Thursday, January 13, 2011

പൊട്ടിച്ചെറിയേണ്ട ചുവപ്പുനാട.1

പിണറായി വിജയന്‍


(എ കെ ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച അന്താരാഷ്ട്ര കേരള പഠനകോഗ്രസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ സമാപനപ്രസംഗം വികസനം സംബന്ധിച്ച സുപ്രധാനമായ നിര്‍ദേശങ്ങളടങ്ങിയതും ഭരണപരിഷ്കരണ നടപടികളുടെ ആവശ്യകതയില്‍ ഊന്നുന്നതുമായിരുന്നു. സിവില്‍സര്‍വീസ് പൊളിച്ചെഴുതുക, സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്ന സേവനം കിട്ടുക, നാടിന്റെ വികസനത്തിന് ചുവപ്പ് നാടയുടെ കുരുക്കുകള്‍ ഇല്ലാതാക്കുക, നാടിന് ദോഷമില്ലാത്ത വികസനകാര്യങ്ങളില്‍ എല്ലാവരും യോജിക്കുക, കരാര്‍ പണിക്ക് ടെന്‍ഡര്‍ കിട്ടാത്ത കമ്പനികളുടെ കുതന്ത്രങ്ങളില്‍ രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും കുരുങ്ങാതിരിക്കുക- തുടങ്ങിയ അഭിപ്രായങ്ങള്‍ പിണറായി അവതരിപ്പിച്ചു. ഭരണ-രാഷ്ട്രീയ-സര്‍വീസ് ബഹുജനസംഘടനാതലങ്ങളില്‍ യുക്തിഭദ്രമായ ചിന്തയ്ക്കു വഴിതെളിക്കേണ്ട ആ നിര്‍ദേശങ്ങള്‍ ചര്‍ച്ചയ്ക്കും സംവാദത്തിനുമായി ഇവിടെ പ്രസിദ്ധീകരിക്കുന്നു) 
 
കേരള പഠനകോണ്‍ഗ്രസ് സംസ്ഥാനവികസനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നായി മാറി. ഇന്നത്തെ കേരളം വാര്‍ത്തെടുക്കുന്നതിനിടയാക്കിയ ഒരുപാട് ചരിത്രഘടകങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഒന്നായി ഈ കേരള പഠനകോഗ്രസിനെയും ഭാവിചരിത്രം രേഖപ്പെടുത്തും. ഒന്നാമത്തെ പഠനകോഗ്രസ് 1994ല്‍ സ. ഇ എം എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചപ്പോള്‍ പൊതുസമൂഹത്തില്‍ അതിന് വലിയ തോതിലുള്ള അംഗീകാരമാണ് ലഭിച്ചത്. അതിന്റെ തീരുമാനങ്ങള്‍, നിര്‍ദേശങ്ങള്‍ പൊതുവെ നല്ല രീതിയില്‍ സ്വീകരിക്കപ്പെടുകയുംചെയ്തു. ഇപ്പോള്‍ മൂന്നാം പഠനകോഗ്രസ് വിവിധ വിഷയങ്ങള്‍ സമഗ്രമായി വിശകലനംചെയ്തു. അതു മൂര്‍ത്തമായ രൂപത്തില്‍ കേരള സമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇവിടെ നിലനില്‍ക്കുന്ന സാമൂഹ്യനീതിയാണ്. ആ സാമൂഹ്യനീതിക്ക് പ്രാധാന്യം കൊടുത്ത് കേരളത്തിന്റെ വികസനം ഉറപ്പുവരുത്താന്‍ കഴിഞ്ഞതുകൊണ്ടാണ്, കേരളത്തെ വലിയ പ്രത്യേകതയോടെ മറ്റുള്ളവര്‍ നോക്കിക്കാണുന്നത്. ഇതില്‍ ഗവമെന്റുകളുടെ ചരിത്രമെടുത്താല്‍, കേരളം രൂപംകൊണ്ടതിനുശേഷം അധികാരത്തില്‍ വന്ന ആദ്യത്തെ ഗവമെന്റ്, ഇ എം എസ് നേതൃത്വം വഹിച്ച ഗവമെന്റാണ് ഇതിനെല്ലാം അടിത്തറയിട്ടത്. ആ അടിത്തറയിലാണ് കേരളം ഇന്നത്തെ നിലയിലേക്ക് വളര്‍ന്നുവന്നത്. ഈ അടിത്തറ ദുര്‍ബലമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പല ഘട്ടങ്ങളിലായി നമ്മുടെ കേരളത്തില്‍ നടന്നിട്ടുണ്ട്. അവിടെയാണ് കേരളവികസനത്തിനൊരു തുടര്‍ച്ചയില്ല എന്നു കാണാന്‍ കഴിയുന്നത്. '57ല്‍ ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഗവമെന്റ് അധികാരത്തില്‍ വന്നു. '59ല്‍ ആ ഗവമെന്റ് അട്ടിമറിക്കപ്പെട്ടു. പിന്നീട്, '67ലാണ് ഒരു ഗവമെന്റ് അധികാരത്തില്‍ വരുന്നത്. ഇങ്ങനെയുള്ള ഇടവേളകള്‍, അത് നമ്മുടെ നാടിനെ പിറകോട്ടടിപ്പിക്കാന്‍ വലിയ ശ്രമം നടന്ന ഇടവേളകളാണ്. ഇടതുപക്ഷം നേതൃത്വം കൊടുക്കുന്ന ഘട്ടത്തില്‍, സമൂഹത്തെ മുന്നോട്ടു നയിക്കാനുള്ള നടപടികള്‍ സ്വീകരിച്ചെങ്കില്‍, കേരളത്തിലെ വലതുപക്ഷത്തിന് മുന്‍കൈ കിട്ടിയ എല്ലാ ഘട്ടങ്ങളിലും സമൂഹത്തെ പിറകോട്ടടിപ്പിക്കാനുള്ള വലിയ ശ്രമങ്ങള്‍ നടന്നു. പഴയ എല്ലാ കാര്യങ്ങളിലേക്കും വിശദമായി പോകുന്നില്ല. കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തില്‍ യുഡിഎഫിന്റെ ഗവമെന്റുകള്‍ മൂന്നുതവണ അധികാരത്തില്‍ വന്നു. അതായത്, കേരളത്തിലെ വലതുപക്ഷത്തിന് മൂന്നുതവണ അധികാരം നിയന്ത്രിക്കാന്‍ കഴിഞ്ഞു. ഒന്ന്, 82-87, രണ്ടാമത്തേത് 91-96, മൂന്നാമത്തേത് 2001-06. ഈ ഓരോ ഘട്ടത്തിലും അതിനുമുമ്പു അധികാരത്തിലുണ്ടായിരുന്ന ഇടതുപക്ഷനേതൃഗവമെന്റിന്റെ നേട്ടങ്ങള്‍ തുടരാനല്ല ശ്രമിച്ചത്. അതിനാല്‍, നമ്മുടെ വികസനത്തിന് തുടര്‍ച്ചയുണ്ടായില്ല. വന്‍തോതിലുള്ള തിരിച്ചടി സംഭവിച്ചു. അതുകൊണ്ടാണ് പൊതുവില്‍ ആഗ്രഹിക്കുന്ന തരത്തിലേക്ക് കേരളം ഉയര്‍ന്നുവരാതിരുന്നത്. വലതുപക്ഷം ആഗ്രഹിക്കുന്ന രീതിയില്‍ നമ്മുടെ സംസ്ഥാനത്തെ, അവര്‍ ഉദ്ദേശിച്ചിടത്ത് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. എല്ലാഘട്ടത്തിലും ഇത്തരം ഗവമെന്റുകള്‍ അതിനായി ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. എല്ലാ മര്‍ദനസംവിധാനങ്ങളും ഉപയോഗിച്ചിരുന്നു. പക്ഷേ, ഇഞ്ചിനിഞ്ചിനുള്ള ചെറുത്തുനില്‍പ്പ് കേരളത്തില്‍ ഉയര്‍ന്നുവന്നിരുന്നു. നിരവധി ആളുകള്‍ കഠിനമായ പീഡനത്തിരയായി. വിദ്യാര്‍ഥികള്‍, യുവാക്കള്‍, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍, എല്ലാം കഠിനമായി പീഡിപ്പിക്കപ്പെട്ടിരുന്നു. പക്ഷേ, നമ്മുടെ സമൂഹം പിറകോട്ടുപോയില്ല. എല്ലാ മര്‍ദനസംവിധാനത്തെയും ചെറുത്തുകൊണ്ടുതന്നെ ഇതു സമ്മതിക്കില്ല എന്ന വാശിയോടെ ഉറച്ചുനിന്നു. രക്തം വാര്‍ന്നൊലിക്കുന്ന കുട്ടികളുടെ പടങ്ങള്‍, ഭീകരമായ ലാത്തിച്ചാര്‍ജുകള്‍ നടന്ന സന്ദര്‍ഭങ്ങള്‍, വെടിവയ്പുകള്‍ നടന്ന ഘട്ടങ്ങള്‍, ഇതെല്ലാം കടന്നുവന്നിട്ടുണ്ട്. അനേകായിരങ്ങളുടെ പേരില്‍ കേസും അറസ്റും ജയിലിലടയ്ക്കലും എല്ലാം ഈ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള ഇടപെടലുകളുടെ ഫലമായിട്ടാണ് ആ ഗവമെന്റുകള്‍ ആഗ്രഹിച്ച തരത്തില്‍ നമ്മുടെ നാടിനെ തകര്‍ക്കാന്‍ കഴിയാതിരുന്നത്. പിന്നീട് ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ വന്നിട്ടുള്ള ഗവമെന്റുകള്‍ ആദ്യസമയം ചെലവഴിക്കുന്നത് കഴിഞ്ഞ ഗവമെന്റ് ഉണ്ടാക്കിയിട്ടുള്ള പരിക്ക് ഇല്ലാതാക്കാനാണ്. ഇങ്ങനെ ഓരോ ഘട്ടത്തിലും ഇടതുപക്ഷ ഗവമെന്റുകള്‍ക്ക് പഴയതിന്റെ നേരെ തുടര്‍ച്ചയിലേക്കു പോകാനല്ല, തകര്‍ത്ത സമൂഹത്തെ പുനരുദ്ധരിക്കാന്‍വേണ്ടി നല്ലൊരു സമയം മാറ്റിവയ്ക്കേണ്ടിവന്നു. അതുകൊണ്ട് ഇവിടെ വികസനരംഗത്ത് തുടര്‍ച്ച വേണം എന്നു പൊതുവില്‍ നമ്മുടെ സമൂഹം ചിന്തിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. നേട്ടങ്ങള്‍ നിലനില്‍ക്കണമെങ്കിലും കൂടുതല്‍ നേട്ടങ്ങളിലേക്കു പോകാന്‍ കഴിയണമെങ്കിലും ഇടതുപക്ഷജനാധിപത്യമുന്നണിയുടെ തുടര്‍ഭരണം ഇവിടെ ഉണ്ടാകണം. അല്ലെങ്കില്‍, ഓരോ ഘട്ടത്തിലുമുണ്ടായതുപോലെ ഈ നേട്ടങ്ങള്‍ തകര്‍ക്കുന്ന നടപടികളാണ് വരിക. നാടിന്റെ നേട്ടം, സമൂഹത്തിന്റെ പുരോഗതി, അതിനെക്കുറിച്ചൊക്കെ ഒരുപാടുകാര്യങ്ങള്‍ പറയാനുണ്ടാകും. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായൊക്കെ താരതമ്യപ്പെടുത്തിയാല്‍ സമാനതകളില്ലാതെ പുരോഗതി പ്രാപിച്ച മേഖലകള്‍ കാണാം. എന്നാല്‍, നമ്മുടെ എല്ലാ മേഖലയിലും അങ്ങനെയാണോ? സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട മേഖലകളില്‍ നല്ല പുരോഗതി ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പൊതുവില്‍ ഭരണരംഗത്ത് സ്വീകരിച്ച നടപടികളുടെ ഭാഗമായി ഒട്ടേറെ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ, എന്താണ് നമ്മുടെ ഭരണസംവിധാനം? ഭരണസംവിധാനമെന്നു പറയുന്നത് മന്ത്രിസഭ മാത്രമല്ലല്ലോ. മന്ത്രിസഭമുതല്‍ താഴെയുള്ള വില്ലേജ് ഓഫീസുവരെ ഈ ഭരണസംവിധാനത്തില്‍ പെടുമല്ലോ. നമ്മുടെ സമൂഹം നല്ല രീതിയില്‍ പുരോഗതിയാര്‍ജിച്ചിട്ടുണ്ട് എന്നുള്ളത് ശരിയാണ്. പക്ഷേ, ഈ ഭരണസംവിധാനവുമായി ബന്ധപ്പെടുന്നവര്‍ക്ക് ആ പുരോഗതി നേരിട്ട് അനുഭവപ്പെടുന്നുണ്ടോ? അല്ലെങ്കില്‍ അനുഭവവേദ്യമാകുമാറുള്ള ഒരു പുരോഗതി നമ്മുടെ സിവില്‍സര്‍വീസില്‍ ഉണ്ടായിട്ടുണ്ടോ? മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സമൂഹം ആഗ്രഹിക്കുന്ന സേവനം ലഭിക്കുന്നുണ്ടോ? എല്ലാവരെയും അടച്ചാക്ഷേപിക്കാന്‍ പാടില്ല. പക്ഷേ, ജനങ്ങള്‍ക്ക് തൃപ്തികരമായ സേവനം കിട്ടുന്നില്ല എന്നത് യാഥാര്‍ഥ്യമാണല്ലോ. കേരളത്തിലെ വിവിധ ഓഫീസുകളില്‍ ബന്ധപ്പെടേണ്ടിവരുന്ന പതിനായിരക്കണക്കിനാളുകള്‍; എന്താണവരുടെ അനുഭവം? എത്രമാത്രം നമുക്ക് മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്? നമ്മള്‍ ഭരണപരിഷ്കാരത്തെക്കുറിച്ച് പല ഘട്ടങ്ങളിലായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഭരണപരിഷ്കാര കമീഷനുകളുണ്ടായിട്ടുണ്ട്. അതിന്റെ ചരിത്രമൊക്കെ നല്ല ആവേശപൂര്‍വം പറയാന്‍ നമുക്ക് സാധിക്കും. പക്ഷേ, മറ്റു രംഗങ്ങളിലുണ്ടായതുപോലുള്ള നേട്ടം ഈ രംഗത്ത് ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്നുള്ള സ്വയംവിമര്‍ശനം അതികഠിനമായി നടത്തേണ്ട കാലമെത്തിക്കഴിഞ്ഞു. ഏതൊരു ഓഫീസിലും ബന്ധപ്പെടുന്ന ഒരു സാധാരണക്കാരന് അല്ലെങ്കില്‍ ഒരു സാധാരണക്കാരിക്ക്, ആ ഓഫീസില്‍നിന്ന് സംതൃപ്തമായി തിരിച്ചുവരാന്‍ കഴിയുമോ? പല ഓഫീസാകാം. സാധാരണ നമ്മുടെ പഞ്ചായത്താണല്ലോ ഏറ്റവും അടിയിലുള്ള ജനകീയസ്ഥാപനം. പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് മെമ്പര്‍മാര്‍ എല്ലാം നല്ല ജനകീയബന്ധമുള്ളവരാണ്; ജനകീയ അംഗീകാരമുള്ളവരാണ്. ആര്‍ക്കും അവരെക്കുറിച്ച് പരാതിയില്ല. ഒരുപാടുകാലം ജനങ്ങളോടൊപ്പംനിന്ന് അവരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് അടിയും കേസും ജയിലും എല്ലാം അനുഭവിക്കേണ്ടിവന്നവരുമായിരിക്കും. ആ പഞ്ചായത്തോഫീസില്‍ നാട്ടുകാര്‍ ചെല്ലുമ്പോള്‍ അവര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന കാര്യം എന്താണ്? എന്തുകൊണ്ടാണ് അങ്ങനെയൊരു അവസ്ഥ വരുന്നത്? കോര്‍പറേഷന്‍, മുനിസിപ്പാലിറ്റിയൊക്കെ നഗരപ്രദേശങ്ങളാണ്. പണ്ടുപണ്ടേ ചില അവകാശങ്ങള്‍ ഞങ്ങള്‍ക്കുണ്ട് എന്നു ധരിക്കുന്നവരാണ് അവിടെ. ഈ ഓഫീസുകളില്‍ ചെല്ലുന്ന, ഒരു സാധാരണക്കാരന്‍ എന്തു മനോഭാവത്തോടെയാണ് തിരിച്ചുവരുന്നത്. നല്ല ഉത്തമനായ പൊതുപ്രവര്‍ത്തകനായിരിക്കും അവിടെ മേയറായോ, മുനിസിപ്പല്‍ ചെയര്‍മാനായോ ഒക്കെ ഇരിക്കുന്നത്. പക്ഷെ, എന്തു മനോഭാവത്തോടെയാണ് ഈ ചെന്നയാള്‍ തിരിച്ചുവരുന്നത്. എന്താണ് നമ്മുടെ മറ്റു ഓഫീസുകളുടെ സ്ഥിതി? സര്‍ക്കാര്‍ ഓഫീസുകളുടെ സ്ഥിതി? നമ്മള്‍ ചിലതിനൊക്കെ പേരിട്ടിട്ടുണ്ട്. ചുവപ്പുനാട! എത്രകാലമാണ് ഈ ചുവപ്പുനാടയുംകൊണ്ട് നടക്കുക? ഏതെങ്കിലും ഒരു പ്രശ്നം, വളരെ നിസ്സാരമായ പ്രശ്നമെടുത്തോളിന്‍. എല്ലാതരത്തിലും അംഗീകരിച്ചുകൊടുക്കേണ്ടുന്ന ഒരു കാര്യം. അതിനായി ഒരു ഗവമെന്റ് ഓഫീസിലേക്കു ചെല്ലുന്നു. അതിന്റെ മെറിറ്റ് അനുസരിച്ച് തീരുമാനമെടുത്തു കൊടുക്കുമോ? എത്ര നടത്തം നടക്കേണ്ടിവരും? എത്രതവണ ചെല്ലേണ്ടിവരും? എത്രതവണ ചെന്നാലും അതിന്റെ ചില മാമൂലുകള്‍ അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയല്ലേ? അല്ലെങ്കില്‍, ഈ വളരെ നല്ല കാര്യത്തിനും ശുപാര്‍ശ വേണം. ഇതിനി കണ്ടില്ല എന്നു നടിച്ചു പോകാന്‍ നമുക്കു കഴിയില്ല. ഇതു ജനങ്ങള്‍ അതീവഗൌരവമായി കാണുന്ന പ്രശ്നമാണ്. മറ്റ് ഒരുപാട് നേട്ടങ്ങള്‍ നമ്മള്‍ ഉണ്ടാക്കുന്നുണ്ട്. ആ നേട്ടങ്ങളടക്കം തട്ടിത്തകരുന്ന ഒരു പാറയായി നില്‍ക്കുകയാണ്. ഇത് പൂര്‍ണമായും പൊളിച്ചെഴുതാന്‍ നമുക്ക് കഴിയേണ്ടതായിട്ടുണ്ട്. (തുടരും)

No comments: