Saturday, December 25, 2010

വില കുതിക്കുന്നത് കേന്ദ്രത്തിന്റെ വികല നയത്താല്‍

വിളവെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ പോലും രാജ്യത്ത് സവാള ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നത് കേന്ദ്രസര്‍ക്കരിന്റെ വികല നയത്തിന്റെ ഫലമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇപ്പോഴത്തെ വിലക്കയറ്റം അവധി വ്യാപാരത്തിന്റെയും ഊഹക്കച്ചവടത്തിന്റെയും സൃഷ്ടിയാണ്. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റേത്. വിലക്കയറ്റം തടയാനുള്ള ഒരു നടപടിക്കും കേന്ദ്രം തയ്യാറല്ല. ചരിത്രപ്രസിദ്ധമായ പിണറായി- പാറപ്രം സമ്മേളന സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.

കുറഞ്ഞ വിലയ്ക്ക് കര്‍ഷകരില്‍നിന്ന് വന്‍തോതില്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ ശേഖരിച്ച് കുത്തകള്‍ക്ക് ലാഭം കൊയ്യാനുള്ള അവസരമൊരുക്കുകയാണ് കേന്ദ്രം. കൃഷിക്കാര്‍ക്കോ, ചെറുകിട കച്ചവടക്കാര്‍ക്കോ ഇതിന്റെ നേട്ടം ലഭിക്കുന്നില്ല. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഇടതുപക്ഷം സമ്മര്‍ദം ചെലുത്തിയതിനാല്‍ ഗോതമ്പിന്റെയും പരിപ്പുവര്‍ഗങ്ങളുടെയും അവധിവ്യാപാരം നിരോധിച്ചിരുന്നു. എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ഈ നിരോധനം നീക്കി. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞതോടെ ഇത് രൂക്ഷമായി. ഉദാരവല്‍ക്കരണനയം ശക്തിയോടെ നടപ്പാക്കുന്നതിന്റെ പ്രത്യാഘാതമാണ് രാജ്യം അനുഭവിക്കുന്നത്. പൊതുവിതരണരംഗം ശക്തിപ്പെടുത്തി നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് നല്‍കുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍ നയം രാജ്യത്തിനാകെ മാതൃകയാണ്.

വിലക്കയറ്റത്തിനൊപ്പം രാജ്യത്തെ ജനങ്ങള്‍ക്ക് യുപിഎ സര്‍ ക്കാരിന്റെ രണ്ടാമത്തെ അടിയാണ് അഴിമതി. കോമവെല്‍ത്ത് ഗെയിംസിലും രണ്ടാംതലമുറ സ്പെക്ട്രം ലേലത്തിലും രാജ്യത്തെ ഞെട്ടിപ്പിക്കുന്ന അഴിമതിയാണ് അരങ്ങേറിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കോണ്‍ഗ്രസ് നേതാവ് നേതൃത്വം കൊടുത്ത കമ്മിറ്റിയും ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും കൂട്ടായാണ് അഴിമതി നടത്തിയത്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം നവീകരിക്കുന്നതിന് 900 കോടി രൂപയാണ് ചെലവഴിച്ചത്. കേരളത്തിലാണെങ്കില്‍ ഈ തുക ഉപയോഗിച്ച് 30 സ്റ്റേഡിയം പണിയാമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ് രണ്ടാംതലമുറ സ്പെക്ട്രം ഇടപാടില്‍. സിപിഐ എം നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇത് അവഗണിക്കുകയായിരുന്നു. മന്ത്രി രാജയോ ഏതാനും ഉദ്യോഗസ്ഥരോ മാത്രമല്ല ഈ അഴിമതിക്ക് പിന്നില്‍. സങ്കീര്‍ണമായ കേസാണിത്. ഇതിനാലാണ് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് സിപിഐ എം ആവശ്യപ്പെടുന്നത്.

മുഖ്യപ്രതിപക്ഷമായ ബിജെപിക്കും അഴിമതി പ്രശ്നത്തില്‍ ഏറെ ശബ്ദിക്കാനാവില്ല. അഴിമതി നടത്താന്‍ കോണ്‍ഗ്രസും ബിജെപിയും മത്സരിക്കുകയാണെന്ന് കാരാട്ട് പറഞ്ഞു. ആണവകരാറുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ നല്‍കിയതായി വിക്കിലീക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ തനിക്കെതിരായ പരാമര്‍ശത്തില്‍ അത്ഭുതമില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കാരാട്ട് പറഞ്ഞു. അമേരിക്ക നല്ലത് പറയുമ്പോഴാണ് ഭയപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ഏരിയാ സെക്രട്ടറി പി ബാലന്‍ എന്നിവരും കാരാട്ടിനൊപ്പമുണ്ടായി.

എല്‍ഡിഎഫ് ഭരണം ഇന്ത്യക്കു മാതൃക: പിണറായി

പിണറായി: കേരളത്തിലെ എല്‍ഡിഎഫ് ഭരണം ദേശീയതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പിണറായി പാറപ്രം സമ്മേളനസ്മാരകം ഉദ്ഘാടനസമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ തുടര്‍ച്ചയായി കേരളത്തിന് ലഭിക്കുകയാണ്. ഏറ്റവും നല്ല ഭരണസംവിധാനം കേരളത്തിലായതിനാലാണ് ഈ പുരസ്കാരങ്ങള്‍ സംസ്ഥാനത്തിന് നല്‍കുന്നത്. ക്രമസമാധാനമേഖലയിലും രാജ്യത്തെ മികച്ച സംസ്ഥാനം കേരളമാണ്. ആരോഗ്യ-വിദ്യാഭ്യാസമേഖലയിലും തദ്ദേശഭരണതലത്തിലും നമ്മുടെ പ്രവര്‍ത്തനം പ്രകീര്‍ത്തിക്കപ്പെട്ടു. ചില മേഖലകളില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സര്‍ക്കാരിന് എല്‍ഡിഎഫ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാര്‍ മാറുമെന്നാണ് ചിലരുടെ ധാരണ. എന്നാല്‍ നാടിന് എല്‍ഡിഎഫ് ചെയ്യുന്ന നല്ലകാര്യങ്ങള്‍ കാണുന്ന പൊതുജനങ്ങള്‍ക്ക് ഇനി മാറിച്ചിന്തിക്കാനാവില്ല- പിണറായി പറഞ്ഞു.

ദേശാഭിമാനി 24.12.10

Thursday, December 16, 2010

പെട്രോളിന് 5 മാസത്തിനിടെ 10 രൂപ കൂട്ടി

പെട്രോള്‍വില നിശ്ചയിക്കാനുള്ള അധികാരം രണ്ടാം യുപിഎ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് തീറെഴുതിയശേഷം രാജ്യത്ത് പെട്രോള്‍വിലയില്‍ 17 ശതമാനത്തിന്റെ വര്‍ധന. വിലനിയന്ത്രണത്തില്‍നിന്ന് പിന്മാറാന്‍ ജൂണ്‍ 25ന് കേന്ദ്രമന്ത്രിസഭ തീരുമാനിക്കുമ്പോള്‍ പെട്രോളിന് 47.93 രൂപയായിരുന്നു നികുതിയില്ലാതെയുള്ള വില. തുടര്‍ന്ന് മാസംതോറും വില കുതിച്ചുയര്‍ന്ന് 55.87 രൂപയിലെത്തി. അഞ്ചു മാസത്തിനിടെ 7.93 രൂപയുടെ വര്‍ധന. നികുതികൂടിയാകുമ്പോള്‍ വര്‍ധന പത്തുരൂപയോളം. കേരളത്തിലെ ചില്ലറവില്‍പ്പനവില 60 രൂപയ്ക്കടുത്താണ്. നിയന്ത്രണം നീക്കുന്നതിനുമുമ്പ് ഇത് 50.04 രൂപയായിരുന്നു.

പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ചൊവ്വാഴ്ച അര്‍ധരാത്രി 2.96 രൂപ വര്‍ധിപ്പിച്ച് പെട്രോള്‍വില 55.86 രൂപയാക്കി (നികുതികളും മറ്റു ചെലവുകളും ഒഴിച്ചുള്ള വില). ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ പമ്പുകളില്‍ ബുധനാഴ്ച അര്‍ധരാത്രിയോടെ വിലവര്‍ധന നിലവില്‍വന്നു. കേരളത്തില്‍ പലയിടത്തും ബുധനാഴ്ച രാവിലെതന്നെ കമ്പനി വ്യത്യാസമില്ലാതെ പമ്പുകളില്‍ കൂടിയ വില ഈടാക്കാന്‍ തുടങ്ങി. സ്വകാര്യ എണ്ണക്കമ്പനികളും പെട്രോള്‍വില കുത്തനെ വര്‍ധിപ്പിച്ചു. അന്താരാഷ്ട്രവിപണിക്കനുസരിച്ച് വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികളെ ഏല്‍പ്പിച്ചതിന് തൊട്ടടുത്ത ദിവസം പെട്രോള്‍വില മൂന്നര രൂപ വര്‍ധിപ്പിച്ചു. 47.93 രൂപയില്‍നിന്ന് 51.43 രൂപയായി. ഇതിനൊപ്പം ഡീസല്‍വിലയില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടുരൂപയുടെ വര്‍ധന വരുത്തി. 38.10ല്‍നിന്ന് 40.10 രൂപയായി.

ആരുടെയും അനുവാദമില്ലാതെ വിലകൂട്ടാന്‍ 'ലൈസന്‍സ്' ലഭിച്ച എണ്ണക്കമ്പനികള്‍ അവസരം പരമാവധി മുതലെടുക്കുകയാണ്. ജൂലൈ ഒന്നിനും സെപ്തംബര്‍ 21നുമിടെ പല കാരണങ്ങള്‍ പറഞ്ഞ് ഇന്ധനവില കൂട്ടി. വാര്‍ത്തയാകാതിരിക്കാന്‍ പലപ്പോഴായി അഞ്ചും പത്തും പൈസയുടെ വര്‍ധനയെന്ന തന്ത്രമാണ് നടപ്പാക്കിയത്. സെപ്തംബര്‍ ഒന്നിന് പെട്രോള്‍വില 40 പൈസ വര്‍ധിച്ച് 51.83 രൂപയായി. ഒക്ടോബറില്‍ വില 1.5 ശതമാനം വര്‍ധിച്ചു. ഒക്ടോബര്‍ 17ന് 76 പൈസ വര്‍ധിച്ച് ലിറ്ററിന് 52.59 രൂപയായി. നവംബറിലെ വിലവര്‍ധന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുമ്പായിരുന്നു. നവംബര്‍ ഒമ്പതിന് എണ്ണക്കമ്പനികള്‍ പെട്രോള്‍വില 32 പൈസ വര്‍ധിപ്പിച്ച് 52.91 രൂപയിലെത്തിച്ചു. സ്പെക്ട്രം കുംഭകോണത്തില്‍ പാടെ സ്തംഭിച്ച പാര്‍ലമെന്റ് നടപടികളിലേക്ക് കടക്കാനാകാതെ ഡിസംബര്‍ 13ന് പിരിഞ്ഞതിനു തൊട്ടുപിന്നാലെയാണ് 2.96 രൂപ വര്‍ധിപ്പിച്ച് പെട്രോള്‍വില നികുതിയില്ലാതെ 55.87 രൂപയാക്കിയത്. നികുതികൂടിയാകുമ്പോള്‍ 60 രൂപയോളമാണ് വില.

പൊതുബജറ്റിലൂടെ ഇന്ധനവില വര്‍ധിപ്പിച്ച ആദ്യ സര്‍ക്കാരെന്ന കുപ്രസിദ്ധിയും രണ്ടാം യുപിഎക്കുണ്ട്. പൊതുബജറ്റില്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരി 27ന് പെട്രോള്‍വില ആറു ശതമാനവും ഡീസല്‍വില 7.75 ശതമാനവും ഉയര്‍ന്നു. സള്‍ഫറിന്റെ അംശം കുറഞ്ഞ ഉല്‍പ്പന്നം വിപണിയിലെത്തിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് ഇന്ധനവില വീണ്ടും നേരിയതോതില്‍ ഉയര്‍ന്നു. ഡീസല്‍വില വീണ്ടും രണ്ടുരൂപ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. 22ന് ചേരുന്ന മന്ത്രിസഭാ സമിതി തീരുമാനം പ്രഖ്യാപിക്കും. ഡീസല്‍വില കൂട്ടുന്ന കാര്യം കേന്ദ്രമന്ത്രിസഭാ സമിതി തീരുമാനിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി കൊല്‍ക്കത്തയില്‍ പറഞ്ഞു. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ്ഓയില്‍വില ഉയര്‍ന്നതുകൊണ്ടാണ് പെട്രോള്‍വില കൂട്ടിയത്. അന്താരാഷ്ട്രവിപണിയില്‍ ഒരു ബാരല്‍ ക്രൂഡ്ഓയിലിന് 90 ഡോളറായി വില ഉയര്‍ന്നു. 2008 ജൂലൈയ്ക്കുശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിതെന്നും അദ്ദേഹം പറഞ്ഞു.

Tuesday, December 14, 2010

പെട്രോള്‍ നിരക്കില്‍ മൂന്ന് രൂപയുടെ വര്‍ധന; ഡീസല്‍ നിരക്കും ഉയര്‍ന്നേക്കും

ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുമാറ് പെട്രോള്‍ വില ലിറ്ററിന് മൂന്ന് രൂപയുടെ വര്‍ധന. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരും. ഡീസല്‍ നിരക്ക് ഉയര്‍ത്തുന്ന കാര്യത്തില്‍ അടുത്ത ആഴ്ച ചേരുന്ന മന്ത്രിസഭാ സമിതി യോഗം തീരുമാനം കൈക്കൊള്ളും.
 പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സമാപിച്ച് ഇരുപത്തിനാലു മണിക്കൂര്‍ തികയും മുമ്പെ, ഉയര്‍ന്ന നിരക്കുവര്‍ധന നടപ്പാക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. ഭാരത് പെട്രോളിയം കോര്‍പറേഷനാണ് ലിറ്ററിന് 2.96 രൂപ ഉയര്‍ത്താന്‍ ചൊവ്വാഴ്ച വൈകീട്ട് ആദ്യം തീരുമാനിച്ചത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെുട്രാളിയം കോര്‍പറേഷന്‍ എന്നിവയും നിരക്ക് വര്‍ധന നടപ്പാക്കും.
വിലനിയന്ത്രണം പിന്‍വലിച്ച സാഹചര്യത്തില്‍ ആഗോള എണ്ണനിരക്കുമായി താരതമ്യം ചെയ്ത് നിരക്കുവര്‍ധന നടപ്പാക്കാന്‍ എണ്ണ കമ്പനികളെ സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു. കഴിഞ്ഞ മാസം  ഒമ്പതിനാണ് ലിറ്ററിനുമേല്‍ 32 പൈസ കമ്പനികള്‍ ഉയര്‍ത്തിയത്.
ജൂണ്‍ 26നാണ് പെട്രോളിനു മേലുള്ള വില നിയന്ത്രണം സര്‍ക്കാര്‍ പൂര്‍ണമായും എടുത്തുകളഞ്ഞത്. ഭാവിയില്‍ പെട്രോളിനു തുല്യം ഡീഡലിന്റെയു വില നിയന്ത്രണം എടുത്തു കളയുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഈ മാസം 22ന് ചേരുന്ന പ്രണബ് കുമാര്‍ മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള ഉന്നതതല മന്ത്രിസഭാ സമിതിയാകും  ഡീസല്‍ വിലവര്‍ധന സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക.