Saturday, November 6, 2010

അമേരിക്കയിലെ സ്ഥാപനത്തിനുവേണ്ടി ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍ വിവാദ സര്‍വ്വേ


അമേരിക്കയുടെ വിവാദ സര്‍വ്വേ രാജ്യത്ത് 20 സംസ്ഥാനങ്ങളില്‍ നടത്തിയതായി സൂചന. സര്‍വ്വേ നടത്തിയതിന്‍റെ തെളിവ് പൊലീസിന് ലഭിച്ചു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ നിലപാടുകള്‍ അമേരിക്കയിലെ ചില രാഷ്ട്രീയകാര്യ സ്ഥാപനങ്ങളെ അറിയിക്കുകയാണ് സര്‍വേയുടെ ഉദ്ദേശ്യമെന്നും ഇന്‍റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സര്‍വേയ്ക് ദേശീയമാനമുണ്ടെന്ന് വ്യക്തമായതോടെ കേന്ദ്ര ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

അമേരിക്കയിലെ 'പ്രിന്‍സസ്റ്റണ്‍ സര്‍വേ റിസര്‍ച്ച് അസോസിയേറ്റ്‌സ് ഇന്‍റര്‍നാഷണല്‍' എന്ന സ്ഥാപനത്തിനുവേണ്ടി ഡല്‍ഹിയിലെ ടി.എന്‍.എസ് എന്ന പേരിലുള്ള ഏജന്‍സി ആയിരുന്നു തിരുവനന്തപുരത്ത് മുസ്ലീംഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് സര്‍വ്വേ നടത്തിയത്. മാര്‍ക്കറ്റിംഗ് സര്‍വ്വേ എന്നായിരുന്നു സര്‍വ്വേ നടത്തിയവര്‍ പറഞ്ഞിരുന്നതെങ്കിലും ചോദ്യങ്ങളില്‍ പന്തികേട് തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 153 (ബി) പ്രകാരം ടി എന്‍ എസ് എന്ന പേരിലുള്ള കമ്പനിക്കെതിരെ പൊലീസ് കേസ് എടുത്തു.

തിരുവനന്തപുരം നഗരത്തിലെ കരിമഠം കോളനിയില്‍ ഒക്ടോബര്‍ രണ്ടിനാണ് അഞ്ചുപേരടങ്ങുന്ന സംഘം സര്‍വേ നടത്തിയത്. കഴിഞ്ഞമാസമായിരുന്നു തിരുവനന്തപുരം ജില്ലയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് സര്‍വേ നടന്നത്. കേന്ദ്ര ഏജന്‍സികള്‍ ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാനം ശുപാര്‍ശ ചെയ്തിട്ടുണ്ട്. രാജ്യത്ത് മതസ്പര്‍ദ്ധ വളര്‍ത്തുന്നതും ദേശിയത തളര്‍ത്തുന്നതുമാണ് സര്‍വേ എന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ നിഗമനം.

83
പേജ് വരുന്ന ചോദ്യാവലിയായിരുന്നു സര്‍വേക്കായി ഉപയോഗിച്ചിരുന്നത്. ഒരാളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് 30 രൂപയാണ് ലഭിക്കുക. ആദ്യം മാര്‍ക്കറ്റിംഗ് സര്‍വേ എന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും പിന്നീട് മതസ്പര്‍ദ്ധ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ കണ്ടപ്പോള്‍ സര്‍വേയ്ക്കെത്തിയവരെ നാട്ടുകാര്‍ തടയുകയായിരുന്നു.

'
ഒസാമ ബിന്‍ ലാദനെ ഇഷ്ടപ്പെടുന്നുണ്ടോ?', ബുര്‍ഖ ധരിക്കാറുണ്ടോ?', ഭരണകൂടത്തോടുള്ള വിശ്വാസ്യത എത്രത്തോളം ഉണ്ട്? സിവില്‍ മിലിറ്ററി വിഭാഗങ്ങള്‍ തമ്മിലുള്ള വ്യത്യാസം എത്രത്തോളം? അമേരിക്കന്‍ - ഇസ്രയേല്‍ നിലപാടുകളോടുള്ള കൂറ് എന്നിവയൊക്കെയാണ് സര്‍വേയിലെ ചോദ്യങ്ങള്‍.

Friday, November 5, 2010

ലോട്ടറിക്കേസിലെ കേന്ദ്ര നിലപാട്; കോണ്‍ഗ്രസ് സമ്മര്‍ദത്തില്‍


ലോട്ടറിക്കേസിന് വീണ്ടും സജീവത കൈവന്നതോടെ കോണ്‍ഗ്രസും യു.ഡി.എഫും സമ്മര്‍ദത്തില്‍. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്രം സ്വീകരിക്കുന്ന നിലപാട് എന്താകുമെന്ന ആശങ്കയാണ് മുന്നണിക്കും പാര്‍ട്ടിക്കും.


കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ മാര്‍ട്ടിനും കൂട്ടരും ചരടുവലികള്‍ നടത്തുന്ന സാഹചര്യത്തില്‍ മുഖം നഷ്ടപ്പെടുത്തുന്ന തീരുമാനമാകുമോ കേന്ദ്രത്തിന്റെതെന്ന പേടി നേതൃത്വത്തിനുണ്ട്. മാര്‍ട്ടിനുവേണ്ടി കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി ഹൈകോടതിയില്‍ ഹാജരായ നടപടി ഏല്‍പ്പിച്ച ആഘാതം മറികടക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ഏറെ പണിപ്പെടേണ്ടിവന്നിരുന്നു.

പേപ്പര്‍ ലോട്ടറി നികുതി നിയമത്തില്‍ ഭേദഗതി  കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിലെ നാലാം വകുപ്പ് പാലിക്കുന്ന ലോട്ടറികളില്‍നിന്ന് മാത്രമേ മുന്‍കൂര്‍ നികുതി ഈടാക്കൂവെന്നതാണ് പ്രധാന ഭേദഗതി. ഇതോടൊപ്പം നികുതി നിരക്കില്‍ ഗണ്യമായ വര്‍ധനയും വരുത്തി. ലോട്ടറിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറാണ് നിയമനിര്‍മാണങ്ങള്‍ നടത്തേണ്ടതെന്നും സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ കേന്ദ്രത്തിന്റെ അധികാരങ്ങള്‍ കവരുകയാണ് ചെയ്തതെന്നുമാണ് ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് സമര്‍പ്പിച്ച ഹരജിയിലെ മുഖ്യവാദം. ഇന്ത്യയും ഭൂട്ടാനും തമ്മിലെ വ്യാപാര ഉടമ്പടിക്ക് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാറിന്റെ നടപടിയെന്നും ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രത്തിന്റെ നിഷ്‌ക്രിയത്വമാണ് ലോട്ടറി നിയമം ലംഘിക്കുന്നതിന് സഹായകമാകുന്നതെന്ന് ആരോപിച്ചു. മേഘയുടെ ഹരജി തീര്‍പ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് സുപ്രധാനമാണെന്ന വാദവുമുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം നിര്‍ണായകമാണ്.

ലോട്ടറി കാര്യത്തില്‍ സൂക്ഷ്മതയോടുള്ള സമീപനം വേണമെന്ന ആവശ്യം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രി മുമ്പാകെ ഉന്നയിച്ചു. എന്നാല്‍, മന്ത്രാലയങ്ങളുടെ തീരുമാനം പലപ്പോഴും ഉദ്യോഗസ്ഥ തലത്തിലാണ് ഉണ്ടാകുന്നത് എന്നതിനാല്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്ന രീതിയില്‍ സമീപനം കേന്ദ്രത്തില്‍നിന്ന് വരുമോ എന്ന് സംശയമാണ്. ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നു.

അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ പിന്തുണക്കാമെന്ന് യു.ഡി.എഫ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ഇക്കാര്യത്തില്‍ തുറന്ന കത്തും എഴുതി. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നടപടിയെ പിന്തുണക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറായില്ലെങ്കില്‍ രാഷ്ട്രീയമായി വന്‍ തിരിച്ചടിയാകും കോണ്‍ഗ്രസിനും യു.ഡി.എഫിനും.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കേ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ഇടതുപക്ഷത്തിന് സാഹചര്യം ഒരുക്കുന്ന തീരുമാനം ഉണ്ടാകുന്നത് ആത്മഹത്യാപരമാണെന്ന തിരിച്ചറിവും കോണ്‍ഗ്രസിനുണ്ട്

Thursday, November 4, 2010

ഇന്ത്യയുടെ ആവശ്യങ്ങള്‍ അവഗണിച്ച് ഒബാമ


യു എന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗത്വം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള ആവശ്യങ്ങള്‍ക്ക് അനുകൂലമായ നിലപാടുകളില്ലാതെയാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യയിലെ ത്രിദിന സന്ദര്‍ശനത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് സുരക്ഷാ സമിതിയിലെ അംഗത്വവും പുറംജോലി കരാറിലെ നിലപാടുകളിലെ മാറ്റവും ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ പ്രധാന ആവശ്യങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാതെ ഒബാമ പ്രതികരിച്ചത്.

ഇന്ത്യയുടെ പ്രാധാന്യം മനസിലാക്കിയതുകൊണ്ട് ഏഷ്യന്‍ പര്യടനത്തിലെ ആദ്യ രാജ്യമായി ഇന്ത്യയെ തിരഞ്ഞെടുത്തതെന്നാണ് ഒബാമ പറഞ്ഞത്. ഇന്ത്യയുടെ ഐക്യരാഷ്ട്ര രക്ഷാ സമിതിയിലെ സ്ഥിരാംഗത്വ പ്രശ്‌നം ബുദ്ധിമുട്ടേറിയ ഒന്നാണെന്നാണ് ഒബാമയുടെ നിലപാട്. വളരെ ദുഷ്‌കരവും സങ്കീര്‍ണവുമായ ഒന്ന് എന്നാണ് ഇന്ത്യയുടെ രക്ഷാ സമിതിയിലെ സ്ഥിരാംഗത്വ ആവശ്യത്തെ ഒബാമ വിശേഷിപ്പിച്ചത്. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നത് ദുഷ്‌കരമാണെന്നാണ് ഒബാമ വ്യക്തമാക്കിയത്. ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ കയറ്റുമതി നിയന്ത്രണങ്ങളെക്കുറിച്ച് ചര്‍ച്ച നടത്താമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സെക്രട്ടറി നിരുപമ റാവു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പ്രതീക്ഷകള്‍ അസ്ഥാനത്താകുമെന്നതിന്റെ സൂചനകളാണ് ഒബാമ നല്‍കുന്നത്. ഇന്ത്യന്‍ കമ്പനികള്‍ക്ക് പുറംജോലി കരാറുകള്‍ കൂടുതലായി നല്‍കുന്നതിന് എതിരായുള്ള ഒബാമയുടെ നിലപാടിലും മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തിയാല്‍ അത് രാജ്യ താലപര്യത്തെ ഹനിക്കുമെന്നാണ് ഒബാമ സൂചിപ്പിച്ചത്.

മുംബൈ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഫലപ്രദമായ സഹകരണം നല്‍കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ല എന്ന ഇന്ത്യയുടെ നിലപാടുകള്‍ക്കും അനുകൂലമായ രീതിയിലല്ല ഒബാമ സംസാരിച്ചത്ആണവ ബാധ്യതാ കരാറില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ഏര്‍പ്പെടുത്തിയ ചില നിബന്ധനകള്‍ക്കെതിരെ അമേരിക്കന്‍ കമ്പനികള്‍ നടത്തുന്ന സമ്മര്‍ദത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കാനും ശ്രമമുണ്ടാകുമെന്ന സൂചനയും ഒബാമ നല്‍കുന്നുണ്ട്. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തോട് തികഞ്ഞ ബഹുമാനമുണ്ട്്. പക്ഷേ, അന്താരാഷ്ട്ര - ദേശീയ തലത്തിലുള്ള ആണവ ദാതാക്കളുടെ താല്‍പര്യം സംരക്ഷിച്ചാലേ ഇന്ത്യയുടെ ആണവോര്‍ജ സ്വപ്‌നങ്ങള്‍ സഫലമാകൂ എന്നാണ് ഒബാമ പറഞ്ഞത്.

janayugom 041110