വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി ബോര്‍ഡുകളെ നഷ്ടത്തില്‍നിന്ന് കരകയറ്റാന്‍ വൈദ്യുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്താന്‍ കേന്ദ്രനിര്‍ദേശം. ബോര്‍ഡുകള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള നിരക്ക് വര്‍ധന അനുവദിക്കാന്‍ സംസ്ഥാന റെഗുലേറ്ററി കമീഷനുകള്‍ക്ക് ഉത്തരവു നല്‍കണമെന്ന് കേന്ദ്ര അപ്പലേറ്റ് ട്രിബ്യൂണലിനോടു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിരക്കുവര്‍ധന അനുവദിക്കാത്ത സംസ്ഥാന റെഗുലേറ്ററി കമീഷനുകള്‍ക്കെതിരെ സ്വമേധയാ കേസെടുക്കാന്‍ കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് അപ്പലേറ്റ് ട്രിബ്യൂണല്‍ തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതി ബോര്‍ഡുകളുടെ കമ്മി പരിഹരിക്കാന്‍ നിരക്കു വര്‍ധന അനിവാര്യമാണെന്ന് 12-ാം പദ്ധതിക്കു രൂപം നല്‍കാന്‍ ഏപ്രില്‍ 21ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണകമീഷന്‍ യോഗം അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തെ എല്ലാ വൈദ്യുതി ബോര്‍ഡുകളും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മൊത്തം നഷ്ടം പ്രതിവര്‍ഷം 70,000 കോടി വരും. തമിഴ്നാട് വൈദ്യുതി ബോര്‍ഡ് പ്രതിവര്‍ഷം 9,000 കോടിയുടെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ജൂലൈ മുതല്‍ കാറ്റാടി നിലയങ്ങളില്‍നിന്ന് വൈദ്യുതിവാങ്ങിയ വകയില്‍ അവര്‍ക്ക് 1200 കോടി രൂപ മുടക്കേണ്ടിവന്നത് നഷ്ടം രൂക്ഷമാക്കി. പഞ്ചാബ് വൈദ്യുതി ബോര്‍ഡിന്റെ കഴിഞ്ഞവര്‍ഷത്തെ നഷ്ടം 4000 കോടിയാണ്. ദില്ലി വൈദ്യുതി ബോര്‍ഡിന്റെ സഞ്ചിത നഷ്ടമാകട്ടെ 50,000 കോടി കവിഞ്ഞു. കെഎസ്ഇബിക്ക് 1500 കോടിയുടെ നഷ്ടമാണുള്ളത്. ഉല്‍പ്പാദന ചെലവ് വര്‍ധിച്ചതാണ് സാമ്പത്തികമായി തകര്‍ത്തതെന്നാണ് വൈദ്യുതി ബോര്‍ഡുകള്‍ പറയുന്നത്. കല്‍ക്കരിയുടെ ലഭ്യത കുറഞ്ഞതോടെ വിലയില്‍ 40 ശതമാനം വര്‍ധനയുണ്ടായി. ക്രൂഡ്ഓയിലിന്റെ വിലയില്‍ ഇരട്ടിയിലേറെ വര്‍ധനയാണുണ്ടായത്. ഇതിനുപുറമേ, പണപ്പെരുപ്പവും തിരിച്ചടിയായി. അലൂമിനിയം, സ്റ്റീല്‍ തുടങ്ങിയവയുടെ വില ക്രമാതീതമായി ഉയര്‍ന്നു. ശമ്പള കമീഷനുകളുടെ ശുപാര്‍ശ നടപ്പാക്കേണ്ടി വന്നതോടെ ഭാരം കനത്തു. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണനയങ്ങളാണ് ബോര്‍ഡുകളുടെ സാമ്പത്തികതകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയതെന്ന് വ്യക്തം. വൈദ്യുതി വിപണനം മത്സരാധിഷ്ഠിതമാക്കിയതോടെ ക്ഷാമകാലത്ത് വൈദ്യുതിക്ക് തീവിലയായി. രണ്ടും മൂന്നും രൂപ ചെലവില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വേനല്‍ക്കാലത്ത് പത്തുരൂപയിലേറെ വിലയ്ക്കാണ് ബോര്‍ഡുകള്‍ക്ക് പവര്‍ എക്സചേഞ്ചുകള്‍ വഴി വില്‍ക്കുന്നത്.
No comments:
Post a Comment