Tuesday, May 10, 2011

'സുന്ദരനും സുശീലനു'മായ കുമാരന്റെ സംസ്‌കാരസമ്പന്നമാം ലീലകള്‍

ബലവാന്‍മാരില്‍ ബലവാന്‍, സദ്ഗുണ സമ്പന്നരിലും സമ്പന്നന്‍, സാംസ്‌കാരിക പ്രബുദ്ധരിലും പ്രബുദ്ധന്‍, വൃത്തിയിലും ശുദ്ധിയിലും മുമ്പരില്‍ മുമ്പന്‍, വിവേകത്തിലും വിവരത്തിലും വിജ്ഞാനത്തിലും അതുല്യന്‍, വിനയത്തിലും സമഭാവനയിലും സ്‌നേഹത്തിലും അനുപമന്‍. ഇങ്ങനെയൊരാളെ മലയാള ദേശത്ത് നിന്ന് കണ്ടുകിട്ടുമെങ്കില്‍ അത് ഒരേയൊരാള്‍ മാത്രമായിരിക്കും. ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ നെറ്റിത്തടത്തില്‍ നീളന്‍ ചന്ദനക്കുറിയും പൂശി, താന്‍ ഒരു കെങ്കേമനാണെങ്കിലും അതിന്റെ അഹന്തയൊന്നും ഇല്ലെന്ന മട്ടില്‍ ആ 'മഹാമേരു' കഴിഞ്ഞുകൂടുന്നു. ജി സുകുമാരന്‍ നായര്‍ എന്ന ആ നാമധാരിയെ ഓര്‍ത്തോര്‍ത്ത് കേരളത്തിലെ സംസ്‌കാരമുള്ളവരും വൃത്തികേട് കാട്ടാത്തവരും വിവേകശാലികളുമായവര്‍ നിമിഷം പ്രതി കോരിത്തരിക്കുന്നു.

കേരളത്തിലെ നായരായ നായരൊക്കെ സുകുമാരന്‍നായര്‍ എന്ന സംസ്‌കാരസമ്പന്നന്‍ പറയുന്നതിനപ്പുറം ചലിക്കുകയില്ല. ആ നിലയില്‍ ഉഗ്രപ്രതാപിയുമാണ് ആ മാന്യന്‍. നായരിലെ 'തമ്പി' മുതല്‍ 'വിളക്കിത്തല നായര്‍' വരെ, 'മേനോന്‍' മുതല്‍ 'വെളുത്തേടത്തു നായര്‍' വരെ, 'കിരിയാത്തുനായര്‍' മുതല്‍ 'മണിയാണിനായര്‍' വരെ 'ഉണ്ണിത്താന്‍' മുതല്‍ 'വാണിയ' നായര്‍ വരെ, 'പണിക്കര്‍' മുതല്‍ 'പിള്ള' ആദിയായ നായര്‍ വരെ എണ്ണിത്തീരാത്ത സമസ്തകുലവും സുകുമാരന്‍നായര്‍ എന്നു കേട്ടാല്‍ തോളിലെ തോര്‍ത്തെടുത്ത് കക്ഷത്ത് തിരുകി വാപൊത്തി നില്‍ക്കും.

വാവ് അടുക്കുമ്പോള്‍ ചില കൂട്ടര്‍ക്ക് ഹാലിളകുമെന്ന വിശ്വാസം പ്രചുരപ്രചാരത്തിലുണ്ട്. അതുപോലെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒരുപറ്റം സമുദായനേതാക്കള്‍ സര്‍വശക്തരും ഉഗ്രപ്രതാപികളുമായി വേഷം മാറും. അവരറിയാതെ അവരിലേയ്ക്ക് നുഴഞ്ഞുകയറുന്ന ഒരജ്ഞാത ശക്തിയാണ് ആ ഘട്ടങ്ങളില്‍ അവരെ നയിക്കുക. സുകുമാരന്‍ നായരുടെ എന്‍ എസ് എസും വെള്ളാപ്പള്ളി നടേശന്റെ എസ് എന്‍ ഡി പിയും ജമാഅത്ത് ഇസ്ലാമിയും സുന്നിയും മാര്‍ത്തോമയും കത്തോലിക്കയും യാക്കോബായയും ഓര്‍ത്തഡോക്‌സും എന്നു വേണ്ട കേട്ടിട്ടുള്ളതും കേട്ടിട്ടില്ലാത്തതുമായ അത്യുജ്വല സമുദായസംഘടനകള്‍ കച്ചകെട്ടിയിറങ്ങും, ഉടവാള്‍ വീശും, പരിചയുയര്‍ത്തും. അവരുടെ ഉടവാള്‍ വീശലില്‍ ആരുടെയും തല നിലത്തുവീഴും, അവരുടെ പരിചയാല്‍ ആരും സംരക്ഷിക്കപ്പെടും എന്നാണ് പ്രതീതി. ആ മിഥ്യാധാരണയില്‍ കഴിഞ്ഞുകൂടുന്നവര്‍ സ്ഥാനാര്‍ഥികളായാല്‍ അവരെ മുഖം കാണിക്കാനും ആശീര്‍വാദം നേടി പുണ്യമാര്‍ജ്ജിക്കാനും വരിവരിയായി കാത്തുനില്‍ക്കും. അപ്പോള്‍ സമുദായനേതാക്കള്‍ 'അമ്പട ഞാനേ' എന്ന് അറിയാതെ വിളിച്ചുപോവും.

പക്ഷേ, ഇവരുടെ ഉടവാള്‍ വീശലില്‍ അവര്‍ ലക്ഷ്യമിടുന്ന ഒരാളുടെയും തല മണ്ണിലുരുളുന്നില്ല. അവരുടെ പരിചയാല്‍ ആരും കാത്തുരക്ഷിക്കപ്പെടുന്നുമില്ല എന്നതാണ് അനുഭവം. കലികാലം എന്നല്ലാതെ എന്തു പറയാന്‍! ഉടവാളിന് തെല്ലും മൂര്‍ച്ചയില്ല. പരിചയ്ക്ക് പാളയുടെ ബലം പോലുമില്ല. ഇന്നയിന്ന ആളുകളെ, ഇന്നയിന്ന പാര്‍ട്ടികളെ ഞങ്ങള്‍ തോല്‍പ്പിക്കും എന്ന് സുകുമാരന്‍നായരാദികളായവരും വെള്ളാപ്പള്ളിയാദിയായവരും പ്രഖ്യാപിച്ചാല്‍ അവരെല്ലാം ജയിച്ചുകയറുന്ന കാഴ്ച പതിവായിട്ടുണ്ട് കേരളത്തില്‍. പിന്നെയും ശങ്കരന്‍ തെങ്ങിന്റെ മുകളില്‍ തന്നെയിരിക്കും. വീണിടം വിഷ്ണുലോകമാക്കുന്ന മാന്ത്രികവിദ്യ പുറത്തെടുക്കും. മലര്‍ന്നടിച്ചു വീണാലും കാല് മുകളിലുയര്‍ത്തിവയ്ക്കും. വീണ്ടും തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ഉടവാളും പരിചയുമായിറങ്ങും.

സുകുമാരന്‍നായര്‍ക്ക് പുറത്തുപറയാന്‍ ഇന്നലെ വരെയുണ്ടായിരുന്നത് സമദൂരമായിരുന്നു. പണ്ടേ ദൂരം പാലിക്കുക എന്നത് ശീലമായിപ്പോയതാണ്. നമ്പൂതിരിയില്‍ നിന്ന് നിശ്ചിത അകലം പാലിക്കേണ്ടവര്‍ അത് ലംഘിച്ചാല്‍ ശിക്ഷിക്കേണ്ടത് നായരുടെ പണിയായിരുന്ന കാലത്തേ ദൂരത്തിന്റെ കാര്യത്തില്‍ കര്‍ക്കശ മനോഭാവമാണ്. ചരിത്രകാരന്‍മാരായ ഹാമില്‍ട്ടണും ഇളംകുളം കുഞ്ഞന്‍പിള്ളയും പഴയകാലത്തെക്കുറിച്ച് പറഞ്ഞുവച്ചത് ഇങ്ങനെ: ''ബ്രാഹ്മണന്റെ 96 അടി അടുത്ത് പുലയന്‍ പോകാന്‍ പാടില്ല. പറയനെ തൊട്ടാല്‍ പുലയന്‍ കുളിക്കണം, ഇരുകൂട്ടരും വഴിയൊഴിഞ്ഞ് ഓടിമാറിയില്ലെങ്കില്‍ കൊല്ലേണ്ടത് നായരുടെ ധര്‍മ്മം..... തീയന്‍ ശൂദ്രന്റെ 12 അടി അകലെ നില്‍ക്കണം. ബ്രാഹ്മണന്റെ 36 അടി അടുത്തുവരുന്ന തീയനെ ഉടന്‍ സംഹരിച്ചാല്‍ ശൂദ്രന് സ്വര്‍ഗം കിട്ടും. ബ്രാഹ്മണനെ നായര്‍ തൊടാന്‍ പാടില്ല. എന്നാല്‍ അടുത്ത് ചെല്ലാം''.

പണ്ടേയ്ക്കുപണ്ടേ ഈ വിധം ദൂരത്തില്‍ ഭ്രമിച്ചുപോയിരുന്നു. അതുകൊണ്ടാണ് സമദൂരത്തില്‍ വിലയം പ്രാപിച്ചത്. പക്ഷേ, സമദൂരം തരാതരം പോലെ കൂടുകയും കുറയുകയും ചെയ്ത് സമമല്ലാതെ മാറും. ചിലരോട് പ്രിയമേറുമ്പോള്‍, തന്‍കാര്യസാധ്യത്തിന് ഇക്കൂട്ടരാണ് ഉചിതമെന്ന് തിരിച്ചറിയുമ്പോള്‍ ദൂരം കുറഞ്ഞ് കുറഞ്ഞ് ആലിംഗനം ചെയ്യുന്ന നിലയെത്തും. അതിന് സുകുമാരന്‍നായര്‍ പുതിയ പേര് നല്‍കിയിട്ടുണ്ട്. 'ശരിദൂരം'. ഭാഷാപണ്ഡിതന്‍മാര്‍ 'ശരിദൂരം' എന്ന വാക്കിനെക്കുറിച്ച് ഗവേഷണം തുടങ്ങിയിട്ടുണ്ട്.

ജന്‍മിക്കരം പിരിച്ചും, ജന്‍മിത്വ നൃംശസതകളില്‍ ആറാടിയും, കരമടയ്ക്കാത്തവരെ മുക്കാലിയില്‍ കെട്ടിയടിക്കുക, പുളി തീറ്റിക്കുക എന്നിത്യാദി ശിക്ഷ നല്‍കി വിനോദിച്ചും 'അടിയും കൊണ്ട് പുളിയും കുടിച്ച്, പണവും കൊടുത്തു' എന്ന ചൊല്ലിന്റെ ഉല്‍പ്പത്തിക്ക് കാരണക്കാരായും ജന്‍മിമാരും കാര്യസ്ഥന്‍മാരുമായി വിലസിയിരുന്ന കാലം തികട്ടി തികട്ടി വരുമ്പോള്‍ ഇപ്പോഴും ജന്‍മിയാണെന്ന തോന്നല്‍ സുകുമാരന്‍നായരെപ്പോലുള്ള നായന്‍മാര്‍ക്കുണ്ടാവുന്നതിന് കുറ്റം പറയാനാവുമോ? പെരുന്നയിലെ വലിയ മാളികയില്‍ പരിചാരകരും പരിവാരങ്ങളും വിനീത വിധേയരായിരിക്കുമ്പോള്‍ സ്വന്തം ഭൂതകാലം സൗകര്യപൂര്‍വ്വം സുകുമാരന്‍നായര്‍ക്കും മറക്കാവുന്നതാണ്.

'നായര്‍ സമാജം' എന്ന സംഘടന ഒരു കൂട്ടം നായര്‍ യുവാക്കള്‍ രൂപീകരിച്ചതെന്തിനെന്നോ, 1907ല്‍ മന്നത്ത് കൃഷ്ണന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നായര്‍ സമുദായത്തിന്റെ ആദ്യത്തെ വാര്‍ഷിക യോഗത്തെക്കുറിച്ചോ, പില്‍ക്കാലത്ത് രൂപം കൊണ്ട നായര്‍ സര്‍വീസ് സൊസൈറ്റിയെയും മന്നത്ത് പത്മനാഭനെയും കുറിച്ചോ തെല്ലെങ്കിലും പിടിപാട് വേണമെന്ന ചെറിയ നിര്‍ബന്ധം പോലും ഇന്ന് എന്‍ എസ് എസിന്റെ ആക്ടിംഗ് ജനറല്‍ സെക്രട്ടറിയാവാന്‍ ആവശ്യമില്ലെന്ന് സമസ്ത കേരള നായന്‍മാര്‍ക്കുമറിയാം. നമ്പൂതിരി ആധിപത്യകാലത്ത് നായര്‍സ്ത്രീകളെയും ദേവദാസികളെയും ഒരുപോലെ പരിഗണിച്ചപ്പോള്‍, സ്വത്തവകാശത്തില്‍ സ്ത്രീ-പുരുഷ അസമത്വം നടമാടിയപ്പോള്‍, നമ്പൂതിരി പുരുഷനും നായര്‍സ്ത്രീയും തമ്മിലുള്ള സംബന്ധം തുടര്‍ന്നപ്പോള്‍ നവോഥാനത്തിന്റെ കാഹളമുയര്‍ത്തിയ ഉല്‍പതിഷ്ണുക്കളാണ് നായര്‍ സമാജത്തിന്റെ സൃഷ്ടാക്കളെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുരുടന്‍ ആനയെ കണ്ട പോലെ നില്‍ക്കുന്ന പണ്ഡിതാഗ്രേസരനാണ് സുകുമാരന്‍നായര്‍. വിവാഹം നിയമാനുസൃതമാക്കുക, ഒരുവന്റെ സ്വത്തില്‍ അയാളുടെ ഭാര്യയ്ക്കും അവകാശമുണ്ടാവുക എന്നീ മാറ്റങ്ങള്‍ സമുദായത്തില്‍ സൃഷ്ടിക്കുവാനും അപചയത്തിനെതിരായി ശബ്ദിക്കുവാനും സമുദായോദ്ധാരണത്തിനുമാണ് നായര്‍ സമാജവും എന്‍ എസ് എസും ഉണ്ടായതെങ്കില്‍ ഇന്ന് 'അപ്നാ അപ്നാ' കാര്യമാണ് സുകുമാരന്‍നായര്‍ക്ക് അജണ്ടയായി ശേഷിക്കുന്നത്. അതുകൊണ്ട് സമദൂരം ശരിദൂരമാവുകയും വേണ്ടപ്പെട്ടവരെ ആരും കാണാതെ പുണരുകയും ചെയ്യും.

അത്തരം ശരിദൂരക്കാരുടെ സ്വകാര്യ സംഭാഷണങ്ങള്‍ നൂറുകണക്കിന് അനുചരന്‍മാരുടെയും മാധ്യമക്കാരുടേയും ക്യാമറകളുടേയും നടുവില്‍ വച്ചായിരിക്കും. പ്രതിഭയ്ക്ക് തെല്ലും കുറവില്ലാത്തതുകൊണ്ട് ചില വേള അനുകരണകലയില്‍ പ്രാഗത്ഭ്യം പ്രകടിപ്പിക്കും. ഭാവനാ സമ്പന്നനായതുകൊണ്ട് ജനങ്ങള്‍ ആദരിക്കുന്ന മുഖ്യമന്ത്രി സംസ്‌കാരമില്ലാത്തവനും എന്ത് വൃത്തികേടും ചെയ്യാന്‍ മടിക്കാത്തവനുമായി ഭാവനാലോകത്ത് അവതരിക്കുകയും അത് വെളിപ്പെടുത്തുകയും ചെയ്യും. സംസ്‌കാരസമ്പന്നനും വിവേകശാലിയും മിതഭാഷിയുമായതുകൊണ്ട് മുഖ്യമന്ത്രിയെ ബഹുമാനപുരസ്സരം 'ഒരുത്തന്‍' എന്ന് സംബോധന ചെയ്യും.

സുകുമാരന്‍നായരുടെ വിവേകവും സംസ്‌കാരവും മിതഭാഷിത്വവും കണ്ടും കേട്ടുമറിഞ്ഞ് നായര്‍ ഗണങ്ങളാകെ ആഹ്ലാദിച്ചുല്ലസിക്കുകയാണെന്ന് കരുതുന്ന ഒരേയൊരാള്‍ സുകുമാരന്‍നായരായിരിക്കും. എന്‍ എസ് എസിന്റെ സംസ്‌കാരത്തെ മുച്ചൂടും മുടിക്കുന്ന സുന്ദരകുമാരനെ, സുശീലകുമാരനെ കൊണ്ട് കടുത്ത എന്‍ എസ് എസുകാര്‍ തോറ്റിരിക്കുന്നു. സുകുമാരന്‍നായര്‍ പറയുന്നതിന് ചെവി കൊടുക്കാന്‍ പോലും ഒരുക്കമല്ലാത്തവരാണ് മഹാഭൂരിപക്ഷം വരുന്ന നായന്‍മാര്‍. അവരാകെ സുകുമാരന്‍നായരുടെ വങ്കത്തങ്ങള്‍ കേട്ട് ഊറിയൂരി ചിരിക്കുന്നു. പക്ഷേ, പരശുരാമന്‍ മഴുവെറിഞ്ഞ് കടല്‍ മാറ്റി കരയാക്കിയ കേരളം, തന്റെ കാല്‍ക്കീഴിലാണെന്ന് വിചാരിച്ച്, ഉത്തരം താങ്ങുന്ന ഗൗളിയായി സുകുമാരന്‍നായര്‍ കഴിയുന്നു. എന്തൊരു ചേലാണ് ആ കാഴ്ച കാണാന്‍.

ദിഗംബരന്‍ janayugom 090511

No comments: