നിര്‍മാണത്തിലിരിക്കുന്ന കേന്ദ്ര വൈദ്യുതിനിലങ്ങളില്‍നിന്നുള്ള സംസ്ഥാന വിഹിതത്തില്‍ കുത്തനെ ഇടിവ്. കേരളത്തിന് ലഭിക്കുന്നത് ആവശ്യപ്പെട്ടതിന്റെ പകുതിയില്‍ താഴെ മാത്രം. അശാസ്ത്രീയമായ ഗാഡ്ഗില്‍ ഫോര്‍മുല പ്രകാരം സംസ്ഥാന വൈദ്യുതി വിഹിതം നിശ്ചയിക്കുന്നതാണ് കേരളത്തിന് വിനയായത്. പുതിയ കേന്ദ്രനിലയങ്ങളില്‍നിന്ന് സംസ്ഥാന വിഹിതം നിഷേധിക്കുന്ന താരിഫ്നയം നിലവില്‍ വന്നതോടെ ഈ കുറവ് കേരളത്തിന് വന്‍ തിരിച്ചടിയാകും. നിര്‍മാണത്തിലിരിക്കുന്ന 11 പുതിയ പദ്ധതികളുമായാണ് കേരളം കരാര്‍ ഒപ്പിട്ടത്. എന്‍ടിപിസിയും തമിഴ്നാട് വൈദ്യുതി ബോര്‍ഡും ചേര്‍ന്ന് ആരംഭിക്കുന്ന 1500 മെഗാവാട്ടിന്റെ വള്ളൂര്‍ താപവൈദ്യുതിപദ്ധതിയില്‍നിന്ന് കേരളം 150 മെഗവാട്ട് ആവശ്യപ്പെട്ടു. അനുവദിച്ചത് 75 മെഗാവാട്ട്. ആന്ധ്രയിലെ സിംഹാദ്രി നിലയത്തില്‍ നിന്ന് 200 മെഗാവാട്ടിന് കേരളം വാദിച്ചപ്പോള്‍ തരുന്നത് 80 മെഗാവാട്ട്. നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷനും ടിഎന്‍ഇബിയും ചേര്‍ന്ന് തൂത്തുക്കുടയില്‍ സ്ഥാപിക്കുന്ന 1000 മെഗാവാട്ട് താപനിലയത്തില്‍നിന്ന് കേരളം 150 മെഗാവാട്ടാണ് ആവശ്യപ്പെട്ടു. അനുവദിച്ചത് നേര്‍പകുതി. നെയ്വേലി അനുബന്ധപദ്ധതിയില്‍ 500 മെഗാവാട്ട് ചോദിച്ച കേരളം 70 മെഗാവാട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടി വരും. തമിഴ്നാട്ടിലെ ചെയ്യൂരിലെ 4000 പദ്ധതിയില്‍നിന്ന് 500 മെഗാവാട്ടിനു വേണ്ടി കേരളം ശ്രമിച്ചു. ലഭിക്കുക 300 മെഗാവാട്ട് മാത്രം. ഒഡീഷയില്‍ ആരംഭിക്കുന്ന 4000 മെഗാവാട്ട് നിലയത്തില്‍നിന്ന് 500 മെഗാവാട്ട് ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ചത് 300 മെഗാവാട്ട്. ആന്ധ്രയിലെ 4000 മെഗാവാട്ട് നിലയത്തില്‍നിന്ന് 75 മെഗാവാട്ട് മാത്രമാണ് കേരളത്തിനു ലഭിക്കുക. തമിഴ്നാട്ടിലെ കൂടുംകുളം, ആന്ധ്രയിലെ തുതിമടക്ക, തമിഴ്നാട്ടിലെ സിര്‍ക്കാളി, കര്‍ണാടകത്തിലെ കുടുകി എന്നിവയാണ് പുതുതായി വരുന്ന മറ്റു നിലയങ്ങള്‍ . ഇവിടെ നിന്നുള്ള വിഹിതത്തിലും വന്‍ ഇടിവുണ്ടായി. ഇറക്കുമതി ചെയ്യുന്ന വിലകൂടിയ കല്‍ക്കരിയാണ് മിക്ക നിലയങ്ങളിലും ഉപയോഗിക്കുന്നത്. ഇവിടെ നിന്നുള്ള വൈദ്യുതിക്ക് കനത്ത വിലനല്‍കേണ്ടി വരുന്നത് കെഎസ്ഇബിയുടെ സാമ്പത്തിക സ്ഥിതിയും മോശമാക്കും. ഗാഡ്ഗില്‍ ഫോര്‍മുല പ്രകാരം സംസ്ഥാനത്തിന്റെ കേന്ദ്ര ധന വിഹിതവും ആളോഹരി വൈദ്യുതി ഉപഭോഗവും മാനദണ്ഡമാക്കിയാണ് വൈദ്യുതിവിഹിതം നിശ്ചയിക്കുന്നത്. കേരളത്തിനുള്ള ധനവിഹിതം കേന്ദ്രം വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നു. വന്‍കിട വ്യവസായങ്ങളുടെ കുറവു മൂലം ആളോഹരി വൈദ്യുതി ഉപഭോഗത്തില്‍ സംസ്ഥാനം പിന്നിലാണ്. ആന്ധ്ര(970 യൂണിറ്റ്), തമിഴ്നാട് (1040) എന്നിങ്ങനെയാണ് ആളോഹരി വൈദ്യുത ഉപഭോഗം. കേരളത്തില്‍ അത് 460 യൂണിറ്റ് മാത്രം. നിര്‍മാണത്തിലുള്ള പദ്ധതികളില്‍നിന്നും ഈ മാനദണ്ഡപ്രകാരം വിഹിതം വെട്ടിക്കുറയ്ക്കുന്നത് കേരളത്തിന്റെ വൈദ്യുതി ആസൂത്രണം അവതാളത്തിലാക്കുന്നു.
No comments:
Post a Comment