Tuesday, June 7, 2011

അമരാവതി മോഡല്‍ സമരത്തിന്റെ ആവശ്യകത

ആയിരക്കണക്കിന് കോടിയുടെ അഴിമതി കഥകള്‍ കേട്ടുകൊണ്ടാണ് നമ്മുടെ ഓരോദിവസവും കടന്നു പോവുന്നത്. രാജ, കനിമൊഴി, കല്‍മാടി, മാരന്‍ എന്നിങ്ങനെ അഴിമതിക്കാരുടെ പട്ടിക നീളുകയാണ്. ഇതിനുപുറമേ, കര്‍ണാടകയിലും മറ്റു സംസ്ഥാനങ്ങളിലും നടക്കുന്ന വന്‍ അഴിമതികള്‍. ഇത്തരത്തില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും അഴിമതിയുടെ കൂത്തരങ്ങായി ഇന്ത്യ മാറിയിരിക്കുന്നു. എണ്‍പത് ശതമാനത്തിനടുത്ത് വരുന്ന സാധാരണക്കാരുടെ ആവശ്യങ്ങള്‍ സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിന് പോലും കഴിയുന്നില്ല. ബംഗാളിലെ തിരിച്ചടി ഇതാണ് സൂചിപ്പിക്കുന്നത്. വോട്ടുബാങ്ക് രാഷ്ട്രീയത്തിനപ്പുറം നമ്മുടെ പാര്‍ട്ടികള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. 
പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു പാവ പ്രധാനമന്ത്രിയെയും, അഴിമതി വീരന്മാരായ കൂട്ട് മന്ത്രിമാരെയും നിയന്ത്രിക്കാന്‍ യു.പി.എ സംവിധാനത്തിന് കഴിയുന്നില്ല. ജനം വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന അവസരത്തിലാണ് ഇക്കൂട്ടര്‍ ഇത്രയും കാലം നടത്തിയ 'ഭരണ നേട്ടം' ഒന്നൊന്നായി പുറത്ത് വരുന്നത്. 

ഈ ദുര്‍ഭരണത്തിനു എന്താണ് ബദല്‍? ബി.ജെ.പിയാണോ? അവരും അഴിമതിയില്‍ മുങ്ങി കുളിച്ചിരിക്കുകയാണ്. വോട്ടിനു വേണ്ടി മൃദു ഹിന്ദുത്വ കാര്‍ഡിറക്കണോ, അതോ തീവ്രവാദം വേണമോ എന്ന കാര്യം മാത്രമേ അവരുടെ അജണ്ടയിലുള്ളൂ. അങ്ങനെ കഴിയുമ്പോഴാണ് ഹസാരെയുടെ സമരം വന്നത്. അതിനെ തുടര്‍ന്ന് രാംദേവിന്റെ സമരവും വന്നു. ഇത് ബി.ജെ.പിക്ക് ഒരു ജീവ വായു ആയി. രാംദേവിന്റെ സമരം സര്‍ക്കാരിടപെട്ടു തടഞ്ഞില്ലെങ്കില്‍ ബി.ജെ.പിക്കാര്‍ കഷ്ടപ്പെടുമായിരുന്നു. ഇനി ആ പിടിവള്ളി വിടാതെ മുറുക്കെ പിടിക്കും. ബാബാ രാംദേവിന്റെ സമരപ്പന്തല്‍ കത്തിക്കാന്‍ സംഘപരിവാര്‍ പദ്ധതി ആസൂത്രണം ചെയ്തതായി വെളിപ്പെടുത്തല്‍ വന്നു കഴിഞ്ഞു. പന്തല്‍ കത്തിച്ച് വര്‍ഗ്ഗീയ വികാരമുണര്‍ത്താനും അതുവഴി മുതലെടുപ്പ് നടത്താനുമായിരുന്നു അവരുടെ പദ്ധതി. ഗോധ്രയില്‍ പരീക്ഷിച്ച് വിജയിച്ച പദ്ധതി നടപ്പാക്കുകയായിരുന്നു ലക്ഷ്യം.

അമരാവതി നല്‍കുന്ന പാഠം 
 
ഇന്നത്തെ ഇടുക്കി ജില്ലയിലെ അമരാവതിയിൽ 1961 ൽ കുടിയിറക്കുമായി ബന്ധപ്പെട്ടുണ്ടായ എ.കെ.ജിയുടെ നേതൃത്വത്തില്‍ നടത്തിയ കർഷക പ്രക്ഷോഭമാണ് ഐക്യകേരളചരിത്രത്തിൽ ശ്രദ്ധേയമായ അമരാവതി സമരം. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ ചോല താലൂക്കിലുള്ള അയ്യപ്പൻ കോവിൽ പ്രദേശനിന്നും ഇടുക്കി ഡാം നിർമ്മാണവുമായി ബന്ധപ്പെട്ട് ബലമായി കുടിയിറക്കിയ കർഷകരെ കുമളിക്കടുത്ത അമരാവതിയിൽ പുനരധിവസിപ്പിച്ചതിനെത്തുടർന്ന് കർഷകർ നേരിട്ട പ്രധിസന്ധി തരണം ചെയ്യാനായി നടത്തിയ സമരമാണിത്. 

ജലസേചന പദ്ധതി പ്രദേശങ്ങളിൽ നിന്ന് പദ്ധതിയുടെ ആവശ്യാർത്ഥം ഭൂമി ഒഴിപ്പിച്ചെടുക്കേണ്ടി വരുമ്പോൾ ഒഴിപ്പിക്കപ്പെടുന്ന കർഷകകുടുംബങ്ങൾക്ക് ഓരോ ഏക്കർ ഭൂമി വീതം പകരം നല്കുന്നതിന് ആദ്യ കേരള മന്ത്രി സഭാകാലത്ത് ചുരുളി-ചീനാർ പ്രദേശത്ത് ആവശ്യമായ സ്ഥലം കരുതിയിരുന്നെങ്കിലും അതുനൽകാതെയാണ് അമരാവതിയിലേക്ക് കുടിയിറക്കിയവരെ എത്തിച്ചത്.  

തൊടുപുഴ, മൂവാറ്റുപുഴ, മീനച്ചാല്‍, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നൊക്കെ ഉണ്ടായിരുന്ന തുച്ഛമായ ഭൂമിയോ, കുടിയിരിപ്പോ കൈവശസ്ഥലമോ വിറ്റുകിട്ടിയ തുകയുമായാണ് ഇടുക്കിയിലേക്ക് കുടിയേറിയ കർഷകർ അയ്യപ്പൻ കോവിലടക്കമുള്ള പ്രദേശങ്ങളിൽ നേരത്തെ ഭൂമിയുണ്ടായിരുന്ന കൈവശക്കാരിൽ നിന്നും ഭൂമി സ്വന്തമാക്കിയത്. വ്യക്തമായ രേഖകളുടെ അഭാവത്താൽ കൈയ്യേറ്റക്കാരായാണ് ചിലർ അവരെ ചിത്രീകരിച്ചത് .

പൊതുജനമനസാക്ഷിയെ പിടിച്ചുലച്ച ഈ സംഭവത്തെ തുടർന്ന് എ.കെ.ജിയുടെ നേതൃത്വത്തിലുള്ള കർഷകസംഘം നേതാക്കൾ അമരാവതിയും അയ്യപ്പൻ കോവിലടക്കമുള്ള പ്രദേശങ്ങളും സന്ദർശിച്ചു. പാവപ്പെട്ട കർഷകർ കഷ്ടപ്പാടുകൾ സഹിച്ച് കെട്ടിയുയർത്തിയ കുടിലുകൾ കത്തിക്കുകയും രക്തം വിയർപ്പാക്കി അവർ നട്ടുവളർത്തിയ കാർഷിക വിളകൾ നശിപ്പിക്കുകയും തല ചായ്ക്കാൻ ഇടമില്ലാതെ അനാഥരാക്കപ്പെടുകയും ചെയ്ത അവസ്ഥകണ്ട് രോക്ഷം കൊണ്ട എ.കെ.ജി 1961 ജൂണ്‍ 6 ന് നിരാഹാരസമരം ആരംഭിച്ചു.

ലോക്സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജി നിരാഹാരമാരംഭിച്ചതോടെ അമരാവതിപ്രശ്നം ദേശീയശ്രദ്ധയുമാകർഷിച്ചു. ജൂണ്‍ 14ന് എ.കെ.ജിയെ അറസ്റ്റ് ചെയ്ത് കോട്ടയം ആശുപത്രിയിലാക്കിയെങ്കിലും അദ്ദേഹം അവിടേയും നിരാഹാരം തുട ർന്നു.

അമരാവതി സമരത്തിന് ബഹുജന പിന്തുണഏറിയതോടെ സർക്കാർ മുട്ടുമടക്കി. ആഭ്യന്തരമന്ത്രി പി.ടി.ചാക്കോ കോട്ടയത്തു വന്നു ചർച്ചയാരംഭിച്ചു. രണ്ടു ദിവസം നീണ്ട കൂടിയാലോചനയ്ക്ക് ശേഷം ഗവൺമെന്റിന് വേണ്ടി ആഭ്യന്തരമന്ത്രി രേഖാമൂലം കൊടുത്ത ഉറപ്പിൻമേൽ ജൂണ്‍ 17ന് ഉച്ചയ്ക്ക് ഒരു മണിക്ക് എ.കെ ജി നിരാഹാരം പിൻവലിച്ചു. കർഷകസംഘത്തിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന കലക്ട്രേറ്റ് പിക്കറ്റിംഗും അവസാനിച്ചു.

അമരാവതിയില്‍ എ.കെ.ജി നടത്തിയ ഉജ്വല സമരം പോലെ അഴിമതിക്കെതിരെയും മറ്റു സാമൂഹ്യ വിപത്തുകള്‍ക്കെതിരെയും ത്യാഗോജ്വലമായ സമരം നടത്താന്‍ ഇന്ന് ഇടതുപ്ക്ഷങ്ങള്‍ക്ക് എന്ത് കൊണ്ട് കഴിയുന്നില്ല? എ.കെ.ജിയും ഇ.എം.എസ്സും പോലുള്ള നേതാക്കളുടെ അഭാവം പാര്‍ട്ടിയെ നന്നായി ബാധിക്കുന്നുണ്ട്.

ഇത്തരം സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട പാര്‍ട്ടികള്‍ ഹസാരെയും രാം ദേവിനെയും കുറ്റം പറഞ്ഞു മാറി നില്‍ക്കുന്നത് ശരിയാണോ?

ടുനീശ്യയിലും ഈജിപ്തിലും യെമനിലും മറ്റും ആഞ്ഞടിച്ച മാറ്റത്തിന്റെ കാറ്റ് ഇന്ത്യയിലും എത്തിയപ്പോള്‍ ആ മാറ്റത്തിന് നേതൃത്വം കൊടുക്കാതെ, ഇന്ത്യയുടെ ഹൃദയ ഭൂമിയില്‍ കാലുറപ്പിക്കുന്നതിനുള്ള സുവര്‍ണാവസരം കളഞ്ഞു കുളിക്കുകയല്ലേ ഇപ്പോള്‍ ഇടതുപക്ഷങ്ങള്‍ ചെയ്യുന്നത്?
വികാര വിക്ഷോഭങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രകടിപ്പിച്ചിരുന്നത് ഇടതുപക്ഷക്കാരാണ്. അതിപ്പോള്‍ മറ്റൊരു രൂപത്തില്‍ ഉപയോഗിക്കപ്പെടുന്നു. മേല്‍ വിവരിച്ച രാജ്യങ്ങളിലും ജനങ്ങളുടെ വികാര വിക്ഷോഭ പ്രകടനങ്ങളാണ് നടന്നു വരുന്നത്. അതിനു വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകാതെ വരുമ്പോള്‍, ജനങ്ങള്‍ സ്വയം പ്രക്ഷോഭത്തിലേക്ക് വരുന്നു. അതില്‍ പക്വതയുള്ള നേതൃത്വം ഒരുപക്ഷെ കാണില്ലായിരിക്കും. 

അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ എന്നും പടപൊരുതിയിരുന്ന ഇടതുപക്ഷങ്ങള്‍ ഇന്ത്യയിലേക്ക്‌ എത്തിയിരിക്കുന്ന ഈ മാറ്റത്തിന്റെ കാറ്റ് ഉള്‍ക്കൊള്ളുമെന്നു നമുക്ക് ആശിക്കാം. ജനങ്ങളുടെ വികാരം ഉള്‍ക്കൊണ്ടു, അവരുടെ ആവശ്യങ്ങള്‍ ശക്തമായി ഉയര്‍ത്തിക്കൊണ്ടുളള, ജന പങ്കാളിത്തത്തോടെയുള്ള, സാധാരണ ജനങ്ങള്‍ക്കും സ്വീകാര്യമായ സമരമാര്‍ഗ്ഗങ്ങള്‍ ഇടതുപക്ഷം സ്വീകരിക്കേണ്ടിയിരിക്കുന്നു. അതുടനെ ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.        

വാല്‍ക്കഷ്ണം: ഈ ലേഖനം വായിക്കുന്നവര്‍ക്ക് കഴിയുമെങ്കില്‍, അഴിമതിക്കും കള്ളപ്പണത്തിനുതിരായ സമരങ്ങളുടെ നേതൃത്വം ഏറ്റെടുക്കാന്‍ ഇടതുപക്ഷം തയ്യാറാകുന്നതിനുവേണ്ട ആശയ രൂപീകരണം നടത്തണം. ഇന്ത്യയുടെ ഹൃദയ ഭൂമിയില്‍ ഇടതു പക്ഷങ്ങള്‍ക്ക്‌ സ്ഥാനം ഉറപ്പിക്കുവാനും, മാവോവാദികള്‍ പോലുള്ള തീവ്രവാദികളും കാവി പ്രസ്ഥാനക്കാരും ജനങ്ങളെ വഴിതെറ്റിക്കുന്നത് തടയാനും ഇത് അത്യാവശ്യമാണ്. 
 

No comments: