Monday, April 18, 2011

ഇനി പോസ്റ്റോഫീസില്ല; പകരം കൊറിയറോഫീസ്!

മനസിന് കുളിര്‍മയേകുന്ന ഗ്രാമഹൃദയങ്ങളില്‍ ഒന്നായിരുന്നു നമ്മുടെ പോസ്റ്റോഫീസുകള്‍. ദൂരത്തുനിന്ന് നമ്മെ തേടിയെത്തുന്ന കത്തുകള്‍ കൊണ്ടുവരുന്ന പോസ്റ്റോഫീസും പോസ്റ്റുമാനും ഇനി കാണാക്കാഴ്ചകളാകാന്‍ പോവുകയാണ്. കാരണം കേന്ദ്രസര്‍ക്കാര്‍ തപാല്‍ സ്വകാര്യവല്‍‌ക്കരിക്കുന്നു. അതിന് മുമ്പുതന്നെ ചെലവുചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 9797 പോസ്റ്റോഫീസുകള്‍ ഉടന്‍ പൂട്ടും. സ്വകാര്യവല്‍‌ക്കരിക്കുന്നത് വരെ, 5 കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു പോസ്റ്റോഫീസ് മതിയെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

രാജ്യത്ത് കൊറിയര്‍ സര്‍‌വീസുകള്‍ വന്നതോടെയാണ് തപാല്‍ വകുപ്പ് നഷ്ടത്തിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങിയത്. ഇന്റര്‍നെറ്റിന്റെ വരവോടെ കത്തിടപാടുകള്‍ കുറഞ്ഞതും തപാല്‍ വകുപ്പിന്റെ വയറ്റത്തടിച്ചു. ഈ കാരണങ്ങള്‍ കൊണ്ടാണ് തപാല്‍ സേവനം സ്വകാര്യവല്‍‌ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഗ്രാമീണമേഖലയിലെ പോസ്റ്റോഫീസുകളുടെ നടത്തിപ്പ്‌ കമ്മീഷന്‍ വ്യവസ്ഥയില്‍ സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കാനാണ്‌ നീക്കം.

വടക്കേ ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ ഈ രീതി നിലവിലുണ്ട്. ഈ രീതി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുക വഴി തപാല്‍മേഖലയെ പൂര്‍ണമായും കയ്യൊഴിയാനാണ്‌ സര്‍ക്കാര്‍ ശ്രമം. ഈ മേഖലയില്‍ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണം ലക്‌ഷ്യമിടുന്ന ‘പോസ്റ്റല്‍ ആന്‍ഡ്‌ കൊറിയര്‍ സര്‍വീസ്‌ ബില്‍ - 2010’ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.

കോര്‍പറേറ്റുകള്‍ക്കും വന്‍കിട കൊറിയര്‍ കമ്പനികള്‍ക്കും തപാല്‍വകുപ്പിനെ തീറെഴുതുന്ന ബില്‍ നിയമമാകുന്നതോടെ രാജ്യത്തെ തപാല്‍മേഖലയെ പൂര്‍ണമായും തകരും. ഈ രംഗത്തെ ലക്ഷക്കണക്കിന്‌ തൊഴിലവസരങ്ങള്‍ ഇല്ലാതാകും. മെയില്‍ മോട്ടോര്‍ സര്‍വീസും ഉടന്‍ നിര്‍ത്തലാക്കും. ഇതോടെ ഈ വിഭാഗത്തിലെ മെക്കാനിക്‌, ഡ്രൈവര്‍ തസ്തികകള്‍ ഇല്ലാതാകും. മെയില്‍ മോട്ടോര്‍ സര്‍വീസ്‌ ഇല്ലാതാകുന്നത്‌ നഗരപ്രദേശങ്ങളിലെ ഡെലിവറി സംവിധാനത്തില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന്‌ ജീവനക്കാര്‍ പറയുന്നു.

ഇന്റര്‍നെറ്റ് സാര്‍വത്രികമായി ലഭ്യമാകാന്‍ തുടങ്ങിയതോടെ തപാല്‍ സേവനത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്ന സര്‍ക്കാര്‍ കാഴ്ചപ്പാട് ശരിയല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇന്റര്‍നെറ്റിന്റെ ഈ കാലഘട്ടത്തിലും സ്വകാര്യ കൊറിയര്‍ സര്‍‌വീസ് കമ്പനികള്‍ ലാഭം കൊയ്യുകയാണ്. സര്‍ക്കാര്‍ ഒരിക്കലും തപാല്‍ വകുപ്പിനെ ആധുനികവല്‍ക്കരിക്കുകയോ സ്വകാര്യ കൊറിയര്‍ സേവന ദാതാക്കളുമായി മത്സരിക്കാന്‍ ഉതകും വിധം ശക്തിപ്പെടുത്തുകയോ ചെയ്യുകയുണ്ടായില്ലെന്നാണ് വിമര്‍ശനം.

76 സീറ്റോടെ ഇടത്‌ ഭരണം?

മലബാര്‍ മേഖലയിലെ വ്യക്‌തമായ ആധിപത്യത്തോടെ ഇടതുമുന്നണി 76 സീറ്റ്‌ നേടി സംസ്‌ഥാനഭരണം നിലനിര്‍ത്തുമെന്നു സി.പി.എം. കേന്ദ്രനേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. സംസ്‌ഥാനഘടകം നല്‍കിയ പ്രാഥമിക വിവരങ്ങളും മറ്റു മാര്‍ഗങ്ങളിലൂടെ ശേഖരിച്ച കണക്കുകളും ക്രോഡീകരിച്ചാണു നിഗമനം. 65-68 സീറ്റ്‌ ഉറപ്പാണെന്നും കടുത്ത മത്സരം നടന്ന പത്തോളം സീറ്റിലെ ഫലമാകും അടുത്ത ഭരണം നിശ്‌ചയിക്കുകയെന്നുമാണു സംസ്‌ഥാനഘടകത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.

എന്നാല്‍, പ്രതീക്ഷിച്ച ജയം നേടാന്‍ ഇടയില്ലെന്ന റിപ്പോര്‍ട്ടാണു ബൂത്ത്‌തല കണക്കു പരിശോധിച്ചു പല ജില്ലാ കമ്മിറ്റികളും തയാറാക്കിയത്‌. പാലക്കാട്ട്‌ ഒമ്പതു സീറ്റില്‍ കേന്ദ്രനേതൃത്വം പ്രതീക്ഷ പുലര്‍ത്തുമ്പോള്‍ ജില്ലാഘടകം എട്ടിടത്തേ വിജയസാധ്യത കാണുന്നുള്ളൂ. ചിറ്റൂരില്‍ 44 വോട്ടിന്റെ മേല്‍ക്കൈ കണ്ടെത്തിയെങ്കിലും ജില്ലാ റിപ്പോര്‍ട്ടില്‍ അതൊഴിവാക്കി. നാളെ ചേരുന്ന സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ യോഗം റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്‌ത് അന്തിമരൂപം നല്‍കും.

കാസര്‍ഗോഡ്‌ മുതല്‍ പാലക്കാട്‌വരെയുള്ള ജില്ലകളില്‍ ഇടതുമുന്നണി 34 സീറ്റ്‌ നേടുമെന്നാണു കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍. മലപ്പുറം, വയനാട്‌ ജില്ലകളില്‍ യു.ഡി.എഫിനാകും മേല്‍ക്കൈ. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യു.ഡി.എഫിനൊപ്പമെത്താന്‍ കഴിയും. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മെച്ചപ്പെട്ട പ്രകടനം നടത്തുന്നതോടെ ഭരണം ഉറപ്പാണെന്നും കേന്ദ്രനേതൃത്വം കണക്കുകൂട്ടുന്നു. കോട്ടയം, ഇടുക്കി ജില്ലകളില്‍ യു.ഡി.എഫിനായിരിക്കും കൂടുതല്‍ സീറ്റ്‌. ആലപ്പുഴയില്‍ എല്‍.ഡി.എഫിനു നേരിയ മേല്‍ക്കൈയുണ്ടാകും. ബി.ജെ.പി. ഇത്തവണയും നിയമസഭയില്‍ അക്കൗണ്ട്‌ തുറക്കില്ല. എന്നാല്‍, മൂന്നിലേറെ മണ്ഡലങ്ങളില്‍ അവര്‍ രണ്ടാം സ്‌ഥാനത്തെത്തുമെന്നും സി.പി.എം. കേന്ദ്രനേതൃത്വം വിലയിരുത്തുന്നു.

കാസര്‍ഗോഡ്‌ ജില്ലയില്‍ മൂന്നു സീറ്റില്‍ ഇടതു സ്‌ഥാനാര്‍ഥികള്‍ വിജയിക്കും. കോഴിക്കോട്ടു പത്തും കണ്ണൂരില്‍ ഒമ്പതും സീറ്റ്‌ നേടി ആധിപത്യമുറപ്പിക്കുമ്പോള്‍ വയനാട്ടില്‍ ഒരു സീറ്റാകും ലഭിക്കുക. മലപ്പുറം ജില്ലയിലെ 16-ല്‍ രണ്ടു സീറ്റിലേ പ്രതീക്ഷയുള്ളൂവെന്നു കേന്ദ്രനേതൃത്വം വിലയിരുത്തുന്നു. മറ്റു ജില്ലകളില്‍ പ്രതീക്ഷിക്കുന്ന സീറ്റുകള്‍: പാലക്കാട്‌-9, തൃശൂര്‍-7, എറണാകുളം-7, ഇടുക്കി-2, കോട്ടയം-2, ആലപ്പുഴ-5, പത്തനംതിട്ട-2, കൊല്ലം-9, തിരുവനന്തപുരം-8.

ഇടതുപക്ഷം വിജയിക്കുമെന്നതിനു സി.പി.എം. കേന്ദ്രനേതൃത്വം നിരത്തുന്ന കാരണങ്ങള്‍ ഇവയാണ്‌: ഇടതുകേന്ദ്രങ്ങളില്‍ പോളിംഗ്‌ ശതമാനത്തിലെ വര്‍ധന, യു.ഡി.എഫ്‌. ജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ പോളിംഗിലെ വന്‍ഇടിവ്‌, ഭരണവിരുദ്ധവികാരമില്ല, രണ്ടു രൂപയ്‌ക്ക് അരി പദ്ധതിക്കെതിരായ യു.ഡി.എഫ്‌. നിലപാട്‌ മധ്യവര്‍ഗവോട്ടര്‍മാരെയുള്‍പ്പെടെ സ്വാധീനിച്ചു, പ്രകടമായ വി.എസ്‌. തരംഗം മറികടക്കാന്‍ കോണ്‍ഗ്രസ്‌ ദേശീയനേതാക്കള്‍ക്കുപോലും സാധിച്ചില്ല, വി.എസിനെതിരേ രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവന ഗുണം ചെയ്‌തു, യു.ഡി.എഫ്‌. വോട്ടുകള്‍ വൈകുന്നേരത്തോടെ കൂട്ടമായി പോള്‍ ചെയ്യുന്ന കീഴ്‌വഴക്കം ഉണ്ടായില്ല, ഉച്ചയോടെ 50 ശതമാനത്തിലധികം പോളിംഗ്‌, മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്നു വ്യത്യസ്‌തമായി പ്രചാരണഘട്ടത്തില്‍ സി.പി.എമ്മിലെ ഐക്യം അണികളില്‍ ആവേശമുണ്ടാക്കി.

Sunday, April 17, 2011

വിഴുപ്പലക്കല്‍ തുടങ്ങി; ഇനി യു.ഡി.എഫില്‍ 'നടപടിക്കാലം'

(മംഗളം ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത)

വോട്ടെടുപ്പു കഴിഞ്ഞ്‌ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും ഘടകകക്ഷികളും വിഴുപ്പലക്കല്‍ തുടങ്ങിയതോടെ യു.ഡി.എഫില്‍ ഉരുള്‍പൊട്ടല്‍. സീറ്റ്‌ വിഭജനത്തര്‍ക്കവും ടിക്കറ്റ്‌ നിഷേധവുമാണു വിഷയം. തെരഞ്ഞെടുപ്പില്‍ മുന്നണിവിരുദ്ധ നിലപാട്‌ എടുത്തവര്‍ക്കെതിരേ അതതു പാര്‍ട്ടികള്‍ നടപടിക്കു നീക്കം തുടങ്ങി. ഉമ്മന്‍ചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കുമെതിരേ പരസ്യമായി ആരോപണമുന്നയിച്ച കെ.കെ. രാമചന്ദ്രനെതിരേ രണ്ടുദിവസത്തിനുള്ളില്‍ നടപടിയുണ്ടാകും. ഇതു സംബന്ധിച്ച്‌ എ.ഐ.സി.സിക്കു കെ.പി.സി.സി. റിപ്പോര്‍ട്ട്‌ നല്‍കി. രാമചന്ദ്രനെ പുറത്താക്കുമെന്നും സൂചനയുണ്ട്‌. വിശദീകരണം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം മറുപടി നല്‍കിയില്ല.

ചിറ്റൂരില്‍ സോഷ്യലിസ്‌റ്റ് ജനത ഡെമോക്രാറ്റിക്ക്‌ നേതാവ്‌ കൃഷ്‌ണന്‍കുട്ടിക്കെതിരേ കെ.അച്യുതന്‍ എം.എല്‍.എ. തുടക്കമിട്ട നീക്കത്തിനു കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ പിന്തുണയുണ്ട്‌. കൃഷ്‌ണന്‍കുട്ടിയെ ഒറ്റപ്പെടുത്തി പ്രശ്‌നം കൈകാര്യം ചെയ്യുകയെന്ന തന്ത്രമാണു പാലക്കാട്‌ ഡി.സി.സിയുടേത്‌. കൃഷ്‌ണന്‍കുട്ടിയെ അനുനയിപ്പിക്കാന്‍ യു.ഡി.എഫ്‌. നേതൃത്വം ശ്രമിക്കുമ്പോള്‍ ജനതാദള്‍ (എസ്‌) അദ്ദേഹത്തെ ഇടതുമുന്നണിയിലെത്തിക്കാനും നീക്കം നടത്തുന്നു.

പി.ജെ. ജോസഫ്‌ മത്സരിച്ച തൊടുപുഴയില്‍ വോട്ട്‌ മറിച്ചെന്ന ആരോപണം കോണ്‍ഗ്രസ്‌-കേരളാ കോണ്‍ഗ്രസ്‌ (എം) ബന്ധത്തെ വീണ്ടും ഉലച്ചു. ഇവിടെ വോട്ടിംഗ്‌ ശതമാനം കുറയാന്‍ കാരണം ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ വിട്ടുനിന്നതാണെന്നാണു സൂചന. ജോസഫ്‌ തോറ്റാല്‍ യു.ഡി.എഫില്‍ പൊട്ടിത്തെറിയുണ്ടാകും. മന്ത്രിസ്‌ഥാനംവരെ ഉപേക്ഷിച്ച്‌ ഇടതുമുന്നണി വിട്ടുവന്ന തങ്ങളെ ചതിച്ചെന്ന വികാരം ജോസഫ്‌ ഗ്രൂപ്പിലുണ്ട്‌. ജോസഫ്‌ എം. പുതുശേരിയെപ്പോലുള്ള നേതാക്കളെ ഒഴിവാക്കിയെന്ന പരാതി മാണി വിഭാഗത്തില്‍ ശക്‌തമാണ്‌. തിരുവല്ലയില്‍ പ്രചാരണത്തിനിറങ്ങാത്തതിന്റെ പേരില്‍ പുതുശേരിക്കെതിരേ നടപടിയെടുത്താല്‍ മറ്റൊരു പ്രതിസന്ധിക്കിടയാക്കും.

പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കില്‍ മുസ്ലിംലീഗിലുംതലകള്‍ ഉരുളും. ഗൗരിയമ്മയുടെ ജയം ഉറപ്പാക്കാനായില്ലെങ്കില്‍ ജെ.എസ്‌.എസില്‍ പിളര്‍പ്പുണ്ടായേക്കാം. പല പ്രമുഖര്‍ക്കും സീറ്റ്‌ ലഭിച്ചില്ലെന്ന ആക്ഷേപം കോണ്‍ഗ്രസില്‍ അടങ്ങിയിട്ടില്ല. ടി. സിദ്ദിഖ്‌, എം.എം. ഹസന്‍ എന്നിവരെ ഒഴിവാക്കിയതു ഫലപ്രഖ്യാപനത്തിനു ശേഷവും ചര്‍ച്ചയാകും. രാഹുല്‍ ഗാന്ധിയുടെ പേരു പറഞ്ഞ്‌ സിദ്ദിഖിനെ വെട്ടിയെന്ന വിമര്‍ശനം എ ഗ്രൂപ്പ്‌ ഉയര്‍ത്തുന്നു. മുന്നണിവിരുദ്ധ നിലപാടെടുത്ത പ്രാദേശികനേതാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ജില്ലാനേതൃത്വങ്ങള്‍ക്കു നിര്‍ദേശം നല്‍കി.

Friday, April 15, 2011

ബി.ജെ.പി വോട്ടുകളില്‍ അസാധാരണ ചലനങ്ങള്‍

(മാധ്യമം ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത)

സംസ്ഥാനത്തെ പോളിങ് രീതിയുടെ വിശദമായ കണക്കെടുപ്പില്‍ തെളിയുന്നത് ബി.ജെ.പി വോട്ടുകളിലെ അസാധാരണ ചലനങ്ങള്‍. ബി.ജെ.പി ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന ചില മണ്ഡലങ്ങളിലും അതിശക്തമായ മത്സരം നടക്കുന്ന ചില മണ്ഡലങ്ങളിലും ഈ ചലനങ്ങളില്‍ ചില അടിയൊഴുക്കുകളുടെ സൂചനയുമുണ്ട്. സാമാന്യം ഭേദപ്പെട്ട ശക്തിയുള്ള ചില മേഖലകളില്‍നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥികള്‍ അവസാന നിമിഷം പിന്‍വാങ്ങിയതും പല സ്ഥലങ്ങളിലും ബൂത്ത് ഏജന്റുമാരും സ്ലിപ് വിതരണ കേന്ദ്രങ്ങള്‍ പോലും ഇല്ലാതിരുന്നതിലും ചില കൊടുക്കല്‍ വാങ്ങലുകളുടെ ഫലമാണെന്ന് വിലയിരുത്തപ്പെടുന്നു.
 
കാസര്‍കോട് ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയത്  തൃക്കരിപ്പൂരിലാണ്. എന്നാല്‍, 2009ലെ തെരഞ്ഞെടുപ്പിനേക്കാള്‍  ഏറ്റവും കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത് മഞ്ചേശ്വരത്തും കാസര്‍കോട്ടുമാണ്. 22,185 വോട്ടുകള്‍ മഞ്ചേശ്വരത്തും 16,433  വോട്ടുകള്‍ കാസര്‍കോട്ടും. അതായത് ജില്ലയില്‍ കൂടുതല്‍ പോള്‍ചെയ്യപ്പെട്ട 45,919 വോട്ടില്‍ 84 ശതമാനവും ഈ രണ്ട് മണ്ഡലങ്ങളിലായിരുന്നു.
അജ്ഞാതമായ ഈ അടിയൊഴുക്കിലാണ് എല്ലാവരുടെയും കണ്ണ്.  ബി.ജെ.പിക്ക് അനുകൂലമായോ മുന്നണികളുടെ ഭൂരിപക്ഷം റെക്കോഡ് കുറിക്കുന്ന വിധമോ ഈ അടിയൊഴുക്ക് എത്താം. വോട്ടര്‍ പട്ടികയിലെ വര്‍ധന അതേ പടി പോളിങ്ങില്‍ പ്രതിഫലിച്ചിട്ടുണ്ട്. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ വര്‍ധിച്ച വോട്ടുകള്‍ പാര്‍ട്ടികള്‍ ബോധപൂര്‍വം ചേര്‍ത്തതു കൊണ്ടാണ് ഇതെന്നാണ് വിലയിരുത്തല്‍. ജില്ലയിലെ മറ്റൊരു മണ്ഡലത്തിലും ഇത്രയേറെ പോളിങ് വര്‍ധന ഉണ്ടായിട്ടില്ല. ബി.ജെ.പിയുടെ സംസ്ഥാന നേതാവ് മടിക്കൈ കമ്മാരന്‍ രംഗത്തുണ്ടായിരുന്ന കാഞ്ഞങ്ങാട്ടുപോലും ഇത്രയേറെ പോളിങ് വര്‍ധനയില്ല.
 
ഉദുമയിലും, കാസര്‍കോട്ടും ബി.ജെ.പി -കോണ്‍ഗ്രസ് ധാരണ നിലനിന്നിരുന്നുവെന്ന് വ്യക്തമാകുന്ന കാഴ്ച പോളിങ് ദിവസം കാണാനിടയായി. ഉദുമയിലെ സ്ഥാനാര്‍ഥി പ്രചാരണത്തിലുടനീളം പുതിയ വോട്ടുകള്‍ പിടിക്കാനാണ് ശ്രമിച്ചത്. വോട്ട് മറിയുന്നത് പുതിയ വോട്ടിലൂടെ ശ്രദ്ധിക്കപ്പെടാതിരിപ്പിക്കുക എന്ന തന്ത്രമാണിത്. പോളിങ് ദിവസം ഉദുമയിലെ പല ബി.ജെ.പി കേന്ദ്രങ്ങളിലും ബൂത്ത് പരിസരത്ത്  ബി.ജെ.പിയുടെ സ്ലിപ് കൗണ്ടറുകള്‍ പോലും കാണാനില്ലായിരുന്നു. കാസര്‍കോട് മണ്ഡലത്തിലാവട്ടെ പോളിങ് ദിവസം ബി.ജെ.പി വൃത്തങ്ങള്‍ നിശ്ശബ്ദവും ശാന്തവുമായിരുന്നു. ഈ ശാന്തതയുടെ പൊരുളാണ് സംശയങ്ങള്‍ ഉയര്‍ത്തുന്നത്.
 
പാലക്കാട് ജില്ലയില്‍ വോട്ടെടുപ്പിന്റെ തൊട്ട് തലേന്നു  ബി.ജെ.പി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായി. ചിറ്റൂര്‍, മലമ്പുഴ മണ്ഡലങ്ങളിലായിരുന്നു ഇത്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും കോണ്‍ഗ്രസിലെ ലതികാസുഭാഷും ഏറ്റുമുട്ടുന്ന മലമ്പുഴയില്‍ എന്‍.ഡി.എ ഘടകകക്ഷിയായ ജനതാദള്‍ (യു) വിന്റെ മജീദാണ് സ്ഥാനാര്‍ഥി. ഈ മണ്ഡലത്തില്‍ ബി.ജെ.പി വോട്ടുകള്‍ കാര്യമായി രേഖപ്പെടുത്തപ്പെട്ടില്ല എന്നാണ് സൂചന.
 
ചിറ്റൂരില്‍ സോഷ്യലിസ്റ്റ് ജനതയുടെ 'മനഃസാക്ഷി വോട്ട്'  സി.പി.എം സ്ഥാനാര്‍ഥിക്ക് ചെയ്യാനുള്ള കെ.കൃഷ്ണന്‍കുട്ടിയുടെ ആഹ്വാനത്തെ മറികടക്കാന്‍ ബി.ജെ.പി വോട്ടുകള്‍ കൂട്ടത്തോടെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. അച്യുതന് വേണ്ടി പോള്‍ ചെയ്‌തെന്നാണ് സൂചന.
 
സംസ്ഥാനത്ത് ബി.ജെ.പി വിജയ പ്രതീക്ഷ തന്നെ പുലര്‍ത്തുന്ന മണ്ഡലങ്ങളാണ് തിരുവനന്തപുരം ജില്ലയിലെ നേമവും കാട്ടാക്കടയും. ഇവിടെ ശ്കതമായ പ്രചാരണം നടക്കുമ്പോള്‍ തന്നെ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ ബി.കെ. ശേഖര്‍ രോഗം ബാധിച്ച് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ആശുപത്രിയിലായി. വോട്ടെടുപ്പ് ദിനം ഉച്ചക്ക് ശേഷം തീരദേശത്തെ ചില ബൂത്തുകളിലും ബി.ജെ.പിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. വാമനപുരത്തും ബി.ജെ.പി പോളിങ് ദിനം നിശ്ശബ്ദമായിരുന്നു.
 
കോഴിക്കോട് ജില്ലയില്‍ കാടിളക്കി പ്രചാരണം നടത്തിയ പല മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് ദിനത്തില്‍ ബി.ജെ.പിക്ക് ബൂത്തിലിരിക്കാന്‍പോലും ആളുണ്ടായിരുന്നില്ല. ബി.ജെ.പിക്ക് നല്ല നിലയില്‍ വോട്ടുള്ള ബേപ്പൂര്‍, ബാലുശ്ശേരി, കോഴിക്കോട് നോര്‍ത്ത്, കൊയിലാണ്ടി മണ്ഡലങ്ങളില്‍ ഇത് ഏറെ പ്രകടമായി.
 
ബി.ജെ.പിയുടെ നിസ്സംഗതയെച്ചൊല്ലി എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്.
 
കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളിലെ തീരദേശ മേഖലകളിലാണ് തെരഞ്ഞെടുപ്പ് ദിനത്തില്‍ പ്രവര്‍ത്തകര്‍ ഉള്‍വലിഞ്ഞത്. പാര്‍ട്ടിക്ക് നല്ല സ്വാധീനമുളള പാറോപ്പടി ഭാഗത്തും ഇതുതന്നെയായിരുന്നു അവസ്ഥ. കൊയിലാണ്ടി മണ്ഡലത്തിലും തീരദേശ മേഖലയില്‍ ഒരു ചലനവുമുണ്ടായില്ല. കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളില്‍ മിക്ക ബൂത്തുകളിലും ഏജന്റുമാര്‍പോലുമുണ്ടായില്ല.
 
കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത് മണ്ഡലങ്ങളില്‍ ബി.ജെ.പിയില്‍ ഒരുവിഭാഗം നേതൃത്വത്തിന്റെ അറിവില്ലാതെ തന്നെ യു.ഡി.എഫിന് വോട്ട് മറിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്. കുറ്റിയാടിയില്‍ മുസ്‌ലിം വോട്ടുകളുടെ ഏകീകരണത്തിന് ലീഗ് പരിശ്രമിച്ചപ്പോള്‍ അതിനോടുള്ള പ്രതിഷേധമെന്ന നിലയില്‍ കുറച്ച് ബി.ജെ.പി വോട്ടുകള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കനുകൂലമായി ചെയ്തതായും ബേപ്പൂരില്‍ ബി.ജെ.പിയുടെ നിര്‍ജീവത എല്‍.ഡി.എഫിന് ഗുണം ചെയ്തുവെന്നുമാണ് ആക്ഷേപം. എന്നാല്‍, ജില്ലയിലെ പാര്‍ട്ടിയുടെ ഒരു വോട്ടുപോലും ഇടതു-വലതുമുന്നണികള്‍ക്ക് വീണിട്ടില്ലെന്ന് ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് 'മാധ്യമ'ത്തോട് പറഞ്ഞു.
 
തൃശൂരില്‍ ബി.ജെ.പി സംസ്ഥാന നേതാക്കളായ എ.എന്‍. രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും മത്സരിക്കുന്ന കയ്പമംഗലത്തും പുതുക്കാടും ഒഴികെ ഭൂരിഭാഗം മണ്ഡലങ്ങളിലും ബി.ജെ.പി വോട്ടുകള്‍ മറ്റ് മുന്നണികള്‍ക്ക് അനുകൂലമായി ചോരുമെന്നാണ് സൂചന. കയ്പമംഗലത്ത് തന്നെ ചില കേന്ദ്രങ്ങളില്‍ വോട്ടുചോര്‍ച്ച ഉണ്ടാകുമെന്ന് പറയുന്നു.
 
കൊടുങ്ങല്ലൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് പലേടത്തും പോളിങ് ഏജന്റുമാര്‍ പോലും ഉണ്ടാകാതിരുന്നത് ശ്രദ്ധേയമായി. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.എന്‍. പ്രതാപനെ ഈ ഘടകം സഹായിക്കാനിടയുണ്ട്. തൃശൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തേറമ്പില്‍ രാമകൃഷ്ണനും ബി.ജെ.പി വോട്ടുകള്‍ തുണയായേക്കും.
 
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, ഹരിപ്പാട്, കായംകുളം, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിന് തുണയാകുമെന്നാണ് കരുതുന്നത്. ചെങ്ങന്നൂരില്‍ പ്രാദേശിക നേതാക്കളുടെയും കമ്മിറ്റിയുടെയും നിലപാടിന് വിരുദ്ധമായി ജില്ലക്ക് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചതിന്റെ പേരില്‍ ബി.ജെ.പി നിര്‍ജീവമായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.സി. വിഷ്ണുനാഥിന് അനുകൂലമായ നിലപാട് പലഭാഗത്തുനിന്നും ഉണ്ടായി. ബി.ജെ.പി പ്രദേശിക നേതൃത്വവുമായി നല്ലബന്ധം വിഷ്ണുനാഥിനുണ്ട്.
 
കായംകുളത്ത് മാവേലിക്കരക്കാരനായ ടി.ഒ. നൗഷാദിനെ സ്ഥാനാര്‍ഥിയാക്കിയതിലും പ്രാദേശിക ബി.ജെ.പി നേതൃത്വം ഇടഞ്ഞുനില്‍ക്കുകയായിരുന്നു. മാവേലിക്കരക്കാരനായ യു.ഡി.എഫ് സ്ഥാനാര്‍ഥി എം. മുരളിയെ സഹായിക്കാനാണ് ആ നാട്ടുകാരന്‍ തന്നെയായ സ്ഥാനാര്‍ഥിയെ ബി.ജെ.പി കായംകുളത്ത് മത്സരിപ്പിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു.
 
ഹരിപ്പാട്ട് രമേശ് ചെന്നിത്തലയുടെ വിജയം ഉറപ്പാക്കാന്‍ മണ്ഡലത്തിന്റെ പലഭാഗങ്ങളിലും പ്രാദേശിക ബി.ജെ.പി നേതൃത്വം മൗനത്തിലായി എന്നും ആരോപണമുണ്ട്. ഹരിപ്പാട്, പള്ളിപ്പാട്, ചിങ്ങോലിയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ ബി.ജെ.പി വോട്ടുകള്‍ രമേശിന് ഗുണകരമാകുമെന്ന് കരുതുന്നു.
 
അമ്പലപ്പുഴ മണ്ഡലത്തിലും ബി.ജെ.പിയുടെ പല ബൂത്തുകളിലും പ്രവര്‍ത്തകര്‍ ഇല്ലായിരുന്നു. ഇടതുമുന്നണി സ്ഥാനാര്‍ഥി ജി. സുധാകരന്‍ പലപ്പോഴും പൂജാരിമാരെയും തന്ത്രിമാരെയും എന്‍.എസ്.എസ് നേതാക്കളെയും ആക്ഷേപിച്ച് നടത്തിയ പ്രസ്താവനകള്‍ ലഘുലേഖകളാക്കി യു.ഡി.എഫ് നേതൃത്വം മണ്ഡലത്തില്‍ വിതരണം ചെയ്തിരുന്നു. ബി.ജെ.പി അനുഭാവികളുടെയും കൂടി വോട്ട് ലക്ഷ്യമാക്കിയായിരുന്നത്രെ ഇത്. വലിയ വിഭാഗം ബി.ജെ.പി വോട്ടുകള്‍ സുധാകര വിരുദ്ധ നിലപാടിന്റെ പേരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ലിജുവിന് ലഭിച്ചിട്ടുണ്ട്.
 
പത്തനംതിട്ട ജില്ലയില്‍ പ്രചാരണത്തില്‍ സജീവമായിരുന്നെങ്കിലും വോട്ടെടുപ്പ് ദിനത്തില്‍ പലയിടത്തും ബി.ജെ.പിക്ക് ബൂത്ത് ഏജന്റുമാര്‍ പോലും ഇല്ലാതിരുന്നത് വോട്ട് മറിച്ചു എന്ന ആരോപണത്തിന് ഇടയാക്കുന്നു. അടൂര്‍, തിരുവല്ല, കോന്നി മണ്ഡലങ്ങളിലാണ് ചില ബൂത്തുകളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സജീവമല്ലാതിരുന്നത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബി.ജെ.പി ജില്ലയില്‍ മികച്ച നേട്ടം ഉണ്ടാക്കുമെന്ന്  ആത്മവിശ്വാസമുണ്ടെന്നും  ജില്ലാ പ്രസിഡന്റ് വി.എന്‍. ഉണ്ണി പറയുന്നു. അടൂരില്‍ ബി.ജെ.പി ഇടതുമുന്നണിക്ക് അനുകൂല സമീപനമാണ് സ്വീകരിച്ചതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. അതേസമയം, കോന്നിയില്‍ ചിലയിടങ്ങളില്‍ ബി.ജെ.പി നിര്‍ജീവമായതിന്റെ ഗുണം യു.ഡി.എഫിനാണ് ഉണ്ടാവുക എന്നാണ് കരുതപ്പെടുന്നത്.
 
കോട്ടയം ജില്ലയിലെ പല മണ്ഡലങ്ങളിലും ബി.ജെ.പി വോട്ടുകള്‍ ഇക്കുറി യു.ഡി.എഫിന് അനുകൂലമായെന്ന് സൂചന.അഞ്ച് മണ്ഡലങ്ങളിലെ പോളിങ് സ്‌റ്റേഷനുകളില്‍ പാര്‍ട്ടിക്ക് ബൂത്ത് ഏജന്റുമാര്‍ ഉണ്ടായിരുന്നില്ല. കടുത്തുരുത്തി, വൈക്കം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, കോട്ടയം മണ്ഡലങ്ങളിലെ ഗ്രാമപ്രദേശങ്ങളില്‍ ബി.ജെ.പി മത്സരിക്കുന്നുണ്ടോയെന്ന പ്രതീതിപോലും സൃഷ്ടിക്കപ്പെട്ടില്ല. പ്രചാരണത്തിന്റെ തുടക്കം മുതല്‍ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലും സജീവമായിരുന്ന ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വോട്ടെടുപ്പ് ദിവസം വിട്ടുനിന്നത് യു.ഡി.എഫുമായി ഉണ്ടാക്കിയ രഹസ്യധാരണയെത്തുടര്‍ന്നാണെന്ന് സൂചന. ഏറ്റുമാനൂര്‍, പാല, ചങ്ങനാശേരി, പുതുപ്പള്ളി , പാലാ, വൈക്കം, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലായിരുന്നു ബി.ജെ.പി പിന്മാറ്റം.

തെരഞ്ഞെുടപ്പിന് രണ്ടുദിവസം മുമ്പുതന്നെ യു.ഡി.എഫ് സ്ഥാനാര്‍ഥികളുമായി ബി.ജെ.പി നേതൃത്വം രഹസ്യകൂട്ടുകെട്ടുണ്ടാക്കിയെന്ന പ്രചാരണവും ശക്തമാണ്. ദേശീയ-സംസ്ഥാന നേതാക്കളെ വരെ മണ്ഡലത്തില്‍ പ്രചാരണത്തിനിറക്കിയിട്ടും വോട്ടെടുപ്പ് ദിവസം വിട്ടുനിന്നത് യു.ഡി.എഫുമായുള്ള ധാരണയെത്തുടര്‍ന്നാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും പറയുന്നു.