Tuesday, November 1, 2011

'പിന്നില്‍നിന്ന് നേതൃത്വം നല്‍കുക' (Lead from Behind): നവസാമ്രാജ്യത്വനയം

പിന്നില്‍നിന്നുള്ള നേതൃത്വം: നവസാമ്രാജ്യത്വനയം

എം.പി.വീരേന്ദ്രകുമാര്‍ 

ലിബിയന്‍ സര്‍വാധിപതി കേണല്‍ മുഅമര്‍ ഗദ്ദാഫി 2011 ഒക്ടോബര്‍ 20-ാം തിയ്യതി നിഷ്ഠുരമായി വധിക്കപ്പെട്ടത് 'അറബ് വസന്ത'ത്തിന്റെ ഭാഗമായിട്ടായിരുന്നുവെന്നതിനെ ഐക്യരാഷ്ട്രസഭയും അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകളും പല ലോകരാഷ്ട്രങ്ങളും അംഗീകരിക്കുന്നില്ല. ഗദ്ദാഫിയുടെ അന്ത്യത്തെക്കുറിച്ചുള്ള ആധികാരിക റിപ്പോര്‍ട്ട് ഇപ്പോഴും ലഭ്യമല്ല. പ്രാദേശിക സമയം രാവിലെ എട്ടുമണിക്ക് ഗദ്ദാഫി വിശ്വസ്തരായ ഏതാനും സൈനികരോടൊപ്പം പലായനം ചെയ്യുന്ന വേളയിലായിരുന്നു നാറ്റോ വിമാനങ്ങളുടെ അകമ്പടിയോടെ വിമതരുടെ ആക്രമണം.

'ദ ടെലഗ്രാഫ്' പത്രത്തിന്റെ ലേഖകന്‍ ഗദ്ദാഫിയുടെ ദയനീയമായ അന്ത്യത്തെക്കുറിച്ച് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു: ''സിര്‍ത്ത് നഗരത്തിന്റെ നാലഞ്ചു കിലോമീറ്റര്‍ അകലെയുള്ളൊരു വെളിപ്രദേശത്തുവെച്ച് ഗദ്ദാഫിയുടെ വാഹനവ്യൂഹത്തെ നാറ്റോ പോര്‍വിമാനങ്ങള്‍ ആക്രമിച്ചപ്പോള്‍, സമീപസ്ഥമായൊരു മലിനജല പൈപ്പില്‍ അഭയം പ്രാപിക്കാന്‍ ഗദ്ദാഫിയും ഏതാനും അംഗരക്ഷകരും നിര്‍ബന്ധിതരായി.'' രക്തം വാര്‍ന്നൊലിക്കുന്ന ഗദ്ദാഫിയെ വിമത സൈനികര്‍ ആ പൈപ്പില്‍ നിന്ന് പിടിച്ചു പുറത്തിട്ട് ജീവനോടെ വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നുവെന്നാണ് 'അല്‍ജസീറ' ടി.വി.യുടെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായത്. വിമതര്‍ ഗദ്ദാഫിയുടെ മുടിയില്‍ പിടിമുറുക്കുന്നതും ആക്രോശിക്കുന്നതുമായ ദൃശ്യങ്ങളും അല്‍ ജസീറ സംപ്രേഷണം ചെയ്തു.

'ദേശീയ പരിവര്‍ത്തനസമിതി' എന്ന പേരില്‍ സംഘടിച്ചിട്ടുള്ള വിമതര്‍ രക്തം വാര്‍ന്നൊഴുകുന്ന ഗദ്ദാഫിയുടെ ശരീരം തെരുവിലൂടെ വലിച്ചിഴച്ചു. ഒരു മണിക്കൂറോളം നീണ്ട അതിക്രൂരമായ പീഡനങ്ങള്‍ക്കുശേഷമാണ്, 42 വര്‍ഷം ലിബിയ ഭരിച്ച, കേണല്‍ മുഅമര്‍ ഗദ്ദാഫിയെ അവര്‍ വെടിവെച്ചു കൊന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ''വെടിവെക്കരുതേ'' എന്ന് ഗദ്ദാഫി ദയനീയമായി അപേക്ഷിക്കുന്നതിനിടയിലായിരുന്നു ഈ അരുംകൊല. അന്നുതന്നെയാണ് ഗദ്ദാഫിയുടെ മകനും അദ്ദേഹത്തിന്റെ ദേശീയ രക്ഷാ ഉപദേഷ്ടാവുമായ മുതാസിമിനെ വിമതര്‍ വധിച്ചത്. അവസാനം വരെ പിതാവിനൊപ്പം നിലകൊണ്ട മുതാസിം, ധീരമായി ചെറുത്തുനിന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഗദ്ദാഫിയുടെ ബുള്ളറ്റുകള്‍ തുളച്ചുകയറിയ മൃതദേഹം ഒരു ഇറച്ചിമാര്‍ക്കറ്റിലെ ശീതീകരണിയിലാണ് വിമതര്‍ ദിവസങ്ങളോളം പ്രദര്‍ശനത്തിന് വെച്ചത്. ലിബിയന്‍ മരുഭൂമിയിലൊരിടത്തായിരുന്നു അതിരഹസ്യമായി നടന്ന ശവസംസ്‌കാരം. മുന്‍ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ദുര്‍വിധിയെക്കുറിച്ചും ഇവിടെ ഓര്‍ക്കാവുന്നതാണ്. അമേരിക്കയുടെയും ബ്രിട്ടന്റെയും മറ്റും നേതൃത്വത്തില്‍ സദ്ദാമിനെതിരെ നടന്ന അതിക്രമങ്ങള്‍ ഗദ്ദാഫിയുടേതെന്നപോലെത്തന്നെ ക്രൂരവും നിന്ദ്യവുമായിരുന്നു.

അടുത്തിടെ ടുണീഷ്യ, ഈജിപ്ത് തുടങ്ങിയ ചില അറബ് രാജ്യങ്ങളില്‍ നടന്ന ജനാധിപത്യപ്രക്ഷോഭങ്ങള്‍ തികച്ചും അസംഘടിതമായിരുന്നു. അവയില ണിചേരാന്‍ ജനങ്ങള്‍ സ്വമേധയാ തെരുവുകളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഈ ജനമുന്നേറ്റങ്ങളില്‍നിന്ന് തീര്‍ത്തും വിഭിന്നമായിരുന്നു ലിബിയയ്‌ക്കെതിരെ നടന്ന സംഘടിതവും രക്തപങ്കിലവുമായ ആക്രമണങ്ങള്‍. 'പിന്നില്‍നിന്ന് നേതൃത്വം നല്‍കുക' (Lead from Behind) എന്ന അമേരിക്കയുടെ പുതിയ നയമാണ് ലിബിയയില്‍ അവര്‍ പ്രാവര്‍ത്തികമാക്കിയത്. ഇറാഖിലും അഫ്ഗാനിസ്താനിലും നടത്തിയ അധിനിവേശത്തിന് അമേരിക്ക മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയപ്പോള്‍, ലിബിയയില്‍ യു.എസ്., ആക്രമണകാരികളെ പിന്നില്‍നിന്ന് നയിക്കുകയായിരുന്നു. ലിബിയയില്‍ നാറ്റോ നടത്തിയ ബോംബുവര്‍ഷത്തില്‍ ആയിരക്കണക്കിന് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു.

നാലു പതിറ്റാണ്ടിലധികം നീണ്ടുനിന്ന ഭരണത്തിലൂടെ ഗദ്ദാഫി ആരുടെ മുന്നിലും മുട്ടുമടക്കാത്ത, ധിക്കാരിയായ ഏകാധിപതിയായി മാറി എന്നത് ചരിത്രം. എന്നാല്‍ പാശ്ചാത്യശക്തികളും മാധ്യമങ്ങളും വിശേഷിപ്പിക്കുന്നതുപോലെ അധികാരത്തിമിരം ബാധിച്ച വെറുമൊരു സ്വേച്ഛാധിപതിയായിരുന്നില്ല കേണല്‍ ഗദ്ദാഫി എന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്.

ഏറെക്കാലം ഗ്രീസ്, റോം, തുര്‍ക്കി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ കോളനിയായിരുന്നു ലിബിയ. കൊളോണിയല്‍ ഭരണകാലത്ത് എണ്ണയടക്കമുള്ള വിഭവങ്ങള്‍ നിര്‍ബാധം കൊള്ളയടിക്കപ്പെട്ടു. 1951-ലാണ് ലിബിയ വൈദേശികാധിപത്യത്തില്‍നിന്ന് മോചനം നേടിയത്. പില്‍ക്കാലത്ത് ഇദ്രിസ് രാജാവാണ് ലിബിയ ഭരിച്ചത്. എണ്ണ കണ്ടെത്തിയതോടെ ധനം ലിബിയയിലേക്കൊഴുകാന്‍ തുടങ്ങിയെങ്കിലും രാജാവും കുടുംബവും കൊളോണിയല്‍ ശക്തികളെപ്പോലെത്തന്നെ രാജ്യത്തിലെ അമൂല്യവിഭവങ്ങള്‍ ചൂഷണംചെയ്ത് സുഖലോലുപരായി ജീവിച്ചു. ലിബിയന്‍ജനതയാകട്ടെ, കൊടും ദാരിദ്ര്യത്തിലമരുകയും ചെയ്തു.

അക്കാലത്ത് ലിബിയന്‍ സൈന്യത്തിലെ ഒരു ജൂനിയര്‍ ഓഫീസറായിരുന്നു ഇരുപത്തേഴുകാരനായ മുഅമര്‍ ഗദ്ദാഫി. രാജഭരണത്തിന്റെ ധൂര്‍ത്തില്‍ രോഷാകുലരായ യുവാക്കളും സൈനികരും ഉദ്യോഗസ്ഥരുമൊക്കെ ഉത്പതിഷ്ണുവായ ഗദ്ദാഫിയില്‍ ഒരു രക്ഷകനെ കണ്ടെത്തുകയായിരുന്നു. 1969-ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ഒരു രക്തരഹിത വിപ്ലവത്തിലൂടെ ലിബിയന്‍ജനത ഇദ്രിസ് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി.

രാജഭരണം അവസാനിപ്പിച്ചശേഷം, ലിബിയയെ സാമ്പത്തിക പുരോഗതിയിലേക്കു നയിക്കാന്‍ വിപുലമായ എണ്ണശേഖരം ഗദ്ദാഫി ഫലപ്രദമായി ഉപയോഗപ്പെടുത്തി. അക്കാലംവരെ, രാജ്യത്തിലെ എണ്ണപ്പാടങ്ങള്‍ അമേരിക്ക, ബ്രിട്ടന്‍, ഇ റ്റലി തുടങ്ങിയ സാനമ്രാജ്യത്വശക്തികളുടെ നിയന്ത്രണത്തിലുള്ള വന്‍കോര്‍പ്പറേറ്റുകളുടെ അധീനത്തിലായിരുന്നു. ഗദ്ദാഫിയാണ് ഈ കൊടിയ ചൂഷണത്തിനൊരന്ത്യം കുറിച്ചത്. ദേശീയവരുമാനം വര്‍ധിച്ചതോടെ, അദ്ദേഹം രാജ്യത്തുടനീളം പുതിയ റോഡുകളും ആസ്പത്രികളും വിദ്യാലയങ്ങളും പാര്‍പ്പിടങ്ങളും നിര്‍മിച്ചു.

മുതലാളിത്തത്തിനും സോഷ്യലിസത്തിനും ബദലായി ഗദ്ദാഫി ആവിഷ്‌കരിച്ച പ്രത്യയശാസ്ത്രം 'ഇസ്‌ലാമിക സോഷ്യലിസം' എന്നറിയപ്പെട്ടു. സര്‍വജനങ്ങളുടെയും രാഷ്ട്രം എന്ന ആശയമാണ് 'ലിബിയന്‍ ജമാഹരിയ'. അതിന് അടിത്തറ പാകാന്‍ അദ്ദേഹം രൂപംനല്‍കിയ തത്ത്വസംഹിതയാണ് 'ഹരിതഗ്രന്ഥം' (Green Book) രാഷ്ട്രീയപ്പാര്‍ട്ടികളോ, തൊഴിലാളിസംഘടനകളോ ഇല്ലാത്ത, ജനങ്ങള്‍ നേരിട്ട് ഭരണത്തില്‍ പങ്കാളികളാവുന്ന സംവിധാനമാണ് 'ജമാഹരിയ'. ഈജിപ്തിലെ ലോകപ്രശസ്തനായ മുന്‍ ഭരണാധികാരി ഗമാല്‍ അബ്‌ദെല്‍ നാസറിന്റെ സ്വപ്നമായിരുന്ന അറബ് ദേശീയത ഗദ്ദാഫിക്ക് പ്രചോദന സ്രോതസ്സായി.

ലിബിയയുടെ കാര്‍ഷിക സ്വയംപര്യാപ്തത ലക്ഷ്യമാക്കി 20 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് കേണല്‍ ഗദ്ദാഫി കൃത്രിമമായൊരു നദി നിര്‍മിക്കുകയുണ്ടായി. സഹാറ മരുഭൂമിയുടെ അന്തര്‍ഭാഗത്തുള്ള സമ്പന്ന ജലശേഖരത്തില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് 2000 കി.മീ. പ്രദേശത്തേക്ക് കൂറ്റന്‍ പൈപ്പ് വഴിയെത്തിക്കുന്ന വിപുലമായ ജലസേചനപദ്ധതി അദ്ദേഹം നടപ്പാക്കി.

1969-ല്‍ ജനങ്ങളുടെ ശരാശരി ജീവിതദൈര്‍ഘ്യം 51 വര്‍ഷം മാത്രമായിരുന്നുവെങ്കില്‍, ഇന്നത് 74 വര്‍ഷമായി ഉയര്‍ന്നിട്ടുണ്ട്. ഭക്ഷ്യ-ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ കേണല്‍ ഗദ്ദാഫിയുടെ നേതൃത്വത്തില്‍ രാഷ്ട്രം കൈവരിച്ച പുരോഗതിയുടെ സാക്ഷ്യപത്രമാണിത്. ഇന്ന് ഒരു ലിബിയന്‍ പൗരന്റെ പ്രതിശീര്‍ഷ വരുമാനം 12,000 ഡോളറാണ്. സാക്ഷരത 88 ശതമാനത്തിലെത്തിയിരിക്കുന്നു. ക്ഷയോന്മുഖമായിക്കൊണ്ടിരിക്കുന്ന എണ്ണവിഭവങ്ങളെ ആശ്രയിച്ച് അലസരായിക്കഴിയാതെ, ഭക്ഷ്യവിഭവങ്ങളും സാധന-സാമഗ്രികളും സ്വയം ഉത്പാദിപ്പിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് ഗദ്ദാഫി നിരന്തരം ആഹ്വാനം ചെയ്തു.

സിര്‍ത്ത് മരുഭൂമിയിലെ ബദൂയിന്‍ ഗോത്രത്തില്‍ ജനിച്ച ഒരു വെറും സാധാരണക്കാരനായ ഗദ്ദാഫി, ലിബിയയുടെ ഭാഗധേയങ്ങള്‍ നിര്‍ണയിച്ച ശക്തനായ ഭരണാധികാരിയായതിനു ലോകചരിത്രത്തില്‍ ഉദാഹരണങ്ങള്‍ ഏറെ ഉണ്ടാവില്ല. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം ലിബിയയിലും ഗ്രീസിലും ബ്രിട്ടനിലുമുള്ള സൈനിക അക്കാദമികളില്‍ പഠിച്ച് സൈന്യത്തില്‍ ചേര്‍ന്ന ഗദ്ദാഫി, ലിബിയന്‍ ജനത നേരിടുന്ന ചൂഷണത്തില്‍ രോഷംകൊണ്ടു. ഇസ്രായേലിന്റെ നിലപാടുകളാകട്ടെ, ഗദ്ദാഫിയുടെ അറബ് ദേശീയതയെ ജ്വലിപ്പിക്കുകയും ചെയ്തു.

രാജ്യത്തിലെ ചൂഷകരായ വിദേശികളെ കേണല്‍ ഗദ്ദാഫി നാടുകടത്തി. ഇസ്രായേലിന്റെ അറബ് വിരുദ്ധനയങ്ങളെ പ്രോത്സാഹിപ്പിക്കുകയും ആ രാജ്യത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്ത അമേരിക്കന്‍ ഭരണകൂടത്തെ വെല്ലുവിളിക്കാനും ഗദ്ദാഫി ധൈര്യപ്പെട്ടു. താമസിയാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാനമ്രാജ്യത്വചൂഷണത്തിനെതിരെ പോരാടുന്നവര്‍ക്ക് അചഞ്ചലമായ പിന്തുണ നല്‍കിയ കേണല്‍ ഗദ്ദാഫിക്ക് അമേരിക്കയടക്കമുള്ള പാശ്ചാത്യശക്തികള്‍ 'അന്തര്‍ദേശീയ ഭീകരന്‍' എന്ന മുദ്ര ചാര്‍ത്തിക്കൊടുത്തു.

ലോക്കര്‍ബി വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സംഘടനയും അമേരിക്കയും മറ്റു സാനമ്രാജ്യത്വശക്തികളും ലിബിയയുടെ മേല്‍ പത്തുവര്‍ഷത്തിലേറെ നീണ്ടുനിന്ന സാമ്പത്തിക ഉപരോധങ്ങളേര്‍പ്പെടുത്തി. ലിബിയ നേടിക്കൊണ്ടിരുന്ന പുരോഗതിക്ക് കടിഞ്ഞാണിടുകയായിരുന്നു അവരുടെ ആത്യന്തിക ലക്ഷ്യം. രാജ്യം കടുത്ത പരീക്ഷണങ്ങള്‍ നേരിട്ട ആ കാലയളവില്‍ ജനങ്ങള്‍ ഗദ്ദാഫിയുടെ പിന്നില്‍ ഉറച്ചുനിന്നത് ലിബിയന്‍ ചരിത്രത്തിന്റെ ഭാഗം.

1999-ല്‍ ലോക്കര്‍ബി ദുരന്തത്തിലെ രണ്ടു പ്രതികളെ ലിബിയ വിട്ടുകൊടുത്തതോടെ 2003-ല്‍ യു.എന്‍. ഉപരോധങ്ങള്‍ പിന്‍വലിക്കപ്പെടുകയും പാശ്ചാത്യരാജ്യങ്ങള്‍ ലിബിയയുമായുള്ള നയതന്ത്രബന്ധങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. 2001 സപ്തംബര്‍ 11-ാം തീയതി അമേരിക്കയ്‌ക്കെതിരെ നടന്ന ഭീകരാക്രമണങ്ങളെ കേണല്‍ ഗദ്ദാഫി അപലപിക്കുകയും 'അല്‍ ഖ്വെയ്ദ'യെ തള്ളിപ്പറയുകയും ചെയ്തു. ഗദ്ദാഫിയുടെ ഈ നടപടിയെ പ്രസിഡന്റ് ജോര്‍ജ് ബുഷ് മുക്തകണ്ഠം പ്രശംസിച്ചു.

തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസുമടക്കമുള്ള പാശ്ചാത്യ നേതാക്കള്‍ ലിബിയയിലേക്ക് വ്യാപാരക്കരാറുകള്‍ സ്വന്തമാക്കാന്‍ നടത്തിയ സംഘയാത്രകളാണ് ലോകം കണ്ടത്. സമീപകാലംവരെയും ഗദ്ദാഫിയുമായി കോടിക്കണക്കിനു ഡോളര്‍ മൂല്യമുള്ള സാമ്പത്തിക കരാറുകള്‍ ഒപ്പുവെക്കാന്‍ മത്സരിക്കുകയായിരുന്നു, അദ്ദേഹത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ നാറ്റോ അംഗരാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍.

2007 ഡിസംബറില്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സര്‍കോസി പാരീസില്‍ അഞ്ചുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഗദ്ദാഫിയെ പ്രശംസകള്‍കൊണ്ട് മൂടി. പാശ്ചാത്യ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍, അവരൊക്കെ കേണല്‍ ഗദ്ദാഫിയുമായി സൗഹൃദം പങ്കിട്ടു. ബില്യണ്‍ കണക്കിനുള്ള ലിബിയന്‍ സാമ്പത്തികക്കരാറുകളില്‍ മാത്രമായിരുന്നു അവരുടെ കണ്ണ്.

കേണല്‍ ഗദ്ദാഫിയുടെ പൊതുജീവിതത്തില്‍ നിന്നും വ്യക്തിജീവിതത്തില്‍ നിന്നുമുള്ള ഏതാനും വസ്തുതകളാണിവിടെ ക്രോഡീകരിച്ച് അവതരിപ്പിച്ചത്. കൊളോണിയല്‍ ശക്തികളും രാജഭരണവും ചൂഷണം ചെയ്ത് നശിപ്പിച്ച ഒരു ദരിദ്രരാജ്യത്തെ ഇന്നത്തെ നിലയിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു ഗദ്ദാഫി എന്നു വിലയിരുത്തപ്പെടുന്നു. സ്വേച്ഛാധിപതിയെന്ന നിലയില്‍, അദ്ദേഹം കടുംകൈകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിലപ്പോള്‍ കാട്ടുനീതി നടപ്പാക്കിയിട്ടുമുണ്ട്. ഇതിനൊക്കെയെതിരെ ലിബിയന്‍ ജനത സ്വന്തം നിലയ്ക്ക് പ്രക്ഷോഭം നടത്തിയാല്‍ ജനാധിപത്യവിശ്വാസികള്‍ക്കതിനെ എതിര്‍ക്കാനാവില്ല. പക്ഷേ, ലിബിയയില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ നടത്തിയത് നഗ്‌നമായ അധിനിവേശം തന്നെയാണ്.

ലിബിയയില്‍ നാറ്റോ സേനയുടെ ദൗത്യം അവസാനിച്ചുവെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും എത്രകാലം ആ രാജ്യത്ത് അരക്ഷിതാവസ്ഥയും അനിശ്ചിതത്വവും രക്തംചിന്തലും തുടരുമെന്ന് പ്രവചിക്കാനാവില്ല. ലിബിയയുടെ എണ്ണപ്പാടങ്ങളാണ് സാനമ്രാജ്യത്വശക്തികളുടെ ലക്ഷ്യം. പുതിയ പാവഭരണകൂടത്തില്‍നിന്ന് അവര്‍ ലിബിയന്‍ എണ്ണസ്രോതസ്സുകള്‍, തങ്ങളുടെ 'വിശിഷ്ടസേവന'ത്തിനുള്ള പ്രതിഫലമായി തീറെഴുതി വാങ്ങുകതന്നെ ചെയ്യും എന്ന് സാനമ്രാജ്യത്വാധിനിവേശങ്ങളുടെ പാഠങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

No comments: