Friday, April 8, 2011

അണ്ണാ ഹസാരെ

ഇന്ത്യയിലെ ഒരു സാമുഹിക പ്രവർത്തകനും സന്നദ്ധപ്രവർത്തകനുമാണ്‌ അണ്ണാ ഹസാരെ എന്നറിയപ്പെടുന്ന കിഷൻ ബാപ്പത് ബാബുറാവു ഹസാരെ(ജനനം:ജനുവരി 15, 1940). മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ "റൈൽഗാൻ സിദ്ധി" എന്ന ഗ്രാമത്തെ ഒരു മാതൃക ഗ്രാമമാക്കി മാറ്റിയതിലുള്ള അണ്ണാ ഹസാരെയുടെ സംഭാവനയെ പരിഗണിച്ച് 1992 ൽ ഭാരത സർക്കാർ അദ്ദേഹത്തിനെ പത്മഭൂഷൺ നൽകി ആദരിച്ചു. നേരത്തെ 1990 ൽ പത്മശ്രീ അവാർഡും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. മാഗ്സസ്സെ അവാർഡ് ജേതാവായ ഹസാരെ തനി ഗാന്ധിയൻ കൂടിയാണ്.മിഡിൽ സ്കൂൾ വിദ്യാഭ്യാസം മാത്രം നേടിയ ഹസാരക്ക്, മധുര ഗാന്ധിഗ്രാം കല്പിത സർവകലാശാല ഡോക്ടറേറ്റ് നൽകിയിട്ടുണ്ട്.

ജീവിതഗതി

മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിൽ ദിംഗാർ ഗ്രാമത്തിൽ ജനുവരി 15ന് പാവപ്പെട്ട തൊഴിലാളി കുടുംബത്തിലാണ് കിസാൻ ബാപ്ട് ബാബു റാവു ഹസാരെ എന്ന അന്നാ ഹസാരെയുടെ ജനനം. അച്ഛൻ ബാബു റാവു ഹസാരെ. അച്ഛന് അഞ്ചേക്കർ കൃഷിഭൂമി ഉണ്ടായിരുന്നെങ്കിലും കൃഷി നഷ്ടമായതോടെ വീട് ദാരിദ്യ്രത്തിന്റെ പിടിയിലായി. അന്നാ ഹസാരെ റാലിഗാൻസിദ്ദി ഗ്രാമത്തിലെ കുടുംബ വീട്ടിലേക്ക് പോകാൻ നിർബന്ധിതനായി. മക്കളില്ലാത്ത ഒരു അമ്മായിയുടെ സഹായത്താൽ ഏഴാം ക്ളാസ് വരെ പഠിച്ചു. ധനസ്ഥിതി മോശമായതോടെ തുടർപഠനം ഉപേക്ഷിക്കാൻ നിർബന്ധിതനായി. ഉപജീവനത്തിന് പൂക്കൾ വിൽക്കാനും മറ്റും ഇറങ്ങി. 1962ലെ ഇന്ത്യ-ചൈന യുദ്ധവേളയിൽ സേനയിൽ ചേർന്നു. അവിടെ ട്രക്ക് ഡ്രൈവറായി. പഞ്ചാബിലായിരുന്നു പോസ്റ്റിംഗ്. സ്വാമി വിവേകാനന്ദന്റെയും മഹാത്മാ ഗാന്ധിയുടെയും ആചാര്യ വിനോബാഭാവെയുടെയും രചനകൾ വായിച്ചു അക്കാലത്ത്. 1965ലെ ഇന്ത്യ-പാക് യുദ്ധ വേളയിൽ രണ്ടു തവണ ജീവൻ അപകടത്തിലാകുന്ന അപകടങ്ങളിൽപ്പെട്ടു.

1975ൽ സേനയിൽ നിന്ന് സ്വയം വിരമിച്ച് സാമൂഹിക പ്രവർത്തനത്തിനായി ഇറങ്ങിത്തിരിച്ചു. സ്വന്തം ഗ്രാമമായ റാലിഗാൻ സിറ്റിയിലെ ദാരിദ്യ്രവും വരൾച്ചയും പരിഹരിക്കാൻ ഗ്രാമവാസികളെ സന്നദ്ധ സേവനത്തിനിറക്കുന്നതിൽ വിജയിച്ചു. ഗാന്ധിയൻ ആദർശങ്ങളായിരുന്നു ഉത്തേജനം. സ്വന്തം സമ്പാദ്യമത്രയും ഗ്രാമത്തിലെ വികസന പദ്ധതിയ്ക്കായി വിനിയോഗിച്ചു. കനാലുകളും ബണ്ടുകളും നിർമ്മിച്ചു. മഴവെള്ളം ശേഖരിക്കാൻ സംവിധാനമുണ്ടാക്കിയും ഗ്രാമത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിൽ മാത്രമല്ല കൃഷിയ്ക്ക് ജലസേചനം സാദ്ധ്യമാക്കുന്നതിലും വിജയിച്ചു. സൌരോർജ്ജം ഉപയോഗിച്ച് ഗ്രാമത്തിൽ വൈദ്യുതി വിതരണം സാദ്ധ്യമാക്കി. പിന്നാക്ക ദരിദ്ര ഗ്രാമമായിരുന്ന റാലിഗർ സിറ്റി പുരോഗതിയുടെ പാതയിലായി. ഗ്രാമത്തിലെ ആളുകളെ മദ്യപാന വിപത്തിൽ നിന്ന് അകറ്റി നിറുത്തുന്നതിലും അന്നാ ഹസാരെ വിജയിച്ചു. സ്കൂൾ സ്ഥാപിച്ച് അയിത്തം എന്ന ദുരാചാരം ഇല്ലാതാക്കി. സാമൂഹിക സേവകനെന്ന നിലയിൽ ജനങ്ങളുടെ ആരാദ്ധ്യപുരുഷനായി. അവർ അദ്ദേഹത്തെ ജ്യേഷ്ഠസഹോദരനായി കണ്ടു.

അങ്ങനെ കിസാൻ ബാബു റാവു ഹസാരെ അവർക്ക് 'അണ്ണാ' ഹസാരെയായി. ഗ്രാമവാസികൾക്കായി, സാധാരണ ജനങ്ങൾക്കായി ഉഴിഞ്ഞു വച്ച ജീവിതമായി അദ്ദേഹത്തിന്റേത്. സാമൂഹിക സേവന മികവിനുള്ള രമൺ മാഗ്സസെ അന്താരാഷ്ട്ര പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. 1990ൽ രാജ്യം പത്മശ്രീ ബഹുമതി, 1992ൽ പത്മഭൂഷൺ ബഹുമതിയും നൽകി ആദരിച്ചു.

മഹാരാഷ്ട്ര സർക്കാരിനെ ശക്തമായ വിവരാവകാശ നിയമം നിർമ്മിക്കാൻ നിർബന്ധിതമാക്കിയ പ്രക്ഷോഭം നയിച്ചു വിജയിച്ചു അന്നാ ഹസാരെ.

അന്നാ ഹസാരെയുടെ നേതൃത്വത്തിൽ 1991ൽ ഭ്രഷ്ടാചാർ വിരോധി ജന ആന്ദോളൻ (അഴിമതി വിരുദ്ധ ജനകീയ പ്രക്ഷോഭം) മഹാരാഷ്ട്രയിലുടനീളം ജില്ലാതലങ്ങളിൽ വ്യാപിച്ചു. ഗാന്ധിജിയെ പോലെ നിരാഹാര സത്യാഗ്രഹം സമരായുധമാക്കി വിജയിച്ച മറ്റൊരു ജനകീയ നേതാവാണ് അന്നാ ഹസാരെ.

1955ൽ മഹാരാഷ്ട്രയിലെ ശിവസേന-ബി.ജെ.പി മന്ത്രിസഭയിൽ നിന്ന് അഴിമതിക്കാരായ മൂന്ന് പേരെ രാജി വയ്പിക്കുന്നതിൽ അന്നാ ഹസാരെ വിജയിച്ചു. ശശികാന്ത് സുതർ, മഹാദേവ് ശിവശങ്കർ, ബബൻ ഗോലാപ് എന്നിവരാണ് രാജിവച്ചു പോകേണ്ടി വന്ന മന്ത്രിമാർ.

2003ൽ കോൺഗ്രസ്-എൻ.സി.പി മന്ത്രിസഭയിലെ സുരേഷ്ദാദ ജയിൻ, നവാബ് മാലിക്, വിജയകുമാർ ഗവിത്, പദംസിംഗ് പാട്ടീൽ എന്നീ മന്ത്രിമാർ അഴിമതിക്കാരാണെന്നും അവരെ പുറത്താക്കണമെന്നും പറഞ്ഞ് അന്നാ ഹസാരെ നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചു.

പൊതുരംഗത്തെ സ്വാധീനം

പൊതുജീവിതത്തിലെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വിവരാവകാശ നിയമംപ്രാബല്യത്തിൽ വരുത്തുന്നതിന്‌ ശ്രമിച്ച പ്രമുഖരിൽ ഒരാൾ കൂടിയാണ്‌ ഹസാരെ. പൊതുജീവിതത്തിലെ അഴിമതി തടയാൻ കഴിയും വിധം ജന ലോക്പാൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണമെന്ന ആവശ്യത്തിന്മേൽ സർക്കാർ ചെവികൊടുക്കാത്തതിൽ പ്രതിഷേധിച്ച് 2011 ഏപ്രിൽ 5 മുതൽ മരണം വരെ നിരാഹാരം സമരത്തിലാണ് അന്ന ഹസാരെ.

No comments: