Wednesday, January 12, 2011

കൊറിയന്‍ കരാര്‍ കുഴയുന്നു....

കൊറിയന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതിലൂടെ വിവാദമായ ഊര്‍ജ നവീകരണ പരിപാടി സംസ്ഥാനത്തിന് കനത്ത സാമ്പത്തികഭാരം ഏല്‍പിക്കും.
 
242 കോടിയുടെ കരാര്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയതിനെതിരെ കൊറിയന്‍ ഡാറ്റാ നെറ്റ്‌വര്‍ക്ക് ഹൈകോടതിയില്‍നിന്ന് രണ്ട് മാസത്തേക്ക് സ്‌റ്റേ സമ്പാദിച്ചു കഴിഞ്ഞു. സ്‌റ്റേ നീക്കാനുള്ള ഒരു നടപടിയും വൈദ്യുതി ബോര്‍ഡ് കൈക്കൊണ്ടിട്ടില്ല. ബോര്‍ഡിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ സ്‌റ്റേ ഹരജിയെ കാര്യമായി എതിര്‍ത്തതുമില്ല. കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ച് ജോലി ചെയ്യട്ടെ എന്ന നിലപാടിലാണത്രെ കെ.എസ്.ഇ.ബി.

സംസ്ഥാനത്തെ വൈദ്യുതി പ്രസരണ നഷ്ടം 25 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറക്കാനാണ് ഊര്‍ജ നവീകരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

ഇതിന്റെ ആദ്യഘട്ടം നടത്തേണ്ട ഐ.ടി പ്രവൃത്തികള്‍ക്ക് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ 214 കോടിയാണ് അനുവദിച്ചത്. അതിനൊപ്പം കെ.എസ്.ഇ.ബിയുടെ വിഹിതവും കൂടി ചേര്‍ത്താണ് കരാര്‍ 242 കോടിയായത്. പി.എഫ്.സിയില്‍ നിന്ന് ഒരുകൊല്ലം മുമ്പ് കെ.എസ്.ഇ.ബി പണം കൈപ്പറ്റിയിരുന്നു. കരാര്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ 18 മാസത്തിനുള്ളില്‍ വിജയകരമായി പദ്ധതി പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയില്ലെങ്കിലോ ലക്ഷ്യമിട്ടപോലെ വിജയകരമായില്ലെങ്കിലോ പി.എഫ്.സിക്ക് 11 ശതമാനം പലിശസഹിതം തുക തിരിച്ചടക്കണം. സമയബന്ധിതമായും വിജയകരമായും പൂര്‍ത്തിയാക്കിയാല്‍ മുഴുവന്‍ തുകയും ഗ്രാന്റായി പരിഗണിക്കും. മാത്രമല്ല, പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 600 കോടിയോളം രൂപ കേരളത്തിന് ലഭിക്കും. ഒന്നാംഘട്ടത്തില്‍ 10,000 കോടിയും രണ്ടാംഘട്ടത്തില്‍ 40,000 കോടിയുമാണ് പി.എഫ്.സി വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്നത്. കേരളത്തിന് വാങ്ങിയ തുക പലിശസഹിതം തിരിച്ചടക്കേണ്ടി വരുമെന്ന് ഉറപ്പായി കഴിഞ്ഞു. രണ്ടാംഘട്ടത്തില്‍ പണം ലഭിക്കുമെന്ന പ്രതീക്ഷയും വേണ്ട. ചുരുക്കത്തില്‍ ഊര്‍ജ നവീകരണ പരിപാടി അവതാളത്തിലായി കഴിഞ്ഞു.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എതിര്‍ത്തു എന്നതാണ് കരാര്‍ റദ്ദാക്കാന്‍ കാരണമായി കെ.എസ്.ഇ.ബിക്ക് പറയാനുള്ളത്. തീരുമാനം ബോര്‍ഡിന്‍േറതല്ല, സംസ്ഥാന സര്‍ക്കാറിന്‍േറതാണ്.
കോടതിയില്‍ നില നില്‍ക്കുന്നതല്ല ഈ വാദഗതി. കെ.ഡി.എന്നുമായി ഉണ്ടാക്കിയ വ്യവസ്ഥയില്‍ കരാര്‍ റദ്ദാക്കാന്‍ മൂന്ന് കാരണങ്ങള്‍ പറയുന്നുണ്ട്. അതില്‍ ഇങ്ങനെയൊന്നില്ല. കോടതിയില്‍ ജയിക്കാന്‍ കെ.ഡി.എന്നിനു അതുമാത്രം മതി.

ഇതിനകം 40 കോടിയുടെ പ്രവൃത്തി ചെയ്തതായാണ് കൊറിയന്‍ കമ്പനിവൃത്തങ്ങള്‍ പറയുന്നത്. കരാര്‍ റദ്ദാക്കുമ്പോള്‍ അതുവരെ ചെയ്ത പ്രവൃത്തിയുടെ ചെലവും നഷ്ടവും കെ.എസ്.ഇ.ബി വകവെച്ചുകൊടുക്കണം. ആര്‍ബിട്രേഷനിലൂടെ വന്‍ തുക കെ.ഡി.എന്നിന് നല്‍കേണ്ടി വരും. അത് പി.എഫ്.സി കൊടുക്കില്ല.

തമിഴ്‌നാട്, കര്‍ണാടക അടക്കം നിരവധി സംസ്ഥാനങ്ങളില്‍ ഊര്‍ജ നവീകരണ കരാറില്‍ പരാതി വന്നപ്പോള്‍ റദ്ദാക്കി റീ ടെന്‍ഡര്‍ ചെയ്തിരുന്നു. കോടികളുടെ കോഴ ഇടപാട് ഈ പദ്ധതിയില്‍ രാജ്യവ്യാപകമായി നടന്നതായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഒരു സംസ്ഥാനത്തും പക്ഷേ, കരാര്‍ അംഗീകരിച്ച് പ്രവൃത്തി ഏല്‍പിച്ചശേഷം റീ ടെന്‍ഡര്‍ ചെയ്തിട്ടില്ല. കേരളത്തില്‍ ടെണ്ടറില്‍ പരാജയപ്പെട്ട ചില കമ്പനികളാണ് പരാതിയുമായി ആദ്യമായി രംഗത്ത് വന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു വന്ന ഇത്തരം പരാതികള്‍ സ്വാഭാവികമായും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി. ഗൌരവമായ ആരോപണങ്ങള്‍ ഇതുവരെ സ്ഥാപിക്കാന്‍ പരാതിക്കാര്‍ക്കോ, പ്രതിപക്ഷത്തിനോ, മാധ്യമങ്ങല്‍ക്കോ കഴിഞ്ഞിട്ടില്ല.
 
കേരളത്തിന് പുറമെ ഹരിയാന, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ മാത്രമാണ് ഊര്‍ജ നവീകരണ പരിപാടി തടസ്സപ്പെട്ട് കിടക്കുന്നത്.

No comments: