Dool News
ആഫ്രിക്കയുടെ ഏറ്റവും വടക്കേ അറ്റത്തുള്ള ടുണീഷ്യയില്‍ ഉണ്ടായ ചെറിയൊരു ചലനം ലോകത്തെതന്നെ സ്വാധീനിച്ചിരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ടുണീഷ്യയില്‍ ഈയിടെ നടന്ന ജാസ്മിന്‍ റവല്യൂഷന്‍ എന്ന് ഓമനപ്പേരിട്ടു വിളിച്ച പ്രതിഷേധ സമരം വന്‍മാറ്റങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. കാലാകാലങ്ങളായി നിലനിന്നിരുന്ന നീച ഭരണ വ്യവസ്ഥിതിയുടെ അടിമകളായി കഴിയേണ്ടിവന്ന ചില രാജ്യങ്ങളില്‍ ഒരു ടുണീഷ്യന്‍ ഇഫക്ട് തന്നെയാണ് ഉണ്ടായിരിക്കുന്നത്.
പതിറ്റാണ്ടുകളായി തങ്ങളുടെ രാജ്യത്തെയും ശബ്ദത്തെയും എന്തിന് ശ്വാസത്തെപ്പോലും അടക്കിവാണുകൊണ്ടിരുന്ന പ്രസിഡന്റ് സൈന്‍ എല്‍ അബിദിന്‍ ബെന്‍ അലിയ്‌ക്കെതിരെയുള്ള ടുണീഷ്യക്കാരുടെ ദേഷ്യം പുകയാന്‍ തുടങ്ങിയിട്ട് കുറേയായിക്കാണും. എന്നാല്‍ അത് കത്തിത്തുടങ്ങിയത് ആഴ്ചകള്‍ക്കുമുമ്പാണ്. 1987മുതല്‍ ടുണീഷ്യ ബെന്‍ അലിക്ക് തറവാട്ട് സ്വത്ത് പോലെയായിരുന്നു. ജനങ്ങള്‍ പൊട്ടിത്തെറിക്കുന്നത് കണ്ട് ഗത്യന്തരമില്ലാതെ ഓടിയൊളിക്കുന്നതുവരെ ടുണീഷ്യന്‍ ജനതക്ക് അതുവരെ അടക്കിവാണിരുന്ന ബെന്‍ അലിയെ സഹിക്കേണ്ടിയും വന്നു.
ആ ഏകാധിപതിയുടെ തകര്‍ച്ചയ്ക്ക് ശേഷം ടുണീഷ്യ മാറുന്നതാണ് നാം കണ്ടത്. പ്രധാനമന്ത്രി മുഹമ്മദ് ഗനൗഷി ഇവിടെ അടുത്തുതന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ടുണീഷ്യയിലെ ജനമുന്നേറ്റം വര്‍ഷങ്ങളായി അടിമത്തം അനുഭവിച്ചുകൊണ്ടിരിക്കുന്ന പല രാജ്യങ്ങള്‍ക്കും പ്രചോദനമാകുമെന്ന് അന്നേ പലരും കണക്കുകൂട്ടിയിരുന്നു. ആ കണക്കുകൂട്ടലുകള്‍ ഏതായാലും പിഴച്ചില്ല.
ടുണീഷ്യന്‍ വിപ്ലവം പുരോഗമിച്ചുകൊണ്ടിരിക്കെ തന്നെയാണ് വടക്കേ ആഫ്രിക്കയിലെ തന്നെ രാജ്യമായ ഈജിപ്തിലും ജനകീയ മുന്നേറ്റം തുടങ്ങിയത്. അതും പ്രസിഡന്റിന്റെ ഏകാധിപത്യത്തിനെതിരെ തന്നെ.അരനൂറ്റാണ്ടുമുന്‍പ് പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസറിന്റെ കാലത്ത് ഈജിപ്തിനെ അറബ് ലോകത്തിന്റെ നായക പദവിയിലെത്തിക്കുകയും ചെയ്തു. പക്ഷേ ആ നഷ്ടപ്രതാപത്തിന്റെ ഓര്‍മ്മ മാത്രം ഇന്ന് നിലനില്‍ക്കുന്നു. അബ്ദുല്‍നാസറിന്റെ പിന്‍ഗാമിയായ അന്‍വര്‍ സാദത്ത് വധിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റായിരുന്ന മുബാറക്ക് ഭരണം ഏറ്റെടുക്കുകയായിരുന്നു. സ്വന്തം അധികാരം നില്‍നിര്‍ത്തുന്നതിന് മാത്രമാണ് മുബാറക് മുന്‍ഗണന നല്‍കിയതും.
അഞ്ചുതവണ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച മുബാറക് നാലു തവണയും പ്രസിഡന്റായത് ജനഹിത പരിശോധനയിലൂടെയായിരുന്നു. ഒരു തവണ തിരഞ്ഞെടുപ്പും നടന്നു. അന്ന് മുബാറക്കിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായ മത്സരിച്ചയാളെ പിന്നീട് കള്ളക്കേസില്‍ ജയിലടക്കുകയായിരുന്നു.
പുതിയ പ്രസിഡന്റ് തിരിഞ്ഞെടുപ്പ് ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കാനിരിക്കെയാണ് ഈജിപ്ത് പെട്ടെന്ന് ഇളകി മറിയാന്‍ തുടങ്ങിയിരിക്കുന്നത്. ഇനിയും ഒരാറ് വര്‍ഷം കൂടി മുബാറക് ഭരണം, അല്ലെങ്കില്‍ പ്രസിഡന്റിന്റെ പദം പുത്രനിലേക്ക്- ഈയൊരു പ്രതിസന്ധിയാണ് സമീപകാലത്തായി ഈജിപ്തിലെ ജനങ്ങളുടെ മുന്നില്‍ ഉരിത്തിരിഞ്ഞു വന്നുകൊണ്ടിരിക്കുന്നത്. ഈജിപ്തില്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പും ജനങ്ങള്‍ക്ക് ഒരു പാഠമായിരുന്നു.
ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ഈ എതിര്‍പ്പിനെ അവഗണിച്ച് അതിനെ തന്റെ കൈയിലുള്ള അധികാരത്തിന്റെ ചെങ്കോല്‍ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക് നടത്തുന്നത്. ഇത് എത്രത്തോളം വിജയിക്കുമെന്നത് കാത്തിരുന്നു കാണാം. ടുണീഷ്യന്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ പട്ടാളം വിസമ്മതിച്ചതുപോലെ ഇവിടെയും നടന്നുകൂടായ്കയില്ല.
ആഫ്രിക്കയിലുണ്ടായ ഈ മുന്നേറ്റം ഏഷ്യയിലേക്ക് പടര്‍ന്നു പിടിച്ചിരിക്കുകയാണ്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും ദരിദ്രരാജ്യമാണ് യമന്‍. ജനസംഖ്യയില്‍ മൂന്നിലൊന്നും 24വയസ്സിന് താഴെയുള്ളവരാണിവിടെ. വേണ്ടത്ര വിദ്യാഭ്യാസം ലഭ്യമല്ല, തൊഴിലില്ലായ്മയാണെങ്കില്‍ രൂക്ഷം. ഇതിനൊക്കെ പുറമേ ജലദൗര്‍ലഭ്യവും. ഈ സാഹചര്യത്തിലാണ് ഇവിടുത്തെ ജനങ്ങളും സര്‍ക്കാരിനെതിരെ തിരിയുന്നത്.
30 വര്‍ഷമായി തങ്ങളെ അടക്കിവാണുകൊണ്ടിരിക്കുന്ന പ്രസിഡന്റ് അലി അബ്ദുള്ള സാലി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടാണ് ഇവിടെ പ്രക്ഷോഭം തുടങ്ങിയത്. യെമനിലെ പ്രതിപക്ഷനേതാക്കളും യുവാക്കളും ഇതിനെതിരെ ഒറ്റക്കെട്ടായി രംഗത്തുവന്നിരിക്കുകയാണ്. തലസ്ഥാനമായ സാനായിലാണ് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഇളകിയിരിക്കുന്നത്. അഴിമതി അവസാനിപ്പിക്കാനും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനും അവര്‍ ആവശ്യപ്പെടുന്നു.
ടുണീഷ്യയില്‍ ഉണ്ടായ ജനകീയമുന്നേറ്റം ഇനിയും പല രാജ്യങ്ങളിലും വ്യാപിക്കുമെന്നതുറപ്പാണ്. അധികാരം ജനങ്ങളുടെ കൈകളില്‍ തന്നെയാണെന്ന് ഇത് വ്യക്തമാക്കുന്നു. ആര്‍ക്കും അധികകാലം ആരെയും തളച്ചിടാനാവില്ല. ടുണീഷ്യ, ഈജിപ്ത്, യെമന്‍ ഇനി ഇക്കൂട്ടത്തിലേക്ക് മൊറോക്കോ, ലിബിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളും വന്നുകൂടായ്കയില്ല.
No comments:
Post a Comment