Monday, May 9, 2011

വിജയപ്രതീക്ഷയില്‍ എല്‍ഡിഎഫ് ....

പതിമൂന്നാം നിയമസഭാ തെരഞ്ഞെടുപ്പു ഫലം ചരിത്രമാകുമെന്ന ഉറച്ച വിശ്വാസത്തില്‍ എല്‍ഡിഎഫും തോല്‍വി ഭയന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും. എല്‍ഡിഎഫ് തുടര്‍ഭരണം യാഥാര്‍ഥ്യമാക്കുന്ന ജനവിധിയാകും 13നു പുറത്തുവരികയെന്ന സൂചനകളാണ് രാഷ്ട്രീയനിരീക്ഷകര്‍ നല്‍കുന്നത്. ഒരുതവണ ഇടത്തോട്ടെങ്കില്‍ അടുത്തപ്രാവശ്യം വലത്തോട്ടെന്ന പ്രവണതയ്ക്ക് ഇക്കുറി അവസാനമാകുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. 2006ലെ തകര്‍പ്പന്‍ വിജയം ഉണ്ടായില്ലെങ്കിലും ഭൂരിപക്ഷം ഇടതുപക്ഷത്തെ കാത്തിരിക്കുന്നുവെന്നാണ് നാടിന്റെ സ്പന്ദനങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. എന്നാല്‍ , യുഡിഎഫിന് 90-95 സീറ്റ് ഉമ്മന്‍ചാണ്ടിയും 80-85 സീറ്റ് രമേശ് ചെന്നിത്തലയും കണക്കാക്കുന്നു. പക്ഷേ, ഈ കണക്ക് കിട്ടിയപ്പോള്‍ സോണിയഗാന്ധി അവിശ്വാസം പ്രകടിപ്പിച്ചു. ഇത്രയും സീറ്റില്‍ യുഡിഎഫ് വിജയിക്കുമെങ്കില്‍ , താന്‍ പങ്കെടുത്ത കേരളത്തിലെ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ ഇത്രയും ശുഷ്കമാകുമായിരുന്നോ എന്നായിരുന്നു സോണിയയുടെ സംശയം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി കണ്ട പ്രവണത യുഡിഎഫ് പൊതുയോഗങ്ങളെ ജനങ്ങള്‍ പൊതുവില്‍ കൈവിട്ടെന്നതാണ്. കോണ്‍ഗ്രസ് മുമ്പ് തോറ്റകാലത്തുപോലും ഇന്ദിരഗാന്ധി, രാജീവ് എന്നിവരുടെയെല്ലാം പൊതുയോഗങ്ങള്‍ക്ക് കേരളത്തില്‍ വന്‍ ആള്‍ക്കൂട്ടമുണ്ടായിരുന്നു. പക്ഷേ, യുഡിഎഫ് വിജയിക്കുമെന്ന് കെപിസിസി കണക്കുകൂട്ടുന്ന തെരഞ്ഞെടുപ്പിലാണ് സോണിയ-രാഹുല്‍ എന്നിവരുടെ അടക്കം പൊതുയോഗങ്ങള്‍ പൊളിഞ്ഞത്. ഇതിനു വിരുദ്ധമായി എല്‍ഡിഎഫ് നേതാക്കളുടെ യോഗങ്ങള്‍ നന്നായി ആളുകളെ ആകര്‍ഷിച്ചു. യുഡിഎഫ് പ്രചാരണത്തിന്റെ നായകന്‍ എ കെ ആന്റണിയുടെ പര്യടനം ഒട്ടനേകം കേന്ദ്രത്തില്‍ ജനങ്ങളില്ലാതെ ശുഷ്കമായി. എല്‍ഡിഎഫിന് അനുകൂലമായ ജനവികാരമാണ് പ്രചാരണരംഗത്ത് തെളിഞ്ഞത്. ജനവിധിയിലും അത് പ്രതിഫലിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. 2ജി, കോമണ്‍വെല്‍ത്ത് ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളും അറസ്റ്റും തടവറയും കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസിനും എതിരായ കൊടുങ്കാറ്റായിട്ടുണ്ട്. അതിനു പുറമേ വിലക്കയറ്റ ഭാരവും. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ എവിടെ തെരഞ്ഞെടുപ്പു നടന്നാലും കോണ്‍ഗ്രസിന് പിന്നോട്ടടിയാണ്. ആ ദേശീയ പ്രതിഭാസത്തില്‍ നിന്ന് കേരളം ഒഴിഞ്ഞുനില്‍ക്കില്ലെന്നു വേണം കരുതാന്‍ . എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചാണ്ടിലെ ജനക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ നാട്ടിലുണ്ടാക്കിയ മതിപ്പും ഭരണത്തുടര്‍ച്ചയ്ക്കുള്ള ജനവികാരത്തിന് അടിസ്ഥാനമാണ്. ഇത് തടയാന്‍ ജാതി-മത-സാമുദായിക ശക്തികളെയും ഘടകങ്ങളെയും ഒരു പങ്ക് മാധ്യമങ്ങളെയും യുഡിഎഫ് സമര്‍ഥമായി പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അതിനെ അതിജീവിക്കാനാകുന്ന ബഹുജനപിന്തുണ എല്‍ഡിഎഫിനു ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐ എമ്മും മറ്റ് എല്‍ഡിഎഫ് കക്ഷികളും. 1957ലെയോ 1987ലെയോ ഭൂരിപക്ഷം ഇടതുപക്ഷത്തിന് കേരളം സമ്മാനിക്കുന്നതായേക്കും 13ന്റെ ഫലം.

No comments: