Wednesday, November 10, 2010

ഒബാമയുടെ കരാറുകള്‍ക്കു പിന്നില്‍ ചതിക്കുഴികള്‍


മാധ്യമം വാര്‍ത്ത
യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദര്‍ശനത്തോടെ ഇന്ത്യന്‍ വിപണിയിലും മേഖലയിലും ഇറങ്ങി കളിക്കാന്‍ അമേരിക്കക്ക് അവസരം. റീട്ടെയില്‍ രംഗത്തും മറ്റും യു.എസ് കമ്പനികള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നത് ഇന്ത്യയിലെ ആയിരക്കണക്കിന് ചെറുകിട കച്ചവടക്കാര്‍ക്ക് തിരിച്ചടിയാകും. സാമ്പത്തിക വിഷയത്തില്‍ മാത്രമല്ല  രാഷ്ട്രീയമായും യു.എസ് നയങ്ങളോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കാന്‍ ഇന്ത്യ നിര്‍ബന്ധിക്കപ്പെടും.

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നുള്ള തൊഴില്‍രാഹിത്യം അമേരിക്കന്‍ ജനതയില്‍ സൃഷ്ടിച്ച എതിര്‍പ്പിന് പ്രായോഗിക നടപടികളിലൂടെ തടയിടുക എന്ന ഏക ലക്ഷ്യമായിരുന്നു ഒബാമയുടെ ഇന്ത്യന്‍ യാത്രക്കു പിന്നില്‍. അതില്‍ നല്ലൊരു ശതമാനം അദ്ദേഹം വിജയിച്ചുവെന്നാണ് വിലയിരുത്തല്‍ഒബാമക്കൊപ്പം വന്ന യു.എസ് വാണിജ്യ-വ്യവസായ പ്രമുഖര്‍ നിറസംതൃപ്തിയോടെയാണ് മടങ്ങിയത്.

യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കാനുള്ള ഇന്ത്യന്‍ നീക്കത്തെ അമേരിക്ക പിന്തുണക്കുമെന്നതാണ് വലിയ നേട്ടമായി സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ തികഞ്ഞ അവ്യക്തതയാണുള്ളത്. യു.എന്‍ രക്ഷാസമിതിയില്‍ ഇപ്പോഴത്തെ രണ്ട് വര്‍ഷത്തെ താല്‍കാലിക അംഗത്വ കാലയളവില്‍  യു.എസ് നയങ്ങളെ തുറന്നു പിന്തുണക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാകും. ഇറാനു മേല്‍ പുതുതായി ഉപരോധം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ഇന്ത്യക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. ഇസ്രായേലിന്റെ ഫലസ്തീന്‍ നിഷ്ഠുരതകള്‍ക്കു പോലും കൈയൊപ്പ് ചാര്‍ത്താന്‍ രാജ്യം നിര്‍ബന്ധിക്കപ്പെട്ടേക്കും. തിങ്കളാഴ്ച ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പോലും ഇറാനെ കുറ്റപ്പെടുത്താന്‍ ഒബാമ ധാര്‍ഷ്ട്യം കാണിച്ചത് എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്.

 
തീവ്രവാദവേട്ടയും സുരക്ഷയും പറഞ്ഞാണ് ഇന്ത്യയുമായി തന്ത്രപ്രധാന പങ്കാളിത്തം ഉറപ്പാക്കാന്‍ അമേരിക്ക ശ്രമിക്കുന്നത്. അതിനായി പ്രതിരോധ-ആഭ്യന്തര മന്ത്രാലയങ്ങളുടെ സേവനം പൂര്‍ണമായി യു.എസ് ഉപയോഗപ്പെടുത്തും. യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി രൂപപ്പെടുത്തിയ സഹകരണ കരാറിനു പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്ചെറുകിട ഇടത്തരം ജോലികളിലേക്കു പോലും കടന്നു കയറാന്‍ വാണിജ്യ ഇന്ത്യ-യു.എസ് വാണിജ്യ കരാറുകളില്‍ പഴുതുകളുണ്ട്. റീട്ടെയില്‍ മേഖലയില്‍ കൂടുതല്‍ ശക്തമായ അമേരിക്കന്‍ നിക്ഷേപത്തിനും അതു വഴിതുറക്കും. വാള്‍ മാര്‍ട്ട്, മൊണ്‍സാന്‍േറാ കമ്പനികളുടെ കടന്നുവരവ് കൂടുതല്‍ എളുപ്പമാകും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ യു.എസ് ഇടപെടല്‍ സജീവമാകും.

ഏകപക്ഷീയത ചര്‍ച്ചകളിലും ധാരണാപത്രങ്ങളിലും പ്രകടം. അമേരിക്കയെ പിണക്കാതിരിക്കാന്‍ ഇന്ത്യന്‍ നേതൃത്വം ശരിക്കും പരമാവധി ശ്രമിച്ചു. ഭോപാല്‍ ദുരിതബാധിതുടെ പ്രശ്‌നം തീര്‍ത്തും മറച്ചു പിടിച്ചു. യൂനിയന്‍ കാര്‍ബൈഡ് മേധാവി  വാറന്‍ ആന്‍ഡേഴ്‌സനെ വിട്ടുതരണം എന്ന ആവശ്യം ഉന്നയിക്കപ്പെടുക പോലും ഉണ്ടായില്ല.

No comments: