Wednesday, January 5, 2011

സാമൂഹ്യസുരക്ഷയ്ക്കും വ്യവസായത്തിനും ഊന്നല്‍


സംസ്ഥാനത്ത് 2011-12 സാമ്പത്തികവര്‍ഷത്തേക്ക് 11,030 കോടിരൂപയുടെ വാര്‍ഷികപദ്ധതി അടങ്കലിന് ആസൂത്രണബോര്‍ഡ് യോഗം അംഗീകാരം നല്‍കി. പൊതുവിഭാഗത്തില്‍ 9656.9 കോടി രൂപയും പട്ടികവിഭാഗത്തിനുള്ള പ്രത്യേക ഘടകവിഭാഗത്തില്‍ 1079 കോടി രൂപയും പട്ടികവര്‍ഗ വിഭാഗത്തിനുള്ള ഉപപദ്ധതികള്‍ക്കായി 264 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. സാമൂഹ്യസുരക്ഷ, വ്യവസായവികസനം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്ക് പദ്ധതി ഊന്നല്‍ നല്‍കുന്നു. ഗതാഗതം, വിനോദസഞ്ചാരം, ഐടി മേഖലകളില്‍കൂടി തുക വകയിരുത്തി ജനുവരി മൂന്നാംവാരം പദ്ധതി ആസൂത്രണ കമീഷന് സമര്‍പ്പിക്കും. 2011-12ലേക്കുള്ള 11,000 കോടിരൂപ കൂടി കൂട്ടുമ്പോള്‍ 11-ാം പഞ്ചവത്സര പദ്ധതിയിലെ അടങ്കല്‍ 44,595 കോടി രൂപയായി ഉയരുമെന്ന് യോഗത്തിനുശേഷം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

11-ാം പദ്ധതിയില്‍ 40,422 കോടി രൂപയുടെ അടങ്കലാണ് ലക്ഷ്യമിട്ടത്. ലക്ഷ്യത്തേക്കാള്‍ 4173 കോടി രൂപയുടെ വര്‍ധന. ഇതോടെ പത്താം പദ്ധതിക്കാലത്ത് ആസൂത്രണത്തിലുണ്ടായ മുരടിപ്പ് സംസ്ഥാനം മുറിച്ചുകടക്കുമെന്നും അദ്ദേഹം പറഞ്ഞു. 2011-12ലേക്കുള്ള അധിക കേന്ദ്രസഹായം കൂടിയാകുമ്പോള്‍ വാര്‍ഷിക പദ്ധതി അടങ്കല്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ പത്തുശതമാനത്തിലേറെ വര്‍ധിക്കും. 11-ാം പദ്ധതിയിലെ ആദ്യമൂന്നുവര്‍ഷങ്ങളില്‍ പദ്ധതിച്ചെലവ് യഥാക്രമം 82, 93, 87 ശതമാനം വീതമായിരുന്നു. നടപ്പുവര്‍ഷവും വരുന്ന വര്‍ഷവും പദ്ധതിച്ചെലവ് 90 ശതമാനമാകും. ശമ്പളകമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ അധികഭാരം ഉണ്ടായിട്ടും പദ്ധതി വര്‍ധന ഉണ്ടാക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. സാമൂഹ്യ സേവന ക്ഷേമ മേഖലകളിലെ നിക്ഷേപം ഉല്‍പ്പാദനപരമല്ല എന്ന അഭിപ്രായം സര്‍ക്കാരിനില്ല. വിദ്യാഭ്യാസവും ആരോഗ്യവുമുള്ള തൊഴിലാളികള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

പുതുതായി രൂപീകരിച്ച ആരോഗ്യ, ഫിഷറീസ്, വെറ്ററിനറി സര്‍വകലാശാലകള്‍ക്കും വിഴിഞ്ഞം പദ്ധതി, കണ്ണൂര്‍ എയര്‍പോര്‍ട്ട്, ഉള്‍നാടന്‍ ജലഗതാഗത വികസനം തുടങ്ങിയ അടിസ്ഥാന സൌകര്യമേഖലകള്‍ക്കും അടുത്തവര്‍ഷത്തെ പദ്ധതിയില്‍ പ്രാധാന്യം നല്‍കുന്നുണ്ട്. 35 ലക്ഷം കുടുംബത്തിന് പ്രയോജനം ലഭിക്കുന്ന സൌജന്യ ആരോഗ്യ സുരക്ഷാപദ്ധതി, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള പ്രത്യേക പുനരധിവാസപദ്ധതി, 200 വിദ്യാലയത്തില്‍ പെകുട്ടികള്‍ക്കുള്ള ടോയ്ലറ്റ് സൌകര്യം വര്‍ധിപ്പിക്കല്‍, വിദ്യാലയങ്ങളുടെ കെട്ടിടനിര്‍മാണം, സാരമായ വൈകല്യമുള്ളവരെ ശുശ്രൂഷിക്കുന്നവര്‍ക്ക് പ്രതിമാസം 300 രൂപയുടെ ധനസഹായം, മാരകരോഗം ബാധിച്ചവര്‍ക്ക് സൌജന്യചികിത്സ, ജോലിക്കിടെ അപകടത്തില്‍ വൈകല്യം സംഭവിക്കുന്നവര്‍ക്ക് പെന്‍ഷന്‍, പരമ്പരാഗത തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വരുമാനത്തോടൊപ്പമുള്ള സഹായപദ്ധതി, നഗര തൊഴിലുറപ്പു പദ്ധതി എന്നിവയ്ക്കും 2011-12ലെ പദ്ധതിയില്‍ ഊന്നല്‍ നല്‍കുന്നുണ്ട്.

ശയ്യാവലംബികളായ നിരാലംബരെ സഹായിക്കുന്ന ആശ പ്രവര്‍ത്തകര്‍ക്കുള്ള സഹായം പ്രതിമാസം 100 രൂപയില്‍നിന്ന് 300 രൂപയാക്കും. അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 450 രൂപവീതം വര്‍ധിപ്പിച്ച് 2500 രൂപയും ഹെല്‍പ്പര്‍മാരുടെ പ്രതിഫലം 1750 രൂപയുമാക്കും. നെല്‍കൃഷി വ്യാപിപ്പിക്കാനും പച്ചക്കറിയുടെയും പയറുവര്‍ഗങ്ങളുടെയും ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനും പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും പ്രാധാന്യം നല്‍കും.

സാമൂഹ്യമേഖലയില്‍ 3771.47കോടി രൂപ

സംസ്ഥാനത്ത് 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തുക നീക്കിവച്ചത് സാമൂഹ്യസേവന മേഖലയുടെ വികസനത്തിന്. ഈ മേഖലയില്‍ 3771.47 കോടി രൂപയാണ് വകയിരുത്തിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 3649.81 കോടിയായിരുന്നു. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള വിഹിതമാണ് തൊട്ടുപിന്നില്‍. 2504.05 കോടിരൂപ. കഴിഞ്ഞവര്‍ഷം ഇത് 2197.65 കോടി രൂപയായിരുന്നു. ഊര്‍ജമേഖലയില്‍ 1088 കോടിയും കൃഷി അനുബന്ധ മേഖലകളില്‍ 916.23 കോടിയും ആസൂത്രണബോര്‍ഡ് യോഗം വകയിരുത്തി. സംസ്ഥാനം വായ്പയിലൂടെ സമാഹരിക്കുന്ന 10,418 കോടി, പൊതുമേഖലാസ്ഥാപനങ്ങളില്‍നിന്നുള്ള 1000 കോടി, തദ്ദേശസ്ഥാപനങ്ങള്‍വഴി ലഭിക്കുന്ന 2504.05 കോടി, കേന്ദ്രസഹായമായി ലഭിക്കുന്ന 1251 കോടി എന്നിവയില്‍ സംസ്ഥാനത്തിന്റെ കടബാധ്യതയായ 4173.24 കോടി രൂപ കഴിച്ചുള്ള തുകയാണ് പദ്ധതി അടങ്കലിനായി കണ്ടെത്തിയത്.

ഗ്രാമീണമേഖലയുടെ വികസനത്തിന് 294.27 കോടി രൂപ, പ്രത്യേകമേഖല- 91.57, ജലസേചനവും വെള്ളപ്പൊക്ക നിവാരണവും- 441.92, വ്യവസായം- 425.98, ഗതാഗതം- 951.32, ശാസ്ത്ര സാങ്കേതികരംഗവും പരിസ്ഥിതിയും- 308.40, പൊതു സാമ്പത്തികസേവനങ്ങള്‍- 175.55, പൊതുസേവനങ്ങള്‍- 31.30 കോടി രൂപ എന്നിങ്ങനെയാണ് മറ്റു മേഖലകളിലെ വകയിരുത്തലുകള്‍. വിദ്യാഭ്യാസമേഖലയില്‍ 40.14 ശതമാനമാണ് വര്‍ധന. സാമൂഹ്യസുരക്ഷാമേഖലയിലും ക്ഷേമപദ്ധതികളിലുമായി 50.11, പൊതുജനാരോഗ്യം- 53.15, ട്രൈബല്‍ ഫണ്ട്- 48.78, കൃഷിയും അനുബന്ധ വികസനവും- 35.23, ജലസേചനവും വെള്ളപ്പൊക്ക നിവാരണവും- 32.76 എന്നീ നിരക്കുകളിലാണ് വര്‍ധന. വനിതാഘടകപദ്ധതിയില്‍ പത്തുശതമാനമാണ് തുക വകയിരുത്തിയിട്ടുള്ളത്. ഇത് വനിതകളുടെ ക്ഷേമപദ്ധതികള്‍ക്കു മാത്രമായി വിനിയോഗിക്കാം.

ഫണ്ട് വിനിയോഗം പട്ടികജാതിവകുപ്പിന് റെക്കോഡ്

കഴിഞ്ഞ സാമ്പത്തികവര്‍ഷം (2009-10) പദ്ധതി നടത്തിപ്പില്‍ 98.84 ശതമാനം തുക ചെലവഴിച്ച പട്ടികജാതി വികസന വകുപ്പിന് ഫണ്ട് വിനിയോഗത്തില്‍ റെക്കോഡ് നേട്ടം. നാലു വര്‍ഷംമുമ്പ് 60 മുതല്‍ 70 ശതമാനംവരെ ചെലവഴിച്ചിരുന്ന സ്ഥാനത്താണ് ഈ കുതിപ്പ്. പട്ടികജാതി വികസനവകുപ്പ് സംസ്ഥാനതല ഉപദേശകസമതി യോഗത്തില്‍ മന്ത്രി എ കെ ബാലനാണ് ഇക്കാര്യം അറിയിച്ചത്.

വകുപ്പ് മൊത്തം 55 പദ്ധതിയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം നടപ്പാക്കിയത്. ഇതില്‍ 46 സംസ്ഥാന ആസൂത്രണപദ്ധതികളുണ്ട്. 50 ശതമാനം കേന്ദ്രസഹായമുള്ള ആറും 100 ശതമാനം കേന്ദ്രസഹായമുള്ള മൂന്നും പദ്ധതി നടപ്പാക്കി. പ്ളാന്‍ ഫണ്ടായി 49,715.24 ലക്ഷം രൂപ അനുവദിച്ചതില്‍ 47,910.21 ലക്ഷം ചെലവിട്ടു. നോപ്ളാന്‍ ഫണ്ടില്‍ 16,871.18 ലക്ഷം അനുവദിച്ചതില്‍ 13,640.65 ലക്ഷവും ചെലവിട്ടു. നൈപുണ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹനം, 16 പോസ്റ്മെട്രിക് ഹോസ്റല്‍, മാതൃകാ റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍, ഓഡിയോവിഷ്വല്‍ വിദ്യാഭ്യാസവും ഭാരതദര്‍ശനവും, പരീക്ഷകളില്‍ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ധനസഹായം തുടങ്ങിയ പദ്ധതികളില്‍ ഏറെ നേട്ടം കൈവരിക്കാന്‍ വകുപ്പിനു കഴിഞ്ഞു. പട്ടികജാതിക്കാരും പരിവര്‍ത്തിത ക്രൈസ്തവരും ഉള്‍പ്പെടെയുള്ള അവശ ജനവിഭാഗങ്ങളുടെ 25,000 രൂപവരെയുള്ള കടം എഴുതിത്തള്ളി. 148 കോടി രൂപയാണ് ഈയിനിത്തില്‍ ചെലവിട്ടത്. അടുത്തവര്‍ഷത്തോടെ പട്ടികജാതി കുടുംബങ്ങളുടെ ഭവനപദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

കേരളം വികസന കുതിപ്പിലേക്ക്...


വിവരസാങ്കേതികവിദ്യാ ഭൂപടത്തിലേക്ക്....

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ മറ്റൊരു പുതുവത്സര സമ്മാനമായ കോഴിക്കോട് സൈബര്‍ പാര്‍ക്ക് സ്ഥലം ഏറ്റെടുക്കല്‍ അനിമഘട്ടത്തില്‍. പാര്‍ക്കിനാവശ്യമായ 43 ഏക്കറില്‍ 31 ഏക്കര്‍ ഏറ്റെടുത്തു. 12 ഏക്കര്‍ കൂടി ഏറ്റെടുക്കാനുള്ള നടപടി പൂര്‍ത്തിയായി വരുന്നു. പ്രവര്‍ത്തനം തുടങ്ങുന്നിനുമുമ്പ് തന്നെ യൂണിറ്റുകള്‍ തുടങ്ങാനുള്ള താല്‍പര്യത്തോടെ സംരംഭകര്‍ എത്തിത്തുടങ്ങി.

സംസ്ഥാനത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തുടങ്ങുന്ന നാല് സൈബര്‍ പാര്‍ക്കുകളില്‍ ഒന്നാണ് കോഴിക്കോട്ടേത്. നെല്ലിക്കോട്, പന്തീരാങ്കാവ് വില്ലേജുകളിലായി 43 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് ഒരുങ്ങുന്നത്. സ്വകാര്യ വ്യക്തികളില്‍നിന്നായി 31 ഏക്കര്‍ ഇതിനകം സര്‍ക്കാര്‍ പൊന്നുംവില നല്‍കി ഏറ്റെടുത്തു. ഐടി ബില്‍ഡിങ്ങും കോമ ഫെസിലിറ്റി സെന്ററുമാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുക. 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കോമണ്‍ഫെസിലിറ്റി സെന്ററില്‍ കോണ്‍ഫറന്‍സ് ഹാള്‍, ബാങ്ക്, എടിഎം, റെസ്റ്റോറന്റ് തുടങ്ങിയവയാണ് ഉണ്ടാകുക. 2.8 കോടി രൂപയാണ് ഇതിനുവേണ്ടി വരുന്ന ചെലവ്. 1.7 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് നിര്‍ദിഷ്ട ഐടി ബില്‍ഡിങ്. 40 കോടി രൂപയാണ് ഐടി കെട്ടിടത്തിന് ചെലവ് കണക്കാക്കുന്നത്.

കോമണ്‍ഫെസിലിറ്റി സെന്ററിനുള്ള ഇരുനില കെട്ടിടം ആറുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബിനു എ പാഴൂര്‍ പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വരുന്ന കോഴിക്കോട് സൈബര്‍ പാര്‍ക്ക് ഐടി ഭൂപടത്തില്‍ മലബാറിന്റെ സ്ഥാനം അടയാളപ്പെടുത്തും. മലബാറിന്റെ വികസനത്തിലും സുപ്രധാന നാഴികക്കല്ലാകും.

കേരള സോപ്സിന് വീണ്ടും നറുമണം

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ പുതുവര്‍ഷ സമ്മാനമായി കേരള സോപ്സില്‍ അഞ്ചുകോടിയുടെ രണ്ടാംഘട്ട വിപുലീകരണ പദ്ധതി അന്തിമഘട്ടത്തില്‍. 2010 ജനുവരി ഒന്നിന് പുതുവര്‍ഷ സമ്മാനമായി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനത്തില്‍ പുതിയ ഉല്‍പാദന യൂണിറ്റും ഗോഡൌണുകളും ജനുവരി അവസാനം പ്രവര്‍ത്തനമാരംഭിക്കും. കഴിഞ്ഞ ബജറ്റിലാണ് സോപ്സിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ചു കോടി രൂപ അനുവദിച്ചത്. രണ്ടാംഘട്ടത്തില്‍ സാധാരണക്കാരുടെ മനംകവര്‍ന്ന ജനപ്രിയ സോപ്പുകളായ വേപ്പ്, കൈരളി, വാഷ്വെല്‍ എന്നിവയാണ് പുറത്തിറങ്ങുക.

നാളികേരത്തിന്റെ നാട്ടില്‍ പ്രതീക്ഷയുടെ പാര്‍ക്ക്

വടകര: കേര കര്‍ഷകര്‍ക്ക് പ്രത്യാശ പകരുന്ന കുറ്റ്യാടി നാളികേര പാര്‍ക്കിന് ഒരുക്കങ്ങള്‍ തുടങ്ങി. മുന്നൂറ് കോടിയോളം രൂപ മുതല്‍ മുടക്കുന്ന ബൃഹത് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി ഈ മാസം പൂര്‍ത്തിയാകും. വ്യവസായ മന്ത്രി എളമരം കരീം പങ്കെടുത്ത് ഡയരക്ടര്‍ ബോര്‍ഡ് യോഗം ഈ ആഴ്ച ചേരുമെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന കെ കെ ലതിക എംഎല്‍എ അറിയിച്ചു. വേളം പഞ്ചായത്തിലെ മണിമലയില്‍ 131 ഏക്കര്‍ ഭൂമി കെഎസ്ഐഡിസി ഏറ്റെടുക്കും. കലക്ടര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് നേതൃത്വം നല്‍കുക. ഭൂമി 25 മുതല്‍ 30 ഏക്കര്‍ വീതമുള്ള പ്ളോട്ടുകളായി തിരിച്ച് സംരംഭകര്‍ക്ക് പാട്ടത്തിന് നല്‍കും.

നാളികേരത്തില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കെ പി കുഞ്ഞമ്മദ്കുട്ടി ചെയര്‍മാനായുള്ള കുറ്റ്യാടി ഡവലപ്മെന്റ് സൊസൈറ്റി എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ഷകര്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ഷെയര്‍ നല്‍കും. പ്രൊജക്ട് ഓഫീസ് കഴിഞ്ഞ ഫെബ്രുവരിയില്‍ കുറ്റ്യാടിയില്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനംചെയ്തിരുന്നു. സംസ്ഥാനത്തെ മികച്ച നാളികേരമായ കുറ്റ്യാടി തേങ്ങ ഉല്‍പാദിപ്പിക്കുന്ന ജില്ലയുടെ മലയോര കര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷയാണ് പദ്ധതി നല്‍കുന്നത്. തെങ്ങിന്റെ വേര് മുതല്‍ ഓലവരെ സര്‍വഭാഗവും മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കും. തേങ്ങക്ക് ചുരുങ്ങിയത് 15 രൂപയെങ്കിലും ലഭ്യമാക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

'നിര്‍ദേശ്' തറക്കല്ലിടല്‍ ഇന്ന്: കോഴിക്കോടിന്പുതുവത്സര സമ്മാനം

കോഴിക്കോട്: ചാലിയം ആഹ്ളാദത്തിമിര്‍പ്പിലാണ്. രാജ്യത്തിനാവശ്യമായ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും രൂപകല്‍പനചെയ്യാനുള്ള കേന്ദ്രത്തിന് ചൊവ്വാഴ്ച ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ ചാലിയത്ത് പ്രതിരോധ മന്ത്രി എ കെ ആന്റണി തറക്കല്ലിടുന്നു. ഓരോ മലയാളിക്കും അഭിമാനിക്കാം. ചാലിയത്ത് സ്ഥാപിക്കുന്ന നിര്‍ദേശ്-യുദ്ധക്കപ്പല്‍ രൂപകല്‍പനാകേന്ദ്രവും ഇന്‍സ്റ്റിറ്റ്യൂട്ടും അതിവിപുലമായ മുന്നേറ്റമാണ് കോഴിക്കോടിനും അതുവഴി മലബാറിനുമുണ്ടാക്കുക. സംസ്ഥാന സര്‍ക്കാരും വ്യവസായ വകുപ്പും കഴിഞ്ഞ മൂന്നുവര്‍ഷമായി നടത്തിയ ശ്രമമാണ് ഇവിടെ വിജയിക്കുന്നത്. ഇത്രയും കാലം രാജ്യത്തിനാവശ്യമായ യുദ്ധക്കപ്പലുകള്‍ വിദേശ രാജ്യങ്ങളിലാണ് രൂപകല്‍പന ചെയ്തിരുന്നത്. ചാലിയത്ത് 600 കോടി ചെലവില്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇനി യുദ്ധക്കപ്പലുകളുടെ രൂപവും ഭാവവും നിശ്ചയിക്കുന്നത് ചാലിയത്താവും. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 42.56 ഏക്കര്‍ സ്ഥലമാണ് സൌജന്യമായി വിട്ടുനല്‍കിയത്. സെപ്തംബറില്‍ സ്ഥലം അനുവദിച്ച് മൂന്നുമാസത്തിനകമാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്.

ബുധനാഴ്ച രാവിലെ 10.30 ന് നടക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി എളമരം കരീം അധ്യക്ഷനാകും. കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ അഹമ്മദ്, സംസ്ഥാന മന്ത്രിമാരായ കെ പി രാജേന്ദ്രന്‍, ബിനോയ് വിശ്വം, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍, എം കെ രാഘവന്‍ എംപി, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിന് മുമ്പ് മാതാ പേരാമ്പ്രയുടെ കലാകാരന്മാര്‍ 'ജയ്ഹിന്ദ്' എന്ന പരിപാടിയും ശേഷം 'സര്‍ഗ കേരളം' പരിപാടിയും അരങ്ങേറും.

ബാംബൂപ്ളൈ ഫാക്ടറി ഉദ്ഘാടനം 17 ന്

ഫറോക്ക്: ബാംബൂകോര്‍പറേഷന്റെ നല്ലളത്തെ മുള തറയോട് ഫാക്ടറി 17 ന് ഉദ്ഘാടനം ചെയ്യും. മുള ഉപയോഗിച്ച് തറയോട് നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ സംരംഭത്തിനാണ് ഇതോടെ തുടക്കമാവുന്നത്. ഫാക്ടറിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ടൈലുകള്‍ നിര്‍മിക്കുന്നതിനായി തായ്വാനില്‍നിന്ന് യന്ത്രങ്ങള്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. കസ്റ്റംസ് ക്ളിയറന്‍സ് നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ നല്ലളത്തെത്തിക്കുമെന്ന് ബാംബു കോര്‍പറേഷന്‍ എം ഡി ഡോ. എസ് ഷാനവാസ് അറിയിച്ചു.

ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒന്നരലക്ഷം സ്ക്വയര്‍ഫീറ്റ് ടൈലുകള്‍ പ്രതിമാസം ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിക്കും. കേന്ദ്ര-സംസ്ഥാന ഗവമെന്റുകളുടെ സാമ്പത്തിക സഹായത്തോടെയാണ് ബാംബു കോര്‍പറേഷന്‍ പദ്ധതി നടപ്പാക്കുന്നത്. ചെറുവണ്ണൂര്‍-നല്ലളം മേഖലാ കാര്യാലയത്തിന്റെ ഉടമസ്ഥതയിലുള്ള നല്ലളം ജയന്തി റോഡിലെ വനിതാവ്യവസായ പാര്‍ക്കിലെ സ്ഥലമാണ് ഫാക്ടറിക്കായി വിട്ടുനല്‍കിയത്. പാട്ടത്തിനു നല്‍കിയ ഈ ഭൂമിയില്‍ 20,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (സില്‍ക്ക്) തൃശൂര്‍ യൂണിറ്റാണ് ഫാക്ടറി നിര്‍മിച്ചത്. 12 കോടി രൂപയാണ് ഈ പദ്ധതിയുടെ മുതല്‍മുടക്ക്.

ആഭ്യന്തര-വിദേശ വിപണികള്‍ ലക്ഷ്യമിട്ടാണ് ഇവിടെ ഉല്‍പ്പാദനം ആരംഭിക്കുന്നത്. ഫാക്ടറിയുടെ പ്രവര്‍ത്തനം നടപ്പാക്കുന്നതോടെ അഞ്ഞൂറോളം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭിക്കും. വയനാട്, നിലമ്പൂര്‍ കാടുകളില്‍ നിന്നെത്തുന്ന മുള ബാബു കോര്‍പറേഷനു കീഴിലെ അഞ്ചു ഫീഡറുകളില്‍നിന്നും സ്ട്രിപ്പാക്കിയാണ് നല്ലത്തെ ഫാക്ടറിയിലെത്തുക.

Monday, January 3, 2011

കേരളത്തെ സംരക്ഷിച്ചത് എല്‍ഡിഎഫിന്റെ ബദല്‍ നയം: കാരാട്ട്

ലോകം സാമ്പത്തികപ്രതിന്ധിയിലായപ്പോഴും കേരളത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയത് പൊതുമേഖലാസ്ഥാപനങ്ങളുടെ നവീകരണവും പുന:സംഘടനയുമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐഎം നേതൃത്വത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര പഠന കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നഷ്ടത്തിലായിരുന്ന സ്ഥാപനങ്ങളാണ് കേരളം ലാഭത്തിലാക്കിയത്. കേരളത്തിന്റെ വികസനത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായതുകൊണ്ടാണ് കുത്തകമുതലാളികള്‍ ആത്മഹത്യാസംസ്ഥാനങ്ങളാക്കി മാറ്റിയവയില്‍ കേരളം ഉള്‍പ്പെടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവിഭാഗം ജനങ്ങളുടെയും ക്ഷേമം കേരളത്തില്‍ പരിഗണിക്കപ്പെട്ടു. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തിയ വീടും ഭക്ഷ്യസഹായവുമൊക്കെ ശ്രദ്ധിക്കപ്പെട്ടു. കാര്‍ഷികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല പിന്തുണ ലഭിച്ചു. ആസിയാന്‍ കാരാറിന്റെ പശ്ചാത്തലത്തിലും കേരളത്തിന്റെ ഉല്‍പന്നങ്ങള്‍ക്ക് നല്ല സ്വീകാര്യതയുണ്ട്. 15000 ഹെക്ടര്‍ സ്ഥലത്താണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ മാത്രം നെല്‍കൃഷി ആരംഭിച്ചത്. ഭക്ഷ്യസുരക്ഷാരംഗത്ത് മികച്ച നേട്ടമാണ് .

കേന്ദ്രം കൈവെടിഞ്ഞപ്പോഴും പ്രവാസികള്‍ക്കും ഗള്‍ഫ് മലയാളികള്‍ക്കുമായി കേരളം നടത്തിയ പ്രവര്‍ത്തനം മികച്ചതാണ്. ഇടത്തരം- ചെറുകിട വ്യവസായരംഗത്ത് നല്ല പുരോഗതിയുണ്ടായി. ജൈവകൃഷിയും ഭക്ഷ്യവ്യവസായവും ഇനിയും പ്രോല്‍സാഹിപ്പിക്കണം. ജൈവസാങ്കേതികവിദ്യാരംഗത്ത് കൂടുതല്‍ ഗവേഷണമുണ്ടാകണം. ലഭ്യമായ വിഭവങ്ങള്‍ കൊണ്ട് മികച്ച നേട്ടമുണ്ടാക്കണം. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് അവരുടെ കര്‍മ്മശേഷി ഉയര്‍ത്തണം. കാര്‍ഷിക വ്യവസായങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനാവശ്യമായ നടപടികള്‍ വിപുലപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില ഉയര്‍ത്തിയതോടെ വിലക്കയറ്റം മൂലം ജനങ്ങള്‍ വലഞ്ഞിരിക്കുകയാണ്. ഭക്ഷ്യരംഗത്തെ വിലക്കയറ്റമാണ് ജനങ്ങളെ ഏറ്റവും ബുദ്ധിമുട്ടിലാക്കിയിരിക്കുയാണ്. പുതിയ വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ ഇത്രയും വികസനം നേടിയ കേരളത്തില്‍ നിന്നാരംഭിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവരെ സുരക്ഷിത വലയത്തിലാക്കുക ലക്ഷ്യം

പാവപ്പെട്ടവരും താഴ്ന്ന വരുമാനക്കാരുമായ സമൂഹത്തിന്റെ പകുതിയോളം വരുന്ന കുടുംബങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് നിലവിലെ സാമൂഹ്യ-സാമ്പത്തികസ്ഥിതിയില്‍ പ്രസക്തമാകുന്നുവെന്ന് മൂന്നാം അന്തരാഷ്ട്ര കേരളപഠന കോണ്‍ഗ്രസില്‍ സമ്പൂര്‍ണ സാമൂഹ്യസുരക്ഷ എന്ന സിമ്പോസിയം വിലയിരുത്തി. സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത ബജറ്റില്‍ സമഗ്ര സാമൂഹ്യസുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് രേഖ അവതരിപ്പിച്ച് മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു.

അസംഘടിതമേഖലയില്‍ മുഴുവന്‍ സ്ത്രീതൊഴിലാളികള്‍ക്കും വേതനത്തോടുകൂടിയ പ്രസവ അവധി ലഭ്യമാക്കാന്‍ കഴിയുന്നത് സുപ്രധാനമായ ഒരു സാമൂഹ്യസുരക്ഷാ നടപടിയായിരിക്കും. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉന്നതവിദ്യാഭ്യാസത്തിനുപോകുന്ന കുട്ടികള്‍ക്ക് ധനസഹായം ഉറപ്പുവരുത്തുന്നതിനായി എല്ലാ കുഞ്ഞുങ്ങളുടെ പേരിലും എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തണം. കുറഞ്ഞത് 25,000 രൂപ ഒരു കുട്ടിയുടെ പേരില്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞാല്‍ ഹയര്‍ സെക്കന്‍ഡറി പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ലക്ഷം രൂപയെങ്കിലും ഉറപ്പാക്കാനാകും. ആവശ്യത്തിന് വിദ്യാഭ്യാസവായ്പയും ലഭ്യമാക്കി ഉന്നതവിദ്യാഭ്യാസ ലക്ഷ്യം പൂര്‍ത്തീകരിക്കാം. എല്ലാ കുട്ടികള്‍ക്കും സൌജന്യവിദ്യാഭ്യാസവും പാഠപുസ്തകവും ഉറപ്പാക്കിയിട്ടുണ്ട്. ഒപ്പം ഉച്ചഭക്ഷണവും യുണിഫോമും എല്ലാവര്‍ക്കും ലഭ്യമാക്കേണ്ടതുണ്ട്. 30,000 രൂപവരെയുള്ള ചികിത്സാസൌകര്യം സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉറപ്പുവരുത്തുന്നു. കൂടുതല്‍ തുകയ്ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സില്‍ സ്വമേധയാ ചേരാന്‍ അവസരം നല്‍കണം. തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിവസത്തെ ജോലി ഉറപ്പാക്കിയും അസംഘടിതമേഖലയില്‍ മിനിമം വരുമാനം ഉറപ്പാക്കല്‍ പദ്ധതി വഴിയും കുറഞ്ഞത് 10,000 രൂപയെങ്കിലും ഒരോ കുടുംബത്തിനും അധിക വരുമാനം ലഭ്യമാക്കാം. 60 വയസ്സ് കഴിഞ്ഞാല്‍ എല്ലാവര്‍ക്കും കുറഞ്ഞത് അഞ്ഞൂറ് രൂപയെങ്കിലും പെന്‍ഷന്‍ ഉറപ്പാക്കണം. രണ്ട് രൂപയ്ക്ക് അരി, സൌജന്യനിരക്കില്‍ പലവ്യഞ്ജനം, എല്ലാവര്‍ക്കും വീട്, എല്ലാ വീട്ടിലും വെള്ളം, വെളിച്ചം, ശുചിത്വം എന്നിവ ഉറപ്പാക്കാന്‍ നിലവിലെ പദ്ധതികളുടെ സംയോജനത്തിലൂടെ സമഗ്രപദ്ധതികള്‍ രൂപീകരിക്കേണ്ടതുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു.

സിഡിഎസിലെ പ്രൊഫ. കെ പി കണ്ണന്‍ അധ്യക്ഷനായി. മന്ത്രി എസ് ശര്‍മ, കുടുംബശ്രീ ഡയറക്ടര്‍ ശാരദ മുരളീധരന്‍, സിഡിഎസിലെ പ്രൊഫസര്‍ ഡോ. പി ശിവാനന്ദന്‍, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കേരള എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി സുകുമാരന്‍, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഡയറക്ടര്‍ ജിതേന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. എന്‍ കെ ശശിധരന്‍പിള്ള സ്വാഗതം പറഞ്ഞു.

Sunday, December 26, 2010

കേന്ദ്രനയങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിനിറങ്ങുക

ഉള്ളിയും തക്കാളിയും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ ദേശവ്യാപക പ്രക്ഷോഭത്തിന് സിപിഐ എം പൊളിറ്റ്ബ്യൂറോ ജനങ്ങളെ ആഹ്വാനംചെയ്തു. കേന്ദ്രനയത്തിന്റെ ഫലമായാണ് ഈ വിലക്കയറ്റമെന്നും ജീവിതഭാരം വര്‍ധിപ്പിക്കുന്ന കേന്ദ്രനയങ്ങള്‍ തിരുത്താന്‍ ശക്തമായ പ്രക്ഷോഭം ആവശ്യമാണെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തികനയം മറയാക്കിയാണ് പൂഴ്ത്തിവയ്പും കരിഞ്ചന്തയും വ്യാപകമായത്. വിലക്കയറ്റത്തിന്റെ ഫലമായി സാധാരണ ജനങ്ങളുടെ കീശ കൊള്ളയടിക്കുന്ന വന്‍കിടവ്യാപാരികളും പൂഴ്ത്തിവയ്പുകാരും വന്‍ ലാഭം കൊയ്യുകയാണ്. വിലക്കയറ്റം തടയുന്നതില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ പൂര്‍ണപരാജയമാണ്. ഉള്ളിവില നിയന്ത്രിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് വിവിധ മന്ത്രാലയങ്ങളില്‍നിന്നുണ്ടാകുന്നത്. സര്‍ക്കാര്‍ എജന്‍സികള്‍ ഉള്ളി ഇറക്കുമതിചെയ്യണമോ വേണ്ടയോ തുടങ്ങിയ തര്‍ക്കങ്ങള്‍ ഉദാഹരണം. ഈ ആശയക്കുഴപ്പം വന്‍കിട വ്യാപാരികളെയാണ് സഹായിക്കുക. ആദ്യം പഞ്ചസാരക്കയറ്റുമതിക്കാര്‍ക്കും പിന്നീട് ഇറക്കുമതിക്കാര്‍ക്കും സബ്സിഡി നല്‍കിയത് ഉള്ളിയുടെ കാര്യത്തിലും ആവര്‍ത്തിക്കുകയാണ്. ഉള്ളി കയറ്റുമതിചെയ്യുന്ന വന്‍കിട സ്വകാര്യക്കമ്പനികള്‍ക്ക് സെപ്തംബര്‍മുതല്‍ സബ്സിഡി നല്‍കി കയറ്റുമതി പ്രോത്സാഹിപ്പിച്ചതാണ് ഇപ്പോഴത്തെ ക്ഷാമത്തിനു കാരണം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉള്ളികയറ്റുമതി 26 ശതമാനം വര്‍ധിച്ചത് ഉള്ളിയുടെ ക്ഷാമത്തിനു കാരണമായി. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ബോധപൂര്‍വം സൃഷ്ടിച്ച ക്ഷാമമാണിത്. ഇപ്പോള്‍ ഇറക്കുമതിചെയ്യാനും ഇതേ സ്വകാര്യക്കമ്പനികള്‍ക്ക് ചുങ്കങ്ങള്‍ ഒഴിവാക്കി വീണ്ടും സബ്സിഡി നല്‍കുകയാണ് സര്‍ക്കാര്‍.

പെട്രോളിന്റെ വിലനിയന്ത്രണം ജൂണില്‍ ഒഴിവാക്കിയതോടെ വില അടിക്കടി വര്‍ധിച്ചതും അവശ്യസാധനങ്ങളുടെ വിലകൂടാന്‍ കാരണമായി. ഭക്ഷ്യപണപ്പെരുപ്പവും വര്‍ധിച്ചു. വര്‍ധിച്ച തോതിലുള്ള അവധി വ്യാപാരം വിലക്കയറ്റത്തിന് കാരണമായിട്ടും അതുനിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഗോതമ്പ്, ഉരുളക്കിഴങ്ങ് എന്നീ അവശ്യവസ്തുകളുടെപോലും അവധി വ്യാപാരം നിര്‍ബാധം നടക്കുകയാണ്. നേരത്തെ നിരോധിച്ച പഞ്ചസാരയുടെ അവധി വ്യാപാരം പുനഃസ്ഥാപിക്കാനാണ് നീക്കം- പി ബി പറഞ്ഞു.

വില മുകളിലേക്ക് തന്നെ; തക്കാളിക്ക് 50

ന്യൂഡല്‍ഹി: പച്ചക്കറി വില രാജ്യമൊട്ടുക്ക് റെക്കോഡുകള്‍ ഭേദിച്ച് കുതിക്കുന്നു. സവാളവിലയില്‍ വെള്ളിയാഴ്ച നേരിയ ഇടിവ് പ്രകടമായെങ്കിലും തക്കാളി, വെളുത്തുള്ളി വിലകള്‍ മുന്നോട്ടുതന്നെയാണ്. വെളുത്തുള്ളിവില കിലോയ്ക്ക് 320 രൂപ വരെയെത്തി. തക്കാളിവില ഡല്‍ഹിയില്‍ അമ്പത് രൂപയിലെത്തിയപ്പോള്‍ മുംബൈയില്‍ അറുപതാണ് വില. എണ്‍പത് രൂപ വരെയെത്തിയ സവാളവിലയില്‍ വെള്ളിയാഴ്ച 5-10 രൂപയുടെ ഇടിവ് വന്നു. ഉത്തരേന്ത്യയില്‍ പച്ചക്കറി വിലകള്‍ക്കൊപ്പം പാല്‍വിലയും കുതിക്കുകയാണ്. ഡല്‍ഹിയിലെ പ്രധാന പാല്‍വിതരണക്കമ്പനിയായ മദര്‍ഡെയ്‌റി പാല്‍വില ലിറ്ററിന് ഒരു രൂപ കൂട്ടി. പഴങ്ങളുടെ വിലയും കൂടി.

പച്ചക്കറിവില ഉയരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വെള്ളിയാഴ്ച കൃഷിമന്ത്രാലയത്തിന്റെ വിശദീകരണം തേടി. കൃഷിമന്ത്രി ശരദ്പവാറുമായി മന്‍മോഹന്‍സിങ് ചര്‍ച്ച നടത്തി. മഹാരാഷ്ട്രയ്ക്ക് പ്രത്യേക കാര്‍ഷികപാക്കേജ് ആവശ്യപ്പെട്ട് സംസ്ഥാനത്തുനിന്നുള്ള സര്‍വകക്ഷി സംഘം കണ്ടപ്പോഴാണ് സംഘത്തോടൊപ്പമുണ്ടായിരുന്ന പവാറുമായി പ്രധാനമന്ത്രി കാര്യങ്ങള്‍ ചര്‍ച്ചചെയ്തത്. മഹാരാഷ്ട്രയ്ക്ക് നാനൂറ് കോടിയുടെ സാമ്പത്തികസഹായം കേന്ദ്രം പ്രഖ്യാപിച്ചു.

പാകിസ്ഥാനില്‍നിന്ന് വെള്ളിയാഴ്ച സവാള കയറ്റിയ അമ്പതോളം ട്രക്ക് അതിര്‍ത്തി കടന്നെത്തി. ആയിരത്തിലേറെ ടണ്‍ പാകിസ്ഥാനില്‍നിന്ന് എത്തിയിട്ടും ഉത്തരേന്ത്യയില്‍ സവാളവിലയില്‍ വലിയ മാറ്റമില്ല. സ്വകാര്യവ്യക്തികള്‍ വഴിയുള്ള ഇറക്കുമതിയാണ് കാരണം. ക്വിന്റലിന് 300 രൂപ നിരക്കില്‍ പാകിസ്ഥാനില്‍നിന്ന് സവാള വാങ്ങുന്ന സ്വകാര്യഇറക്കുമതിക്കാര്‍ ആഭ്യന്തരവിപണിയില്‍ ഉയര്‍ന്ന വിലയ്ക്ക് ഇത് മറിച്ചുവിറ്റ് ലാഭം കൊയ്യുകയാണ്.

റബര്‍ ഇറക്കുമതിത്തീരുവ വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: സ്വാഭാവികറബറിന്റെ ഇറക്കുമതിത്തീരുവ 20 ശതമാനത്തില്‍നിന്ന് ഏഴരയായി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. 40,000 ടവരെയുള്ള ഇറക്കുമതിക്കാണ് 2011 മാര്‍ച്ച് 31 വരെ തീരുവ ഏഴര ശതമാനമായി നിശ്ചയിച്ചത്. ടയര്‍കമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങി ഇറക്കുമതിത്തീരുവ കുറച്ചതിനുപിന്നാലെ ടയര്‍കമ്പനികളുടെ ഓഹരിവില വര്‍ധിച്ചു. വെള്ളിയാഴ്ച വിപണിയില്‍ ഇടിവുണ്ടായെങ്കിലും എംആര്‍എഫ്, അപ്പോളോ, സിയറ്റ് എന്നിവയുടെ ഓഹരിവില രണ്ടുമുതല്‍ നാല് ശതമാനംവരെ വര്‍ധിച്ചു. മാര്‍ച്ച് 31നുശേഷം വിലയുടെ 20 ശതമാനം അതല്ലെങ്കില്‍ കിലോയ്ക്ക് 20 രൂപ, ഏതാണോ കുറവ് അത് തീരുവയായി കണക്കാക്കും. ഇത് ടയര്‍കമ്പനികള്‍ക്ക് ദീര്‍ഘകാലനേട്ടമുണ്ടാക്കും. ഇപ്പോഴത്തെ നിരക്കില്‍ 20 ശതമാനം തീരുവ എന്നത് കിലോയ്ക്ക് ഏകദേശം 44 രൂപയുണ്ടാകും. നിലവില്‍ അന്താരാഷ്ട്രവില ആഭ്യന്തരവിലയേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ കുറഞ്ഞ തീരുവയില്‍ പെട്ടെന്ന് ഇറക്കുമതിയുണ്ടാകില്ല.
(എം പ്രശാന്ത്)

ദേശാഭിമാനി 25.12.10