മുഹമ്മദ് റഫി ഓര്‍മ്മയായിട്ട് 31 വര്‍ഷം
നദീംനൗഷാദ്, ഡൂള്‍ ന്യൂസ്
കുന്ദന്‍ സൈഗാള്‍ മരിച്ചപ്പോള്‍ ഹിന്ദി ചലച്ചിത്ര സംഗീതരംഗം ശൂന്യമാവുമെന്ന് സംഗീതനിരൂപകര്‍ വിധിയെഴുതി. ഇനിയാര് ആ സ്ഥാനത്തേക്ക് ഉയരും എന്ന ആകാംക്ഷയോടെ സംഗീത പ്രേമികള്‍ കാത്തുനിന്നു. പക്ഷേ സൈഗാളിന്റെ സിംഹാസനം ഒഴിഞ്ഞ് കിടന്നില്ല. പഞ്ചാബില്‍നിന്ന് വന്ന പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു യുവാവ് തന്റെ മാസ്മരികമായ ആലാപനംകൊണ്ട് മറ്റൊരു സംഗീതയുഗത്തിന് തുടക്കം കുറിച്ചു. മുഹമ്മദ് റഫിയായിരുന്നു ആ ഗായകന്‍. രണ്ട് പതിറ്റാണ്ടോളം എതിരാളികളില്ലാതെ റഫി ഹിന്ദി പിന്നണി ഗാനരംഗം അടക്കി വാണു.
1924 ഡിസംബര്‍ 24 ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയായ സിയാല്‍ കോട്ടിലായിരുന്നു മുഹമ്മദ് റഫിയുടെ ജനനം. ജ്യേഷ്ഠസഹോദരന്റെ പ്രോല്‍സാഹനത്താല്‍ ബഡേ ഗുലാം അലി ഖാന്റെ സഹോദരന്‍ ബര്‍ക്കത്ത് അലി ഖാന്‍, ഫിറോസ് നിസാമി എന്നിവരുടെ കീഴില്‍ റഫി സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. ഗായകനാവണം എന്ന ആഗ്രഹത്തോടെ ബോംബെയില്‍ എത്തിയ റഫിക്ക് ഒരു സിനിമയില്‍ കോറസ് പാടാനുള്ള അവസരം മാത്രമാണ് കിട്ടിയത്. നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം ശ്യാംസുന്ദര്‍ എന്ന സംഗീതസംവിധായകന്റെ കീഴില്‍ ഒരു പഞ്ചാബി സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചു. ആ ഗാനം ശ്രദ്ധിക്കപ്പെട്ടു.
മദ്യം തീരെ കഴിക്കാത്ത റഫി ‘ഷരാബി’യിലെ മദ്യപാനഗാനം തന്‍മയത്വത്തോടെ പാടിയത് സംഗീത പ്രേമികള്‍ക്ക് ഇന്നും അത്ഭുതമാണ്
റഫിക്ക് ആദ്യമായി പാടാനുള്ള അവസരം കൊടുത്തത് ശ്യാംസുന്ദര്‍ ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭയെ കണ്ടറിഞ്ഞ് ഉപയോഗപ്പെടുത്തിയത് നൗഷാദായിരുന്നു. ‘ദുലാരി’ലെ ‘സുഹാനി രാത്ത് ദല്‍ ചുകി‘ എന്ന ഗാനത്തോടെ റഫി അറിയപ്പെട്ടു തുടങ്ങി. ‘ദീദാറിലെ’ ഗാനങ്ങളിലൂടെ റഫി തലത്ത് മഹമൂദിനെ പിന്നിലാക്കി ഒന്നാംസ്ഥാനത്തെത്തി. ‘ബൈജു ബാവറ’ യിലൂടെ റഫി-നൗഷാദ് കൂട്ടുകെട്ട് തരംഗം സൃഷ്ടിച്ചു. അതിലെ ക്ലാസിക്കല്‍ ഗാനങ്ങളായ ‘മന് തട് പത് ഹരിദര്‍ശന്‍ കോ ആജ്’, ‘ഓ ദുനിയാ കേ രഖ് വാലേ‘ എന്നിവ റഫി എന്ന ഗായകന്റെ പ്രതിഭയെ വിളിച്ചറിയിക്കുന്നതായിരുന്നു. ‘ബൈജു ബാവറ’യിലെ പാട്ടുകളിലൂടെ റഫി പിന്നണിഗാനരംഗത്തെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായി മാറി.
നൗഷാദിനെത്തുടര്‍ന്ന് മറ്റ് സംഗീത സംവിധായകരും റഫിയെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഒ.പി നയ്യാര്‍ ഈണം നല്‍കിയ ‘സുന്‍ സുന്‍ സാലിമ’ (ആര്‍പാര്‍), ‘ആഖോംകി ആഖോംമേം ഇഷാരാ ഹോഗയ’(സി.ഐ.ഡി) ആശാ ഭോണ്‍സ്ലേയുമൊന്നിച്ചുള്ള ‘മാംഗ് കെ സാത്ത് തുമാരാ’(നയ ദൗര്‍) എന്നീ ഗാനങ്ങള്‍ നൗഷാദിന്റെ ശൈലിയില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അതുവരെ റഫിയെ ഉപയോഗിക്കാന്‍ മടിച്ചുനിന്ന എസ്.ഡി ബര്‍മന്‍ ‘പ്യാസ’യിലെ ‘യേ ദുനിയാ അഗര്‍ മില്‍ ബിജായേ’, ‘ജിന്‍ ഹെ നാസ് നഹി’ എന്നീ ഗാനങ്ങള്‍ റഫിയെക്കൊണ്ട് പാടിച്ചു. ഇതോടെ റഫിയെ തന്റെ സിനിമയില്‍ സ്ഥിരമായി ഉപയോഗിക്കാന്‍ എസ്.ഡി ബര്‍മന്‍ തീരുമാനിച്ചു. ശങ്കര്‍ ജയ്കിഷന്‍ തുടക്കത്തില്‍ റഫിയെ തഴഞ്ഞെങ്കിലും പിന്നീട് നല്ല ഗാനങ്ങള്‍തന്നെ അദ്ദേഹത്തിന് നല്‍കി. ‘തേരി പ്യാരി പ്യാരി സൂരത്ത് കോ’(സസുരാല്‍-1961) ‘യാദ് ന ജായേ’(ദില്‍ ഏക് മന്ദിര്‍-1963) ‘യേ മേരാ പ്രേമ് പത്ര് പട്കര്‍‘(സംഗം-1964) ‘ യേ ഫൂലോം കി റാണി’ (ആര്‍സൂ-1965) ‘ബഹാരോം ഫൂല്‍ ബര്‍സാവോം’(സൂരജ്-1966) എന്നിവ ശങ്കര്‍ ജയ്കിഷന്‍ റഫിക്ക് നല്‍കിയ മനോഹരമായ ഗാനങ്ങളാണ്. മദന്‍മോഹന്റെ മികച്ച ഗാനങ്ങള്‍ പാടിയത് റഫിയായിരുന്നു. ‘രംഗ് ഔര്‍ നൂര്‍ കി’(ഗസല്‍-1964) ‘കഭി ന കഭി’(ഷരാബി-1964) ‘തൂമേരെ സാമ്‌നേഹേ’(സുഹഗന്‍-1964) ‘ഏക് ഹസീന്‍ ശ്യാംകോ’(ദുല്‍ഹന്‍ ഏക് രാത്ത് കി-1966) ‘ആപ്കീ പെഹലൂംമേം ആക്കര്‍ രോദിയേ’(മേര സായ-1966) ‘തെരി ആഖോം കെ സിവ’(ചിരാഗ്-1969) ‘യേ ദുനിയാ യേ മെഹഫില്‍‘(ഹീര്‍ രഞ്ച-1970) എന്നിവ നിത്യവിസ്മയങ്ങളാണ്.
റഫിയുടെ ആലാപനം ചില നടന്‍മാരെ സൂപ്പര്‍താര പദവിയിലേക്കുയര്‍ത്തി. ‘ബൈജു ബാവറ’യിലൂടെ ഭരത് ഭൂഷനേയും, സസുരാല്‍, ദില്‍ ഏക് മന്ദിര്‍ എന്നീ സിനിമകളിലൂടെ രാജേന്ദ്രകുമാറിനെയും ‘ജംഗീലി’യിലെ ‘യാഹു, ചാഹേ കോയി മുജെ ജംഗിലി കഹേ’ എന്ന ഗാനത്തിലൂടെ ഷമ്മി കപൂറിനെയും റഫിയുടെ ആലാപനം സഹായിച്ചു. പുതുമുഖ സംഗീത സംവിധായകരായ ലക്ഷ്മീകാന്ത്-പ്യാരേലാല്‍മാരെ പെട്ടെന്ന് പ്രശസ്തരാക്കിയത് റഫി അവര്‍ക്കുവേണ്ടി പാടാന്‍ തയ്യാറായതുകൊണ്ടാണ്. ‘ചാഹൂംകമേംതുജെ’, ‘ജാനെവാലോംസര’ എന്നീ ഗാനങ്ങള്‍ ലക്ഷ്മീകാന്ത്-പ്യാരേലാലുമാരെ ശ്രദ്ധേയരാക്കി.
വൈവിധ്യമായിരുന്നു റഫി ഗാനങ്ങളുടെ പ്രത്യേകത. പ്രണയവും, വിരഹവും, തമാശയും, തത്വചിന്തയും എല്ലാം ഉള്ള പാട്ടുകള്‍ അദ്ദേഹം പാടി. ‘യെ ഫൂലോംകി റാണി’(ആര്‍സൂ) എന്ന റൊമാന്റിക് ഗാനവും ‘മധുപന് മേരെ’(കോഹിനൂര്‍)എന്ന ശാസ്ത്രീയ ഗാനവും ‘ചൂലേനെ ജൊ നാസുക്’(കാജല്‍)എന്ന ഗസലും ‘കഭി ന കഭി’(ഷരാബി) എന്ന മദ്യപാനഗാനവുമെല്ലാം ആലപിക്കാനുള്ള കഴിവ് അദ്ദേഹം നമുക്ക് കാണിച്ചുതന്നു. മദ്യം തീരെ കഴിക്കാത്ത റഫി ‘ഷരാബി’യിലെ മദ്യപാനഗാനം തന്‍മയത്വത്തോടെ പാടിയത് സംഗീത പ്രേമികള്‍ക്ക് ഇന്നും അത്ഭുതമാണ്.
തന്റെ എല്ലാ ഗാനങ്ങളും റഫി പാടിയാല്‍ മാത്രമേ ശരിയാവുകയുള്ളു എന്ന് ബാബുരാജ് ഉറച്ചുവിശ്വസിച്ചിരുന്നു
1969 ല്‍ ‘ആരാധന’ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ കിഷോര്‍ കുമാര്‍ പിന്നണി ഗാനരംഗത്ത് വന്‍ മുന്നേറ്റം നടത്തി ആരാധനയിലെ ‘മേരെ സപ്‌നോം കി റാണി‘, ‘രൂപ് തേരാ മസ്താന’ എന്നീ ഗാനങ്ങള്‍ ഇന്ത്യ മുഴുവന്‍ തരംഗമായി മാറി. ഇരുപത് വര്‍ഷങ്ങളായി നല്ല അവസരങ്ങള്‍ ലഭിക്കാതിരുന്ന കിഷോര്‍ കുമാര്‍ ഈ ഗാനങ്ങളോടെ സൂപ്പര്‍താരമായി. രാഹുല്‍ദേവ് ബര്‍മ്മനായിരുന്നു കിഷോറിന്റെ ഈ വിജയത്തിന് പിന്നില്‍. ‘കാത്തിപതംഗ്’, ‘അമര്‍പ്രേം’ എന്നീ സിനിമയിലെ ഗാനങ്ങളോടെ കിഷോര്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. കിഷോറിന്റെ ഉയര്‍ച്ച റഫിയെ വല്ലാതെ സ്വാധീനിച്ചു. റഫി അനുകൂലികളായ സംഗീതസംവിധായകര്‍ കിഷോറിലേക്ക് ചുവട് മാറ്റി. ഈ സമയത്ത് മദന്‍മോഹന്റെയും, ലക്ഷ്മീകാന്ത്-പ്യാരേലാലിന്റെയും ഗാനങ്ങള്‍ റഫിയെ പിടിച്ച് നില്‍ക്കാന്‍ സഹായിച്ചു. എഴുപതുകളുടെ അവസാനം ആര്‍.ഡി ബര്‍മ്മന്‍ നല്‍കിയ ഗാനങ്ങളോടെ റഫി തിരിച്ചുവരവ് നടത്തി. ‘ക്യാഹുവാ തേരാ വാദാ’(ഹം കിസിസെ കം നഹി) ‘മേനെ പൂച്ച ചാന്ദ്‌സെ’(അബ്ദുള്ള) എന്നീ പാട്ടുകള്‍ ശ്രദ്ധ നേടി. ‘ക്യാഹുവാ തേരാ വാദാ‘ എന്ന ഗാനത്തിന് റഫിക്ക് ആറാമത്തേതും അവസാനത്തേതുമായ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. 1980 ജൂലൈ 31 ന് ആ മഹാനായ ഗായകന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു.
ഹിന്ദി ഗാനരംഗത്ത് ഏറ്റവും കൂടുതല്‍ അനുകര്‍ത്താക്കള്‍ ഉണ്ടായ ഗായകര്‍ റഫി തന്നെയാണ്. മഹേന്ദ്രകപൂര്‍, ഉദിത് നാരായണന്‍, മുഹമ്മദ് അസീസ്, സോനു നിഗം എന്നീ ഗായകര്‍ റഫിയെ അനുകരിച്ച് ഗാനരംഗത്ത് വന്നവരാണ്. മഹേന്ദ്രകപൂര്‍ റഫി ജീവിച്ചിരിക്കുമ്പോള്‍തന്നെ അദ്ദേഹത്താേട് ആരാധന തോന്നി ആ ശൈലിയില്‍ പാടിത്തുടങ്ങിയതാണ്. ‘ഗുംര’, ‘നിക്കാഹ്’ എന്നീ സിനിമകളിലെ ഗാനങ്ങള്‍ മഹേന്ദ്രകപൂര്‍ മികവുറ്റതാക്കി. മറ്റ് ഗായകര്‍ റഫിയുടെ മരണശേഷമാണ് രംഗത്ത് വന്നത്. മുഹമ്മദ് അസീസിന് അധികകാലം തുടരാന്‍ സാധിച്ചില്ല. ഉദിത് നാരായണനും സോനു നിഗവും ആദ്യകാലത്തെ റഫി സ്വാധീനത്തില്‍നിന്ന് മുക്തരായി സ്വന്തമായ ശൈലി വികസിപ്പിച്ചെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ദക്ഷിണേന്ത്യയില്‍ റഫിക്ക് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് ഒരുപക്ഷേ കേരളത്തില്‍ ആയിരിക്കും. മലയാളി സംഗീതപ്രേമികളില്‍ റഫിയുടെ സ്വാധീനം വളരെ കൂടുതലാണ്. യേശുദാസ് തന്റെ ഇഷ്ടഗായകനായി പറയുന്നത് റഫിയെയാണ്. തന്റെ എല്ലാ ഗാനങ്ങളും റഫി പാടിയാല്‍ മാത്രമേ ശരിയാവുകയുള്ളു എന്ന് ബാബുരാജ് ഉറച്ചുവിശ്വസിച്ചിരുന്നു. ‘തളിരിട്ട കിനാക്കള്‍’ എന്ന സിനിമയില്‍ റഫിയെക്കൊണ്ട് ഒരു പാട്ട് പാടിക്കാനുള്ള ശ്രമം അതിന്റെ പ്രവര്‍ത്തകര്‍ നടത്തിയിരുന്നു. ഭാഷ ശരിയായി പഠിക്കാതെ പാടില്ല എന്ന നിലപാടിലായിരുന്നു റഫി. അവസാനം ഒരു ഹിന്ദി ഗാനമാണ് ആ സിനിമയില്‍ അദ്ദേഹം പാടിയത്. ഒരു മലയാളസിനിമയില്‍ ഹിന്ദിഗാനം കേട്ട് മലയാള സംഗീത പ്രേമികള്‍ സംതൃപ്തരായി.
No comments:
Post a Comment