Sunday, October 24, 2010

സ്ത്രീസമത്വം ഇപ്പോഴും അകലെയെന്ന് ഐക്യരാഷ്ട്രസഭ


ജനീവ: പുരുഷനോടൊപ്പം എല്ലാ മേഖലകളിലും സമത്വം കൈവരിക്കണമെന്ന സ്ത്രീകളുടെ ആഗ്രഹം ഇപ്പോഴും ഒരു സ്വപ്നം മാത്രമായി അവശേഷിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തി. '2010 ലെ ലോകവനിതകള്‍' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഐക്യരാഷ്ട്രസഭ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ലോകത്താകമാനമുളള ജനസംഖ്യയില്‍ സ്ത്രീകളേക്കാള്‍ 57 ദശലക്ഷം പുരുഷന്‍മാര്‍ അധികമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം തന്നെ പ്രാഥമിക വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠനത്തിനായി ചേരുന്ന പെണ്‍കുട്ടികളുടെ എണ്ണം 86 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു. 1999 ല്‍ ഇത് 79 ശതമാനം മാത്രമായിരുന്നു. 52 ശതമാനത്തോളം സ്ത്രീകള്‍ ജോലി ചെയ്തു ജീവിക്കുന്നു. ഇക്കാര്യത്തില്‍ പുരുഷന്‍മാരുടെ അനുപാതം 77 ആണ്.
എന്നാല്‍ നിയമ പരിരക്ഷയുണ്ടെങ്കിലും ഒട്ടേറെ സ്ത്രീകള്‍ക്ക് പ്രസവാവധി പോലും ലഭിക്കാതെ ജോലിയില്‍ നിന്ന് പുറത്താകുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും സുപ്രധാന സ്ഥാനങ്ങളില്‍ നിന്നും സ്ത്രീകളെ ഇപ്പോഴും ഒഴിവാക്കി നിര്‍ത്തുന്നതായും ഐക്യരാഷ്ട്രസഭ വിലയിരുത്തി. ലോകത്തെ പ്രധാനപ്പെട്ട അഞ്ഞൂറു കോര്‍പ്പറേഷനുകളില്‍ 13 എണ്ണത്തില്‍ മാത്രമാണ് സ്ത്രീകള്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പദവിയിലുളളത്. പുരുഷന്‍മാരുടേതിനെക്കാള്‍ കൂടുതല്‍ ആയുര്‍നിരക്ക് സ്ത്രീകള്‍ക്കാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീ പുരുഷ സമത്വവുമായി ബന്ധപ്പെട്ട് ബെയ്ജിംഗില്‍ കൂടിയ സമ്മേളനം 15 വര്‍ഷം പിന്നിട്ട വേളയിലാണ് റിപ്പോര്‍ട്ട് പുറത്തു വരുന്നതെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു. അന്ന് സമ്മളനത്തില്‍ പങ്കെടുത്ത 189 രാജ്യങ്ങള്‍ സ്ത്രീ പുരുഷസമത്വത്തിനായി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. ലിംഗഭേദവും സ്ത്രീകള്‍ക്കെതിരെയുളള അതിക്രമവും വര്‍ധിച്ചുവരികയാണെന്ന്  ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ വിവാഹപ്രായം വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തപ്പെടുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ത്രീകളുടെ ശരാശരി വിവാഹ പ്രായം 30 ആയി വര്‍ധിച്ചിരിക്കുന്നു. എന്നാല്‍ അവികസിത ആഫ്രിക്കന്‍ രാജ്യങ്ങളായ മാലി, നിഗര്‍ ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ വിവാഹപ്രായം ഇപ്പോഴും 20 ല്‍ താഴെയാണ്. നിഗറില്‍ കൂടുതല്‍ വിവാഹങ്ങളും 15 വയസിനും താഴെയാണ്. മിക്കവാറും എല്ലാ പ്രദേശങ്ങളിലും 60 വയസിനുമേല്‍ പ്രായമുളളവരില്‍ 50 ശതമാനത്തില്‍ കൂടുതല്‍ സ്ത്രീകളാണ്. തെക്കന്‍ ആഫ്രിക്കയില്‍ ഇത് 59 ശതമാനവും കിഴക്കന്‍ യൂറോപ്പില്‍ 63 ശതമാനവുമാണ് 60 നുമേല്‍ പ്രായമുളള സ്ത്രീകള്‍.
പ്രാഥമിക വിദ്യാഭ്യാസരംഗം മുതല്‍ ഉന്നത വിദ്യാഭ്യാസരംഗം വരെയുളള മേഖലകളില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

കുതിച്ചു കയറുന്ന സിമന്റ്‌ വില: ബില്‍ഡര്‍മാര്‍ പാക്കിസ്ഥാനില്‍നിന്ന് സിമന്റ് ഇറക്കുമതി ചെയ്യുന്നു


ആഭ്യന്തരവിപണിയില്‍ സിമന്റ് വിലയിലുണ്ടായ കുതിച്ചുകയറ്റം മറികടക്കാന്‍ തമിഴ്‌നാട്ടിലെ ഒരു വിഭാഗം ബില്‍ഡര്‍മാര്‍ പാക്കിസ്ഥാനില്‍നിന്ന് സിമന്റ് ഇറക്കുമതി ചെയ്യുന്നു. കൊച്ചി തുറമുഖം വഴിയാണ് ഇറക്കുമതി. ആദ്യഘട്ടമായി 20 ടണ്‍ സിമന്റ് വീതമുള്ള 20 കണ്ടെയ്‌നറുകള്‍ കൊച്ചി തുറമുഖത്തെത്തിക്കഴിഞ്ഞു. ഇവ റോഡുമാര്‍ഗം ചെന്നൈയിലേക്ക് കൊണ്ടുപോകും. 50 കിലോ ചാക്കൊന്നിന് ഇറക്കുമതിച്ചെലവും നികുതിയുമുള്‍പ്പെടെ 190 രൂപയാണ് വിലവരുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ആഭ്യന്തര സിമന്റ് നിര്‍മാതാക്കള്‍ ഈടാക്കുന്ന 300 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏറെ ലാഭകരമാണ്.

ഏറ്റവും കൂടുതല്‍ സ്വകാര്യ സിമന്റ് ഫാക്ടറികളുള്ള തമിഴ്‌നാട് ലോബിയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സിമന്റ് വില നിര്‍ണയിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 30 ശതമാനം വിലവര്‍ധനയാണ് തമിഴ്‌നാട്ടിലുണ്ടായത്. തമിഴ്‌നാട്ടില്‍നിന്ന് വന്‍തോതില്‍ സിമന്റ് ഇറക്കുമതി ചെയ്യുന്ന കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ഇതിന് ആനുപാതികമായ വിലവര്‍ധനയുണ്ടായി. അസംസ്‌കൃത വസ്തുക്കളുടെ വിലയിലോ വേതനത്തിലോ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നിരിക്കേ, തികച്ചും അകാരണമായ വിലവര്‍ധന തമിഴ്‌നാട്ടില്‍ കടുത്ത പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ 22 ലക്ഷം കുടിലുകള്‍ കോണ്‍ക്രീറ്റ് വീടുകളാക്കി മാറ്റാനുള്ള കലൈജ്ഞര്‍ ഭവനപദ്ധതി പ്രഖ്യാപിച്ചതോടെയാണ് കൊള്ളലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സിമന്റ് നിര്‍മാതാക്കള്‍ വില ഉയര്‍ത്തിയത്. തമിഴ്‌നാട് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയില്‍ പ്രതിവര്‍ഷം മൂന്നു ലക്ഷം കോണ്‍ക്രീറ്റ് വീടുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ഉപയോഗിച്ച് ഉപഭോക്താവാണ് വീട് നിര്‍മിക്കേണ്ടത്. വീടുകളുടെ നിര്‍മാണം തുടങ്ങിയതോടെ സിമന്റിനൊപ്പം ഇഷ്ടിക, കമ്പി തുടങ്ങിയവയുടെയും വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ മാസം 3.50 രൂപയുണ്ടായിരുന്ന ഇഷ്ടികക്ക് ഇപ്പോള്‍ ഏഴു രൂപയാണ് വില.

ലക്കും ലഗാനുമില്ലാതെ വിലകൂട്ടിയാല്‍ സിമന്റ് ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി കരുണാനിധി നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു മാസത്തിനിടെ 30 ശതമാനത്തോളം വിലവര്‍ധിപ്പിച്ചിട്ടും തമിഴ്‌നാട് സര്‍ക്കാര്‍ അനങ്ങിയിട്ടില്ല.

കണ്ണൂരിലെ എൽ.ഡി.എഫ് അക്രമം.... എന്താണ് യാഥാര്‍ത്ഥ്യം???

കോണ്‍ഗ്രസ്സുകാരും ലീഗും ബി ജെ പിയും ഒന്നിച്ച് കണ്ണൂരില്‍ തിരഞ്ഞെടുപ്പിടയില്‍ അക്രമത്തിന്നിറങ്ങി. കേന്ദ്രമന്ത്രി മുല്ലപ്പള്ളിയും കുറച്ചു പത്രങ്ങളും ചേര്‍ന്ന് അതിനെ മൊത്തമായി എൽ.ഡി.എഫ് അക്രമം ആക്കി മാറ്റി. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നു നോക്കാം.
  1. പയ്യന്നൂർ - യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയും ഗുണ്ടകളും ചേര്‍ന്ന് എല്‍ ഡി എഫ് ബൂത്ത് ഏജന്റ്മാഅരെ അക്രമിച്ചൂ. വോട്ടിങ്ങ് യന്ത്രം തല്ലിത്തകര്‍ത്തു. ഇത് കളക്ടർ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
  2. മാട്ടൂൽ - ലീഗുകാർ സ്ഥിരമായി ബൂത്ത് പിടിക്കുന്ന സ്ഥലം. ഇത്തവണയും ലീഗ് ഗുണ്ടകള്‍ അത് ആവർത്തിച്ചു.
  3. ഇരിക്കൂർ - ലീഗുകാർ സ്ഥിരമായി ബൂത്ത് പിടിക്കുന്ന സ്ഥലം. ഇത്തവണയും ലീഗ് ഗുണ്ടകളും കോണ്‍ഗ്രസ്സും ചേര്‍ന്ന് അത് ആവർത്തിച്ചു. പോലിസ് ഇവരൂടെ പേരില്‍ കേസ്സ് എടുത്തിട്ടുണ്ട്
  4. തില്ലങ്കേരി - ലീഗുകാർ ബാലറ്റ് ബോക്സിൽ എണ്ണ ഒഴിച്ചു. സി.പി.എമ്മുകാരെ വെട്ടി പരിക്കേൽ‌പ്പിച്ചു.
  5. പട്ടുവം - യു.ഡി.എഫുകാർ എൽ.ഡി.എഫുകാരെ അടിച്ചോടിച്ചു ബൂത്ത് പിടിച്ചു. ബാലറ്റ്‌പേപ്പറുകളും തട്ടിയെടുത്തു.
    കുത്തക പത്രങ്ങൾക്കും ചാനലുകൾക്കും ഇതൊക്കെ കണ്ണൂരിലെ എൽ.ഡി.എഫ് അക്രമമെന്ന് പാടി നടക്കുന്നു. പരാജയം ഉറപ്പായതോടെ കോണ്‍ഗ്രസ്സുകാരും ലീഗും ബി ജെ പിയും ഇവിടങ്ങളില്‍ അക്രമാസക്തരായിരിക്കുന്നു..

Saturday, October 23, 2010

മാര്‍ട്ടിന്‍ ബന്ധം ഡി.എം.കെ.യ്ക്ക് തിരിച്ചടിയാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം

മാതൃഭൂമി വാര്‍ത്ത:

കോയമ്പത്തൂര്‍: ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനുമായി ഡി.എം.കെ. പുലര്‍ത്തുന്ന അതിരുവിട്ടബന്ധം വരുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് തമിഴ്‌നാട് പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് നല്കി. ...ഡി.എം.കെ.യുടെ ശക്തികേന്ദ്രമായ കോയമ്പത്തൂരില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ഡി.എം.കെ.യുടെ ഭാവിസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട്‌നല്കാന്‍ ഡി.എം.കെ. നേതൃത്വമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായം തേടിയത്.


സാന്‍റിയാഗോ മാര്‍ട്ടിനും ഡി.എം.കെ.നേതൃത്വവും തമ്മില്‍ അതിരുവിട്ട ബന്ധമുണ്ടെന്ന് കഴിഞ്ഞയാഴ്ച മധുരയിലെ പൊതുയോഗത്തില്‍ ജയലളിത പ്രസംഗിച്ചതിന്റെ പശ്ചാത്തലത്തിലാണ് രഹസ്യാന്വേഷണവിഭാഗം പോലീസിന്റെ സേവനം ഡി.എം.കെ.നേതൃത്വം തേടിയത്.

മാര്‍ട്ടിനെതിരെ തമിഴ്‌നാട്‌പോലീസ് കൈക്കൊണ്ട 50ക്രിമിനല്‍ക്കുറ്റങ്ങളും പ്രത്യേക ഉത്തരവിലൂടെ തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചതില്‍ ജനങ്ങള്‍ അതൃപ്തരാണെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തല്‍.
കേസുമായി ബന്ധപ്പെട്ട് നാലുമാസത്തോളം ഒളിവില്‍പ്പോയ മാര്‍ട്ടിന്‍ ജാമ്യംനേടിയശേഷം പങ്കെടുത്ത ആദ്യ ചടങ്ങില്‍ സംസ്ഥാനത്തെ ഒരു മന്ത്രി പങ്കെടുത്തിരുന്നു. ലോട്ടറിനിരോധനം നടപ്പാക്കിയ തമിഴ്‌നാട്ടില്‍ മാര്‍ട്ടിന്റെബന്ധു നടത്തുന്ന ഏജന്‍സിയിലുടെ അന്യസംസ്ഥാന ലോട്ടറികള്‍ വ്യാപകമായി വിറ്റഴിക്കുന്നുണ്ട്. എന്നാല്‍ ഇത് തടയുന്നകാര്യത്തില്‍ പോലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നെന്ന ആരോപണവുമുണ്ട്.
തന്നെയുമല്ല ലോട്ടറിനിരോധനം നിലവിലുള്ള സംസ്ഥാനത്ത് ദിനംപ്രതി ലോട്ടറി ഫലപ്രഖ്യാപനമുള്‍ക്കൊള്ളുന്ന പത്രസമാനമായ ബുക്കുകള്‍ പുറത്തിറങ്ങുന്നുമുണ്ട്. ഇതിനെതിരെയും സര്‍ക്കാര്‍ നടപടിയൊന്നുമില്ല. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധമുള്ളവരുടെ പത്രസ്ഥാപനങ്ങളിലാണ് ഇത്തരം ലോട്ടറിപ്രസിദ്ധീകരണങ്ങള്‍ അച്ചടിക്കുന്നതെന്ന ആക്ഷേപവുമുണ്ട്.

2007
ല്‍ ഭാരതിയാര്‍ സര്‍വകലാശാല തമിഴ്‌നാട് മുഖ്യമന്ത്രിക്ക് 'മുത്തമിഴ് വിത്തകര്‍' പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങില്‍ മാര്‍ട്ടിനും ഭാര്യ ലീമയ്ക്കും വി..പി. സീറ്റൊരുക്കി. അന്ന് വിവിധ കേസുകളില്‍ ഉള്‍പ്പെട്ടയാളായിരുന്നു മാര്‍ട്ടിന്‍.

മോശം പ്രതിച്ഛായയുള്ള മാര്‍ട്ടിനെ ലോക ക്ലാസിക്കല്‍ തമിഴ്‌സമ്മേളനത്തിന്റെ സ്വീകരണക്കമ്മിറ്റിയില്‍ അംഗമാക്കിയതിലും ഡി.എം.കെ.അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അതൃപ്തിയുണ്ട്. തമിഴ്‌നാട്ടില്‍നിന്നുള്ള ജനകീയ പ്രസിഡന്‍റ് ഡോ..പി.ജെ. അബ്ദുള്‍കലാമിനെ ക്ഷണിക്കാത്ത ലോക ക്ലാസിക്കല്‍ തമിഴ്‌സമ്മേളനത്തില്‍ മാര്‍ട്ടിനെ സ്വീകരണക്കമ്മിറ്റിയില്‍ അംഗമാക്കിയതാണ് പ്രതിഷേധത്തിന് കാരണം.
മുഖ്യമന്ത്രി എം. കരുണാനിധി തിരക്കഥയെഴുതിയ സിനിമയുടെ നിര്‍മാണം മാര്‍ട്ടിന്‍ നിര്‍വഹിക്കുന്നതും ഇപ്പോള്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്. പാര്‍ട്ടിനേതൃത്വവുമായി മാര്‍ട്ടിനുള്ള അതിരുവിട്ട ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് ജനസംസാരം.

തമിഴ്‌നാട് അഡ്വക്കെറ്റ്ജനറല്‍ മാര്‍ട്ടിനുവേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായത് തമിഴ്‌നാട് സര്‍ക്കാരിന്റെ ഒത്താശയോടെയാണെന്നും ജനങ്ങള്‍ വിശ്വസിക്കുന്നു.

സാന്‍റിയാഗോമാര്‍ട്ടിന്റെ തട്ടകമായ കോയമ്പത്തൂരില്‍ ഡി.എം.കെ. വരുന്ന തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏല്‍ക്കേണ്ടിവരുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തമിഴ്‌നാട് പോലീസിന്റെ പശ്ചിമമേഖലാ രഹസ്യാന്വേഷണവിഭാഗമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് തയ്യാറാക്കുംമുമ്പ് ഇവര്‍ കേരളത്തില്‍ മാര്‍ട്ടിന്റെ പ്രതിച്ഛായ എന്താണെന്നതുസംബന്ധിച്ച വിവരങ്ങളും ശേഖരിച്ചിരുന്നു.