്കിലും സബ്സിഡിയാക്കുകയോ ചെയ്താല്‍ എണ്ണവില താഴും. പക്ഷേ, അതിനുള്ള മനോഭാവം മന്‍മോഹന്‍സിങ് സര്‍ക്കാരിന് ഒരിക്കലും ഉണ്ടായിട്ടില്ല.

അന്താരാഷ്ട്രവിപണിയില്‍ എണ്ണവില വര്‍ധിക്കാതിരുന്നഘട്ടത്തില്‍പ്പോലും പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കുകയായിരുന്നു ഇവിടെ. അന്താരാഷ്ട്രവിപണിയില്‍ പെട്രോള്‍വില കാര്യമായി കുറഞ്ഞ അതേഘട്ടത്തിലാണ് ഇന്ത്യയില്‍ തുടര്‍ച്ചയായി ആറുതവണ വില വര്‍ധിപ്പിച്ചത് എന്നതും ഓര്‍ക്കണം. ബാരലിന് 140 മുതല്‍ 150 വരെ ഡോളര്‍ വിലയുണ്ടായിരുന്നത് 70 മുതല്‍ 75 വരെയായി താഴുകയായിരുന്നു അന്താരാഷ്ട്രകമ്പോളത്തില്‍. വില പാതിയായി കുറഞ്ഞ ഘട്ടം. അതേ ഘട്ടത്തിലാണ്, ഇന്ത്യയില്‍ വില മൂന്നിരട്ടിയായി വര്‍ധിപ്പിക്കാനനുവദിച്ചത്.

സ്വകാര്യ എണ്ണക്കമ്പനികളില്‍നിന്ന് തെരഞ്ഞെടുപ്പാവശ്യങ്ങള്‍ക്കടക്കം വന്‍തോതില്‍ പണം പറ്റുകയും, അതുകൊണ്ട് എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന കുറവ് നാലുമഞ്ചും മടങ്ങായി ജനങ്ങളെ പിഴിഞ്ഞെടുക്കാന്‍ അവസരമൊരുക്കിക്കൊടുക്കുകയും ചെയ്യുന്ന രീതിയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. വിലനിര്‍ണയാധികാരം സര്‍ക്കാര്‍ കൈയൊഴിഞ്ഞതുതന്നെ ഇതിനുവേണ്ടിയാണ്. അതിരൂക്ഷമായ വിലക്കയറ്റമുണ്ടാക്കുന്നതും ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നതുമായ ഈ ജനവിരുദ്ധ നടപടിയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണ് ജനങ്ങളെക്കുറിച്ച് കരുതലുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്. പക്ഷേ, ആ കരുതല്‍ മന്‍മോഹന്‍സിങ് സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ജനജീവിതവുമായി ഏറെ ബന്ധപ്പെട്ടുനില്‍ക്കുന്ന ഇതര പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയാധികാരംകൂടി കൈയൊഴിയാനും അതെല്ലാം സ്വകാര്യകമ്പനികള്‍ക്ക് സ്വാധീനം ചെലുത്താവുന്ന സംവിധാനങ്ങള്‍ക്ക് കീഴിലാക്കാനുമാണ് മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ പുതിയ നീക്കം. ആരെയും ഉല്‍ക്കണ്ഠപ്പെടുത്തേണ്ട അപകടകരമായ നീക്കമാണിത്.

ദേശാഭിമാനി മുഖപ്രസംഗ 10.12.10

സ്ത്രീപീഢനം കുറവ് കേരളത്തില്‍

ശൈശവവിവാഹവും കുട്ടികള്‍ക്കു നേരെയുള്ള അതിക്രമമടക്കമുള്ള കുറ്റകൃത്യങ്ങളും കേരളത്തില്‍ കുറവാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. കേരളത്തിന്റെ ഈ നേട്ടം അഭിനന്ദനാര്‍ഹമാണെന്നും കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഗിരിജാവ്യാസ് ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

18 വയസിനു താഴെയുള്ള വിവാഹങ്ങള്‍ രാജ്യത്ത് ഏറെ നടക്കുന്നുണ്ട്. കുട്ടികള്‍ക്കു നേരെയുള്ള പീഡനങ്ങളും വര്‍ധിച്ചു. ഏറെ ആശങ്കയുണ്ടാക്കുന്നതാണിത്. ദേശീയ അനുപാതപ്രകാരം സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണം ഓരോ 15 മിനിറ്റിലും കൊലപാതകം ഓരോ 16 മിനിറ്റിലും ബലാത്സംഗം ഓരോ 29 മിനിറ്റിലും നടക്കുന്നുണ്ടെന്നാണ് കണക്ക്. സ്ത്രീധന മരണങ്ങള്‍ ഓരോ 77 മിനിറ്റിലും നടക്കുന്നു. എന്നാല്‍ കുട്ടികള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങളടക്കം കേരളത്തില്‍ കുറഞ്ഞു. കേരള സമൂഹത്തിന്റെ വികാസത്തെയാണിത് കാണിക്കുന്നത്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിന്റെ ഈ മുന്നേറ്റത്തില്‍ കമ്മീഷന് ഏറെ സംതൃപ്തിയുണ്ട്. തൊഴില്‍ശാലകളില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യവേതനം നല്‍കുന്നതിനുള്ള ശുപാര്‍ശ കമ്മീഷന്‍ തൊഴില്‍ മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷക്കാവശ്യമായ 33 നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു. കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് അടക്കമുള്ള മാധ്യമങ്ങളില്‍ സ്ത്രീകളെ അസഭ്യമായി ചിത്രീകരിക്കുന്നതു തടയുക, ശൈശവവിവാഹങ്ങള്‍ തടയുക, പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം ഉടന്‍ ലഭിക്കുന്നതിനുള്ള നടപടി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

ദേശാഭിമാനി 121210