Wednesday, January 19, 2011

ഇന്ധന വില വര്‍ധന സ്വകാര്യ എണ്ണകമ്പനികള്‍ക്കുവേണ്ടി

ഇന്ധനവില അടിക്കടി ഉയര്‍ത്തുന്നതിനു പിന്നില്‍ റിലയന്‍സ്‌, എസ്സാര്‍ തുടങ്ങിയ സ്വകാര്യ എണ്ണക്കമ്പനികളുടെ സമ്മര്‍ദം. ഇവരുടെ ഇംഗിതം നടപ്പാക്കാന്‍ ആയുധമായി കേന്ദ്രം ഉപയോഗിക്കുന്ന ഇടനിലക്കാര്‍ മാത്രമാണു പൊതുമേഖലാ എണ്ണക്കമ്പനികള്‍.

കഴിഞ്ഞ ദിവസം പെട്രോള്‍വില വര്‍ധിപ്പിച്ചിട്ടും എണ്ണക്കമ്പനികളുടെ നഷ്‌ടക്കഥ നിരത്തി ഡീസല്‍, പാചകവാതകം, മണ്ണെണ്ണ വില കൂട്ടാനുള്ള നീക്കത്തിലാണു പെട്രോളിയം മന്ത്രി. അടുത്ത ദിവസം ചേരുന്ന മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ ഇതാണു മുഖ്യ അജന്‍ഡ. ഡീസല്‍വില ലിറ്ററിന്‌ 3.50 രൂപ വരെയും പാചകവാതകം സിലിണ്ടറിന്‌ 25-50 രൂപ വരെയും മണ്ണെണ്ണക്കു പരമാവധിയും വില കൂട്ടാനുള്ള മുന്നൊരുക്കങ്ങളാണു നടക്കുന്നത്‌. അമിത ലാഭത്തിന്റെ ലാഞ്‌്ഛന കണ്ടാലുടന്‍ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തുടങ്ങും. ആഗോള ഭീമന്മാരാണ്‌ ഈ ഓഹരികളില്‍ കണ്ണുവച്ചിരിക്കുന്നത്‌.

രാജ്യാന്തര ക്രൂഡോയില്‍ വില വീപ്പയ്‌്ക്ക്‌ 92-93 ഡോളറില്‍ എത്തിയെന്നതാണ്‌ വിലകൂട്ടാന്‍ പറയുന്ന ന്യായം. അസംസ്‌കൃത എണ്ണയ്‌ക്ക് ഏറ്റവും വലിയ വിലക്കയറ്റമുണ്ടായത്‌ 2008 ലാണ്‌. പണപെരുപ്പവും മാന്ദ്യവുംകൊണ്ട്‌ സമ്പദ്‌ വ്യവസ്‌ഥ ഏറ്റവും ദുരിതത്തിലായതും അക്കൊല്ലമാണ്‌. 2008 ഫെബ്രുവരിയില്‍ ക്രൂഡോയില്‍ വില ഇന്നത്തേതിനു സമാനമായിരുന്നു. പെട്രോളിന്‌ അന്നത്തെ ശരാശരി വില 46 രൂപ. ഇതേ നിലവാരത്തില്‍ നോക്കിയാല്‍ ഇപ്പോളത്തെ പെട്രോള്‍വില വര്‍ധന 28 ശതമാനമാണ്‌. 2008 രണ്ടാം പകുതിയില്‍ ക്രൂഡോയില്‍ വില 100 ഡോളറിനപ്പുറം കടന്നു.

അന്ന്‌് ക്രൂഡോയിലിന്റെ 5% ഇറക്കുമതിച്ചുങ്കം ഉപേക്ഷിച്ചു. പെട്രോള്‍, ഡീസല്‍ കസ്‌റ്റംസ്‌ തീരുവ 7.5-ല്‍നിന്ന്‌ 2.5 ശതമാനമാക്കി. എക്‌സൈസ്‌ തീരുവ ലിറ്ററിന്‌ ഒരു രൂപ കുറച്ചു. വില നിര്‍ണയത്തിനുള്ള പൂര്‍ണ അധികാരം അന്ന്‌ സര്‍ക്കാരിനായിരുന്നു. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി ഈ തീരുവകളെല്ലാം പുനഃസ്‌ഥാപിച്ചു. നിര്‍ണായകഘട്ടം വരുമ്പോള്‍ ഇടപെടുമെന്നു വാക്കു നല്‍കി. കഴിഞ്ഞ ജൂണില്‍ എല്ലാ ഇന്ധനങ്ങള്‍ക്കും വില ഉയര്‍ത്തിയതിനൊപ്പം പെട്രോള്‍വില നിര്‍ണയിക്കാനുള്ള അധികാരം വിപണിക്കു കൈമാറിക്കൊണ്ട്‌ കേന്ദ്രം ജനത്തിന്‌ ഇരട്ട പ്രഹരമേല്‍പിച്ചു. അടിയന്തര ഘട്ടങ്ങളില്‍ ഇടപെടാമെന്ന ആശ്വാസവാക്ക്‌ ആവര്‍ത്തിക്കുകയും ചെയ്‌തു. എണ്ണ ഭീമന്മാര്‍ക്ക്‌ ആശ്വാസമെത്തിക്കാനുള്ള ഇടപെടല്‍ മാത്രമായി ഇതു തരംതാണു.

ഇന്ത്യയില്‍ ശുദ്ധീകരിക്കുന്ന എണ്ണയില്‍ 40 ശതമാനത്തോളം ഇവിടെനിന്നു കുഴിച്ചെടുക്കുന്നതാണ്‌. ഈ എണ്ണയ്‌ക്കും ഇറക്കുമതി ക്രൂഡോയിലിന്റെ വില തന്നെയാണ്‌ു ചെലുത്തുന്നത്‌്. പെട്രോളില്‍ അഞ്ചു ശതമാനം എഥനോള്‍ കലര്‍ത്തി നടത്തുന്ന ഔദ്യോഗിക തട്ടിപ്പാണു മറ്റൊന്ന്‌. പെട്രോളില്‍ പകുതി വിലയുള്ള എഥനോള്‍ ചേര്‍ക്കുമ്പോള്‍ ചില്ലിക്കാശുപോലും ഇളവുചെയ്യാന്‍ കമ്പനികള്‍ തയ്യാറല്ല.

ഇന്ധനവില വര്‍ധനയെ കോണ്‍ഗ്രസ്‌ പോലും എതിര്‍ത്തിട്ടും വില വീണ്ടും കൂട്ടാനുള്ള ധാര്‍ഷ്‌ട്യമാണ്‌ മന്ത്രിമാര്‍ കാട്ടുന്നത്‌. അടുത്ത ബജറ്റില്‍ നികുതി കുറയുമെന്നു സ്വപ്‌നം കാണുന്ന ഒരു വിഭാഗവും സര്‍ക്കാരിലുണ്ട്‌. ഈ അരക്ഷിതാവസ്‌ഥ വീണ്ടും മുതലെടുക്കാനാണ്‌ സ്വകാര്യ എണ്ണ കമ്പനികളുടെ പരിപാടി. ഡീസല്‍വില സ്വതന്ത്രമാക്കുന്ന സുദിനം കാത്തിരിക്കുകയാണ്‌് ഇക്കൂട്ടര്‍. ഡീസല്‍ വിലനിയന്ത്രണവുംകൂടി സര്‍ക്കാരിന്റെ കൈവിട്ടുപോയാല്‍ പിന്നെ സ്വകാര്യ കമ്പനികള്‍ അജണ്ട നിശ്‌ചയിക്കും.

Tuesday, January 18, 2011

ടുണീഷ്യന്‍ ഇഫക്ടില്‍' ഈജിപ്തിലും അള്‍ജീരിയയിലും ആത്മഹത്യാശ്രമങ്ങള്‍

രൂക്ഷമായ തൊഴില്‍ പ്രതിസന്ധിയും ഭക്ഷ്യവസ്തുക്കളുടെ ഉയര്‍ന്നവിലയും താങ്ങാനാകാത്തതിനെതുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ക്ക് കളമൊരുങ്ങുന്ന രാജ്യങ്ങളിലെ പ്രക്ഷോഭകര്‍ ടുണീഷ്യയെ മാതൃകയാക്കുന്നതായി ആശങ്ക. ഒരു മാസത്തിലേറെയായി ടുണീഷ്യയില്‍ നടന്നുവന്ന സമരത്തെ ആളിക്കത്തിച്ചത് മുഹമ്മദ് ബവാസീസി എന്ന 26കാരനായ  തൊഴില്‍ രഹിതന്‍ നടത്തിയ ആത്മാഹൂതിയായിരുന്നു. സമരത്തില്‍ സജീവമായി പങ്കെടുത്ത ബവാസീസി സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് സമരത്തിനിടയില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഡിസംബര്‍ മധ്യത്തോടെയായിരുന്നു ഇത്. ജനുവരി ആദ്യവാരത്തോടെ ഇദ്ദേഹം മരണമടഞ്ഞതിനെത്തുടര്‍ന്ന് പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയായിരുന്നു.

ഇതേ മാതൃക പിന്തുടര്‍ന്ന് ഈജിപ്തിലും അള്‍ജീരിയയിലും ആത്മഹത്യാശ്രമങ്ങളുണ്ടായതാണ് ലോകത്തെ ആശങ്കയിലാഴ്ത്തിയത്. ഈജിപ്തില്‍ കെയ്‌റോയിലെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലാണ് 49 കാരനായ അബ്ദു അബ്ദില്‍ മോനിം ഗാഫര്‍ സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. മുന്‍ റസ്റ്റോറന്റ് ഉടമയായ ഗാഫര്‍ സര്‍ക്കാര്‍ നയങ്ങള്‍ കാരണം തന്റെ വ്യാപാരം അവസാനിപ്പിക്കേണ്ടിവന്നുവെന്ന് ആരോപിച്ചാണ് പെട്രോളൊഴിച്ച് കത്തിച്ച് ആത്മാഹൂതി ശ്രമം നടത്തിയത്. തന്റെ രാജ്യം ഒരു പൗരനു നല്‍കേണ്ട മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ടാണ് ഗാഫര്‍ ആത്മഹത്യാശ്രമം നടത്തിയത്. പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ തീയണച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.

അള്‍ജീരിയയില്‍ മേയറെ കാണാന്‍ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തത് . തൊഴിലില്ലായ്മയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി മേയറൈ സന്ദര്‍ശിക്കാനെത്തിയ 20 അംഗസംഘത്തിലെ അംഗമായിരുന്ന 37 കാരന്‍ മോച്ചിന്‍ ബോട്ടര്‍ഫിറ്റ് ടൗണ്‍ഹാളിനു മുന്നില്‍ ശരീരത്തില്‍  തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച മുതല്‍ നാല് ആത്മഹത്യാശ്രമങ്ങളാണ് അള്‍ജീരിയയില്‍ നടന്നത്. കഴിഞ്ഞ ഞായറാഴ്ച 34 കാരനായ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയത് പൊലീസ് വിഫലമാക്കിയിരുന്നു. രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്തിനു മുന്നിലായിരുന്നു  യുവാവിന്റെ ആത്മഹത്യാശ്രമം. കഴിഞ്ഞ വെളളിയാഴ്ച അള്‍ജിയേഴ്‌സിന് പുറത്തുളള പൊലീസ് സ്റ്റേഷനുമുന്നില്‍ 27 കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

ടുണീഷ്യയ്ക്ക് സമീപമുളള രാജ്യങ്ങളിലേയ്ക്ക് ജനങ്ങള്‍ സ്വയംഹത്യ ഉള്‍പ്പെടെയുളള സമരമാര്‍ഗ്ഗങ്ങളുമായി മുന്നോട്ട് വരുന്നത് മേഖലയിലെ മറ്റുരാജ്യങ്ങളിലെ ഭരണകൂടങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.

ടുണീഷ്യയില്‍ പ്രക്ഷോഭം തുടരുന്നു

ടുണിസ്: ടുണീഷ്യയില്‍ ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിച്ചു കൊണ്ടുളള തീരുമാനം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കവേ അക്രമാസക്തരായ ജനങ്ങള്‍ തെരുവിലിറങ്ങി. ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് പലായനം ചെയ്ത പ്രസിഡന്റ് സൈന്‍ അല്‍ അബിദിന്‍ ബെന്‍ അലിയുടെ പാര്‍ട്ടി ഇപ്പോഴും അധികാരസ്ഥാനങ്ങള്‍ കൈയാളുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വെടിയുതിര്‍ത്തും ജലപീരങ്കി ഉപയോഗിച്ചും കണ്ണീര്‍ വാതകഷെല്ലുകള്‍ പൊട്ടിച്ചും പൊലീസ് പ്രക്ഷോഭകരെ നേരിട്ടു.

കഴിഞ്ഞ വെളളിയാഴ്ച മുതല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അധികാരത്തില്‍ തുടരുന്ന പ്രധാനമന്ത്രി മുഹമ്മദ് ഗനൗച്ചി എത്രയും പെട്ടെന്ന് തന്നെ സര്‍വകക്ഷിസര്‍ക്കാരിന്റെ രൂപീകരണം പ്രഖ്യാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രക്ഷോഭകര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ബെന്‍ അലിയുടെ കോണ്‍സ്റ്റിറ്റിയൂഷണല്‍ ഡെമോക്രാറ്റിക് റാലി (ആര്‍ സി ഡി) പാര്‍ട്ടി അധികാരത്തില്‍ പങ്കാളിയാകുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കി. കഴിഞ്ഞ 23 വര്‍ഷമായി അധികാരത്തിലിരുന്ന ബെന്‍ അലിയാണ് രാജ്യത്തെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. തൊഴിലില്ലായ്മയും വര്‍ധിച്ച തോതിലുളള ഭക്ഷ്യവിലയും അഴിമതിയും ജനങ്ങളെ പ്രക്ഷോഭരംഗത്തേയ്ക്ക് തളളിവിടുകയായിരുന്നു.

മുന്‍ പാര്‍ലമെന്റ് സ്പീക്കറും ഇടക്കാല പ്രസിഡന്റുമായ ഫൗദ് മെബാസയുടെ നേതൃത്വത്തില്‍ എത്രയും പെട്ടെന്ന് തന്നെ കൂട്ടുകക്ഷിസര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഗനൗച്ചി പ്രഖ്യാപിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി ചില ധാരണകളില്‍ എത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലുകളെ തുടര്‍ന്ന് സര്‍ക്കാര്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. സൈന്യത്തിന്റെ  കവചിത വാഹനങ്ങള്‍ നഗരത്തിലെങ്ങും റോന്തു ചുറ്റുന്നുണ്ട്. എത്രയും പെട്ടെന്നുതന്നെ സര്‍ക്കാര്‍ രൂപീകരിക്കാനും അക്രമിസംഘങ്ങള്‍ രാജ്യത്ത് അഴിഞ്ഞാടുന്നത് തടയാനും നടപടി സ്വീകരിക്കാന്‍ ഫ്രാന്‍സ് ടുണീഷ്യന്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഒരു മാസത്തോളമായി തുടരുന്ന പ്രക്ഷോഭത്തില്‍ വ്യാപാര സ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും അടഞ്ഞുകിടക്കുന്നത് ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.

Saturday, January 15, 2011

ആദ്യം ഇടതുകൈയില്‍ വെട്ടി; പിന്നെ 'വിധി' നടപ്പാക്കാന്‍ വലതുകൈയും

തൊടുപുഴ ന്യുമാന്‍ കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ വലതുകൈ വെട്ടാന്‍ തീരുമാനിച്ചു വന്ന സംഘം ആദ്യം വെട്ടിയത് ഇടതുകൈക്ക്. 'കൈ മാറിപ്പോയി; വലതുകൈ വെട്ട്' എന്ന് രണ്ടാം പ്രതി ജമാല്‍ വിളിച്ചുപറഞ്ഞപ്പോഴാണ് സംഘത്തിന് അബദ്ധം മനസ്സിലായത്. ഇതിനകം ഇടതുകൈക്ക് മൂന്നു വെട്ടേറ്റിരുന്നു. തുടര്‍ന്ന് മൂന്നാം പ്രതിയായ കെ എം ഷോബിന്‍ ജോസഫിന്റെ വലതുകൈ റോഡിനോട് ചേര്‍ത്തു പിടിച്ചുവയ്ക്കുകയും സവാദ് മഴു ഉപയോഗിച്ച് പലതവണ വെട്ടി കൈപ്പത്തി അറുത്തുമാറ്റുകയുമായിരുന്നുവെന്ന് അന്വേഷണസംഘം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു.

മാര്‍ച്ചില്‍ ചോദ്യപേപ്പര്‍ വിവാദമുണ്ടായ ഉടന്‍ ജോസഫിന്റെ കൈപ്പത്തിവെട്ടാന്‍ എം കെ നാസറിന്റെ നേതൃത്വത്തില്‍ തീരുമാനിച്ചിരുന്നു. രണ്ടാം പ്രതി ജമാലിനെയാണ് സംഘത്തലവനായി ആദ്യം തീരുമാനിച്ചത്. ജമാലിന്റെ നേതൃത്വത്തില്‍ 2010 മെയ് 6, 17, 28 എന്നീ തീയതികളില്‍ ജോസഫിന്റെ കൈപ്പത്തിവെട്ടാന്‍ ശ്രമിച്ചിരുന്നു. മോട്ടോര്‍ബൈക്കായിരുന്നു ആദ്യം ഉപയോഗിച്ചത്. തുടര്‍ന്ന് ലക്ഷ്യം നിറവേറ്റാന്‍ മാരുതി ഓമ്നി വാങ്ങാന്‍ നാസറിന്റെ നിര്‍ദേശപ്രകാരം യൂനുസ്, കെ കെ അലി, സജില്‍ എന്നിവരെ ചുമതലപ്പെടുത്തി. സംഘത്തലവനായി ജമാലിനു പകരം അഞ്ചാം പ്രതി ഷംസുദ്ദീനെ നിയോഗിച്ചു.

തുടര്‍ന്ന് ജൂണ്‍ 2, 3 തീയതികളില്‍ ഇവര്‍ ജോസഫിനെ കാത്തുനിന്നെങ്കിലും കൃത്യം നടത്താനായില്ല. തുടര്‍ന്നാണ് ജൂ നാലിന് രാവിലെ പള്ളിയില്‍നിന്ന് മടങ്ങുംവഴി കാര്‍ തടഞ്ഞുനിര്‍ത്തി വലിച്ചിറക്കി വെട്ടിയത്. അധ്യാപകന്റെ വാഗണര്‍ കാര്‍ തടഞ്ഞുനിര്‍ത്തിയ ശേഷം ആറാം പ്രതി ഷാനവാസ് സ്ഫോടകവസ്തുക്കളുമായി കാറിനു മുന്നില്‍ തന്നെ നിന്നു. സവാദ് മഴുകൊണ്ട് കാറിന്റെ ഡോര്‍ഗ്ളാസ് തല്ലി ത്തകര്‍ത്തു. മൂന്നാം പ്രതി ഷോബിന്‍ മുന്‍വശത്തെ ഗ്ളാസും തകര്‍ത്തു. തുടര്‍ന്ന് സവാദ്, ജമാല്‍, ഷോബിന്‍, സജില്‍ എന്നിവര്‍ ചേര്‍ന്ന് ജോസഫിനെ ബലമായി പിടിച്ച് പുറത്തിറക്കി. തടസം പിടിക്കാന്‍ ശ്രമിച്ച സഹോദരി സിസ്റ്റര്‍ മാരി സ്റ്റെല്ലയെ അഞ്ചാം പ്രതി ഷംസുദ്ദീന്‍ കഴുത്തിനുപിടിച്ച് തടഞ്ഞുനിര്‍ത്തി. രക്ഷപ്പെടാന്‍ ശ്രമിച്ച ജോസഫിനെ ഇടതുകാലിന് ആദ്യം ജമാലാണ് വെട്ടിയത്. തുടര്‍ന്ന് സവാദ് ഇടതു തുടയിലും കാല്‍പ്പാദത്തിലും വെട്ടിയ ശേഷം റോഡിലേക്ക് മറിച്ചിട്ടു. ഈ സമയം ഇവിടേയ്ക്ക് ഓടിയെത്തിയ നാട്ടുകാരെ ഷാനവാസ് സ്ഫോടകവസ്തുകാട്ടി ഭീഷണിപ്പെടുത്തി. ഷോബിനും സജിലും കത്തിവീശിയും അവരെ അകറ്റിനിര്‍ത്തി. ജോസഫിന്റെ ഭാര്യ സലോമിയും മകന്‍ മിഥുനും ഓടിയെത്തിയപ്പോള്‍ അവര്‍ക്കുനേരെ ഷാനവാസ് ബോംബെറിഞ്ഞു.
(ഡി ദിലീപ്)

ദേശാഭിമാനി 15.01.11

Friday, January 14, 2011

അതിരപ്പിള്ളി

ദേശാഭിമാനി മുഖപ്രസംഗം 
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും ശാസ്ത്രീയരീതിയില്‍ തെളിയിക്കപ്പെട്ട വിലയിരുത്തലുകള്‍ക്കും മീതെ ചിലരുടെ വൈയക്തികമായ ഇഷ്ടാനിഷ്ടങ്ങളാണ് വിലപ്പോവുക എന്നുവരുന്നത് ആശങ്കാജനകമാണ്. അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നേരിടുന്ന അനിശ്ചിതത്വം മുന്‍നിര്‍ത്തിയാണ് ഇങ്ങനെ പറയേണ്ടിവരുന്നത്.

സൈലന്റ്വാലിക്കും പാത്രക്കടവിനും പിന്നാലെ ഈ ജലവൈദ്യുതപദ്ധതിയും മരവിപ്പിക്കപ്പെട്ടുപോകുമോ എന്ന് സംശയിക്കാന്‍ കാരണങ്ങളുണ്ട്. 163 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന പദ്ധതിയാണിത്. ജലവൈദ്യുതമേഖലയില്‍ അവശേഷിക്കുന്ന കേരളത്തിന്റെ ഏക മേജര്‍ പദ്ധതി. കുറഞ്ഞ ചെലവില്‍ നടത്താവുന്ന പദ്ധതി. ഈ പദ്ധതി ഒരുവിധ പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ലെന്ന് മൂന്ന് ശാസ്ത്രീയപഠനങ്ങള്‍ തെളിയിച്ചു. ആദിവാസി ജീവിതത്തിനോ വനത്തിനോ അപൂര്‍വ ജന്തുവര്‍ഗങ്ങള്‍ക്കോ കാര്യമായ ഒരു വിഷമതയും വരുത്തില്ല ഈ പദ്ധതിയെന്നും തെളിഞ്ഞു. പദ്ധതിക്കാവശ്യമായ ജല ഒഴുക്ക് ചാലക്കുടിപ്പുഴയിലുണ്ടെന്ന് കേന്ദ്ര ജല കമീഷന്‍ വ്യക്തമാക്കി. എന്നിട്ടും പരിസ്ഥിതി സംബന്ധമായ അനുമതി നിഷേധിച്ച് ഈ പദ്ധതിയെ തകര്‍ത്തുകളയാനാണ് കേന്ദ്രത്തിലുള്ള ചിലര്‍ക്ക് താല്‍പ്പര്യം.

കരാറുകാരന്‍ കൂടുതല്‍ തുക ചോദിച്ചില്ലായിരുന്നെങ്കില്‍ ഇതിനകം നിലവില്‍വന്നുകഴിയുമായിരുന്ന പദ്ധതിയാണിത്. അതിനെ പരിസ്ഥിതി സംബന്ധമായ കാരണങ്ങള്‍ പറഞ്ഞ് ഇല്ലായ്മചെയ്യാനാണ് ഇന്ന് നീക്കം നടക്കുന്നത്. ചാലക്കുടിപ്പുഴയില്‍ വെള്ളം നിലച്ചുപോകുമെന്നതാണ് പരിസ്ഥിതിമന്ത്രി ജയറാം രമേശിന്റെ കണ്ടുപിടിത്തം. കേന്ദ്ര ജലകമീഷന്‍ നടത്തിയ ശാസ്ത്രീയപഠനങ്ങള്‍പോലും ജലം നിലയ്ക്കില്ല എന്നുറപ്പുതരുന്നു. പക്ഷേ, ജയറാം രമേശ് സ്വന്തം വൈയക്തിക ഇഷ്ടാനിഷ്ടങ്ങളില്‍നിന്നുമാറാന്‍ തയ്യാറല്ല. മന്ത്രിയുടെ നിലപാടിനെ, അദ്ദേഹത്തിന്റെ മന്ത്രാലയത്തിലുള്ള ജലകമീഷന്‍ റിപ്പോര്‍ട്ടുപോലും പാടേ നിരാകരിക്കുന്നു. ജയറാം രമേശ്, പുനഃപരിശോധനയ്ക്കായിവച്ച സമിതിയുടെ നിര്‍ദേശപ്രകാരമാണ് ജലകമീഷന്‍ പഠനം നടത്തിയത്. ആ പഠനറിപ്പോര്‍ട്ട് തനിക്ക് ബാധകമല്ല എന്ന മട്ടിലാണ് മന്ത്രി. വെള്ളച്ചാട്ടം നിലയ്ക്കാതിരിക്കാന്‍ പ്രത്യേക സംവിധാനമുണ്ട്. ഇന്നത്തെ അളവില്‍ വെള്ളമെത്താന്‍ അതുമതി. വെള്ളച്ചാട്ടത്തെ സജീവമാക്കി നിലനിര്‍ത്തുന്നതുപോലും മുകളിലുള്ള ഷോലയൂര്‍-പെരിങ്ങല്‍ക്കുത്ത് പദ്ധതികളാണെന്നതോര്‍ക്കണം.

1977-93 ഘട്ടത്തില്‍ ചാലക്കുടിപ്പുഴയില്‍ 1197 ദശലക്ഷം ഘനയടി നീരൊഴുക്കുണ്ടായിരുന്നെന്നും ഇപ്പോഴും 1056 ദശലക്ഷം ഘനയടിയുണ്ടെന്നും, ഈ വ്യത്യാസം ഇത്തരം പുഴകളില്‍ സാധാരണമായ താല്‍ക്കാലിക ഏറ്റക്കുറച്ചിലുകള്‍ മാത്രമാണെന്നും കേന്ദ്രജലകമീഷന്‍ പറയുന്നുണ്ട്. ഇത് സ്വികരിക്കാന്‍ ജയറാം രമേശ് തയ്യാറാവുകയാണ് വേണ്ടത്. പദ്ധതികള്‍ക്ക് അനുമതികൊടുക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിന് ശാസ്ത്രീയപഠനമാര്‍ഗങ്ങളെയാണ് അവലംബിക്കേണ്ടത്; തോന്നലുകളെയല്ല. വ്യക്തിയുടെ തോന്നലുകളാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയും ശാസ്ത്രീയമായി പഠനം നടത്തുന്ന സമിതികളുടെ വൈദഗ്ധ്യത്തിനും മേലേ വിലപ്പോവുക എന്നുവന്നാല്‍ ജനാധിപത്യത്തിനും വികസനത്തിനുമൊക്കെ അപകടകരമാകും അത്. അതുണ്ടാകാതിരിക്കാനുള്ള ജാഗ്രത ഉണ്ടായേ തീരൂ.