Monday, May 9, 2011

കര്‍ഷക കലാപം പടരുന്നു




ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ ശനിയാഴ്ച സംഘര്‍ഷത്തിനിടയാക്കിയ കര്‍ഷകപ്രക്ഷോഭം സമീപമേഖലകളായ ആഗ്രയിലേക്കും അലിഗഢിലേക്കും മഥുരയിലേക്കും പടര്‍ന്നു. ആഗ്രയില്‍ ഞായറാഴ്ച സംഘര്‍ഷത്തിനിടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. അതേസമയം, ഗ്രേറ്റര്‍ നോയ്ഡയില്‍ ശനിയാഴ്ചത്തെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. പ്രക്ഷോഭകരിലൊരാള്‍കൂടി ഞായറാഴ്ച മരിച്ചതോടെയാണിത്. ശനിയാഴ്ച രണ്ട് പോലീസുകാരും ഒരു പ്രക്ഷോഭകനും കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭകരുടെ നേതാവായ മന്‍വീര്‍ സിങ് തെവാഡിയയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ഗ്രേറ്റര്‍ നോയ്ഡയിലെ ഭട്ട പര്‍സൗല്‍ ഗ്രാമത്തില്‍ എക്‌സ്​പ്രസ്‌വേക്കും മറ്റു വികസനപദ്ധതികള്‍ക്കുമായി ഏറ്റെടുക്കുന്ന ഭൂമിക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരമാവശ്യപ്പെട്ട് ഏറെയായി പ്രക്ഷോഭരംഗത്തുള്ള കര്‍ഷകരാണ് കഴിഞ്ഞദിവസം അക്രമാസക്തരായത്. സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ മൂന്ന് ജീവനക്കാരെ ഇവര്‍ വെള്ളിയാഴ്ച ബന്ദികളാക്കിയിരുന്നു. ബന്ദികളെ മോചിപ്പിക്കാന്‍ ശനിയാഴ്ച ഗ്രാമത്തിലെത്തിയ പോലീസ് സേനയുമായാണ് പ്രക്ഷോഭകര്‍ ഏറ്റുമുട്ടിയത്. കല്ലും വടിയും മറ്റും ഉപയോഗിച്ച് പ്രക്ഷോഭകര്‍ ആദ്യം ചെറുത്തുനിന്നെങ്കിലും പിന്നീട് ഇരുപക്ഷവും തമ്മില്‍ വെടിവെപ്പുണ്ടായി.

ഞായറാഴ്ചയും സംഘര്‍ഷാവസ്ഥ നിലനിന്ന ഗ്രാമത്തില്‍ പോലീസ് വന്‍ സുരക്ഷാബന്തവസ്സാണ് ഏര്‍പ്പെടുത്തിയത്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുപതോളം പേരെ അറസ്റ്റുചെയ്തു. ഗ്രാമത്തിലെ വീടുകളില്‍ തിരച്ചില്‍ നടത്തി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി കര്‍ഷകര്‍ ആരോപിച്ചു. ആരോപണം പോലീസ് നിഷേധിച്ചിട്ടുണ്ട്.

സംഘര്‍ഷത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്സും രാഷ്ട്രീയ ലോക്ദളും ആവശ്യപ്പെട്ടു. ഞായറാഴ്ച ഗ്രാമത്തില്‍ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത്‌സിങ്ങിനെ പോലീസ് തടഞ്ഞുവെച്ചെങ്കിലും അല്പനേരത്തിനുശേഷം വിട്ടയച്ചു.

ശനിയാഴ്ചത്തെ സംഘര്‍ഷത്തിനിടെ പരിക്കേറ്റ ജില്ലാ മജിസ്‌ട്രേട്ട് ദീപക് അഗര്‍വാള്‍, സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് എസ്.എന്‍.സിങ് എന്നിവരുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ദീപക് അഗര്‍വാളിന് കാലിനു വെടിയേറ്റിരുന്നു.

യമുന എക്‌സ്​പ്രസ്‌വേക്കുവേണ്ടി ഏറ്റെടുത്ത ഭൂമിക്ക് ഭേദപ്പെട്ട നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ആഗ്രയിലെ ചൗഗാന്‍ ഗ്രാമത്തില്‍ കര്‍ഷകര്‍ ഞായറാഴ്ച പ്രക്ഷോഭത്തിനിറങ്ങിയത്. ഒട്ടേറെ വാഹനങ്ങളും എക്‌സ്​പ്രസ്‌വേ നിര്‍മിക്കുന്ന കമ്പനിയുടെ ക്യാമ്പ് ഓഫീസും സമരക്കാര്‍ തീവെച്ചുനശിപ്പിച്ചു. പ്രതിഷേധപ്രകടനം അക്രമാസക്തമായതിനെത്തുടര്‍ന്നാണ് നാല് പോലീസുകാര്‍ക്ക് പരിക്കേറ്റത്. അലിഗഢിലും മഥുരയിലും കര്‍ഷകര്‍ ഞായറാഴ്ച പ്രകടനം നടത്തി. അലിഗഢില്‍ പ്രക്ഷോഭരംഗത്തിറങ്ങിയ കര്‍ഷകര്‍ എക്‌സ്​പ്രസ് വേയുടെ പണി നിര്‍ത്തിവെപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കൊടും കുറ്റവാളികള്‍ക്ക് രക്ഷാമാര്‍ഗമോ

കോടതിയുടെയും ജനങ്ങളുടെയും സമ്മര്‍ദങ്ങളുടെ ഫലമായി അന്വേഷണം നടത്താന്‍ നിര്‍ബന്ധിതമാകുന്ന കേസുകളില്‍ അന്വേഷണപ്രക്രിയയെത്തന്നെ ഉപയോഗിച്ച് വേണ്ടപ്പെട്ടവരെ രക്ഷിക്കുക എന്ന തന്ത്രമാണ് ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. വിദേശ കള്ളപ്പണനിക്ഷേപം, കോമണ്‍വെല്‍ത്ത് കുംഭകോണം, ആദര്‍ശ് ഫ്ളാറ്റ് അഴിമതി, 2ജി സ്പെക്ട്രം കുംഭകോണം എന്നിവയിലൊന്നും സ്വമേധയാ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നില്ല യുപിഎ സര്‍ക്കാര്‍ .

ജനസമ്മര്‍ദത്താലോ, കോടതി ഇടപെടലാലോ അന്വേഷണം ഒഴിവാക്കാനാവാത്ത സാഹചര്യത്തിലേക്ക് ചെന്നെത്തുകയായിരുന്നു. അന്വേഷണം നടത്താന്‍ ആദ്യഘട്ടത്തില്‍ വിസമ്മതിച്ചത് എന്ത് കാരണങ്ങള്‍ കൊണ്ടാണോ, അതേ കാരണങ്ങള്‍കൊണ്ടുതന്നെ അന്വേഷണപ്രക്രിയയെ അട്ടിമറിക്കാന്‍ ഇടപെടുക എന്നതാണ് പിന്നീട് മന്‍മോഹന്‍സിങ് ഭരണം ചെയ്തത്. 2ജി സ്പെക്ട്രം ലൈസന്‍സ് കുംഭകോണത്തിന്റെ കാര്യമെടുക്കുക. 1,76,000 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടാക്കിയതും ഇന്ത്യാ ചരിത്രത്തില്‍ സമാനതയില്ലാത്തതുമായ കുംഭകോണമാണത്. ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനോട് എന്തൊരു എതിര്‍പ്പായിരുന്നു മന്‍മോഹന്‍സിങ്ങിനും കൂട്ടര്‍ക്കും. എ രാജയെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കുന്നതിനുപോലും മടിയായിരുന്നു. സംയുക്ത പാര്‍ലമെന്ററി അന്വേഷണം വേണമെന്ന ആവശ്യത്തോട് എന്തൊരു എതിര്‍പ്പായിരുന്നു. ഒടുവില്‍ കോടതികൂടി ഇടപെട്ടപ്പോള്‍ ഗത്യന്തരമില്ലാതെ അന്വേഷണത്തിന് നിര്‍ബന്ധിതമായി.

കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണ ഏജന്‍സി രേഖകള്‍ പരിശോധിച്ചു. കുറ്റപത്രം സമര്‍പ്പിക്കുന്ന സ്ഥിതിയായി. ഇപ്പോഴെന്തായി അവസ്ഥ? 1,76,000 കോടി രൂപയുടെ കുംഭകോണത്തില്‍ 200 കോടി രൂപ പോയതിനെക്കുറിച്ചുമാത്രമാണ് അന്വേഷണം എന്നു വേണം കരുതാന്‍ . 1,75,800 കോടി രൂപ പോയ വഴിയെക്കുറിച്ച് അന്വേഷണമില്ല. അന്വേഷണം എ രാജയിലും കനിമൊഴിയിലും മാത്രമായി ചുറ്റിത്തിരിയുകയാണ്. കനിമൊഴിയുടെ കലൈഞ്ജര്‍ ടിവിയിലേക്ക് 200 കോടി രൂപയേ കൈമാറ്റം ചെയ്തിട്ടുള്ളൂവെന്ന് അന്വേഷണ ഏജന്‍സിതന്നെ കോടതിയില്‍ പറയുന്നു. ബാക്കി, 1,75,800 കോടി രൂപ പോയ വഴിയെക്കുറിച്ച് കാര്യമായ ഒരു അന്വേഷണവുമില്ല. കലൈഞ്ജര്‍ ടിവിയില്‍ അറുപതുശതമാനം ഓഹരിയുള്ളത് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിനാണ്. അവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ അന്വേഷണ ഏജന്‍സി കൂട്ടാക്കുന്നില്ല. പകരം ഇരുപത് ശതമാനം ഓഹരിമാത്രമുള്ള മകള്‍ കനിമൊഴിയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയുംചെയ്യുന്നു. ഇരുപത് ശതമാനംമാത്രം ഓഹരിയുള്ളയാള്‍ക്ക് നിര്‍ണായകമായ തീരുമാനങ്ങളെ സ്വാധീനിക്കാനാവില്ല എന്ന് വാദിച്ച് കനിമൊഴിക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കാനാണിത്. എന്നു മാത്രമല്ല, ഇരുനൂറുകോടി രൂപ കൈമാറ്റംചെയ്യപ്പെട്ട കാര്യം അംഗീകരിച്ചതടക്കമുള്ള ഒരു ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലും താന്‍ പങ്കെടുത്തിരുന്നില്ല എന്ന് പറഞ്ഞ് അവര്‍ക്ക് രക്ഷപ്പെടാം.

നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടാവുന്നവരെമാത്രം പ്രതിയാക്കിക്കൊണ്ടുള്ള ഒരു അഭ്യാസമാണ് അന്വേഷണത്തിന്റെ പേരില്‍ നടക്കുന്നത് എന്ന് ചുരുക്കം. എ രാജ മാത്രമാവും ജയിലില്‍ പോവാനുണ്ടാവുക. കരുണാനിധിയുടെ വിനീത ദാസനായ രാജയ്ക്കാകട്ടെ, അതില്‍ വിഷമവുമുണ്ടാവില്ല. 2ജി സ്പെക്ട്രം കേസ് ഈ വഴിക്കു പോയി എവിടെയെങ്കിലും അവസാനിക്കും എന്നാണ് കരുതേണ്ടത്. ഇന്ത്യയിലെ അത്യുഗ്രന്‍ കോര്‍പറേറ്റ് സിംഹങ്ങള്‍ ഉള്‍പ്പെട്ട കുംഭകോണമാണിത്. അംബാനിമാര്‍ മുതല്‍ ടാറ്റാമാര്‍വരെ അതിലുണ്ട്. അവരിലൊരാളെയും തൊടുന്നില്ല. ആ വഴിക്ക് ചില്ലറ ചില അറസ്റ്റുകളുണ്ടായി. പക്ഷേ, അവയെല്ലാം ആ കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ ചില താഴേക്കിട ഉദ്യോഗസ്ഥന്മാരില്‍മാത്രമായി ഒതുങ്ങി. കോര്‍പറേറ്റ് വമ്പന്മാരുടെ പണംകൊണ്ട് രാഷ്ട്രീയം നടത്തുന്ന കോണ്‍ഗ്രസിനും യുപിഎ മന്ത്രിസഭയ്ക്കും അവരെ തൊടാന്‍ ധൈര്യമില്ലാത്തത് സ്വാഭാവികം. കോടതിയുടെ മേല്‍നോട്ടത്തിലാണല്ലോ, അന്വേഷണമെന്ന് പറയാമെങ്കിലും കോടതിക്ക് ഇക്കാര്യത്തില്‍ പരിമിതിയുണ്ട്. കോര്‍പറേറ്റ് വമ്പന്മാര്‍ക്കെതിരെ തെളിവില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുമ്പോള്‍ , തെളിവ് സൃഷ്ടിച്ചുകൊണ്ടുവരാന്‍ പറയാനാവില്ലല്ലോ, കോടതിക്ക്. രത്തന്‍ ടാറ്റാ അടക്കമുള്ള വമ്പന്മാരുമായി നടന്ന സംഭാഷണങ്ങളുടെ ടേപ്പ് പുറത്തുവന്നപ്പോള്‍ , ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരായി നടപടി എടുക്കാനായിരുന്നില്ല, മറിച്ച് ടേപ്പ് ചോര്‍ന്നതെങ്ങനെയെന്ന് അന്വേഷിച്ച് അത്തരം ചോര്‍ച്ചകള്‍ക്കുള്ള പഴുതടയ്ക്കാനായിരുന്നു സര്‍ക്കാരിന് വ്യഗ്രത.

നികുതിവെട്ടിപ്പ് കണ്ടുപിടിക്കാന്‍ കോര്‍പറേറ്റുകളുടെ ഫോണ്‍ സംഭാഷണങ്ങളെ ആശ്രയിച്ചുകൂടേ എന്നു കഴിഞ്ഞദിവസം കോടതി ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പരുങ്ങി. തൊട്ടുപിന്നാലെ ഡല്‍ഹിയില്‍ ക്യാബിനറ്റ് സെക്രട്ടറിയറ്റിന്റെ തീരുമാനം വന്നു: കോര്‍പറേറ്റുകളുടെ ഫോണ്‍ ചോര്‍ത്തുന്നത് അനുവദിക്കാനാവില്ല! രാഷ്ട്രീയ പ്രതിയോഗികളുടെ ഫോണ്‍ നിരന്തരം ചോര്‍ത്താന്‍ മടിക്കാത്ത യുപിഎ സര്‍ക്കാരിന് ടാറ്റാമാരുടെയും അംബാനിമാരുടെയും ഫോണ്‍ ചോര്‍ത്താന്‍ വയ്യ! കോര്‍പറേറ്റ് വമ്പന്മാരും ഉന്നത രാഷ്ട്രീയ നേതൃത്വവും തമ്മിലുണ്ടായ അവിശുദ്ധബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ഈ കുംഭകോണമുണ്ടായത്. ലൈസന്‍സ് അനുവദിക്കുന്നതിന് പ്രത്യേക സംവിധാനവും മാനദണ്ഡവും ഉണ്ടാക്കണമെന്ന നിയമ ഉപദേശം മേശപ്പുറത്തിരിക്കുമ്പോഴാണ് മന്‍മോഹന്‍സിങ്, അത് അവഗണിച്ച് ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയില്‍ ലൈസന്‍സ് വിതരണം നടത്താന്‍ അനുവാദം തേടിയുള്ള മന്ത്രി രാജയുടെ കത്തിന് അംഗീകാരം നല്‍കിയത്. ഇത് എങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് പ്രധാനമന്ത്രിയാണ് ഉത്തരം പറയേണ്ടത്. പക്ഷേ, അന്വേഷണ ഏജന്‍സി അത്തരം അസൗകര്യകരങ്ങളായ ചോദ്യങ്ങളിലേക്കൊന്നും കടക്കുന്നില്ല. ഇതില്‍നിന്നെല്ലാം കണ്ടെത്താവുന്നത് എ രാജയുടെയും കനിമൊഴിയുടെയും പ്രതിചേര്‍ക്കലിലൂടെ ഡല്‍ഹിയിലെ ഉന്നത രാഷ്ട്രീയനേതാക്കളെയും ഭരണാധികാരികളെയും മറച്ചുപിടിക്കാനാണ് അന്വേഷണ ഏജന്‍സി ശ്രമിക്കുന്നത് എന്നാണ്. ഇത് അന്വേഷണ ഏജന്‍സി സ്വമേധയാ ചെയ്യുന്നതല്ല, മറിച്ച് യുപിഎയുടെ രാഷ്ട്രീയനേതൃത്വം ചെയ്യിക്കുന്നതാണ് എന്നതറിയാന്‍ സാമാന്യബുദ്ധിയേ വേണ്ടൂ.

കോമണ്‍വെല്‍ത്ത് അഴിമതിക്കാര്യത്തിലും ഇതുതന്നെ നടക്കുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച എ ജി ശുംഗ്ലാ കമീഷന്‍ ഷീലാ ദീക്ഷിതിലേക്കാണ് വിരല്‍ചൂണ്ടിയത്. പക്ഷേ, അന്വേഷണം സുരേഷ് കല്‍മാഡിയില്‍ ഉടക്കിനിന്നു. അതും കല്‍മാഡിയുടെ പല അഴിമതിക്കരാറുകളില്‍ താരതമ്യേന നിസ്സാരമായ ഒന്നില്‍മാത്രമായി ഒതുങ്ങി. ഹസന്‍ അലിഖാനെതിരെ കള്ളപ്പണക്കേസില്‍ നടപടി എടുക്കാത്തതെന്ത് എന്ന് കോടതി ചോദിച്ചപ്പോള്‍ അയാളെമാത്രം അറസ്റ്റ് ചെയ്തു. വിദേശ ബാങ്കുകളില്‍ കിടക്കുന്ന കള്ളപ്പണത്തിനാകെ ഈ ഒരു ഉടമ മാത്രമേയുള്ളോ എന്ന് കോടതിക്ക് പിന്നീട് ചോദിക്കേണ്ടിവന്നു. ആദര്‍ശ് ഫ്ളാറ്റ് കുംഭകോണത്തിലാകട്ടെ, രണ്ടംഗ ജുഡീഷ്യല്‍ കമീഷന്‍ 195 ഫയലുകള്‍ ചോദിച്ചു. അവയടക്കം 377 ഫയലുകള്‍ പിടിച്ചെടുത്ത അന്വേഷണ ഏജന്‍സി, ജുഡീഷ്യല്‍ കമീഷന് പതിനഞ്ച് ഫയലുകള്‍മാത്രം നല്‍കി. ഇങ്ങനെ എവിടെ നോക്കിയാലും, അഴിമതിക്കാരെ രക്ഷിച്ചെടുക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ വ്യഗ്രത പ്രതിഫലിച്ചുകാണുന്നു. അതിന്റെ അന്ധകാരമാണിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെ ചൂഴ്ന്നുനില്‍ക്കുന്നത്.

ദേശാഭിമാനി മുഖപ്രസംഗം 09.05.11

Sunday, May 8, 2011

Ushasso Sandhyayo Sundari - Evergreen Malayalam Song

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടാന്‍ കേന്ദ്രനിര്‍ദേശം

വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി ബോര്‍ഡുകളെ നഷ്ടത്തില്‍നിന്ന് കരകയറ്റാന്‍ വൈദ്യുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്താന്‍ കേന്ദ്രനിര്‍ദേശം. ബോര്‍ഡുകള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള നിരക്ക് വര്‍ധന അനുവദിക്കാന്‍ സംസ്ഥാന റെഗുലേറ്ററി കമീഷനുകള്‍ക്ക് ഉത്തരവു നല്‍കണമെന്ന് കേന്ദ്ര അപ്പലേറ്റ് ട്രിബ്യൂണലിനോടു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിരക്കുവര്‍ധന അനുവദിക്കാത്ത സംസ്ഥാന റെഗുലേറ്ററി കമീഷനുകള്‍ക്കെതിരെ സ്വമേധയാ കേസെടുക്കാന്‍ കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് അപ്പലേറ്റ് ട്രിബ്യൂണല്‍ തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതി ബോര്‍ഡുകളുടെ കമ്മി പരിഹരിക്കാന്‍ നിരക്കു വര്‍ധന അനിവാര്യമാണെന്ന് 12-ാം പദ്ധതിക്കു രൂപം നല്‍കാന്‍ ഏപ്രില്‍ 21ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണകമീഷന്‍ യോഗം അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തെ എല്ലാ വൈദ്യുതി ബോര്‍ഡുകളും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മൊത്തം നഷ്ടം പ്രതിവര്‍ഷം 70,000 കോടി വരും. തമിഴ്നാട് വൈദ്യുതി ബോര്‍ഡ് പ്രതിവര്‍ഷം 9,000 കോടിയുടെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ജൂലൈ മുതല്‍ കാറ്റാടി നിലയങ്ങളില്‍നിന്ന് വൈദ്യുതിവാങ്ങിയ വകയില്‍ അവര്‍ക്ക് 1200 കോടി രൂപ മുടക്കേണ്ടിവന്നത് നഷ്ടം രൂക്ഷമാക്കി. പഞ്ചാബ് വൈദ്യുതി ബോര്‍ഡിന്റെ കഴിഞ്ഞവര്‍ഷത്തെ നഷ്ടം 4000 കോടിയാണ്. ദില്ലി വൈദ്യുതി ബോര്‍ഡിന്റെ സഞ്ചിത നഷ്ടമാകട്ടെ 50,000 കോടി കവിഞ്ഞു. കെഎസ്ഇബിക്ക് 1500 കോടിയുടെ നഷ്ടമാണുള്ളത്. ഉല്‍പ്പാദന ചെലവ് വര്‍ധിച്ചതാണ് സാമ്പത്തികമായി തകര്‍ത്തതെന്നാണ് വൈദ്യുതി ബോര്‍ഡുകള്‍ പറയുന്നത്. കല്‍ക്കരിയുടെ ലഭ്യത കുറഞ്ഞതോടെ വിലയില്‍ 40 ശതമാനം വര്‍ധനയുണ്ടായി. ക്രൂഡ്ഓയിലിന്റെ വിലയില്‍ ഇരട്ടിയിലേറെ വര്‍ധനയാണുണ്ടായത്. ഇതിനുപുറമേ, പണപ്പെരുപ്പവും തിരിച്ചടിയായി. അലൂമിനിയം, സ്റ്റീല്‍ തുടങ്ങിയവയുടെ വില ക്രമാതീതമായി ഉയര്‍ന്നു. ശമ്പള കമീഷനുകളുടെ ശുപാര്‍ശ നടപ്പാക്കേണ്ടി വന്നതോടെ ഭാരം കനത്തു. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണനയങ്ങളാണ് ബോര്‍ഡുകളുടെ സാമ്പത്തികതകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയതെന്ന് വ്യക്തം. വൈദ്യുതി വിപണനം മത്സരാധിഷ്ഠിതമാക്കിയതോടെ ക്ഷാമകാലത്ത് വൈദ്യുതിക്ക് തീവിലയായി. രണ്ടും മൂന്നും രൂപ ചെലവില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വേനല്‍ക്കാലത്ത് പത്തുരൂപയിലേറെ വിലയ്ക്കാണ് ബോര്‍ഡുകള്‍ക്ക് പവര്‍ എക്സചേഞ്ചുകള്‍ വഴി വില്‍ക്കുന്നത്.