Saturday, January 8, 2011

Boney M - Rasputin

സ്‌ഫോടനങ്ങളില്‍ ആര്‍ എസ് എസ് നേതാക്കള്‍ക്ക് നേരിട്ട് പങ്ക്

സംഝോത എക്‌സ്പ്രസ്, മാലേഗാവ്, അജ്മീര്‍, മെക്ക സ്‌ഫോടനങ്ങളില്‍ സംഘപരിവാര്‍ നേതാക്കള്‍ക്കു നേരിട്ടു പങ്കുണ്ടെന്ന്, മക്ക സ്‌ഫോടന കേസിലെ മുഖ്യപ്രതിയും ആര്‍ എസ് നേതാവുമായ സ്വാമി അസിമാനന്ദയുടെ കുറ്റസമ്മതം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രാജ്യത്തു നടന്ന വിവിധ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഹിന്ദു തീവ്രവാദികള്‍ എങ്ങനെയെല്ലാം പ്രവര്‍ത്തിച്ചെന്നും ഏതെല്ലാം വിധത്തില്‍ ഭീകരപ്രവര്‍ത്തനത്തിനു പദ്ധതിയിട്ടെന്നും വിവരിക്കുന്ന അസിമാനന്ദയുടെ കുറ്റസമ്മത മൊഴി പ്രത്യേക സി ബി ഐ രേഖപ്പെടുത്തി.
മക്ക മസ്ജിദ്, മാലേഗാവ്, സംഝോത എക്‌സ്പ്രസ്, അജ്മീര്‍ ഷരീഫ് എന്നിവിടങ്ങളിലെ സ്‌ഫോടനങ്ങളില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ നേരിട്ടു ബന്ധപ്പെട്ടെന്നാണ് ജതിന്‍ ചാറ്റര്‍ജി എന്ന അസിമാന്ദയുടെ മൊഴി. ആസൂത്രണം, പണം കണ്ടെത്തല്‍, നടപ്പാക്കല്‍ തുടങ്ങിയവയെല്ലാം ആര്‍ എസ് എസുകാരാണ് ചെയ്തത്. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നടന്ന ഭീകരപ്രവര്‍ത്തനത്തിനു പ്രതികാരമായാണ് ഈ സ്‌ഫോടനങ്ങള്‍ നടത്തിയതെന്ന് അസിമാനന്ദ മൊഴിയില്‍ പറയുന്നു. മക്ക മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബര്‍ 19ന് ഹരിദ്വാറിലെ ഒളിസങ്കേതത്തില്‍നിന്നാണ് അസിമാനന്ദയെ സി ബി ഐ അറസ്റ്റു ചെയ്തത്.

2007ലാണ് 68 പേരുടെ മരണത്തിനിടയാക്കിയ സംഝോത എക്‌സ്പ്രസ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിനിരയായവരില്‍ അധികവും പാകിസ്ഥാന്‍കാരായിരുന്നു. സംഭവത്തിനു പിന്നില്‍ ഹിന്ദു തീവ്രവാദികളാണെന്ന് അന്വേഷണ സംഘം പറഞ്ഞു. ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം മജിസ്‌ട്രേറ്റിനു മുമ്പാകെയാണ്, സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അസിമാനന്ദ കുറ്റസമ്മത മൊഴി നല്‍കിയത്. ഇത് തെളിവായി കണക്കാക്കും.

ബോംബിനെ ബോംബുകൊണ്ടു വേണം നേരിടാനെന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് സംഝോത സ്‌ഫോടന നടത്തിയതെന്ന് അസിമാനന്ദ മൊഴിയില്‍ പറയുന്നു. ഹിന്ദുക്കള്‍ ശാന്തരായി ഇരുന്നിട്ടു കാര്യമില്ല. അക്രമത്തിലൂടെ തന്നെ പ്രതികരിക്കണമെന്ന് താന്‍ എല്ലാവരെയും ഉദ്‌ബോധിപ്പിച്ചതായി അസിമാന്ദയുടെ മൊഴിയിലുണ്ട്. മെക്ക മസ്ജിദ്, അജ്മീര്‍ ഷരീശ് സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്നു കരുതുന്ന ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാറുമായുള്ള ബന്ധത്തെക്കുറിച്ചും അസിമാനന്ദ വെളിപ്പെടുത്തുന്നുണ്ട്. രാജ്യവ്യാപകമായി ഭീകരാക്രമണങ്ങള്‍ നടത്താന്‍ പ്രജ്ഞാന്‍ സിംഗ് താക്കൂര്‍, സുനില്‍ജോഷി, ഇന്ദ്രേഷ് കുമാര്‍ എന്നിവര്‍ എങ്ങനെയൊക്കെയാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തതെന്നും അസിമാനന്ദ മൊഴിയില്‍ വിശദീകരിച്ചിട്ടുണ്ട്.

ഒരു ആര്‍ എസ് എസ് പരിപാടിക്കു ശേഷം 2005ല്‍ ഇന്ദ്രേഷ് കുമാര്‍ ശബ്രി ധാമില്‍ വന്നു. മുതിര്‍ന്ന ആര്‍ എസ് എസ് നേതാക്കള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സുനില്‍ ജോഷിയും അവിടെ വന്നു. അദ്ദേഹത്തിനായിരുന്നു ബോംബ് നിര്‍മാണത്തിന്റെ ചുമതല. എന്ത് സഹായം വേണമെങ്കിലും എത്തിച്ചുതരാമെന്നായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ വാഗ്ദാനം. ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് സംഘം തനിക്കു നിര്‍ദേശം നല്‍കിയതെന്ന് അസിമാനന്ദ പറയുന്നു.

സുനില്‍ ജോഷിയും ഭരത് ഭായിയും ഇന്ദ്രേഷിനെ നാഗ്പുരില്‍ വച്ച് കണ്ടിരുന്നുവെന്ന് തനിക്കറിയാമായിരുന്നു. ഭരത്ഭായിയുടെ സാന്നിധ്യത്തിലാണ് ഇന്ദ്രേഷ് സുനില്‍ ജോഷിക്ക് 50,000 രൂപ നല്‍കിയത്. ഇന്ദ്രേഷ് ഐ എസ് ഐ ഏജന്റാണെന്നാണ് കേണല്‍ പുരോഹിത് തന്നോടു പറഞ്ഞിരുന്നത്. ഇതിന്റെ രേഖകളെല്ലാം തന്റെ പക്കലുണ്ടെന്നും പുരോഹിത് അവകാശപ്പെട്ടിരുന്നു. എന്നെ ഈ രേഖകള്‍ അദ്ദേഹം ഒരിക്കലും കാണിച്ചിട്ടില്ലെന്നും അസിമാനന്ദ പറയുന്നു.

അതിനിടെ കേണല്‍ പുരോഹിതിനെതിരായ സൈനിക അന്വേഷണത്തിന്റെ മുഴുവന്‍ വിവരങ്ങളും ഹാജരാക്കാന്‍ സൈനിക ട്രിബ്യൂണല്‍ കരസേനയോട് ആവശ്യപ്പെട്ടു. മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പുരോഹിത് തനിക്കെതിരായ സൈനിക അന്വേഷണത്തിനെതിരെ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.

ജനയുഗം 08.01.11

Friday, January 7, 2011

തെലുങ്കാന പ്രശ്നം : ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തം

ആന്ധ്രപ്രദേശ് ഇപ്പോഴത്തെ രീതിയില്‍ നിലനിര്‍ത്തുന്നതാവും ഗുണകരമെന്നതുള്‍പ്പെടെ  ആറിന നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്ന ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ വ്യാഴാഴ്ച പരസ്യപ്പെടുത്തി. പ്രത്യേക തെലുങ്കാന സംസ്ഥാനം എന്ന ആശയത്തോട് കമീഷന്‍ പൊതുവെ വിയോജിച്ചു.
തെലുങ്കാന പ്രശ്‌നം പരിഹരിക്കുന്നതിനു ജസ്റ്റിസ് ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കമീഷന്‍ 11 മാസം നീണ്ട അന്വേഷണത്തിലൂടെ കണ്ടെത്തിയ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാറിന് കൈമാറിയത്. രണ്ട് വാല്യങ്ങളിലായി 461 പേജുകളുള്ള  റിപ്പോര്‍ട്ട് എല്ലാ സാധ്യതകളും മുന്നോട്ടു വെക്കുന്നുണ്ടെങ്കിലും ഏകീകൃത ആന്ധ്രയെന്ന സങ്കല്‍പത്തെയാണ് പിന്താങ്ങുന്നത്. സാമ്പത്തിക സുസ്ഥിരത, ആഭ്യന്തര സുരക്ഷ എന്നിവക്ക് ഇതാകും ഗുണകരമെന്നും റിപ്പോര്‍ട്ട് പറയുന്നു.
2010 ഫെബ്രുവരിയിലാണ് വിഷയം പഠിക്കാനായി കേന്ദ്രസര്‍ക്കാര്‍ ശ്രീകൃഷ്ണ കമ്മിറ്റിയെ നിയമിച്ചത്. വ്യാഴാഴ്ച ആഭ്യന്തര മന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തു നിന്നുള്ള പ്രധാന രാഷ്ട്രീയ കക്ഷികളുടെ യോഗാനന്തരമാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ടി.ആര്‍.എസ്, ബി.ജെ.പി, തെലുങ്കുദേശം ഉള്‍പ്പെടെയുള്ള കക്ഷികള്‍ യോഗം ബഹിഷ്‌കരിച്ചു.
ഐക്യആന്ധ്ര മാറ്റം കൂടാതെ നിലനിര്‍ത്തുമ്പോള്‍ തെലുങ്കാനയുടെ സാമ്പത്തിക-സാമൂഹിക ശാക്തീകരണത്തിനു വേണ്ടി ഭരണഘടനാപരവും മറ്റുമായ മാനദണ്ഡങ്ങള്‍ നടപ്പാക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഇതിനായി അവകാശാധികാരങ്ങളുള്ള തെലുങ്കാന പ്രാദേശിക കൗണ്‍സില്‍ രൂപവത്കരിക്കണം.
കമീഷന്‍ മുന്നോട്ടു വെച്ച ആറിന നിര്‍ദേശങ്ങളുടെ ചുരുക്കം ഇങ്ങനെ: 

ഒന്ന്: നിലവിലുള്ള സ്ഥിതി തന്നെ തുടരുക. ഇക്കാര്യത്തില്‍ എല്ലാ കമീഷന്‍ അംഗങ്ങള്‍ക്കും ഏകാഭിപ്രായം.
രണ്ട്:സീമാന്ധ്ര, തെലുങ്കാന എന്നിങ്ങനെ ആന്ധ്രയെ വിഭജിക്കുക. ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുക. രണ്ട് സംസ്ഥാനങ്ങളും ചേര്‍ന്ന് സ്വന്തം തലസ്ഥാനങ്ങള്‍ വികസിപ്പിച്ചെടുക്കുക.
എന്നാല്‍, തെലുങ്കാനയിലെ പ്രക്ഷുബ്ധാവസ്ഥ കണക്കിലെടുത്ത് ഈ സാധ്യത ഒട്ടും പ്രായോഗികമല്ലെന്നും കമീഷന്‍ തന്നെ പറയുന്നു.
മൂന്ന്: രായല തെലുങ്കാന, കോസ്റ്റല്‍ ആന്ധ്ര മേഖല എന്നിങ്ങനെയായി സംസ്ഥാനത്തെ വിഭജിക്കുക. രായല തെലുങ്കാനയുടെ അവിഭാജ്യ ഘടകമായി ഹൈദരാബാദിനെ നിലനിര്‍ത്തുകയും വേണം.
സാമ്പത്തിക ന്യായീകരണം ഉണ്ടെങ്കില്‍ തന്നെയും ഈ നിര്‍ദേശം ഭൂരിഭാഗത്തിനും സ്വീകാര്യമാകാന്‍ സാധ്യതയില്ലെന്ന് കമീഷന്‍.
നാല്: സീമാന്ധ്ര, തെലുങ്കാന എന്നിങ്ങനെ ആന്ധ്രയെ വിഭജിക്കുക. ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമാക്കുക. എന്നാല്‍, ഈ നിര്‍ദേശത്തിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നേക്കുമെന്ന് കമീഷന്റെ മുന്നറിയിപ്പ്.
അഞ്ച്: ഹൈദരാബാദിന്റെ നിലവിലുള്ള അതിര്‍ത്തി പ്രകാരം തെലുങ്കാന, സീമാന്ധ്ര സംസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കുക. പുതിയ തലസ്ഥാനം ഉണ്ടാകുന്നതു വരെ ഹൈദരാബാദ് രണ്ടിന്റെയും തലസ്ഥാനമാക്കി നിലനിര്‍ത്തുക.
ഈ നിര്‍ദേശത്തിന് പരിഗണന നല്‍കണം. പൂര്‍ണമായും ന്യായീകരിക്കാന്‍ കഴിയില്ലെങ്കില്‍ തന്നെയും തെലുങ്കാന സംസ്ഥാനമെന്ന ആവശ്യത്തോട് പ്രതികരിക്കാതെ പറ്റില്ലെന്ന് കമീഷന്‍ വ്യക്തമാക്കി. രായല സീമ, ആന്ധ്രയുടെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഹൈദരാബാദില്‍ സ്ഥിരമായി താമസിക്കുന്നവരും നിക്ഷേപം നടത്തുന്നവരുമായ ആളുകളുടെ ഉത്കണ്ഠ അഭിമുഖീകരിക്കണമെന്നും കമീഷന്‍ പറഞ്ഞു.
തെലുങ്കാന മേഖലയിലെ ഭൂരിപക്ഷം പേര്‍ക്കും സംസ്ഥാന രൂപവത്കരണം ഗുണം ചെയ്‌തേക്കും. എന്നാല്‍, അപകടകരമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് അതിടയാക്കും. ഐക്യ ആന്ധ്ര കഴിഞ്ഞാല്‍ പിന്നെ രണ്ടാമത്തെ ഏക പോംവഴിയാണ് തെലുങ്കാന സംസ്ഥാന രൂപവത്കരണം. മൂന്ന് മേഖലകളും തമ്മില്‍ സമവായം രൂപപ്പെടുന്ന സാഹചര്യത്തില്‍ മാത്രമാണ് പ്രത്യേക തെലുങ്കാന സംസ്ഥാനം സാധ്യമാവുക.
ആറ്: ആന്ധ്ര  വിഭജിക്കാതെ തെലുങ്കാന മേഖലക്ക് സാമൂഹിക-സാമ്പത്തിക വികസനം ഉറപ്പാക്കുക.
ആറ് നിര്‍ദേശങ്ങളില്‍ ആദ്യത്തെ മൂന്നെണ്ണം കമീഷന്‍ തന്നെ തള്ളി.ഹൈദരാബാദിനെ കേന്ദ്ര ഭരണ പ്രദേശമാക്കി ആന്ധ്രയെ രായല്‍സീമ, തെലുങ്കാന എന്നിങ്ങനെ വിഭജിക്കാം. അതല്ലെങ്കില്‍ സീമാന്ധ്ര, തെലുങ്കാന എന്നിങ്ങനെയും വിഭജിക്കാം.ഹൈദരാബാദ് തെലുങ്കാനയുടെ തലസ്ഥാനമാക്കാം. എല്ലാ മേഖലകളില്‍ നിന്നും മന്ത്രിമാര്‍ക്ക് ആനുപാതിക പ്രാതിനിധ്യം നല്‍കണം. തെലുങ്കാന പ്രാദേശിക കൗണ്‍സില്‍ രൂപവത്കരിക്കാം. നിലവിലുള്ള സ്ഥിതി തുടരുന്നത് സംസ്ഥാനത്തെ മൂന്ന് പ്രദേശങ്ങള്‍ക്കും കൂടുതല്‍ ഗുണം ചെയ്യും. മൊത്തം സംസ്ഥാനത്തിന്റെ പൊതു താല്‍പര്യങ്ങള്‍ക്ക് ഇതാകും ഗുണകരം. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയണം.
എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങള്‍ പരിഗണിച്ചുവെങ്കിലും ചില കാര്യങ്ങള്‍ നടപ്പില്‍ വരുത്തുക പ്രായോഗികമെല്ലന്ന് കമീഷന്‍. സാമ്പത്തിക വികസനവും മെച്ചപ്പെട്ട സര്‍ക്കാറും ഉണ്ടായാല്‍ എല്ലാ മേഖലകളുടെയും ആശങ്ക പരിഹരിക്കപ്പെടും. വിശാല ദേശീയ താല്‍പര്യങ്ങള്‍ക്കും അതാകും ഗുണകരം -കമീഷന്‍ ഓര്‍മിപ്പിച്ചു.

Thursday, January 6, 2011

ബൊഫോഴ്‌സ്: കോണ്‍ഗ്രസിന്റെ മുഖംമൂടി അഴിഞ്ഞുവീഴുന്നു

നാലില്‍മൂന്നിലേറെ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന രാജീവ്ഗാന്ധി സര്‍ക്കാരിനെ കടപുഴക്കുകയും തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനു വഴിയൊരുക്കുകയും ചെയ്ത ബൊഫോഴ്‌സ് അഴിമതി കേസ് വീണ്ടും ജനശ്രദ്ധയില്‍ വന്നിരിക്കുന്നു. സ്വീഡനിലെ ബൊഫോഴ്‌സ് കമ്പനിയില്‍ നിന്നും തോക്കുകള്‍ വാങ്ങിയതില്‍ ഇടനിലക്കാരായി നിന്ന ഒട്ടാവിയോ ക്വത്‌റോക്കിയും വിന്‍ഛദ്ദയും കൈപ്പറ്റിയ പണത്തിന് നികുതി കൊടുക്കണമെന്ന ആദായനികുതി ട്രിബ്യൂണലിന്റെ വിധിയാണ് കോണ്‍ഗ്രസും സി ബി ഐയും വിശദമായി മുക്കിയ അഴിമതി കേസ് വീണ്ടും സജീവമാക്കിയത്. ബൊഫോഴ്‌സ് ഇടപാടില്‍ ക്വത്‌റോക്കിക്കും ഛദ്ദയ്ക്കും 41 കോടി രൂപ കമ്മിഷനായി ലഭിച്ചിരുന്നുവെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. ഈ തുകയ്ക്ക് നിയമപ്രകാരമുള്ള നികുതി ഈടാക്കണമെന്നാണ് ട്രിബ്യൂണലിന്റെ വിധി.

ബൊഫോഴ്‌സ് ഇടപാടിനെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വവും സി ബി ഐയും പ്രചരിപ്പിച്ച കഥകളുടെ കള്ളത്തരമാണ് ഈ വിധിയിലൂടെ ആദായനികുതി ട്രിബ്യൂണല്‍ തുറന്നു കാട്ടിയിരിക്കുന്നത്. ബൊഫോഴ്‌സ് കമ്പനിയുമായി നടത്തിയ തോക്കിടപാടില്‍ ഇടനിലക്കാരില്ലെന്നും അതുകൊണ്ട് ആര്‍ക്കും കമ്മിഷന്‍ നല്‍കിയിട്ടില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ആയുധ ഇടപാടുകളില്‍ ഇടനിലക്കാരും കമ്മിഷനും പാടില്ലെന്ന് ഗവണ്‍മെന്റ് തീരുമാനിച്ചതുകൊണ്ട്, ബൊഫോഴ്‌സ് ഇടപാടിലെ അഴിമതിയെക്കുറിച്ചുള്ള ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രചരണം. കേസ് അന്വേഷിച്ച സി ബി ഐ കോണ്‍ഗ്രസ് പറഞ്ഞതെല്ലാം ആവര്‍ത്തിച്ചു. കമ്മിഷന്‍ നല്‍കിയതിന് തെളിവില്ലെന്നാണ് സി ബി ഐ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. ക്വത്‌റോക്കി കേസില്‍ പ്രതിയാണെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെ കോടതിയില്‍ വിചാരണയ്ക്ക് വിധേയമാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ലെന്നും സി ബി ഐ പറയുന്നു. അതുകൊണ്ട് ക്വത്‌റോക്കിക്കെതിരായ കേസ് അവസാനിപ്പിക്കണമെന്നാണ് സി ബി ഐ കോടതിയില്‍ ആവശ്യപ്പെട്ടത്. ക്വത്‌റോക്കിയെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയെന്നും ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസിട്ടെന്നും എന്നിട്ടും ഭൂമുഖത്തൊരിടത്തും ക്വത്‌റോക്കിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമാണ് സി ബി ഐ പറയുന്നത്. ഇതിനിടയില്‍ അര്‍ജന്റീനയില്‍ വച്ച് ക്വത്‌റോക്കിയെ പിടികൂടിയെങ്കിലും ഇന്ത്യയ്ക്ക് വിട്ടു തന്നില്ലത്രെ. സി ബി ഐയ്ക്ക് ക്വത്‌റോക്കിയെ കണ്ടെത്താനായില്ലെങ്കിലും ഇടയ്ക്കിടെ അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ ദേശീയ ചാനലുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ക്വത്‌റോക്കിയുടെ ബന്ധങ്ങള്‍ അറിയാവുന്നവര്‍ക്ക് സി ബി ഐയുടെ കള്ളക്കളി നേരത്തെ ബോധ്യമായതാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ കുടുംബ സുഹൃത്തായ ഇറ്റാലിയന്‍ വ്യവസായിയാണ് ക്വത്‌റോക്കി. നിരവധി ബഹുരാഷ്ട്ര കമ്പനികളുടെ ഇടപാടുകളില്‍ ക്വത്‌റോക്കി ഇടനിലക്കാരനായിരുന്നു. വന്‍തുകയാണ് കമ്മിഷന്‍ ഇനത്തില്‍ തട്ടിയെടുത്തത്. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അടുപ്പം ക്വത്‌റോക്കി നന്നായി മുതലെടുക്കുകയും ചെയ്തു.

ബൊഫോഴ്‌സ് ഇടപാടിലെ അഴിമതിയിലൂടെ പൊതു ഖജനാവിനു നഷ്ടമായതില്‍ കൂടുതല്‍ തുക രണ്ടു ദശകത്തിലേറെയായി ഇഴഞ്ഞുനീങ്ങുന്ന കേസ് അന്വേഷണത്തിനുവേണ്ടി സി ബി ഐ ചെലവഴിച്ചിട്ടുണ്ട്. അന്വേഷണസംഘങ്ങളെ സി ബി ഐ പലവട്ടം മാറ്റി. അന്വേഷണത്തിന്റെ മറവില്‍ സി ബി ഐ സംഘങ്ങള്‍ നിരവധി രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി. ബൊഫോഴ്‌സ് ഇടപാടില്‍ കമ്മിഷനും അഴിമതിയും ഇല്ലെന്നും ക്വത്‌റോക്കിക്ക് എതിരെ തെളിവില്ലെന്നും മുന്‍കൂട്ടി തീരുമാനിച്ചശേഷം നടന്ന അന്വേഷണങ്ങളെല്ലാം പ്രഹസനമായി മാറുകയും ചെയ്തു. പ്രതിപട്ടികയിലുള്ള ക്വത്‌റോക്കിയെ പിടികൂടാന്‍ കഴിയാത്തതുകൊണ്ട് കേസ് അവസാനിപ്പിക്കണമെന്ന് സി ബി ഐ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായി മാത്രമേ കാണാനാവുകയുള്ളു.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഇന്‍കംടാക്‌സ് വകുപ്പ് ബൊഫോഴ്‌സ് ഇടപാടില്‍ ക്വത്‌റോക്കിയും വിന്‍ഛദ്ദയും കമ്മിഷന്‍ കൈപ്പറ്റി എന്ന് അസന്നിദ്ധമായി വ്യക്തമാക്കിയിട്ടും ഇന്നലെയും സി ബി ഐ ആവശ്യപ്പെട്ടത് കേസ് അവസാനിപ്പിക്കണമെന്നാണ്. ബൊഫോഴ്‌സ് കമ്പനിയില്‍ നിന്നും കൈപ്പറ്റിയ തുക, ക്വത്‌റോക്കിയും ഛദ്ദയും നിക്ഷേപിച്ച അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ എന്നിവ ഇന്‍കംടാക്‌സ് ട്രിബ്യൂണല്‍ വിധിയില്‍ വിവരിച്ചിട്ടുണ്ട്.

2 ജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയുമായി ബന്ധപ്പെട്ട് നടന്ന അഴിമതികളില്‍ ഉള്‍പ്പെട്ട തുകയുമായി തട്ടിച്ചു നോക്കുമ്പോള്‍ ബൊഫോഴ്‌സ് ഇടപാടിലെ തുക വളരെ വളരെ ചെറുതാണ്. എന്നാല്‍ ഇന്ത്യയില്‍ അഴിമതിക്ക് എതിരായി അതിശക്തമായ ബഹുജന പ്രസ്ഥാനത്തിനു തിരികൊളുത്തിയത് ബൊഫോഴ്‌സ് അഴിമതിയായിരുന്നു. അഴിമതിയോടുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമീപനം ബോധ്യപ്പെടുത്തുന്നതുകൂടിയാണ് ബൊഫോഴ്‌സ് അഴിമതി. അഴിമതി നടത്തിയവര്‍ എത്ര ഉന്നതരായാലും അവരെ പിടികൂടുകയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരികയും ചെയ്യുമെന്ന സോണിയാ ഗാന്ധിയുടെയും മന്‍മോഹന്‍സിംഗിന്റെയും പ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണെന്നും ഇത് തെളിയിക്കുന്നു.

ജനയുഗം മുഖപ്രസംഗം 05.01.11